വിരസതയുടെ പകലുകൾ
ഇരുട്ടിന്റെ തീക്ഷ്ണ മൌനങ്ങൾ
ഏകാന്തതയുടെ പുൽമേടുകൾ
വിരഹത്തിന്റെ തീക്കനലുകൾ .
വിഭ്രമത്തിന്റെ കുന്നേറുവാൻ
വിഹ്വലതയുടെ തീയെരിക്കുവാൻ
മതിയായ കാലങ്ങളിൽ
കാലം കടന്നുപോകുമ്പോൾ
മിഴികളിൽ കരുണയും
അധരങ്ങളിൽ മന്ദഹാസവുമായി
തുടുത്ത കപോലങ്ങളിൽ
സന്ധ്യയുടെ ചായം തേച്ചു
നീ കടന്നു വന്നു .
വാക്കുകളിൽ പകലിനെയും
നോട്ടത്തിൽ നിലാവിനെയും
ചുണ്ടുകളിൽ സ്നേഹത്തിനെയും
ഒളിപ്പിച്ചു കടന്നുകയറിയത്
അസംത്രിപ്തമായ
എന്റെ മനസ്സിലേക്കാണ് .
പൊടുന്നനെ അന്ധകാരം
വെളിച്ചത്തിന് വഴിമാറുകയും
കാർമേഘം ഒഴിഞ്ഞ
നീലാകാശം മാറിൽ
അമ്പിളിയെ തൊടുകുറി
ചാർത്തുകയും ചെയ്യുമ്പോൾ
നിന്റെ മൌനം മുറിഞ്ഞു
നീ സിത്താറിന്റെ
കേൾക്കാത്തോരീണമായി
എന്റെ മ്രിതിയിലമരുന്നു
---------ബി ജി എൻ വർക്കല ----
No comments:
Post a Comment