Tuesday, August 14, 2018

മരുഭൂമിയിലെ തണല്‍ മരങ്ങള്‍ ................ശാന്താ തുളസീധരന്‍


മരുഭൂമിയിലെ തണല്‍മരങ്ങള്‍ (ജീവചരിത്രം)
ശാന്താ തുളസീധരന്‍
ലിപി പബ്ലിക്കേഷന്‍
വില : 150 രൂപ

ജീവചരിത്രങ്ങള്‍ ജീവിതത്തിന്റെ സാക്ഷ്യങ്ങള്‍ ആണ് . ഓരോ മനുഷ്യനും ഇവിടെ ജീവിച്ചു മരിച്ചു പോകുമ്പോള്‍ അവശേഷിപ്പിക്കുന്ന അടയാളങ്ങള്‍ ആണ് അവന്റെ പ്രവര്‍ത്തിയും പ്രഭാവവും . പലപ്പോഴും അത്തരം ചരിത്രങ്ങളെ നമ്മള്‍ ഓര്‍ക്കാറില്ല കാരണം അവര്‍ ഒരുപക്ഷെ, ചരിത്രത്തിനു അനഭിമതര്‍ ആകുന്നതോ അതോ ചരിത്രം അവരെ ഓര്‍ക്കാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതോ ആകും . ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസങ്ങള്‍ ആകും മറ്റു ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തങ്ങളെ അടയാളപ്പെടുത്തി ഇല്ലാത്ത കാഴ്ചകളിലൂടെ ആള്‍ക്കാരെ കബളിപ്പിക്കും . ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരുടെ ജീവചരിത്രങ്ങള്‍ എഴുതി വെട്ടിലായ പല എഴുത്തുകാരും നമുക്കിടയില്‍ ഉള്ളത് ഇതിനുദാഹരണം ആണ് . കേട്ടറിവുകള്‍ കൊണ്ട് മഹത്വം ദര്‍ശിച്ചു പുറം കാഴ്ചകളെ അടയാളപ്പെടുത്തുകയും ആഴത്തില്‍ അറിയാതെ പോകുന്നതുകൊണ്ടോ പഠിക്കാതെ പോകുന്നതുകൊണ്ടോ ലോകത്തിനു തെറ്റായ ഒരു ചിത്രം നല്‍കേണ്ടി വരികയും ചെയ്യുന്നത് ജീവചരിത്രം എഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് . ഒരാളുടെ ജീവിതം അയാള്‍ തന്നെ പകര്‍ത്തുമ്പോള്‍ അതില്‍ എന്ത് ചേര്‍ത്താലും അതയാളുടെ മാത്രം ഉത്തരവാദിത്വം ആകുന്നു . പക്ഷെ അയാളെ മറ്റൊരാള്‍ അടയാളപ്പെടുത്തുമ്പോള്‍ അതില്‍ എന്ത് വന്നാലും അത് ആ എഴുത്തുകാരന്റെ ഉത്തരവാദിത്വം ആകുന്നു എന്നത് ഓരോ എഴുത്തുകാരനും മനസ്സിലാക്കിയാല്‍ കൂടുതല്‍ മനോഹരവും വിമര്‍ശനപരമായതുമായ ഒരു യഥാര്‍ത്ഥ ജീവിത ചരിത്രം വായനക്കാര്‍ക്ക് ലഭിക്കും . അടുത്തിടെ വായിച്ച ചില ജീവചരിത്ര ഗ്രന്ഥങ്ങള്‍ തന്ന ഈ ഓര്‍മ്മ മനസ്സില്‍ വച്ചുകൊണ്ടാണ് ശ്രീ ‘ശാന്താ തുളസീധര’ന്റെ “മരുഭൂമിയിലെ തണല്‍മരങ്ങള്‍” വായിക്കാനെടുത്തത്.

പ്രവാസഭൂമിയില്‍ പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്ന ചില നന്മമരങ്ങള്‍ ഉണ്ട്. അവര്‍ ആരാലും അറിയപ്പെടാന്‍ സ്വയം ആഗ്രഹിക്കാതെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ മാത്രം ശ്രദ്ധിച്ചു കഴിഞ്ഞുപോകുന്ന മനുഷ്യര്‍ ആണ് . ഇത്തരം അപൂര്‍വ്വ മനുഷ്യരുടെ ആത്മാര്‍ത്ഥപ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്താന്‍ പ്രവാസഭൂമിയിലെ എഴുത്തുകാര്‍ക്ക് പലപ്പോഴും കഴിയാറില്ല . അവര്‍ക്ക് ആവശ്യം പ്രവാസിയുടെ വിരഹം, രതി , പ്രണയം . നാട്ടിന്റെ ഗൃഹാതുരത്വം തുടങ്ങിയവ എഴുതി സീരിയല്‍ പ്രേമികള്‍ ആയ വായനക്കാരെ ആകര്‍ഷിക്കുക എന്നത് മാത്രമാണ് . ചുരുക്കം ചിലർ ഇതില്‍ നിന്നും വ്യത്യസ്തമാകുന്നു എന്നത് മറക്കുക വയ്യ തന്നെ. സംഘടനകള്‍ ഉണ്ടാക്കാനും അതിന്റെ അമരത്തു കയറി ഇരിക്കാനും വ്യഗ്രത പൂണ്ട പ്രവാസി എഴുത്തുകാര്‍ക്ക് പരസ്പരം താങ്ങും തണലും ആയി അവര്‍ തന്നെ വര്‍ത്തിക്കുന്നുണ്ട്. പത്തു സംഘടനകള്‍ ഉണ്ടാകും സാഹിത്യത്തിനു . പത്തിലും ഒരേ മുഖങ്ങള്‍ ആകും . ഒരിടത്ത് പ്രസിഡന്റ്  ആയിരിക്കുന്നയാള്‍ അടുത്തിടത്ത് സെക്രട്ടറി ആകും അല്ലെങ്കില്‍ ഖജാന്‍ജി അതുമല്ലെങ്കില്‍ മുഖ്യ രക്ഷാധികാരി . ഇങ്ങനെ പരസ്പരം സഹായത്തോടെ അവര്‍ ഭിന്നിച്ചു നില്‍ക്കുകയും പരസ്പരം വാഴ്ത്തുകയും അവാര്‍ഡുകള്‍ നല്‍കി പത്രങ്ങള്‍ക്ക് വാര്‍ത്തയായും ചര്‍ച്ചാ വേദികള്‍ സംഘടിപ്പിച്ചു പരസ്പരം ഉള്ള പുസ്തകങ്ങളെ വാഴ്ത്തി ചര്‍ച്ച നടത്തി ആത്മരതിയടയുകയും ചെയ്യുന്നതില്‍ ആണ് പ്രവാസ സാഹിത്യലോകം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മതേതരത്വം , മതസൗഹാര്‍ദ്ദം തുടങ്ങിയ കെട്ടുകാഴ്ചകള്‍ അവര്‍ക്കിടയിലെ വലിയൊരു ഘടകമാണ് . അടുത്തിടെയായി കേരളത്തില്‍ നിന്നും പ്രവാസ ഭൂമിയികയില്‍ വന്നു മേല്‍പ്പറഞ്ഞ മനുഷ്യ സ്നേഹികളെ കണ്ടും അറിഞ്ഞും അവരെക്കുറിച്ച് എഴുതാന്‍ എഴുത്തുകാര്‍ കാണിക്കുന്ന വ്യഗ്രത പോലും പ്രവാസത്തില്‍ ഉള്ളവരില്‍ ഉണ്ടായി കാണാറില്ല.

സൗദി അറേബ്യയില്‍ ഉള്ള ലത്തീഫ് തെച്ചി എന്ന മനുഷ്യന്റെ കഥയാണ് മരുഭൂമിയിലെ തണല്‍ മരങ്ങള്‍ എന്ന ജീവചരിത്രപുസ്തകം പങ്കുവയ്ക്കുന്നത് . പ്ലീസ് ഇന്ത്യ എന്ന സംഘടനയും ഹുറൂബ് ഡോട്ട് കോം എന്ന വെബ് സൈറ്റും ആഗോള പ്രവാസ സംഘടനകളുടെ അമരത്വത്തിനും ഒക്കെ പിന്നില്‍ ഉള്ള ആ മനുഷ്യന്റെ പ്രവര്‍ത്തികള്‍ എന്താണ് എന്ന് കണ്ടും കേട്ടും അറിഞ്ഞു അറിയപ്പെടുന്ന മലയാള എഴുത്തുകാരിയായ ശാന്താ തുളസീധരന്‍ തയ്യാറാക്കിയതാണ് ഈ പുസ്തകം . സൗദി പോലുള്ള രാജ്യത്ത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ അനുഭവിക്കുന്ന തൊഴില്‍ പ്രശ്നങ്ങളും മറ്റു മാനുഷിക പ്രശ്നങ്ങളും കണ്ടും കേട്ടും അറിഞ്ഞു അവയ്ക്കായി സ്വന്തം ജോലിയ്ക്കിടയിലും സമയം കണ്ടെത്തി പ്രവര്‍ത്തിക്കുന്ന ലത്തീഫ് തെച്ചി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന ഒരു മനുഷ്യന്‍ ആണ് . ഇരുപതില്‍പരം വര്‍ഷമായി സൗദിയില്‍ താമസിക്കുന്ന ആ മനുഷ്യന്‍ നടന്നു നീങ്ങിയ വഴികളില്‍ , കണ്ടെത്തി , പ്രവര്‍ത്തിച്ച കുറെയേറെ പ്രശ്നങ്ങളെ ഇതില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് . മനുഷ്യത്വഹീനരായ മനുഷ്യര്‍ എങ്ങനെയാണ് അടിമകളെ പോലെ പ്രവാസികളെ ഊറ്റിയെടുക്കുന്നതെന്നും കരിമ്പിന്‍ ചണ്ടി പോലെ വലിച്ചെറിയുന്നത് എന്നും മനസ്സിലാക്കാന്‍ ഈ പുസ്തകം ഒരാവര്‍ത്തി വായിച്ചാല്‍ മതിയാകും .

ലത്തീഫ് തെച്ചി സംസാരിക്കുന്നതായി അല്ലെങ്കില്‍ ലത്തീഫ് തെച്ചിയായി ചിന്തിച്ചുകൊണ്ട്‌ ഈ പുസ്തകം സംസാരിക്കുമ്പോള്‍ ഇതില്‍ ഒരു എഴുത്തുകാരന്റെ സ്പര്‍ശം വായനക്കാരനു അറിയാന്‍ കഴിയുന്നില്ല എന്നത് ഈ പുസ്തകത്തിന്റെ പിന്നിലെ പ്രവര്‍ത്തനത്തിന്റെ വിജയമായി കാണാം . അതുകൊണ്ട് തന്നെ ഇതിനെ ശാന്താ തുളസീധരന്റെ പുസ്തകം എന്നതിന് അപ്പുറം ലത്തീഫ് തെച്ചിയുടെ പുസ്തകമായി വായിക്കപ്പെടാന്‍ കഴിയുന്നുണ്ട് . ഭാഷയും ചിന്തയും എല്ലാം തന്നെ ശാന്ത എന്ന എഴുത്തുകാരിയുടെ  ചിന്തകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നത് എഴുത്തിന്റെ മേന്മ തന്നെയാകുന്നു . തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ മൂലം ഒളിച്ചോടപ്പെടുന്ന ജോലിക്കാര്‍ സൗദിയിലെ സ്ഥിരം വാര്‍ത്തയാണ് . പലപ്പോഴും എന്നല്ല എല്ലായ്പ്പോഴും ഇത്തരം ഒളിച്ചോട്ടക്കാര്‍ ഹുറൂബ് എന്ന വലയില്‍ കുടുക്കപ്പെടുന്നു . അങ്ങനെ ആകുമ്പോള്‍ പിന്നെ ആ ജീവിതം ആരുമറിയാതെ തടവറയ്ക്കുള്ളില്‍ ഒതുങ്ങിപ്പോകുകയും ചെയ്യുന്നു . അവിടെത്തന്നെ മരിച്ചവരും രോഗാതുരരായി ആലംബമില്ലാതെ കഴിയുന്നവരും മാനസിക നില തെറ്റിയവരും ഒക്കെ ഉണ്ട് . ഇവരില്‍ അഭ്യസ്തവിദ്യരായ ആളുകളും ഉണ്ട് എന്നതാണ് ഈ വിഷയത്തിലെ ഭീകരത മനസ്സിലാക്കാന്‍ ഉള്ള ഏക ചാലകം.

ഇത്തരം പ്രശ്നങ്ങളില്‍ ചെന്നുപെടുന്ന സ്ത്രീകള്‍ ആണ് കൂടുതല്‍ എന്ന് കരുതുന്നു. പക്ഷെ അവരെ പുറം ലോകം അധികം കാണുന്നുമില്ല . ഇന്ത്യന്‍ സര്‍ക്കാരിന് പോലും വ്യക്തമായ കണക്കുകള്‍ ഇല്ലാത്ത പ്രവാസികള്‍ സൗദി അടക്കമുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ട് . അവരില്‍ പലരും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് , അവരെ സഹായിക്കാനോ ,. ഉപദേശങ്ങള്‍ ,മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ആരുമില്ല എന്നതാണ് ഇന്ന് അവര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ഈ വിഷയത്തില്‍ ലത്തീഫ് തെച്ചിയും സംഘവും ഒരുപാട് പ്രവര്‍ത്തങ്ങള്‍ നടത്തുന്നുണ്ട് എന്ന അറിവ് തന്നെ ശുഭോദാര്‍ക്കമായതാണ്. അധികം ആര്‍ക്കും അറിയാത്ത ഈ മനുഷ്യനെയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും ലോകത്തെ അറിയിക്കാന്‍ ശ്രീമതി ശാന്താ തുളസീധരന്‍ നടത്തിയ ശ്രമത്തെ ശ്ലാഘിക്കുന്നു. ഇരുപതോളം അധ്യായങ്ങള്‍ ഉള്ളതില്‍ ഓരോ അധ്യായവും ഓരോ ജീവിതങ്ങള്‍ ആണ് . ലത്തീഫ് തെച്ചിയും കുടുംബവും സുഹൃത്തുക്കളും അവര്‍ക്ക് വേണ്ടി നടത്തിയ ശ്രമങ്ങളും വിജയങ്ങളും ആണ് . അവസാനഭാഗത്ത് അദ്ദേഹം നടത്തുന്ന പ്രസംഗത്തിൽ പ്രവാസ പ്രശ്നങ്ങളെ അക്കമിട്ടു അടയാളപ്പെടുത്തി ശ്രദ്ധ ക്ഷണിക്കുന്നുണ്ട്‌ സര്‍ക്കാരിന്റെയും മറ്റു സംഘടനകളുടെയും .

തീര്‍ച്ചയായും പ്രവാസത്തിലേക്ക് പുറപ്പെടാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യരും ഈ പുസ്തകം ഒരിക്കല്‍ എങ്കിലും വായിക്കണം എന്നത് ഒഴിവാക്കാന്‍ ആകാത്ത ഒരു വസ്തുതയായ് ചൂണ്ടിക്കാണിക്കട്ടെ . അറിവില്ലായ്മ മൂലം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തി മറ്റു മനുഷ്യരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങളെക്കൂടി നഷ്ടപ്പെടുത്തി അവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ അതുപകരിക്കും . ഈ പുസ്തകത്തിന്റെ ഒരു പോരായ്മ കൂടിയുണ്ട് എന്നത് പറയാതെ വയ്യ . പ്രവാസത്തിലെ സൗദി ഭാഗം ആണല്ലോ ഇത് കൈകാര്യം ചെയ്യുന്നത് എന്നാല്‍ സൗദി പ്രവാസത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍  വളരെ വിശദമായി പറയാന്‍ ഒരു അധ്യായം മാറ്റി വച്ചിരുന്നു എങ്കില്‍ ഇതൊരു റഫറന്‍സ് ഗ്രന്ഥമായി മാറുമായിരുന്നു എന്നത് എഴുത്തുകാരി അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയാണ് . അപൂര്‍ണ്ണമായ അറിവ് മാത്രമേ ഈ പുസ്തകത്തില്‍ അത് നല്‍കുന്നുള്ളൂ . ചെന്ന് പെട്ടു പോകുന്നതിനു മുന്നേ എന്തിലേക്കു ആണ് താന്‍ പോകുന്നത് എന്നോരോരുത്തരും അറിഞ്ഞിരിക്കുന്നത് നല്ലതാണു . പോകുന്ന രാജ്യത്തിന്റെ സാമൂഹ്യവും മതപരവും ആയ എല്ലാ പ്രത്യേകതകളും , പ്രവാസത്തില്‍ ഓര്‍ത്തിരിക്കേണ്ടതും ചെയ്യേണ്ടതുമായ ഓരോ വസ്തുതയും പറഞ്ഞു വയ്ക്കുക എന്നത് ഒരു വലിയ ദൗത്യം തന്നെയാണ് എന്നറിയായ്ക അല്ല . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നെറ്റിന്റെ സൗകര്യം അതിനു ഉപയോഗിക്കാം എന്നൊരു വാദം മുന്നോട്ടു വരുമെങ്കിലും വരുന്നവര്‍ എല്ലാം ഇതുപയോഗിക്കുവാന്‍ പര്യാപ്തരാണോ എന്നത് ചോദ്യമാണ് . പ്രത്യേകിച്ചും ഡ്രൈവര്‍ , വീട്ടു ജോലിക്കാരികള്‍ തുടങ്ങിയ ജോലിക്ക് വരുന്നവര്‍ .

വളരെ നല്ലൊരു ശ്രമം ആണ് ഈ പുസ്തകത്തിന്‌ പിന്നിലുള്ളത് എന്നത് കൊണ്ടുതന്നെ ഇതിന്റെ പ്രാധാന്യം എല്ലാ പോരായ്മകള്‍ക്കും മുകളില്‍ നില്‍ക്കുന്നു . പ്രവാസികള്‍ക്കും പ്രവാസം ആഗ്രഹിക്കുന്നവര്‍ക്കും വായിക്കാന്‍  ഇതൊരു കൈപ്പുസ്തകം ആയിരിക്കട്ടെ എന്ന ആശംസയോടെ ബി.ജി.എന്‍ വര്‍ക്കല





Thursday, August 9, 2018

ഒറ്റയ്ക്കൊരു പെണ്ണ് യാത്ര ചെയ്യുമ്പോള്‍

*ഒറ്റയ്ക്കൊരു പെണ്ണ് യാത്ര ചെയ്യുമ്പോള്‍*
..............................................
ഒറ്റയ്ക്കൊരു പെണ്ണ്
യാത്ര ചെയ്‌താല്‍
വാര്‍ത്തയാകേണ്ടതില്ല തെല്ലും.
യാത്രയ്ക്ക് ലിംഗഭേദമില്ല.
യാത്രക്കാര്‍ക്കെന്തിനതുണ്ടാകണം ?
കടലുകാണാന്‍ അവള്‍ ഒറ്റയ്ക്ക് പോയി .
കടൽത്തിരകള്‍ പ്രണയത്തോടെ കാലുകളില്‍ ചുംബിച്ചു.
കടല്‍ക്കാറ്റവളുടെ മുടിയിഴകളെ തഴുകി.
മണല്‍ത്തരികള്‍ അവളെ ചുമന്നു രസിച്ചു .
അവള്‍ കടല്‍ കണ്ടു തിരികെ പോയി .
നിങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെട്ടതതല്ലായിരുന്നു .
കടല്‍ക്കരയിലെ പാറക്കെട്ടുകൾക്കിടയിലേക്കവൾ
വലിച്ചിഴക്കപ്പെട്ടത് നിങ്ങള്‍ സ്വപ്നം കണ്ടിരുന്നല്ലോ .
ഒറ്റയ്ക്കൊരു പെണ്ണ് മല കയറി.
പാറയുടെ പരുക്കന്‍കൈകള്‍ അവളെ താങ്ങി നിര്‍ത്തി.
പുല്ലാനിക്കാട് അവളുടെ ചേലയെ പിടിച്ചു വലിച്ചു.
തണുത്ത കാറ്റില്‍ അവള്‍ കുളിര്‍ന്നു നിന്നു.
മലയിറങ്ങുമ്പോള്‍ ആകാശം മഴനൂല്‍ കൊണ്ടു തൊട്ടവളെ.
നിങ്ങള്‍ തൃപ്തരായിരുന്നില്ല.
മലമുകളിലെ ഏകാന്തതയില്‍
ചെന്നായ്ക്കള്‍ കടിച്ചു കുടയുന്ന മാന്‍പേടയെ മാത്രമേ
നിങ്ങള്‍ക്ക് സ്വീകാര്യതയുണ്ടയിരുന്നുള്ളൂ.
ഒറ്റയ്ക്കൊരു പെണ്ണ് സിനിമ കാണാന്‍ പോയി.
മുന്നിലും പിന്നിലും വശങ്ങളിലും നിന്ന്
സീറ്റുകളവളെ അപരിചിതത്തോടെ നോക്കുന്നതറിയാതെ,
ഇരുട്ടിനു കൈയും കാലും വയ്ക്കുന്നതറിയാതെ
അവള്‍ സിനിമ കണ്ടു, കപ്പലണ്ടി കൊറിച്ചു.
അവള്‍ സിനിമ ഉപേക്ഷിച്ചു ഇറങ്ങിനടന്നു എന്നോ,
സീറ്റുകൾക്കിടയിൽ നനഞ്ഞ പഴന്തുണിക്കെട്ടായി
കുതറിത്തളര്‍ന്നു കിടന്നതോ.
സീറ്റുകളില്‍ ചിലത് വാതില്‍ക്കല്‍ വന്നു നോക്കി
പ്രതീക്ഷകള്‍ നഷ്ടമായപ്പോള്‍ സ്വയം തെറി പറഞ്ഞുവെന്നോ  .
നിങ്ങള്‍ എഴുതിവച്ചിരുന്നുവല്ലോ.
ഒറ്റയ്ക്കൊരു പെണ്ണ് നഗരം കാണാന്‍ പോയി .
നഗരത്തിനവളും അവള്‍ക്ക് നഗരവും അപരിചിതരായിരുന്നു
അവള്‍ നഗരത്തിന്റെ ഹൃദയത്തിലൂടെ
തലങ്ങും വിലങ്ങും ഒഴുകി.
നഗരം അവളെ കണ്ടതേയില്ല.
അവള്‍ നഗരം കണ്ട് കണ്‍നിറച്ചു.
നഗരത്തിന്റെ രാത്രിയില്‍ നിന്നും  
അവള്‍ സന്തോഷത്തോടെ തിരികെ പോയി  .
ഒറ്റയ്ക്കും കൂട്ടായും നായ്ക്കള്‍ കുരച്ചും,
പന്നികള്‍ ചെളി തെറിപ്പിച്ചും
അവള്‍ക്ക് പിന്നിലും മുന്നിലും ഓടിയതും
അവള്‍ ആമയുടെ പുറംതോടു തിരഞ്ഞാദ്യം കണ്ട
വണ്ടിയില്‍ കയറിയതും
നഗരത്തിന്റെ ഓടയില്‍ ഉടൽ ചതഞ്ഞവൾ കിടക്കുന്നതും
നിങ്ങള്‍ എപ്പൊഴേ സ്റ്റാറ്റസ് ഇട്ടു കഴിഞ്ഞിരുന്നുവല്ലോ .
ഒറ്റയ്ക്കൊരു പെണ്ണും യാത്രപോകരുതെന്നു
നിങ്ങള്‍ എപ്പഴോ തീരുമാനിച്ചു കഴിഞ്ഞിരുന്നു .
അതിനാലാകണം
ഒറ്റയ്ക്കൊരു പെണ്ണു യാത്ര ചെയ്തതൊക്കെയും
ദുരന്തങ്ങളില്‍ നിങ്ങള്‍ എഴുതിവച്ചത് .
അതുകൊണ്ടാകണം
ഒറ്റയ്ക്കൊരുപെണ്ണും യാത്ര പോകാന്‍ മടിച്ചു നിന്നത് .
തിരികെ വരുന്നവള്‍ക്ക് നേരെ
കണ്ടവന്റെ കൂടെ കറങ്ങി വന്നവള്‍ എന്നോ,
അവരാതിച്ചു പാതിരായ്ക്ക് വന്നവള്‍ എന്നോ
കിരീടമണിയിക്കുന്നതോര്‍ത്ത്
അവള്‍ ഒറ്റയ്ക്ക് വിങ്ങിപ്പൊട്ടുന്നത്. .
ഒറ്റയ്ക്കൊരു പെണ്ണിന് ഇനിയും യാത്രകള്‍ ഉണ്ട്.
അവള്‍ക്ക് ഒറ്റയ്ക്ക് തന്നെ പോകണം .
അവളുടെ ഒറ്റയെ ചൊല്ലി വേവലാതിപ്പെടുന്നവര്‍
ഒറ്റയ്ക്കാവട്ടെ ആദ്യം .
അവളുടെ ഒറ്റയെ ചൊല്ലി വേവലാതിപ്പെടുന്നവര്‍ക്ക് 
മുലയും യോനിയും മുളയ്ക്കട്ടെ .
അവളെ ഓര്‍ത്ത് ഉറക്കം നഷ്ടപ്പെടുന്നവര്‍ക്ക്
തുടുത്ത മുഖവും കൈകാലുകളും വളരട്ടെ.
അപ്പോഴേ ഒറ്റയ്ക്കൊരുവളുടെ യാത്രയെ
അത്രകണ്ട് നോക്കാതിരിക്കൂ.
അവയിലെ വരും വരായ്കകളെ ഓര്‍ത്തോര്‍ത്ത്
മനസ്സ് നീറ്റാതിരിക്കൂ .
ഒറ്റയാകുന്നത് അവളുടെ തിരഞ്ഞെടുപ്പാണ് .
അവളെ നിങ്ങള്‍ വിധിക്കാതിരിക്കുക .

------ബിജു. ജി.നാഥ് വര്‍ക്കല  

Tuesday, August 7, 2018

താക്കോല്‍


താക്കോല്‍
അധികാരത്തിന്റെ ചിഹ്നമാണ് താക്കോല്‍.
അധിനിവേശത്തിന്റെ സമ്മതപത്രവും.
വര്‍ഷങ്ങളുടെ അടുപ്പമല്ല,
മനസ്സിന്റെ വിശ്വാസമാണത്.
അതുകൊണ്ടുതന്നെ
കണ്മുന്നിലൂടെ അത് കൈമാറ്റം ചെയ്യപ്പെട്ടേക്കാം.
ഒറ്റ വാക്കിനാല്‍ നിഷേധിച്ചേക്കാം.
മറന്നുപോയെന്നു കളവു പറഞ്ഞേക്കാം.
നമുക്കിടയില്‍ എന്തിനു പൂട്ടെന്നു
കളി പറഞ്ഞേക്കാം.
തരുവാന്‍ ഏല്‍പ്പിച്ചിടത്തു
പറയാന്‍ മറന്നു പോയെന്നു തമാശ പറയാം .
കാരണം
താക്കോല്‍ വിശ്വാസത്തിന്റെ ശേഷിപ്പാണ്.
ആര്‍ക്കും കൈമാറാവുന്ന ഒന്നല്ലത്.
ആരും കാണാതെ സൂക്ഷിക്കുന്നതൊന്നാകുമ്പോള്‍
ആര്‍ക്കും കൈമാറാവുന്ന ഒന്നല്ലത്.
തിരിച്ചറിവുകളുടെ മാപിനിയാണ് താക്കോല്‍ .
പിടിച്ചു വാങ്ങാനുള്ളതല്ല.
തുറന്നിട്ട വാതിലുകള്‍ പോലല്ലല്ലോ
അടച്ചിടുന്ന മനസ്സുകള്‍ പോലെയാണ്
പൂട്ടി സൂക്ഷിക്കുന്ന മുറികള്‍ .
അതിനാല്‍ തന്നെ
താക്കോല്‍ സൂക്ഷിക്കാന്‍ എല്പിക്കേണ്ടതും
അവ കാണാന്‍ അവകാശമുള്ളവര്‍ക്ക് മാത്രമാണ് .
-----------ബി.ജി.എന്‍ വര്‍ക്കല

Monday, August 6, 2018

ഷണ്ഡത ബാധിച്ച തൂലിക


ഷണ്ഡത ബാധിച്ച തൂലിക 

വാക്കുകളുടെ തീമഴയിൽ
അധികാരത്തിന്റെ ചുവടിളകിയ കാലം .
അക്ഷരം അഗ്നിയായി
നഗരങ്ങൾ കരിച്ച കാലം.
തൂലികയുടെ മൂർച്ചയില്‍
നിരായുധരായ രിപുക്കളുടെ കാലം.
വർണ്ണങ്ങൾ നഷ്ടമായ്,
അഗ്നിയടങ്ങി,
ഒഴുക്ക് നിലച്ചു,
ശബ്ദമടഞ്ഞു
വാക്കിന്നു ധ്യാനത്തിലാണ് .
ഫാസിസത്തിന്റെ പേര് കേട്ട് ഞടുങ്ങുന്നുവോ,
നാവു ചൂഴ്ന്നെടുക്കിൽ
നടുവിരലുയർത്തുന്നൊരു
വർഗ്ഗമിന്നീ നാട്ടിൽ.?
--------ബിജു ജി നാഥ് വര്‍ക്കല  


Sunday, August 5, 2018

കല്‍ത്താമര...................... ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍


കല്‍ത്താമര (നോവല്‍)
ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍
കറന്റ് ബുക്സ്
വില  65 രൂപ

             വിവാദങ്ങള്‍ ഉണ്ടാക്കി എടുക്കുന്നതും അവയെ തരം പോലെ അവനവനു ഉപയുക്തമാക്കുന്നതും നമ്മുടെ കാലത്തിന്റെ മാത്രം കാഴ്ചയാണ് . പ്രസാധക സംഘങ്ങളും എഴുത്തുകാരും കുറച്ചു മദം കയറിയ ജനങ്ങളും ചേരുമ്പോള്‍ ഇന്നത്തെ സാഹിത്യ ലോകമായി എന്നതാണ് സത്യം . സോഷ്യല്‍ മീഡിയകള്‍ പോലുള്ള ഇടങ്ങളില്‍ അവയ്ക്ക് നല്ല റീച് കിട്ടും എന്നതിനാല്‍ വിവാദങ്ങള്‍ ഓരോ ദിനവുമോരോ രീതിയില്‍ ഇവിടെ നിലനില്‍ക്കുക തന്നെ ചെയ്യും . സാഹിത്യത്തിന്റെ പുഷ്കല കാലത്ത് ഇത്തരം വിവാദങ്ങള്‍ ഇല്ലാതിരുന്നു . അവിടെ കൊടുക്കല്‍ വാങ്ങലുകള്‍ ബൗദ്ധികമായി എഴുത്തുകളില്‍ കൂടിയോ സംവാദങ്ങളില്‍ കൂടിയോ നടന്നു പോയിരുന്നു . അന്ന് ആരും ആ എഴുത്തുകളോ സംവാദങ്ങളോ കണ്ടു എഴുത്തു പിന്‍വലിച്ചു ഓടിയിട്ടില്ല . അവരവരുടെ ഇടങ്ങളില്‍ അവര്‍ ശക്തമായി നിലനില്‍ക്കുകയും പ്രതിരോധങ്ങളെ മറുപടി നല്‍കി തൃപ്തമാക്കുകയും ചെയ്തിരുന്നു .
           നോവല്‍ വായനയില്‍ നല്ല അനുഭവങ്ങള്‍ നല്‍കുന്നത് അവ മനസ്സില്‍ സന്തോഷം നിറയ്ക്കുമ്പോള്‍ ആണ് എന്ന് കരുതുന്നു . 'ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍' എഴുതിയ "കല്‍ത്താമര" എന്ന നോവല്‍ വായിക്കുമ്പോള്‍ വളരെ സന്തോഷം തോന്നി എന്നതിനു കാരണം അത് നല്ലൊരു വായന നല്‍കി എന്നതിനാല്‍ മാത്രമാണ് . സാഹിത്യപരമായ ശൈലീരൂപീകരണം സാധ്യമാകുന്നത് പരന്ന വായനയിലൂടെയും മിതമായ എഴുത്തുകളിലൂടെയും ആണെന്ന് കരുതുന്നു . പഴയകാല എഴുത്തുകാര്‍ എല്ലാം തന്നെ തങ്ങളുടെ സാന്നിധ്യം ഇന്നും ശക്തമായി നിലനിര്‍ത്തുന്നത് അവര്‍ നേടിയ അടിസ്ഥാനമായ ആ വായനയില്‍ നിന്നുമാണ് .കല്‍ത്താമര എന്ന നോവല്‍ ആഖ്യായന ശൈലി കൊണ്ടും ഭാഷ കൊണ്ടും മികച്ച ഒരു അനുഭവം തന്നെയായിരുന്നു . പടര്‍ന്നു കയറുന്ന മരത്തില്‍ നിന്നും ദീര്‍ഘകാലം ഒന്നും കരസ്ഥമാക്കി ഉപ്ദ്രവമാകാതെ സ്വന്തമായി ആഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന കല്‍ത്താമര എന്ന ചെടിയെ പ്രതീകമാക്കി യുവത്ത്വത്തിന്റെ മനസ്സിനെ നിര്‍ദ്ധാരണം ചെയ്യുന്ന ഒരു നോവല്‍ ആണിത്.

              ഗോപു എന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന പതിനഞ്ചു അദ്ധ്യായങ്ങള്‍ ഉള്ള ഈ ചെറുനോവല്‍ പങ്കു വയ്ക്കുന്ന വിഷയം തന്റെ നിലനില്‍പ്പ്‌ പോലും ശൂന്യതയാണ് എന്ന ചിന്ത , അതൊരു ജീവിതത്തെ എത്ര ശക്തമായി ഉലച്ചു കളയുന്നതാണ് എന്നത്  വളരെ നന്നായി പറഞ്ഞുതരുന്നു എന്നുള്ളതാണ്. നോവലിന്റെ ഭാഷ താത്വികമായ ഒരു തലം ആണ് കാഴ്ചവയ്ക്കുന്നത് . സാധാരണ നോവല്‍ ഭാഷകളില്‍ നിറയുന്ന സംഭാഷണങ്ങള്‍ കൊണ്ടുള്ള ബാഹുല്യമോ വിവരണങ്ങള്‍ കൊണ്ടുള്ള ധരാളിത്തമോ ഈ നോവലില്‍ കാണാന്‍ കഴിയില്ല . എന്നാല്‍ വികാരങ്ങളുടെ വേലിയേറ്റങ്ങളും ഇറക്കങ്ങളും വളരെ വ്യക്തമായി വായനക്കാരനില്‍ സന്നിവേശിപ്പിക്കാനും കഴിയുന്നുണ്ട് .
           പ്രസവിച്ചത് കൊണ്ട് മാത്രം അമ്മയാകുക എന്ന ചിന്തയില്‍ നിന്നും മാതൃത്വം എന്നത് മനസ്സില്‍ നിന്നുമുരുവാകുന്ന ഒരു മഹനീയവികാരമാണ് എന്നും അതിനു ഗര്‍ഭപാത്രം നല്‍കേണ്ടതിന്റെ ആവശ്യകതയില്ല എന്നും സന്ദേശം നല്‍കുന്ന ഈ നോവലില്‍ രാഹുല്‍ എന്ന ചെറുപ്പക്കാരന്‍ യാദൃശ്ചികമായി തന്റെ അമ്മയും അച്ഛനും തന്റെ സ്വന്തം അച്ഛനമ്മമാര്‍ അല്ല എന്ന് തിരിച്ചറിയുന്നിടത്ത് ആണ് കഥ തുടങ്ങുന്നതു . ഡോക്ടര്‍ ആകാന്‍ പഠിക്കുന്ന രാഹുല്‍ താന്‍ അറിഞ്ഞ രഹസ്യം അവരോട് ചോദിക്കാന്‍ കഴിയാതെ സ്വയം ഉമിത്തീയില്‍ വേവുകയാണ് . അമ്മയുടെയും അച്ഛന്റെയും കറ കളഞ്ഞ സ്നേഹവും വാത്സല്യവും ഉപേക്ഷിക്കാന്‍ കഴിയാത്ത വ്യഥയും ഒപ്പം താന്‍ ഇതിനൊക്കെ അര്‍ഹനാണോ എന്ന കുറ്റബോധവും അയാളെ രോഗിയാക്കുകയാണ് . തന്റെ പ്രണയത്തെയും തന്നെ പ്രണയിക്കുന്ന പെണ്ണിനേയും അയാള്‍ക്ക് നഷ്ടമാകുകയാണ് അതോ അയാള്‍ അവരെ നഷ്ടപ്പെടുത്തുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അയാള്‍ സ്വയം തന്റെ സ്വത്വം തേടുകയാണ് . പരാജിതനായി ഒടുവില്‍ അയാള്‍ ജീവിതത്തില്‍ നിന്നും സ്വയം ഒഴിവായി പോകാന്‍ ശ്രമിക്കുന്നിടത്താണ് അയാള്‍ക്കതിനു കഴിയുന്നില്ല എന്നും അമ്മയുടെ സ്നേഹം എന്നത് ഒരിക്കലും അവഗണിക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന ബോധം ഉണ്ടാകുകയും ചെയ്യുന്നത് .
            സ്നേഹത്തിന്റെ നനുത്ത നാരുകൊണ്ട് കെട്ടിയിടപ്പെട്ട മാതൃത്വവും വാത്സല്യത്തിന്റെ തേന്‍ മധുരവും വായനക്കാര്‍ അനുഭവിക്കുക ശരിക്കും മനസ്സുകൊണ്ട് അതിനെ അറിയുക എന്നത് എഴുത്ത് നല്‍കിയ ശൈലിയുടെ പ്രത്യേകത കൊണ്ടാണ് എന്ന് കരുതുന്നു . വായനയുടെ ഒരു ഘട്ടത്തില്‍ തോന്നിച്ചു രാഹുലിനെ കൊണ്ട് അയാളുടെ യഥാര്‍ത്ഥ രക്ഷകര്‍ത്താക്കളിലേക്ക് നടന്നെത്തി സിനിമകള്‍ പോലെ ശുഭപര്യവസാനിയോ ദുരന്തപരമായ അവസ്ഥയോ സംജാതമാക്കും എന്ന് . പക്ഷെ ആ ഭാഗത്തെ വളരെ മനോഹരമായി കൈകാര്യം ചെയ്യുകയും അത് രാഹുലിനും വായനക്കാരനും ദുരൂഹമായ ഒരു ചിന്തമാത്രമായി മാറ്റി നിര്‍ത്താനും എഴുത്തുകാരന്‍ വളര ശ്രദ്ധിച്ചിരിക്കുന്നു . അമ്മയുടെയോ അച്ഛന്റെയോ ചിന്തകളില്‍ പോലും ഒരു ഫ്ലാഷ് ബാക്ക് കൊടുത്തുകൊണ്ട് രാഹുല്‍ തങ്ങളുടെ മകന്‍ അല്ല എന്നൊരു ചിന്ത വളര്‍ത്തുന്നില്ല . അവര്‍ ഇപ്പോഴും മകനെക്കുറിച്ച് ചിന്തിക്കുന്നത് സ്നേഹവും വാത്സല്യവും നിറഞ്ഞ വാക്കുകളില്‍ കൂടിയാണ് . അച്ഛന്റെ പരാതി മകനെ തനിക്ക് ലഭിക്കുന്നില്ല എന്നാണു. അമ്മയുടെ പരാതി എനിക്ക് പത്തും പലതും ഇല്ലല്ലോ അവന്‍ ഒരാള്‍ അല്ലെ ഉള്ളൂ എന്നും . മുതിര്‍ന്നിട്ടും നാണം കുണുങ്ങിയായ ഒരു അമ്മക്കുട്ടിയാണ് രാഹുല്‍ . ആ ഒരു സ്ത്രൈണത രാഹുലിന്റെ ചിന്തകളിലും ഉടനീളം ബോധപൂര്‍വ്വം നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നു എന്നത് പാത്രസൃഷ്ടിയുടെ സൂക്ഷ്മവശങ്ങള്‍ പോലും എത്രത്തോളം പ്രാധാന്യം ഉള്ളതാണ് എന്ന ബോധം വായനക്കാരനില്‍ ഉണര്‍ത്തും എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ് .
                   പ്രത്യേകതകള്‍ ഒന്നുമില്ലാതെ പോകാവുന്ന ഒരു തീം ഉള്ളില്‍ തട്ടും പോലെ പറയുകയും തുടക്കവും ഒടുക്കവും അസ്വഭാവികതകള്‍ ഇല്ലാതെ പരത്തി പറഞ്ഞു വഷളാക്കുകയും ചെയ്യാതെ അവതരിപ്പിച്ച ഈ നോവല്‍ നല്ല വായനയുടെ കൂട്ടത്തില്‍ പെടുത്താന്‍ പറ്റിയ ഒന്നായി അനുഭവപ്പെട്ടു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല



Friday, August 3, 2018

ഡാന്‍സ് ബാറും ഞാനും


ഡാന്‍സ് ബാറും ഞാനും
-------------------------
സിനിമയിലും കഥകളിലും ഒരുപാട് കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതും ആണ് ഡാന്‍സ് ബാര്‍ . ആ ഒരു കേള്‍വിക്കപ്പുറം ഒരിക്കല്‍ പോലും അതില്‍ കയറുവാന്‍ മുംബയിലെ വാസത്തില്‍ പോലും കഴിഞ്ഞിരുന്നില്ല. ദുബായില്‍ ജോലി തേടി എത്തുമ്പോള്‍ തന്നെ കേട്ടിരുന്നു അവിടയും ഡാന്‍സ് ബാറുകള്‍ ഉണ്ട് എന്നും അവ പക്ഷെ സാധാരണക്കാരന് അപ്രാപ്യമായ ഒരിടം ആണെന്നും . എങ്കിലും പലപ്പോഴും ആലോചിക്കും ഒന്ന് പോയി കാണണം . എന്താണ് അവിടെ നടക്കുന്നതെന്ന് അറിയണം . അതിന്റെ പറഞ്ഞു കേള്‍ക്കലുകള്‍ അല്ല കണ്ടറിവുകള്‍ ആകണം ശരി എന്ന് കരുതി . മുന്നില്‍ ഉണ്ടായിരുന്ന ഒരേ ഒരു തടസ്സം പോയി തിരികെ വരുക എന്നതായിരുന്നു . താമസസ്ഥലത്ത് നിന്നും രണ്ടു ബസ്സ് കയറി അവിടെ ചെല്ലണമെങ്കില്‍ ഒരു രണ്ടു മണിക്കൂര്‍ എടുക്കും . തിരികെ വരിക എന്നതാണ് വിഷയം . അവസാന വണ്ടി കിട്ടിയില്ല എങ്കില്‍ വഴിയില്‍ ആയിപ്പോകും അതോര്‍ത്ത് യാത്ര നീട്ടിവയ്ക്കുകയായിരുന്നു എല്ലായ്പ്പോഴും . കഴിഞ്ഞ ആഴ്ച വെറുതെ എങ്കിലും സുഹൃത്തിനോട് ചോദിച്ചു നമുക്കൊന്ന് ഡാന്‍സ് ബാറില്‍ പോകാം . ചോദിക്കാന്‍ ഉള്ള കാരണം പുള്ളിക്കാരന്‍ ഒറ്റയ്ക്കാണ് താമസം എന്നതിനാല്‍ രാത്രി പുള്ളിയെ ബുദ്ധിമുട്ടിക്കുകയും ചെയ്യാം എന്നതായിരുന്നു . മറുപടി ഈ ആഴ്ച പറ്റില്ല അടുത്ത ആഴ്ച എന്നായിരുന്നു . എന്തായാലും പറഞ്ഞത് പോലെ വ്യാഴം വൈകിട്ട് പുള്ളിയുടെ സന്ദേശം വന്നു . പോകാം . മെസ്സേജ് വരുമ്പോള്‍ എട്ടു മണിയാകുന്നു . ഞാന്‍ ഇനി ഇവിടെനിന്നും തിരിച്ചാല്‍ അവിടെ എത്തുമ്പോള്‍ ഒരു സമയം ആകും എന്ന ആശങ്ക പങ്കു വച്ചപ്പോള്‍ ലൊക്കേഷന്‍ അയക്കാന്‍ പറഞ്ഞു പുള്ളി എന്നെ ഞെട്ടിച്ചു . അങ്ങനെ പുള്ളിക്കാരന്‍ ഞാന്‍ താമസിക്കുന്നിടത്ത് വന്നെന്നെ കൂട്ടിക്കൊണ്ട് പോയി. യാത്രയില്‍ പക്ഷെ പുള്ളിയുടെ മൂഡ്‌ എന്തോ ശരിയായിരുന്നു എന്ന് തോന്നിയില്ല . കുശലം പറയുമ്പോള്‍ ഒക്കെ എന്തോ ആബ്സന്റ് മൈന്റ് ആണ് എന്ന് തോന്നി മറുപടികള്‍ കേള്‍ക്കുമ്പോള്‍ . ആരെയെങ്കിലും കിട്ടിയാല്‍ പിന്നെ ചെവി കേള്‍പ്പിക്കാതെ സംസാരിച്ചു മുഷിപ്പിക്കുന്ന എന്റെ സ്വഭാവം അങ്ങേര്‍ക്ക് ഇഷ്ടമാകാഞ്ഞിട്ടു ആകും എന്നതിനാല്‍ ഞാന്‍ വായ അടച്ചു പുറത്തെ കാഴ്ചകളില്‍ അലയാന്‍ വിട്ടു എന്നെ . വണ്ടി പാര്‍ക്ക് ചെയ്ത് ടാക്സിയില്‍ ഗുബൈബയിലെ ഒരു ബാറിനു മുന്നില്‍ എത്തി . റോഡ്‌ മുറിച്ചു കടന്നു ഒരു ബാറിന്റെ ഉള്ളിലേക്ക് കടന്നുചെന്ന് . ഒരു കാഴ്ചക്കാരന്റെ ഔത്സുക്യത്തോടെ ഞാന്‍ പുള്ളിയെ പിന്തുടര്‍ന്ന് . ഹോട്ടല്‍ ആണത് . അതിന്റെ ഗ്രൌണ്ട് ഫ്ലോറിലും ഫസ്റ്റ് ഫ്ലോറിലും ആണ് ബാറും ഡാന്‍സ് ആക്ടിവിറ്റീസും നടക്കുന്നത് എന്ന് പുള്ളി പറഞ്ഞു . നേരെ നമ്മള്‍ ഗ്രൌണ്ട് ഫ്ലോറില്‍ ചെന്ന് . അവിടെ കയറി ചെല്ലുമ്പോള്‍ പെട്ടെന്ന് ഒരു തിരക്കേറിയ പാര്‍ട്ടിയില്‍ എത്തിയ പ്രതീതി ഉണ്ടായി . ഉയര്‍ന്ന ശബ്ദത്തില്‍ പാശ്ചാത്യ സംഗീതം കേള്‍ക്കാമായിരുന്നു . നിറയെ ആണും പെണ്ണും നിറഞ്ഞ അന്തരീക്ഷം . കയറി ചെല്ലുന്നിടത്ത് ബാര്‍ ആണ് പിന്നെ നിറയെ റസ്റ്റോറന്റുകള്‍ പോലെ ടേബിളും കസേരയും ഉണ്ട് . ബാറിനു ചുറ്റാകെ നീളന്‍ സ്റ്റൂളുകള്‍ ഉണ്ട് . അതില്‍ ഇരുന്നു ചിലര്‍ ബിയര്‍ കഴിക്കുന്നുണ്ട് .കൂട്ടുകാരന്‍ എന്നെയും വിളിച്ചു നേരെ ഉള്ളിലേക്ക് നടന്നു . ഒരു റൌണ്ട് എടുത്ത് എന്ന് തന്നെ പറയാം . ഓരോ ടേബിളിലും ഒരു സ്ത്രീ എങ്കിലും ഉണ്ടായിരുന്നു . സ്ത്രീകള്‍ എല്ലാവരും തന്നെ ഫാഷനബിള്‍ ആയി വസ്ത്രം ധരിച്ചവരും നന്നായി മേക്കപ്പ് ചെയ്തവരും ആയിരുന്നു. കൂടുതലും പാകിസ്ഥാനികള്‍ ആയിരുന്നു കുറച്ചു ഫിലിപ്പൈന്‍ , പിന്നെ നൈജീരിയന്‍ ഒന്നോ രണ്ടോ ഇന്ത്യന്‍ സ്ത്രീകള്‍ ഉണ്ടായിരുന്നു അവരില്‍ . ചേര്‍ത്തു പിടിച്ചും തോളില്‍ കൈയ്യിട്ടും ചാരിയിരുന്നും അവരില്‍ പലരും തങ്ങളുടെ അന്നത്തെ കച്ചവടം ഉറപ്പിക്കുന്ന കാഴ്ച . ഞങ്ങള്‍ ഒരു മൂലയില്‍ നിന്നും അടുത്ത മൂലവരെ നടന്നു . കുറച്ചു നേരം അവിടെ നിന്ന് പിന്നെ പുള്ളിക്കാരന്‍ പറഞ്ഞു ഓരോ ബിയര്‍ കഴിക്കുന്നതല്ലേ നല്ലത് . എനിക്കും അത് പറയണം എന്നുണ്ടായിരുന്നു . ബിയര്‍ വാങ്ങി ബാര്‍ കൌണ്ടറില്‍ ഇരിക്കുമ്പോള്‍ പുള്ളിക്കാരന്‍ പറഞ്ഞു നിനക്കല്ലേ ഇവരെ അറിയണം എന്നൊക്കെ പറഞ്ഞത് . പോയി പരിചയപ്പെടൂ എത്ര കാലമായി ഇത് തുടങ്ങിയിട്ട് എന്നൊക്കെ ചോദിച്ചു നോക്കൂ . എന്തോ പത്രക്കാരുടെ ആ രീതി എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് അല്പം കൂടി അവിടെ ഇരുന്നു . തൊട്ടടുത്ത് ഇരുന്ന സ്ത്രീ നോട്ടത്തില്‍ അറബ് വംശജയെപ്പോലെ തോന്നിച്ചു . കറുത്ത വസ്ത്രത്തില്‍ അവരുടെ വെളുപ്പ് എടുത്തറീയാമയിരുന്നു. അവരേ നോക്കുന്നത് കണ്ടപ്പോള്‍ ഒന്ന് ചിരിച്ചു . തിരികെ ഒരു ചിരി കൊടുത്തിട്ട് ഞാന്‍ പതിയെ ബിയര്‍ ബോട്ടിലുമായി എഴുന്നേറ്റ് അകത്തേക്ക് നടന്നു . ഒരു ഒഴിഞ്ഞ കോണില്‍ നിന്നിട്ട് ഞാന്‍ എല്ലാവരുടേയും ചലനങ്ങള്‍ നോക്കാന്‍ തുടങ്ങി .കൌണ്ടറില്‍ ഇരുന്ന നൈജീരിയന്‍ പെണ്ണ് അവളുടെ അടുത്തു വന്നിരുന്ന കഷണ്ടിത്തലയന്‍ മധ്യവയസ്കന്റെ കവിളില്‍ ചുംബിക്കുകയും അയാള്‍ അവളുടെ കൈ എടുത്ത് ഉമ്മ വയ്ക്കുകയും ചെയ്യുന്നതും തുടര്‍ന്ന് അവള്‍ എഴുന്നേറ്റ് ആഫ്രിക്കന്‍ സ്റ്റൈലില്‍ നടു വളച്ചു നിന്നുകൊണ്ട് തന്റെ ആസനം ചലിപ്പിച്ചു നൃത്തം ചെയ്യുകയും ചെയ്യുന്നത് കണ്ടു . ഞാന്‍ നിന്നതിനു നേരെ എതിര്‍വശത്ത് രണ്ടു സ്ത്രീകള്‍ നില്‍പ്പുണ്ടായിരുന്നു . അവര്‍ എന്നെ നോക്കുന്നത് ശ്രദ്ധയില്‍ പെട്ട് . അടുത്തിടെ മലയാളത്തില്‍ ഹിറ്റ്‌ ആയ സിനിമ നല്‍കിയ ഫാഷന്‍ ആണല്ലോ മുടി എടുത്തു ഒരു വശത്ത്‌ കൂടി മാറിലേക്ക് ഇടല്‍. ഇവരില്‍ ഒരാള്‍ അങ്ങനെ ഇട്ടിരുന്നത് കണ്ടപ്പോള്‍ മലയാളി ആണോ എന്ന് തോന്നിപ്പിച്ചു . അല്പം കഴിഞ്ഞപ്പോള്‍ അവള്‍ പതിയെ നടന്നു വന്നു എന്റെ അടുത്തു നിന്നു . പക്ഷെ ഞാന്‍ ശ്രദ്ധിച്ചില്ല .എന്താണ് നീക്കം എന്നറിയില്ലല്ലോ. അപ്പോള്‍ അവള്‍ അവിടെ കിടന്ന നീളന്‍ സ്റ്റൂള്‍ വലിച്ചെടുത്തു അതില്‍ കയറി കാലിന്മേല്‍ കാല്‍ കയറ്റി ഇരുന്നു . അവള്‍ ഉപയോഗിച്ച പെര്‍ഫ്യൂമിന്റെ രൂക്ഷ ഗന്ധം എനിക്ക് അലോസരം ഉണ്ടാക്കി . ഞാന്‍ നില്‍ക്കണോ അവിടെ നിന്നും നീങ്ങണോ എന്ന കണ്ഫ്യൂഷനില്‍ ആയി . അവള്‍ ഒന്നും മിണ്ടിയില്ല ഞാനും ഒന്നും ചോദിക്കാന്‍ പോയില്ല . അല്ലേലും അങ്ങോട്ട്‌ കയറി മിണ്ടല്‍ പണ്ടേ പതിവുള്ളതല്ല . കൂടുകാരിയും അടുത്തു വന്നു നിന്ന് . അത് കഴിഞ്ഞു രണ്ടുപേരും ഉറുദുവും ഹിന്ദിയും ഉപയോഗിച്ച് സംസാരം തുടങ്ങി . പാട്ടിന്റെ ബഹളത്തില്‍ എനിക്കത് മനസ്സിലായില്ല എങ്കിലും എനിക്കിട്ടു പണി ആണോ എന്ന് സംശയം ഇല്ലാതില്ല . ഞാന്‍ പാതിയായ ബിയര്‍ ബോട്ടിലും പിടിച്ചു കൂടുതല്‍ ഉള്ളിലെ തിരക്കിലേക്ക് നടന്നു . പുരുഷന്മാര്‍ കൂടുതലും മലയാളികള്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് എന്നത് ശ്രദ്ധിച്ചു .പാകിസ്ഥാനികള്‍ കുറവായിരുന്നു . രണ്ടു അറബ് വംശജര്‍ ഇരിക്കുന്നത് കണ്ടു ഒഴിഞ്ഞ ഒരു കോണില്‍. സ്ത്രീകള്‍ എല്ലാം തന്നെ തിരക്കില്‍ ആയിരുന്നു . അവരവരുടെ കസ്റ്റമറുമാരെ തേടുന്ന തിരക്കില്‍ ആയിരുന്നു എല്ലാവരും .ഞാന്‍ പതിയെ ഒരു കറക്കം കറങ്ങി ഒരു മൂലയില്‍ എത്തി അവിടെ നിന്നു വീണ്ടും കാഴ്ചകള്‍ കാണാന്‍ തുടങ്ങി . അപ്പോള്‍ അവിടെ അടുത്തിരുന്ന ഫിലിപ്പിയന്‍ സ്ത്രീ എന്നോട് ഹായ് പറഞ്ഞു . ഞാനും ഹായ് പറഞ്ഞ ശേഷം അവരെ ഒഴിവാക്കും പോലെ നോട്ടം മറ്റുള്ളവരിലേക്ക് മാറ്റി . അവര്‍ പുകവലിക്കുക ആയിരുന്നു . അവിടെ മുഴുവന്‍ പുക ആയപ്പോള്‍ എനിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു .ബിയര്‍ കാലിയാക്കി ഞാന്‍ അവിടെ നിന്നും പതിയെ വീണ്ടും നടന്നു തിരികെ സുഹൃത്തിന്റെ അടുത്തെത്തി. ആ സ്ത്രീ ഇപ്പോഴും അവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു . ഞാന്‍ വീണ്ടും ഞങ്ങള്‍ക്ക് ബിയര്‍ ഓര്‍ഡര്‍ ചെയ്തു . ഇത്തവണ ഗ്ലാസില്‍ ആയിരുന്നു വാങ്ങിയത് . വീണ്ടും ഞാന്‍ ആ ഗ്ലാസ്സും ആയി ഒരു കറക്കം കൂടി കറങ്ങി . ഏകദേശം തിരക്കുകള്‍ ചെറുതായി കുറഞ്ഞപോലെ അനുഭവപ്പെട്ടു . നേരത്തെ കണ്ട സ്ത്രീകളില്‍ പലരെയും കാണാന്‍ കഴിയുന്നില്ലാരുന്നു . ഒരു മൂലയില്‍ ഒറ്റയ്ക്ക് നിന്ന നൈജീരിയന്‍ പെണ്ണ്‍ എന്നെ നോക്കി ചിരിച്ചു . ഞാനും ഒരു ചിരി കൊടുത്ത് . അവള്‍ ഇടയ്ക്കിടെ എന്നെ നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പതിയെ അവിടെ നിന്നും മുന്നോട്ടു പോയി . ഒരു ഒഴിഞ്ഞ സീറ്റ് കിട്ടി ഞാന്‍ അവിടെ ഇരുന്നു . അപ്പോള്‍ എന്റെ അടുത്തേക്ക് ഒരു സ്ത്രീ നടന്നു വന്നു . ചിരിച്ചുകൊണ്ട് ഹായ് പറഞ്ഞു കൈ നീട്ടി . ഞാന്‍ കൈ പിടിച്ചുകൊണ്ടു തിരികെ ഹായ് പറഞ്ഞു . അവള്‍ ചോദിച്ചു ഇന്ത്യ ആണോ എന്ന് ഞാന്‍ അതെ എന്ന് പറഞ്ഞു . അവള്‍ പറഞ്ഞു ഞാന്‍ പാകിസ്ഥാനി ആണ് . ഞാന്‍ തിരികെ പാകിസ്താനില്‍ എവിടെ ലാഹോര്‍ ആണോ എന്ന് വെറുതെ ഇംഗ്ലീഷില്‍ ചോദിച്ചു . നിനക്ക് ഹിന്ദി അറിയില്ലേ എന്നവള്‍ തിരിച്ചു ചോദിച്ചു . പിന്നെ ഹിന്ദിയില്‍ ആയി സംസാരം . അവള്‍ പറഞ്ഞു പോകാം . ഞാന്‍ ചോദിച്ചു ഇപ്പോഴോ . അതിനു സമയം നോക്കണോ എന്നായി അവള്‍ . ഞാന്‍ ചോദിച്ചു എന്താ നിന്റെ പേര് . തെസ്നി എന്ന് പറഞ്ഞു. മൂന്നു കൊല്ലമായി ഇവിടെ എന്നും വിവാഹിത അല്ല എന്തിനാ വിവാഹം അല്ലാതെ തന്നെ കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്നും അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു . സംസാരത്തിനിടയില്‍ അവള്‍ എന്നെ ചേര്‍ന്ന് നിന്നത് ഞാന്‍ ശ്രദ്ധിച്ചു . മടക്കി വച്ച കാല്‍ മുട്ടില്‍ അവളുടെ അടിവയറിന്റെ ചൂട് അനുഭവപ്പെട്ടപ്പോള്‍ ഇങ്ങനെ ആണേല്‍ ഒരു മുട്ട പുഴുങ്ങാമല്ലോ എന്ന് ഞാന്‍ പറഞ്ഞു . നീ വലിയ തമാശക്കാരന്‍ ആണല്ലോ എന്ന് പറഞ്ഞു അവള്‍ വീണ്ടും എന്നോട് പോകാം എന്ന്പറഞ്ഞു . അപ്പോഴാണ്‌ കൂടുകാരന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തത് . ഞാന്‍ ചോദിച്ചു എന്താണ് റേറ്റ് എവിടെയാണ് സ്ഥലം . ഒരു ഷോട്ടിനു ഇരുന്നൂറു ദിര്‍ഹം . ഒരു രാത്രിക്ക് അഞ്ഞൂറ് . ഹോട്ടല്‍ ചാര്‍ജ് ഇരുന്നൂറും വേണ്ടി വരും ഫുള്‍ നൈറ്റ് ആണേല്‍ എന്നവള്‍ പറഞ്ഞു . ഞാന്‍ പറഞ്ഞു എന്തായാലും നീ ഒരു കറക്കം കറങ്ങൂ ഞാന്‍ ഒറ്റക്കല്ല എന്റെ സുഹൃത്തും ഉണ്ട് അയാള്‍ക്ക് ആരെയെങ്കിലും കിട്ടിയോ എന്ന് നോക്കി പിന്നെ പറയാം എന്ന് . ശരി എന്ന് പറഞ്ഞു അവള്‍ നടന്നു പോയി. വീണ്ടും ഞാന്‍ എഴുന്നേറ്റ് നടന്നു . കൂട്ടുകാരന്‍ അപ്പോഴേക്കും അവിടെ നിന്നും എഴുന്നേറ്റ് വേറൊരു മൂലയില്‍ എത്തിയിരുന്നു . അവിടെ ഇരുന്നപ്പോള്‍ പുള്ളി പറഞ്ഞു നീയല്ലേ പറഞ്ഞത് ഇന്ത്യക്കാരെ കണ്ടില്ല എന്ന് ദേ അപ്പുറത്ത് ഇരിക്കുന്നത് മലയാളിയോ തമിഴോ ആണ് പോയി മിണ്ടൂ എന്ന് . ഞാന്‍ പറഞ്ഞു എനിക്കൊന്നു ബാത് റൂമില്‍ പോകണം ഇപ്പൊ വരാം . ഞാന്‍ പോയി വന്നപ്പോഴേക്കും പുള്ളിയുടെ അടുത്തു ആ സ്ത്രീ ഇരിപ്പുണ്ടായിരുന്നു . മലയാളി ആണെന്നും പ്രിയ എന്നാണു പേര് എന്നും പറഞ്ഞപ്പോള്‍ സംസാരത്തില്‍ നിന്നും മലയാളി അല്ല എന്ന് മനസ്സിലായി . തമിഴ് ആണ് .അവളും സംസാരിച്ചു നോക്കിയിട്ടും താത്പര്യം ഇല്ല , നിന്നാല്‍ വേറെ കസ്റ്റമര്‍മാരെ കിട്ടില്ല എന്ന് കണ്ടു അവള്‍ എഴുന്നേറ്റ് പോയപ്പോഴേക്കും തെസ്നി കറങ്ങി അവിടെയെത്തി . ഇതാണോ കൂട്ടുകാരന്‍ എന്ന് ചോദിച്ചു അവള്‍ വീണ്ടും വാ പോകാം എന്നായി . തലയില്ക്കെ ഉയര്‍ത്തി വച എന്റെ കണ്ണട അവള്‍ നേരെ മുഖത്തേക് പിടിച്ചു വച്ച് പറഞ്ഞു എന്നെ നോക്കൂ ഞാന്‍ മുന്നില്‍നിന്നിട്ടും കാണാന്‍ വയ്യേ . ഞാന്‍ പറഞ്ഞു എനിക്ക് താത്പര്യം ഇല്ല പിന്നെ നോക്കാം എന്ന് . അവള്‍ അതോടെ എന്നെക്കൊണ്ട് ഗുണം ഇല്ല എന്ന് കണ്ടു അവിടെനിന്നും നടന്നു പോയി . നേരത്തെ എന്നെ നോക്കി ചിരിച്ച നൈജീരിയന്‍ അപ്പോഴേക്കും തിരികെ വന്നു കയറി .നേരെ എന്റെ അടുത്തു വന്നു താത്പര്യമുണ്ടോ എന്ന് ചോദിച്ചു . ഞാന്‍ പറഞ്ഞു ഇല്ല എന്ന് അതോടെ അവള്‍ വേറെ ആളെ തിരക്കി പോയി. ഇറങ്ങാം പന്ത്രണ്ടു കഴിഞ്ഞു എന്ന് കൂട്ടുകാരന്‍ പറഞ്ഞു . ഞങ്ങള്‍ പുറത്ത് എത്തിയപ്പോള്‍ പുള്ളി പറഞ്ഞു ഇനി ഡാന്‍സ് കണ്ടില്ല എന്ന് വേണ്ട ദേ അവിടെ കയറിവാ എന്ന് . എന്നെ വാതില്‍ക്കല്‍ കൊണ്ട് വിട്ടു പുള്ളിക്കാരന്‍ മുങ്ങി . അകത്തേക്ക് കയറുമ്പോള്‍ സ്റ്റെജില്‍ ആറേഴു തമിഴ് പെണ്ണുങ്ങള്‍ നിരന്നു നിന്ന് നൃത്തം ചെയ്യുകയാണ് പാട്ടിനു അനുസരിച്ച് . കുറച്ചു ആള്‍ക്കാരെ ഉണ്ടായിരുന്നുള്ളൂ കാഴ്ചക്കാര്‍ . ഭംഗിയായി സാരി ചുറ്റിയ രണ്ടു സ്ത്രീകള്‍ അടുത്തു വന്നു ഒരാള്‍ ബിയര്‍ എടുക്കട്ടെ എന്ന് ചോദിച്ചു .വെറുതെ കയറി ഡാന്‍സ് കണ്ടാല്‍ തമിഴന്റെ തെറി കേള്‍ക്കേണ്ടി വരുമെന്നുകരുതി ഞാന്‍ ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു കഴിച്ചു കൊണ്ടിരുന്നു ഡാന്‍സ് വീക്ഷിച്ചു . അപ്പോഴേക്കും കൂട്ടുകാരന്റെ തല വാതില്‍ക്കല്‍ കണ്ടു . ഞാന്‍ ബിയര്‍ പൂര്‍ത്തിയാക്കി എഴുന്നേറ്റു പുറത്തേക്ക് വന്നു . സമയം എതാണ്ട് ഒരു മണിയോട് അടുക്കുന്നുണ്ടായിരുന്നു . തിരികെ ടാക്സിയില്‍ കൂട്ടുകാരന്റെ വീട്ടില്‍ എത്തി . അവിടെക്കിടന്നു സുഖമായി ഉറങ്ങി . രാവിലെ പുറത്ത് പോയി കാപ്പിയും കഴിച്ചു അദ്ദേഹം എന്നെ മെട്രോയില്‍ വിട്ടു . മെട്രോയും ബസ്സും ആയി ഞാന്‍ റൂമില്‍ തിരികെ എത്തി . മനസ്സില്‍ ഡാന്‍സ് ബാര്‍ എന്ന സങ്കല്‍പം മൊത്തത്തില്‍ മാറുകയും അവിടേക്ക് പുതിയ അനുഭവം കയറി ഇരിക്കുകയും ചെയ്തു . ജീവിതത്തെ അറിയുവാനും കാണുവാനും അനുഭവങ്ങള്‍ ആവശ്യമാണ്‌ . അറിവുകള്‍ പലപ്പോഴും സമൂഹത്തിനു ഇഷ്ടമാകുന്ന ഫോര്‍മാറ്റിനു ഉള്ളില്‍ ഉള്ളതാകണം എന്നില്ല . ഊഹിച്ചു കൂട്ടുന്നവയ്ക്ക് ഒരിക്കലും യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലും ഉണ്ടാകില്ല . അത് പലപ്പോഴും അനുഭവിച്ചു അറിഞ്ഞിട്ടുള്ളതാണ് . അതിനാല്‍ തന്നെ ഈ യാത്ര എനിക്ക് വളരെ ഉപകാരപ്പെട്ടു . എനിക്ക് എന്നെ അറിയാനും ഇതിലൂടെ കഴിഞ്ഞു . അതെന്ത് എന്നു ചോദിച്ചാല്‍ ലൈംഗികതയോടോ , അത്തരം വികാരങ്ങളോടോ കൂടിയല്ലാതെ അപരിചിതരായ സ്ത്രീകളോട് വളരെ അടുത്തു പെരുമാറാനും സംസാരിക്കാനും കഴിയുന്നു എന്നതും അവരെ ലൈംഗികതയോട് കൂടിയല്ലാതെ നോക്കാനും മുഖം നോക്കി മാത്രം സംസാരിക്കാനും എനിക്ക് കഴിയുന്നുണ്ട് ഇപ്പോഴും എന്നുള്ള എന്റെ അനുഭവം എന്നോടുള്ള എന്റെ ബഹുമാനത്തിനു ആക്കം കൂടി എന്നത് തന്നെ സ്നേഹത്തോടെ ബി.ജി.എന്‍ വര്‍ക്കല.