Friday, March 27, 2020

പിപീലിക............... യമ

പിപീലിക (നോവൽ)
യമ
മാതൃഭൂമി ബുക്സ് ( 2018)
വില: ₹ 70.00


ഓരോ രചനകളും വ്യത്യസ്തമാകുന്നത് അവയുടെ രചനാ സവിശേഷതകൾ കൊണ്ടും വിഷയ സമീപനം കൊണ്ടുമൊക്കെയാണ്. പലപ്പോഴും വായനക്കാരെ വിസ്മയിപ്പിക്കുന്ന എഴുത്തുകൾ പിറക്കുന്നത് ആരും അറിയാത്ത ചിലരിൽ നിന്നാകും. ഓർക്കാപ്പുറത്ത് കാണുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ചില പുസ്തകങ്ങൾ അത്ഭുതകരമായ വായന നല്കി ആനന്ദിപ്പിക്കുക സംഭവിക്കാറുണ്ട്. അടുത്തിടെ നാട്ടിലെ ഒരു പുസ്തകമേളയിൽ നിന്നാണ് വിചിത്രമായ ഒരു പേരുള്ള പുസ്തകം കണ്ടെടുത്തത്. "പിപാലിക" എന്നും "യമ" എന്നും കണ്ടു. പുസ്തകം എടുത്ത് വായനക്കായി കൂടെക്കൊണ്ടു വന്നു. തിരക്കും വായനയും എഴുത്തും തകൃതിയായി പോകുന്നതിനിടെ അടുത്ത വായനയ്ക്കായി കൈകളിൽ തടഞ്ഞത് ഈ പുസ്തകമാണ്. വീണ്ടുമതേ അത്ഭുതം പേരിൽ!

പുസ്തകം തുറക്കും വരെ നോവലിൻ്റെ പേര് യമ എന്നും എഴുത്തുകാരിയുടെ പേര് പി പാലിക എന്നും വായിച്ചു. പുറം പേജിൽ നിന്നും അകത്ത് എഴുത്തുകാരിയുടെ ബയോഡേറ്റ വായിക്കുമ്പോൾ ആണ് യമ എന്ന കലാകാരിയുടെ പേര് ശ്രദ്ധിക്കുന്നത്. ആനുകാലികങ്ങളിൽ കഥ എഴുതുന്ന ആൾ എന്നത് കൂടി വായിച്ചപ്പോൾ ഇതുവരെ എന്തുകൊണ്ട് ഈ പേര് കേട്ടില്ല എന്നല്ല ചിന്ത വന്നത്. വായനയുടെ ലോകത്തിൽ എത്ര ശുഷ്കമായ ഒരു തലത്തിലാണ് നില്പ് എന്ന തോന്നലിൻ്റെ ജാള്യതയാണ്. അകത്തേക്ക് കാലെടുത്തു വയ്ക്കുമ്പോൾ അവതാരികയിൽ കണ്ണുടക്കി. പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായ ആനന്ദ്.! തീർച്ചയായും ഈ നോവലിന് എന്തെങ്കിലും പ്രത്യേകതയുണ്ടാകും എന്ന തോന്നൽ അതോടെ ദൃഢമായിക്കഴിഞ്ഞിരുന്നു. 

നമ്മുടെ സാഹിത്യത്തിൽ എപ്പോഴും നാം ഉപയോഗിക്കുന്ന പശ്ചാത്തലം നമ്മുടെ കാലം ദേശം ഭാഷ സംസ്കാരം എന്നിവയാണ്. അതിനപ്പുറം നമുക്ക് മറ്റൊരു സംസ്കാരത്തെ വരച്ചു കാട്ടാൻ വളരെ ബുദ്ധിമുട്ടാണ്. മറ്റൊരു ഭാഷയുടെ , ചിന്തയുടെ , വ്യവഹാരങ്ങളുടെ ചിത്രം വരയ്ക്കുന്നത് എപ്പോഴും തർജ്ജമകളുടെ വായനകളിലാണ്.  മലയാളി ഒരു പ്രവാസിയാണ്. കേരളത്തിന് പുറത്ത് അവനില്ലാത്ത നാടുകൾ ഇല്ല. അതിനാൽത്തന്നെ അവനെക്കുറിച്ച് എഴുതുമ്പോൾ ഒക്കെ അവൻ ഏത് നിലപാട് തറയിലാണോ ആ തലം വരച്ചുകാട്ടാനുള്ള വ്യഗ്രതയാണ് കാണുക. ആനന്ദ് തൻ്റെ നോവലിൽ കാണിച്ചത് ബോംബെയുടെ ജീവിതം മലയാളിയുടെ ചുമലിൽ വച്ച കണ്ണാടിയിലൂടെയാണ്. മുകുന്ദൻ്റെ ഡൽഹിക്കാഴ്ചകളും അതുപോലെ തന്നെയായിരുന്നു. ഇവിടെ യമ പി പാലികയിലൂടെ വരച്ചിടുന്നത് തുലോം വിരുദ്ധമായ ഒരു തലമാണ് എന്നതാണ് ഈ നോവലിൻ്റെ പ്രാധാന്യവും ശക്തിയും .

കേരളം ഇന്ന് പ്രവാസികളുടെ നാട് മാത്രമല്ല ഇതര സംസ്ഥാന മനുഷ്യർക്ക് പ്രവാസ ഭൂമി കൂടിയാണ്. ഒരു കാലത്ത് കേരളത്തിലെ ലയങ്ങളിലും കന്നുകാലി വളർത്തലിലും ഒക്കെ സർവ്വസാധാരണ കാഴ്ചയായി തമിഴ് ജനതയുണ്ടായിരുന്നു. പതിയെ അവർ പാത്രക്കച്ചവടവും തുണി, ഇലക്ട്രോണിക്സ് സംഗതികളും വട്ടിപ്പലിശയും തവണ വ്യവസ്ഥയുമായി വ്യവസായികൾ ആയി മാറുന്നത് നാം കണ്ടു. പിന്നെ ഒരു കുതിച്ചു കയറ്റം പോലെ ഉത്തരേന്ത്യൻ തൊഴിലന്വേഷകർ മലയാള മണ്ണ് തേടി വന്നു. മലയാളി ഉപേക്ഷിച്ചു പോയതോ ചെയ്യാൻ മടിച്ചു തുടങ്ങിയതോ ആയ ആ തൊഴിലുകളിലേക്ക് ഉത്തരേന്ത്യൻ തൊഴിലാളികൾ കടന്നു കയറി. അവരുടെ ജീവിതം വളരെ വിചിത്രമായിരുന്നു മലയാളിക്ക്. ഒരു വലിയ തകരഷീറ്റ് മുറിയുണ്ടെങ്കിൽ അതിലൊരു പത്തിരുപത് ബംഗാളികൾ താമസം ഉണ്ടാകും എന്നും കുറച്ചു പരിപ്പും, റൊട്ടിയും സവാളയും കൊണ്ടവർ വിശപ്പു മാറ്റി മാടിനെപ്പോലെ പണിയെടുക്കുമെന്ന് മലയാളികൾ തമാശ പറഞ്ഞു. നാട്ടിലെ എന്ത് കുറ്റവും ചാർത്തിക്കൊടുക്കുവാൻ തക്ക രൂപവും ചരിത്ര പിന്നാമ്പുറങ്ങളും മലയാളിക്ക് എലിയും പൂച്ചയും കളിക്ക് പറ്റിയ ഒന്നായി ഉത്തരേന്ത്യൻ തൊഴിലാളികളെ കണക്കാക്കി. പുകയില ഉത്പന്നങ്ങളും മയക്കുമരുന്നും മദ്യവും അവർക്ക് വിറ്റും അവരെക്കൊണ്ട് തുച്ഛമായ വേതനത്തിൽ പണിയെടുപ്പിച്ചു കമ്മീഷൻ പറ്റിയും അവരെക്കൊണ്ട് ക്വൊട്ടേഷൻ പണി ചെയ്യിപ്പിച്ചും മലയാളി മുതലാളികളായി വിലസി. 

ഇത്തരം ചുറ്റുപാടുകളിൽ നിൽക്കുന്ന കേരള സമൂഹത്തിൽ, അവരെക്കുറിച്ചു അവർ തന്നെ പറയുന്ന, ചിന്തിക്കുന്ന ഒരു നോവൽ ഉണ്ടാകുക എന്നത് തീർച്ചയായും സ്വാഗതാർഹമാണ്. യമ ഈ നോവലിൽ (പിപാലിക എന്നാൽ ഉറുമ്പ് എന്ന് ബംഗാളി ഭാഷ) കൂടി ബംഗാളിൽ നിന്നും കേരളത്തിൽ ജോലി തേടി വന്ന ഒരു ചെറുപ്പക്കാരൻ്റെ കഥ പറയുന്നു. നേരോടെ, വ്യക്തമായും അവരെക്കുറിച്ച് കുറച്ചെങ്കിലും പഠിച്ച് എഴുതിയ ഒരു നോവലെന്ന് ബോധ്യമാക്കുന്ന എഴുത്തു ശൈലിയാണ് ഇതിനുള്ളത്. അയാൾ കാണുന്ന മലയാളികളും അവരുടെ പെരുമാറ്റവും ചിന്തകളും അയാൾകൂടി ഭാഗമാകുന്ന ചില പ്രശ്നങ്ങളും ഒക്കെക്കൂടി ചേർന്ന ഒരു കഥയാണ് ഈ നോവലിൻ്റെ ഇതിവൃത്തം. ശക്തവും മനോഹരവുമായ ഭാഷയിൽ അത് പറയാൻ കഴിഞ്ഞു എന്നതാണ് ഈ നോവലിൻ്റെ വിജയം. 

ഇത്തരം പരീക്ഷണങ്ങൾ കൂടുതൽ വായിക്കപ്പെടേണ്ടതാണ് എന്നു കരുതുന്നു. തീർച്ചയായും കാമ്പുള്ള ഒരു നോവൽ. കുറച്ചു കൂടി പറയാമായിരുന്നു. എന്നാൽ ഫിക്ഷനു കൂടി സ്ഥാനം നല്കി അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദവും വെളിച്ചവും എന്നും ഉറുമ്പുകളെപ്പോലെ അവ്യക്തവും അവഗണനയും ഏറ്റുവാങ്ങുന്ന ഒന്നാണെന്ന സത്യം യമ അടിവരയിട്ടു പറയുന്നു. ഒരു പാട് പറയാൻ ഇനിയുമുള്ള  ഒരാൾ എന്നൊരു അർദ്ധ മൗനം ഒളിപ്പിച്ച പിപീലിക തീർച്ചയായും വായനക്കാർക്ക് ഇഷ്ടപ്പെടുക തന്നെ ചെയ്യും. 
ആശംസകളോടെ. ബിജു.ജി.നാഥ് വർക്കല

Saturday, March 21, 2020

ചിറകു മുളച്ച ദിവ്യ മനുഷ്യർ !

ചിറകു മുളച്ച ദിവ്യ മനുഷ്യർ !
......--------.......
കുടം തുറന്നു വിട്ട ഭൂതം പോലെയാണ്
മഹാമാരിയുടെ വിളയാട്ടം ചുറ്റിലും.
തിളക്കമറ്റ മിഴികളിൽ എങ്ങും
മരണത്തിന്റെ ഭീതി മാത്രം നിറയുമ്പോൾ
വ്യാളീമുഖം കൊത്തിയ വടിയും പിടിച്ച്
കാലൻ നടക്കുന്നു നഗരത്തെരുവുകളിൽ .
മുത്തുമെന്ന് ഭയന്ന് കൈകൾ ഉയർത്തി
ദൈവപുത്രൻ സ്തുതി ചൊല്ലുന്നരമനയിൽ ഏകാന്തം.
ആലിംഗനത്തിന്റെ മധുരം മറന്നമ്മ
അന്തപ്പുരവാതിൽ തഴുതിടുന്നു.
ലോകാവസാനം ഭയന്ന കൽപ്പുര,
ഒറ്റയ്ക്കായതിന്റെ വിഷമം വിഴുങ്ങുന്നു.
ചുറ്റും തിരമാല പോലെ നിറഞ്ഞു നില്ക്കും
കാഞ്ഞിരത്തുണ്ടുകളിൽ മാരികൾ ഭയം പൂണ്ട് കിടക്കുന്നു.
മൂത്ര പാനം കേടുവരുത്തിയ ആമാശയങ്ങളിൽ
സംസ്കൃതിയുടെ പാവനനാമം മാത്രം മുഴങ്ങുന്നു.
ഉറക്കം നഷ്ടപ്പെട്ട ,
ജീവിതം മറന്ന കുറച്ചു മനുഷ്യർ മാത്രം 
എണ്ണയിട്ടു തിരിക്കുന്ന യന്ത്രത്തെപ്പോലെ,
ശവങ്ങളുണ്ടാകാതെയിരിക്കാൻ 
കരുതലോടെ കാവൽ നിൽക്കുന്നു ചുറ്റിനും .
വെളുത്ത വസ്ത്രങ്ങൾ അണിഞ്ഞ 
അവരുടെ ചുമലിൽ മാത്രം
മിത്തുകളിലെ മാലാഖ ചിറകുകൾ !
ബി.ജി.എൻ വർക്കല

Sunday, March 15, 2020

ബുധിനി........ സാറാ ജോസഫ്

ബുധിനി (നോവൽ) 
സാറാ ജോസഫ്   
ഡി.സി ബുക്സ് 2019
വില: ₹ 499.00

വായിച്ചു തുടങ്ങുമ്പോൾ ആകാംഷ നല്കുന്ന വായനയെ തീർക്കാതെ താഴത്തു വയ്ക്കാൻ കഴിയാത്ത അവസ്ഥകൾ വിരളമായ സംഭാവനകൾ ആണ്. വായനയിൽ വിസ്മയം സൃഷ്ടിക്കുന്ന അത്തരം എഴുത്തുകൾ എക്കാലവും നിലനില്ക്കുന്നു. ബഷീറിനെ വായിക്കുമ്പോഴും മാധവിക്കുട്ടിയെ വായിക്കുമ്പോഴും തോന്നുന്ന ലാളിത്യവും മനോഹാരിതയും മറ്റെഴുത്തുകളിൽ കിട്ടുകയില്ല. എന്നാൽ ആനന്ദിനെയും സുകുമാറിനെയും വായിക്കുന്ന അനുഭൂതിയും എൻ എസ് മാധവനെ വായിക്കുന്ന രസവും വേറെയാണ്. വിജു.സി പരവൂരിനെ വായിക്കുന്നതു പോലെ തോമസ് ചെറിയാനെ വായിക്കാനാകില്ല. രാജേഷ് ചിത്തിരയോട് ചേർത്ത് വായിക്കാൻ വെള്ളിയോടൻ കഥകൾ പറ്റുകയുമില്ല. പറഞ്ഞു വരുന്നത് വായന തരുന്ന വിഭിന്നമായ സന്തോഷങ്ങളുടെ രൂപരേഖകൾ ആണ്. പരാമർശിക്കപ്പെടുന്നവർ മാത്രം എന്നതിനർത്ഥമില്ല: പറയാതെ വിട്ടവർക്ക് അത് കഴിയാത്തതുമല്ല. 
വായനകളിൽ അടുത്തിടെ വ്യത്യസ്ഥ നോവൽ വായനകൾ കിട്ടിയത് മഞ്ഞവെയിൽ മരണങ്ങളും മാമ ആഫ്രിക്കയും ആയിരുന്നെങ്കിലും രണ്ടിലും അവതരണത്തിലെ സാമ്യതകൾ കൊണ്ടവയെ രണ്ടു തരം വായനയായി കാണാൻ കഴിയുന്നില്ല. ആ ഗ്യാപിലേക്കാണ് സാറ ജോസഫ് തൻ്റെ ബുധിനിയെ ആനയിച്ചു കൊണ്ടു വന്നത്. 

ബുധിനി എന്ന നോവൽ സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെ നല്ലൊരു വർക്കായി കാണാം. പൊതുവേ കേരളത്തിൻ്റെ ചുറ്റുപാടുകളെ മാത്രം ആശ്രയിച്ചെഴുത്തു നടത്തുന്ന എഴുത്തുകാർക്ക് മുന്നിൽ ഈ നോവലിന് അവകാശവാദങ്ങൾ ഉന്നയിക്കാം വ്യത്യസ്ഥത കൊണ്ട്. ഇക്കാലത്ത് എഴുത്തിന് വേണ്ടി, അതവതരിപ്പിക്കുന്ന കാലദേശങ്ങളിലേക്ക് കഴിയുന്ന തരത്തിൽ വിവര സാങ്കേതിക വശങ്ങൾ ഉപയോഗപ്പെടുത്തിയും യാത്രകൾ ചെയ്തു പൂർണ്ണത കൊണ്ടുവരാൻ ശ്രമിക്കുന്ന എഴുത്തുകാർക്ക് മാത്രമേ നല്ല വായനകൾ നല്കാൻ കഴിയുകയുള്ളു. ത്സാർഖണ്ടിൽ സംഭവിക്കുന്ന കഥയെ അതിൻ്റെ തനിമ നിലനിർത്തി പറയാൻ സാറാ ജോസഫിന് കഴിഞ്ഞതും അതിനാലാണല്ലോ. വ്യത്യസ്ഥമായ ഒരു സംസ്കാരത്തെയും ഭാഷയെയും ജീവിതത്തെയും അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമായില്ല എന്ന് എഴുത്തുകാരിക്ക് ആശ്വസിക്കാം.

ഒരു ജനവിഭാഗത്തിൻ്റെ സ്വത്തും ജന്മഭൂമിയും ഉപേക്ഷിച്ച് മറ്റൊരിടം തേടി പോകേണ്ടി വരിക എന്നത് ശരിക്കും മരണമാണ്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണർത്തുന്ന പൗരത്വ ഭേദഗതി ബില്ലിനെ  സകലരുമൊരു മിച്ചെതിർക്കുന്നത് ഈ പറിച്ചു നടലുകളുടെ ഭവിഷ്യത്തുക്കൾ ഓർത്തു തന്നെയാണ്. ബുധിനിക്കും പറയാനുള്ളത് അത്തരം ഒരു പറിച്ചുനടലിൻ്റെ വേദനാജനകമായ വിഷയങ്ങൾ തന്നെയാണ്. ഒപ്പം തന്നെ ഗ്രാമീണ ജീവിതത്തിൻ്റെ നീതി നിയമങ്ങളിൽ പെട്ടു ജീവിതം നഷ്ടമാകുന്ന ദുരന്തങ്ങളും പറയുന്നു ഈ നോവലിൽ. 

ഒരണക്കെട്ടു കൊണ്ട് രാജ്യത്തിന് ലഭിക്കുക അഭിവൃദ്ധിയാണ്. പുരോഗതിയിലേക്ക് കുതിച്ചു പായുന്ന രാജ്യങ്ങൾ അതിനാൽ തന്നെ പുരോഗമനത്തിൻ്റെ പാതയിലെ വെട്ടിമാറ്റുന്ന പുൽച്ചെടികളെ കാണില്ല. ദാമോധർ നദിയുടെ എല്ലാ തെറ്റുകളെയും അതിൻ്റെ എല്ലാ ഭാവങ്ങളെയും അനുവദിച്ചു കൊണ്ടു തന്നെയാണ് സന്താൾ ജനത ജീവിക്കുന്നത്. പക്ഷേ സ്വതന്ത്ര ഭാരതത്തിൻ്റെ പുരോഗതിയുടെ പിച്ചവക്കലിൽ ഭക്രാംനഗൽ അണക്കെട്ട് ഉയരുമ്പോൾ അവർക്ക് നഷ്ടമായത് തങ്ങളുടെ ഭൂമിയാണ്. പകരം ലഭിക്കുന്ന ജോലിയോ താമസത്തിന് കണ്ടെത്തുന്ന ഇടങ്ങളോ ഒന്നും തന്നെ അവർക്ക് ' മനസ്സുഖം നല്‌കുന്നവയുമല്ല.

ഗ്രാമീണ സംസ്കാരത്തിലെ ചില ആചാരങ്ങളും വിശ്വാസങ്ങളും പൊതുജീവിതത്തിൽ മറ്റു മനുഷ്യരുമായി ഒന്നിച്ചു ജീവിക്കുന്നതിന് ബുദ്ധിമുട്ടാകുന്നുണ്ട്. സൗദിയിലെ ബദുക്കൾ ആയാലും കേരളത്തിലെ ആദിവാസി ഗോത്രങ്ങളായാലും ഈ തരത്തിലുള്ള ചില വിശ്വാസങ്ങൾ നിമിത്തം ബലിയാടുകളെ സൃഷ്ടിക്കാറുണ്ട്. ഊരുവിലക്കു നിലനില്ക്കുന്ന ആദിവാസി ഗോത്രങ്ങളെക്കുറിച്ചു പറയുമ്പോൾ തന്നെ കേരളത്തിലെ കണ്ണൂർ പോലുള്ള ഇടങ്ങളിൽ അടിയുറച്ച കമ്യൂണിസ്റ്റ് പാർട്ടിഗ്രാമങ്ങളിൽ ഊരുവിലക്ക് നിലനില്ക്കുന്നുണ്ട് എന്നത് ഈ വിശ്വാസ സംരക്ഷണ ബലികൾക്ക് ഉദാഹരണമായി കാട്ടാം. ബുധിനി എന്ന നിഷ്കളങ്കയായ സന്താൾ പെൺകുട്ടിക്കും സംഭവിച്ചത് ഇത് തന്നെ.  അണക്കെട്ട് രാജ്യത്തിന് സമർപ്പിക്കാൻ വന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ച ഒറ്റ കുറ്റത്തിന് ഊരുവിട്ടോടേണ്ടി വന്നവൾ. അവളുടെ ജീവിതത്തെയും ആ ജീവിതം പഠിക്കാനും പുറം ലോകത്തെ അറിയിക്കാനും വന്ന രണ്ടു യുവതികളുടെയും ചിന്തകളിലൂടെയും കാഴ്ചകളിലൂടെയും അറിവുകളിലൂടെയുമാണ് ഈ നോവൽ പടർന്നു പന്തലിക്കുന്നത്. 

തികച്ചും പ്രാദേശികമായ ഭാഷയിലൂടെ നടക്കുന്ന നോവൽ, അതു മുന്നോട്ടുവയ്ക്കുന്ന വിഷയത്തെ ഗൗരവപരമായി തന്നെ കൈകാര്യം ചെയ്യുന്നു. ഈ നോവൽ വായനയിൽ അനുഭവപ്പെട്ട ഒരു സംഗതി ഇതൊരു മനോഹരമായ പരിഭാഷയാണോ എന്ന സന്ദേഹമുണർത്തി എന്നുള്ളതാണ്. ഒരു ഉത്തരേന്ത്യൻ നോവലിൻ്റെ പരിഭാഷ പോലെ അവതരിപ്പിക്കപ്പെട്ട ഈ എഴുത്ത് നോവൽ രചനയിലെ നല്ലൊരു ദിശാ സൂചികയായി തോന്നി. ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹിക ജീവിതവും അതേപോലെ പരിചയപ്പെടുത്തുമ്പോൾ വായനക്കാർ തികച്ചും ആനന്ദഭരിതരാകുക തന്നെ ചെയ്യും. ഒരു നോവലായല്ല ഒരു ജീവചരിത്രമായി തന്നെ ബുധിനി നിലനില്ക്കുമ്പോഴും അത് ഇടകലർന്ന് രണ്ടിലേത് എന്ന ആശങ്ക വായനക്കാരിൽ പകർത്താൻ എഴുത്തുകാരിക്കു കഴിഞ്ഞിരിക്കുന്നു
ആശംസകളോടെ ബിജു.ജി.നാഥ് വർക്കല

Tuesday, March 10, 2020

ചുംബനം


ചുംബനം

അമ്മതന്‍ ചുണ്ടുകള്‍ അന്പോടെ തന്നുടെ
കുഞ്ഞതിന്‍ കവിളില്‍ അമര്‍ന്നത് ചുംബനം.
അച്ഛന്‍ തന്‍ ചുണ്ടുകള്‍ അരുമയാല്‍ തന്നുടെ
കണ്മണി നെറ്റിയില്‍ നല്‍കുന്നു ചുംബനം .
അന്പോടെ സഹപാഠി തന്നുടെ കവിളില്‍
മുദ്രയായേകുന്ന മാര്‍ദ്ദവം ചുംബനം .
അനിയത്തി തന്നുടെ മൂര്‍ദ്ധാവു തന്നില്‍
അണിയിക്കും സ്നേഹസമ്മാനം ചുംബനം.
കാമുകിതന്നുടെ കണ്‍കളില്‍ ആരാരും
കാണാതെ നല്‍കുന്ന കുസൃതിയും ചുംബനം.
പ്രേയസി തന്നുടെ ഉടലിലെ സ്നിഗ്ദ്ധമാം
നിമ്ന്നോതങ്ങളില്‍ പടരുന്നതും ചുംബനം.
വര്‍ദ്ധിച്ച കാമമോടാരുടെ ചുണ്ടിലും
ആസക്തിയോടെയേകുന്നതോ ചുംബനം.?
ഇഷ്ടമില്ലാത്തൊരു  ഇണയുടെ ചുണ്ടത്തു
ഇച്ഛയില്ലാതെ നല്‍കുന്നതോ ചുംബനം ?.
മരവിച്ച കവിളില്‍ അന്ത്യയാത്രക്ക്
കണ്ണീരു വീഴ്ത്തി നല്‍കുന്നതും ചുംബനം .
ചുംബനം പലവിധമുണ്ടീ ലോകത്തില്‍
ചുംബിക്കുവാനും  പലപല  കാരണം.
ചുംബനങ്ങളില്‍ ഉത്തമമേതെന്നു ചിന്തിക്കില്‍
നല്കുമിടമല്ല മനമതിന്‍ ചിന്തയല്ലോ മുഖ്യം.
---------------ബി.ജി.എന്‍ വര്‍ക്കല



Monday, March 9, 2020

ആരുമല്ലാതായ ആരോ ഒരാൾ.

ആരുമല്ലാതായ ആരോ ഒരാൾ.
......................................................
പ്രിയങ്ങളിൽ നിന്നൊക്കെയകലേക്ക്
പറയാതെ പോകുന്ന കാലം വരുമ്പോൾ !
വരും ചിലരൊക്കെയെങ്കിലും മൗനത്താൽ
ഒരു നോക്കിനന്ത്യ സൗരഭ്യം നല്കുവാൻ.

ഉറപ്പിച്ചു പോകും .തിരിച്ചിനി വരില്ലെന്നും
മുള്ളുകൾ തറപ്പിച്ച് വേദനിപ്പിക്കില്ലെന്നും. 
സംശയങ്ങൾ കൊണ്ട് കെട്ടുന്ന വേലികൾ,
വാക്ശരം കൊണ്ടു കീറുന്ന ഹൃദയവും.

ഓർമ്മയാണെല്ലാമെന്ന വാസ്തവമുറപ്പിച്ചു
യാത്രയാകാനിനി മാനസം സജ്ജമാക്കട്ടെ.
ചിന്തുവാനില്ല കണ്ണീരിൻ ചിന്ത് തെല്ലെങ്കിലും
പുഞ്ചിരിയായ് മറയും പുണ്യമാകട്ടെ ജന്മം.
.... ബി.ജി.എൻ വർക്കല

Saturday, March 7, 2020

മനുസ്മൃതി (ഭ്രുഗുസംഹിത) ............. വിവര്‍ത്തകര്‍: വി ബാലകൃഷ്ണന്‍. ആര്‍ ലീലാദേവി


മനുസ്മൃതി (ഭ്രുഗുസംഹിത)
വിവര്‍ത്തകര്‍: വി ബാലകൃഷ്ണന്‍. ആര്‍ ലീലാദേവി
വിദ്യാര്‍ഥി മിത്രം ബുക്ക്‌ ഡിപ്പോ (1980)
വിതരണം : ശ്രേയസ് ഓണ്‍ലൈന്‍ പിഡിഎഫ് കോപ്പി

"അസ്വതന്ത്രാഃ സ്ത്രീയ: കാര്യം:
പുരുഷൈ: സ്വൈർദ്ദിവാനിശം
വിഷയേഷുച സന്ത്യജ്യാസ്സംസ്ഥാപ്യാ ആത്മനോവശേ. (മനുസ്മൃതി 9:2)
ഭർത്താവ് തുടങ്ങിയ ബന്ധുക്കൾ രാവും പകലും ഒരു കാര്യത്തിലും സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൊടുക്കരുതാത്തതാകുന്നു അവർ ദുർവിഷയികളായിരുന്നാലും തങ്ങളുടെ സ്വാധീനത്തിൽ അധിവസിച്ചു കൊള്ളേണ്ടതാകുന്നു."


ഓരോ രാജ്യത്തിനും ഒരു ഭരണഘടനയുണ്ട് . അത് മത രാജ്യങ്ങളാകിലും ജനാധിപത്യ രാജ്യങ്ങളാകിലും എന്തെങ്കിലും പ്രത്യയശാസ്ത്രപരമായ സംഹിതകളില്‍ വിശ്വസിക്കുന്ന രാജ്യമാണെങ്കിലും ഭരണത്തിനു ഒരു നിയമസംഹിത ഉണ്ടായിരിക്കും. ഇത്തരം നിയമസംഹിതകള്‍ രൂപം കൊള്ളുന്നത്‌ അതതു രാജ്യങ്ങളുടെ, അവിടെ അധിവസിക്കുന്ന ജനതയുടെ സംസ്കാരവും സാമൂഹികമായ അറിവും അനുഭവങ്ങളും മുൻ നിര്‍ത്തിയാകും. നമുക്കിന്നു ലഭ്യമായ എല്ലാ ഭരണഘടനകളും ഇങ്ങനെ മുന്‍പ് നിലനിന്ന നിയമസഹിതകളുടെ പരിഷ്കരിച്ച പതിപ്പുകള്‍ മാത്രമാണ് . സ്വതന്ത്രമായി, പുതിയതായി നിര്‍മ്മിച്ച ഒരു ഭരണ ഘടന  നമുക്കെങ്ങും തന്നെ ദര്‍ശിക്കാന്‍ കഴിയില്ല. വിഭിന്ന സംസ്കാരങ്ങളുടെ , ഭരണഘടനകളുടെ സംക്ഷിപ്ത രൂപമാണ് ഇന്ത്യയുടെ ഭരണഘടന. നൂറ്റാണ്ടുകളായി പല സംസ്കാരങ്ങളും സമൂഹങ്ങളും ഭരിച്ചതും നിയന്ത്രിച്ചതുമായ ഒരു സംസ്കാരത്തിന്റെ ബാക്കിപത്രമാണ് ഇന്ത്യയുടെ ഇന്നത്തെ സാമൂഹികവും സാംസ്കാരികവുമായ എല്ലാ കാഴ്ചപ്പാടുകളും എന്ന് പറയുന്നതില്‍ ഒട്ടും തന്നെ തെറ്റുണ്ട് എന്ന് കരുതുന്നില്ല . പരിഷ്കാരത്തിന്റെ മുഖമുദ്രയാണ് ഭരണഘടനകളുടെ നിര്‍മ്മിതി. ബഹുമുഖമായ സംസ്കാരങ്ങളും ജനതയും ഒറ്റ നിയമത്തിനും ചിട്ടകള്‍ക്കും  വിധേയമായി ഒരൊറ്റ ജനതയായി നിലനില്‍ക്കാന്‍ ഇത് സഹായിക്കുന്നു . ലോകത്തിനു എക്കാലവും  മാതൃകയായ ഒരു ജനാധിപത്യ വ്യവസ്ഥിതി പ്രദാനം ചെയ്യാന്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് കഴിഞ്ഞിരുന്നു . എന്നാല്‍ സമകാലിക സംഭവങ്ങളില്‍ നിന്നും കണ്ടു മനസ്സിലാക്കാന്‍ കഴിയുന്നത് ജനാധിപത്യം എന്നത് ലോകത്തെ മറ്റെല്ലാ സംസ്കാരങ്ങള്‍ക്കും ഒപ്പം മതാധിപത്യത്തില്‍ എത്തുവാന്‍ കുതിക്കുന്ന കിതപ്പാണ്. അതിനൊപ്പം തന്നെ ഇന്ന് സമൂഹത്തില്‍ വളരെ പെട്ടെന്ന് ചര്‍ച്ചയാകുന്ന ഒരു വിഷയമാണ് ഇന്ത്യയുടെ ഭരണഘടന. ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചത് മനുസ്മൃതിയാണ് എന്നും അതുപോലെ എതിര്‍വാദം മനുസ്മൃതി അല്ല നമുക്ക് വേണ്ടത് കാരണം  അത് പ്രാകൃതവും ചാതുര്‍വര്‍ണ്യം പ്രോത്സാപ്പിക്കല്‍ ആണെന്നതും . ഈ ഒരു ചുറ്റുപാടിലാണ് എന്താണ് മനുസ്മൃതി എന്ന  ഒരന്വേഷണം മനസ്സില്‍ ഉയര്‍ന്നത്.  ഒരുപാട് കേട്ടിരുന്നു  പലപ്പോഴും പല ഇടങ്ങളിലും പല വാചകങ്ങളും ഉദ്ദരണികളായി കണ്ടിട്ടുമുണ്ട് എന്നതിനപ്പുറം മനുസ്മൃതി എന്തെന്ന് വായിച്ചു നോക്കല്‍ ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് ഇന്റര്‍നെറ്റിന്റെ സര്‍ഫിംഗ് ലോകത്ത് നിന്നും, ഭാരതീയസംസ്കാരം ജനങ്ങളില്‍ എല്ലാവരിലും എത്തിക്കുവാന്‍ പ്രയത്നിക്കുന്ന ഗ്രൂപ്പ്‌ എന്നവകാശപ്പെടുന്ന www.sreyas.inഎന്ന വെബ്സൈറ്റില്‍ നിന്നും മനുസ്മൃതിയുടെ ഭ്രുഗുസംഹിത ലഭിക്കുന്നത്. 

മനുസ്മൃതി വായിച്ച അനുഭവത്തിലൂടെ, ഒരു ജനതയുടെ സംസ്കാരവും അവര്‍ കടന്നുവന്ന വഴികളും അവരുടെ സാമൂഹികപശ്ചാത്തലവും അറിയുവാന്‍ സഹായിച്ചു എന്നത് വലിയൊരു നേട്ടമായി കരുതുന്നു . ബി സി മൂന്നോ അഞ്ചോ നൂറ്റാണ്ടില്‍ എഴുതിയതാണ് എന്ന് കരുതപ്പെടുന്ന മനുസ്മൃതി ആണ് ആദ്യമായി ഇംഗ്ലീഷിലേക്ക്  തര്‍ജ്ജമ ചെയ്യപ്പെട്ട സംസ്കൃതഗ്രന്ഥം. ഹിന്ദു നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ ആണ് 1700കളില്‍ ഇത് ചെയ്തത് എന്ന് രേഖപ്പെടുത്തി കാണുന്നു . യഥാര്‍ത്ഥ മനുസ്മൃതിയുടെ സംക്ഷിപ്തരൂപം ആണ് ഇന്നുള്ളത് എന്നും പന്ത്രണ്ട് അധ്യായങ്ങള്‍ ആയി അത് ക്രോഡീകരിച്ചിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ കഴിയുന്നു വിക്കിപീഡിയ വഴി. മനുസ്മൃതി എന്താണ് എന്ന് വായനയില്‍ മനസ്സിലായത് പറയാം . പൊതുവിലതിനെ ഒരൊറ്റ വാചകം കൊണ്ട് പൂര്‍ണ്ണമാക്കാന്‍ കഴിയും .  “ബ്രാഹ്മണര്‍ക്ക് വേണ്ടി ബ്രാഹ്മണരാല്‍ എഴുതിയുണ്ടാക്കിയ നിയമാവലി.”  എന്തുകൊണ്ടാണ് അത് അങ്ങനെ പറയേണ്ടി വരുന്നത് എന്നത് പറയും മുന്നേ ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട് .  ഒരു ജനത എങ്ങനെ ജീവിക്കണം , എന്തൊക്കെ കഴിക്കണം , എന്തൊക്കെ ചെയ്യണം , വിവാഹത്തിലും മറ്റെല്ലാ വ്യവഹാരത്തിലും എന്തൊക്കെ പാലിക്കണം എന്നൊക്കെ വിവരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശിയാണ് ഈ ഗ്രന്ഥം എന്നും, ഓരോ ഹിന്ദുവിന്റെയും വീടുകളില്‍ സൂക്ഷിക്കേണ്ട ഗ്രന്ഥം ആണിത് എന്നും ഇത് സ്വയം പറയുന്നുണ്ട് . എന്നാല്‍ ഉള്ളിലേക്ക് വായിച്ചു ചെല്ലുമ്പോള്‍ കാണുന്നത് എന്താണ് എന്നത് വായനക്കാരെ അത്ഫുതപ്പെടുത്തിയേക്കാം.  പ്രപഞ്ച ആരംഭവും അതില്‍ സ്വയം ഭൂവായ ആദ്യ മനുവും മനുഷ്യനെയും പ്രപഞ്ചത്തെയും സൃഷ്ടിച്ചതും അവയെ ഒക്കെയും ചിട്ടപ്പടിയാക്കിയതും പറയുന്ന ആദ്യ ഘട്ടവും പിന്നെ മനുഷ്യരെ നാല് തരം വര്‍ഗ്ഗങ്ങള്‍ ആയി തിരിച്ചതും അവരുടെ ജോലിയും ധര്‍മ്മവും അവര്‍ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യരുതാത്തത് , അവര്‍ക്കുള്ള ശിക്ഷകള്‍ തുടങ്ങിയവയും പാപങ്ങളും പാപ പരിഹാരങ്ങളും,  രാജ്യം ഭരിക്കേണ്ട രാജധര്‍മ്മവും നിയമങ്ങളും, ദാമ്പത്യം, ജീവിതം തുടങ്ങിയവയും വിവരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ദിശാ സൂചികയാണ് ഈ പുസ്തകം . പക്ഷെ, അത് ആര്‍ക്ക് എന്നതാണ് പ്രധാനം . സമൂഹത്തില്‍ ദൈവത്തിനു സമാനമായ ഒരു വര്‍ഗ്ഗം മാത്രമാണ് ഉള്ളതെന്നും അത് ബ്രാഹ്മണര്‍ ആണെന്നും അടിസ്ഥാനമിട്ടു പറഞ്ഞുകൊണ്ട് ഈ നിയമങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും രസാവഹമായ സംഗതി , കഠിനമായ തെറ്റുകള്‍ക്ക് എന്തൊക്കെ കഠിനമായ ശിക്ഷകള്‍ മറ്റു വര്‍ണ്ണങ്ങള്‍ക്ക് കൊടുക്കാൻ നിർദ്ദേശിക്കുമ്പോഴും ബ്രാഹ്മണനെ സ്വന്തം സ്വത്തുകളുമായി നാട് കടത്തുന്നതില്‍ കൂടിയ ഒരു ശിക്ഷയും മനുഷ്യര്‍ നല്‍കാൻ പാടില്ല എന്നതാണ് .

ബ്രാഹ്മണര്‍ക്ക് താഴെ ക്ഷത്രിയര്‍  അവര്‍ക്ക് താഴെ വൈശ്യര്‍ അവര്‍ക്ക് താഴെ ശൂദ്രര്‍ എന്നിങ്ങനെ നാല് വര്‍ണ്ണങ്ങള്‍ മാത്രം .  ഈ വര്‍ണ്ണങ്ങള്‍ക്കിടയിൽ അവർ നിയമം ലംഘിച്ച് പരസ്പരം ബന്ധപ്പെട്ടാല്‍ ലഭിക്കുന്ന കുട്ടികളാണ് ഇവര്‍ക്കും താഴെ ഉള്ള അധമവര്‍ഗ്ഗങ്ങള്‍ . അവര്‍ക്ക് പക്ഷെ വര്‍ണ്ണം ഇല്ല അവരെ ഒരു ഗണത്തിലും കൂട്ടുന്നില്ല . ആ വര്‍ണ്ണങ്ങള്‍ , വര്‍ഗങ്ങള്‍ ഏതൊക്കെ എന്ന് വിസ്തരിക്കാന്‍ നില്‍ക്കുന്നില്ല .

ഒരു വസ്തുത വളരെ ശക്തമായി പറയാന്‍ ആഗ്രഹിക്കുന്നത് തികഞ്ഞ മനുഷ്യത്വവിരുദ്ധമായ ഒരു നിയമാവലിയാണ് ഈ പുസ്തകം എന്നുള്ളതാണ്. കാരണം സ്ത്രീകള്‍ക്കും ശൂദ്രര്‍ക്കും അതിനു താഴേക്കുള്ള മനുഷ്യര്‍ക്കും (അവരെ കണക്കു കൂട്ടുന്നത്‌ പോലുമില്ല ഈ പുസ്തകത്തില്‍) ഒരു നീതിയോ പരിഗണനയോ ഇല്ല എന്നുള്ളതാണ് . എന്നാല്‍ ഇടയിലും മറ്റും ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളും അവരെ സഹായിക്കുന്നതിനായി കാണാം എന്നുള്ളത് മറച്ചു വയ്ക്കുന്നില്ല . അത് പക്ഷെ സ്ത്രീകള്‍ക്കും പിന്നെ എഴുപത് കഴിഞ്ഞ ശൂദ്രര്‍ക്കും മാത്രമാണ് . ബി സി രണ്ടാംനൂറ്റാണ്ടിലും മറ്റും ഇന്ത്യയില്‍ സ്ത്രീധന സമ്പ്രദായം എന്നത് കന്യാശുല്‍ക്കം ആയിരുന്നു എന്നും പുരുഷന്‍ പെണ്ണിന്റെ അച്ഛന് ധനം നല്‍കിയാണ്‌ വിവാഹം നടന്നിരുന്നത് എന്നും കാണാം. എവിടെ വച്ചാണ് അത് തിരിഞ്ഞു വെന്നതറിയില്ല.

ഇനി പറയാന്‍ പോകുന്ന വിഷയം ചിലപ്പോള്‍ വായനക്കാരെ അമ്പരപ്പിച്ചേക്കാം അല്ലെങ്കില്‍ ചൊടിപ്പിച്ചേക്കാം. എങ്കിലും അത് പ്രധാനമായി തോന്നുന്നു . മനുസ്മൃതി എഴുതിയവര്‍ ആര്യന്മാര്‍ ആണെന്നത് നിഷേധിക്കാന്‍ കഴിയാത്ത ഒരു സംഗതി ആണല്ലോ. അതിനെ ബന്ധിപ്പിക്കുന്ന ഒരു വസ്തുത ഈ പുസ്തകത്തിന്റെ വായനയില്‍ വളരെ നല്ല രീതിയില്‍ വായിച്ചെടുക്കാം . മൊസപ്പൊട്ടാമിയന്‍ സംസ്കാരവും ആര്യന്‍ സംസ്കാരവും ഒരു നുകത്തില്‍ കെട്ടാവുന്ന കാളകള്‍ ആണ് എന്നത് ഈ പുസ്തകം വ്യക്തമായി പറയുന്നു . ഈ പുസ്തകത്തില്‍ ബൈബിളില്‍ പറയുന്ന ഉപദേശങ്ങളും ഖുറാനില്‍ പറയുന്ന ഉപദേശങ്ങളും  വായിക്കാന്‍ കഴിയും . ഇവയില്‍ പറയുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ ഖുറാനില്‍ പറയുന്നതും ബൈബിളില്‍ പറയുന്നതുമായ ഒരുപാട് സദാചാര വിഷയങ്ങളും ശിക്ഷകളും  പ്രപഞ്ച സൃഷ്ടിയും ദൈവ വിശ്വാസവും ഒക്കെയും പല വിധത്തിൽ സമാനതകള്‍ ഉള്ളത് ആണെന്ന് കാണാം. നേരിട്ടോ വിപരീതമായ ഒക്കെ അവ പരസ്പരം ഏകീകൃതമായ ചിന്താഗതികൾ ആണ്.  അവയില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ ആണ് സര്‍വ്വമതസാരവുമേകം എന്ന പ്രയോഗത്തിന്റെ സത്യം ഓര്‍ത്ത്‌പോകുന്നത്. ഒപ്പം മതത്തിന്റെ കപടതകള്‍ ഇവയിലൂടെ വെളിവാകുകയും ചെയ്യുന്നുണ്ട് .

മനുസ്മൃതി വായിച്ചു പോകാവുന്ന ഒരു പുസ്തകം അതല്ലെങ്കില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ സംസ്കാരം എന്തായിരുന്നു എന്നറിയുന്നതിനുള്ള ഒരു റഫറന്‍സ് പുസ്തകം എന്നത് മാത്രമാണ്.  അതിനപ്പുറം ഒരു നിയമമായി തിരികെ കൊണ്ട് വരാന്‍ കഴിയുന്ന ഒന്നല്ലത് . വിദ്യാഭ്യാസമുള്ള ഒരു തലമുറയ്ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയാത്ത ഒരു നിയമാവലി എന്നതിനാല്‍ തന്നെ കാലഹരണപ്പെട്ട ഒരു  ചിന്താഗതിയായി ഇതിനെ കാണാന്‍ കഴിയും . മതവും മത നിയമവും മനുഷ്യരെ എങ്ങനെ ആണ് കെട്ടിയിടപ്പെടുന്നത് എന്നറിയാന്‍ ഈ പുസ്തകത്തിന്റെ വായന ഉപകരിക്കും .  ഒപ്പം വായനയില്‍ അനുഭവപ്പെട്ട ഒരു വിഷയം ഈ പുസ്തകത്തില്‍ പറയുന്ന പലതും , പല നിയമവും ചിന്തയും ശീലങ്ങളും നാം പൊതുജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ അനുവര്‍ത്തിച്ചു പോകുന്നവയാണ് എന്നതാണ് .  സമൂഹത്തിലെ കാഴ്ചപ്പാടുകള്‍ പ്രത്യേകിച്ച് തങ്ങളേക്കാള്‍ താഴെയുള്ള ജാതികള്‍ എന്ന് അവര്‍ വിശ്വസിക്കുന്ന മനുഷ്യര്‍ക്കെതിരെ ഉള്ള ചിന്തകളും പെരുമാറ്റവും , കുറ്റകൃത്യങ്ങളില്‍ ആദ്യം മനസ്സില്‍ വരുന്ന ശിക്ഷാ രീതികള്‍ ഇവയൊക്കെ ഒരു സമൂഹം നൂറ്റാണ്ടുകള്‍ പിന്തുടര്‍ന്ന് വന്ന,കൈമാറി വന്ന നിയമങ്ങള്‍ ആണല്ലോ എന്നോര്‍ത്തുപോകുന്നു . ഒപ്പം ഇങ്ങനെയും ചിന്തിക്കുന്നു . മനുസ്മൃതിയെ വിവരവും വിദ്യാഭ്യാസവും ഉള്ള മനുഷ്യര്‍ എതിര്‍ക്കും പക്ഷെ ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം മതത്തിലെ അടിയുറച്ച വിശ്വാസികള്‍ എതിര്‍ക്കുന്നത് അതവർ വായിക്കാഞ്ഞിട്ടാണ് എന്നാണു . ശരിയാണല്ലോ ഒരു മത ഗ്രന്ഥവും ശരിയായ അര്‍ത്ഥത്തില്‍ വായിച്ചവര്‍ അല്ല മതവിശ്വാസികള്‍ എന്ന് പറയുന്നവര്‍ . അവര്‍ വ്യാഖ്യാനങ്ങളും കേള്വികളും കൊണ്ട് മാത്രം മതത്തെ അറിയുന്നവര്‍ ആണ് . ഇക്കാര്യത്തില്‍ മനുസ്മൃതിയും പിന്നിലല്ല. ഇതിനെ എതിര്‍ക്കുന്ന ബഹുഭൂരിപക്ഷവും ഇതിനെ എതിര്‍ക്കുന്നത് ഇത് വായിച്ചിട്ടല്ല . വായിച്ചു കഴിഞ്ഞാല്‍ ഒരു മത വിശ്വാസി എന്ന നിലയില്‍ അവര്‍ക്ക് അതിനു കഴിയുമോ എന്ന് കണ്ടറിയണം .

ആവശ്യം എല്ലാവരും വിയിക്കേണ്ട പുസ്തകം ആണ് മനുസ്മൃതി . ഖുറാനും ബൈബിളും മനുസ്മൃതിയും ഓരോ ഭാരതീയനും മനസ്സിരുത്തി സ്വതന്ത്രമായി വായിക്കണം . ശേഷം അവര്‍ ചിന്തിക്കട്ടെ . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല