Saturday, October 26, 2013

വർഷമേഘങ്ങളുടെ പ്രണയിനി



മഞ്ഞണിഞ്ഞ താഴ്വാരങ്ങളിൽ
തണുപ്പിന്റെ കൂടാരത്തിൽ
ഒരു ശലഭത്തെ പോലെ
പറന്നു നടക്കുന്നത്
അവൾ സ്വപ്നം കാണാറുണ്ടായിരുന്നു .

കർക്കിടകത്തിന്റെ
കോരി ചൊരിയുന്ന രാവിൽ
പ്രിയതമന്റെ ശരീരത്തിൻ കീഴിൽ
ഒരു യന്ത്രം പോലെ അരയുമ്പോഴും
അവളുടെ മിഴികൾ
ജാലകങ്ങൾക്കപ്പുറം  
അലറിയാർത്തു പെയ്യുന്ന മഴയായിരുന്നു .

ഉള്ളിൽ
ഒരു ഗദ്ഗദം പോലെ
പതച്ചു പൊങ്ങുന്ന മഴക്കുമിളകളെ 
അവൾ പുറംതള്ളിക്കൊണ്ടിരുന്നു
നോവിന്റെ സംഗീതം പോലെ .

മഴയെ പ്രണയിച്ച അവൾ
തുലാവർഷ രാവുകളിൽ
തുറന്നിട്ട ജനാലക്കരികിൽ
വീശിയടിക്കുന്ന മഴത്തുള്ളികളെ
ഏറ്റുവാങ്ങാൻ വിവസ്ത്രയായി
കൈകൾ വിടർത്തി
ഒരുആലിംഗനം കൊതിച്ചു
നില്ക്കാറുണ്ടായിരുന്നു

മഴയില്ലാത്ത പകലുകളിലും,
നിലാവില്ലാത്ത രാവുകളിലും
അവൾ ദുഖിതയായി കാണപെട്ടു.
ഘോര വനാന്തരങ്ങളിലും,
ഉയർന്ന കുന്നിൻ  ചരിവുകളിലും
ഒരു ഭ്രാന്തിയെ പോലെ അവൾ
പേരറിയാത്ത ഒരു വികാരത്തെ
ചുമലേറ്റി വേനൽക്കുട
ചൂടിയ പകലിരവുകളിൽ
മഴപ്പീലികൾ
തിരഞ്ഞു നടന്നിരുന്നു,.

നുറുങ്ങു വെട്ടം പൊഴിക്കുന്ന
രാവിന്റെ കൂട്ടുകാരെ പോലെ
അവളുടെ മിഴികളിൽ
കണ്ണ് നീർ തുള്ളികൾ
വിരുന്നു വരുമായിരുന്നു .

അകലങ്ങളിൽ പ്രണയത്തിന്റെ
വീണ മീട്ടി , ഏകാന്ത രാവുകളിൽ
അവൾ നെയ്തു കൂട്ടിയ
സ്വപ്നങ്ങളിൽ മഴവില്ലിന്റെ
നിറമേഴും  ചാലിച്ചിരുന്നു .
--------------ബി ജി എൻ വർക്കല ---

1 comment:

  1. ദൈന്യ മുഖം അരകല്ലിലെ മാവ് പോലെ അരയുന്ന സ്ത്രീത്വം

    ReplyDelete