Tuesday, March 10, 2020

ചുംബനം


ചുംബനം

അമ്മതന്‍ ചുണ്ടുകള്‍ അന്പോടെ തന്നുടെ
കുഞ്ഞതിന്‍ കവിളില്‍ അമര്‍ന്നത് ചുംബനം.
അച്ഛന്‍ തന്‍ ചുണ്ടുകള്‍ അരുമയാല്‍ തന്നുടെ
കണ്മണി നെറ്റിയില്‍ നല്‍കുന്നു ചുംബനം .
അന്പോടെ സഹപാഠി തന്നുടെ കവിളില്‍
മുദ്രയായേകുന്ന മാര്‍ദ്ദവം ചുംബനം .
അനിയത്തി തന്നുടെ മൂര്‍ദ്ധാവു തന്നില്‍
അണിയിക്കും സ്നേഹസമ്മാനം ചുംബനം.
കാമുകിതന്നുടെ കണ്‍കളില്‍ ആരാരും
കാണാതെ നല്‍കുന്ന കുസൃതിയും ചുംബനം.
പ്രേയസി തന്നുടെ ഉടലിലെ സ്നിഗ്ദ്ധമാം
നിമ്ന്നോതങ്ങളില്‍ പടരുന്നതും ചുംബനം.
വര്‍ദ്ധിച്ച കാമമോടാരുടെ ചുണ്ടിലും
ആസക്തിയോടെയേകുന്നതോ ചുംബനം.?
ഇഷ്ടമില്ലാത്തൊരു  ഇണയുടെ ചുണ്ടത്തു
ഇച്ഛയില്ലാതെ നല്‍കുന്നതോ ചുംബനം ?.
മരവിച്ച കവിളില്‍ അന്ത്യയാത്രക്ക്
കണ്ണീരു വീഴ്ത്തി നല്‍കുന്നതും ചുംബനം .
ചുംബനം പലവിധമുണ്ടീ ലോകത്തില്‍
ചുംബിക്കുവാനും  പലപല  കാരണം.
ചുംബനങ്ങളില്‍ ഉത്തമമേതെന്നു ചിന്തിക്കില്‍
നല്കുമിടമല്ല മനമതിന്‍ ചിന്തയല്ലോ മുഖ്യം.
---------------ബി.ജി.എന്‍ വര്‍ക്കല



1 comment:

  1. നല്ല വരികള്‍.. ഇഷ്ടമായി ..

    ReplyDelete