ചിറകു മുളച്ച ദിവ്യ മനുഷ്യർ !
......--------.......
കുടം തുറന്നു വിട്ട ഭൂതം പോലെയാണ്
മഹാമാരിയുടെ വിളയാട്ടം ചുറ്റിലും.
തിളക്കമറ്റ മിഴികളിൽ എങ്ങും
മരണത്തിന്റെ ഭീതി മാത്രം നിറയുമ്പോൾ
വ്യാളീമുഖം കൊത്തിയ വടിയും പിടിച്ച്
കാലൻ നടക്കുന്നു നഗരത്തെരുവുകളിൽ .
മുത്തുമെന്ന് ഭയന്ന് കൈകൾ ഉയർത്തി
ദൈവപുത്രൻ സ്തുതി ചൊല്ലുന്നരമനയിൽ ഏകാന്തം.
ആലിംഗനത്തിന്റെ മധുരം മറന്നമ്മ
അന്തപ്പുരവാതിൽ തഴുതിടുന്നു.
ലോകാവസാനം ഭയന്ന കൽപ്പുര,
ഒറ്റയ്ക്കായതിന്റെ വിഷമം വിഴുങ്ങുന്നു.
ചുറ്റും തിരമാല പോലെ നിറഞ്ഞു നില്ക്കും
കാഞ്ഞിരത്തുണ്ടുകളിൽ മാരികൾ ഭയം പൂണ്ട് കിടക്കുന്നു.
മൂത്ര പാനം കേടുവരുത്തിയ ആമാശയങ്ങളിൽ
സംസ്കൃതിയുടെ പാവനനാമം മാത്രം മുഴങ്ങുന്നു.
ഉറക്കം നഷ്ടപ്പെട്ട ,
ജീവിതം മറന്ന കുറച്ചു മനുഷ്യർ മാത്രം
എണ്ണയിട്ടു തിരിക്കുന്ന യന്ത്രത്തെപ്പോലെ,
ശവങ്ങളുണ്ടാകാതെയിരിക്കാൻ
കരുതലോടെ കാവൽ നിൽക്കുന്നു ചുറ്റിനും .
വെളുത്ത വസ്ത്രങ്ങൾ അണിഞ്ഞ
അവരുടെ ചുമലിൽ മാത്രം
മിത്തുകളിലെ മാലാഖ ചിറകുകൾ !
ബി.ജി.എൻ വർക്കല
No comments:
Post a Comment