നീയറിയുമോ സന്ധ്യേ !
......................................
നീ കേള്‍ക്കുന്നുവോ സന്ധ്യേ !
നിനക്കായ് മാത്രമെന്‍ തുടിക്കും
ഹൃദയത്താൽ ഞാന്‍ ഉതിർക്കും
പ്രണയത്തിൻ മര്‍മ്മരങ്ങള്‍ .
വിരല്‍ പിടിച്ചു നാം നടക്കും
ഇടവഴികളില്‍ കരിയിലമൂടും
ചരല്‍ക്കല്ലിന്‍ നോവാര്‍ന്ന
സുഖം നാമൊന്നിച്ചു നുകരുമെന്നു .
അസ്തമയത്തിന്റെ ചുവപ്പില്‍,
നുരകള്‍ പാദം നനയ്ക്കുമ്പോള്‍
ഒരു സൂര്യനെമാത്രം മിഴിയില്‍
നിറയ്ക്കാന്‍ നാം മത്സരിക്കുമെന്ന് .
ആകാശം മുട്ടും കുന്നിന്‍പുറങ്ങളില്‍
കാറ്റിന്റെ ആലിംഗനത്തിലമര്‍ന്നു
വസ്ത്രാഞ്ചലങ്ങളാല്‍ കൈകോര്‍ത്തു
വിദൂരങ്ങളില്‍ നോക്കി നില്‍ക്കുമെന്ന്
മഴയുടെ നൂലുകള്‍ ഇക്കിളിയിടുന്ന
മേനിയുടെ തണുപ്പിനെയൊരുമിച്ചു
ചൂടിന്റെ ആലസ്യം പകരുമൊരു കാപ്പി -
യുമായി മുഖംനോക്കിയിരിക്കുമെന്ന്.
മകരക്കുളിരിന്‍ സൂചിമുനകളില്‍
ഉടലുകളെയൊരു പുതപ്പിന്‍ കീഴില്‍
കുസൃതികളുടെ സുഗന്ധതൈലം
പുരട്ടിയുറങ്ങാന്‍ കൊതിക്കുമെന്നു.
അറിയുന്നുവോ നീ സ്വപ്നമേയിനി
അകലങ്ങളിൽ നാം രാപാർക്കുകയും
മിഴികൾ നനയുമ്പോഴും പരസ്പരം
അറിയില്ലയെന്നു പറയുമെന്നും സന്ധ്യേ.
..... ബി.ജി.എൻ വർക്കല
No comments:
Post a Comment