Wednesday, October 30, 2013

തിരിഞ്ഞു നടക്കുമ്പോൾ

വിഷാദം തണൽവിരിച്ച
മനസ്സിൻ പാതയോരം
കരിയിലകൾ പോലെ
ചിതറിയോരോർമ്മകൾ.
ഒറ്റക്കാലിൻ താപസ്സജന്മത്തിൽ
ഉറ്റുനോക്കീടുംലോകമേ
നിന്നിൽ ഞാൻ എരിഞ്ഞടങ്ങട്ടെ .

കണ്ണുകളിൽ തിളങ്ങുന്ന
സ്നേഹത്തിന്റെ തിര കണ്ടാണോ
ജന്മാന്തരബന്ധത്തിന്റെ
ഇഴകൾ തമ്മിൽ അറിഞ്ഞതാണോ
അറിയില്ല
നിന്നെയും എന്നെയും
ഒരു നൂലിൽ കൊരുത്ത
മാസ്മരികത എന്തെന്ന് .

നിന്നിലെക്കൊഴുകുന്ന
എന്റെ സ്നേഹധാരയിൽ
ഞാൻ പരിചയിച്ചത്
 നിന്നെയോ എന്നെയോ അല്ല .

കാലങ്ങൾക്കു പിറകിലെങ്ങോ 
ആരുമറിയാതെ പോയ്
ഓർമ്മകൾ ചിതൽ തിന്ന
രണ്ടു ഇണക്കുരുവികൾ .

അല്ല ,
നമ്മൾ പ്രണയിക്കുക ആയിരുന്നില്ല
ഞാൻ എന്നെ കണ്ടെത്തുക ആയിരുന്നു
നിന്നിലൂടെ അറിയുകയായിരുന്നു
നമുക്കിടയിൽ
പ്രണയത്തിന്റെ തൂവൽ  ,
രതിയുടെ മധുരം,
 സ്നേഹത്തിന്റെ കരുതൽ
അങ്ങനെ എന്തൊക്കെയോ .

നിന്നെ പിരിയാതിരിക്കാൻ
മനസ്സ് കണ്ട
ഉപാധികൾ ആകാം
നീയെനിക്കാര്
എന്റെ ചിന്ത
അവയിലേക്കു സഞ്ചരിക്കുമ്പോൾ
ഞാൻ
എന്നെ വഞ്ചിക്കുന്നു.

നീ
അന്യയല്ല,
അനാദികാലം മുതൽ
എന്നിലുണ്ട് നീ .
ഞാൻ ....
ഞാനാണ് മായ.
-----------ബി  ജി എൻ വർക്കല 

1 comment:

  1. അന്യമല്ലാത്തതൊന്ന്!

    ReplyDelete