ബുധിനി (നോവൽ)
സാറാ ജോസഫ്
ഡി.സി ബുക്സ് 2019
വില: ₹ 499.00
വായിച്ചു തുടങ്ങുമ്പോൾ ആകാംഷ നല്കുന്ന വായനയെ തീർക്കാതെ താഴത്തു വയ്ക്കാൻ കഴിയാത്ത അവസ്ഥകൾ വിരളമായ സംഭാവനകൾ ആണ്. വായനയിൽ വിസ്മയം സൃഷ്ടിക്കുന്ന അത്തരം എഴുത്തുകൾ എക്കാലവും നിലനില്ക്കുന്നു. ബഷീറിനെ വായിക്കുമ്പോഴും മാധവിക്കുട്ടിയെ വായിക്കുമ്പോഴും തോന്നുന്ന ലാളിത്യവും മനോഹാരിതയും മറ്റെഴുത്തുകളിൽ കിട്ടുകയില്ല. എന്നാൽ ആനന്ദിനെയും സുകുമാറിനെയും വായിക്കുന്ന അനുഭൂതിയും എൻ എസ് മാധവനെ വായിക്കുന്ന രസവും വേറെയാണ്. വിജു.സി പരവൂരിനെ വായിക്കുന്നതു പോലെ തോമസ് ചെറിയാനെ വായിക്കാനാകില്ല. രാജേഷ് ചിത്തിരയോട് ചേർത്ത് വായിക്കാൻ വെള്ളിയോടൻ കഥകൾ പറ്റുകയുമില്ല. പറഞ്ഞു വരുന്നത് വായന തരുന്ന വിഭിന്നമായ സന്തോഷങ്ങളുടെ രൂപരേഖകൾ ആണ്. പരാമർശിക്കപ്പെടുന്നവർ മാത്രം എന്നതിനർത്ഥമില്ല: പറയാതെ വിട്ടവർക്ക് അത് കഴിയാത്തതുമല്ല.
വായനകളിൽ അടുത്തിടെ വ്യത്യസ്ഥ നോവൽ വായനകൾ കിട്ടിയത് മഞ്ഞവെയിൽ മരണങ്ങളും മാമ ആഫ്രിക്കയും ആയിരുന്നെങ്കിലും രണ്ടിലും അവതരണത്തിലെ സാമ്യതകൾ കൊണ്ടവയെ രണ്ടു തരം വായനയായി കാണാൻ കഴിയുന്നില്ല. ആ ഗ്യാപിലേക്കാണ് സാറ ജോസഫ് തൻ്റെ ബുധിനിയെ ആനയിച്ചു കൊണ്ടു വന്നത്.
ബുധിനി എന്ന നോവൽ സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെ നല്ലൊരു വർക്കായി കാണാം. പൊതുവേ കേരളത്തിൻ്റെ ചുറ്റുപാടുകളെ മാത്രം ആശ്രയിച്ചെഴുത്തു നടത്തുന്ന എഴുത്തുകാർക്ക് മുന്നിൽ ഈ നോവലിന് അവകാശവാദങ്ങൾ ഉന്നയിക്കാം വ്യത്യസ്ഥത കൊണ്ട്. ഇക്കാലത്ത് എഴുത്തിന് വേണ്ടി, അതവതരിപ്പിക്കുന്ന കാലദേശങ്ങളിലേക്ക് കഴിയുന്ന തരത്തിൽ വിവര സാങ്കേതിക വശങ്ങൾ ഉപയോഗപ്പെടുത്തിയും യാത്രകൾ ചെയ്തു പൂർണ്ണത കൊണ്ടുവരാൻ ശ്രമിക്കുന്ന എഴുത്തുകാർക്ക് മാത്രമേ നല്ല വായനകൾ നല്കാൻ കഴിയുകയുള്ളു. ത്സാർഖണ്ടിൽ സംഭവിക്കുന്ന കഥയെ അതിൻ്റെ തനിമ നിലനിർത്തി പറയാൻ സാറാ ജോസഫിന് കഴിഞ്ഞതും അതിനാലാണല്ലോ. വ്യത്യസ്ഥമായ ഒരു സംസ്കാരത്തെയും ഭാഷയെയും ജീവിതത്തെയും അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമായില്ല എന്ന് എഴുത്തുകാരിക്ക് ആശ്വസിക്കാം.
ഒരു ജനവിഭാഗത്തിൻ്റെ സ്വത്തും ജന്മഭൂമിയും ഉപേക്ഷിച്ച് മറ്റൊരിടം തേടി പോകേണ്ടി വരിക എന്നത് ശരിക്കും മരണമാണ്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണർത്തുന്ന പൗരത്വ ഭേദഗതി ബില്ലിനെ സകലരുമൊരു മിച്ചെതിർക്കുന്നത് ഈ പറിച്ചു നടലുകളുടെ ഭവിഷ്യത്തുക്കൾ ഓർത്തു തന്നെയാണ്. ബുധിനിക്കും പറയാനുള്ളത് അത്തരം ഒരു പറിച്ചുനടലിൻ്റെ വേദനാജനകമായ വിഷയങ്ങൾ തന്നെയാണ്. ഒപ്പം തന്നെ ഗ്രാമീണ ജീവിതത്തിൻ്റെ നീതി നിയമങ്ങളിൽ പെട്ടു ജീവിതം നഷ്ടമാകുന്ന ദുരന്തങ്ങളും പറയുന്നു ഈ നോവലിൽ.
ഒരണക്കെട്ടു കൊണ്ട് രാജ്യത്തിന് ലഭിക്കുക അഭിവൃദ്ധിയാണ്. പുരോഗതിയിലേക്ക് കുതിച്ചു പായുന്ന രാജ്യങ്ങൾ അതിനാൽ തന്നെ പുരോഗമനത്തിൻ്റെ പാതയിലെ വെട്ടിമാറ്റുന്ന പുൽച്ചെടികളെ കാണില്ല. ദാമോധർ നദിയുടെ എല്ലാ തെറ്റുകളെയും അതിൻ്റെ എല്ലാ ഭാവങ്ങളെയും അനുവദിച്ചു കൊണ്ടു തന്നെയാണ് സന്താൾ ജനത ജീവിക്കുന്നത്. പക്ഷേ സ്വതന്ത്ര ഭാരതത്തിൻ്റെ പുരോഗതിയുടെ പിച്ചവക്കലിൽ ഭക്രാംനഗൽ അണക്കെട്ട് ഉയരുമ്പോൾ അവർക്ക് നഷ്ടമായത് തങ്ങളുടെ ഭൂമിയാണ്. പകരം ലഭിക്കുന്ന ജോലിയോ താമസത്തിന് കണ്ടെത്തുന്ന ഇടങ്ങളോ ഒന്നും തന്നെ അവർക്ക് ' മനസ്സുഖം നല്‌കുന്നവയുമല്ല.
ഗ്രാമീണ സംസ്കാരത്തിലെ ചില ആചാരങ്ങളും വിശ്വാസങ്ങളും പൊതുജീവിതത്തിൽ മറ്റു മനുഷ്യരുമായി ഒന്നിച്ചു ജീവിക്കുന്നതിന് ബുദ്ധിമുട്ടാകുന്നുണ്ട്. സൗദിയിലെ ബദുക്കൾ ആയാലും കേരളത്തിലെ ആദിവാസി ഗോത്രങ്ങളായാലും ഈ തരത്തിലുള്ള ചില വിശ്വാസങ്ങൾ നിമിത്തം ബലിയാടുകളെ സൃഷ്ടിക്കാറുണ്ട്. ഊരുവിലക്കു നിലനില്ക്കുന്ന ആദിവാസി ഗോത്രങ്ങളെക്കുറിച്ചു പറയുമ്പോൾ തന്നെ കേരളത്തിലെ കണ്ണൂർ പോലുള്ള ഇടങ്ങളിൽ അടിയുറച്ച കമ്യൂണിസ്റ്റ് പാർട്ടിഗ്രാമങ്ങളിൽ ഊരുവിലക്ക് നിലനില്ക്കുന്നുണ്ട് എന്നത് ഈ വിശ്വാസ സംരക്ഷണ ബലികൾക്ക് ഉദാഹരണമായി കാട്ടാം. ബുധിനി എന്ന നിഷ്കളങ്കയായ സന്താൾ പെൺകുട്ടിക്കും സംഭവിച്ചത് ഇത് തന്നെ. അണക്കെട്ട് രാജ്യത്തിന് സമർപ്പിക്കാൻ വന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ച ഒറ്റ കുറ്റത്തിന് ഊരുവിട്ടോടേണ്ടി വന്നവൾ. അവളുടെ ജീവിതത്തെയും ആ ജീവിതം പഠിക്കാനും പുറം ലോകത്തെ അറിയിക്കാനും വന്ന രണ്ടു യുവതികളുടെയും ചിന്തകളിലൂടെയും കാഴ്ചകളിലൂടെയും അറിവുകളിലൂടെയുമാണ് ഈ നോവൽ പടർന്നു പന്തലിക്കുന്നത്.
തികച്ചും പ്രാദേശികമായ ഭാഷയിലൂടെ നടക്കുന്ന നോവൽ, അതു മുന്നോട്ടുവയ്ക്കുന്ന വിഷയത്തെ ഗൗരവപരമായി തന്നെ കൈകാര്യം ചെയ്യുന്നു. ഈ നോവൽ വായനയിൽ അനുഭവപ്പെട്ട ഒരു സംഗതി ഇതൊരു മനോഹരമായ പരിഭാഷയാണോ എന്ന സന്ദേഹമുണർത്തി എന്നുള്ളതാണ്. ഒരു ഉത്തരേന്ത്യൻ നോവലിൻ്റെ പരിഭാഷ പോലെ അവതരിപ്പിക്കപ്പെട്ട ഈ എഴുത്ത് നോവൽ രചനയിലെ നല്ലൊരു ദിശാ സൂചികയായി തോന്നി. ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹിക ജീവിതവും അതേപോലെ പരിചയപ്പെടുത്തുമ്പോൾ വായനക്കാർ തികച്ചും ആനന്ദഭരിതരാകുക തന്നെ ചെയ്യും. ഒരു നോവലായല്ല ഒരു ജീവചരിത്രമായി തന്നെ ബുധിനി നിലനില്ക്കുമ്പോഴും അത് ഇടകലർന്ന് രണ്ടിലേത് എന്ന ആശങ്ക വായനക്കാരിൽ പകർത്താൻ എഴുത്തുകാരിക്കു കഴിഞ്ഞിരിക്കുന്നു
ആശംസകളോടെ ബിജു.ജി.നാഥ് വർക്കല
No comments:
Post a Comment