Wednesday, July 29, 2020

ഞാൻ മരിച്ചു കഴിയുമ്പോൾ....

ഞാൻ മരിച്ചു കഴിയുമ്പോൾ....
..............................................

ഞാൻ മരിച്ചു കഴിയുമ്പോൾ
അനുശോചനങ്ങളുടെയും
കപട വാക്കുകളിൽ പടച്ചു വിടുന്ന
മൃദുല ഭാഷ്യങ്ങളുടെയും
വഴുവഴുക്കലുകൾ ഉണ്ടാകരുതിവിടെ..
പുകയ്ക്കുന്നവർ പുകച്ചും
കുടിക്കുന്നവർ കുടിച്ചും
പ്രണയിക്കുന്നവർ പ്രണയിച്ചുമാകണം
യാത്രയാക്കാനെന്നെ.
എനിക്കേറ്റവും ഇഷ്ടപ്പെട്ട ആ മുലകൾ
അന്നൊരു ദിവസത്തേക്ക് ഒരു മിനിറ്റ്
എനിക്കു വേണ്ടി തുറന്നിടണം
മൗനപ്രാർത്ഥന പോലെ.
സ്വയംഭോഗത്തിൻ്റെയോ
രതിയുടെയോ ഉന്മാദാവസ്ഥയിൽ
എൻ്റെ പേര് വിളിക്കണം 
ബ്യൂഗിൾ നാദം പോലെ
അന്ത്യയാത്രാമൊഴി പോലെ...
ശേഷം ,
അൺഫ്രണ്ട് ചെയ്ത് കടന്നു പോകുക.
എല്ലാ ദിനങ്ങളിലേതുമെന്ന പോലെ...
കണ്ണീരും പതം പറച്ചിലുകളും ഇല്ലാതെ
യാത്രയാക്കുകയെന്നെ.
ഓർക്കാനും ഓർമ്മപ്പെടുത്താനും
ഒന്നുമവശേഷിപ്പിക്കാത്തൊരുവന്
നിങ്ങൾ നല്കേണ്ട യാത്രാമൊഴിയാകട്ടെ അത്....
...... ബി.ജി.എൻ വർക്കല

Tuesday, July 28, 2020

നീയറിയുമോ സന്ധ്യേ !

നീയറിയുമോ സന്ധ്യേ !
......................................
നീ കേള്‍ക്കുന്നുവോ സന്ധ്യേ !
നിനക്കായ് മാത്രമെന്‍ തുടിക്കും 
ഹൃദയത്താൽ  ഞാന്‍ ഉതിർക്കും
പ്രണയത്തിൻ മര്‍മ്മരങ്ങള്‍ .

വിരല്‍ പിടിച്ചു നാം നടക്കും 
ഇടവഴികളില്‍ കരിയിലമൂടും 
ചരല്‍ക്കല്ലിന്‍ നോവാര്‍ന്ന
സുഖം നാമൊന്നിച്ചു നുകരുമെന്നു .

അസ്തമയത്തിന്റെ ചുവപ്പില്‍,
നുരകള്‍ പാദം നനയ്ക്കുമ്പോള്‍ 
ഒരു സൂര്യനെമാത്രം മിഴിയില്‍ 
നിറയ്ക്കാന്‍ നാം മത്സരിക്കുമെന്ന് .

ആകാശം മുട്ടും കുന്നിന്‍പുറങ്ങളില്‍ 
കാറ്റിന്റെ ആലിംഗനത്തിലമര്‍ന്നു 
വസ്ത്രാഞ്ചലങ്ങളാല്‍ കൈകോര്‍ത്തു 
വിദൂരങ്ങളില്‍ നോക്കി നില്‍ക്കുമെന്ന് 

മഴയുടെ നൂലുകള്‍ ഇക്കിളിയിടുന്ന 
മേനിയുടെ തണുപ്പിനെയൊരുമിച്ചു 
ചൂടിന്റെ ആലസ്യം പകരുമൊരു കാപ്പി -
യുമായി മുഖംനോക്കിയിരിക്കുമെന്ന്.

മകരക്കുളിരിന്‍ സൂചിമുനകളില്‍ 
ഉടലുകളെയൊരു പുതപ്പിന്‍ കീഴില്‍ 
കുസൃതികളുടെ സുഗന്ധതൈലം 
പുരട്ടിയുറങ്ങാന്‍ കൊതിക്കുമെന്നു.

അറിയുന്നുവോ നീ സ്വപ്നമേയിനി
അകലങ്ങളിൽ നാം രാപാർക്കുകയും
മിഴികൾ നനയുമ്പോഴും പരസ്പരം
അറിയില്ലയെന്നു പറയുമെന്നും സന്ധ്യേ.
..... ബി.ജി.എൻ വർക്കല

Saturday, July 25, 2020

കളവുപോയൊരു പ്രണയം

കളവുപോയൊരു പ്രണയം
..............................................
എൻ്റേതെന്ന് ഞാനോർത്തു.
എൻ്റെ മാത്രമാകും എന്നു ഞാൻ വിശ്വസിച്ചു
ഹൃദയത്തിൽ ഒരു കുടന്ന പൂക്കൾ വഹിച്ച്
നിനക്കരികിലേക്ക് ഞാനടിവച്ചടുത്തു.

ഒരിക്കൽ പ്രണയനോവിനാൽ പിടഞ്ഞും
പ്രതീക്ഷകളുടെ ഇലകൾ കൊഴിഞ്ഞതറിഞ്ഞും
സ്വപ്നങ്ങൾ വൃഥാ കാഴ്ചകൾ എന്നു കണ്ടും,
ചുരമിറങ്ങുകയായിരുന്നു നീയപ്പോൾ.

പവിഴപ്പുറ്റുകൾ അസ്തമിച്ചു കഴിഞ്ഞ
നീലക്കടൽക്കരയിലൂടെ നടക്കുമ്പോൾ
ഉടയാത്ത ഒരു വെൺശംഖ് കണ്ണുകൾ കണ്ടെത്തുന്നു
ഓ! അതെൻ്റെ സ്വപ്നമായിരുന്നു.

കുന്തിരിക്കം പുകയുന്ന ഗന്ധം ശ്വസിച്ച്
അൾത്താരയുടെ ഏകാന്തതയിലേക്ക് നോക്കി മുട്ടുകുത്തി നിൽക്കുമ്പോൾ
ഉടഞ്ഞ ശംഖിൻ്റെയുള്ളിലെ ഒച്ച
നിൻ്റെ ഉടലിൽ വിറപൂണ്ട് കിടപ്പുണ്ടായിരുന്നുവോ?

റബ്ബർക്കാടുകൾക്ക് നടുവിൽ
ഒറ്റക്കൊരു വേനൽ വരയ്ക്കുമ്പോൾ
പൊട്ടിയടർന്ന് വീഴുന്നു ചുറ്റിലും
തച്ചുതകർത്ത സ്വപ്നങ്ങൾ, മോഹങ്ങൾ....

കൂകിയലച്ചു പാഞ്ഞു പോയ 
വയസ്സൻ പാസഞ്ചർ ട്രെയിൻ
ഗർഭം ധരിച്ച രണ്ടു കുട്ടികൾ ഉള്ളിൽ കാറ്റിൻ്റെ താളത്തിൽ ലയിച്ച്
ഉമ്മ വച്ചു കളിക്കുന്ന മഴക്കാലം!

വഴി തെറ്റി, വരിതെറ്റി നിഴൽ പറ്റിയെങ്ങോ
മഴവില്ല് തേടി നടക്കുന്ന രണ്ടു പേർ
നില തെറ്റി വീണു പുളയുന്നിതാലിംഗന
പുതപ്പിൽ, നഗ്നമായി രാത്രി മുഴുവനും.

എവിടെ? എവിടെയാണിടി വെട്ടിയത്
മിന്നലുകൾ കണ്ണുകളെ പുളയിച്ചത്
നനഞ്ഞ ഉടലുകളിൽ നിന്നും എപ്പോഴാണ്
തണുപ്പിൻ്റെ വേരറ്റു പോയത്?

ഓർമ്മകളുടെ ചാവു നിലത്ത് വീണ്
കണിക്കൊന്നപ്പൂക്കൾ ചിതറുമ്പോൾ
മഴയുടെ സംഗീതം നിലച്ചിരിക്കുന്നു.
മരണത്തിൻ്റെ ഗന്ധം മാത്രം 
ശ്വസന ഗ്രന്ഥികളെ ഉന്മത്തമാക്കി
ചുറ്റും നൃത്തം വയ്ക്കുന്നു.
ചുവപ്പും മഞ്ഞയും വെളുപ്പും നിറങ്ങളിൽ
നിഴലുകൾ മാത്രം കൂട്ടിനുണ്ടാകുന്നു.
ഇരുട്ട് വരുവോളം കൂട്ടിനായ്
നീയാം വെളിച്ചമുണ്ടെന്ന തോന്നലും...
.... ബി.ജി.എൻ വർക്കല

അസൂയ

അസൂയ
======
ഇത്രയേറെ ഗോപസ്ത്രീകള്‍ തന്‍
മുലകള്‍ കുടിച്ചു വളര്‍ന്നോരാ
അമ്പാടിയിലെ കള്ള കണ്ണനോട്
അത്രമേല്‍ പകയെനിക്കെന്തേ?
.... ബി.ജി.എൻ വർക്കല

Thursday, July 23, 2020

പ്രണയം മരണം

പ്രണയം മരണം
============
നിന്റെ അകല്‍ച്ചയില്‍
എന്നിലക്ഷരങ്ങള്‍ മുറുകുന്നു.
നീ അരികിലുള്ളപ്പോള്‍
ഞാന്‍ പ്രണയാക്ഷരങ്ങളില്‍
ജീവിതം തേടുന്നു .
അല്ലയോ മരണമേ !
നീയെന്നെ എന്തിനിങ്ങനെ
സ്നേഹിച്ചീടുന്നു?
ബി.ജി.എൻ വർക്കല

Wednesday, July 22, 2020

പ്രണയകാലം

കവിതേ ,
അരുണന്‍ പോയ് മറഞ്ഞിരിക്കുന്നു .
കടല്‍ ശാന്തമായി കഴിഞ്ഞു
നിലാവ് വരുന്നു മെല്ലെ മെല്ലെ
ഈ മനോഹരമായരാവില്‍ ...
നമുക്കിനി പ്രണയം പങ്കുവയ്ക്കാം .
വൃത്തവും , അലങ്കാരങ്ങളും
താളമേളങ്ങളും അഴിച്ചു വച്ച്
നീ വരികെന്റെ ചാരത്ത്.
നിന്റെ മിഴികളില്‍ നിന്നും
ഞാന്‍ നക്ഷത്രത്തെ എഴുതി എടുക്കാം .
നിന്റെ അധരങ്ങളില്‍ നിന്നും
ചെറിപ്പഴങ്ങളെ നുള്ളിയെടുക്കാം .
നിന്റെ മുലഞെട്ടുകളില്‍ നിന്നും
മഞ്ഞിന്റെ ധവളിമ ചുരത്തിക്കാം.
നിന്റെ നാഭിച്ചുഴിയില്‍ നിറയെ
കാട്ടുതേനിന്‍ മധുരം നിറയ്ക്കാം.
നിന്റെ അരക്കെട്ടിന്‍ നിഗൂഡതയില്‍
ഊര്‍വ്വരതയുടെ സംഗീതം തിരയാം.
നിന്റെ പാദങ്ങളില്‍ നിന്നും
വറുതിയുടെ ഉണക്കനിലങ്ങള്‍ വേര്‍തിരിക്കാം.
രാവ് മായും മുന്നേ നമുക്ക് പിരിയണം. 
ഇനിയത്തെ രാവുകള്‍ നമുക്കന്യമാണ്
നമ്മളിലേക്ക് ഇനിയൊരിക്കലും
തിരികെ വരാതെ പോകും നമ്മള്‍ !
..... ബി.ജി.എൻ വർക്കല

Thursday, July 16, 2020

എൻ്റെ ആണുങ്ങൾ ....... നളിനി ജമീല




 എന്റെ ആണുങ്ങള്‍(ഓര്‍മ്മ)
നളിനി ജമീല
ഡി സി ബുക്സ്
വില: ₹ 125.00





ഓര്‍മ്മകള്‍ക്ക് മനോഹാരിത നല്‍കുന്നത് ഓര്‍മ്മകള്‍ നറുമണം നല്‍കുന്ന അനുഭവം നല്കുമ്പോള്‍ മാത്രമാണോ ?. ഓര്‍മ്മകള്‍ ചരിത്രകാലത്തിന്റ ശേഷിപ്പുകള്‍ ആണ് . വര്‍ത്തമാനകാലത്തിന്റെ മുഖം ആണ്  ഭാവിയുടെ മാര്‍ഗ്ഗ രേഖയാണ് . അതേ, ഓര്‍മ്മകള്‍ക്ക് ഒരുപാട് മുഖങ്ങള്‍ ഉണ്ട് . അതിന്റെ അടയാളപ്പെടുത്തലുകള്‍ക്ക് അനുസരിച്ചു അത് മാറി മറിയുന്നു. ഒരിടത്ത് മാധവിക്കുട്ടി എന്‍റെ കഥയും എന്റെ ലോകവും എഴുതുന്നു  ഒരിടത്ത് മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എഴുതുന്നു . ഒരിടത്ത് അബ്ദുള്‍ കലാം അഗ്നിപരീക്ഷകള്‍ എഴുതുന്നു ഒരിടത്ത് ഹണി ഭാസ്കരന്‍ എന്റെ പുരുഷന്‍ എഡിറ്റ് ചെയ്യുന്നു . ഒരിടത്ത് സിസ്റ്റര്‍ ജസ്മി ആമേന്‍ എഴുതുന്നു ഒരിടത്ത് എച്മുക്കുട്ടി ഇതെന്റെ രക്തം ഇതെന്റെ മാംസം എഴുതുന്നു . ഒരിടത്ത് നളിനി ജമീല എന്റെ ആണുങ്ങള്‍ എഴുതുന്നു ഒരിടത്ത് ഗെയില്‍ ട്രേഡ് വെല്‍ വിശുദ്ധ നരകം എഴുതുന്നു . ഈ ലിസ്റ്റുകള്‍ പരിപൂര്‍ണ്ണമായും  അപൂര്‍ണ്ണമാണ് എന്നു എനിക്കും വായനക്കാരായ നിങ്ങൾക്കും ഒരുപോലെ അറിയാവുന്നതാണല്ലോ . എങ്കിലും പൊടുന്നനെ ഓര്‍മ്മയിലേക്ക് വന്ന ചില വായനാനുഭവങ്ങളെ മുന്നില്‍ കൊണ്ട് വന്നു എന്നുമാത്രം . എന്തുകൊണ്ടാണ് ഈ ചിന്തകൾ !!! ഓർമ്മകൾ എന്തിനു വേണ്ടി' എന്ന ചിന്തക്ക് ഒരു പ്രതിബന്ധമെന്നോണം എന്തിനീ ചിന്തകൾ.? 
ശരിയാണ് നാം ഓരോ ഓർമ്മക്കുറിപ്പുകളെയും സമീപിക്കുക എന്തൊക്കെയോ പ്രതീക്ഷകൾ നിറച്ചാകും. നാം സംതൃപ്തരാകുന്നു എങ്കിൽ എഴുത്ത് മനോഹരം അതല്ലായെങ്കിൽ എഴുത്ത് മോശം.
ശ്രീമതി നളിനി ജമീലയെ ഞാനറിയുന്നത് ഞാൻ ലൈംഗിക തൊഴിലാളി എന്ന ആത്മകഥയിലൂടെയാണ്. പിന്നീടാണ് ടി.വി അഭിമുഖങ്ങളും മറ്റു വാർത്തകളും എന്നെ തേടി വരുന്നത്. കൗമാരത്തിലെ കുതൂഹലങ്ങളിൽ നളിനി ജമീലമാരെ ഒരു പാട് പരിചയപ്പെട്ടിട്ടുണ്ട്. അത് ഒരു ക്ലയൻ്റ് എന്ന നിലയിലല്ല മറിച്ച് ഒരു മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ എന്ന നിലയിലാണ്. ഒരിക്കലും തന്നെ ആ പ്രായത്തിൽ ( 17 - 21 പ്രായത്തിൽ) ഞാനാ പരീക്ഷണങ്ങളിൽ ഇറങ്ങിയിട്ടില്ല എങ്കിലും വളരെ അടുത്ത് പരിചയമുണ്ടായിരുന്നു. അവർക്കൊക്കെ ഇഷ്ടമുണ്ടാക്കുന്ന ഒരടുപ്പം സൂക്ഷിച്ചിരുന്നു. പിൽക്കാല ജീവിതത്തിൽ പ്രവാസ ഭൂമികയിൽ ഒരു പാട് സ്ത്രീകളെ പരിചയപ്പെട്ടു. പല മുഖങ്ങൾ ഉള്ള നളിനിമാർ അവരിൽ ഉണ്ടായിരുന്നു. ഒരിക്കലും അതവർക്ക് ഞാൻ മനസ്സിലാക്കി എന്ന ബോധം നല്കാതെ അവരെ കേട്ടു . മനസ്സിലാക്കി. ഇതൊന്നും ജീവിതത്തിലെ, എഴുത്തിലെ വിഷയങ്ങൾ ആയി പ്രയോഗിച്ചിട്ടില്ല  . എങ്കിലും എപ്പോഴും ചിന്തിച്ചിരുന്ന ഒരു വിഷയം ലൈംഗിക തൊഴിൽ ഒരു തെറ്റായ കാഴ്ചപ്പാട് ആണോ എന്ന കുഴക്കിയ വസ്തുതയായിരുന്നു. വൻകിട ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ നിലനിന്ന ഒരു സിസ്റ്റമായിരുന്നു വാരാന്ത്യത്തിലെ അല്ലെങ്കിൽ മാസാന്ത്യത്തിലെ വിരുന്നു പാർട്ടികൾ. ഫാമിലിയായി എത്തുകയും ആഘോഷത്തിൻ്റെ ഉച്ഛസ്ഥായിയിൽ മേശമേൽ ചിതറിച്ചിടുന്ന വാഹനക്കീകളെ നിമിഷാർദ്ധത്തിൻ്റെ ഇടവേളയിൽ നഷ്ടമാകുന്ന വെളിച്ചത്തിൽ കരസ്ഥമാക്കുകയും കരഗതമായ കീയുടെ ഉടമയുടെ പങ്കാളിയെ ആ രാത്രിയുടെ മറുപാതിയിലേക്ക് മാത്രം ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഹൈക്ലാസ് വ്യഭിചാരവും കൈകളിൽ തൂവാല കെട്ടി നിരത്തു വക്കിൽ നിന്നിരുന്ന ആൺവേശ്യകളേയും കണ്ടിട്ടുള്ളപ്പോഴുമീ ലൈംഗിക സദാചാരത്തിൻ്റെ ശരിതെറ്റുകളെക്കുറിച്ച് ഏറെ ചിന്തിച്ചിട്ടുണ്ട്. 
ലൈംഗികത്തൊഴിൽ മറ്റേതു തൊഴിൽ പോലെയും ഉള്ള സ്വാഭാവികവും സാധാരണയുമായ ഒരു തൊഴിൽ ആണെന്ന കാഴ്ചപ്പാടു ഉള്ളിൽ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു പോകവേ ലൈംഗികത്തൊഴിലാളികളെ ആക്ഷേപിക്കുവാനോ അവരെ അവജ്ഞയോടെ നോക്കുവാനോ ശ്രമിക്കാറില്ല തന്നെ. അതിനാലാകണം മുൻവിധികളില്ലാതെ നളിനി ജമീലയെ വായിക്കാൻ കഴിഞ്ഞത്. ആ വായനയുടെ ഭംഗിയും സത്യസന്ധതയും ആണ് "എൻ്റെ ആണുങ്ങൾ " എന്ന പുസ്തകത്തെ വായിക്കുവാൻ പ്രേരിപ്പിച്ചത് എന്ന് പറയാതെ വയ്യ. ഇതിന് മുമ്പ് ഇതേ തീം ഉള്ള ഒരു വായന എന്നത് യു എ ഇ യിലെ എഴുത്തുകാരിയായ ഹണി ഭാസ്ക്കരുടെ എഡിറ്റിംഗിൽ പുറത്തിറങ്ങിയ എൻ്റെ പുരുഷൻ എന്ന പുസ്തകമാണ്. അതിൽ ഒട്ടനവധി സ്ത്രീകൾ ( സമൂഹത്തിലെ പല തട്ടുകാർ എന്നു പറയാനാവില്ല എങ്കിലും സാഹിത്യവുമായി അടുത്ത ബന്ധമുള്ളവർ) തങ്ങളുടെ പുരുഷൻ എന്ന കാഴ്ചപ്പാടു പ്രകടിപ്പിക്കുന്നതിനെ സമാഹരിച്ച ഒരു പുസ്തകമായിരുന്നു അത്. ഇവിടെ, നളിനി ജമീല പക്ഷേ അതിൽ നിന്നും വ്യത്യസ്ഥമാണ്. കാരണം അവർ സ്വന്തം മനസ്സു തുറക്കുന്നത് പേരിനും പ്രശസ്തിക്കും മറ്റതുപോലുള്ള ഏതേലും ആവശ്യങ്ങൾക്കുമായിട്ടല്ല. ഗബ്രിയേൽ മർക്കസ് തൻ്റെ മൈ മെലൻകോളിയസ് വോർസ് എന്ന പുസ്തകത്തിൽ പറയുന്ന ലൈംഗിക ജൈത്രയായിൽ 500 ന് ശേഷം എണ്ണിയിട്ടില്ല എന്ന വെളിപ്പെടുത്തലിൻ്റെ പെൺവെർഷൻ ആണ് മൂവായിരത്തിലധികം പുരുഷൻമാരെ സ്വീകരിച്ച തൻ്റെ ലൈംഗിക തൊഴിൽ ജീവിതത്തിൽ നിന്നും കുറച്ചു പേരെ അതും വിരലിലെണ്ണാവുന്ന കുറച്ചു പേരെ ഓർമ്മിക്കുന്നത് ഈ പുസ്തകത്തിലൂടെ. 
ആദ്യ പുരുഷൻ, ആദ്യ ചുംബനം എന്നൊക്കെയുള്ള ക്ലീഷേ ചിന്തകളെ നളിനി ഈ പുസ്തകത്തിൽ ആവർത്തിക്കുന്നില്ല പക്ഷേ നാം , വായനക്കാർ പ്രതീക്ഷിക്കുക ഈ തിരഞ്ഞെടുക്കപ്പെട്ട പുരുഷൻമാർക്ക് സാധാരണ പുരുഷ സങ്കല്പങ്ങളിൽ നിന്നും ഉണ്ടാകുന്ന വ്യത്യസ്ഥതകൾ ആകും. എന്നാൽ , ഒട്ടും തന്നെ അതിശയോക്തികൾ ഇല്ലാതെ, താൻ കണ്ടുമുട്ടിയ പുരുഷന്മാരിലെ ചിലർ തന്നെ എങ്ങനെ സ്വാധീനിച്ചു എന്നു പറയുന്നത് മാത്രമാണ് ഈ പുസ്തകം. പ്രത്യേകിച്ച് എന്തെങ്കിലും പുതുമ അവകാശപ്പെടാനോ മനസ്സിലാക്കാനോ ഇല്ലാത്ത ഈ പുസ്തകത്തിൽ പറയുന്ന വിഷയങ്ങൾ തൻ്റെ ആത്മകഥയിൽ വിവരിച്ച വസ്തുതകളുടെ വിശാലാർത്ഥത്തിലുള്ള വിശദീകരണം മാത്രമാണ്. സാധാരണ കഥകൾ, സിനിമകൾ, വിശദീകരണങ്ങൾ തുടങ്ങിയവയിലൂടെ അനാവൃതമാകുന്ന ലൈംഗികത്തൊഴിലാളികളുടെ ജീവിത പശ്ചാത്തലങ്ങൾക്കപ്പുറം, ആ ആത്മകഥ വായിച്ചപ്പോൾ തോന്നിയതിനപ്പുറം ഒരു വികാരവും ഈ പുസ്തകത്തിന് നല്കാനായില്ല. പണ്ടു കാലത്ത് കേരള ശബ്ദത്തിൽ വന്നതും പിൽക്കാലത്ത് പുസ്തകമായതുമായ ഇന്ദ്രജിത്ത് എന്ന തൂലികാനാമത്തിൻ്റെ ' എത്രയെത്ര മദാലസ രാത്രികൾ എന്ന ലേഖന പരമ്പരയുടെ ഓർമ്മകൾ ആണ് ലൈംഗികത്തൊഴിലാളികൾ എന്ന വാക്യം പോലും ഓർമ്മയിൽ നല്കുന്നത്. എന്നാൽ അതിന് നേർ വിപരീതമായി അതേ ചുറ്റുപാടിൽ നിന്നു കൊണ്ട് അനുഭവത്തിൻ്റെ വെളിച്ചത്തിൽ നളിനി പറയുമ്പോൾ പുരുഷൻ്റെ പല മുഖങ്ങൾ വായനക്കാർക്ക് ലഭിക്കും എന്നു കരുതുന്നത് മൗഢ്യമാണ്. എങ്കിലും വ്യത്യസ്ഥവും യഥാർത്ഥ ജീവിത ചിത്രങ്ങളും രേഖപ്പെടുത്തുന്ന ഒരു പുസ്തകമെന്ന നിലയ്ക്ക് ഈ പുസ്തകം വായിക്കപ്പെടുമെന്നു കരുതുന്നു. ആശംസകളോടെ ബി.ജി.എൻ വർക്കല.


Wednesday, July 15, 2020

പ്രണയത്തെ അറിയാന്‍

വെളിച്ചം എത്തിനോക്കാത്ത
ഇരുണ്ട വന്‍കരകളില്‍
തമസ്സിന്റെ രജത രേഖകള്‍ വരച്ചുകൊണ്ടു
പ്രണയം വഴിമുട്ടി നില്‍ക്കുന്നുവോ?

കടന്നുപോകുംവഴിത്താരകളില്‍
മുള്ളുകള്‍ കല്ലുകള്‍ ഹിംസ്ര മൃഗങ്ങള്‍ തന്‍ 
വ്യക്തമാം ചുവന്ന കലര്‍ന്ന കണ്ണുകള്‍ കണ്ടു
പ്രണയത്തെ മറന്നിടായ്ക....

നിങ്ങളില്‍ പടര്‍ന്നോരു സ്വപ്നമാകാം
മൃദുഹാസത്തിന്നകമ്പടിയായ്
എന്നിലേക്ക്‌ പടരും നിന്‍ വദനമാകാം.
എന്തിലോ തടഞ്ഞു ഞാന്‍ 
എന്തിലോ മുഴുകി ഞാന്‍ 
നിന്റെ ഹിമതാപങ്ങളെ
ഹിമശൈലങ്ങളെ
തഴുകിയുണര്‍ത്തുവാന്‍
കൊതിക്കുന്നു.

നീയൊരിക്കലുംഒരു താരാട്ടായെന്നെ
തഴുകിയിരുന്നില്ലെങ്കിലും
മാതൃത്വത്തിൻ വാത്സല്യം
ഒട്ടുമേ നുകരുവാന്‍ 
അനുവദിച്ചില്ലെങ്കിലും
പ്രണയമില്ലാത്ത ഇരുണ്ട
വന്‍കരകളില്‍ വച്ച്, ഞാന്‍
നിന്‍ മടിയില്‍ മയങ്ങിയിരുന്നു
ഒരു കാലം .

കവര്‍ന്നെടുത്ത നിന്‍ 
മുലക്കാമ്പുകളില്‍ പ്രണയം 
തിരഞ്ഞു ഞാന്‍ അലയവേ
ദാഹാര്‍ത്തനാമെൻ ചുണ്ടുകളില്‍
നിന്‍ മുലഞെട്ട് ഞെരിഞ്ഞമരവേ
ശൈശവത്തിന്റെയോ 
കുതൂഹലത്തിന്റെയോ 
വിസ്മയത്തിന്റെയോ 
കാഴ്ചകള്‍ നിന്റെ മിഴികളില്‍
മറയുന്നതറിയുന്നു ഞാന്‍.

പടരാന്‍ വെമ്പി നിന്‍ 
നിമ്നോന്നതങ്ങളില്‍ നിന്നും
നിശയുടെ ഇരുണ്ട താഴ്വരങ്ങളിലേക്ക് 
ഞാന്‍ പടരവേ
ഒരു ഞരക്കം പോലുമില്ലാതെ
എതിപ്പുകള്‍ ഇല്ലാതെ
ഒരു ചെറു വിരലനക്കാതെ
നീ എന്നെ നോക്കുന്നു.

ഒരു വേള മിഴി ഞാനുയര്‍ത്തി 
നിന്‍ മുഖത്തേക്ക്
പ്രണയത്തിന്റെ കണ്ണെറിയുമ്പോള്‍
ഞാന്‍ നടുങ്ങുന്നു .
നിന്നിലെ മിഴികളില്‍ 
ഉറയുന്ന ശൈത്യം
എന്റെ രസനയെ പൊള്ളിക്കുന്നു.
ഞാനൊരു തളര്‍ന്ന പോരാളിയായി
പരാജയമറിഞ്ഞൊരു യോദ്ധാവായി
പിന്‍വാങ്ങുന്നു.

നമ്മള്‍ പ്രണയത്തിന്‍റെ
താഴ്വരകളിലേക്ക്
മനസ്സുകൊണ്ട് ഊളിയിട്ടിറങ്ങുന്നു.
എപ്പോഴോ കിതപ്പാറ്റി  എന്‍ 
മടിയിലേക്ക്‌ നീ 
മയങ്ങി വീഴുമ്പോള്‍
ഞാനറിയുന്നു 
പ്രണയം കേളിയല്ല
പ്രണയം കോപമല്ല
ശരീരങ്ങളുടെ തുലനമല്ല
ദാഹമകറ്റാനുള്ളോരുപാധിയല്ല
കീറി മുറിച്ച വിശ്വാസങ്ങളോ
പെയ്തു തോരുന്ന മഴയോ അല്ല
പ്രണയം മനസ്സുകളില്‍ നിന്നുയര്‍ത്തു
മനസ്സുകളിലേക്ക് 
പടരുന്ന സംഗീതം.

വിശ്വാസത്തിന്റെ നൂലിഴയില്‍
നമ്മള്‍ കെട്ടിപ്പടുക്കും
ചെറുവീടുകളാകുന്നു
പ്രണയം...
ഒരു കൊച്ചു കാറ്റേറ്റ് 
പൊളിഞ്ഞു വീഴാം
മണല്ക്കൂടാരങ്ങളെങ്കിലും 
നാം ഇരു കരങ്ങള്‍ കൊണ്ടു 
അവയെ കാത്തിടുന്നു
അണയാത്ത ദീപം പോലെ.
അണയാനനുവദിക്കാത്ത
ദീപം പോലെ നാമതിനെ
കൈകളില്‍ ഭദ്രമാക്കുന്നു.
നമ്മുടെ പ്രണയം പോലെ
നമ്മുടെ വിശ്വാസം പോലെ
അത് നമ്മില്‍ വെളിച്ചം പകരുന്നു
പ്രപഞ്ചത്തിന്റെ താളമുള്‍ക്കൊള്ളാന്‍
കണ്ണുകളുയര്‍ത്തി ആരെയും നേരിടാന്‍
ഒരു പരാജയത്തിന്റെയോ
കുറ്റബോധത്തിന്റെയോ  
നേരിയ തണുപ്പുപോലും
ബാക്കിയില്ലാതാകുവാന്‍
നമ്മള്‍ ശരീരത്തെ സ്വന്തം
തൃഷ്ണകള്‍ക്കു മേയാന്‍ വിടാതിരിക്കാം
ശരീരം മറക്കാം 
മനസ്സുകള്‍ മാത്രം ഓര്‍മ്മിക്കാം

പ്രണയത്തില്‍ ശരീരം
ഒരു ഭാരമേ അല്ലെന്നറിയുക
ശരീരം മൃഗതൃഷ്ണ കൊണ്ടുള്ള 
വെറും കളിവഞ്ചി മാത്രം
കളിക്കോപ്പ് മാത്രം
വലിച്ചെറിയുക ശരീരമെന്ന 
ചിന്ത നിങ്ങളില്‍ നിന്നും.

പ്രണയം നിങ്ങളില്‍ പൂവിട്ടു 
കായിടുന്നതും
പ്രണയം ഒരു വസന്തമായി നിങ്ങളില്‍ 
സുഗന്ധം ചൊരിയുന്നതും കാണാം.
പ്രണയം മനോഹരമാമൊരു 
പൂന്തോട്ടമായി നിങ്ങളെ
പൊതിയുന്നതറിയാം ..........ബി ജി എന്‍ വർക്കല

Tuesday, July 14, 2020

അവസാന മൊഴി

നിന്നെക്കുറിച്ചിനി ഒന്നുപാടണമെനിക്കീ-
മണ്ണില്‍ വീഴുന്നോരവസാന യാമത്തില്‍ .(നിന്നെ ...)
നിന്നോര്‍മ്മ നല്‍കുന്ന നിലാവിലലിഞ്ഞു
നിര്‍ന്നിദ്ര പൂകണമിന്നെനിക്കോമലാളെ .!

കണ്ടു തീരാത്ത സ്വപ്നങ്ങളുണ്ടൊരായിരം (2)
കണ്ണീര്‍ മുത്തില്‍ അലിഞ്ഞലിഞ്ഞലിഞ്ഞു-
ള്ളിലായെങ്കിലും, മറക്കാന്‍ പറയാമിന്നു
മരവിപ്പ് കടംവാങ്ങിയോരീ മനമോടെ ഞാന്‍ . (മറക്കാന്‍ ..)

വെളിച്ചം പടിയടച്ചു തിരികെ നടക്കുന്ന
വിലാപയാത്രകള്‍ പോലെ സന്ധ്യകള്‍ !(വെളിച്ചം ...)
ഒരുമിച്ചൊരു കുടക്കീഴില്‍ കണ്ടിരുന്നെത്ര 
കടലു തിന്നൊരു സങ്കടക്കടലിനെ നാം .

മിഴികളില്‍ മിഴിയാഴ്ത്തി അക്ഷരകടല്‍
വറ്റിയ മൂകസായാഹ്നങ്ങള്‍ അകലവേ (മിഴികളില്‍ ..)
കരയുവാന്‍ കഴിയാത്ത മനസ്സിനെ നോക്കി
കരങ്ങള്‍ കൂട്ടിപ്പിടിച്ചിരുന്നെത്ര നമ്മള്‍ !

പിരിയുവാന്‍ വയ്യാതെ പകലിനേ നോക്കി
പരിഭവം പറയുമേകാന്തതകളില്‍ (പിരിയുവാന്‍ ..)
കൂട്ടിവച്ചിതെത്ര കനവുകള്‍ നിന്നോട്
കൂടെയിരുന്നു പങ്കുവയ്കുവാന്‍ മാത്രമായി .

കരയെ പിരിഞ്ഞു കടന്നു പോകുന്നൊരു
തിരയെ നോക്കി വിതുമ്പുന്ന പൈതല്‍
ഇമയനക്കാതെ കാത്തുനില്‍ക്കുന്നുണ്ട്
തിരികെ വരുന്നൊരാ പ്രതീക്ഷയെ പിന്നെയും .(ഇമ...)

ദളങ്ങള്‍ വിടര്‍ന്നുല്ലസിക്കും  സൂനങ്ങളില്‍
മധു നുകര്‍ന്നകലും  ശലഭങ്ങളെങ്കിലും
നുള്ളിനോവിക്കുന്നില്ലേയവ ക്ഷണിക
ജന്മത്തിന്റെ വര്‍ണ്ണപതംഗങ്ങളെയൊട്ടുമേ. (ദള...)

കാലം സമയരഥമേറി പറക്കുന്നുണ്ടോരായിരം
അശ്വങ്ങള്‍ തന്‍ ചിറകേറിയെങ്കിലും
പിടഞ്ഞു തീരാന്‍ നിമിഷങ്ങള്‍ ബാക്കി
നില്‍ക്കില്‍, പറയാതെ പോകാനാവില്ലെനിക്ക് . (കാലം ...)

വേദനപകുത്തോരു തണല്‍വഴികളില്‍
വാക്കുകള്‍ മുറിഞ്ഞ സമാഗമങ്ങളില്‍
കണ്ണുനീര്‍ വറ്റിയ മഴക്കാടുകളില്‍ വീണു
ചുംബനം മോഹിച്ചു പ്രണയം പിടഞ്ഞിരുന്നു .(വേദന ..,)

Monday, July 13, 2020

അരികിലും അകലെയും

അരികിലും അകലെയും
............................................
ജാലകങ്ങള്‍ അടഞ്ഞു കിടക്കുമ്പോഴും, 
യാമിനിതന്‍ അഴിഞ്ഞുലഞ്ഞ ചികുരത്തില്‍
ഒതുക്കാനകാതെ, ചിലതു കാറ്റ് പിടിച്ചെടുക്കും
അലയുന്ന നമ്മുടെ മനസ്സുപോലാണത് !

നിന്നെത്തേടി വരുന്ന പകലിന്റെ വെളിച്ചം
എന്റെ ഗന്ധം നല്‍കുന്ന ഉന്മാദവുമായ് 
നിന്റെ കിടക്കവിരിയില്‍ കാതോര്‍ത്തിരിക്കും
മഴപ്പാച്ചിലില്‍ നനഞ്ഞൊട്ടിയ തണുപ്പുപോലെ .

യാത്രകളുടെ പരിസമാപ്തികളിലെപ്പോഴും
നിന്റെ  നിശ്വാസമായി ഞാനുണ്ടരികില്‍.
തണുത്ത കാറ്റായും, പാരിജാതഗന്ധമായും
രാപ്പക്ഷിതന്‍ നേര്‍ത്ത ഗാനമായുമെന്നും .
..... ബി.ജി.എൻ വർക്കല

Friday, July 10, 2020

രഹസ്യം

രഹസ്യം
.............
സ്നേഹിച്ചിരിക്കുമ്പോൾ
അവർ മനസ്സുകൾ തുറന്നിരിക്കാം.
ഇഷ്ടങ്ങൾ പറഞ്ഞിരിക്കാം
തനിക്ക് നേരിട്ട ദുര്യോഗങ്ങളും
തന്റെ ജീവിതത്തിലെ പരാജയങ്ങളും
എല്ലാമെല്ലാം പങ്കുവച്ചിരിക്കാം.
ഇന്നവർ തികച്ചും അപരിചിതരായിരിക്കവേ,
അവരിൽ പുതിയ സൗഹൃദങ്ങൾ പൂക്കവേ
വീണ്ടും അവരതൊക്കെ ആവർത്തിക്കുമായിരിക്കാം.
അപ്പോൾ, പറയുവാൻ 
ഒരു വിശേഷം കൂടി കൂടുതലുണ്ടാകാം.
പരിചിതമുഖങ്ങൾക്കിടയിലേക്ക്
ഗൂഢമായ ചിരികൾക്കിടയിലവർ
അപരിചിതരായി നിന്നു പോയേക്കാം.
ചിലപ്പോൾ,
അവർക്കിടയിൽ തന്നെ
ഒറ്റുകാരുമുണ്ടാകാം.
ദാമ്പത്യത്തിലായാലും
പ്രണയത്തിലായാലും
സൗഹൃദത്തിലായാലും
ഒന്നും പറയാതിരിക്കാനാകട്ടെ നമുക്ക്.
...... ബി.ജി.എൻ വർക്കല

Thursday, July 9, 2020

ഇബുനൂന്‍ ബത്തൂത്തയുടെ കള്ളക്കഥകള്‍................... ഡോ സി കെ കരീം


ഇബ്നൂന്‍ ബത്തൂത്തയുടെ കള്ളക്കഥകള്‍ (പഠനം)
ഡോ സി കെ കരീം
വിചാരം ബുക്സ് (2013)
വില : 100. രൂപ

ചരിത്രത്തെ നാം അടയാളപ്പെടുത്തുക സത്യസന്ധത കൊണ്ട് മാത്രമാകണം എന്നു പറയുന്നതു മറ്റൊന്നുകൊണ്ടുമല്ല. ആ ചരിത്രം മറ്റൊരു കാലത്ത് മറ്റൊരു ജനത വായിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കേണ്ടത് യാഥാര്‍ഥ്യങ്ങള്‍ ആയിരിക്കണം എന്ന നിര്‍ബന്ധം കൊണ്ടാണ്. നിര്‍ഭാഗ്യവശാല്‍ നമുക്ക് ലഭിക്കുന്ന ചരിത്രങ്ങള്‍ ഒന്നും യാഥാര്‍ഥ്യവുമായി പുലബന്ധം പോലും ഉള്ളവയല്ല. ആരൊക്കെയോ ആര്‍ക്കൊക്കെയോ വേണ്ടി എഴുതുന്ന ചരിത്രങ്ങള്‍ക്ക് വളച്ചൊടിക്കലുകളും ഭാവനകളും വലിയ തോതില്‍ കുടപിടിക്കും. ഇത് സത്യത്തിന്റെ നേരെ പിടിക്കുന്ന മറയാണ്. ഇത്തരം ചരിത്ര കളവുകളെ പില്‍ക്കാലം വായിക്കുമ്പോള്‍ അവ ചര്‍ച്ചകള്‍ക്കും രക്തചൊരിച്ചിലുകള്‍ക്കും കാരണമാകുക സ്വാഭാവികമാണ് . ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും എഴുതപ്പെട്ട ചരിത്രങ്ങള്‍ ആയി വായിക്കാന്‍ കഴിയുക പലപ്പോഴും വിശ്വാസയോഗ്യമായി അനുഭവപ്പെടുകയില്ല. ഇതിന് കാരണം ഇവ എഴുതപ്പെട്ട കാലവും ആ കാലത്തെ രാഷ്ട്രീയ , സാമൂഹിക കാഴ്ചപ്പാടുകളും ആണ് . സ്തുതിപാഠകരുടെ സമൂഹം രചിച്ച ചരിത്രങ്ങള്‍ ആണ് ഇന്ന് വായിക്കാന്‍ കഴിയുക. മാറിയ രാഷ്ട്രീയപരിതസ്ഥിതിയില്‍ ആ ചരിത്രങ്ങള്‍ ഒക്കെയും ബലമായി തന്നെ തിരുത്തുകയും വീണ്ടും അതില്‍ അസത്യത്തിന്റെ വലിയ തോതിലുള്ള കൈ കടത്തലുകള്‍ സംഭവിക്കുകയും ചെയ്യുന്നു. ഇന്ന് ചരിത്രത്തെ അറിയാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട് . അതിലൊന്നു ഈ ചരിത്രങ്ങള്‍ പ്രതിപാദിക്കുന്ന കാലം , സമൂഹം , വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെ മറ്റിടങ്ങളില്‍ അടയാളപ്പെടുത്തപ്പെട്ടതോ വേറിട്ട കാഴ്ചകള്‍ രേഖപ്പെടുത്തി വച്ചവയോ ഒക്കെയും പരിഗണിക്കുകയും പരിശോധിക്കുകയും ചെയ്യുക എന്നുള്ളതാണ് . ഇതിലൂടെയാണ് പല മിത്തുകള്‍ക്കും അസ്തിത്വം നഷ്ടപ്പെടുന്നത്. ഇത്തരം പരിശോധനാനിലപാടുകളില്‍ തകരുന്ന ഒരു പ്രധാന മിത്താണ് ഭഗവത് ഗീതയും മഹാഭാരതവും തമ്മിലുള്ള ബന്ധം. രണ്ടും രണ്ടു കാലഘട്ടത്തിലെ രചനകള്‍ ആണെന്നും അവ ഒന്നില്‍ മറ്റൊന്നു കാലാന്തരേണ തിരുകി കയറ്റിയതാണ് എന്ന അറിവ്. ഇതുപോലെ മറ്റൊരു ചരിത്രപരമായ തെറ്റാണ് ക്രിസ്തുമതവും പേറുന്നത്. രണ്ടായിരം കൊല്ലം മുന്പ് ജീവിച്ചിരുന്നതായി കരുതുന്ന ഒരു അതിപ്രധാനിയായ ചരിത്രപുരുഷനായ പ്രവാചകനായ ദൈവ പുത്രന്‍ യേശു എന്ന വ്യക്തിയെ ആ വ്യക്തി ജീവിച്ചിരുന്ന കാലത്തിനും ഇരുന്നൂറോ മുന്നൂറോ കൊല്ലത്തിന് ശേഷം എഴുതപ്പെട്ട ബൈബിള്‍ എന്ന പുസ്തകത്തില്‍ കാണാന്‍ കഴിയുന്നത്. യേശു ജീവിച്ചിരുന്ന കാലത്തുള്ള ആരുടേയും ഒരു ചരിത്ര രേഖകളിലും യേശു എന്ന്‍ വ്യക്തിയെക്കുറിച്ചുള്ള പരാമര്‍ശമോ ക്രിസ്തുമതത്തിന്റെ ഉത്ഭവമോ കാണാന്‍ കഴിയില്ല. അന്നത്തെ രാജാവിന്റെ ചരിത്രത്തില്‍ പോലും ഇങ്ങനെ ഒരു മനുഷ്യനെക്കുറിച്ച് ഒരു ചെറിയ പരാമര്‍ശം പോലും ഇല്ല. ഇത്തരം ചരിത്രപരമായ കളവുകള്‍ ഇന്നും തുടരുന്നുണ്ട് എന്നതാണു ചരിത്രത്തെ അന്ധമായി വിശ്വസിക്കാന്‍ കഴിയില്ല എന്നു പറയാന്‍ കാരണം.
ഇബ്നുന്‍ ബത്തൂത്ത എന്ന സഞ്ചാരിയെക്കുറിച്ച് അധികമൊന്നും അറിയില്ല. അറിയാന്‍ ശ്രമിച്ചിട്ടില്ല എന്നതാണു വാസ്തവം. അദ്ധേഹത്തെയോ അദ്ദേഹത്തിന്റെ പുസ്തകത്തെയോ അറിയില്ല. എന്നാല്‍ ഡോ സി കെ കരീം എഴുതിയ ഇബ്നൂന്‍ ബത്തൂത്തയുടെ കള്ളക്കഥകള്‍ എന്ന പുസ്തകം വായിച്ചപ്പോള്‍ ആരാണ് ഇബ്നുന്‍ ബത്തൂത്ത എന്ന്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു . പതിനാലാം നൂറ്റാണ്ടില്‍ ഇരുപത്തി രണ്ടാം വയസ്സില്‍ മൊറോക്കയില്‍ നിന്നും ലോക സഞ്ചാരത്തിന് ഇറങ്ങിയ വ്യക്തി എന്നും , മൂന്നുകൊല്ലം സൌദിയില്‍ താമസിച്ചു മത പഠനത്തില്‍ മുഴുകിയ ആളും , എല്ലാ മുസ്ലീം രാജ്യങ്ങളും സന്ദര്‍ശിച്ച സഞ്ചാരി എന്നും ഇന്ത്യയില്‍ കുറെക്കാലം ജീവിച്ച മനുഷ്യന്‍ എന്നും ഒക്കെയുള്ള ചരിത്രം മനസ്സിലാകുന്നത്. മുപ്പതു കൊല്ലത്തെ നാടു ചുറ്റലിന് ശേഷം തിരികെ മൊറോക്കയില്‍ എത്തിയതും അവിടെ കൂട്ടുകാര്‍ക്കും മറ്റും പറഞ്ഞു കൊടുത്ത തന്റെ യാത്രാ വിശേഷങ്ങളെ രാജാവു ഏര്‍പ്പെടുത്തി കൊടുത്ത എഴുത്തുകാരനെ കൊണ്ട് പുസ്തകമാക്കിയതും ആയ സംഗതികള്‍ ഈ പുസ്തകത്തിലൂടെ അറിയാന്‍ കഴിഞ്ഞു . തന്റെ പുസ്തകത്തില്‍ കൂടി ഇന്ത്യ എന്ന രാജ്യത്തെയും ഡല്‍ഹി അക്കാലത്ത് ഭരിച്ചിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക് എന്ന സുല്‍ത്താനെയും ഇന്ത്യയിലെ അന്നത്തെ സാമൂഹികരാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും പരിചയപ്പെടുത്തുന്നുണ്ടത്രെ. ഡോ സി കെ കരീമിന്റെ  ഈ പുസ്തകം പക്ഷേ പറയാന്‍ ഉദ്ദേശിക്കുന്നത് മറ്റൊന്നാണ് . ഇബ്നൂന്‍ ബത്തൂത്ത പറഞ്ഞ കളവുകളെക്കുറിച്ച് പറയാനാണ് ലേഖകന്‍ ശ്രമിക്കുന്നത്. എന്തൊക്കെയാണ് ആ കളവുകള്‍ എന്നു വായിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇബ്നുന്‍ ബത്തൂത്ത ചൈന സന്ദര്‍ശനം നടത്തിയെന്ന് പറയുന്നതും ഇന്ത്യയിലെ മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന്‍ സുല്‍ത്താനെ കുുറച്ചുള്ള വിവരങ്ങളും ആണത്..
ലേഖകന്റെ വിവരണങ്ങള്‍ സശ്രദ്ധം ശ്രദ്ധിക്കുമ്പോള്‍ ഒരു വായനക്കാരനെന്ന നിലയില്‍ മനസ്സിലാകുന്ന കാര്യം ബത്തൂത്ത പറഞ്ഞ കളവുകള്‍ തുഗ്ലക്കിനെ തേജോവധം ചെയ്യാനും ലോകത്തിന് മുന്നില്‍ നിഷ്ഠൂരന്‍ ആയി ചിത്രീകരിക്കുവാനും സഹായിച്ചു എന്നും അതിനു മുന്നില്‍ പ്രവര്‍ത്തിച്ചത് ബ്രിട്ടീഷുകാര്‍ ആണ് എന്നുമാണ് . മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തോടെ ഇന്ത്യയില്‍ താവളം ഉറപ്പിച്ച ബ്രിട്ടീഷുകാര്‍ അവരുടെ ചരിത്രകാരന്മാരെക്കൊണ്ട് തിരുത്തി എഴുതിച്ച ചരിത്രങ്ങളില്‍ ബത്തൂത്തയുടെ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയതിനാല്‍ മാത്രം ചരിത്രത്തില്‍ ക്രൂരനായ ഒരാളായി മാറിയ നല്ലവനായ ഭരണാധിപന്‍ ആണ് മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്നും ലേഖകന്‍ സമർത്ഥിക്കുന്നു. . ഇസ്ലാം മത വിശ്വാസികളില്‍ രണ്ടു തരം വിശ്വാസം ഉള്ളവര്‍ പൊതുവേ കാണാറുണ്ട് . ഒന്നു മതത്തിലെ അന്ധവിശ്വാസങ്ങള്‍ ആയ ചില കാര്യങ്ങള്‍ തുടരുന്നവര്‍ മറ്റൊന്നു ഏക ദൈവവിശ്വാസം മാത്രം മുന്നില്‍ നിര്‍ത്തി മതത്തെ കാണുന്നവര്‍ . ഇതില്‍ തുഗ്ലക് രണ്ടാമത് പറഞ്ഞ കൂട്ടത്തില്‍ ആയതിനാല്‍ അക്കാലത്ത് ഉണ്ടായിരുന്ന ആദ്യം പറഞ്ഞ വിഭാഗക്കാരെ കഠിനമായി ശിക്ഷിക്കുകയും ഒതുക്കുകയും ചെയ്ത ഒരു ഭരണാധിപന്‍ ആണെന്ന ചിത്രം ആണ് ലേഖകനിലൂടെ കാണാന്‍ കഴിയുന്നത് . ഇതൊക്കെയാണ് ബത്തൂത്തയെക്കൊണ്ടു തുഗ്ലക്കിനെ നെഗറ്റീവ് ആയി ചിത്രീകരിപ്പിക്കപ്പെട്ടത് എന്നും അതുപോലെ തന്നെ ബത്തൂത്ത ഒരു വിഷയലമ്പടന്‍ ആയതിനാലും ചരിത്ര വസ്തുതകളില്‍ ഒരുപാട് കളവുകളും പൊലിപ്പിക്കലുകളും നടത്തിയ ആളും ആയി ലേഖകന്‍ വിലയിരുത്തുന്നു. നാട്ടിന്‍പുറത്ത് പട്ടാളത്തില്‍ നിന്നും വിരമിക്കുന്നവരെ കളിയാക്കിക്കൊണ്ടു പറയുന്ന ഒരു സംഗതിയായ പട്ടാളം പൊങ്ങച്ചക്കഥകള്‍ പോലെ ബത്തൂത്ത തന്റെ സഞ്ചാരാനന്തരം നാട്ടില്‍ കൂട്ടുകാര്‍ക്കിടയില്‍ വെടിവട്ടം പറഞ്ഞിരിക്കുമ്പോള്‍ പറഞ്ഞ നുണകളും ഊതിപ്പെരുപ്പിച്ച വിഷയങ്ങളും ആണ് ഈ പുസ്തകത്തില്‍ ലേഖകന്‍ അവതരിപ്പിക്കുകയും സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എന്നു കാണാം .
കേരളത്തിലും ഇന്ത്യയിലും മാലിദ്വീപ് തുടങ്ങിയ പ്രദേശങ്ങളില്‍ പതിനാലാം നൂറ്റാണ്ടില്‍ നിലനിന്ന സാമൂഹികമായ അവസ്ഥകളും ആചാരം , പ്രകൃതം , ശീലങ്ങള്‍ , പ്രത്യേകതകള്‍ എന്നിവയും ഇബ്നുന്‍ ബത്തൂത്തയുടെ സഞ്ചാരകൃതിയായ കിത്താബ് റഹലയില്‍ കൂടി അറിയാന്‍ കഴിയും എന്നൊരു പ്രത്യേക്ത ലേഖകന്‍ പറയുന്നതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും . എല്ലാം കണ്ണുമടച്ച് വിശ്വസിക്കുന്നതില്‍ കാര്യമില്ല , പൊതുവേ കാര്യങ്ങള്‍ അറിയാന്‍ ഒരു വായന നല്ലതാണ് എന്നു തോന്നുന്നവര്‍ക്കായി ഒരു നല്ല പുസ്തകം ആകും എന്നു കരുതുന്ന കിത്താബ് റഹല വായനയ്ക്കായി തിരഞ്ഞെടുക്കാന്‍ ഈ പഠനം സഹായകമാകും എന്നു കരുതുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Sunday, July 5, 2020

വരവറിയാതെ


സന്ധ്യയുടെ വരവായിരുന്നു...
വെളിച്ചം മങ്ങിത്തുടങ്ങി.
ഇരുളിന് തോല്‍പ്പിക്കാന്‍ കഴിയാതിരുന്നയെന്നെ
പൊടുന്നനെയൊരു ശരറാന്തല്‍ !

വണ്ണാത്തിപ്പുള്ളുകള്‍ വിരുന്നുവരാത്തതിനു
പരാതി പറയാന്‍ വന്നതായിരുന്നു.
ഇലകള്‍ കിന്നാരം പറയുന്നതിന്  
വെറുതെ ചെവികൊടുത്തിരിക്കുകയായിരുന്നത്രേ.
തോളോട് ചേര്‍ന്നിരിക്കാമെന്നും
വിരലുകള്‍ വെറുതെ തലോടാമെന്നും
മുടിയിഴകള്‍ മുഖത്തേക്കിട്ട്
കുറുമ്പ് കാട്ടാമെന്നും കരുതിയിരുന്നത്രേ.

വേലിയിലിരുന്ന പാമ്പിനെ തോളിലിട്ടപോലായെന്നു
മാറിലെ മറുകില്‍ വിരല്‍ കൊണ്ട് വരയുമ്പോള്‍.....
നഖമുനയൊന്നു പോറിയോ മുതുകിൽ
ഇളം കാറ്റ് തഴുകിക്കടന്നുപോയോ.!
പുതുമഴ നനയാന്‍ പുറത്തിറങ്ങും
മണിനാഗശീല്‍ക്കാരം മുഴങ്ങുന്നുവോ?

ഒരു ചെറിയ കാറ്റില്‍ പോലും അണയാന്‍
കാത്തിരിക്കുമ്പോലെ വെളിച്ചവും.
ഇരുളേ , നീയെന്തിനു പിന്നെയും ....
..... ബി.ജി.എൻ വർക്കല

Saturday, July 4, 2020

ഉത്സവപ്പിറ്റേന്ന്

ഉത്സവപ്പിറ്റേന്ന് 
............................
പൊട്ടിയ ബലൂണുകൾ
ചിതറിയ വർണ്ണക്കടലാസുകൾ
ജോഡിയില്ലാ പാദുകങ്ങൾ
ചൂരു നഷ്ടപ്പെട്ട പിണ്ടങ്ങൾ
വളപ്പൊട്ടുകൾ
ബീഡിത്തുണ്ടുകൾ
ഓർമ്മകൾക്ക് മേൽ
പടിയിറങ്ങിയ ഉത്സവം.!
... ബി.ജി.എൻ വർക്കല

Wednesday, July 1, 2020

കോൺട്രാ സീൻ

കോൺട്രാ സീൻ
.............................
വാക്കുകൾ മരവിച്ച പുസ്തകം.
തുറന്നു വച്ച ജാലകം.
നേർത്ത സംഗീതം ....
പൂച്ചക്കുട്ടി.
ഇല്ല സീൻ കോൺട്രായാകുന്നില്ല.
ക്യാമറ ബഡ്ഡിലേക്ക് തിരിക്കട്ടെ.
അവിടെ കമഴ്ന്നൊരുവൾ കിടക്കണം.
ഉയർന്ന നിതംബം വേണമവൾക്ക്
വീണക്കുടം പോലെ.!
കാലുകൾമടക്കി ഉയർത്തി
പാദങ്ങൾ തമ്മിൽ ഉരസട്ടെ.
വസ്ത്രം ഫ്രോക്ക് മതി.
ഉൾത്തുട കാണട്ടെ, 
ചുവന്ന ലാൻജറി വേണം
സീൻ കട്ട ഇറോട്ടിക് . 
ഇനി പൂച്ചക്കുട്ടിയുടെ കണ്ണുകൾ സൂം ചെയ്യുക.
കണ്ണുകളിൽ നീല ജ്വാല പടരട്ടെ.
ഇനി.....
.... ബി.ജി. എൻ വർക്കല

ഭ്രാന്ത് ......... പമ്മൻ

ഭ്രാന്ത്‌(നോവല്‍)
പമ്മന്‍
ഡി സി ബുക്സ് (1980)
വില : ₹ 295.00




സാഹിത്യത്തില്‍ ആരോഗ്യവും അനാരോഗ്യകരവുമായ മത്സരങ്ങള്‍ എന്നും നടന്നിട്ടുണ്ട് . അതിനെത്തുടർന്നു പലപ്പോഴും ഭൂകമ്പങ്ങളും സാംസ്കാരിക രംഗത്ത്‌ സംഭവിച്ചിട്ടുമുണ്ട്. ചിലപ്പോഴൊക്കെ വ്യക്തമായ ധാരണകളോടെ വ്യക്തിയെയോ, സംവിധാനത്തെയോ,മതത്തെയോ ആചാരങ്ങളെയോ ഒക്കെ വിമർശിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും സാഹിത്യ രചനകള്‍ സംഭവിച്ചിട്ടുണ്ട് . ചില എഴുത്തുകള്‍ ഇതിനാല്‍ തന്നെ വായനക്കാരില്‍ എത്താതെ പോകാറുണ്ട് . അതിനു കാരണം അധികാരം , മതം എന്നിവയുടെ കൈകടത്തലുകളില്‍ കുടുങ്ങി പുസ്തക നിരോധനവും എഴുത്തുകാരന്റെ ജീവന് ഭയവും നല്‍കി നിലനില്‍ക്കുന്നതിനാലാണെന്നാണ് മനസ്സിലാക്കാനാകുന്നത്.. അന്താരാഷ്‌ട്രരംഗത്ത് ഇത്തരത്തില്‍ എടുത്തു പറയാവുന്ന പല സാഹിത്യങ്ങളും ഉണ്ട് . ക്രിസ്തുവിനെ മറ്റൊരു കണ്ണാല്‍ കണ്ട കസാന്‍ദ്‌സാക്കിസും, മുഹമ്മദ് നബിയെ വിമര്‍ശിച്ച അലി സിനയും, ഇസ്ലാം മതത്തിനെ വിമര്‍ശനാത്മകമായി നേരിട്ട തസ്ലീമയും സല്‍മാന്‍ റുഷ്ദിയുമൊക്കെ അത്തരം ആഗോള കാഴ്ചകളില്‍ നില്‍ക്കുമ്പോള്‍ പെരുമാള്‍ മുരുകനും പി ജി ജോൺസനും ആനന്ദ് യാദവ് , വി എസ്  നൈപാള്‍ ,മോകി സിംഗ് , ഹമീദ് അന്‍വര്‍ . ഡി എന്‍ ജാ , രാം സ്വരൂപ്‌ , ഹരീഷ് തുടങ്ങിയ ഒരു വലിയ ലിസ്റ്റ് തന്നെ കാണാന്‍ കഴിയും തദ്ദേശീയമായ കണക്കെടുപ്പുകളില്‍. ഇത്തരം എഴുത്തുകള്‍ ഒക്കെയും തടയപ്പെടാന്‍ കാരണമായി നില്‍ക്കുന്നത്  പ്രധാനമായും  മതം എന്ന വസ്തുതയാണ് . നമ്മുടെ സമൂഹത്തില്‍ മതം എത്ര ശക്തമായ ഒരു പ്രതിരോധമാണ് തങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനെതിരെ എടുക്കുന്നത് എന്നത് തെളിയിക്കുക കൂടിയാണിത്.  സഹിഷ്ണുതയും, ശാന്തിയും, സ്നേഹവും, സാഹോദര്യവും, വിശ്വ മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന മതങ്ങളുടെ വക്താക്കള്‍ തന്നെയാണ് ഇത്തരം എഴുത്തുകള്‍ക്ക് നേരെ ആസനത്തില്‍ തീ പിടിച്ചപോലെ പായുന്നതും എന്നത് രസാവഹമായ കാഴ്ചയാണ് .

രണ്ടു പെണ്‍കുട്ടികള്‍ , നേർച്ച തുടങ്ങിയ പുസ്തകങ്ങള്‍ പക്ഷെ ലൈംഗികതയുടെ വിഷയവും സദാചാരവും കൂട്ടിക്കുഴച്ചാണ് മലയാളിയുടെ ഉറക്കം കെടുത്തിയതും ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയതും എന്ന് കാണാം . ഒരു കാലത്ത് കേരളശബ്ദം വാരികയിലൂടെ പ്രശസ്തമായ, ഇന്ദ്രജിത്ത് എന്ന തൂലികാ നാമത്തിന്റെ "എത്രയെത്ര മദാലസരാത്രികള്‍ " ഇതുപോലെ ഒച്ചപ്പാടുണ്ടാക്കിയ ഒരു സദാചാര വായനയായിരുന്നു . മാധവിക്കുട്ടിയുടെ "എന്റെ കഥ" ഉയര്‍ത്തിയ അലയൊലി അക്കാലത്തെ മലയാളിയുടെ സദാചാരത്തിൻ്റെ മുഖത്തിനേറ്റ വലിയ ഒരു അടിയായിരുന്നു . പില്‍ക്കാലത്ത് പക്ഷെ ആ കാഴ്ചപ്പാടുകള്‍ മാറി വന്നതിനാല്‍ മാത്രമാണ് സ്ത്രൈണ കാമസൂത്രവും, പ്രണയ കാമസൂത്രവും .ആമേന്‍, നളിനീ ജമീലയുടെ ആത്മകഥ തുടങ്ങിയവയ്ക്ക് സാഹിത്യത്തില്‍ ഇടം കിട്ടിയതും ഒച്ചപ്പാടുകള്‍ ഉണ്ടാകാതെയിരുന്നതും എന്നത് സമൂഹത്തിന്റെ മാറി വരുന്ന കാഴ്ച്ചപ്പാടിനു ഉദാഹരണങ്ങളാണ് . എന്നാലും ചില ഇടങ്ങളില്‍ ഇന്നും സാഹിത്യത്തില്‍ ചെറിയ തോതില്‍ എങ്കിലും സദാചാര നിഷ്ഠയില്‍ ഊന്നിയ ചില എതിര്‍ശബ്ദങ്ങള്‍ ചില തുറന്നെഴുത്തുകള്‍ക്കിടയില്‍ സംഭവിക്കുന്നുണ്ട് . മാധവിക്കുട്ടിയുടെ "എന്റെ കഥ'യ്ക്ക് മറുപടിയോ ആക്ഷേപമോ ആയി പമ്മന്‍ "ഭ്രാന്ത് ;എഴുതിയത് പോലെ അല്ലെങ്കിലും വളരെ കാലങ്ങള്‍ക്ക് ശേഷം കണ്ട ഒരു വായനയായിരുന്നു പ്രവാസത്തിലെ രണ്ട് എഴുത്തുകാർ തമ്മിൽ നടന്ന പുസ്തക പ്രസാധനങ്ങൾ. പമ്മന്റെ എഴുത്തിനു ഉണ്ടായിരുന്ന ഭാഷാ ചാതുരിയും സത്യസന്ധതയും ഏകപക്ഷീയമല്ലാത്ത കാഴ്ചപ്പാടുകളും പക്ഷേ ഇവിടെ പ്രതിരോധ പാത പിന്തുടർന്ന അഭിനവ എഴുത്തുകാരന് പിന്തുടരാനോ അനുകരിക്കാനോ കഴിയാതെ പോയതിനാലും തുറന്നെഴുത്തുകാരി മുന്നോട്ട് വച്ച വികാരനാടകങ്ങളെ പ്രതിരോധിക്കാൻ  എഴുത്തുകാരന് കഴിയാതെ വന്നതിനാലും അവ രണ്ടും ശ്രദ്ധിക്കപ്പെടാതെ പോയി എന്നത് . ഇവിടെ പക്ഷേ ഇന്നും വായനയില്‍ വിസ്മയവും അതുപോലെ തുറന്നെഴുത്തിന്റെ സൗന്ദര്യവും ഭ്രാന്തിന് നല്കാൻ സാധിക്കുന്നുണ്ട് എന്നത് ഭ്രാന്തിനും, എന്റെ കഥ എന്ന ആത്മകഥയ്ക്കും ഇന്നുമുള്ള വായനയുടെ തിരക്കുകള്‍ സാഹിത്യലോകത്തില്‍ ചർച്ചയാകുന്നുണ്ട്.  എന്നതും ഒരു പക്ഷേ തുറന്നെഴുത്തുകൾ എന്നതിനപ്പുറം അതിൽ തുടിക്കുന്ന ജീവിതം ഉണ്ട് എന്നതിനാലാകണം .

ഒരു കാലത്ത് വായനശാലകളില്‍ കിട്ടാന്‍ ബുദ്ധിമുട്ടായതും കിട്ടിയാല്‍ എല്ലാ പേജുകളും ഇല്ലാതെയും പഴകി മുഷിഞ്ഞും കണ്ടിരുന്ന ഒരു പുസ്തകമാണ് പമ്മന്റെ "ഭ്രാന്ത് " . രതിയുടെ ഭ്രാന്തമായ ലോകമെന്നും, അശ്ലീലത്തിന്റെ തുറന്ന വായനയെന്നും ഒക്കെ വിലയിരുത്തപ്പെട്ട ഈ നോവല്‍ എണ്‍പതുകളില്‍ തുടങ്ങി ഇന്നും പരസ്യമായി കൈയ്യില്‍ വയ്ക്കാനോ, വായിക്കാനോ മലയാളിയില്‍ ലജ്ജയാണ് ഉളവാക്കുന്നത് . അമ്മുക്കുട്ടി എന്ന പെൺകുട്ടിയുടെ ബാല്യത്തില്‍ നിന്നും തുടങ്ങി അവളുടെ യൗവ്വനം വരെയുള്ള അനുഭവങ്ങള്‍ ആണ് ഭ്രാന്ത്‌ എന്ന പുസ്തകം പങ്കുവയ്ക്കുന്ന വിഷയം . ഇന്ന് തുറന്നെഴുത്തിന്റെ കാലത്തും എഴുത്തുകാരികള്‍  തുറന്നു പറയാന്‍/ എഴുതാനും  മടിക്കുന്ന പലതും പമ്മന്‍ വിളിച്ചു പറയുന്നുണ്ട് അമ്മുക്കുട്ടിയിലൂടെ ലോകത്തോട്‌ എന്നതാണ് ഈ നോവലിനെ മാറ്റി നിര്‍ത്തുന്ന പ്രധാന ഘടകം . എഴുത്തുകാരികള്‍ എന്ന് എടുത്ത് പറയാന്‍ കാരണം എഴുത്തുകാര്‍ തങ്ങളുടെ ബാല്യ കൗമാരങ്ങളെയോ തങ്ങളുടെ യൗവന വാസനകളെയോ തുറന്നു പറയാനോ മറ്റുള്ളവരെ അറിയിക്കാനോ താത്പര്യപ്പെടുന്നവര്‍ ആയി കാണാന്‍ കഴിയുന്നില്ല എന്നതിനാലാണ് . ആർത്തവവും , ആദ്യമായി അറിഞ്ഞ രതി , വിവാഹ പൂർവ്വ ബന്ധങ്ങള്‍ , പൊതു ഇടങ്ങളിലോ മറ്റോ സംഭവിക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ ഇവയൊക്കെ അനുഭവിക്കേണ്ടി വരുന്നത് മൊത്തം സ്ത്രീകള്‍ ആണ് എന്നതുകൊണ്ടാണ് ഇത്തരം ഒരു എഴുത്തിലെ ലിംഗ വ്യത്യാസം എന്ന് കരുതുന്നു . പക്ഷേ, ബാല്യകൗമാരങ്ങളില്‍ മിക്കവാറും ആണ്‍കുട്ടികളും ലൈംഗികമായ ആക്രമണങ്ങളെ നേരിടുന്നുണ്ട് എങ്കിലും അവന്റെ ലജ്ജയോ പുരുഷനെന്ന മിഥ്യാഭിമാനമോ മറ്റോ ആകാം ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാനോ വിളിച്ചു അറിയിക്കാനോ മുതിരുന്നതിൽ നിന്നും അവനെ മാറ്റിനിർത്തുന്നത് എന്ന് കരുതുന്നു. അതോ പെണ്ണിന് സംഭവിക്കുന്നത് വായിച്ചാല്‍ മാത്രം ഉദ്ദാരണം സംഭവിക്കുന്ന ഒരു ലോകമാണ് വായനയുടെ എന്ന ധാരണയും പൊതുബോധവുമാകാം .

ഒരു പെണ്‍കുട്ടി എന്ന നിലയില്‍ അമ്മുക്കുട്ടി ജീവിക്കുന്ന സാഹചര്യങ്ങള്‍, അവളെ ലൈംഗികമായി ഉപയോഗിക്കുന്ന ഒരു കൂട്ടം പുരുഷന്മാരുടെ അതിക്രമങ്ങളില്‍ കൂടിയാണ് കടന്നു പോകുന്നത് . അവളുടെ മുറച്ചെറുക്കന്‍ ആയാലും കളിക്കൂട്ടുകാരന്‍ ആയാലും അധ്യാപകന്‍ ആയാലും അവളുടെ അമിതമായ ശരീര വളര്‍ച്ചയെയും അവളുടെ ദുര്‍ബലതകളെയും ഉപയോഗപ്പെടുത്തി അവളില്‍ പകര്‍ന്നുകൊടുക്കുന്ന രതി വികാരവും ചിന്തയും ആണ് അവളുടെ പിന്നീടുള്ള ജീവിതത്തെ കരുപ്പെടുത്തുന്നത് . അറിയുന്നതൊന്നുമല്ല, അല്ലെങ്കില്‍ തേടുന്ന തൊന്നുമല്ല യഥാര്‍ത്ഥ പ്രണയവും രതിയും എന്ന തിരിച്ചറിവാണ് അവള്‍ക്ക് ഓരോ ബന്ധവും അനുഭവപ്പെടുത്തിക്കൊടുക്കുന്നത് . സ്വതവേ മനസ്സില്‍ അടിഞ്ഞുപോയ കറുത്തവൾ എന്ന അപകര്‍ഷതാബോധത്തില്‍ നിന്നും അവളില്‍ ഉരുത്തിരിയുന്ന വെളുപ്പിന്റെ ആകർഷതയാണ് വിദേശിയായ കാമുകനിലൂടെ അവള്‍ അനുഭവിക്കുന്നതും അയാളില്‍ അവള്‍ പ്രണയം കാണാന്‍ കഴിയുന്നതുമായൊരു അവസ്ഥയിലേക്ക് എത്തുന്നത്. മലയാളിയുടെ ആക്രാന്തം പിടിച്ച കടന്നുകയറ്റങ്ങള്‍ ഇല്ലാതെ, രതിയെ മാന്യമായും, സ്ത്രീയുടെ മനസ്സറിഞ്ഞും അനുഭവിപ്പിക്കാന്‍ കഴിയുന്ന ഒരാള്‍ എന്ന നിലയില്‍ അയാൾക്ക് അവൾ നല്ലൊരു സ്ഥാനം നല്കുന്നു മനസ്സിൽ. മറ്റെല്ലാവരും തന്റെ ശരീരത്തിന്റെ അമിതമായ വളര്‍ച്ചയും, സാഹിത്യ രംഗത്തെ പ്രശസ്തിയും, എഴുത്തിന്റെ തുറന്ന ഭാഷയും മൂലം ഇവള്‍ എന്തിനും വഴങ്ങുന്നവൾ എന്ന കാഴ്ചപ്പാടുമായി സമീപിക്കുന്ന വെറും പുരുഷന്മാരാണ് . അവളുടെ ഭർത്താവാകട്ടെ പണം എന്ന ഒറ്റ വസ്തുവിനെ മാത്രം സ്നേഹിക്കുകയും ഭാര്യയുടെ ശരീരം തന്റെ സ്വന്തം ആവശ്യങ്ങൾക്കും പിന്നെ പണത്തിനു വേണ്ടി, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉപയോഗിക്കാനോ ആസ്വദിക്കാനോ അനുവദിക്കപ്പെടുന്ന "കപ്പളങ്ങാ മുലകളും വലിയ ചന്തിയും" ഉള്ള ഒരു ജീവിയായി മാത്രം കാണുന്ന മനുഷ്യനാണ് . പക്ഷെ എത്ര തന്നെ വെറുപ്പും അവഗണനയും ഉണ്ടങ്കിലും ഭര്‍ത്താവ് എന്നത് അമ്മുവിന് ഒരു വലിയ താങ്ങും തണലും ആത്മബലവും ആണ് . അയാള്‍ ഇല്ലെങ്കില്‍ താനില്ല എന്ന അവളുടെ മനസ്സിന്, അടക്കാനാകാതെ ആഘാതമായി ഒടുവില്‍ അയാള്‍ തകരുമ്പോള്‍ അവളും ഒരു ഭ്രാന്തിയായി മാറുന്നതില്‍ നിന്നും അവര്‍ തമ്മിലുണ്ടായിരുന്ന അവള്‍ക്കുമാത്രം ഉണ്ടായിരുന്ന അയാളോടുള്ള അടങ്ങാത്ത പ്രണയവും ആത്മാര്‍ഥതയും വെളിവാക്കുന്നുണ്ട് .

മനുഷ്യ ജീവിതത്തിലെ കാണാക്കയങ്ങള്‍ ആണ് മനസിന്റെ നിഗൂഢതകള്‍ . അവിടെ ആര്‍ക്ക് ആരോട് എന്ത് എന്ന് വ്യവച്ഛേദിച്ചറിയാന്‍ കഴിയാത്ത ഒരു കറുത്ത ഇടം ഉണ്ടാകും . വെറുപ്പും അവഗണയും ഒക്കെ നിലനില്‍ക്കുന്ന ഒരാള്‍ പുറമേ ശത്രുവായി നിന്നാലും അയാളുടെ നേര്‍ക്ക് ഉള്ളിൽ ഒരു ഇഴയടുപ്പവും ബന്ധവും ഉണ്ടാകും. ബലാത്സംഗിയെ സ്നേഹിക്കാനും പ്രണയിക്കാനും തോന്നുന്ന മാനസിക ഘടന അവിടെയാണ് സംഭവിക്കുക . രതിയുടെ വേളയില്‍ മാത്രം സംഭവിക്കുന്ന പ്രണയങ്ങള്‍ താത്കാലികമായ ഒരു ബന്ധമാണ് എന്ന അമ്മുക്കുട്ടിയുടെ കാഴ്ചപ്പാടില്‍ അത് വളരെ നന്നായ് പറഞ്ഞു വയ്ക്കുന്നുമുണ്ട്‌  . മാനസികമായ് അപഗ്രഥിക്കുകയാണെങ്കില്‍, അമ്മുക്കുട്ടിയുടെ ശരീരമോഹങ്ങള്‍ അവൾ തന്നെ കരുതുംപോലെ ഒരു പുരുഷനില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല . അനവധി ഭാര്യമാര്‍ ഉള്ള പുരുഷന്മാരും അനവധി ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളും ഉണ്ടായിരുന്ന സമൂഹത്തില്‍ നിന്നും മനുഷ്യര്‍ കരകയറി ഏക പത്നി, പതിവ്രതക്കാര്‍ ആയിട്ട് അധികം കാലം ആയിട്ടില്ല എന്നത് ഇവിടെ   ഓര്‍മ്മിക്കേണ്ടുന്ന വസ്തുതയാണ് .  മനു എസ് പിള്ളയും  സി ബാലകൃഷ്ണനും റോബിൻ ജെഫ്രിയും ഈ വിഷയങ്ങളിൽ ഇവിടെ നിലനിന്ന സാമൂഹ്യക്രമങ്ങളും സംസ്കാരവും എന്തെന്ന് വ്യക്തമായി പറയുന്നുണ്ട് അവരുടെ പുസ്തകങ്ങളിൽ .  പമ്മന്‍ തന്റെ നോവലില്‍ അവതരിപ്പിക്കുന്നത് ഒരു അമ്പതു വര്‍ഷം മുന്‍പുള്ള കേരളത്തിൻ്റെ ചരിത്രമാണ്‌ . അതിൻ്റെ വായനയിലൂടെ കടന്നു പോകുമ്പോള്‍, നായര്‍ തറവാടുകളില്‍ നിലനിന്ന സാമൂഹ്യക്രമങ്ങളും കേടുപാടുകളും ഒക്കെ വളരെ നല്ല രീതിയല്‍ തന്നെ മനസ്സിലാകുന്ന ഭാഷയിൽ തുറന്നും മറച്ചും പറഞ്ഞു പോകുന്നുണ്ട് . നിർഭാഗ്യവശാല്‍ അതിലേക്കൊന്നും വായനക്കാര്‍ അധികവും കടന്നു പോകാതെ അമ്മുക്കുട്ടിയുടെ രതിവിശേഷങ്ങള്‍ മാത്രം വായിച്ചു സായൂജ്യമടഞ്ഞവര്‍ ആണ് ഭൂരിഭാഗവും . ഒരു പക്ഷെ ഈ നോവലിനെ , അതിന്റെ അര്‍ത്ഥവ്യാപ്തി അനുസരിച്ച് വായിച്ചു പോകുവാന്‍ കഴിയാതെ വായനക്കാരെ തളച്ചിട്ട വിഷയം ഈ രതിവർണ്ണന ആണ് എന്ന് പറയാം . ഇന്നാണ് ഇതെഴുതിയിരുന്നതെങ്കില്‍ ഒരു പക്ഷെ വായനക്കാര്‍ക്ക് ആ രതിവർണ്ണനകളെ കുറച്ചുകൂടി പാകതയോടെ കണ്ടു വായിച്ചു പോകാനും നോവലിനെ ഉൾക്കൊള്ളാനും കഴിഞ്ഞേനെ എന്ന് തോന്നുന്നു . അങ്ങനെ വന്നാല്‍ മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ ദർശിക്കാതെ നോവല്‍ വായിക്കാന്‍ കഴിഞ്ഞേക്കും . എന്നാല്‍ അതൊരു യാഥാർത്ഥ്യമാണ് . മാധവിക്കുട്ടി എന്റെ ലോകം , എന്റെ കഥ എന്നിവയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഈ നോവലില്‍ കാണാനായതുകൊണ്ട് മാത്രം ഇത് മാധവിക്കുട്ടിയുടെ എഴുത്തിനുള്ള മറുപടിയാണ് എന്ന് ഇരുവരെയും വായിച്ചവര്‍ക്ക് എളുപ്പം ബോധ്യമാകും . രണ്ടും രണ്ടായി വേർതിരിക്കാന്‍ കഴിയാതെ പോകുകയും ചെയ്യും . എന്നാല്‍ ബോധപൂര്‍വ്വമല്ലെങ്കിലും ആ കഥാപാത്രത്തിലൂടെ പമ്മന് മാധവിക്കുട്ടി എന്ന സ്ത്രീയുടെ മനസ്സിനെ വരച്ചിടാന്‍ പൂര്‍ണ്ണമായും കഴിയാതെ പോയി എന്ന് കൂടി കരുതുന്നു.  ഒടുക്കത്തിന്റെ കാല്പനികത മാറ്റി വച്ചാല്‍ തീര്‍ച്ചയായും ഭ്രാന്തിനു ഒരു തുടര്‍ച്ച ഉണ്ടാകേണ്ടിയിരുന്നു എന്നും കരുതാം . അങ്ങനെ ഒരു തുടർച്ചയുണ്ടായാൽ, അതും ഇന്നത്തെ സാഹചര്യത്തിൽ ആ പുസ്തകത്തിന് എപ്പോൾ നിരോധനം നേരിട്ടു എന്നു ചോദിച്ചാൽ മതിയാകും എന്നൊരു കറുത്ത വശം കൂടി ആ ചിന്തയ്ക്ക് കുറുകെ നില്‍ക്കുന്നുണ്ട് .

ഭ്രാന്ത് എന്ന നോവലിൻ്റ വായനയുടെ രണ്ടാം ഘട്ടം ആണിത് . പതിനഞ്ചാം വയസ്സില്‍ വായിച്ച വായനയെ ഇന്ന് നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ വീണ്ടും വായിക്കുമ്പോള്‍ വികാരത്തിന് പകരം വിവേകം ആണ് നയിക്കുന്നത് എന്നതിനു ഈ പുനര്‍വായന കടപ്പെട്ടിരിക്കുന്നു. ആശംസകളോടെ ബിജിഎന്‍ വര്‍ക്കല .