Thursday, October 15, 2015

രക്ഷകന്‍

ശാന്തം, നിര്‍മ്മലമീ മയക്കം പൂണ്ട
ശാരദ നിലാവേ നീയെന്റെ ചാരത്ത്.
അമ്മതന്‍ മാറില്‍ ഭയലേശമന്യേ
പൈതലുറങ്ങുന്ന ഭാവമാണീ മുഖം !

സാഗരമിളകിയൊന്നാകെ വന്നാലും
ആകാശ മേലാപ്പ് താഴേക്ക് വീഴ്കിലും
ആവില്ല തെല്ലുമുലയ്ക്കുവാനരികിലായ്
തണലായി എന്‍ കരമുണ്ടെന്നറിയുന്നു. 

വേപഥുവില്ലാതെ മിഴിപൂട്ടിയീ ലോക
മെല്ലാം മറന്നൊന്നുറങ്ങുവാന്‍ നിനക്കീ
മാറിന്‍ ചൂടോളമില്ലൊന്നും ഇഹപര-
ലോകങ്ങളില്‍ കവചമെന്നറിയുന്നൂ .

ഒടുവിലെന്‍ കരം പിടിച്ചകലുവാനായ് 
നിര്‍ഭയം വന്നിടും മരണമെന്നാകിലും
ഇല്ല, വരുവാന്‍ കഴിയില്ലീയഭയത്തിന്‍
ചിത്രജാലകം തുറന്നൊരിക്കലുമീ ഞാന്‍ .

നീയെന്റെ ജീവന്റെ ആദ്യകിരണവും
നീയെന്റെ ജീവന്റെ അന്ത്യനാളവുമാകെ
നിന്നെ മറന്നില്ല യാത്രയൊരിക്കലും
നീയില്ലാതെന്നുടെ ചിതയുമണയില്ല.
-------------------------------ബി ജി എന്‍
("സംസ്കാരം കവിതകള്‍" എന്നാസമാഹാരത്തില്‍ പബ്ലീഷ് ചെയ്തു . 2015 ഏപ്രില്‍ - മേയ് തിരുവനന്തപുരത്ത് നിന്നും സംസ്കാര കലാ സാഹിത്യ വേദി പുറത്തിറക്കിയത് )

No comments:

Post a Comment