Thursday, October 31, 2013

ഉണർത്തുപാട്ട്


ഒരു കവിതയായി
പിറക്കണമെനിക്കിന്നു
നിന്റെ ചൊടിയിൽ വിരിയും
മൃദുഹാസമേൽക്കുവാൻ

അക്ഷരങ്ങൾ
ക്ലാവുപിടിച്ച വാക്കുകൾ
ക്ഷോഭത്തിന്റെ തീനാളങ്ങൾ
പ്രണയത്തിന്റെ മിഴിനീരുകൾ
രതിയുടെ മണൽകൂടാരം
നിന്റെ ഓർമ്മകളുടെ പവിഴചെപ്പുകൾ .

ഒരു പേമഴയായി
പെയ്തിറങ്ങണം
നിന്റെ ചിതൽപുറ്റു നിറയും
പനിച്ചൂടിലേക്ക് .
കാലം
നിന്നിൽ അടിച്ചമർത്തിയ
നിർബന്ധിതമാമീ അരുതുകളെ
ഒരഗ്നിപർവ്വതമായി
എനിക്ക് തിരിച്ചു പിടിക്കണം .

പ്രകാശത്തിന്റെ നേർക്ക്‌
അടച്ചു പിടിക്കുന്ന നിന്റെ മിഴികളെ,
സ്വതന്ത്രമാക്കാൻ വിടാതെ
നീ അടച്ചു പിടിക്കുന്ന
നിന്റെ വികാരങ്ങളെ ,
കെട്ടഴിച്ചു വിടാതെ
അടിഞ്ഞുകൂടുന്ന
നിന്റെ വിചാരങ്ങളെ
എനിക്ക് തിരികെ വേണം .

വിവസ്ത്രതയുടെ
ലജ്ജയില്ലാതെ ,
വിഭ്രമത്തിന്റെ വിവശതയില്ലാതെ ,
നിന്റെ മറുകുകൾ
സൂര്യവെളിച്ചത്തിൽ
തുഷാരംപോലെ തിളങ്ങണം.

നമ്മൾ
കിനാവിന്റെ വേരറ്റ ഒറ്റമരചുവട്ടിൽ
ഇലയില്ലാക്കൊമ്പിന്റെ തണൽ
തേടുവോർ
തണലിനു വേണ്ടി
തണലാകുവോർ .
-------------ബി ജി എൻ വർക്കല ---

Wednesday, October 30, 2013

തിരിഞ്ഞു നടക്കുമ്പോൾ

വിഷാദം തണൽവിരിച്ച
മനസ്സിൻ പാതയോരം
കരിയിലകൾ പോലെ
ചിതറിയോരോർമ്മകൾ.
ഒറ്റക്കാലിൻ താപസ്സജന്മത്തിൽ
ഉറ്റുനോക്കീടുംലോകമേ
നിന്നിൽ ഞാൻ എരിഞ്ഞടങ്ങട്ടെ .

കണ്ണുകളിൽ തിളങ്ങുന്ന
സ്നേഹത്തിന്റെ തിര കണ്ടാണോ
ജന്മാന്തരബന്ധത്തിന്റെ
ഇഴകൾ തമ്മിൽ അറിഞ്ഞതാണോ
അറിയില്ല
നിന്നെയും എന്നെയും
ഒരു നൂലിൽ കൊരുത്ത
മാസ്മരികത എന്തെന്ന് .

നിന്നിലെക്കൊഴുകുന്ന
എന്റെ സ്നേഹധാരയിൽ
ഞാൻ പരിചയിച്ചത്
 നിന്നെയോ എന്നെയോ അല്ല .

കാലങ്ങൾക്കു പിറകിലെങ്ങോ 
ആരുമറിയാതെ പോയ്
ഓർമ്മകൾ ചിതൽ തിന്ന
രണ്ടു ഇണക്കുരുവികൾ .

അല്ല ,
നമ്മൾ പ്രണയിക്കുക ആയിരുന്നില്ല
ഞാൻ എന്നെ കണ്ടെത്തുക ആയിരുന്നു
നിന്നിലൂടെ അറിയുകയായിരുന്നു
നമുക്കിടയിൽ
പ്രണയത്തിന്റെ തൂവൽ  ,
രതിയുടെ മധുരം,
 സ്നേഹത്തിന്റെ കരുതൽ
അങ്ങനെ എന്തൊക്കെയോ .

നിന്നെ പിരിയാതിരിക്കാൻ
മനസ്സ് കണ്ട
ഉപാധികൾ ആകാം
നീയെനിക്കാര്
എന്റെ ചിന്ത
അവയിലേക്കു സഞ്ചരിക്കുമ്പോൾ
ഞാൻ
എന്നെ വഞ്ചിക്കുന്നു.

നീ
അന്യയല്ല,
അനാദികാലം മുതൽ
എന്നിലുണ്ട് നീ .
ഞാൻ ....
ഞാനാണ് മായ.
-----------ബി  ജി എൻ വർക്കല 

Tuesday, October 29, 2013

പേരില്ല കവിത


ഇവിടെ ഇല്ലിന്നൊരു മതവും
മനുഷ്യന്റെ തമസ്സകറ്റീടുവാൻ .

ഇവിടെ ഇല്ലിന്നൊരിസവും 
ബധിര കർണ്ണങ്ങൾ തുറപ്പിക്കുവാൻ .
ഇവിടെ ഇല്ലിന്നൊരു തത്വശാസ്ത്രവും
പശിയുടെ വേവകറ്റീടുവാൻ.
ഇവിടെ ഇല്ലിന്നൊരു പാഠശാലയും
അറിവിന്റെ തിരികൊളുത്തീടാൻ .
ഇവിടെ ഇല്ലിന്നൊരു ബന്ധവും
ഇഴകളൊന്നായി ചേർന്ന് നിന്നീടുവാൻ .
ഇവിടെ ഇല്ലിന്നൊരു നൗകയും
കാറ്റിൻ ഗതിയതൊത്തു പായുവാൻ .

ഇവിടെ ഇല്ലിന്നൊരു മനുഷ്യനും
മനസ്സിലെ മൃഗത്രിക്ഷ്ണകൾ മരിച്ചവർ.
-----------------ബി ജി എൻ വർക്കല ----

കിളികൾ

വാനിൽ വിലസി നടക്കും പക്ഷികൾ
അഞ്ചുണ്ടെന്നാൽ ഒന്നല്ലോ
മണ്ണിൽ പാദമമർത്തുമ്പോഴും
മിഴികൾ  രണ്ടും മേലേക്ക്
ഒന്നാമൻ കിളി മണമറിയുന്നോൻ
മതിവരുവോളം മദിക്കുന്നോൻ
രണ്ടാമൻ കിളി രസമറിയുന്നോൻ
രസനകൾ തോറും രമിക്കുന്നോൻ
മൂന്നാം കിളി നിറമറിയുന്നോൻ
വർണ്ണങ്ങളിൽ നീരാടുന്നോൻ
നാലാം കിളിൽ ലയമറിയുന്നോൻ
ലാസ്യനിബദ്ധം വിരാജിപ്പോൻ
അഞ്ചാംകിളിയത് മുകരുന്നുണ്ട്
സ്നിഗ്ധതയോലും സ്നേഹക്കടലിനെ
എങ്കിലുമെങ്കിലും കിളികൾ തന്നുടെ
കണ്ണുകളെന്നും മേലോട്ട് .
-----------ബി ജി എൻ വർക്കല -----

പ്രകൃതിയും മനുഷ്യനും

പ്രകൃതി മനുഷ്യന് കിട്ടിയ വരദാനം . ജീവന്റെ ചൂരും ചൂടും നമ്മെ ഓര്‍മ്മിപ്പിക്കുന്ന , ജീവിക്കാന്‍ നമുക്ക് പ്രചോദനം ആകുന്ന പ്രകൃതി .
ആദിമ മനുഷ്യനും പ്രകൃതിയും തമ്മില്‍  ഒരു ബന്ധം ഉണ്ടായിരുന്നു . മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ആണ് വളര്‍ച്ചയെ അവന്റെ ഉന്നമനത്തെ ഒക്കെ ഒരു മലകയറ്റം പോലെ ആയാസവും അതെ സമയം ആനന്ദകരവും ആക്കി തീര്‍ത്തത് .
നാം നമ്മുടെ ചുറ്റുപാടിനെ അടുത്തറിയുന്നത് ഒരു ആവാസ വ്യെവസ്ഥിതിയുടെ ചട്ടക്കൂട് നമുക്ക് അനുയോജ്യം ആക്കി മാറ്റുന്നതിന് വളരെ ഉപകാരപ്രദം ആയിരിക്കും . പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ അകന്നു തുടങ്ങിയപ്പോഴാണ് അവനിലെ ശാന്തവും അന്തര്‍ലീനവും ആയിരുന്ന പ്രകൃതം മാറിയതും വന്യത അവന്റെ മനസ്സില്‍ കുടിയേറിയതും .
സാമൂഹ്യ ജീവിതത്തിന്റെ ചട്ടക്കൂട് അവനില്‍ ഉത്തരവാദിത്വങ്ങളും ഒപ്പം ബന്ധങ്ങളുടെ സാമൂഹ്യഘടനയും കൊണ്ട് വന്നു . കുടുംബം എന്നാ സങ്കല്‍പ്പവും സമൂഹം എന്നാ ചിന്തയും അവനില്‍ ഉടലെടുത്തത് ഈ അവസ്ഥയില്‍ ആകണം .
എന്നും മാറ്റം ആഗ്രഹിച്ചിരുന്ന മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ എന്ന ചിന്തയുടെ തേരില്‍ ഏറി ആകാശങ്ങളെ ലക്‌ഷ്യം ഇട്ടപ്പോള്‍ , ജീര്‍ണ്ണമാകുന്ന ബന്ധങ്ങളുടെ പശിമ അവനില്‍ നിന്നും കൊഴിഞ്ഞു പോകാന്‍ തുടങ്ങി .
ഒരു കാലത്ത് അവന്‍ പ്രകൃതിയില്‍ ജീവിച്ചിരുന്നു . അന്ന് ബന്ധങ്ങ്ങള്‍ അവനില്‍ ഒരു വികാരവും ഉണ്ടാക്കിയിരുന്നില . അന്നന്നത്തെ ഭക്ഷണം കഴിച്ചു , മരച്ചുവട്ടിലും ഗുഹകളിലും വസിച്ച മനുഷ്യന് സമീപത്തു കാണുന്ന എല്ലാ സ്ത്രീയും , എല്ലാ പുരുഷനും ഒരു പോലെ ആയിരുന്നു . ഇണ ചേരുക എന്നതില്‍ കവിഞ്ഞു പ്രാധാന്യം സ്ത്രീയില്‍ അവന്‍ നല്കിയതും ഇല്ല . പക്ഷെ കാലാന്തരേണ പ്രസവം , മുലയൂട്ടല്‍ എന്നിത്യാദി കര്‍മ്മങ്ങള്‍ കൊണ്ട് സ്ത്രീ ശ്രേക്ഷ്ട ആകുന്നു മറ്റു ജീവികളില്‍ നിന്നും ,  നിന്നും തന്നെ എന്ന തിരിച്ചറിവ് സ്ത്രീയെ സ്നേഹിക്കാനും സംരക്ഷിക്കാനും ഇണയാക്കി കൂടോരുക്കാനും അവനെ പഠിപ്പിച്ചു . വേട്ടയാടി കിട്ടുന്ന ഭക്ഷണം പാകം ചെയ്തു കൊടുത്തും അവന്റെ കാര്യങ്ങള്‍ എല്ലാം നോക്കി അറിഞ്ഞു ചെയ്തും , വറുതി കാലങ്ങളിലേക്ക് കരുതി വച്ചും അവനെ അവള്‍ അല്ഫുതപ്പെടുത്തി . കാലാന്തരത്തില്‍ അവള്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുകയും അവളുടെ വാക്കുകള്‍ കേള്‍ക്കുന്ന അനുചര വൃന്ദം ആയി മാറുകയും ചെയ്തു പുരുഷന്‍ .സ്ത്രീയില്‍ സഹജമായി ഉറങ്ങി കിടന്ന "തന്റെ മാത്രം " എന്ന ചിന്ത  ഒരു സ്ത്രീയില്‍ തന്നെ തളച്ചിടാന്‍ പര്യാപ്തനാക്കി . കുടുംബം എന്നാ സങ്കല്പം സംജാതമാക്കുന്നതില്‍ അവള്‍ ആണ് പ്രധാന പങ്കു വഹിച്ചിരുന്നത് എന്ന് മനസ്സിലാക്കാം .
ക്രമേണ കാലത്തിന്റെ ഒഴുക്കില്‍ സ്ത്രീ വെറും കുടുംബിനി എന്നാ സ്ഥാനത്തേക്ക് പിന്തള്ളൂകയും പുരുഷന്‍ തന്റെ കായ ബലം , ബുദ്ധി , എന്നിവ ആസ്പദമാക്കി സ്വയം ഭരിക്കുന്ന ഒരു സാമ്രാജ്യത്തിലേക്ക് അടിമയെ പോലെ അവളെ പിന്നോക്കം തള്ളൂകയും ചെയ്തു . പ്രസവം , മുലയൂട്ടല്‍, കുഞ്ഞുങ്ങളെ വളര്‍ത്തല്‍ തുടങ്ങിയ ജോലി ഭാരങ്ങള്‍ അവളെ പൊതു ജീവിതത്തിന്റെ സമരത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നത് ആണ് ഇതിനു പ്രധാന കാരണംആയി പറയാവുന്നത് .
ശിലായുഗത്തില്‍ നിന്നും ആധുനിക യുഗത്തില്‍ എത്തി നില്‍ക്കെ അവനില്‍ നിന്നും ഒരുപാട് നല്ല ഗുണങ്ങള്‍ നക്ഷ്ടമായി . പതിയെ പതിയെ അവനില്‍ മൃഗീയമായ കുടില വാസനകള്‍ തലപൊക്കി തുടങ്ങി . ജീവിത രീതി ,പ്രകൃതില്‍ നിന്നുള്ള അകല്‍ച്ച ഇവയൊക്കെ സ്നേഹം ദയ തുടങ്ങിയ വികാരങ്ങളെ അവനില്‍ അന്യമാക്കുകയും അവിടെ ക്രൌര്യം , തന്‍കാര്യം മുതലായവ നിറക്കുകയും ചെയ്തു . ,മകള്‍ , അമ്മ , സഹോദരി , ഭാര്യ എന്നവികാരങ്ങളെ അവന്‍ വിസ്മരിക്കുകയും  പോലെ സ്ത്രീ എന്ന ഒരു വികാര ശമാനോപാധി മാത്രം ആയി അവള്‍ കണക്കാകപ്പെടുകയും ചെയ്തു .
ഇത് സമൂഹത്തില്‍ വരുത്തിയ ദുരന്തങ്ങള്‍ ആണ് സമീപകാല വാര്‍ത്തകളും സംഭവങ്ങളും നമ്മെ പഠിപ്പിക്കുന്നത്‌ .
ഈ സാഹചര്യത്തില്‍ ആണ് നമുക്ക് പ്രക്രിതീയെ അറിയാനും അതിലേക്കു മടങ്ങാനും ഒരു മനസ്സ് ഒരുക്കുന്ന ചിന്തയിലേക്ക് വരുത്തി തീര്‍ക്കുന്നത് . ഇഷ്ടിക കട്ടകള്‍ തീര്‍ക്കുന ചതുര കെട്ടിടങ്ങള്‍ക്കുള്ളില്‍ അടയിരുന്നു ജീവിതം കണക്കു കൂട്ടലുകളില്‍ കുരുക്കുന്നതിലും നല്ലത് പ്രകൃതിയിലേക്ക് ഇറങ്ങി  വന്നു മണ്ണിന്റെ മനം അറിയാനും ഗന്ധം നുകരാനും ശ്രമിക്കുന്നത് ഒരുപക്ഷെ നമ്മിലെ നന്മയെ തിരികെ കൊണ്ട് വന്നേക്കാം .
ബന്ധങ്ങളെ അറിയാനും , ജീവിതം ഭാസുരമാക്കാനും മണ്ണും പ്രകൃതിയും ആയുള്ള സഹവാസം നമ്മെ സഹായിക്കും എന്നത് ഉറപ്പു .
ആവാസ വ്യെവസ്ഥയില്‍ അധിഷ്ടിതം ആകുന്ന ഇത്തരം ചിന്തകളെ പരിപോക്ഷിപ്പിക്കാന്‍ എല്ലാ മനുഷ്യരും തയ്യാറാകുക ആണെങ്കില്‍ സമൂഹം എന്നാ കാഴ്കാപ്പടിന്റെ ചെളികള്‍ ഇളകി പോയേനെ .

Saturday, October 26, 2013

വിടപറയുവാനാകാതെ


നഷ്ടവസന്തത്തിൻ
തൂലികത്തുമ്പിൽ നിന്നും ,
സ്വപ്നമേ , നീ പെയ്തിറങ്ങൂ ... (നഷ്ട ...)

പോയകാലത്തിൻ
മോഹനസ്മരണകളിൽ
പൂത്തുലയുന്നൊരു
വാസന്തകാലങ്ങളിൽ (പോയ ....)
മഴയെ സ്നേഹിക്കും
ഇരുൾരാവുകളിൽ
ഓർമ്മകളെ നിങ്ങൾ
മരിച്ചു വീഴൂ . (നഷ്ട ....)

ഇന്ദിന്ദരങ്ങൾ
മധുവുണ്ട് മയങ്ങും
സുന്ദര സുരഭില
സായന്തനങ്ങളിൽ (ഇന്ദിന്ദ...)
പിൻവിളി കേൾക്കാൻ
കാതോർത്ത് മടങ്ങുന്നു
ക്ഷീണിതനർക്കൻ  
തളരും
സന്ധ്യയുമായ് . (നഷ്ട ...)
----ബി ജി എൻ വർക്കല --

നൈരാശ്യം

ഇരുളില്‍ പടരുന്ന വെറും ശ്ലഥബിംബമല്ല
കരളില്‍ ഉരുവാകും ഉണ്മയാണ് സ്നേഹം
വിരലിലൂടോഴുകുന്ന ഇളം ചൂടിന്റെ വിറയലല്ല
ചുണ്ടുകളിലൂടെ പകരും മ്രിദുലതയാണ് കാമം .

വെയില്പക്ഷിയെ നോക്കി വിലപിക്കും മനം ,
കൊയ്തൊഴിഞ്ഞ പാടത്തിന്റെ വിളര്‍ത്ത മുഖം ,
ഒഴുക്ക് മുറിഞ്ഞ നദിയുടെ മാറില്‍ പിടയ്ക്കുന്ന
മാനത്തുകണ്ണിതന്‍ മിഴി പോലെ ദീപ്തം സുന്ദരം

പടരുവാന്‍ കഴിയാതെ മുല്ലവള്ളികള്‍ വെറും
നിലമാകെ തലതല്ലി മുടിയഴിച്ച് വിലപിക്കുമ്പോള്‍
പകരുവാന്‍ മധുവില്ലാതെ കടലാസുപൂവുകള്‍
മുള്ളുകള്‍ സ്വയം ഹൃത്തിലാഴ്ത്തി കണ്ണ്തുടയ്ക്കുന്നു
---------------------ബി ജി എൻ വർക്കല ---

വർഷമേഘങ്ങളുടെ പ്രണയിനിമഞ്ഞണിഞ്ഞ താഴ്വാരങ്ങളിൽ
തണുപ്പിന്റെ കൂടാരത്തിൽ
ഒരു ശലഭത്തെ പോലെ
പറന്നു നടക്കുന്നത്
അവൾ സ്വപ്നം കാണാറുണ്ടായിരുന്നു .

കർക്കിടകത്തിന്റെ
കോരി ചൊരിയുന്ന രാവിൽ
പ്രിയതമന്റെ ശരീരത്തിൻ കീഴിൽ
ഒരു യന്ത്രം പോലെ അരയുമ്പോഴും
അവളുടെ മിഴികൾ
ജാലകങ്ങൾക്കപ്പുറം  
അലറിയാർത്തു പെയ്യുന്ന മഴയായിരുന്നു .

ഉള്ളിൽ
ഒരു ഗദ്ഗദം പോലെ
പതച്ചു പൊങ്ങുന്ന മഴക്കുമിളകളെ 
അവൾ പുറംതള്ളിക്കൊണ്ടിരുന്നു
നോവിന്റെ സംഗീതം പോലെ .

മഴയെ പ്രണയിച്ച അവൾ
തുലാവർഷ രാവുകളിൽ
തുറന്നിട്ട ജനാലക്കരികിൽ
വീശിയടിക്കുന്ന മഴത്തുള്ളികളെ
ഏറ്റുവാങ്ങാൻ വിവസ്ത്രയായി
കൈകൾ വിടർത്തി
ഒരുആലിംഗനം കൊതിച്ചു
നില്ക്കാറുണ്ടായിരുന്നു

മഴയില്ലാത്ത പകലുകളിലും,
നിലാവില്ലാത്ത രാവുകളിലും
അവൾ ദുഖിതയായി കാണപെട്ടു.
ഘോര വനാന്തരങ്ങളിലും,
ഉയർന്ന കുന്നിൻ  ചരിവുകളിലും
ഒരു ഭ്രാന്തിയെ പോലെ അവൾ
പേരറിയാത്ത ഒരു വികാരത്തെ
ചുമലേറ്റി വേനൽക്കുട
ചൂടിയ പകലിരവുകളിൽ
മഴപ്പീലികൾ
തിരഞ്ഞു നടന്നിരുന്നു,.

നുറുങ്ങു വെട്ടം പൊഴിക്കുന്ന
രാവിന്റെ കൂട്ടുകാരെ പോലെ
അവളുടെ മിഴികളിൽ
കണ്ണ് നീർ തുള്ളികൾ
വിരുന്നു വരുമായിരുന്നു .

അകലങ്ങളിൽ പ്രണയത്തിന്റെ
വീണ മീട്ടി , ഏകാന്ത രാവുകളിൽ
അവൾ നെയ്തു കൂട്ടിയ
സ്വപ്നങ്ങളിൽ മഴവില്ലിന്റെ
നിറമേഴും  ചാലിച്ചിരുന്നു .
--------------ബി ജി എൻ വർക്കല ---

വേനൽ മേഘം


വിരസതയുടെ പകലുകൾ
ഇരുട്ടിന്റെ തീക്ഷ്ണ മൌനങ്ങൾ
ഏകാന്തതയുടെ പുൽമേടുകൾ
വിരഹത്തിന്റെ തീക്കനലുകൾ .

വിഭ്രമത്തിന്റെ കുന്നേറുവാൻ
വിഹ്വലതയുടെ തീയെരിക്കുവാൻ
മതിയായ കാലങ്ങളിൽ
കാലം കടന്നുപോകുമ്പോൾ
മിഴികളിൽ കരുണയും
അധരങ്ങളിൽ മന്ദഹാസവുമായി
തുടുത്ത കപോലങ്ങളിൽ
സന്ധ്യയുടെ ചായം തേച്ചു
നീ കടന്നു വന്നു .

വാക്കുകളിൽ പകലിനെയും
നോട്ടത്തിൽ നിലാവിനെയും
ചുണ്ടുകളിൽ സ്നേഹത്തിനെയും
ഒളിപ്പിച്ചു കടന്നുകയറിയത്‌
അസംത്രിപ്തമായ
എന്റെ മനസ്സിലേക്കാണ് .

പൊടുന്നനെ അന്ധകാരം
വെളിച്ചത്തിന് വഴിമാറുകയും
കാർമേഘം ഒഴിഞ്ഞ
നീലാകാശം മാറിൽ
അമ്പിളിയെ തൊടുകുറി
ചാർത്തുകയും ചെയ്യുമ്പോൾ
നിന്റെ മൌനം മുറിഞ്ഞു
നീ സിത്താറിന്റെ
കേൾക്കാത്തോരീണമായി
എന്റെ മ്രിതിയിലമരുന്നു
---------ബി ജി എൻ വർക്കല ----

സംഗമം

പ്രണയമേ
നിന്റെ മിഴികളെന്തിങ്ങനെ
ഇരുളിൽ പകച്ചു നില്പൂ .
ഹൃദയമേ
നിന്റെ തുടിതാളമെന്തിങ്ങനെ
തീരെ തളർന്നുപോകുന്നു .
പ്രണയിനീ
നിന്റെ ചൊടികളെന്തിങ്ങനെ
അന്തിച്ചുവപ്പണിയുന്നൂ.

പരിഭവത്തിന്റെ
ഇടനാഴികളിൽ നിന്നും
തേങ്ങൽ ചീളുകൾ
കാത് തുളയ് ക്കുമ്പോൾ
പ്രണയവും ഹൃദയവും
ഇരുളിൽ പരസ്പര-
മിഴുകിയൊഴുകുന്നനാദിയിലേക്കു
---------ബി ജി എൻ വർക്കല ----ലോകം


കടലാസ് പൂവുകള്‍ പോലെ
കാറ്റത്ത്‌ പറന്നു പോകുന്ന മനുഷ്യര്‍ !
ഒരു നേരിയ ശ്വാസകാറ്റില്‍
ജീവന്റെ തുടിപ്പുമായി
ആരണ്യകങ്ങളില്‍ അലയുവോര്‍ !

അന്യന്റെ മുതലില്‍
അന്നന്നത്തെ അപ്പം തിന്നും
അബലകളില്‍
രതിയുടെ ചക്ഷകം മോന്തിയും
പകലുകളെ വേട്ടയാടിയും
മൃതിയിലേക്കു പോകുന്നവര്‍ !

വശ്യതയുടെ പുറംകാഴ്ചകള്‍
സൌന്ദര്യത്തിന്റെ മിഴിചാര്‍ത്തുകള്‍
പ്രേരണയുടെ രതിമുത്തുകള്‍
വന്യതയുടെ മ്രിതികാഴ്ചകള്‍ !

കാഴ്ച്ചകളില്ലാത്ത ലോകത്തിന്റെ-
നുണക്കഥകളുമായി
താടി തടവുന്ന ചെന്നായകളുടെ
ആടിന്‍ തോലിനുള്ളില്‍ ,
തിളങ്ങുന്ന കണ്ണില്‍
തിരിച്ചറിയാനാകാത്ത
അവിശ്വാസത്തിന്റെ ഭയം പിടയുന്നു .

സത്യാസത്യങ്ങളില്‍
പുകമറ സ്രിക്ഷ്ടിച്ചു
അന്തപ്പുരങ്ങളില്‍ വീഞ്ഞിന്‍  ലഹരിയില്‍
പുതിയ ലോകം പണിയുന്നവര്‍
റൊട്ടിയും വെള്ളവും കൊണ്ട്
പട്ടിണി മാറ്റുമ്പോള്‍

മണ്ണിനെ പൊന്നാക്കി
മുത്തു വിളയിച്ചവര്‍
ഒരു നുള്ള് ഗോതമ്പ് മാവിനായ് ,
ഒരു ഉള്ളി കഷണത്തിനായ്
തൊണ്ട പൊട്ടി കരയുന്നു.
--------ബി ജി എൻ വർക്കല ----


മരിച്ചവന്റെ സുവിശേഷം

കായും വയറിന്റെ ചൂടകറ്റാൻ
കുടിയിലെയടുപ്പിൽ തീകൊളുത്താൻ
പകലിന്റെ നീളവും രാത്രിതന്നാഴവും
അളന്നുതീർക്കുന്നവനെന്തു
മാനസികാവസ്ഥ !

പെണ്ണുടലുകളിൽ അഗ്നിയും
അധികാരത്തിന്റെ പകിടകളിയിൽ
അശ്വനീക്കവും കണ്ടു തഴമ്പിച്ച
ആവിഷ്കാര ജനസ്വാതന്ത്ര്യത്തിൽ
ഉള്ളിവിലപോലുയരും
ഏഴയുടെ ആധികൾക്കെന്തു മൂല്യം?

ബോണസ്സിനും , അലവൻസിനും
വേതന വർദ്ധനവിനും വേണ്ടി
ഉദ്യോഗവൃന്ദങ്ങൾ കൊടിപിടിക്കുമ്പോൾ
സംഘബലമില്ലാത്ത ദിവസക്കൂലിക്കാരൻ
പച്ചവെള്ളം മോന്തി പള്ളനിറയ്ക്കുന്നു.

ആണ്ടേക്കൊരിക്കലൊരു
ധർണ്ണയ്ക്കും സമരത്തിനും
ഖദറിന്റെ ദല്ലാളന്മാർ
ആഘോഷത്തോടെയാനയിക്കുമ്പോൾ
കൊടിപിടിച്ചുച്ചം വിളിക്കുമ്പോളവൻ തൻ
ശബ്ദത്തിനു  മൂർച്ച കൂടുന്നത്
പാർട്ടിയുടെ ലക്ഷ്യമറിഞ്ഞല്ല ,
തന്റെയുള്ളിലെ മരവിച്ചൊരാഗ്രഹമാണത് .
---------------ബി ജി എൻ വർക്കല ....

സഖീ പ്രണയിനീ

ചിതയുടെ കനല്‍ മൂടി കിടക്കുമെന്‍
ഹൃദയകമലം ഞാനെടുത്തീടാം.
അതില്‍ , പൊള്ളികുടന്നോരാ
പുറവാതില്‍ മെല്ലെത്തുറന്നീടാം.

ഉള്ളിലായ് , കാണുമീയന്ധകാരത്തിലെന്‍
പ്രാണന്‍പിടയുന്നനാദം
ഒരുവേള ,പിന്തിരിയാന്‍മടിച്ചാകാം
അതെന്നെ ദീനം നോക്കീടുന്നല്ലോ .

ഇനി വേണ്ടെനിക്കീ വിഫലജന്മം
നീയൊടുങ്ങീടുക വേഗം
എന്നാലും , അവള്‍ തന്‍ ഓര്‍മ്മകള്‍
തണലായ്‌ വന്നിടുമെന്നോ
അവളുടെ കരത്തിന്‍ സ്പര്‍ശം
അതൊരു കുളിരായി പടരുവെന്നോ ?

ഇതില്‍ , ഞാനെന്റെ
മിഴിചെപ്പുതുറന്നൊന്നു നോക്കീടാം
എനിക്കായ് നീ കണ്ണീര്‍
പൊഴിക്കുന്നുവെന്നറിഞ്ഞീടാം വൃഥാ
നിഴലായ് നിനക്കൊപ്പം ഞാന്‍
കൂടെ നിന്നിടാം നീയറിയാതെ
എന്നാല്‍ തണലാകുവാനെനിക്കാകില്ല
അറിയുമല്ലോ നിനക്കോമലേ .
------------ബി ജി എൻ വർക്കല -----
വിഭ്രമം

ഒരു മഴ കാത്തു
ഒറ്റമരക്കൊമ്പില്‍
വേഴാമ്പല്‍ തപസ്സു ചെയ്യുമ്പോള്‍
ഒരു പേമാരിയാകാന്‍
കൊതിച്ചു വാനില്‍
മഴമേഘം
വിങ്ങിപ്പിടയുന്നു .

ഒരു നാദമായ്
സാന്ദ്രമാം സ്നേഹമായ്
പ്രണയിനിയുടെ
രാവുകളെ ദീപ്തമാക്കാന്‍
ഒരു മുളംകുഴല്‍
കൊതിക്കുന്നു .

ഒരരുവിയായ്
നിറുകയിലൂടെ
ഉഷ്ണമാപിനികള്‍
അളന്നോഴുകാന്‍
ഒരു വിയര്‍പ്പു തുള്ളി
കൊതിയോടെജനിക്കുന്നു
-------ബി ജി എൻ വർക്കല ---

ഇരയാകാന്‍ ജനിച്ചവള്‍


യാത്രകൾ
മടുപ്പിക്കും അദ്ധ്വാനത്തിൻ
വേളകൾ
വിശ്രമത്തിന്റെ
ശീതളചായ്‌വുകൾ
ആദിമനുഷ്യൻ
ആദ്യമായി ചൊല്ലിയ
വായ്മൊഴികൾ
കാവ്യശകലങ്ങൾ ...!

ശ്രീകോവിലുകളിലും
അന്തപ്പുരങ്ങളിലും
ദർബാറുകളിലും
തളച്ചിട്ടു കാലമാ
പദാവലികൾ തൻ സഞ്ചയത്തെ .

അടിമത്വം വിട്ടെറിഞ്ഞ്‌
കുതറിപ്പിടഞ്ഞോടിയിന്നു
തെരുവിൽ നില്കുന്നവൾ .
ആഭിജാത്യം
ചാട്ടവാറോങ്ങി
ഉറക്കെ അലറുന്നു
ഇവളെ ക്രൂശിക്കുക
ഇവൾ തെരുവിന്റെ സന്തതി .
----------ബി ജി എൻ വർക്കല ---

Friday, October 25, 2013

ശ്മശാന നഗരം


തച്ചുടക്കപ്പെട്ട
നഗരങ്ങള്‍ക്ക്
കാവലായി ചത്ത പട്ടികള്‍ .
രക്തം കട്ടപിടിച്ച
തെരുവുകള്‍
മുയല്‍ക്കുഞ്ഞുങ്ങള്‍ തുടയ്ക്കുന്നു.

ചത്തവരുടെ നഗരത്തില്‍
വിശുദ്ധര്‍
സുവിശേഷം ചൊല്ലുമ്പോള്‍ 
ചീഞ്ഞ ശവഗന്ധം നിറച്ച
വണ്ടികള്‍ തെരുവില്‍
അലറിവിളിച്ചു പായുന്നു.

ചുടലപറമ്പുകളില്‍
കുറുനരികള്‍
കടിച്ചു വലിച്ച
ഉടലുകളുടെ മരവിപ്പില്‍ 
അബലകളുടെ
രോദനത്തില്‍
ചിതകള്‍ നീറിപുകയുന്നു .


പുല്‍നാമ്പുകളുടെ മറവുകളില്‍
രക്തത്തുള്ളികള്‍ ഇറ്റിച്ച്
കണ്ണീര്‍മഴയില്‍
പുതഞ്ഞു കിടക്കുന്നു
മാലാഖ കുഞ്ഞുങ്ങള്‍ .

ശവഭോഗം കഴിഞ്ഞു
ഗംഗാസ്നാനം നടത്തി
ഇരുളില്‍ കറുത്തപന്നികള്‍
ലങ്കോട്ടി മുറുക്കി കെട്ടുമ്പോള്‍
ആകാശം പെയ്തൊഴിയാന്‍
വെമ്പി കറുത്ത്
മൂടികിടക്കുന്നു .

വിധവകളുടെ നാഭിച്ചുഴിയില്‍
വീഞ്ഞ് പകര്‍ന്നു കൊണ്ട്
സാമ്രാജ്യം പച്ചപരവതാനി
വിരിക്കുമ്പോള്‍
മാനത്തിന്‍റെ
സുവര്‍ണ്ണ നൂലിഴ
കഴുത്തില്‍
മുറുകി മരിക്കുന്നു
ആഭിജാത്യത്തിന്‍റെ
പച്ചിലകള്‍.
-------ബി ജി എന്‍ വര്‍ക്കല --

Thursday, October 24, 2013

ആധുനികൻ


കീബോർഡ് ചതിച്ചു
അക്ഷരം  ഒന്നുപതറി
പോസ്റ്റ്‌ കഴിയുമ്പോഴാണ്
തെറ്ററിയുന്നത് .
അരനിമിഷം കൊണ്ട്
ആകാശത്തോളമുയർത്തി
കമന്റുകളും ലൈക്കുകളും
ഇൻബോക്സ് അഭിനന്ദനങ്ങളും
ഒരൊറ്റ നൊടിയിൽ
ഒരക്ഷരപ്പിശകിൽ
ഒരാധുനികൻ ജനിച്ചു .
ഇപ്പോൾ ഞാനക്ഷരങ്ങൾ
നോക്കാറേയില്ല
ചിലപ്പോൾ
ജ്ഞാനപീഠം തന്നാലോ .
-----------ബി ജി എൻ -----

അനർഘ നിമിഷം


ഒരു വാക്കിൽ
ചുംബനത്തിൽ
അലിഞ്ഞലിഞ്ഞെന്നിൽ
തുഷാരം സൂര്യരെശ്മിയിലെന്നപൊൽ
മറയുന്നുവോ പ്രണയമേ .

ഒരു ചാന്ദ്രരാത്രിയായി
ഇളംമഞ്ഞിൻ കുളിരായി
ഒരു തെന്നൽകാറ്റായി
എന്നെ പുണരുന്നോരീ
സുഖദമാം നിമിഷമേ
ഒരു മാത്രയെങ്കിലും
അണയാതെ നിന്നിടൂമോ
നീ എന്നിൽ
ഇതുനാം സൂക്ഷിക്കും
അനർഘമുഹൂർത്തം.

അതിവേഗം മിടിക്കും നിൻ
ഹൃദയവും
വിങ്ങിപൊട്ടുവാൻ
കുതിക്കുമീ മാറിടവും
ചെർക്കുകെന്നോട്
നമുക്കലിഞ്ഞൊന്നാകാം
ഒരു യുഗസന്ധ്യ കടമെടുക്കാം
മറന്നീടാം പ്രപഞ്ചം
മറക്കാം നമ്മെയും .

തോളിൽ നനയുമീ
ചുടുകണ്ണീർ അമരുവോളം
ഹൃദയത്തോട് ചേർന്ന് നില്ക്ക
ഇത് നമ്മൾ
നമുക്കായ് തീർക്കും
സ്നേഹക്കൂടാരം.
നമ്മുടെ ലോകം .
------ബി ജി എൻ വർക്കല ------

കണ്ണീര്‍ വിലക്കപ്പെട്ടോര്‍


ഇവിടെ ഈ പാരാവാരത്തിലെവിടെയോ
എനിക്ക് കൈമോശം വന്നൊരു മാണിക്യമുണ്ട്.
തിരയുവാന്‍ കഴിയാതശക്തനായിന്നു ഞാന്‍
തിരിയെ നടക്കുന്നു പിന്നിട്ട പാതകളിലേക്കു .

പലവുരു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു , പിന്നെ
പലവുരു കണ്ണിന്റെ കാഴ്ച നശിപ്പിച്ചു .
കാതടച്ചു ഞാന്‍ മെഴുകു നിറച്ചിട്ടിന്നീ ഇരുളില്‍
വെറും നിലത്തൊരു കരിയിലപോലമരുന്നു.

ഒഴുകിതളം കെട്ടുമീ രുധിരതമസ്സിനെ നോക്കി
കരയുവാന്‍ വിടരുത് നിങ്ങളിലൊരാളുമിന്നു
എരിയുന്ന ചിന്തകള്‍ പൂവിടും ശ്മാശാനത്തിന്‍
വിടരും പൂക്കളും ഞാനും ഒരുപോലിന്നുലകില്‍ .
-------------------------ബി ജി എന്‍ വര്‍ക്കല --- 

Monday, October 21, 2013

ഞാൻ നഗ്നശില്പി


വക്കുടഞ്ഞ വാക്കുകൾ കൊണ്ട്
ശൂന്യതയുടെ ശ്മശാനഭൂമിയിൽ
ഗോപുരങ്ങൾ തീർക്കുന്ന
നഗ്നശില്പിയാണ് ഞാൻ .

കരമരിഞ്ഞും കണ്‍തുളച്ചും
വാക്കിൻ വിഷശരമെറിഞ്ഞും
കളവിന്റെ ദന്തഗോപുരം
തീർക്കും വെറും നഗ്നശില്പി.

സിംഹാസങ്ങൾ തൻ കാലുറപ്പിച്ചും
കന്യകാത്വത്തിൻ മുറിവായളന്നും
നീതിതൻ തുലാസിൽ
ജാതിയുടെ തുലാഭാരമളന്നും
കീഴാളന്റെ ജന്മം കടമെടുക്കുന്നവൻ
ഞാൻ നഗ്നശില്പി .

മരിച്ചവന്റെ ശരീരത്തിൽ
കുന്തിരിക്കത്തിൻ
സുഗന്ധം തിരയുന്നവൻ
ഗുഹ്യരോഗിതൻ മുറിവായിൽ
ഉപ്പുനീരെറിഞ്ഞൂറ്റം  കൊള്ളുവോൻ
ഞാൻ നഗ്നശില്പി.

ധാരയുടെ മാറിൽ
ത്വരയുടെ നുരകൊണ്ട്
മുലതുരന്നു ജാതിയെവളർത്തുവോൻ
ഗളമരിഞ്ഞു സമുദായം
ആല്മരമാക്കുവോൻ
ഞാൻ നഗ്നശില്പി .

മുളവടി കൊണ്ട്
മുഴക്കോലളന്നും
കുടുമിക്ക് മുന്നിൽ താറഴിപ്പിച്ചും
നടുക് വളച്ചു പാദം നക്കിച്ചും
പെരുമ പറഞ്ഞു
പ്രിഷ്ടമുയർത്തിയും 
മായാസംസ്കാരപുകമറയിൽ
സരസീരുഹം വിരിയിക്കുവോൻ
ഞാൻ നഗ്നശില്പി.

മത്സ്യകൂർമ്മ വരാഹങ്ങളിലും
കുരിശടികളിലും
പുസ്തകപ്പെരുമയിലും
നിണമൊഴുക്കി
നിരയൊത്ത വരികൾ തീർത്ത്‌
നിർലജ്ജം
മാനവസൗഹാർദ്ദപെരുമഴ നനയിക്കുന്നവൻ
ഞാൻ നഗ്നശില്പി.
-------ബി ജി എൻ വർക്കല ----

Thursday, October 17, 2013

ഒറ്റമരക്കൊമ്പിലെ അനാഥ പക്ഷി

കനലെരിയുന്ന മനസ്സുമായിഈ ഉഷ്ണത്തിരയില്‍ വിശ്രമിക്കുവാന്‍ കഴിയാതെ പണിയെടുക്കുന്ന എന്റെ ജീവിതത്തിന്റെ ഉള്‍ക്കാഴ്ച്ചകളിലെങ്ങും നിന്റെ ചെറു ചിരി സാന്ത്വനമാകുന്നില്ല എന്ന ഓര്‍മ്മ എന്നെ നിരാശനാക്കുന്നു . കരളിന്റെ നോവിനെ കാണാക്കൊമ്പില്‍ ഞാത്തിയിട്ടുകൊണ്ട് കനവിന്റെ തേരില്‍ യാത്ര ചെയ്യാനാവാത്ത എന്റെ ചിന്തകളെ അക്ഷരങ്ങളുടെ ദീപികയില്‍ കൂടി നീ അനുധാവനം ചെയ്യുമോ എന്നതായിരുന്നു എന്റെ ഒടുവിലത്തെ ഭയം...!
നിരാശ ഇപ്പോഴും മനസ്സിനെ കുത്തി നോവിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് . കണ്ണുനീരിന്റെ അകമ്പടിയില്ലാതെ കരയാന്‍ പഠിച്ച എന്റെ കണ്ണുകളെ ശാന്തമാണെന്നും സൌമ്യമാണെന്നും വിളിക്കാന്‍ നിന്നെ പ്രേരിപ്പിച്ച വികാരം എന്തായിരുന്നു ?
ജീവിത നൌകയില്‍ കൂടെ വരുവാനായി നീ തന്ന 
പേയ്ക്കിനാവുകള്‍ മാത്രമെന്‍ കയ്യില്‍ , എങ്കിലും 
സഖേ നീ എന്റെ ജീവിത വീഥിയില്‍ നിത്യവും 
നിമ്മല സൌരഭമായി വിളങ്ങീടണം .!
ഒരിക്കലും ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു വസ്തുവായി , പൂരിപ്പിക്കാന്‍ കഴിയാത്ത സമസ്യയായി ഹൃദയാന്തര്‍ഭാഗത്ത്‌ ഞാനെന്നെ കാത്തു സൂക്ഷിച്ചിടുന്നു .
നാളെയുടെ വരവിനെ കാത്തിരിക്കുമ്പോഴും , മധുരമായ ഓര്‍മ്മകള്‍ കൂട്ടിനില്ലെങ്കിലും , ജീവിക്കുവാനോ മരിക്കുവാനോ കഴിയാതെ ഞാന്‍ തിരക്കുഴിയില്‍ പെട്ടുഴലുകയാണ് . കൊതി തീരുംവരെ നിന്നെ സ്നേഹിക്കുവാണോ , മതി തീരും വരെ നിന്നെ നോക്കിയിരിക്കുവാണോ കഴിയാതെ വിങ്ങുകയാണ് എന്റെ നെഞ്ചകം .!
--------------------ബി ജി എന്‍

Monday, October 14, 2013

ഇരട്ട ലോകത്തിന്റെ അന്തേവാസികള്‍

വിടപറയാന്‍ കൊതിക്കുന്ന
പകലിനെ പോലെ
അലതല്ലി പിരിയുന്ന
തിരമാല പോലെ
കരയുവാന്‍ വെമ്പുന്ന
ഹൃത്തിനെ നോക്കി
പടുവാക്ക് പറയാന്‍
കഴിയാതെ പോയവന്‍
ഞാന്‍ .

ഒരു ക്ഷണമാത്രയില്‍ ,
ഒരേ കിടക്കപങ്കിട്ടവര്‍
ഒരു പാതതന്നിരുപുറം
നിറകണ്ണുകളെ
സൂര്യബാഷ്പത്തിലലിയാന്‍
വിട്ടോര്‍ നമ്മള്‍ .

ഓര്‍ക്കാതെ പെയ്ത
മഴയെത്ര നനഞ്ഞവര്‍
പുഞ്ചിരിയുടെ വസന്തത്തില്‍
വേദനതന്‍ മുള്ളുകള്‍മറച്ചു 
ഒരിലമറവില്‍
തണല്‍ തേടി തളര്‍ന്നവര്‍
നാം .

കഥയെത്ര പറഞ്ഞിട്ടുണ്ടാകാം
തലയിണകളുടെ
എണ്ണമെഴുക്കുകളെത്ര
കണ്ണീരുപ്പു കുടിച്ചിരിക്കാം
പുതപ്പുകളുമിനീരില്‍
ശ്വാസം മുട്ടിയിരിക്കാം
ഇരുട്ടെത്രയോ വട്ടം
ഉഷ്ണിച്ചു പുകഞ്ഞിട്ടുണ്ടാകം
എങ്കിലും നാം
പുലരികളിലൊരിക്കലും
നനയുന്ന പീലിവിടര്‍ത്തി
നോക്കിയിട്ടിലന്യോന്യം.

ഓര്‍മ്മകള്‍ തന്‍
അക്ഷൌഹിണിയില്‍
ഞാന്‍ അഭിമന്യുവാകുന്നു.
മോഹങ്ങളുടെ വനവീഥിയില്‍
നീയഹല്യയും .
നമുക്കിരുപുറവും
തമസ്സിന്റെ ചുവപ്പടിഞ്ഞു
വഴുവഴുക്കുന്ന
ജീവിതം ഒഴുകിപരക്കുന്നു .

നാം രണ്ടിലകളാകുന്നു
എക്കല്‍ മണ്ണടിഞ്ഞ
തീരങ്ങളില്‍ തൊട്ടു തൊടാതെ
കാലത്തിന്റെ
നോട്ടുപുസ്തകത്താളുകളില്‍
കലണ്ടറിന്നക്കങ്ങളായി
 ഉരുകിയമരുന്നു ...!
-----ബി ജി എന്‍ വര്‍ക്കല ----

Friday, October 11, 2013

സൗഹൃദം


എത്രയോ ദൂരെ നിന്നും കാതിനരികില്‍
എത്രയോ കാലം പ്രതീക്ഷിച്ചിരുന്ന പോല്‍
അത്ര ഹൃദ്യം , ലോലമീ മൃദുവാക്കുകള്‍
എത്ര കഠിനമതിനെ ബന്ധിക്കുവാന്‍ .

ഇഷ്ടമേറെ തരുമൊരു സൌഹൃദ
നഷ്ടഭാഗ്യങ്ങള്‍ക്ക് നടുവിലായ്
ചിത്തമിന്നേറ്റം കുതിക്കുന്നതെന്തി -
ത്രമേല്‍ നാളെങ്ങുമില്ലാത്ത പോല്‍ .

ശൂന്യതയിങ്കലില്‍ നിന്നുമേ വന്നു നീ
സ്നേഹമോടെന്നെ തഴുകി കടന്നു പോകേ
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ തേടി ഞാന്‍
ഈ ഇരുട്ടില്‍ അലയുന്നതെന്തിനോ .
-----------------ബി ജി എന്‍ വര്‍ക്കല

Thursday, October 10, 2013

ഭൂമിയില്‍ ഞാന്‍ ജീവിച്ചിരുന്നു

ഒരിക്കല്‍
വസന്തം എന്നോട് ചോദിക്കും .
ഈ പൂവുകള്‍ എല്ലാം നിനക്കായല്ലയോ
ഈ നിറങ്ങളെല്ലാം നിനക്കായല്ലയോ
ഈ ഹരിതകം നിനക്ക് വേണ്ടിയല്ലയോ
അന്ന് ഞാന്‍ ഉത്തരം പറയാന്‍ വേണ്ടി
എന്നെ തിരയും
ഭൂമിയിലെ വേനലില്‍
ഉണങ്ങിയ കരിയിലകളില്‍
നനഞ്ഞ കണ്ണ്നീരുകളില്‍
ഉടഞ്ഞ മണ്‍ചിരാതുകളില്‍
നരച്ചു പോയ  മഴവില്ലില്‍ .
തിരയലുകല്‍ക്കൊടുവില്‍
കണ്ടെത്താനാകാത
ഹൃദയം പൊട്ടി കരയുന്ന
എന്നെ നോക്കി
വസന്തം പറയും ഒരിക്കല്‍
വസന്തം എന്നോട് ചോദിക്കും .
ഈ പൂവുകള്‍ എല്ലാം നിനക്കായല്ലയോ
ഈ നിറങ്ങളെല്ലാം നിനക്കായല്ലയോ
ഈ ഹരിതകം നിനക്ക് വേണ്ടിയല്ലയോ
അന്ന് ഞാന്‍ ഉത്തരം പറയാന്‍ വേണ്ടി
എന്നെ തിരയും
ഭൂമിയിലെ വേനലില്‍
ഉണങ്ങിയ കരിയിലകളില്‍
നനഞ്ഞ കണ്ണ്നീരുകളില്‍
ഉടഞ്ഞ മണ്‍ചിരാതുകളില്‍
നരച്ചു പോയ  മഴവില്ലില്‍ .
തിരയലുകല്‍ക്കൊടുവില്‍
കണ്ടെത്താനാകാത 
ഹൃദയം പൊട്ടി കരയുന്ന
എന്നെ നോക്കി
വസന്തം പറയും
ഭൂമിയില്‍ ഞാന്‍ ജീവിച്ചിരുന്നു എന്ന് .
-----------------ബി ജി എന്‍ -----------------

Lovely Dream


oh listen..
the sky is falling down!
look,
how wonderful it is....!
let me see
the stars
glittering how
oh,
let me smell
the fragrance of clouds.
i am happy
i can see the face
of lovely moon.
try to kiss
ya i am thrilled   !
it is so cool.
why u sun
that much hot?
are u angry,
oh i am so sad.
but still i love to watch
look,
sky is falling.
------B G N Varkkala---

Wednesday, October 9, 2013

കല രതിയല്ലാതൊന്നുമല്ല


കവിതകൾ പൂക്കുന്ന
ഇരുണ്ട ഇടനാഴികളിൽ
തണുത്ത ആമാശയങ്ങളിൽ
പുകയുന്ന മസ്തിഷ്ക്കങ്ങളിൽ
തിരഞ്ഞു ഞാൻ നടന്നു .

കവിതയിൽ വിരിയുന്ന
നഗ്നതയും
രതിയും
സ്ഖലനവേഗങ്ങളും 
പ്രണയവും കടന്നു
കവിത മരിച്ചിരിക്കുന്നു .

വരകളുടെ വിസ്മയലോകത്ത്
ചായങ്ങളുടെ കണ്ണാടിമാളികയിൽ
ഉൽപ്പന്നതിന്റെ
ഉപഭോഗത്തിന്റെ
ക്രയവിക്രയങ്ങളുടെ
ഭ്രാന്തൻ ലോകത്ത്
മുലയും
നാഭിച്ചുഴിയും
നിതംബതാളങ്ങളും
മരവിച്ചു കിടക്കുന്നു .

കലയുടെ കേളീരംഗം
സ്നിഗ്ദ്ധതയുടെ
ആകാരവടിവുകളുടെ
ആഭാസച്ചലനങ്ങളുടെ
അമൂല്യകലവറയുടെ
അനന്ത സാധ്യതകൾ
നീലാകാശത്തിന്റെ അതിരുകളിൽ
തുറന്നിടുമ്പോൾ .

അശ്ലീലം ശ്ലീലവും
നിർവചനങ്ങൾക്ക്
മദ് വചനങ്ങൾക്കു
പുകമറയുടെ ബുജികൾക്ക്
ആധുനികവുമാവുമ്പോൾ
കല രതിയാകുന്നു .
സ്വയംഭോഗത്തിന്റെ
നൂതനശാസ്ത്രം പോലെ .

ഞാനും ഒഴുകുകയാണ്
ഒഴുക്കിൽ പെട്ട
കരിയിലപോലെ
ദിശയറിയാതിങ്ങനെ...!
-------ബി ജി എൻ വർക്കല

Monday, October 7, 2013

നിഴലിന്റെ നിറം

മിഴി വറ്റി വീണൊരു നീർത്തുള്ളി
ഇരുളിൽ പകച്ചു നില്ക്കുന്നൂ
വഴിതെറ്റി വന്നൊരു കാറ്റിന്നധരങ്ങൾ
കനിവോടെ ഏറ്റെടുക്കുന്നു

കനൽ കൊണ്ട് തീർത്തൊരു ശയ്യയിൽ
മൌനത്തിന്റെ പുതപ്പിൽ മൂടി
കാലത്തിൻ നേർക്കൊരു ചോദ്യംപോലെ
പ്രണയം പനിച്ചു കിടക്കുന്നു .

വാക്കുകൾ കുരുങ്ങുന്ന ഗദ്ഗദപകലുകൾ
തെരുവിലെ എച്ചിൽ കൂനകളിൽ
നായ്ക്കളുടെ കടിപിടികൾക്കിടയിൽ
വേവിന്റെ പശി തിരയുന്നു .

മേദസ്സിന്റെ ചതുപ്പുനിലങ്ങളിൽ
രാപ്പുള്ളൂകൾ മുൾചിറകുകളാഴ്ത്തി പറക്കുമ്പോൾ
തണുത്തമണ്ണിൽ ഞെരിയുന്നുടലുകൾ
ദൈന്യതയുടെ പകല്കാഴ്ച പോലെ ..

കാലത്തിനു മേലെ പ്രവാചകചിറകു
വിടർത്തി പടർന്നു നില്ക്കുന്നധർമ്മം
ദീപങ്ങൾക്ക് മുന്നിൽ വെളിച്ചം
കണ്ണുപൂട്ടികളിക്കുന്നു ദിശയറിയാതെ .

എവിടെയോ മരിച്ചു പോയ സത്യത്തിൻ
നനുത്ത ചിറകിൻ തൂവലിൽ ഉണങ്ങാതെ
പതഞ്ഞു നില്ക്കുന്നു മനുഷ്യത്വവും
ജനിമ്രിതികളുടെ വികലസങ്കല്പ്പവും .

------------------ബി ജി എൻ വർക്കല 

Thursday, October 3, 2013

മെഴുകുതിരികൾ


ഒരു ചിമിഴിനുള്ളിൽ
ഞാനൊളിപ്പിക്കും
എൻ പ്രണയം
സൂര്യകിരണമേൽക്കാതെന്നും

മേല്പരപ്പിൽ
ശാന്തത വിരിച്ചു ഞാൻ
അടിയിലീയഗാധതയിലുറങ്ങും
നിന്റെ സ്മരണകളിൽ .

കപടമീ ലോകവും
സദാചാര ബോധവും
ധാർമ്മിക സംസ്കാര മാറാലകളും
ചിതല്മൂടിക്കിടക്കവേ .

ജനിമ്രിതികൾ
മനുസ്മൃതിതികൾ
പ്രസൂതികാഗ്രഹങ്ങൾ
ഗണികാലയങ്ങൾ
തമസ്സിന്റെ ശീതോഷ്ണമേഖലകൾ
വെളിച്ചത്തിൻ ബാലികേറാമലകൾ

വെളിച്ചമണഞ്ഞ
കുന്നിൻ ചരിവുകളിൽ
ശബ്ദമടഞ്ഞ
ഗുഹാമുഖങ്ങളിൽ
തിരഞ്ഞു നടന്ന യൗവ്വനം
കരമരിഞ്ഞു
കരളരിഞ്ഞു
കണ്ണിലെ വെളിച്ചമണഞ്ഞു
ജരാനരകൾ തൻ പടലമണിഞ്ഞിന്നു

പ്രിയതെ നിന്റെ പടിവാതിലിൽ
ഒരുഭിക്ഷാംദേഹിയാകവേ
അരുതുകളുടെ പഴുതുകൾ
കൊണ്ട് നീ തീർത്ത
ലക്ഷ്മണ രേഖകളിൽ
ചിതറിവീഴുന്നുണ്ടെന്റെ
കണ്ണീർത്തുള്ളികൾ .

ഒന്നിക്കുവാനാകാത്ത
രണ്ടു ജന്മങ്ങളെ
തെരുവിലനാഥമായി
അലയുവാൻ വിട്ട്
കാലം, കടലാസുപൂവുകളിൽ
പ്രണയത്തിന്റെ രേഖാചിത്രം
ചമച്ചു രസിക്കുന്നു പിന്നേയും .
-------------ബി ജി എൻ വർക്കല

Tuesday, October 1, 2013

അന്വേഷകൻ


സ്നേഹത്തിന്റെ തമോഗർത്തങ്ങളിൽ
വികാരതയുടെ ശീതക്കാടുകളിൽ
നിരാസത്തിന്റെ മരുഭൂമികളിൽ
പ്രണയം തേടിയലയുന്നു ഞാൻ .!

വിരുദ്ധതയുടെ കാന്തികതലങ്ങളിൽ
പ്രേമത്തിന്റെ ജലരേഖകളിൽ
പുഞ്ചിരിയുടെ മുഖം മൂടികളിൽ
പ്രണയം തിരഞ്ഞു തളരുന്നു ഞാൻ 

രാവിൻ മരവിച്ച ഹിമശൈലങ്ങളിൽ
വാക്കിലുറങ്ങുന്ന അഗ്നിപർവ്വതങ്ങളിൽ
മിഴിയമ്പുകളുടെ സൂര്യതാപത്തിൽ
പ്രണയം പിടയുന്നെന്നിൽ മൂകം !

ആസക്തിയുടെ സുനാമിത്തിരകളിൽ
സ്വപ്നങ്ങളുടെ തീരാമഴമേഘങ്ങളിൽ
പരിഭവങ്ങളുടെ പൂവിടരും പാതിരാചൂടിൽ
പ്രണയമെന്നെ കാർന്നുതിന്നുന്നതിവേഗം .
---------------ബി ജി എൻ വർക്കല --------