Wednesday, October 28, 2015

എവിടെ തിരയും ?

അരുതുകള്‍ കൊണ്ട് വേലി കെട്ടും മനസ്സിലോ
അഴലുകള്‍ പുഞ്ചിരികൊണ്ടു മൂടും മുഖത്തോ
പ്രണയം മറച്ചുകൊണ്ടനസ്യൂതം വെറുക്കും
പ്രിയതന്‍ ഭാവത്തിലോ നിന്നെ ഞാന്‍ തേടേണ്ടു .
-------------------------------ബി ജി എന്‍ വര്‍ക്കല

Tuesday, October 27, 2015

താഴ്വാരങ്ങളുടെ നാട്ടില്‍ .... സര്‍ഗ്ഗ റോയ്

യാത്രാ വിവരണ ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ഇന്ന് വരെ ഉണ്ടായവ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ചില കാര്യങ്ങള്‍ ഉണ്ട് . ഒന്ന് അതിലെ സ്ത്രീ സാന്നിധ്യം തന്നെ . കെ എ ബീനയും , സുജാതയും ഒഴിച്ച് എത്ര പേരുണ്ട് യാത്രാ വിവരണ രചനയിലെ സ്ത്രീ സാന്നിധ്യം ? ഇല്ല നമുക്ക് ഒരു കണക്കെടുപ്പില്‍ പകച്ചു നില്‍ക്കേണ്ടി വരും ഈ ശുഷ്ക സംഖ്യ കണ്ടു . ഇത്തരം ഒരു അവസ്ഥയില്‍ നമുക്ക് സന്തോഷം തരുന്ന ഒരു വായന ആണ് ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്ന പുസ്തകം. ശ്രീമതി സര്‍ഗ്ഗാ റോയുടെ "താഴ്വാരങ്ങളുടെ നാട്ടില്‍ " എന്ന കെനിയന്‍ ഡയറി വായിക്കുമ്പോള്‍ ഈ ചിന്ത വളരെ ശക്തമായി അനുഭവപ്പെടുകയും ചെയ്യുന്നു.

“Every travel is a blessed adventure.” “Every traveler has their unique observation of the place they have been.” ― Lailah Gifty Akita യുടെ വാചകങ്ങള്‍ കടമെടുത്തു കൊണ്ട് ഞാന്‍ ശ്രീമതി സര്ഗ്ഗയുടെ ഈ പുസ്തകത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു . മനോഹരമായ കവര്‍ ചിത്രം കൊണ്ടും ലേ ഔട്ട് കൊണ്ടും നല്ല നിലവാരം പുലര്‍ത്തുന്ന അച്ചടി ഹോറിസണ്‍ പബ്ലിക്കേഷന്‍ (horizon publication) ആണ് ചെയ്തിരിക്കുന്നത് . ഇതിനു അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരനായ ശ്രീ ആലങ്കോട് ലീലാകൃഷ്ണന്‍ ആണ് . വളരെ മനോഹരമായും , എഴുത്തിന്റെ ആത്മാവ് കണ്ടറിഞ്ഞും ഉള്ള ആ അവതാരികയിലെ ഒരു വാചകം ഈ ഗ്രന്ഥത്തിന്റെ എല്ലാ വായനയും ഉള്ളടക്കത്തെയും സമീപിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണ് . "രാമനെ കാട്ടിലേക്ക് പിന്തുടര്‍ന്ന മൈഥിലിയുടെ യാത്രയല്ലിത് ". അതെ അക്ഷരാര്‍ത്ഥത്തില്‍ അത് ശരിവയ്ക്കുന്ന എഴുത്ത് ആണ് ഈ പുസ്തകം എന്നതില്‍ നമുക്ക് സന്തോഷിക്കാം . “As a writer you must keep a tight rein on your subjective self—the traveler touched by new sights and sounds and smells—and keep an objective eye on the reader.”
― William Zinsserന്‍റെ ഈ വാക്കുകള്‍ മനസ്സില്‍ വച്ച് കൊണ്ട് തന്നെയാണ് ഈ പുസ്തകത്തെ പരിചയപ്പെടുത്തുന്നത് . കാരണം എഴുത്ത് ഒരു പ്രിയ സുഹൃത്തിനോട് പറയുന്ന രീതിയില്‍ ആണ് ഈ പുസ്തകത്തിന്റെ ആഖ്യാനശൈലി ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ . അതിലൂടെ യാത്രക്കാരി വായനക്കാരനെയും ഒപ്പം കൂട്ടി ഓരോന്നും തൊട്ടു കാണിക്കുന്ന ഒരു പ്രതീതി ഉളവാക്കുന്നു . ഇത് വായനയില്‍ ഒരു പുതിയ രീതിയാണോ എന്ന് ചോദിച്ചാല്‍ അല്ലായിരിക്കാം പക്ഷെ പുതുമ ഉള്ളൊരു ആഖ്യായന രീതിയാണ് ഇതെന്ന് കാണാം . ഈ യാത്രയിലുടനീളം നാം ഓരോ കാഴ്ചയും നേരില്‍ കാണുന്ന ഒരു അനുഭൂതി തരുന്നതും ഒരുപക്ഷെ ഈ ശൈലി ഉപയോഗിച്ചത് കൊണ്ടാകാം . കെനിയ എന്ന ഇരുണ്ട ഭൂഖണ്ഡം നമ്മെ നോക്കി കിടക്കുന്നത് നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു . ദാരിദ്ര്യവും , ബുദ്ധിമുട്ടുകളും , വികസനമില്ലായ്മയും ഒരു പോലെ നിറഞ്ഞു നില്‍ക്കുന്ന ആ ആദിമ ജന സമൂഹത്തിനു ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന എഴുത്തുകാരി ഓരോ സംഭവങ്ങളെയും ഒരു കുട്ടിയുടെ കൌതുകത്തോടെ നോക്കി കാണുന്നത് നമുക്ക് ദര്‍ശിക്കാന്‍ കഴിയും . വഴിയോരമുള്ള തൂക്കണാം കുരുവി കൂടുകളിലും , ഗോതമ്പ് പാടങ്ങളും , ഇവാസോ നൈരോ എന്ന നദിയുടെ കാഴ്ചയും , മഹാപ്രയാണം നടത്തുന്ന വൈല്‍ഡ് ബീസ്ടുകളും , ആഹാരത്തിനായി മാനിനെ എടുത്തു കൊണ്ട് പോകുന്ന കുരങ്ങും , ആനകളുടെ കളികളും കുസൃതികളും എല്ലാം തന്നെ നമ്മില്‍ കൌതുകവും ഒപ്പം ജിജ്ഞാസയും ഉണ്ടാക്കും എന്നതില്‍ തര്‍ക്കമില്ല തന്നെ .
ആഹാരത്തിനു വേണ്ടി അല്ലാതെ ഒരു മൃഗവും ഒരു ജീവിയെയും കൊല്ലുകയോ ആക്രമിക്കുകയോ ചെയ്യുന്നില്ല എന്ന കാഴ്ചയില്‍ നിന്ന് കൊണ്ട് നാം മൃഗം എന്ന് മനുഷ്യനെ വിശേഷിപ്പിക്കുന്നതിനെ ഒന്ന് കൂടി ആലോചിക്കണം എന്ന് വായന പഠിപ്പിക്കുന്നു . അത് പോലെ ഭൂമധ്യ രേഖയുടെ അപ്പുറവും ഇപ്പുറവും ഉള്ള വ്യെത്യാസങ്ങളെ മനസ്സിലാക്കുന്നതും , ഗ്രാമീണ ജീവിതത്തെ നോക്കി കാണുന്നതും അവരുടെ ഭക്ഷണം ആചാരങ്ങള്‍ എന്നിവയെ വിവരിക്കുന്നതും ഒക്കെ വളരെ ഹൃദ്യമായി അനുഭവപ്പെടുന്നു . ഇന്നും ഒരു തരത്തിലുള്ള മതങ്ങളോ ദൈവങ്ങളോ കടന്നു ചെന്നിട്ടില്ലാത്ത അവര്‍ മൃഗങ്ങളെ മലകള്‍ക്ക് താഴെ കൊണ്ട് പോയി ബലി കൊടുത്തു ആകാശത്തേക്ക് നോക്കി പേരറിയാ ദൈവത്തോട് പരാതി പറയുന്നതും , ആണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്ന സര്‍ക്കംസിഷന്‍ ചടങ്ങുകളും , സ്ത്രീകളുടെ അവകാശമായ കുടില്‍ നിര്‍മ്മാണവും , വിവാഹത്തിന്റെ ആചാരങ്ങളും , നിയമങ്ങളും , പൗരുഷത്തിന്റെ , സാഹസികതയുടെ തെളിവിനായുള്ള ടാന്‍സാനിയന്‍ യാത്രയുടെ വിശേഷങ്ങളും , തീയുണ്ടാക്കുന്നതും , രക്തപാനവും ഒക്കെ നമ്മെ പുതിയ ഒരു ലോകത്തെ കാണിച്ചു തരുന്നു .
സംപുരുവും , മസായി മാരയും ,നകുരുരുവും ഒക്കെ നമ്മെ ഈ വായന കഴിയുമ്പോഴും പിന്തുടരുന്നതായും ഒന്ന് അവിടെ പോകാന്‍ കഴിയുമോ എന്നൊരു ചിന്ത ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാക്കുകയും ചെയ്യും ഈ പുസ്തക വായന.
അധികം പറയാന്‍ ഉണ്ടെങ്കിലും അത് പുസ്തകത്തെ വായിച്ച പ്രതീതി തരും എന്നതിനാല്‍ ഞാന്‍ അത് നിങ്ങള്‍ സ്വയം ആസ്വദിക്കുന്നത് നന്നായിരിക്കും എന്ന ചിന്തയില്‍ ഇവിടെ പൂര്‍ണ്ണം ആക്കുന്നു .

Monday, October 26, 2015

പറയാതറിയാതെ

കരള്‍ വെന്തുരുകുമ്പോഴും പ്രിയേ
നിന്‍ കണ്ണെത്താ ദൂരം നില്‍ക്കുന്നു ഞാന്‍ .
വേദന കൊണ്ട് പുളയുമ്പോഴും നിന്നില്‍ 
വേദനയില്ലാതിരിക്കുവാനായിന്നു.
----------------ബി ജി എന്‍ വര്‍ക്കല

പുഴ മരിയ്ക്കുന്നു കടല് കാണാതെ


ഞാന്‍ വരണ്ടൊരു പുഴയെന്നാകില്‍
എങ്ങനെ നിന്‍ ചാരെയണയും കടലേ !
താനേ പൊഴിയും കനവുകളില്‍ നിന്‍
നീറും ലവണരസമൊന്നു നുകരാന്‍
അലച്ചു പെയ്യുമൊരു  കൊടുംമഴയ്ക്കോ
ഉറവപൊട്ടും ജലപാതയ്ക്കോയെത്ര- 
കാലം കാക്കണം മമജീവിതം വൃഥാ.
---------------------ബിജു ജി നാഥ്

Friday, October 23, 2015

അവന്‍ ഇപ്പോഴും ജീവിക്കുന്നത്രേ !


അവന്‍ ചോരയില്‍ മുക്കിയെഴുതി
ചായമില്ലാതെ ജീവിതം പക്ഷെ
അവനില്‍ നിന്നും അകന്നുപോയി 
ജീവിതമവന്‍ തന്നാത്മാവുമായെങ്ങോ.

ഭൂതകാലമവന്നു നല്‍കിയ വേദന
വര്‍ത്തമാനകാല വരികളാകുമ്പോള്‍
ഭാവിനഷ്ടമായ ദുഖത്താലവനിന്നു
വാക്കുകള്‍ നഷ്ടമാകുന്ന ദിനരാത്രങ്ങള്‍.

അറുത്തുമാറ്റുവാന്‍ കഴിയാത്ത കരള്‍
അടര്‍ന്നു തൂങ്ങുന്നു, നിദ്ര നഷ്ടമാകുന്നു.
കുത്തിനോവിക്കുന്നു സ്വയം ചോര
ചാലിട്ടൊഴുകുന്നത് കണ്ടാനന്ദിക്കുന്നു.

മരണം മനോഹരം മന്ദഹാസത്താല്‍
മനം കവരും സുന്ദരാകാരം പൂകുന്നു .
വാക്കു നോക്കി പാത്തിരിക്കുന്നവന്‍
വാക്കുരിയാടാതെ പോകുവാനായിന്നു .!
----------------------ബിജു ജി നാഥ്

 

Thursday, October 22, 2015

സനാതനം


മ്ലേച്ചമല്ലൊരുപസ്ഥവും 
ധനം പേറുന്നില്ലയിത്തവും 
പന്തിഭോജ്യവും പരിണയവും
അധികാരത്തിനവകാശവും 
തൊഴിലുമെത്തുമ്പോള്‍
വന്നിടുന്നു ചാതുര്‍വര്‍ണ്ണ്യവും .
-------------ബിജു ജി നാഥ്

യേശു മഴ പുതയ്ക്കുന്നു ...... സജിനി എസ് ന്റെ കഥാ സമാഹാരം


വായനയുടെ പുത്തന്‍ അനുഭവം ആണ് 'ശ്രീമതി സജിനി എസ്സി'ന്റെ "യേശു മഴ പുതയ്ക്കുന്നു" എന്ന കഥാ സമാഹാരം . ശ്രീ സജിനിയുടെ മൂന്നാമത്തെ കഥാ സമാഹാരം ആണിത് എന്ന് അവതാരികയില്‍ ശ്രീ ഇ ഹരികുമാര്‍ പറയുന്നതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു . പതിനാലു കഥകളുടെ ഈ സമാഹാരത്തില്‍ ഇറങ്ങി മുങ്ങി നിവരുമ്പോള്‍ കഥകളുടെ സാമ്രാജ്യത്തില്‍ ഒരു ഇരിപ്പിടം നേടിയ ഒരു എഴുത്തുകാരിയുടെ തലയെടുപ്പ് മനസ്സില്‍ ഉണര്‍ത്തുന്നു വായനകള്‍ .
വായനയിലേക്ക് കടക്കും മുന്നേ എഴുത്തുകാരി പറയുന്ന വാചകം ആണ് ആദ്യം എന്നെ സ്പര്‍ശിച്ചത് . "ഈ കഥകളൊക്കെ സംഭവിച്ചു പോയതാണ് . എനിക്കറിയില്ല എങ്ങനെ എഴുതി എന്ന് . ജീവിതവും ഇങ്ങനൊക്കെ തന്നെയാണല്ലോ സംഭവിക്കുന്നത്‌ "
സംഭവിച്ചു പോയ ആ കഥകളിലേക്ക് ഒന്ന് കണ്ണോടിക്കാം നമുക്ക് .
ഒന്നാമത്തെ കഥ ജ്ഞാനസ്നാനം . ഈ കഥ നമ്മോടു പറയുന്നത് രണ്ടു തലം ആണ് . വഴിവക്കില്‍ വച്ച് ഒരു പേപ്പട്ടി കടിച്ചു എന്നു പറഞ്ഞു കടന്നു വരുന്ന മകളോട് അമ്മ ഡെറ്റോള്‍ ഒഴിച്ച് നന്നായി ഒന്ന് കുളിച്ചാല്‍ മതിയെന്ന് പറയുന്ന ഒരു കവിതാ ശകലം ഞാന്‍ ഒരിക്കല്‍ എഴുതിയിരുന്നു . ആ രീതിയില്‍ ശാലിനിയെ രൂപപ്പെടുത്താന്‍ ശ്യാമള ചേച്ചി ശ്രമിക്കുന്നിടത്തു ആ കഥയെ വിട്ടു പോകാമായിരുന്നു . എങ്കില്‍ ആ കുട്ടിയില്‍ ഉണ്ടാവുക ആ സംഭവത്തെ ലാഘവത്വത്തോടെ കാണാനും ജീവിതത്തെ അഭിമുഖീകരിക്കാനും കഴിയുന്ന ഒരു തലം ആയിരുന്നു അത് . പക്ഷെ കഥാകാരി നമ്മെ കൂട്ടി കൊണ്ട് പോയത് കുട്ടിയമ്മയിലെ തന്റേടിയായ സ്ത്രീയിലേക്ക് ആണ് . പുരുഷനെ വെല്ലു വിളിക്കുന്നതും സമത്വം കാണിക്കുന്നതും അവനെ പോലെ നിന്നുകൊണ്ട് മുള്ളുന്നതിലും മരം കേറുന്നതിലും തെറി വിളിക്കുന്നതിലും മറ്റും ആണെന്ന ഒരു ധാരണ പൊതുവേ നാം ധരിച്ചു വച്ചിരിക്കുന്ന ഒരു വസ്തുത ആണ് . ശ്യാമള ചേച്ചി കുട്ടിയുടെ മനസ്സിനെ കൂട്ടിക്കൊണ്ടു പോകുന്നതും അത്തരം ഒരു ബിംബത്തെ കാണിച്ചു കൊടുത്ത് കൊണ്ട് ആണ് . ഇവിടെ കുട്ടി പരകായ പ്രവേശം ചെയ്യുന്നത് കുട്ടിയമ്മയിലെ നിഷേധിയായ സ്ത്രീയിലേക്ക് അല്ല പകരം കുട്ടിയമ്മയിലെ ലൈംഗിക പ്രതികരണങ്ങളിലേക്ക് ആണ് . ആധുനികതയുടെ അതിപ്രസരണങ്ങളില്‍ ലഭ്യമായ സാഹചര്യങ്ങളില്‍ കൂടി അവള്‍ കടന്നൂ പോകുന്നതും ആ ഒരു ലോകത്തേക്ക് ആണ് . ഒടുവില്‍ അസംതൃപ്തമായ മനസ്സ് കുട്ടിയമ്മയ്ക്കൊപ്പം കയറാന്‍ ഒരു മരം തേടുന്നത് ആ കുട്ടിയില്‍ ആ ബിംബം ചെലുത്തിയ തെറ്റായ ധാരണകള്‍ക്ക് ഉദാഹരണമാണ് .ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത ഇന്നേറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ഒരു കാലഘട്ടം എന്നതിനാല്‍ തന്നെ ഈ കഥ നമുക്ക് ആ ന്യൂനതകളെയും , തെറ്റായ ദിശകളിലേക്ക് കൈ പിടിച്ചു നടത്തിയാല്‍ സംഭവിക്കാവുന്ന വിഷയങ്ങളിലെയ്ക്കും നമ്മെ നടത്തും എന്നത് ഉറപ്പ് .
രണ്ടാമത്തെ കഥ ആയ പാഠഭേദം നമ്മില്‍ രാധ എന്ന തൊഴിലുറപ്പ് സ്ത്രീയുടെ ഒരു കാഴ്ചയിലൂടെ കുറെ ദൂരം നടത്തിക്കുന്നുണ്ട് . അവള്‍ കാണുന്ന തലയോട്ടി , അതിനെ ചുറ്റിപ്പറ്റി ഉള്ള അഴുക്കുകളുടെ വിവരണം എന്നിവയില്‍ കൂടി ആ തലയോട്ടിയുടെ ചരിത്രം നമ്മോടു സംസാരിക്കുന്നു മൂകമായി . തീര്‍ച്ചയായും രാധ അതില്‍ കാണുന്നത് അല്ലെങ്കില്‍ രാധയിലൂടെ കാട്ടുന്നത് ആ തലയോട് ഒരു സ്ത്രീയുടേതു ആണെന്ന ബോധം തന്നെയാണ് . ആ തലയുടെ നഗ്നഉടലിനെ തേടി രാധ അലയുമ്പോള്‍ അവളില്‍ നിറയുന്നതും ആ തലയോട്ടി കടന്നു പോയേക്കാവുന്ന സാഹചര്യങ്ങളില്‍ കൂടിയാണെന്ന് തോന്നിപ്പിക്കുന്നുണ്ടു . സഹോദരന്റെ സുഹൃത്തിന്റെ ലൈംഗിക ആക്രമണവും , പൊതു ജന സമൂഹത്തിലെ വിഷയ സമീപന രീതികളെയും നന്നായി പറഞ്ഞു പിടിപ്പിക്കുന്നുണ്ട് കഥാകാരി ഇവിടെ . ഒടുവില്‍ രാധ ആ തലയോട്ടിയിലേക്ക് പരകായപ്രവേശം ചെയ്യുന്ന തലത്തിലേക്ക് ചെന്നെത്തുമ്പോള്‍ ഇവിടെ കണ്ടത് രാധയുടെ തന്നെ തലയോട്ടി അല്ലേ എന്ന് സംശയിച്ചു പോകുന്നതില്‍ കുഴപ്പമില്ല എന്ന് കരുതുന്നു . ഒരു പക്ഷെ എഴുത്തുകാരിയുടെ മാസ്മരികത അതാകാം നമ്മെ കൊണ്ട് ചെയ്യിക്കാന്‍ ശ്രമിച്ചതും .
ഭിന്ന സംഖ്യകള്‍ എന്ന കഥയില്‍ കല്‍ക്കട്ടയെയും കേരളത്തെയും ഒരേ ഫ്രെയിമില്‍ കൊണ്ട് വരുന്നുണ്ട് . മാതൃത്വഭാവമാണ് ഓരോ നിഴലിലും എഴുത്തുകാരി ഉപയോഗിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ എല്ലാ കഥകളിലും മുലകള്‍ക്ക് പാല്‍മണം നിറഞ്ഞിരിക്കുന്നു . ഇവിടെ കൊച്ചമ്മിണിയും പത്രത്താളുകളില്‍ ഇറച്ചി തുണ്ടുകളുടെ എണ്ണം എടുക്കുന്ന അവസാനകാലങ്ങള്‍ പോലും ഇതില്‍ നിന്നും ഭിന്നമാകുന്നില്ല എന്നത് വായനക്കാരെ സന്തോഷിപ്പിക്കുമോ അതോ ചിന്തിപ്പിക്കുമോ എന്നത് ഒരു ചോദ്യചിഹ്നം തന്നെയല്ലേ എന്ന് വായന തോന്നിപ്പിച്ചു .
ഇതില്‍ ഉള്ള എല്ലാ കഥകളും ഒന്നിനോടൊന്നു വേറിട്ട്‌ നില്‍ക്കുകയാണ് . ഓരോന്നും എടുത്തു പറഞ്ഞാല്‍ വായനക്കാര്‍ക്ക് അസ്വാരസ്യം നേരിടുമോ എന്ന് ഭയക്കുന്നു ഞാന്‍ . എങ്കില്‍ കൂടിയും സ്ത്രീ എന്ന തലത്തില്‍ നിന്നുകൊണ്ട് വായിക്കപ്പെടേണ്ട കൃതിയല്ല ഇതെന്ന് നിസ്സംശയം പറയാം കാരണം ഇതിലെ എഴുത്തിന്റെ ശക്തിയും വിഷയ അവതരണ ശൈലിയും തുറന്നെഴുത്തിന്റെ വിശാലതയും ഈ എഴുത്തുകാരിയുടെ സാന്നിദ്ധ്യം മറ്റുള്ളവര്‍ക്ക് പിന്നില്‍ അല്ല മുന്‍ നിരയില്‍ തന്നെയാണ് എന്ന് ദ്യോതിപ്പിക്കുന്നുണ്ട് . യേശു മഴ പുതയ്ക്കുന്നു എന്ന കഥയില്‍ പുഴയെ സ്നേഹിച്ച പുഴയ്ക്കു വേണ്ടി ജീവിച്ചു ഒടുവില്‍ തന്റെ സ്ത്രീത്വം വാര്‍ധക്യത്തിലും സുരക്ഷിതമല്ല എന്ന അറിവില്‍ ആ പുഴയില്‍ തന്നെ ഒടുങ്ങുകയും ചെയ്യുന്നത് വളരെ ഹൃദയഹാരിയായി അനുഭവപ്പെട്ട ഒരു വായന ആയിരുന്നു . വിലക്കപ്പെട്ട കുഞ്ഞിന്റെ ശൈശവതയെ അവതരിപ്പിച്ച രീതി മനസ്സില്‍ നോവ്‌ പടര്തിയെന്നത് തുറന്നു പറയാതെ വയ്യ .ഇറച്ചി എന്ന് പേരിട്ട ആ കഥ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു . രതിയുടെയും പകയുടെയും സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും എന്ന് വേണ്ട ജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും ഇതില്‍ അവതരിപ്പിക്കുവാനും ഓരോ കഥയും ഒന്നിനൊന്നു വ്യത്യസപ്പെടുത്താനും കഴിഞ്ഞു ഈ എഴുത്തുകാരിക്ക് . തീര്‍ച്ചയായും ഇതൊരു നല്ല വായന നിങ്ങള്‍ക്കും നല്കുമെന്ന വിശ്വാസത്തോടെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു . സസ്നേഹം ബി ജി എന്‍ വര്‍ക്കല

Wednesday, October 21, 2015

ഒരിക്കലും നീയെന്നെ പ്രണയിച്ചിരുന്നില്ലല്ലോ..!


പ്രണയത്തിന്റെ ആദ്യപാതിയില്‍
നീയൊരു കന്യകയായിരുന്നു.
നിന്നില്‍ സ്നേഹവും കൗതുകവും,
മധുര വചനങ്ങളും നിറഞ്ഞിരുന്നു .
ഞാനോ, നിന്നില്‍ പ്രണയം തിരയുകയായിരുന്നല്ലോ

പ്രണയത്തിന്റെ രണ്ടാം പാതിയില്‍
നീ കാമുകനാല്‍ ഗര്‍ഭിണിയും,
ഭര്‍ത്താവിന്‍ സ്നേഹരാഹിത്യത്താല്‍
പരിക്ഷീണയായോരാളായിരുന്നു .
ഞാനോ, നിന്നെ രക്ഷിയ്ക്കുകയായിരുന്നു .

പ്രണയത്തിന്റെ മൂന്നാം പാതിയില്‍
നമ്മളകലങ്ങളിലായിരുന്നു.
ഭര്‍ത്താവിനും കാമുകനുമിടയില്‍
നീയൊരു പാത തിരയുകയായിരുന്നു.
ഞാനോ, നിനക്ക് മംഗളങ്ങള്‍ നേരുകയായിരുന്നു .

പ്രണയത്തിന്റെയീ അവസാന പാതിയില്‍
നിന്നില്‍ നിന്നും പറിച്ചു കളഞ്ഞോരാ
കുഞ്ഞിന്‍ മുഖമെന്നെ നോവിയ്ക്കുമ്പോള്‍ ,
ഞാനോര്‍ക്കുന്നുണ്ടേറെ വേദനയാല്‍ .
ഒരിക്കലും നീയെന്നെ പ്രണയിച്ചിരുന്നില്ലല്ലോ..!
-----------------------------ബിജു ജി നാഥ്


Sunday, October 18, 2015

തിരുമുറിവുകൾ


വിടരാൻ മടിയോടെ മുകുളങ്ങൾ
ഗർഭപാത്ര ഭിത്തിയിൽ
തലതല്ലിക്കരയുന്നൂ .
ജീവനെടുക്കെന്നലറിക്കരയുന്നു
പെണ്ണായി പിറക്കാൻ
ഒരു നാടു തേടുന്നു.
ചിരിക്കുന്നു ദില്ലി
ചിരിക്കുന്നു കേരളം
പിടയുന്ന പൂവുടൽ നക്കി
തുടയ്ക്കുന്നു ചുണ്ടുകൾ .
അറിവാളികൾ കുരയ്ക്കാൻ മറക്കുന്നു
എഴുത്താളികൾ പ്രണയപ്പനിയിൽ ഉറങ്ങുന്നു.
മത രാഷ്ട്രീയങ്ങൾ മാംസത്തിൽ പുളയ്ക്കുന്നു.
തപിക്കുന്നു മാതൃഹൃദയങ്ങൾ
പിടയുന്നടിവയറുകൾ
കേഴുന്നു മാപ്പു നൽകാൻ
പെണ്ണുടലുകൾക്കു ജന്മമേകില്ലിനിയുമെന്നു
കാൽ പിടിച്ചു തേങ്ങുന്നു.
--------------------------------ബിജു.ജി.നാഥ്.
( ലജ്ജ തോന്നുന്നു കുഞ്ഞുങ്ങളെ, നിങ്ങളെ രക്ഷിക്കൂവാനാകാതെ പോകുന്നതിൽ)

കണ്ണനെ തേടുന്ന രാധ


ഞാന്‍ രാധ...!
ഗണികാലയത്തിന്റെ ചുവന്നയിരുട്ടില്‍
ദിനവും തിരയുന്നു ഞാന്‍
ഘനശ്യാമവര്‍ണ്ണനെ.

ഓരോ മുഖങ്ങളിലും
ഓരോ കരപരിലാളനങ്ങളിലും
ഓരോരോ ചുംബനങ്ങളിലും
ഞാന്‍ തിരയുകയാണെന്റെ കണ്ണനെ.

ആര്‍ത്തിയോടെന്നെ പുല്‍കുന്ന
കറുത്തിരുണ്ട കരങ്ങളില്‍ ,
ദാഹത്തോടെന്‍ മുലകള്‍ തിരയുന്ന
തടിച്ചുരുണ്ട അധരങ്ങളില്‍ ,
ഊഷ്മാവുയരുന്ന വിയര്‍പ്പുനാറ്റങ്ങളില്‍
ശ്യാമവര്‍ണ്ണന്റെ പീലിത്തിരുമുടി
തേടി ഞാന്‍ യാത്രചെയ്യുന്നു .

തുടകളില്‍ പൊള്ളിയണയുന്ന
ബീഡിത്തുണ്ടുകള്‍ നല്‍കുമാനന്ദവും,
പാന്‍മണം നിറയും ചുംബനപ്പൂവുകളും
മദ്യം മണക്കുന്ന
തേവിടിശ്ശി സ്വരങ്ങളിലും
കണ്ണാ നിന്നെയറിയുന്നു ഞാന്‍ .

നഷ്‌ടമായ വേണു തേടി
നീ യാത്ര ചെയ്യവേ
ഉള്‍പ്പുളകമോടരക്കെട്ടുയര്‍ത്തി ഞാന്‍
കരയുന്നു
കണ്ണാ നിന്‍ നൈവേദ്യം ഏറ്റുവാങ്ങുന്നു .
എന്റെ ജന്മം ധന്യമാക്കൂ
നിന്‍ പാദാരവിന്ദങ്ങളില്‍
മരിച്ചു വീഴട്ടെ ഞാന്‍ .
----------ബിജു ജി നാഥ്

Friday, October 16, 2015

മഴയില്‍ നനയാത്ത മിഴികളുമായൊരാള്‍


മഞ്ഞും മഴയുമില്ലാത്ത
വരണ്ട സമതലത്തില്‍ നിന്നും
പേടമാന്‍ മിഴികളുടെ
കുതൂഹലതയിലേക്ക് നോക്കി ഞാന്‍.

അജ്ഞാതമേതോ ശീതക്കാറ്റിന്‍
നിലാവില്‍ അലിഞ്ഞു
ഇരുളിന്റെ ഗുഹയിലേയ്ക്കകലും
പായ്ക്കപ്പലിനു കൈ കാട്ടുന്നു നീ .

നമുക്കിടയില്‍ വാക്കുകള്‍ മൂകമാകുന്നു .
നിന്റെ മുടിയിഴകള്‍ തഴുകി
ഇളം കാറ്റു മൂളുന്നൊരീരടികളില്‍
ദുഃഖത്തിന്റെ വയലിന്‍ നാദം മുഴങ്ങുന്നു .

എന്റെയന്തരാളങ്ങളില്‍ എവിടെയോ
ഒരു തേങ്ങല്‍ ചിറകടിച്ചു പൊങ്ങുന്നു .
ശക്തമായ വേദനയാല്‍
ഞാന്‍ കുഴഞ്ഞുതുടങ്ങുന്ന പോല്‍ .

ഉമ്മകളുടെ ദളങ്ങള്‍ കൊണ്ട്
നിന്റെ മേനിയില്‍ ഞാനൊരാട തീര്‍ക്കുന്നു..
നീയോ, അപരിചിതത്വത്തിന്റെ
ശിരോകവചമണിഞ്ഞു രാത്രിയിലേക്ക് നടന്നു തുടങ്ങുന്നു .
----------------------------ബിജു ജി നാഥ്

Thursday, October 15, 2015

രക്ഷകന്‍

ശാന്തം, നിര്‍മ്മലമീ മയക്കം പൂണ്ട
ശാരദ നിലാവേ നീയെന്റെ ചാരത്ത്.
അമ്മതന്‍ മാറില്‍ ഭയലേശമന്യേ
പൈതലുറങ്ങുന്ന ഭാവമാണീ മുഖം !

സാഗരമിളകിയൊന്നാകെ വന്നാലും
ആകാശ മേലാപ്പ് താഴേക്ക് വീഴ്കിലും
ആവില്ല തെല്ലുമുലയ്ക്കുവാനരികിലായ്
തണലായി എന്‍ കരമുണ്ടെന്നറിയുന്നു. 

വേപഥുവില്ലാതെ മിഴിപൂട്ടിയീ ലോക
മെല്ലാം മറന്നൊന്നുറങ്ങുവാന്‍ നിനക്കീ
മാറിന്‍ ചൂടോളമില്ലൊന്നും ഇഹപര-
ലോകങ്ങളില്‍ കവചമെന്നറിയുന്നൂ .

ഒടുവിലെന്‍ കരം പിടിച്ചകലുവാനായ് 
നിര്‍ഭയം വന്നിടും മരണമെന്നാകിലും
ഇല്ല, വരുവാന്‍ കഴിയില്ലീയഭയത്തിന്‍
ചിത്രജാലകം തുറന്നൊരിക്കലുമീ ഞാന്‍ .

നീയെന്റെ ജീവന്റെ ആദ്യകിരണവും
നീയെന്റെ ജീവന്റെ അന്ത്യനാളവുമാകെ
നിന്നെ മറന്നില്ല യാത്രയൊരിക്കലും
നീയില്ലാതെന്നുടെ ചിതയുമണയില്ല.
-------------------------------ബി ജി എന്‍
("സംസ്കാരം കവിതകള്‍" എന്നാസമാഹാരത്തില്‍ പബ്ലീഷ് ചെയ്തു . 2015 ഏപ്രില്‍ - മേയ് തിരുവനന്തപുരത്ത് നിന്നും സംസ്കാര കലാ സാഹിത്യ വേദി പുറത്തിറക്കിയത് )

Wednesday, October 14, 2015

പറയാമിനിയവ വെറുതെ....


എൻ  വിരൽ പിടിച്ചിന്നു പുറകോട്ടു പോകുവാൻ
എന്തുമോഹം നിനക്കെന്നറിവൂ ഞാനും .
ഇന്നു നാം ഒന്നായി പിന്നോട്ട് പോകുമ്പോൾ
കണ്ടീടുമോ നാം കൊതിക്കും നിനവുകൾ ?

പുഴയൊന്നു കാണണം
പുളിനത്തിലിരിക്കണം
പുഴമീനുകളോട് കിന്നാരം പറയണം .
വയലൊന്നു കാണണം
ഇളം കാറ്റിൽ മയങ്ങണം
നെൻമണിക്കുലകളെ ഉമ്മവച്ചീടണം.

ചെളിയിൽ ചവിട്ടി തെന്നിനടക്കണം
തോട്ടുവെള്ളത്തിൽ പരൽമീനെ കാണണം .
കുന്നൊന്നു കയറണം
കശുമാങ്ങ തിന്നണം
പച്ചമാങ്ങ പിന്നെ പിഞ്ചു പുളിയും വേണം .
കൈതപ്പൂ മണക്കണം
കുയിലൊത്തു കൂകണം
കുരുവിതൻ കൂട്ടിലെ മുട്ടയും എണ്ണണം.

അരുത് ഞാനില്ല , നിന്നൊപ്പമിന്നു
കനവിൽ മാത്രമല്ലോയീ കാഴ്ചകൾ.
തരുവാൻ, അതില്ലിനി ഓർമ്മകൾ അല്ലാതെ .
പറയാം നമുക്കിനി ഓർമ്മയിൽ നിന്നവ.
------------------------------------ബിജു ജി നാഥ് 

Sunday, October 11, 2015

ഉദയാസ്തമയങ്ങള്‍


ഒരു നാള്‍ വരും
ജീവിതത്തിന്റെ വസന്തങ്ങള്‍ നഷ്ടമായ 
ഇരുണ്ട ഒരു കാലം വരും .
നീയും ഞാനും
ആസക്തികള്‍ ഇല്ലാതെ
വരണ്ടു ച്ചുളിഞ്ഞിരിക്കും അന്ന് .
നിന്റെ അഴുക്കു പുരണ്ട നഖങ്ങള്‍ ,
നിന്റെ കൊഴിഞ്ഞു പോയ മുടിയിഴകള്‍,
അയഞ്ഞു പോയ നിന്റെ മുലകള്‍ ,
നഷ്ടമായ പല്ലുകള്‍ ,
മങ്ങിയ കാഴ്ചകളില്‍ നിന്നുകൊണ്ട്
നമ്മള്‍ കാണും .
വിറയ്ക്കുന്ന കരങ്ങള്‍
പരസ്പരം എന്തോ ഉറപ്പിക്കാന്‍ വേണ്ടിയെന്നോണം
നാം മുറുകെ മുറുകെ പിടിക്കും .
അന്നും
എന്റെ ചുണ്ടുകള്‍ ദാഹിക്കുക
നിന്റെ മുലകളില്‍ നിന്നും ഒരുതുള്ളി സ്നേഹമാകും .
നിന്റെ മടിയില്‍ ഒരു കുഞ്ഞായമരാന്‍
ആസക്തികള്‍ ഇല്ലാതെ
നീയെന്നെ ചേര്‍ത്തു പിടിക്കുന്ന നിമിഷം .
നാം അവിടെ അവസാനിക്കുമെങ്കില്‍ ...!
--------------------------ബിജു ജി നാഥ്

Saturday, October 10, 2015

ദിവാസ്വപ്നം


ഒറ്റപ്പെട്ടൊരു ദ്വീപാകണം നമുക്ക് ..!
സ്നേഹത്തിന്റെ താഴ്വരകളിൽ മഞ്ഞു പുതച്ചും
പ്രണയത്തിന്റെ കൊടുമുടികളിൽ നിലാവണിഞ്ഞും
പരിലസിക്കുന്ന രണ്ടിണക്കിളികൾ .
ഉമ്മകളുടെ ശലഭമാകണം നിന്നിലെനിക്ക് .
ഉത്തുംഗതകളിൽ നിന്നും അഗാധനീലിമയിലേയ്ക്ക്
തല്ലിയലച്ച് വീണൊടുങ്ങുവാൻ
നിന്റെ സ്മരണകൾ വേണം .
നമ്മെ പൊതിയുന്ന കാറ്റിനു നാണം വരേണം .
നമുക്കായ് ശൈത്യം വഴിമാറണം .
ഗ്രീഷ്മത്തിന്റെ പൊള്ളിച്ചയിൽ
മണ്ണ് കരയണം
പെയ്യാനൊരുങ്ങി നിൽക്കുന്ന വർഷത്തെ
ഒന്നായി നനയണം നമുക്ക് .
-----------------------------ബിജു ജി നാഥ്

എനിക്കൊരു .......


എനിക്കൊരു വരി തരൂ
എനിക്കൊരു വാക്ക് തരൂ
എന്റെ ശ്വാസം നിലയ്ക്കും വരെ
എന്റെ കവിതയായി വരൂ .

എനിക്കൊരു വിരല്‍ തരൂ
എനിക്കൊരു ചിരി തരൂ
എന്റെ വിശപ്പിന്‍ ചിതയണയ്ക്കാന്‍
എന്റെ ചാരത്തൊന്നിരിക്കൂ .

എനിക്കൊരു തണല്‍ തരൂ
എനിക്കൊരു മടിത്തട്ട് തരൂ
എന്റെ കണ്ണുകള്‍ അടയുമ്പോള്‍
എന്റെ ചുണ്ടിലൊരു മുത്തമാകൂ .
----------------ബിജു ജി നാഥ്

Monday, October 5, 2015

നവോത്ഥാനം വരുന്ന വഴികള്‍..!


ഉദിച്ചു മഞ്ഞ വെളിച്ചം മണ്ണില്‍
പിറന്നു മാനവ നന്മയ്ക്കായ് ഭഗവാന്‍
നമ്പൂരിയും നായാടിയും കൈകോര്‍ത്തു
ഒന്നായി നിന്നൊരു മന്ത്രമോതി
നാണുവല്ലീശ്വരന്‍ ഞങ്ങള്‍ക്ക്
നാടിതില്‍ ജീവിക്കുവാനിന്നു .
താതനും പുത്രനുമമ്മയും പിന്നെ
വീട്ടിലെ പട്ടിയും ചേര്‍ന്നു ഭരിക്കുമ്പോള്‍
നേടും മതേതരമൈക്യം സുഖം
നമ്മള്‍ ചേര്‍ന്നു നിന്നാല്‍ പിന്നെ
ഇല്ല മണ്ണില്‍ ചാതുര്‍വര്‍ണ്യം പോലും .
നാരായണന്‍ വേണ്ട ഞങ്ങള്‍ക്കിനി
കള്ളുമോലാളി ആണിനി ദൈവമുലകില്‍ .
--------------------------ബിജു ജി നാഥ്
(ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരും ആയ ആരുമായും ഇതിനു ബന്ധമില്ല . അങ്ങനെ വായിക്കപ്പെട്ടാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം . )

Sunday, October 4, 2015

പറയാതെ വിരുന്നു വരുന്നവര്‍

കൗതുകകണ്ണാല്‍ അളന്നിട്ടു നീയെന്‍
കാമനകള്‍ മൂടിപ്പൊതിഞ്ഞൊരു നേരം.
കാമിനീ നിന്നുടെ ചികുരമഴിഞ്ഞിട്ടോ
കാര്‍ മൂടി നില്‍ക്കുന്നീ സന്ധ്യയിന്നു ..!
-----------------------ബി ജി എന്‍ വര്‍ക്കല

Saturday, October 3, 2015

ഓര്‍മ്മ പുസ്തകം

നീയടര്‍ത്തി എടുക്കും ഓരോ മുള്ളുകളും
അടച്ചു വച്ചോരെന്‍ വേദനകള്‍ തന്‍
മുഖപ്പുകളാണെന്നു തിരിച്ചറിയാന്‍ കുതിച്ചു
ചാടും ചോരച്ചാലിന്‍ പശിമ മതിയായിടുമോ !
-----------------------------ബിജു ജി നാഥ്

ജന്മപുണ്യം


സ്നേഹിയ്‌ക്കയരുതാരെയുമീ മണ്ണിൽ
മോഹിയ്ക്ക വേണ്ടൊന്നും ഒരിക്കലും .
ഭാവിയ്ക്ക യരുതെന്നാലിതൊന്നുമേ.
നല്കീടുകെന്നും കണ്‍നിറയെ യെന്നാൽ
വന്നു ഭവിച്ചീടും നിനക്കാത്മ ശാന്തി !
----------------------------ബിജു ജി നാഥ്

Thursday, October 1, 2015

സാഫല്യം


പ്രണയത്തിന്റെ അദൃശ്യ വിരലാൽ
നീ തൊട്ടതെന്റെ ഉൾത്തടത്തിൽ!
പിന്നെ വേലിയേറ്റമായിരുന്നു.
നീയാം കരയെ പുണർന്നു,
പടർന്നു
എന്നിലേയ്ക്കാവാഹിക്കാൻ
ത്വരമൂത്ത പടയോട്ടം .
കുതിച്ചും കിതച്ചും
നിന്നരികിലെത്തുവാൻ .
ഒടുവിൽ
നിന്നിലെത്താനാവാതെ
കാലദശാസന്ധിയിൽ
ദിശതെറ്റിയ മഴുവേറ്റ്
ഞാൻ അവസാനിക്കുമ്പോൾ
എന്നിൽ പടരുന്ന പൂക്കളത്തിൽ
നീ വയ്ക്കണം
ഒരു വെളുത്ത പനിനീർ പൂവ് .
അതിലൂടെ നിന്റെമുലച്ചുണ്ടിൻ
ചെറുചൂടു ഞാനറിയും .
അതിലൂടെ
നിന്റെ ഹൃദയത്തിലേയ്ക്ക്
ഞാനലിയും .
-------------ബിജു ജി നാഥ്