Saturday, March 7, 2020

മനുസ്മൃതി (ഭ്രുഗുസംഹിത) ............. വിവര്‍ത്തകര്‍: വി ബാലകൃഷ്ണന്‍. ആര്‍ ലീലാദേവി


മനുസ്മൃതി (ഭ്രുഗുസംഹിത)
വിവര്‍ത്തകര്‍: വി ബാലകൃഷ്ണന്‍. ആര്‍ ലീലാദേവി
വിദ്യാര്‍ഥി മിത്രം ബുക്ക്‌ ഡിപ്പോ (1980)
വിതരണം : ശ്രേയസ് ഓണ്‍ലൈന്‍ പിഡിഎഫ് കോപ്പി

"അസ്വതന്ത്രാഃ സ്ത്രീയ: കാര്യം:
പുരുഷൈ: സ്വൈർദ്ദിവാനിശം
വിഷയേഷുച സന്ത്യജ്യാസ്സംസ്ഥാപ്യാ ആത്മനോവശേ. (മനുസ്മൃതി 9:2)
ഭർത്താവ് തുടങ്ങിയ ബന്ധുക്കൾ രാവും പകലും ഒരു കാര്യത്തിലും സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൊടുക്കരുതാത്തതാകുന്നു അവർ ദുർവിഷയികളായിരുന്നാലും തങ്ങളുടെ സ്വാധീനത്തിൽ അധിവസിച്ചു കൊള്ളേണ്ടതാകുന്നു."


ഓരോ രാജ്യത്തിനും ഒരു ഭരണഘടനയുണ്ട് . അത് മത രാജ്യങ്ങളാകിലും ജനാധിപത്യ രാജ്യങ്ങളാകിലും എന്തെങ്കിലും പ്രത്യയശാസ്ത്രപരമായ സംഹിതകളില്‍ വിശ്വസിക്കുന്ന രാജ്യമാണെങ്കിലും ഭരണത്തിനു ഒരു നിയമസംഹിത ഉണ്ടായിരിക്കും. ഇത്തരം നിയമസംഹിതകള്‍ രൂപം കൊള്ളുന്നത്‌ അതതു രാജ്യങ്ങളുടെ, അവിടെ അധിവസിക്കുന്ന ജനതയുടെ സംസ്കാരവും സാമൂഹികമായ അറിവും അനുഭവങ്ങളും മുൻ നിര്‍ത്തിയാകും. നമുക്കിന്നു ലഭ്യമായ എല്ലാ ഭരണഘടനകളും ഇങ്ങനെ മുന്‍പ് നിലനിന്ന നിയമസഹിതകളുടെ പരിഷ്കരിച്ച പതിപ്പുകള്‍ മാത്രമാണ് . സ്വതന്ത്രമായി, പുതിയതായി നിര്‍മ്മിച്ച ഒരു ഭരണ ഘടന  നമുക്കെങ്ങും തന്നെ ദര്‍ശിക്കാന്‍ കഴിയില്ല. വിഭിന്ന സംസ്കാരങ്ങളുടെ , ഭരണഘടനകളുടെ സംക്ഷിപ്ത രൂപമാണ് ഇന്ത്യയുടെ ഭരണഘടന. നൂറ്റാണ്ടുകളായി പല സംസ്കാരങ്ങളും സമൂഹങ്ങളും ഭരിച്ചതും നിയന്ത്രിച്ചതുമായ ഒരു സംസ്കാരത്തിന്റെ ബാക്കിപത്രമാണ് ഇന്ത്യയുടെ ഇന്നത്തെ സാമൂഹികവും സാംസ്കാരികവുമായ എല്ലാ കാഴ്ചപ്പാടുകളും എന്ന് പറയുന്നതില്‍ ഒട്ടും തന്നെ തെറ്റുണ്ട് എന്ന് കരുതുന്നില്ല . പരിഷ്കാരത്തിന്റെ മുഖമുദ്രയാണ് ഭരണഘടനകളുടെ നിര്‍മ്മിതി. ബഹുമുഖമായ സംസ്കാരങ്ങളും ജനതയും ഒറ്റ നിയമത്തിനും ചിട്ടകള്‍ക്കും  വിധേയമായി ഒരൊറ്റ ജനതയായി നിലനില്‍ക്കാന്‍ ഇത് സഹായിക്കുന്നു . ലോകത്തിനു എക്കാലവും  മാതൃകയായ ഒരു ജനാധിപത്യ വ്യവസ്ഥിതി പ്രദാനം ചെയ്യാന്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് കഴിഞ്ഞിരുന്നു . എന്നാല്‍ സമകാലിക സംഭവങ്ങളില്‍ നിന്നും കണ്ടു മനസ്സിലാക്കാന്‍ കഴിയുന്നത് ജനാധിപത്യം എന്നത് ലോകത്തെ മറ്റെല്ലാ സംസ്കാരങ്ങള്‍ക്കും ഒപ്പം മതാധിപത്യത്തില്‍ എത്തുവാന്‍ കുതിക്കുന്ന കിതപ്പാണ്. അതിനൊപ്പം തന്നെ ഇന്ന് സമൂഹത്തില്‍ വളരെ പെട്ടെന്ന് ചര്‍ച്ചയാകുന്ന ഒരു വിഷയമാണ് ഇന്ത്യയുടെ ഭരണഘടന. ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചത് മനുസ്മൃതിയാണ് എന്നും അതുപോലെ എതിര്‍വാദം മനുസ്മൃതി അല്ല നമുക്ക് വേണ്ടത് കാരണം  അത് പ്രാകൃതവും ചാതുര്‍വര്‍ണ്യം പ്രോത്സാപ്പിക്കല്‍ ആണെന്നതും . ഈ ഒരു ചുറ്റുപാടിലാണ് എന്താണ് മനുസ്മൃതി എന്ന  ഒരന്വേഷണം മനസ്സില്‍ ഉയര്‍ന്നത്.  ഒരുപാട് കേട്ടിരുന്നു  പലപ്പോഴും പല ഇടങ്ങളിലും പല വാചകങ്ങളും ഉദ്ദരണികളായി കണ്ടിട്ടുമുണ്ട് എന്നതിനപ്പുറം മനുസ്മൃതി എന്തെന്ന് വായിച്ചു നോക്കല്‍ ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് ഇന്റര്‍നെറ്റിന്റെ സര്‍ഫിംഗ് ലോകത്ത് നിന്നും, ഭാരതീയസംസ്കാരം ജനങ്ങളില്‍ എല്ലാവരിലും എത്തിക്കുവാന്‍ പ്രയത്നിക്കുന്ന ഗ്രൂപ്പ്‌ എന്നവകാശപ്പെടുന്ന www.sreyas.inഎന്ന വെബ്സൈറ്റില്‍ നിന്നും മനുസ്മൃതിയുടെ ഭ്രുഗുസംഹിത ലഭിക്കുന്നത്. 

മനുസ്മൃതി വായിച്ച അനുഭവത്തിലൂടെ, ഒരു ജനതയുടെ സംസ്കാരവും അവര്‍ കടന്നുവന്ന വഴികളും അവരുടെ സാമൂഹികപശ്ചാത്തലവും അറിയുവാന്‍ സഹായിച്ചു എന്നത് വലിയൊരു നേട്ടമായി കരുതുന്നു . ബി സി മൂന്നോ അഞ്ചോ നൂറ്റാണ്ടില്‍ എഴുതിയതാണ് എന്ന് കരുതപ്പെടുന്ന മനുസ്മൃതി ആണ് ആദ്യമായി ഇംഗ്ലീഷിലേക്ക്  തര്‍ജ്ജമ ചെയ്യപ്പെട്ട സംസ്കൃതഗ്രന്ഥം. ഹിന്ദു നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ ആണ് 1700കളില്‍ ഇത് ചെയ്തത് എന്ന് രേഖപ്പെടുത്തി കാണുന്നു . യഥാര്‍ത്ഥ മനുസ്മൃതിയുടെ സംക്ഷിപ്തരൂപം ആണ് ഇന്നുള്ളത് എന്നും പന്ത്രണ്ട് അധ്യായങ്ങള്‍ ആയി അത് ക്രോഡീകരിച്ചിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ കഴിയുന്നു വിക്കിപീഡിയ വഴി. മനുസ്മൃതി എന്താണ് എന്ന് വായനയില്‍ മനസ്സിലായത് പറയാം . പൊതുവിലതിനെ ഒരൊറ്റ വാചകം കൊണ്ട് പൂര്‍ണ്ണമാക്കാന്‍ കഴിയും .  “ബ്രാഹ്മണര്‍ക്ക് വേണ്ടി ബ്രാഹ്മണരാല്‍ എഴുതിയുണ്ടാക്കിയ നിയമാവലി.”  എന്തുകൊണ്ടാണ് അത് അങ്ങനെ പറയേണ്ടി വരുന്നത് എന്നത് പറയും മുന്നേ ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട് .  ഒരു ജനത എങ്ങനെ ജീവിക്കണം , എന്തൊക്കെ കഴിക്കണം , എന്തൊക്കെ ചെയ്യണം , വിവാഹത്തിലും മറ്റെല്ലാ വ്യവഹാരത്തിലും എന്തൊക്കെ പാലിക്കണം എന്നൊക്കെ വിവരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശിയാണ് ഈ ഗ്രന്ഥം എന്നും, ഓരോ ഹിന്ദുവിന്റെയും വീടുകളില്‍ സൂക്ഷിക്കേണ്ട ഗ്രന്ഥം ആണിത് എന്നും ഇത് സ്വയം പറയുന്നുണ്ട് . എന്നാല്‍ ഉള്ളിലേക്ക് വായിച്ചു ചെല്ലുമ്പോള്‍ കാണുന്നത് എന്താണ് എന്നത് വായനക്കാരെ അത്ഫുതപ്പെടുത്തിയേക്കാം.  പ്രപഞ്ച ആരംഭവും അതില്‍ സ്വയം ഭൂവായ ആദ്യ മനുവും മനുഷ്യനെയും പ്രപഞ്ചത്തെയും സൃഷ്ടിച്ചതും അവയെ ഒക്കെയും ചിട്ടപ്പടിയാക്കിയതും പറയുന്ന ആദ്യ ഘട്ടവും പിന്നെ മനുഷ്യരെ നാല് തരം വര്‍ഗ്ഗങ്ങള്‍ ആയി തിരിച്ചതും അവരുടെ ജോലിയും ധര്‍മ്മവും അവര്‍ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യരുതാത്തത് , അവര്‍ക്കുള്ള ശിക്ഷകള്‍ തുടങ്ങിയവയും പാപങ്ങളും പാപ പരിഹാരങ്ങളും,  രാജ്യം ഭരിക്കേണ്ട രാജധര്‍മ്മവും നിയമങ്ങളും, ദാമ്പത്യം, ജീവിതം തുടങ്ങിയവയും വിവരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ദിശാ സൂചികയാണ് ഈ പുസ്തകം . പക്ഷെ, അത് ആര്‍ക്ക് എന്നതാണ് പ്രധാനം . സമൂഹത്തില്‍ ദൈവത്തിനു സമാനമായ ഒരു വര്‍ഗ്ഗം മാത്രമാണ് ഉള്ളതെന്നും അത് ബ്രാഹ്മണര്‍ ആണെന്നും അടിസ്ഥാനമിട്ടു പറഞ്ഞുകൊണ്ട് ഈ നിയമങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും രസാവഹമായ സംഗതി , കഠിനമായ തെറ്റുകള്‍ക്ക് എന്തൊക്കെ കഠിനമായ ശിക്ഷകള്‍ മറ്റു വര്‍ണ്ണങ്ങള്‍ക്ക് കൊടുക്കാൻ നിർദ്ദേശിക്കുമ്പോഴും ബ്രാഹ്മണനെ സ്വന്തം സ്വത്തുകളുമായി നാട് കടത്തുന്നതില്‍ കൂടിയ ഒരു ശിക്ഷയും മനുഷ്യര്‍ നല്‍കാൻ പാടില്ല എന്നതാണ് .

ബ്രാഹ്മണര്‍ക്ക് താഴെ ക്ഷത്രിയര്‍  അവര്‍ക്ക് താഴെ വൈശ്യര്‍ അവര്‍ക്ക് താഴെ ശൂദ്രര്‍ എന്നിങ്ങനെ നാല് വര്‍ണ്ണങ്ങള്‍ മാത്രം .  ഈ വര്‍ണ്ണങ്ങള്‍ക്കിടയിൽ അവർ നിയമം ലംഘിച്ച് പരസ്പരം ബന്ധപ്പെട്ടാല്‍ ലഭിക്കുന്ന കുട്ടികളാണ് ഇവര്‍ക്കും താഴെ ഉള്ള അധമവര്‍ഗ്ഗങ്ങള്‍ . അവര്‍ക്ക് പക്ഷെ വര്‍ണ്ണം ഇല്ല അവരെ ഒരു ഗണത്തിലും കൂട്ടുന്നില്ല . ആ വര്‍ണ്ണങ്ങള്‍ , വര്‍ഗങ്ങള്‍ ഏതൊക്കെ എന്ന് വിസ്തരിക്കാന്‍ നില്‍ക്കുന്നില്ല .

ഒരു വസ്തുത വളരെ ശക്തമായി പറയാന്‍ ആഗ്രഹിക്കുന്നത് തികഞ്ഞ മനുഷ്യത്വവിരുദ്ധമായ ഒരു നിയമാവലിയാണ് ഈ പുസ്തകം എന്നുള്ളതാണ്. കാരണം സ്ത്രീകള്‍ക്കും ശൂദ്രര്‍ക്കും അതിനു താഴേക്കുള്ള മനുഷ്യര്‍ക്കും (അവരെ കണക്കു കൂട്ടുന്നത്‌ പോലുമില്ല ഈ പുസ്തകത്തില്‍) ഒരു നീതിയോ പരിഗണനയോ ഇല്ല എന്നുള്ളതാണ് . എന്നാല്‍ ഇടയിലും മറ്റും ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളും അവരെ സഹായിക്കുന്നതിനായി കാണാം എന്നുള്ളത് മറച്ചു വയ്ക്കുന്നില്ല . അത് പക്ഷെ സ്ത്രീകള്‍ക്കും പിന്നെ എഴുപത് കഴിഞ്ഞ ശൂദ്രര്‍ക്കും മാത്രമാണ് . ബി സി രണ്ടാംനൂറ്റാണ്ടിലും മറ്റും ഇന്ത്യയില്‍ സ്ത്രീധന സമ്പ്രദായം എന്നത് കന്യാശുല്‍ക്കം ആയിരുന്നു എന്നും പുരുഷന്‍ പെണ്ണിന്റെ അച്ഛന് ധനം നല്‍കിയാണ്‌ വിവാഹം നടന്നിരുന്നത് എന്നും കാണാം. എവിടെ വച്ചാണ് അത് തിരിഞ്ഞു വെന്നതറിയില്ല.

ഇനി പറയാന്‍ പോകുന്ന വിഷയം ചിലപ്പോള്‍ വായനക്കാരെ അമ്പരപ്പിച്ചേക്കാം അല്ലെങ്കില്‍ ചൊടിപ്പിച്ചേക്കാം. എങ്കിലും അത് പ്രധാനമായി തോന്നുന്നു . മനുസ്മൃതി എഴുതിയവര്‍ ആര്യന്മാര്‍ ആണെന്നത് നിഷേധിക്കാന്‍ കഴിയാത്ത ഒരു സംഗതി ആണല്ലോ. അതിനെ ബന്ധിപ്പിക്കുന്ന ഒരു വസ്തുത ഈ പുസ്തകത്തിന്റെ വായനയില്‍ വളരെ നല്ല രീതിയില്‍ വായിച്ചെടുക്കാം . മൊസപ്പൊട്ടാമിയന്‍ സംസ്കാരവും ആര്യന്‍ സംസ്കാരവും ഒരു നുകത്തില്‍ കെട്ടാവുന്ന കാളകള്‍ ആണ് എന്നത് ഈ പുസ്തകം വ്യക്തമായി പറയുന്നു . ഈ പുസ്തകത്തില്‍ ബൈബിളില്‍ പറയുന്ന ഉപദേശങ്ങളും ഖുറാനില്‍ പറയുന്ന ഉപദേശങ്ങളും  വായിക്കാന്‍ കഴിയും . ഇവയില്‍ പറയുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ ഖുറാനില്‍ പറയുന്നതും ബൈബിളില്‍ പറയുന്നതുമായ ഒരുപാട് സദാചാര വിഷയങ്ങളും ശിക്ഷകളും  പ്രപഞ്ച സൃഷ്ടിയും ദൈവ വിശ്വാസവും ഒക്കെയും പല വിധത്തിൽ സമാനതകള്‍ ഉള്ളത് ആണെന്ന് കാണാം. നേരിട്ടോ വിപരീതമായ ഒക്കെ അവ പരസ്പരം ഏകീകൃതമായ ചിന്താഗതികൾ ആണ്.  അവയില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ ആണ് സര്‍വ്വമതസാരവുമേകം എന്ന പ്രയോഗത്തിന്റെ സത്യം ഓര്‍ത്ത്‌പോകുന്നത്. ഒപ്പം മതത്തിന്റെ കപടതകള്‍ ഇവയിലൂടെ വെളിവാകുകയും ചെയ്യുന്നുണ്ട് .

മനുസ്മൃതി വായിച്ചു പോകാവുന്ന ഒരു പുസ്തകം അതല്ലെങ്കില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ സംസ്കാരം എന്തായിരുന്നു എന്നറിയുന്നതിനുള്ള ഒരു റഫറന്‍സ് പുസ്തകം എന്നത് മാത്രമാണ്.  അതിനപ്പുറം ഒരു നിയമമായി തിരികെ കൊണ്ട് വരാന്‍ കഴിയുന്ന ഒന്നല്ലത് . വിദ്യാഭ്യാസമുള്ള ഒരു തലമുറയ്ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയാത്ത ഒരു നിയമാവലി എന്നതിനാല്‍ തന്നെ കാലഹരണപ്പെട്ട ഒരു  ചിന്താഗതിയായി ഇതിനെ കാണാന്‍ കഴിയും . മതവും മത നിയമവും മനുഷ്യരെ എങ്ങനെ ആണ് കെട്ടിയിടപ്പെടുന്നത് എന്നറിയാന്‍ ഈ പുസ്തകത്തിന്റെ വായന ഉപകരിക്കും .  ഒപ്പം വായനയില്‍ അനുഭവപ്പെട്ട ഒരു വിഷയം ഈ പുസ്തകത്തില്‍ പറയുന്ന പലതും , പല നിയമവും ചിന്തയും ശീലങ്ങളും നാം പൊതുജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ അനുവര്‍ത്തിച്ചു പോകുന്നവയാണ് എന്നതാണ് .  സമൂഹത്തിലെ കാഴ്ചപ്പാടുകള്‍ പ്രത്യേകിച്ച് തങ്ങളേക്കാള്‍ താഴെയുള്ള ജാതികള്‍ എന്ന് അവര്‍ വിശ്വസിക്കുന്ന മനുഷ്യര്‍ക്കെതിരെ ഉള്ള ചിന്തകളും പെരുമാറ്റവും , കുറ്റകൃത്യങ്ങളില്‍ ആദ്യം മനസ്സില്‍ വരുന്ന ശിക്ഷാ രീതികള്‍ ഇവയൊക്കെ ഒരു സമൂഹം നൂറ്റാണ്ടുകള്‍ പിന്തുടര്‍ന്ന് വന്ന,കൈമാറി വന്ന നിയമങ്ങള്‍ ആണല്ലോ എന്നോര്‍ത്തുപോകുന്നു . ഒപ്പം ഇങ്ങനെയും ചിന്തിക്കുന്നു . മനുസ്മൃതിയെ വിവരവും വിദ്യാഭ്യാസവും ഉള്ള മനുഷ്യര്‍ എതിര്‍ക്കും പക്ഷെ ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം മതത്തിലെ അടിയുറച്ച വിശ്വാസികള്‍ എതിര്‍ക്കുന്നത് അതവർ വായിക്കാഞ്ഞിട്ടാണ് എന്നാണു . ശരിയാണല്ലോ ഒരു മത ഗ്രന്ഥവും ശരിയായ അര്‍ത്ഥത്തില്‍ വായിച്ചവര്‍ അല്ല മതവിശ്വാസികള്‍ എന്ന് പറയുന്നവര്‍ . അവര്‍ വ്യാഖ്യാനങ്ങളും കേള്വികളും കൊണ്ട് മാത്രം മതത്തെ അറിയുന്നവര്‍ ആണ് . ഇക്കാര്യത്തില്‍ മനുസ്മൃതിയും പിന്നിലല്ല. ഇതിനെ എതിര്‍ക്കുന്ന ബഹുഭൂരിപക്ഷവും ഇതിനെ എതിര്‍ക്കുന്നത് ഇത് വായിച്ചിട്ടല്ല . വായിച്ചു കഴിഞ്ഞാല്‍ ഒരു മത വിശ്വാസി എന്ന നിലയില്‍ അവര്‍ക്ക് അതിനു കഴിയുമോ എന്ന് കണ്ടറിയണം .

ആവശ്യം എല്ലാവരും വിയിക്കേണ്ട പുസ്തകം ആണ് മനുസ്മൃതി . ഖുറാനും ബൈബിളും മനുസ്മൃതിയും ഓരോ ഭാരതീയനും മനസ്സിരുത്തി സ്വതന്ത്രമായി വായിക്കണം . ശേഷം അവര്‍ ചിന്തിക്കട്ടെ . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല



No comments:

Post a Comment