Monday, October 7, 2013

നിഴലിന്റെ നിറം

മിഴി വറ്റി വീണൊരു നീർത്തുള്ളി
ഇരുളിൽ പകച്ചു നില്ക്കുന്നൂ
വഴിതെറ്റി വന്നൊരു കാറ്റിന്നധരങ്ങൾ
കനിവോടെ ഏറ്റെടുക്കുന്നു

കനൽ കൊണ്ട് തീർത്തൊരു ശയ്യയിൽ
മൌനത്തിന്റെ പുതപ്പിൽ മൂടി
കാലത്തിൻ നേർക്കൊരു ചോദ്യംപോലെ
പ്രണയം പനിച്ചു കിടക്കുന്നു .

വാക്കുകൾ കുരുങ്ങുന്ന ഗദ്ഗദപകലുകൾ
തെരുവിലെ എച്ചിൽ കൂനകളിൽ
നായ്ക്കളുടെ കടിപിടികൾക്കിടയിൽ
വേവിന്റെ പശി തിരയുന്നു .

മേദസ്സിന്റെ ചതുപ്പുനിലങ്ങളിൽ
രാപ്പുള്ളൂകൾ മുൾചിറകുകളാഴ്ത്തി പറക്കുമ്പോൾ
തണുത്തമണ്ണിൽ ഞെരിയുന്നുടലുകൾ
ദൈന്യതയുടെ പകല്കാഴ്ച പോലെ ..

കാലത്തിനു മേലെ പ്രവാചകചിറകു
വിടർത്തി പടർന്നു നില്ക്കുന്നധർമ്മം
ദീപങ്ങൾക്ക് മുന്നിൽ വെളിച്ചം
കണ്ണുപൂട്ടികളിക്കുന്നു ദിശയറിയാതെ .

എവിടെയോ മരിച്ചു പോയ സത്യത്തിൻ
നനുത്ത ചിറകിൻ തൂവലിൽ ഉണങ്ങാതെ
പതഞ്ഞു നില്ക്കുന്നു മനുഷ്യത്വവും
ജനിമ്രിതികളുടെ വികലസങ്കല്പ്പവും .

------------------ബി ജി എൻ വർക്കല 

1 comment:

  1. നിഴലിന്‍ നിറമെന്ത്!
    നന്നായിരിയ്ക്കുന്നു കവിത

    ReplyDelete