Tuesday, August 14, 2018

മരുഭൂമിയിലെ തണല്‍ മരങ്ങള്‍ ................ശാന്താ തുളസീധരന്‍


മരുഭൂമിയിലെ തണല്‍മരങ്ങള്‍ (ജീവചരിത്രം)
ശാന്താ തുളസീധരന്‍
ലിപി പബ്ലിക്കേഷന്‍
വില : 150 രൂപ

ജീവചരിത്രങ്ങള്‍ ജീവിതത്തിന്റെ സാക്ഷ്യങ്ങള്‍ ആണ് . ഓരോ മനുഷ്യനും ഇവിടെ ജീവിച്ചു മരിച്ചു പോകുമ്പോള്‍ അവശേഷിപ്പിക്കുന്ന അടയാളങ്ങള്‍ ആണ് അവന്റെ പ്രവര്‍ത്തിയും പ്രഭാവവും . പലപ്പോഴും അത്തരം ചരിത്രങ്ങളെ നമ്മള്‍ ഓര്‍ക്കാറില്ല കാരണം അവര്‍ ഒരുപക്ഷെ, ചരിത്രത്തിനു അനഭിമതര്‍ ആകുന്നതോ അതോ ചരിത്രം അവരെ ഓര്‍ക്കാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതോ ആകും . ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസങ്ങള്‍ ആകും മറ്റു ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തങ്ങളെ അടയാളപ്പെടുത്തി ഇല്ലാത്ത കാഴ്ചകളിലൂടെ ആള്‍ക്കാരെ കബളിപ്പിക്കും . ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരുടെ ജീവചരിത്രങ്ങള്‍ എഴുതി വെട്ടിലായ പല എഴുത്തുകാരും നമുക്കിടയില്‍ ഉള്ളത് ഇതിനുദാഹരണം ആണ് . കേട്ടറിവുകള്‍ കൊണ്ട് മഹത്വം ദര്‍ശിച്ചു പുറം കാഴ്ചകളെ അടയാളപ്പെടുത്തുകയും ആഴത്തില്‍ അറിയാതെ പോകുന്നതുകൊണ്ടോ പഠിക്കാതെ പോകുന്നതുകൊണ്ടോ ലോകത്തിനു തെറ്റായ ഒരു ചിത്രം നല്‍കേണ്ടി വരികയും ചെയ്യുന്നത് ജീവചരിത്രം എഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് . ഒരാളുടെ ജീവിതം അയാള്‍ തന്നെ പകര്‍ത്തുമ്പോള്‍ അതില്‍ എന്ത് ചേര്‍ത്താലും അതയാളുടെ മാത്രം ഉത്തരവാദിത്വം ആകുന്നു . പക്ഷെ അയാളെ മറ്റൊരാള്‍ അടയാളപ്പെടുത്തുമ്പോള്‍ അതില്‍ എന്ത് വന്നാലും അത് ആ എഴുത്തുകാരന്റെ ഉത്തരവാദിത്വം ആകുന്നു എന്നത് ഓരോ എഴുത്തുകാരനും മനസ്സിലാക്കിയാല്‍ കൂടുതല്‍ മനോഹരവും വിമര്‍ശനപരമായതുമായ ഒരു യഥാര്‍ത്ഥ ജീവിത ചരിത്രം വായനക്കാര്‍ക്ക് ലഭിക്കും . അടുത്തിടെ വായിച്ച ചില ജീവചരിത്ര ഗ്രന്ഥങ്ങള്‍ തന്ന ഈ ഓര്‍മ്മ മനസ്സില്‍ വച്ചുകൊണ്ടാണ് ശ്രീ ‘ശാന്താ തുളസീധര’ന്റെ “മരുഭൂമിയിലെ തണല്‍മരങ്ങള്‍” വായിക്കാനെടുത്തത്.

പ്രവാസഭൂമിയില്‍ പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്ന ചില നന്മമരങ്ങള്‍ ഉണ്ട്. അവര്‍ ആരാലും അറിയപ്പെടാന്‍ സ്വയം ആഗ്രഹിക്കാതെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ മാത്രം ശ്രദ്ധിച്ചു കഴിഞ്ഞുപോകുന്ന മനുഷ്യര്‍ ആണ് . ഇത്തരം അപൂര്‍വ്വ മനുഷ്യരുടെ ആത്മാര്‍ത്ഥപ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്താന്‍ പ്രവാസഭൂമിയിലെ എഴുത്തുകാര്‍ക്ക് പലപ്പോഴും കഴിയാറില്ല . അവര്‍ക്ക് ആവശ്യം പ്രവാസിയുടെ വിരഹം, രതി , പ്രണയം . നാട്ടിന്റെ ഗൃഹാതുരത്വം തുടങ്ങിയവ എഴുതി സീരിയല്‍ പ്രേമികള്‍ ആയ വായനക്കാരെ ആകര്‍ഷിക്കുക എന്നത് മാത്രമാണ് . ചുരുക്കം ചിലർ ഇതില്‍ നിന്നും വ്യത്യസ്തമാകുന്നു എന്നത് മറക്കുക വയ്യ തന്നെ. സംഘടനകള്‍ ഉണ്ടാക്കാനും അതിന്റെ അമരത്തു കയറി ഇരിക്കാനും വ്യഗ്രത പൂണ്ട പ്രവാസി എഴുത്തുകാര്‍ക്ക് പരസ്പരം താങ്ങും തണലും ആയി അവര്‍ തന്നെ വര്‍ത്തിക്കുന്നുണ്ട്. പത്തു സംഘടനകള്‍ ഉണ്ടാകും സാഹിത്യത്തിനു . പത്തിലും ഒരേ മുഖങ്ങള്‍ ആകും . ഒരിടത്ത് പ്രസിഡന്റ്  ആയിരിക്കുന്നയാള്‍ അടുത്തിടത്ത് സെക്രട്ടറി ആകും അല്ലെങ്കില്‍ ഖജാന്‍ജി അതുമല്ലെങ്കില്‍ മുഖ്യ രക്ഷാധികാരി . ഇങ്ങനെ പരസ്പരം സഹായത്തോടെ അവര്‍ ഭിന്നിച്ചു നില്‍ക്കുകയും പരസ്പരം വാഴ്ത്തുകയും അവാര്‍ഡുകള്‍ നല്‍കി പത്രങ്ങള്‍ക്ക് വാര്‍ത്തയായും ചര്‍ച്ചാ വേദികള്‍ സംഘടിപ്പിച്ചു പരസ്പരം ഉള്ള പുസ്തകങ്ങളെ വാഴ്ത്തി ചര്‍ച്ച നടത്തി ആത്മരതിയടയുകയും ചെയ്യുന്നതില്‍ ആണ് പ്രവാസ സാഹിത്യലോകം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മതേതരത്വം , മതസൗഹാര്‍ദ്ദം തുടങ്ങിയ കെട്ടുകാഴ്ചകള്‍ അവര്‍ക്കിടയിലെ വലിയൊരു ഘടകമാണ് . അടുത്തിടെയായി കേരളത്തില്‍ നിന്നും പ്രവാസ ഭൂമിയികയില്‍ വന്നു മേല്‍പ്പറഞ്ഞ മനുഷ്യ സ്നേഹികളെ കണ്ടും അറിഞ്ഞും അവരെക്കുറിച്ച് എഴുതാന്‍ എഴുത്തുകാര്‍ കാണിക്കുന്ന വ്യഗ്രത പോലും പ്രവാസത്തില്‍ ഉള്ളവരില്‍ ഉണ്ടായി കാണാറില്ല.

സൗദി അറേബ്യയില്‍ ഉള്ള ലത്തീഫ് തെച്ചി എന്ന മനുഷ്യന്റെ കഥയാണ് മരുഭൂമിയിലെ തണല്‍ മരങ്ങള്‍ എന്ന ജീവചരിത്രപുസ്തകം പങ്കുവയ്ക്കുന്നത് . പ്ലീസ് ഇന്ത്യ എന്ന സംഘടനയും ഹുറൂബ് ഡോട്ട് കോം എന്ന വെബ് സൈറ്റും ആഗോള പ്രവാസ സംഘടനകളുടെ അമരത്വത്തിനും ഒക്കെ പിന്നില്‍ ഉള്ള ആ മനുഷ്യന്റെ പ്രവര്‍ത്തികള്‍ എന്താണ് എന്ന് കണ്ടും കേട്ടും അറിഞ്ഞു അറിയപ്പെടുന്ന മലയാള എഴുത്തുകാരിയായ ശാന്താ തുളസീധരന്‍ തയ്യാറാക്കിയതാണ് ഈ പുസ്തകം . സൗദി പോലുള്ള രാജ്യത്ത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ അനുഭവിക്കുന്ന തൊഴില്‍ പ്രശ്നങ്ങളും മറ്റു മാനുഷിക പ്രശ്നങ്ങളും കണ്ടും കേട്ടും അറിഞ്ഞു അവയ്ക്കായി സ്വന്തം ജോലിയ്ക്കിടയിലും സമയം കണ്ടെത്തി പ്രവര്‍ത്തിക്കുന്ന ലത്തീഫ് തെച്ചി അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന ഒരു മനുഷ്യന്‍ ആണ് . ഇരുപതില്‍പരം വര്‍ഷമായി സൗദിയില്‍ താമസിക്കുന്ന ആ മനുഷ്യന്‍ നടന്നു നീങ്ങിയ വഴികളില്‍ , കണ്ടെത്തി , പ്രവര്‍ത്തിച്ച കുറെയേറെ പ്രശ്നങ്ങളെ ഇതില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് . മനുഷ്യത്വഹീനരായ മനുഷ്യര്‍ എങ്ങനെയാണ് അടിമകളെ പോലെ പ്രവാസികളെ ഊറ്റിയെടുക്കുന്നതെന്നും കരിമ്പിന്‍ ചണ്ടി പോലെ വലിച്ചെറിയുന്നത് എന്നും മനസ്സിലാക്കാന്‍ ഈ പുസ്തകം ഒരാവര്‍ത്തി വായിച്ചാല്‍ മതിയാകും .

ലത്തീഫ് തെച്ചി സംസാരിക്കുന്നതായി അല്ലെങ്കില്‍ ലത്തീഫ് തെച്ചിയായി ചിന്തിച്ചുകൊണ്ട്‌ ഈ പുസ്തകം സംസാരിക്കുമ്പോള്‍ ഇതില്‍ ഒരു എഴുത്തുകാരന്റെ സ്പര്‍ശം വായനക്കാരനു അറിയാന്‍ കഴിയുന്നില്ല എന്നത് ഈ പുസ്തകത്തിന്റെ പിന്നിലെ പ്രവര്‍ത്തനത്തിന്റെ വിജയമായി കാണാം . അതുകൊണ്ട് തന്നെ ഇതിനെ ശാന്താ തുളസീധരന്റെ പുസ്തകം എന്നതിന് അപ്പുറം ലത്തീഫ് തെച്ചിയുടെ പുസ്തകമായി വായിക്കപ്പെടാന്‍ കഴിയുന്നുണ്ട് . ഭാഷയും ചിന്തയും എല്ലാം തന്നെ ശാന്ത എന്ന എഴുത്തുകാരിയുടെ  ചിന്തകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നത് എഴുത്തിന്റെ മേന്മ തന്നെയാകുന്നു . തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ മൂലം ഒളിച്ചോടപ്പെടുന്ന ജോലിക്കാര്‍ സൗദിയിലെ സ്ഥിരം വാര്‍ത്തയാണ് . പലപ്പോഴും എന്നല്ല എല്ലായ്പ്പോഴും ഇത്തരം ഒളിച്ചോട്ടക്കാര്‍ ഹുറൂബ് എന്ന വലയില്‍ കുടുക്കപ്പെടുന്നു . അങ്ങനെ ആകുമ്പോള്‍ പിന്നെ ആ ജീവിതം ആരുമറിയാതെ തടവറയ്ക്കുള്ളില്‍ ഒതുങ്ങിപ്പോകുകയും ചെയ്യുന്നു . അവിടെത്തന്നെ മരിച്ചവരും രോഗാതുരരായി ആലംബമില്ലാതെ കഴിയുന്നവരും മാനസിക നില തെറ്റിയവരും ഒക്കെ ഉണ്ട് . ഇവരില്‍ അഭ്യസ്തവിദ്യരായ ആളുകളും ഉണ്ട് എന്നതാണ് ഈ വിഷയത്തിലെ ഭീകരത മനസ്സിലാക്കാന്‍ ഉള്ള ഏക ചാലകം.

ഇത്തരം പ്രശ്നങ്ങളില്‍ ചെന്നുപെടുന്ന സ്ത്രീകള്‍ ആണ് കൂടുതല്‍ എന്ന് കരുതുന്നു. പക്ഷെ അവരെ പുറം ലോകം അധികം കാണുന്നുമില്ല . ഇന്ത്യന്‍ സര്‍ക്കാരിന് പോലും വ്യക്തമായ കണക്കുകള്‍ ഇല്ലാത്ത പ്രവാസികള്‍ സൗദി അടക്കമുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ട് . അവരില്‍ പലരും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് , അവരെ സഹായിക്കാനോ ,. ഉപദേശങ്ങള്‍ ,മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ആരുമില്ല എന്നതാണ് ഇന്ന് അവര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ഈ വിഷയത്തില്‍ ലത്തീഫ് തെച്ചിയും സംഘവും ഒരുപാട് പ്രവര്‍ത്തങ്ങള്‍ നടത്തുന്നുണ്ട് എന്ന അറിവ് തന്നെ ശുഭോദാര്‍ക്കമായതാണ്. അധികം ആര്‍ക്കും അറിയാത്ത ഈ മനുഷ്യനെയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും ലോകത്തെ അറിയിക്കാന്‍ ശ്രീമതി ശാന്താ തുളസീധരന്‍ നടത്തിയ ശ്രമത്തെ ശ്ലാഘിക്കുന്നു. ഇരുപതോളം അധ്യായങ്ങള്‍ ഉള്ളതില്‍ ഓരോ അധ്യായവും ഓരോ ജീവിതങ്ങള്‍ ആണ് . ലത്തീഫ് തെച്ചിയും കുടുംബവും സുഹൃത്തുക്കളും അവര്‍ക്ക് വേണ്ടി നടത്തിയ ശ്രമങ്ങളും വിജയങ്ങളും ആണ് . അവസാനഭാഗത്ത് അദ്ദേഹം നടത്തുന്ന പ്രസംഗത്തിൽ പ്രവാസ പ്രശ്നങ്ങളെ അക്കമിട്ടു അടയാളപ്പെടുത്തി ശ്രദ്ധ ക്ഷണിക്കുന്നുണ്ട്‌ സര്‍ക്കാരിന്റെയും മറ്റു സംഘടനകളുടെയും .

തീര്‍ച്ചയായും പ്രവാസത്തിലേക്ക് പുറപ്പെടാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യരും ഈ പുസ്തകം ഒരിക്കല്‍ എങ്കിലും വായിക്കണം എന്നത് ഒഴിവാക്കാന്‍ ആകാത്ത ഒരു വസ്തുതയായ് ചൂണ്ടിക്കാണിക്കട്ടെ . അറിവില്ലായ്മ മൂലം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തി മറ്റു മനുഷ്യരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങളെക്കൂടി നഷ്ടപ്പെടുത്തി അവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ അതുപകരിക്കും . ഈ പുസ്തകത്തിന്റെ ഒരു പോരായ്മ കൂടിയുണ്ട് എന്നത് പറയാതെ വയ്യ . പ്രവാസത്തിലെ സൗദി ഭാഗം ആണല്ലോ ഇത് കൈകാര്യം ചെയ്യുന്നത് എന്നാല്‍ സൗദി പ്രവാസത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍  വളരെ വിശദമായി പറയാന്‍ ഒരു അധ്യായം മാറ്റി വച്ചിരുന്നു എങ്കില്‍ ഇതൊരു റഫറന്‍സ് ഗ്രന്ഥമായി മാറുമായിരുന്നു എന്നത് എഴുത്തുകാരി അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയാണ് . അപൂര്‍ണ്ണമായ അറിവ് മാത്രമേ ഈ പുസ്തകത്തില്‍ അത് നല്‍കുന്നുള്ളൂ . ചെന്ന് പെട്ടു പോകുന്നതിനു മുന്നേ എന്തിലേക്കു ആണ് താന്‍ പോകുന്നത് എന്നോരോരുത്തരും അറിഞ്ഞിരിക്കുന്നത് നല്ലതാണു . പോകുന്ന രാജ്യത്തിന്റെ സാമൂഹ്യവും മതപരവും ആയ എല്ലാ പ്രത്യേകതകളും , പ്രവാസത്തില്‍ ഓര്‍ത്തിരിക്കേണ്ടതും ചെയ്യേണ്ടതുമായ ഓരോ വസ്തുതയും പറഞ്ഞു വയ്ക്കുക എന്നത് ഒരു വലിയ ദൗത്യം തന്നെയാണ് എന്നറിയായ്ക അല്ല . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നെറ്റിന്റെ സൗകര്യം അതിനു ഉപയോഗിക്കാം എന്നൊരു വാദം മുന്നോട്ടു വരുമെങ്കിലും വരുന്നവര്‍ എല്ലാം ഇതുപയോഗിക്കുവാന്‍ പര്യാപ്തരാണോ എന്നത് ചോദ്യമാണ് . പ്രത്യേകിച്ചും ഡ്രൈവര്‍ , വീട്ടു ജോലിക്കാരികള്‍ തുടങ്ങിയ ജോലിക്ക് വരുന്നവര്‍ .

വളരെ നല്ലൊരു ശ്രമം ആണ് ഈ പുസ്തകത്തിന്‌ പിന്നിലുള്ളത് എന്നത് കൊണ്ടുതന്നെ ഇതിന്റെ പ്രാധാന്യം എല്ലാ പോരായ്മകള്‍ക്കും മുകളില്‍ നില്‍ക്കുന്നു . പ്രവാസികള്‍ക്കും പ്രവാസം ആഗ്രഹിക്കുന്നവര്‍ക്കും വായിക്കാന്‍  ഇതൊരു കൈപ്പുസ്തകം ആയിരിക്കട്ടെ എന്ന ആശംസയോടെ ബി.ജി.എന്‍ വര്‍ക്കല





No comments:

Post a Comment