കല്‍ത്താമര (നോവല്‍)
ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍
കറന്റ് ബുക്സ്
വില 65 രൂപ
വിവാദങ്ങള്‍ ഉണ്ടാക്കി എടുക്കുന്നതും
അവയെ തരം പോലെ അവനവനു ഉപയുക്തമാക്കുന്നതും നമ്മുടെ കാലത്തിന്റെ മാത്രം കാഴ്ചയാണ് .
പ്രസാധക സംഘങ്ങളും എഴുത്തുകാരും കുറച്ചു മദം കയറിയ ജനങ്ങളും ചേരുമ്പോള്‍ ഇന്നത്തെ
സാഹിത്യ ലോകമായി എന്നതാണ് സത്യം . സോഷ്യല്‍ മീഡിയകള്‍ പോലുള്ള ഇടങ്ങളില്‍ അവയ്ക്ക്
നല്ല റീച് കിട്ടും എന്നതിനാല്‍ വിവാദങ്ങള്‍ ഓരോ ദിനവുമോരോ രീതിയില്‍ ഇവിടെ നിലനില്‍ക്കുക
തന്നെ ചെയ്യും . സാഹിത്യത്തിന്റെ പുഷ്കല കാലത്ത് ഇത്തരം വിവാദങ്ങള്‍ ഇല്ലാതിരുന്നു
. അവിടെ കൊടുക്കല്‍ വാങ്ങലുകള്‍ ബൗദ്ധികമായി എഴുത്തുകളില്‍ കൂടിയോ സംവാദങ്ങളില്‍
കൂടിയോ നടന്നു പോയിരുന്നു . അന്ന് ആരും ആ എഴുത്തുകളോ സംവാദങ്ങളോ കണ്ടു എഴുത്തു
പിന്‍വലിച്ചു ഓടിയിട്ടില്ല . അവരവരുടെ ഇടങ്ങളില്‍ അവര്‍ ശക്തമായി നിലനില്‍ക്കുകയും
പ്രതിരോധങ്ങളെ മറുപടി നല്‍കി തൃപ്തമാക്കുകയും ചെയ്തിരുന്നു .
നോവല്‍ വായനയില്‍ നല്ല അനുഭവങ്ങള്‍ നല്‍കുന്നത്
അവ മനസ്സില്‍ സന്തോഷം നിറയ്ക്കുമ്പോള്‍ ആണ് എന്ന് കരുതുന്നു . 'ഡോ. ജോര്‍ജ്ജ്
ഓണക്കൂര്‍' എഴുതിയ "കല്‍ത്താമര" എന്ന നോവല്‍ വായിക്കുമ്പോള്‍ വളരെ സന്തോഷം തോന്നി
എന്നതിനു കാരണം അത് നല്ലൊരു വായന നല്‍കി എന്നതിനാല്‍ മാത്രമാണ് . സാഹിത്യപരമായ
ശൈലീരൂപീകരണം സാധ്യമാകുന്നത് പരന്ന വായനയിലൂടെയും മിതമായ എഴുത്തുകളിലൂടെയും
ആണെന്ന് കരുതുന്നു . പഴയകാല എഴുത്തുകാര്‍ എല്ലാം തന്നെ തങ്ങളുടെ സാന്നിധ്യം ഇന്നും
ശക്തമായി നിലനിര്‍ത്തുന്നത് അവര്‍ നേടിയ അടിസ്ഥാനമായ ആ വായനയില്‍ നിന്നുമാണ് .കല്‍ത്താമര
എന്ന നോവല്‍ ആഖ്യായന ശൈലി കൊണ്ടും ഭാഷ കൊണ്ടും മികച്ച ഒരു അനുഭവം തന്നെയായിരുന്നു
. പടര്‍ന്നു കയറുന്ന മരത്തില്‍ നിന്നും ദീര്‍ഘകാലം ഒന്നും കരസ്ഥമാക്കി ഉപ്ദ്രവമാകാതെ സ്വന്തമായി ആഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന കല്‍ത്താമര എന്ന ചെടിയെ പ്രതീകമാക്കി യുവത്ത്വത്തിന്റെ മനസ്സിനെ നിര്‍ദ്ധാരണം ചെയ്യുന്ന ഒരു നോവല്‍ ആണിത്.
ഗോപു എന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന പതിനഞ്ചു അദ്ധ്യായങ്ങള്‍ ഉള്ള ഈ ചെറുനോവല്‍ പങ്കു വയ്ക്കുന്ന വിഷയം തന്റെ നിലനില്‍പ്പ് പോലും ശൂന്യതയാണ് എന്ന ചിന്ത , അതൊരു ജീവിതത്തെ എത്ര ശക്തമായി ഉലച്ചു കളയുന്നതാണ് എന്നത് വളരെ നന്നായി പറഞ്ഞുതരുന്നു എന്നുള്ളതാണ്. നോവലിന്റെ ഭാഷ
താത്വികമായ ഒരു തലം ആണ് കാഴ്ചവയ്ക്കുന്നത് . സാധാരണ നോവല്‍ ഭാഷകളില്‍ നിറയുന്ന
സംഭാഷണങ്ങള്‍ കൊണ്ടുള്ള ബാഹുല്യമോ വിവരണങ്ങള്‍ കൊണ്ടുള്ള ധരാളിത്തമോ ഈ നോവലില്‍
കാണാന്‍ കഴിയില്ല . എന്നാല്‍ വികാരങ്ങളുടെ വേലിയേറ്റങ്ങളും ഇറക്കങ്ങളും വളരെ
വ്യക്തമായി വായനക്കാരനില്‍ സന്നിവേശിപ്പിക്കാനും കഴിയുന്നുണ്ട് .
പ്രസവിച്ചത് കൊണ്ട് മാത്രം അമ്മയാകുക
എന്ന ചിന്തയില്‍ നിന്നും മാതൃത്വം എന്നത് മനസ്സില്‍ നിന്നുമുരുവാകുന്ന ഒരു മഹനീയവികാരമാണ്
എന്നും അതിനു ഗര്‍ഭപാത്രം നല്‍കേണ്ടതിന്റെ ആവശ്യകതയില്ല എന്നും സന്ദേശം നല്‍കുന്ന
ഈ നോവലില്‍ രാഹുല്‍ എന്ന ചെറുപ്പക്കാരന്‍ യാദൃശ്ചികമായി തന്റെ അമ്മയും അച്ഛനും
തന്റെ സ്വന്തം അച്ഛനമ്മമാര്‍ അല്ല എന്ന് തിരിച്ചറിയുന്നിടത്ത് ആണ് കഥ തുടങ്ങുന്നതു
. ഡോക്ടര്‍ ആകാന്‍ പഠിക്കുന്ന രാഹുല്‍ താന്‍ അറിഞ്ഞ രഹസ്യം അവരോട് ചോദിക്കാന്‍
കഴിയാതെ സ്വയം ഉമിത്തീയില്‍ വേവുകയാണ് . അമ്മയുടെയും അച്ഛന്റെയും കറ കളഞ്ഞ
സ്നേഹവും വാത്സല്യവും ഉപേക്ഷിക്കാന്‍ കഴിയാത്ത വ്യഥയും ഒപ്പം താന്‍ ഇതിനൊക്കെ അര്‍ഹനാണോ
എന്ന കുറ്റബോധവും അയാളെ രോഗിയാക്കുകയാണ് . തന്റെ പ്രണയത്തെയും തന്നെ പ്രണയിക്കുന്ന
പെണ്ണിനേയും അയാള്‍ക്ക് നഷ്ടമാകുകയാണ് അതോ അയാള്‍ അവരെ നഷ്ടപ്പെടുത്തുകയാണോ എന്ന്
സംശയിക്കേണ്ടിയിരിക്കുന്നു . അയാള്‍ സ്വയം തന്റെ സ്വത്വം തേടുകയാണ് . പരാജിതനായി
ഒടുവില്‍ അയാള്‍ ജീവിതത്തില്‍ നിന്നും സ്വയം ഒഴിവായി പോകാന്‍ ശ്രമിക്കുന്നിടത്താണ്
അയാള്‍ക്കതിനു കഴിയുന്നില്ല എന്നും അമ്മയുടെ സ്നേഹം എന്നത് ഒരിക്കലും അവഗണിക്കാന്‍
കഴിയുന്ന ഒന്നല്ല എന്ന ബോധം ഉണ്ടാകുകയും ചെയ്യുന്നത് .
സ്നേഹത്തിന്റെ നനുത്ത നാരുകൊണ്ട്
കെട്ടിയിടപ്പെട്ട മാതൃത്വവും വാത്സല്യത്തിന്റെ തേന്‍ മധുരവും വായനക്കാര്‍
അനുഭവിക്കുക ശരിക്കും മനസ്സുകൊണ്ട് അതിനെ അറിയുക എന്നത് എഴുത്ത് നല്‍കിയ ശൈലിയുടെ
പ്രത്യേകത കൊണ്ടാണ് എന്ന് കരുതുന്നു . വായനയുടെ ഒരു ഘട്ടത്തില്‍ തോന്നിച്ചു
രാഹുലിനെ കൊണ്ട് അയാളുടെ യഥാര്‍ത്ഥ രക്ഷകര്‍ത്താക്കളിലേക്ക് നടന്നെത്തി സിനിമകള്‍
പോലെ ശുഭപര്യവസാനിയോ ദുരന്തപരമായ അവസ്ഥയോ സംജാതമാക്കും എന്ന് . പക്ഷെ ആ ഭാഗത്തെ
വളരെ മനോഹരമായി കൈകാര്യം ചെയ്യുകയും അത് രാഹുലിനും വായനക്കാരനും ദുരൂഹമായ ഒരു
ചിന്തമാത്രമായി മാറ്റി നിര്‍ത്താനും എഴുത്തുകാരന്‍ വളര ശ്രദ്ധിച്ചിരിക്കുന്നു .
അമ്മയുടെയോ അച്ഛന്റെയോ ചിന്തകളില്‍ പോലും ഒരു ഫ്ലാഷ് ബാക്ക് കൊടുത്തുകൊണ്ട് രാഹുല്‍
തങ്ങളുടെ മകന്‍ അല്ല എന്നൊരു ചിന്ത വളര്‍ത്തുന്നില്ല . അവര്‍ ഇപ്പോഴും മകനെക്കുറിച്ച് ചിന്തിക്കുന്നത് സ്നേഹവും വാത്സല്യവും നിറഞ്ഞ വാക്കുകളില്‍ കൂടിയാണ് .
അച്ഛന്റെ പരാതി മകനെ തനിക്ക് ലഭിക്കുന്നില്ല എന്നാണു. അമ്മയുടെ പരാതി എനിക്ക്
പത്തും പലതും ഇല്ലല്ലോ അവന്‍ ഒരാള്‍ അല്ലെ ഉള്ളൂ എന്നും . മുതിര്‍ന്നിട്ടും നാണം
കുണുങ്ങിയായ ഒരു അമ്മക്കുട്ടിയാണ് രാഹുല്‍ . ആ ഒരു സ്ത്രൈണത രാഹുലിന്റെ
ചിന്തകളിലും ഉടനീളം ബോധപൂര്‍വ്വം നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നു എന്നത് പാത്രസൃഷ്ടിയുടെ
സൂക്ഷ്മവശങ്ങള്‍ പോലും എത്രത്തോളം പ്രാധാന്യം ഉള്ളതാണ് എന്ന ബോധം വായനക്കാരനില്‍
ഉണര്‍ത്തും എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ് .
പ്രത്യേകതകള്‍ ഒന്നുമില്ലാതെ പോകാവുന്ന
ഒരു തീം ഉള്ളില്‍ തട്ടും പോലെ പറയുകയും തുടക്കവും ഒടുക്കവും അസ്വഭാവികതകള്‍
ഇല്ലാതെ പരത്തി പറഞ്ഞു വഷളാക്കുകയും ചെയ്യാതെ അവതരിപ്പിച്ച ഈ നോവല്‍ നല്ല വായനയുടെ
കൂട്ടത്തില്‍ പെടുത്താന്‍ പറ്റിയ ഒന്നായി അനുഭവപ്പെട്ടു . ആശംസകളോടെ ബി.ജി.എന്‍
വര്‍ക്കല
No comments:
Post a Comment