Tuesday, October 27, 2015

താഴ്വാരങ്ങളുടെ നാട്ടില്‍ .... സര്‍ഗ്ഗ റോയ്

യാത്രാ വിവരണ ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ഇന്ന് വരെ ഉണ്ടായവ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ചില കാര്യങ്ങള്‍ ഉണ്ട് . ഒന്ന് അതിലെ സ്ത്രീ സാന്നിധ്യം തന്നെ . കെ എ ബീനയും , സുജാതയും ഒഴിച്ച് എത്ര പേരുണ്ട് യാത്രാ വിവരണ രചനയിലെ സ്ത്രീ സാന്നിധ്യം ? ഇല്ല നമുക്ക് ഒരു കണക്കെടുപ്പില്‍ പകച്ചു നില്‍ക്കേണ്ടി വരും ഈ ശുഷ്ക സംഖ്യ കണ്ടു . ഇത്തരം ഒരു അവസ്ഥയില്‍ നമുക്ക് സന്തോഷം തരുന്ന ഒരു വായന ആണ് ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്ന പുസ്തകം. ശ്രീമതി സര്‍ഗ്ഗാ റോയുടെ "താഴ്വാരങ്ങളുടെ നാട്ടില്‍ " എന്ന കെനിയന്‍ ഡയറി വായിക്കുമ്പോള്‍ ഈ ചിന്ത വളരെ ശക്തമായി അനുഭവപ്പെടുകയും ചെയ്യുന്നു.

“Every travel is a blessed adventure.” “Every traveler has their unique observation of the place they have been.” ― Lailah Gifty Akita യുടെ വാചകങ്ങള്‍ കടമെടുത്തു കൊണ്ട് ഞാന്‍ ശ്രീമതി സര്ഗ്ഗയുടെ ഈ പുസ്തകത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു . മനോഹരമായ കവര്‍ ചിത്രം കൊണ്ടും ലേ ഔട്ട് കൊണ്ടും നല്ല നിലവാരം പുലര്‍ത്തുന്ന അച്ചടി ഹോറിസണ്‍ പബ്ലിക്കേഷന്‍ (horizon publication) ആണ് ചെയ്തിരിക്കുന്നത് . ഇതിനു അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരനായ ശ്രീ ആലങ്കോട് ലീലാകൃഷ്ണന്‍ ആണ് . വളരെ മനോഹരമായും , എഴുത്തിന്റെ ആത്മാവ് കണ്ടറിഞ്ഞും ഉള്ള ആ അവതാരികയിലെ ഒരു വാചകം ഈ ഗ്രന്ഥത്തിന്റെ എല്ലാ വായനയും ഉള്ളടക്കത്തെയും സമീപിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണ് . "രാമനെ കാട്ടിലേക്ക് പിന്തുടര്‍ന്ന മൈഥിലിയുടെ യാത്രയല്ലിത് ". അതെ അക്ഷരാര്‍ത്ഥത്തില്‍ അത് ശരിവയ്ക്കുന്ന എഴുത്ത് ആണ് ഈ പുസ്തകം എന്നതില്‍ നമുക്ക് സന്തോഷിക്കാം . “As a writer you must keep a tight rein on your subjective self—the traveler touched by new sights and sounds and smells—and keep an objective eye on the reader.”
― William Zinsserന്‍റെ ഈ വാക്കുകള്‍ മനസ്സില്‍ വച്ച് കൊണ്ട് തന്നെയാണ് ഈ പുസ്തകത്തെ പരിചയപ്പെടുത്തുന്നത് . കാരണം എഴുത്ത് ഒരു പ്രിയ സുഹൃത്തിനോട് പറയുന്ന രീതിയില്‍ ആണ് ഈ പുസ്തകത്തിന്റെ ആഖ്യാനശൈലി ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ . അതിലൂടെ യാത്രക്കാരി വായനക്കാരനെയും ഒപ്പം കൂട്ടി ഓരോന്നും തൊട്ടു കാണിക്കുന്ന ഒരു പ്രതീതി ഉളവാക്കുന്നു . ഇത് വായനയില്‍ ഒരു പുതിയ രീതിയാണോ എന്ന് ചോദിച്ചാല്‍ അല്ലായിരിക്കാം പക്ഷെ പുതുമ ഉള്ളൊരു ആഖ്യായന രീതിയാണ് ഇതെന്ന് കാണാം . ഈ യാത്രയിലുടനീളം നാം ഓരോ കാഴ്ചയും നേരില്‍ കാണുന്ന ഒരു അനുഭൂതി തരുന്നതും ഒരുപക്ഷെ ഈ ശൈലി ഉപയോഗിച്ചത് കൊണ്ടാകാം . കെനിയ എന്ന ഇരുണ്ട ഭൂഖണ്ഡം നമ്മെ നോക്കി കിടക്കുന്നത് നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു . ദാരിദ്ര്യവും , ബുദ്ധിമുട്ടുകളും , വികസനമില്ലായ്മയും ഒരു പോലെ നിറഞ്ഞു നില്‍ക്കുന്ന ആ ആദിമ ജന സമൂഹത്തിനു ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന എഴുത്തുകാരി ഓരോ സംഭവങ്ങളെയും ഒരു കുട്ടിയുടെ കൌതുകത്തോടെ നോക്കി കാണുന്നത് നമുക്ക് ദര്‍ശിക്കാന്‍ കഴിയും . വഴിയോരമുള്ള തൂക്കണാം കുരുവി കൂടുകളിലും , ഗോതമ്പ് പാടങ്ങളും , ഇവാസോ നൈരോ എന്ന നദിയുടെ കാഴ്ചയും , മഹാപ്രയാണം നടത്തുന്ന വൈല്‍ഡ് ബീസ്ടുകളും , ആഹാരത്തിനായി മാനിനെ എടുത്തു കൊണ്ട് പോകുന്ന കുരങ്ങും , ആനകളുടെ കളികളും കുസൃതികളും എല്ലാം തന്നെ നമ്മില്‍ കൌതുകവും ഒപ്പം ജിജ്ഞാസയും ഉണ്ടാക്കും എന്നതില്‍ തര്‍ക്കമില്ല തന്നെ .
ആഹാരത്തിനു വേണ്ടി അല്ലാതെ ഒരു മൃഗവും ഒരു ജീവിയെയും കൊല്ലുകയോ ആക്രമിക്കുകയോ ചെയ്യുന്നില്ല എന്ന കാഴ്ചയില്‍ നിന്ന് കൊണ്ട് നാം മൃഗം എന്ന് മനുഷ്യനെ വിശേഷിപ്പിക്കുന്നതിനെ ഒന്ന് കൂടി ആലോചിക്കണം എന്ന് വായന പഠിപ്പിക്കുന്നു . അത് പോലെ ഭൂമധ്യ രേഖയുടെ അപ്പുറവും ഇപ്പുറവും ഉള്ള വ്യെത്യാസങ്ങളെ മനസ്സിലാക്കുന്നതും , ഗ്രാമീണ ജീവിതത്തെ നോക്കി കാണുന്നതും അവരുടെ ഭക്ഷണം ആചാരങ്ങള്‍ എന്നിവയെ വിവരിക്കുന്നതും ഒക്കെ വളരെ ഹൃദ്യമായി അനുഭവപ്പെടുന്നു . ഇന്നും ഒരു തരത്തിലുള്ള മതങ്ങളോ ദൈവങ്ങളോ കടന്നു ചെന്നിട്ടില്ലാത്ത അവര്‍ മൃഗങ്ങളെ മലകള്‍ക്ക് താഴെ കൊണ്ട് പോയി ബലി കൊടുത്തു ആകാശത്തേക്ക് നോക്കി പേരറിയാ ദൈവത്തോട് പരാതി പറയുന്നതും , ആണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്ന സര്‍ക്കംസിഷന്‍ ചടങ്ങുകളും , സ്ത്രീകളുടെ അവകാശമായ കുടില്‍ നിര്‍മ്മാണവും , വിവാഹത്തിന്റെ ആചാരങ്ങളും , നിയമങ്ങളും , പൗരുഷത്തിന്റെ , സാഹസികതയുടെ തെളിവിനായുള്ള ടാന്‍സാനിയന്‍ യാത്രയുടെ വിശേഷങ്ങളും , തീയുണ്ടാക്കുന്നതും , രക്തപാനവും ഒക്കെ നമ്മെ പുതിയ ഒരു ലോകത്തെ കാണിച്ചു തരുന്നു .
സംപുരുവും , മസായി മാരയും ,നകുരുരുവും ഒക്കെ നമ്മെ ഈ വായന കഴിയുമ്പോഴും പിന്തുടരുന്നതായും ഒന്ന് അവിടെ പോകാന്‍ കഴിയുമോ എന്നൊരു ചിന്ത ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാക്കുകയും ചെയ്യും ഈ പുസ്തക വായന.
അധികം പറയാന്‍ ഉണ്ടെങ്കിലും അത് പുസ്തകത്തെ വായിച്ച പ്രതീതി തരും എന്നതിനാല്‍ ഞാന്‍ അത് നിങ്ങള്‍ സ്വയം ആസ്വദിക്കുന്നത് നന്നായിരിക്കും എന്ന ചിന്തയില്‍ ഇവിടെ പൂര്‍ണ്ണം ആക്കുന്നു .

1 comment:

  1. സര്‍ഗ്ഗാ റോയിയുടെ 'താഴ്വാരകളുടെ നാട്ടില്‍ " എന്ന യാത്രാവിവരണം പരിചയപ്പെടുത്തിയത് നന്നായി.
    ആശംസകള്‍

    ReplyDelete