Thursday, August 9, 2018

ഒറ്റയ്ക്കൊരു പെണ്ണ് യാത്ര ചെയ്യുമ്പോള്‍

*ഒറ്റയ്ക്കൊരു പെണ്ണ് യാത്ര ചെയ്യുമ്പോള്‍*
..............................................
ഒറ്റയ്ക്കൊരു പെണ്ണ്
യാത്ര ചെയ്‌താല്‍
വാര്‍ത്തയാകേണ്ടതില്ല തെല്ലും.
യാത്രയ്ക്ക് ലിംഗഭേദമില്ല.
യാത്രക്കാര്‍ക്കെന്തിനതുണ്ടാകണം ?
കടലുകാണാന്‍ അവള്‍ ഒറ്റയ്ക്ക് പോയി .
കടൽത്തിരകള്‍ പ്രണയത്തോടെ കാലുകളില്‍ ചുംബിച്ചു.
കടല്‍ക്കാറ്റവളുടെ മുടിയിഴകളെ തഴുകി.
മണല്‍ത്തരികള്‍ അവളെ ചുമന്നു രസിച്ചു .
അവള്‍ കടല്‍ കണ്ടു തിരികെ പോയി .
നിങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെട്ടതതല്ലായിരുന്നു .
കടല്‍ക്കരയിലെ പാറക്കെട്ടുകൾക്കിടയിലേക്കവൾ
വലിച്ചിഴക്കപ്പെട്ടത് നിങ്ങള്‍ സ്വപ്നം കണ്ടിരുന്നല്ലോ .
ഒറ്റയ്ക്കൊരു പെണ്ണ് മല കയറി.
പാറയുടെ പരുക്കന്‍കൈകള്‍ അവളെ താങ്ങി നിര്‍ത്തി.
പുല്ലാനിക്കാട് അവളുടെ ചേലയെ പിടിച്ചു വലിച്ചു.
തണുത്ത കാറ്റില്‍ അവള്‍ കുളിര്‍ന്നു നിന്നു.
മലയിറങ്ങുമ്പോള്‍ ആകാശം മഴനൂല്‍ കൊണ്ടു തൊട്ടവളെ.
നിങ്ങള്‍ തൃപ്തരായിരുന്നില്ല.
മലമുകളിലെ ഏകാന്തതയില്‍
ചെന്നായ്ക്കള്‍ കടിച്ചു കുടയുന്ന മാന്‍പേടയെ മാത്രമേ
നിങ്ങള്‍ക്ക് സ്വീകാര്യതയുണ്ടയിരുന്നുള്ളൂ.
ഒറ്റയ്ക്കൊരു പെണ്ണ് സിനിമ കാണാന്‍ പോയി.
മുന്നിലും പിന്നിലും വശങ്ങളിലും നിന്ന്
സീറ്റുകളവളെ അപരിചിതത്തോടെ നോക്കുന്നതറിയാതെ,
ഇരുട്ടിനു കൈയും കാലും വയ്ക്കുന്നതറിയാതെ
അവള്‍ സിനിമ കണ്ടു, കപ്പലണ്ടി കൊറിച്ചു.
അവള്‍ സിനിമ ഉപേക്ഷിച്ചു ഇറങ്ങിനടന്നു എന്നോ,
സീറ്റുകൾക്കിടയിൽ നനഞ്ഞ പഴന്തുണിക്കെട്ടായി
കുതറിത്തളര്‍ന്നു കിടന്നതോ.
സീറ്റുകളില്‍ ചിലത് വാതില്‍ക്കല്‍ വന്നു നോക്കി
പ്രതീക്ഷകള്‍ നഷ്ടമായപ്പോള്‍ സ്വയം തെറി പറഞ്ഞുവെന്നോ  .
നിങ്ങള്‍ എഴുതിവച്ചിരുന്നുവല്ലോ.
ഒറ്റയ്ക്കൊരു പെണ്ണ് നഗരം കാണാന്‍ പോയി .
നഗരത്തിനവളും അവള്‍ക്ക് നഗരവും അപരിചിതരായിരുന്നു
അവള്‍ നഗരത്തിന്റെ ഹൃദയത്തിലൂടെ
തലങ്ങും വിലങ്ങും ഒഴുകി.
നഗരം അവളെ കണ്ടതേയില്ല.
അവള്‍ നഗരം കണ്ട് കണ്‍നിറച്ചു.
നഗരത്തിന്റെ രാത്രിയില്‍ നിന്നും  
അവള്‍ സന്തോഷത്തോടെ തിരികെ പോയി  .
ഒറ്റയ്ക്കും കൂട്ടായും നായ്ക്കള്‍ കുരച്ചും,
പന്നികള്‍ ചെളി തെറിപ്പിച്ചും
അവള്‍ക്ക് പിന്നിലും മുന്നിലും ഓടിയതും
അവള്‍ ആമയുടെ പുറംതോടു തിരഞ്ഞാദ്യം കണ്ട
വണ്ടിയില്‍ കയറിയതും
നഗരത്തിന്റെ ഓടയില്‍ ഉടൽ ചതഞ്ഞവൾ കിടക്കുന്നതും
നിങ്ങള്‍ എപ്പൊഴേ സ്റ്റാറ്റസ് ഇട്ടു കഴിഞ്ഞിരുന്നുവല്ലോ .
ഒറ്റയ്ക്കൊരു പെണ്ണും യാത്രപോകരുതെന്നു
നിങ്ങള്‍ എപ്പഴോ തീരുമാനിച്ചു കഴിഞ്ഞിരുന്നു .
അതിനാലാകണം
ഒറ്റയ്ക്കൊരു പെണ്ണു യാത്ര ചെയ്തതൊക്കെയും
ദുരന്തങ്ങളില്‍ നിങ്ങള്‍ എഴുതിവച്ചത് .
അതുകൊണ്ടാകണം
ഒറ്റയ്ക്കൊരുപെണ്ണും യാത്ര പോകാന്‍ മടിച്ചു നിന്നത് .
തിരികെ വരുന്നവള്‍ക്ക് നേരെ
കണ്ടവന്റെ കൂടെ കറങ്ങി വന്നവള്‍ എന്നോ,
അവരാതിച്ചു പാതിരായ്ക്ക് വന്നവള്‍ എന്നോ
കിരീടമണിയിക്കുന്നതോര്‍ത്ത്
അവള്‍ ഒറ്റയ്ക്ക് വിങ്ങിപ്പൊട്ടുന്നത്. .
ഒറ്റയ്ക്കൊരു പെണ്ണിന് ഇനിയും യാത്രകള്‍ ഉണ്ട്.
അവള്‍ക്ക് ഒറ്റയ്ക്ക് തന്നെ പോകണം .
അവളുടെ ഒറ്റയെ ചൊല്ലി വേവലാതിപ്പെടുന്നവര്‍
ഒറ്റയ്ക്കാവട്ടെ ആദ്യം .
അവളുടെ ഒറ്റയെ ചൊല്ലി വേവലാതിപ്പെടുന്നവര്‍ക്ക് 
മുലയും യോനിയും മുളയ്ക്കട്ടെ .
അവളെ ഓര്‍ത്ത് ഉറക്കം നഷ്ടപ്പെടുന്നവര്‍ക്ക്
തുടുത്ത മുഖവും കൈകാലുകളും വളരട്ടെ.
അപ്പോഴേ ഒറ്റയ്ക്കൊരുവളുടെ യാത്രയെ
അത്രകണ്ട് നോക്കാതിരിക്കൂ.
അവയിലെ വരും വരായ്കകളെ ഓര്‍ത്തോര്‍ത്ത്
മനസ്സ് നീറ്റാതിരിക്കൂ .
ഒറ്റയാകുന്നത് അവളുടെ തിരഞ്ഞെടുപ്പാണ് .
അവളെ നിങ്ങള്‍ വിധിക്കാതിരിക്കുക .

------ബിജു. ജി.നാഥ് വര്‍ക്കല  

No comments:

Post a Comment