Tuesday, July 14, 2020

അവസാന മൊഴി

നിന്നെക്കുറിച്ചിനി ഒന്നുപാടണമെനിക്കീ-
മണ്ണില്‍ വീഴുന്നോരവസാന യാമത്തില്‍ .(നിന്നെ ...)
നിന്നോര്‍മ്മ നല്‍കുന്ന നിലാവിലലിഞ്ഞു
നിര്‍ന്നിദ്ര പൂകണമിന്നെനിക്കോമലാളെ .!

കണ്ടു തീരാത്ത സ്വപ്നങ്ങളുണ്ടൊരായിരം (2)
കണ്ണീര്‍ മുത്തില്‍ അലിഞ്ഞലിഞ്ഞലിഞ്ഞു-
ള്ളിലായെങ്കിലും, മറക്കാന്‍ പറയാമിന്നു
മരവിപ്പ് കടംവാങ്ങിയോരീ മനമോടെ ഞാന്‍ . (മറക്കാന്‍ ..)

വെളിച്ചം പടിയടച്ചു തിരികെ നടക്കുന്ന
വിലാപയാത്രകള്‍ പോലെ സന്ധ്യകള്‍ !(വെളിച്ചം ...)
ഒരുമിച്ചൊരു കുടക്കീഴില്‍ കണ്ടിരുന്നെത്ര 
കടലു തിന്നൊരു സങ്കടക്കടലിനെ നാം .

മിഴികളില്‍ മിഴിയാഴ്ത്തി അക്ഷരകടല്‍
വറ്റിയ മൂകസായാഹ്നങ്ങള്‍ അകലവേ (മിഴികളില്‍ ..)
കരയുവാന്‍ കഴിയാത്ത മനസ്സിനെ നോക്കി
കരങ്ങള്‍ കൂട്ടിപ്പിടിച്ചിരുന്നെത്ര നമ്മള്‍ !

പിരിയുവാന്‍ വയ്യാതെ പകലിനേ നോക്കി
പരിഭവം പറയുമേകാന്തതകളില്‍ (പിരിയുവാന്‍ ..)
കൂട്ടിവച്ചിതെത്ര കനവുകള്‍ നിന്നോട്
കൂടെയിരുന്നു പങ്കുവയ്കുവാന്‍ മാത്രമായി .

കരയെ പിരിഞ്ഞു കടന്നു പോകുന്നൊരു
തിരയെ നോക്കി വിതുമ്പുന്ന പൈതല്‍
ഇമയനക്കാതെ കാത്തുനില്‍ക്കുന്നുണ്ട്
തിരികെ വരുന്നൊരാ പ്രതീക്ഷയെ പിന്നെയും .(ഇമ...)

ദളങ്ങള്‍ വിടര്‍ന്നുല്ലസിക്കും  സൂനങ്ങളില്‍
മധു നുകര്‍ന്നകലും  ശലഭങ്ങളെങ്കിലും
നുള്ളിനോവിക്കുന്നില്ലേയവ ക്ഷണിക
ജന്മത്തിന്റെ വര്‍ണ്ണപതംഗങ്ങളെയൊട്ടുമേ. (ദള...)

കാലം സമയരഥമേറി പറക്കുന്നുണ്ടോരായിരം
അശ്വങ്ങള്‍ തന്‍ ചിറകേറിയെങ്കിലും
പിടഞ്ഞു തീരാന്‍ നിമിഷങ്ങള്‍ ബാക്കി
നില്‍ക്കില്‍, പറയാതെ പോകാനാവില്ലെനിക്ക് . (കാലം ...)

വേദനപകുത്തോരു തണല്‍വഴികളില്‍
വാക്കുകള്‍ മുറിഞ്ഞ സമാഗമങ്ങളില്‍
കണ്ണുനീര്‍ വറ്റിയ മഴക്കാടുകളില്‍ വീണു
ചുംബനം മോഹിച്ചു പ്രണയം പിടഞ്ഞിരുന്നു .(വേദന ..,)

No comments:

Post a Comment