Tuesday, November 29, 2016

ബോണ്‍സായ് ......എഡിറ്റര്‍ ഉണ്ണി കുലുക്കല്ലൂര്‍

ബോണ്‍സായ്
(കവിതാ സമാഹാരം )
എഡിറ്റര്‍ ഉണ്ണി കുലുക്കല്ലൂര്‍
ലിപി പബ്ലിക്കേഷന്‍സ്
വില 90 രൂപ

കവിതകള്‍ക്ക് മാര്‍ക്കറ്റ് നഷ്ടമാകുകയും പ്രസാധകര്‍ കവിതയെ കയ്യൊഴിഞ്ഞു കഥകളും നോവലുകളും ഓര്‍മ്മക്കുറിപ്പുകളും ജീവചരിത്രങ്ങളും തേടി അലയുകയുംചെയ്യുന്ന കാലമാണിത് . വന്‍കിട പ്രസാധകര്‍ എല്ലാം തന്നെ പുസ്തകത്തോട് അനുബന്ധിച്ചുള്ള അണിയറനീക്കങ്ങളിലൂടെ വിവാദങ്ങളെ ചുംബിച്ചുകൊണ്ട് പുസ്തകത്തിനു മാര്‍ക്കറ്റ് കണ്ടെത്താന്‍ ഉള്ള തീവ്രശ്രമങ്ങളില്‍ ആണ് . വായനക്കാര്‍ കുറഞ്ഞു വരുന്നതാണോ , അച്ചടി മാധ്യമങ്ങളുടെ നിലനില്‍പ്പ്‌ പരുങ്ങലില്‍ ആയതാണോ എന്ന കാര്യം ഇത്തരുണത്തില്‍ ചര്‍ച്ചാവിഷയം ആകേ ണ്ടിയിരിക്കുന്നു . കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന പ്രസാധകര്‍ ഉള്ള മലയാളത്തില്‍ ഇന്ന് എഴുത്തുകാരുടെ എണ്ണം വായനക്കാരിലും കൂടുതല്‍ ആണെന്ന പ്രഹസനവും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നുണ്ട് . സാമൂഹ്യ ഇടങ്ങളില്‍ ഇരവാദം എങ്ങനെയോ അതുപോലെ ആയിരിക്കുന്നു ഇന്ന് എഴുത്തുകാരില്‍ പ്രവാസ എഴുത്തുകാരുടെ അവസ്ഥയും . ഞങ്ങള്‍ ഇവിടെ ജീവിച്ചിരിക്കുന്നു . ഞങ്ങളെയും ശ്രദ്ധിക്കൂ എന്ന നിരന്തരമായ സമരം അവനു നടത്തേണ്ടി വരുന്ന അവസ്ഥ ആണ് ഇന്ന് ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന എഴുത്തുകാരില്‍ നിലനില്‍ക്കുന്നത് . എന്താകും ഇത്രയേറെ എഴുത്തുകാര്‍ വിദേശത്ത് എന്ന ചിന്ത തുടങ്ങുന്നിടത്ത് ആണ് കേരളത്തിലെ നിലവിലെ സാമൂഹ്യ സാമ്പത്തിക തലങ്ങളിലെ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരുന്നതും കുടിയേറ്റക്കാരന്റെ കാര്യം മലയാളം ഓര്‍ക്കുകയും ചെയ്യുന്നത് . കുടിയേറ്റം ഒരു സംസ്കാരത്തിന്റെ പറിച്ചു നടല്‍ ആകുകയും , ജന്മനാടിന്റെ ഓര്‍മ്മകളില്‍ ഓരോ കുടിയേറ്റക്കാരനും വിങ്ങുകയും ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ ആയി അവ പുറത്തേക്ക് ഒഴുകുക സ്വാഭാവികം മാത്രം . കേരളത്തിലെ എഴുത്തുകാര്‍ക്ക് ഇന്ന് വിഷയങ്ങള്‍ ഇല്ലാതെ പോകുകയും അവര്‍ അനുകരണങ്ങളില്‍ പെട്ടു പോകുകയും ചെയ്യുമ്പോള്‍ പ്രവാസഭൂമികയില്‍ ഒരുകാലത്ത് സ്ഥിരമായി നിലനിന്ന ഒരു പോരായ്മയായിരുന്നു ഗൃഹാതുരതയുടെ മുതലക്കണ്ണീര്‍ . ഇന്ന് തുറന്ന ചര്‍ച്ചകളും , അഴിച്ചുപണിയലുകളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തന്നെ ഈ ഒരു നിലപാടില്‍ മാറ്റം ഉണ്ടാകുന്നു എന്നത് ശുഭകരമായ ഒരു ചിന്തയും പരിവര്‍ത്തനവും ആണ് . ഇവിടെ എഴുത്തുകാരന്‍ പലപ്പോഴും തന്റെ കടമയായ എഴുത്ത് നിര്‍വ്വഹിച്ചു കടന്നു പോകുമ്പോള്‍ ഇതിനെ വെളിച്ചം കാണിക്കുന്ന പ്രസാധകന്‍ തന്റെ പോരായ്മകള്‍ കൊണ്ട് എഴുത്തുകാരനെയും കൃതിയും തേജോവധം ചെയ്യുന്ന ദയനീയ കാഴ്ചയും ഉയര്‍ന്നു വരുന്നുണ്ട് . തീര്‍ച്ചയായും കൂണുകള്‍ പോലെ ഉയര്‍ന്നു പൊങ്ങുന്ന പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും ഇടയിലേക്ക് ഒരു പുതിയ തൊഴില്‍അവസരം ഉയര്‍ന്നു വരുന്നു. അതാണ്‌ എഡിറ്റര്‍ . ഒരു നല്ല എഡിറ്ററുടെ പോരായ്മ ഇന്നിറങ്ങുന്ന ഒരു വിധം എല്ലാ പുസ്തകങ്ങളും പേറുന്നുണ്ട് എന്നതിനാല്‍ തന്നെ ആ ഒരു തലത്തിലേക്ക് നല്ലൊരു പഠനം നടക്കുകയും ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞു വരികയും ചെയ്യുക തന്നെ വേണം .
ശ്രീ ഉണ്ണി കുലുക്കല്ലൂര്‍ ആദ്യമായി എഡിറ്റര്‍ പദവി അലങ്കരിച്ചു കൊണ്ട് പുറത്തിറങ്ങുന്ന കവിതകളുടെ സമാഹാരം ആണ് ബോണ്‍സായ്. ഗള്‍ഫ് മേഖലയിലെ അറിയപ്പെടുന്ന കവികള്‍ തൊട്ടു ഇന്നുവരെ ഒരു കവിതപോലും അച്ചടിരൂപത്തില്‍ ആക്കാത്ത കവികള്‍ അടങ്ങുന്ന 44 പേരുടെ കവിതകള്‍ ആണ് ഇതിലുള്ളത് .
സത്യന്‍ മാടക്കരയുടെ യൂട്യൂബിലെ കോഴി ആണ് ആദ്യ കവിത . തുടക്കം നന്നായാല്‍ ഒടുക്കം വരെ നന്നാവും എന്നാണു . പക്ഷെ തുടക്കം തന്നെ കല്ലുകടിയായാല്‍.. എഴുത്തിന്റെ തഴക്കവും പഴക്കവും നല്‍കുന്ന അമിതവിശ്വാസം ആകാം കവിത കോഴി ചികഞ്ഞിട്ട പറമ്പ് പോലെ ആയി . വിരസതയെ മാറ്റിയെടുത്തത് ശിവപ്രസാദിന്റെ അമ്മിണി ആണ് . അത് കടലല്ല അമ്മിണീ അപ്പന്റെ കണ്ണീരാന്നു ആന്‍സി പിറുപിറുക്കുമ്പോള്‍ വായനക്കാരനും കണ്ണില്‍ ഉപ്പു നീറിയേക്കും/ തുടര്‍ന്ന് സ്വയം നഷ്ടമായ മനുഷ്യനെ നിഷ്കളങ്കതയില്‍ കുളിപ്പിച്ചെടുക്കാന്‍ ഇസ്മയില്‍ മേലടി തന്റെ വാര്‍ത്തകള്‍ ഓര്‍മ്മിക്കാനുള്ളതല്ല എന്ന കവിതയില്‍ ശ്രമിക്കുന്നു . ആസുരതയുടെ ഈ കാലത്ത് വാര്‍ത്തകള്‍ നല്‍കുന്ന ഭയാനക പ്രഭാതങ്ങളെ നോക്കി പകച്ചു നില്‍ക്കുന്നവന്റെ ആകുലതകള്‍ ആണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഈ കവിതയില്‍ . കാലികമായ ജീവിത പരിസരത്തില്‍ നിയമം സാധാരണക്കാരന് വെറും തീകായാന്‍ ഉള്ള ഒരു ഉപാധി മാത്രമാണെന്ന് രാജേഷ് ചിത്തിര തന്റെ ആന്‍റി നാഷണല്‍ എന്ന കവിതയില്‍ പരിഹസിക്കുന്നു . അവിടെയും പുതിയ കാലത്തിന്റെ തിരിച്ചറിവ് ആയി മകന്‍ ഓര്‍മ്മിപ്പിക്കുന്നു അത് നിയമപുസ്തകം ആണ് എന്നത് ഒരു ശുഭസൂചികയായി നമുക്ക് കാണാന്‍ കഴിയും . ഇര എന്ന കവിതയില്‍ ഹണി ഭാസ്കര്‍ പറയുവാന്‍ ശ്രമിക്കുന്നത് അടിച്ചമര്‍ത്തപ്പെടുന്ന എഴുത്തുകാരനെ ആണ് . ഫാസിസം നാം എന്തെഴുതണം എന്ന് തീരുമാനിക്കുന്ന ഈ കാലത്തെക്കുറിച്ച് പറയുമ്പോള്‍ പക്ഷെ തന്റെ പറയാനുള്ള വ്യഗ്രതയാല്‍ വരികളില്‍  പതറിനിന്നു പോകുന്നു. വേഴാമ്പലുകള്‍ കാത്തിരിക്കുന്നത് മഴയെ ആണ് ഇപ്പോഴും എന്നിരിക്കിലും നീലമേഘങ്ങള്‍ കാംഷിക്കുന്ന വേഴാംബലുമായി ഷീല പോള്‍ തന്റെ തിരയും തീരത്തിലും കടന്നു വരുന്നു . ആത്മീയ തലങ്ങളില്‍ നിറഞ്ഞു നിൽക്കാന്‍ ഉള്ള ഒരു ത്വര വരികളില്‍ പിടയുന്നുവെ ന്നു മാത്രം . വനിതാ വിനോദു തന്റെ അവള്‍ എന്ന കവിതയിലൂടെ സ്നേഹിക്കാന്‍, സ്നേഹിക്കപ്പെടാന്‍ അഭിവാഞ്ചയുള്ള ഒരുവളെ പരിചയപ്പെടുത്തുന്നു . അപമാനിക്കപ്പെടുന്ന പെണ്ണുടലുകളെ ഓര്‍ത്ത്‌ വേദനിക്കുന്ന ഹൃദയവുമായി സബീന സാലി തന്റെ എക്കോ ഫെമിനിസ്റ്റ് പരിചയപ്പെടുത്തുന്നു . ജിഷയും ഡല്‍ഹി പെണ്‍കുട്ടിയും അടങ്ങുന്ന കാലികതയുടെ ദുരന്തങ്ങളെ വരയ്ക്കാന്‍ ശ്രമിക്കുന്ന കവിത . ഭ്രഷ്ട് എന്ന കവിതയിലൂടെ സര്‍ഗ റോയ് നായയുടെ പരിണാമദശകളെ വിശദീകരിക്കുന്നു . സീസര്‍ എന്ന നാമത്തിലൂടെ വായനക്കാരനെ അധികാരത്തെ അതിന്റെ സുഖലോലുപതയെ മേല്‍നിലയില്‍ നിന്നും തെരുവിലെത്തിക്കുന്ന അവസ്ഥയെ വിവരിച്ചു കൊണ്ട് വരികയും ഒടുവില്‍ അത് മാളിക മേലിരുന്നവന്റെ തോളില്‍ മാറാപ്പ് കയറ്റിയതല്ല വളര്‍ത്തുനായ തെരുവ് നായ ആയതാണ് എന്ന് അറിയുകയും ചെയ്യുന്ന പകപ്പ്  നല്‍കുന്നു . സഖാവ് ക്രെഡിറ്റ് കാര്‍ഡ് എന്ന കവിതയില്‍ അനൂപ്‌ ചന്ദ്രന്‍ ലോകം ഒരു ഷോപ്പിംഗ് മാള്‍ ആണെന്നും ജീവിതം വിന്‍ഡോ ഷോപ്പിംഗ് ആണെന്നും കണ്ണാടിക്കൂട്ടില്‍ നിന്നുറങ്ങുന്ന പ്രതിമകള്‍ കാണുന്ന സ്വപ്നമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതമെന്നും പറയുന്നു . ആശയങ്ങളുടെ അപചയത്തെതുടര്‍ന്ന് ഇന്ന് ഇസങ്ങള്‍ എവിടെയെത്തി നില്‍ക്കുന്നു എന്ന വ്യക്തമായ രേഖാചിത്രം അനൂപ്‌ പങ്കു വയ്ക്കുന്നു ഈ കവിതയില്‍ . സലിം അയ്യനേത്ത് തന്റെ മൂന്നു കൊച്ചു കവിതകളില്‍ക്കൂടി പ്രണയത്തിന്റെ നൊമ്പരങ്ങള്‍ പങ്കു വയ്ക്കുന്നു . സ്വത്വം എന്ന കവിതയില്‍ ഷാജി ഹനീഫ് പലായനത്തിന്റെ ദയനീയത പങ്കു വയ്ക്കുന്നു . പകയില്ലാതെ ഇരയുടെ മിഴികളുമായി തമ്പ് വിട്ടുപോകുന്ന ജനതയെ പിന്തുടരുന്നയാള്‍ ഒരു അപേക്ഷ മാത്രം വയ്ക്കുന്നു . ഒരു നോട്ടം കൊണ്ട് എങ്കിലും നീ പ്രതികരിക്കൂ എന്ന് മാത്രം . മതേതരത്വം എന്ന കവിതയിലൂടെ ബിജു ജീ നാഥ് വ്യഭിചരിക്കപ്പെട്ട മതേതരത്വം എന്ന പദത്തെ ഓര്‍ക്കുന്നു . പറയാനുള്ളത് പരത്തിപ്പറഞ്ഞു വരികളുടെ ഭംഗി നഷ്ടപ്പെടുത്തിയ ആശയം ആയിരുന്നു വായന നല്‍കിയത് . വരണ്ടുണങ്ങാത്ത നന്മയുടെ ഭൂമി തേടുന്ന ഗായത്രി വിമല്‍ തന്റെ എന്റെ കറുത്ത പക്ഷിയിലൂടെ ആ നന്മയെ ഇനിയും മനുഷ്യത്വം മരിച്ചിട്ടില്ലാത്തവര്‍ക്ക് പങ്കുവയ്ക്കാന്‍ അപേക്ഷിക്കുന്നു . മനീഷ് നരിണിപ്പുഴ തനിയാവര്‍ത്തനം എന്ന കവിതയില്‍ മൂന്നാം ക്ലാസ്സില്‍ പിഴച്ചു പോയ വാക്കിന്റെ അര്‍ത്ഥം തിരഞ്ഞു പകച്ചു നില്‍ക്കുന്നു ഷേക്ക്‌ സയദ് റോഡില്‍ പെട്രോളടിച്ചു കൊടുക്കാന്‍ നില്‍ക്കുന്നവനെ പ രിചയപ്പെടുത്തുന്നു . നിസ്സഹായതയുടെ അവസ്ഥാന്തരത്തില്‍ നാടുകടത്തപ്പെടുമ്പോള്‍ അസ്ഥിത്വം തിരിച്ചറിയുന്നവന്റെ ദുഃഖം ബാക്കിയാക്കുന്നു .ഇരുട്ട് എന്ന കവിതയിലൂടെ ഹാരിസ് വാളാട് രാത്രിയുടെ ഭീകരതയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു . ഇരുട്ടെന്നാല്‍ ഇണചേരലാണ് , ക്രൌര്യ നഖങ്ങളുടെ കേദാരമാണ് എന്ന സ്ഥിരം തത്വത്തിലേക്ക് നടക്കുന്ന കവി ഒടുവില്‍ ഈ രക്തങ്ങള്‍ എല്ലാം ഒഴുകി വേദനയുടെ തീരങ്ങള്‍  താണ്ടി വിശുദ്ധിയുടെ ഗര്‍ത്തങ്ങളില്‍ വിലയിക്കും എന്ന് പ്രത്യാശിക്കുമ്പോള്‍ വായനക്കാരന്‍ ഓരോ ദാരുണമരണങ്ങളെയും ഒരുപക്ഷെ ന്യായീകരിച്ചേക്കാം കാരണം അവ വാഴ്ത്തപ്പെടുകയാണല്ലോ എന്നോര്‍ത്തു .  നവീകരണം തന്നില്‍ നിന്നും തന്നെ തുടങ്ങണം എന്ന സത്ചിന്തയുടെ ചോദ്യവും , നഷ്‌ടമായ സൌഹൃദങ്ങളുടെ ദൂരം തീര്‍ത്ത വഴികള്‍ തേടലും കൊണ്ട് ചോദ്യം , ദൂരങ്ങള്‍ എന്നീ രണ്ടു ചെറു കവിതകളുമായി സഹര്‍ അഹമ്മദ് നിശബ്ദം അരികു പറ്റി കടന്നു പോകുന്നു .അനസ് മാള യുടെ എന്നെയും എന്ന കവിത പങ്കു വയ്ക്കുന്നത് ചൂക്ഷണം ചെയ്യപ്പെടുന്ന പെണ്ണുടലുകളുടെ ചോദ്യങ്ങളിലൂടെയൊരു ഓര്‍മ്മപ്പെടുത്തല്‍ ആണ് . ഇന്നിനു നഷ്ടമാകുന്ന പ്രതികരണശേഷിയുടെ നേര്‍ക്കുള്ള ചില ചോദ്യശരങ്ങള്‍ തൊടുക്കുന്നു അനസിതില്‍ . ലത്തീഫ് മമ്മിയൂരിന്റെ സൗമ്യനും ക്രൂരനും പങ്കുവയ്ക്കുന്നത് നന്മയുടെയും തിന്മയുടെയും പരസ്പര പ്രതിരോധങ്ങളെയാണ് . ആത്യന്തികമായി നന്മ ജയിക്കുകയും നവ മുകുളങ്ങള്‍ അവ ആസ്വദിക്കുകയും ചെയ്യുന്ന സ്വപ്നം പങ്കിടുന്നു കവി ഇവിടെ. നിഴലിന്റെ സൗന്ദര്യം സത്യം ഇവയെ തിരഞ്ഞു പോകുന്ന അംബിക സദാശിവന്‍ ജനനം മുതല്‍ മരണം വരെ പല രൂപത്തില്‍ കൂടെയുള്ള നിഴലുകളെ പരിചയപ്പെടുത്തുന്നു ഒപ്പം തനിക്കു തെളിഞ്ഞു കത്താന്‍ കാത്തുനില്‍ക്കാത ദീപത്തെ ദുഖത്തോടെ ഓര്‍ക്കുന്നു തന്റെ നിഴൽ എന്ന കവിതയിൽ  . സീനോ ജോൺ നെറ്റോ ഉടലിലൂടെ ഉടലിന്റെ ബന്ധമില്ലായ്മ നോക്കിക്കാണുന്നു . പെണ്ണുടലിൽ കാമത്തിന് കണ്ണില്ലല്ലോ എന്ന പരിതാപം പങ്കു വയ്ക്കുന്നു കവിതയിൽ . കാസർഗോഡ് ഭാഗങ്ങളിൽ കുന്നുകൾ തിരശ്ചീനമായി തുരന്നു നിർമ്മിക്കുന്ന ജലസ്രോതസ്സുകൾ ആയ തുരങ്കങ്ങൾക്ക് ഇന്ന് സംഭവിച്ച അപചയവും ദുഖവും പങ്കു വയ്ക്കുന്നു സുരംഗം എന്ന കവിതയിലൂടെ മുരളി മീങ്ങോത്ത് . ടി കെ ഉണ്ണിയുടെ ഉല്ലാസക്കളികൾ പങ്കു വയ്ക്കുന്നത് കാലികമായ ഇന്ത്യൻ രാഷ്ട്രീയത്തിലെ നരഭോജികളുടെ ഉല്ലാസവിനോദങ്ങൾ തന്നെയാണ് . കിനാവ് എന്തെന്ന് റഫീഖ് മേമുണ്ട കുഞ്ഞൻ വരികളിൽ പങ്കു വയ്ക്കുന്നു . ശാലിനി സാരംഗ് ആകട്ടെ മഴയിലൂടെ നടക്കുമ്പോൾ എന്ന കവിതയിലൂടെ പിരിഞ്ഞു പോയ പ്രണയത്തിന്റെ തിരിച്ചറിവുകൾ മഴയിലൂടെ ഓർത്തെടുക്കുന്നു . മുനീർ കെ ഏഴൂർ ആകട്ടെ ഉമ്മ എന്ന കവിതയിലൂടെ മാതൃത്വത്തിന്റെ മഹനീയതയും നഷ്ടവും വേദനയുടെ വരികളിൽ കുറിച്ചിടുന്നു . രാജീവ് കെ മുരളി പ്രശ്നബാധിത ചായക്കടയിൽ തീവ്രവാദത്തിന്റെ ചായക്കോപ്പയിൽ അതിരുകൾ കോറിയിടുന്ന കാഴ്ച പങ്കു വയ്ക്കുന്നു . സുഭാഷ് ദാസ് 'അമ്മ പഠിപ്പിച്ച പുസ്തകം എന്ന കവിതയിൽ ആദ്യാക്ഷരം , അറിവുകൾ പങ്കു വച്ച അമ്മയിലൂ ടെയും തനതു കാഴ്ചകളിലൂടെയും മാതാപിതാക്കളെ അറിയുന്നു . അരുവി മോങ്ങം ചതിച്ചവനോട് എന്നകവിതയിൽ മണലിന്റെ മാറിൽ ഇനിയാരെയും ചതിക്കില്ലെന്ന് എഴുതി തിര വന്നു അത് മായ്ക്കുന്നതു വരെ കാത്തിരിക്കാൻ പറയുന്നു . കാരണം അതിലൊരു നുര താനാകുമെന്നു ഓർമ്മപ്പെടുത്താൻ മാത്രം . കാലം മാറി കഥ മാറിഈ ലോകവും എന്ന കവിതയിൽ ജോയ് ഗുരുവായൂർ  ഭൂമിയെ ചൂക്ഷണം ചെയ്യുന്ന മനുഷ്യന്റെ ക്രൂരതയെ ഓർക്കുന്നു . ഓർമ്മകളിലെ ഗ്രാമീണ പച്ചപ്പിനെ തിരികെ ലഭിക്കില്ലെന്ന നിശ്വാസത്തോടെ കരുണ വറ്റരുതെന്നുപുതുകാലത്തെ ഓർമ്മിപ്പിക്കുന്നു . മാഞ്ഞു പോയ വഴികളിൽ ബഷീർ മൂളിവയൽ  പോയകാലത്തിനും ഇന്നത്തെ കാലത്തിനും ഇടയിൽ അയല്പക്കങ്ങൾക്കു സംഭവിച്ച ബന്ധങ്ങളുടെ പൊട്ടിപ്പോയ ചരടുകൾ കാലികമായ കാഴ്ച വിവരിക്കുന്നു  . മറുമൊഴിയിൽ ഷാജഹാൻ നന്മണ്ട പ്രണയത്തിന്റെ ലഹരിയിൽ ഓർമ്മയിൽ മേയുന്നു . സിബി ശ്രീമോൻ തന്റെ പെൻഡുലം എന്ന കവിതയിൽ നീയും ഞാനും തമ്മിലുള്ള അന്തരം എവിടെ എന്ന അന്വേഷണത്തിൽ .ആണ്  പ്രദീപ് കുട്ട്യാട്ടൂർ പ്രവാസത്തിൽ അവധിക്കാ ലം എന്ന മരീചികയിലേക്ക് തന്റെ ദിനാന്ത്യങ്ങളെ ഓടിച്ചു വിടുന്ന പ്രവാസിയുടെ  കാഴ്ച വരയ്ക്കുന്നു . നീതിദേവത എന്ന കവിതയിൽ ബിജു എൻ കെ ആരാണ് നീതി ദേവതയ്ക്കു ആ അധികാരം നൽകിയതെന്ന് ചോദിക്കുന്നു .   സോണി വേളൂക്കാരൻ നിന്റെ ജ്വരം എന്നിലേക്ക് സംക്രമിക്കുമ്പോൾ എന്ന കവിതയിൽ പ്രണയിനിയുമായുള്ള പ്രണയ നിമിഷങ്ങളെ ജ്വരബാധിതമായ ചിന്തകളിൽ പടർന്നു കുതിരുന്നത് അടയാളപ്പെടുത്തുന്നു . അജിത്കുമാർ  അനന്തപുരി ആശങ്ക എന്ന കവിതയിലൂടെ ഫല വർഗ്ഗങ്ങളിൽ കീടനാശിനികൾ കലർത്തുന്നതിനാലും അജിനോമോട്ടോയുടെ അർബുദ കാരണത്താലും പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടമാകും ഒന്നും ഇനി തിരികെ ലഭിക്കില്ല എന്ന് വിലപിക്കുന്നു. ഷിജു വർഗ്ഗീസ് തന്റെ കാഴ്ചയിൽ അന്തതയെന്നത് അനിവാര്യമായ ഇടങ്ങളിൽ എടുത്തണിയാനുള്ള പഴന്തുണിയാണെന്ന് നാം പറയാതെ പറയുന്നു എന്ന് രേഖപ്പെടുത്തുന്നു .ഗർഭമലസിപ്പിച്ചത്തിന്റെ പിറ്റേ ദിവസം കണ്ട കുട്ടിക്കുപ്പായം പിന്നെ വാങ്ങാൻ കഴിയുന്നത് ദത്തുപുത്രിക്ക് വേണ്ടി ആയിരുന്നെന്നു ദുഃഖം, പാപബോധം പങ്കു വയ്ക്കുന്നു ഷൗക്കത്തലി പുളിങ്ങോം തന്റെ കുട്ടിക്കുപ്പായത്തിൽ . കാവ്യപ്രകാശനം എന്ന കവിതയിൽ വെള്ളിയോടൻ പ്രണയത്തിന്റെ മാന്ത്രിക സ്പര്ശനം തന്നിലേക്ക് സന്നിവേശിക്കപ്പെട്ടപ്പോൾ ചിതലരിച്ച ചിന്തകളെ അഗ്നിയിലേ ക്ക് തള്ളിയിട്ടതും അഗ്നിയിൽ തൻ സ്വയം ഉരുകിത്തീർന്നതും . എന്നിട്ടു അസ്ഥിക്കഷണങ്ങളിലൂടെ ഉയിർത്തെഴുന്നേറ്റതും പ്രണയിനിയുടെ അടഞ്ഞ കണ്ണുകൾക്ക് മീതെ കുലച്ച വില്ലുകൾക്കിടയിൽ കവിതയായി മാടിവിളിച്ചു എങ്ങോ പോയപ്പോൾ അവളുടെ ഹൃദയം തുറന്നു ഒളിച്ചിരുന്ന കവിതകളെ എടുത്തുകൊണ്ടുപോയി തുന്നിച്ചേർത്തു നാളെ പ്രകാശിപ്പിക്കുന്നു എന്ന് അറിയിക്കുന്നു . ഫൈസൽ ബാവ ആമയം ആകട്ടെ വിരഹം എന്ന കവിതയിൽ എന്താണ് വിരഹം എന്ന് സമർത്ഥിക്കുന്നു.പാട്ടിന്റെ തീവണ്ടി മുറി(വു)കൾ എന്ന കവിതയിൽ സോണിയ ഷിണോയ് പങ്കു വയ്ക്കുന്നത് ഒരു തീവണ്ടിയാത്രയാണ് . യാത്രയുടെ കാഴ്ചകൾ അനുഭവവേദ്യമാക്കുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ അവൾ പുറം കാഴ്ചകളിലേക്ക് മടങ്ങുന്നു . ശ്രീദേ വി എം തന്റെ പ്രൊഫൈൽ എന്ന കവിതയിൽ താൻ ആരെന്നും തന്റെ അടുത്ത് കിടക്കുന്നവർ ആരെന്നും തന്റെ മകൻ ആരെന്നും തിരിച്ചറിയാൻ മുഖപുസ്തകം തുറക്കേണ്ടി വരുന്ന അവസ്ഥ വിവരിക്കുന്നു . നിറയെ ജാരന്റെ മുഖങ്ങൾ കൊണ്ട് ഓർമ്മകളിൽ ഭ്രംശം സംഭവിക്കുന്ന സോഷ്യൽ മീഡിയ അഡിക്ടുകളെ വരച്ചുകാണിക്കുന്ന വരികൾ . അബ്ബാസ് നസീർ പറയുന്നു ഞാൻ ഉറങ്ങുകയാണ് നീയും എന്ന കവിതയിൽ എനിക്ക് തരാനുള്ളതും പറയാനുള്ളതും വാങ്ങാനുള്ളതും എന്നെ ഉണർത്തി വാങ്ങി പോകണം കാരണം ഞാൻ ഉറങ്ങുകയാണ് എന്ന് .
പതിമൂന്നു വർഷങ്ങൾ ആയി യൂ ഏ യിൽ ഒരു കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്യുന്ന ശ്രീ ഉണ്ണി കുലുക്കല്ലൂർ പത്രങ്ങളിലും ആനുകാലികങ്ങളിലും കവിത ലേഖനം എന്നിവ എഴുതുന്ന ഒരു കോളമിസ്റ് ആണ് . അദ്ദേഹത്തിന്റെ ആദ്യ സംരംഭം ആണ് എഡിറ്റർ എന്ന ശ്രമം . തിരഞ്ഞെടുപ്പിന്റെയും എഡിറ്റിങ്ങിന്റെയും പോരായ്മകൾ അതുകൊണ്ടു തന്നെ ഒരു തുടക്കക്കാരന്റെ പ്രയാസങ്ങൾ ആയി നിലനിൽക്കുന്നു . കാതലായ ഒരു സന്ദേശമോ ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടോ ആയി കരുതിവയ്ക്കാൻ വേണ്ടുന്ന വിഭവങ്ങൾ ശേഖരിക്കാൻ ഇറങ്ങിത്തിരിച്ച ഉണ്ണി നിരാശനായി എന്നതാണോ വായനക്കാരൻ നിരാശനായതാണോ എന്നറിയില്ല കവിതകൾ നിലവാരം ഉള്ളവയും ഇല്ലാത്തവയും എന്ന് തരം തിരിക്കാതെ വായിച്ചു മടക്കി വയ്ക്കാൻ മാത്രമുതകുന്ന ഒരു പുസ്തകം . എഴുതി തെളിഞ്ഞവർ പോലും നിരാശ സമ്മാനിച്ചു എന്ന പോരായ്മയെ മാറ്റി നിർത്തി ഇനിയും നല്ല ഒരു പുസ്തകവുമായി ഉണ്ണി കൂടുതൽ ശക്തിയോടെ മലയാളിയോട് സംവദിക്കും എന്ന  പ്രതീക്ഷകൾ നിലനിർത്തുന്നു . ആശംസകളോടെ ബി. ജി . എൻ വർക്കല

ഗ്രിൽഡ് ചിക്കൻ

Monday, November 28, 2016

ചിന്തേരിട്ട കാലം .................. ഇസ്മയില്‍ മേലടി

ചിന്തേരിട്ട കാലം
(കവിത സമാഹാരം )
ഇസ്മയില്‍ മേലടി
ലിപി പബ്ലിക്കേഷന്‍സ്
വില 50 രൂപ

വായനയുടെ ലോകത്ത് ഇന്ന് പിന്തള്ളപ്പെടുന്ന പുസ്തകങ്ങള്‍ എല്ലാം തന്നെ കവിതകള്‍ ആണെന്നത് കാലം ഒരു പക്ഷെ കവിതകളില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വിജയം കൈവരിക്കുന്ന കാലം വരെ ഒരു മാന്ദ്യത നല്കുന്നതാകാം . കവിതകള്‍ പഴയതില്‍ നിന്നും ഒരുപാടു മാറി പുതിയ ലോകങ്ങള്‍ തേടി അലയുന്നത് നമുക്ക് കാണാന്‍ കഴിയും . കവിതയിലെ ആധുനികത , അത്യന്താധുനികതയില്‍ എത്തി അതിനും മുകളിലേക്ക് കുതിക്കാന്‍ വെമ്പി നില്കുന്നു . പരീക്ഷണങ്ങള്‍ നിരന്തരം നടന്നുകൊണ്ടേയിരിക്കുന്നു . വൃത്തവും താളവും സമാസങ്ങളും കടന്നു ഗദ്യത്തിലും പദ്യത്തിലും നിന്നകന്നു കവിത വേറിട്ട ഗന്ധവും രൂപവും ഭാവവും കൈവരിച്ചിരിക്കുന്നു എന്നു കാണാന്‍ കഴിയും .

"ഇസ്മയില്‍ മേലടി" എന്ന എഴുത്തുകാരന്റെ നാല്പത്തിരണ്ട് കവിതകളുടെ സമാഹാരമാണ് "ചിന്തേരിട്ട കാലം" . കോഴിക്കോട് പയ്യോളിയില്‍ ജനിച്ച ഇസ്മയില്‍ മേലടി അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദവും ഉള്ള ഒരു പ്രവാസിയായ എഴുത്തുകാരന്‍ ആണ് . ഇന്ത്യക്കകത്തും പുറത്തും വിവിധ പത്രമാധ്യമങ്ങളില്‍ ജോലി ചെയ്ത പരിചയം ഉള്ള ഈ എഴുത്തുകാരന്‍ കവിതകളും ലേഖനങ്ങളും ആനുകാലികങ്ങളില്‍ എഴുതുന്ന ഒരാളും അതുപോലെ ഒരു മികച്ച വിവര്‍ത്തകനും കൂടിയാണ് . അറബിയില്‍ നിന്നും മലയാളത്തിലേക്കും തിരിച്ചും കവിതകള്‍ വിവര്‍ത്തനം ചെയ്യുന്ന ഇസ്മയില്‍ മേലടി യൂ എ ഇ യിലെ അറബി സാഹിത്യകാരന്മാരുടെ സംഘടനയായ എമിറേറ്റ്സ് റൈറ്റെഴ്സ് യൂണിയന്റെ വേദിയില്‍ അറബിയില്‍ സ്വന്തം കവിത അവതരിപ്പിച്ച ആദ്യ ഇന്ത്യാക്കാരന്‍ എന്ന ബഹുമതി പേറുന്നു .
"ഈ ലോകം
ഒരു നിമിഷം പോലും
ഉറങ്ങുന്നില്ല,
ഈലോകത്തിലെ
മനുഷ്യര്‍
ഒരു നിമിഷം പോലും
ഉണരുന്നുമില്ല " (സത്യം )
പ്രവാസ ലോകത്തെ, കവിതകളില്‍ കൊണ്ട് വരുന്ന എഴുത്ത് ആണ് ഇസ്മയില്‍ മേലടിയുടെ കവിതകള്‍ പങ്കു വയ്ക്കുന്ന വായനാനുഭവം. പ്രവാസത്തിന്റെ ചൂടും ചൂരും ഉണ്ട് അവയ്ക്ക് . പക്ഷെ അവയൊന്നും സ്ഥിരം പ്രവാസിഎഴുത്തുകള്‍ പോലെ പ്രണയവും വിരഹവും പങ്കു വയ്ക്കുന്ന വെറും എഴുത്തുകള്‍ , ഗീതികകള്‍ അല്ല . നോവിന്റെ ആത്മാവ് , ജീവിതത്തിന്റെ ഗന്ധം നിറയുന്ന വരികള്‍ . ഇവയൊക്കെ വായനക്കാരനെ തേടി വരുന്നു ഈ കവിതകളില്‍ . 'ചിന്തേരിട്ട കാലം' എന്ന കവിതയിലൂടെ രാജ്യത്തെ അമ്മയായി ചിത്രീകരിച്ചുകൊണ്ട് കാലികമായ മുഖം ചുളിപ്പിക്കുന്ന ചില സത്യങ്ങളെ വിളിച്ചു പറയുന്നു കവി തുടക്കം തന്നെ . പാരസ്പര്യം നഷ്ടമാകുന്ന മനുഷ്യന്‍ പരസ്പരം ഇടയില്‍ തീര്‍ക്കുന്ന മതിലുകളെ പ്രതിപാദിക്കുന്ന 'മതില്‍' ,സ്വതന്ത്രജീവിതത്തിനു മേല്‍ നിര്‍മ്മിതമാകുന്ന കൃത്രിമകാഴ്ചകള്‍ കാലക്രമേണ നരയ്ക്കുമ്പോള്‍ കാഴ്ചയും മങ്ങുന്നെന്ന സത്യം പങ്കു വയ്ക്കുന്ന 'കീറിയെടുക്കപ്പെടുന്ന ആകാശം', ചോര തിളപ്പിക്കുന്ന ആശയങ്ങള്‍ , ആവേശങ്ങള്‍ തുടങ്ങിയവ നഷ്ടമാകുന്ന പ്രവാസജീവിതത്തിലെ പ്രതികരണശേഷി മരിച്ച മനുഷ്യനെ ചൂണ്ടിക്കാണിക്കുന്ന 'ഈന്തപ്പനയോലകളില്‍ കാറ്റുപിടിക്കുമ്പോള്‍' തുടങ്ങി ഒരു പിടി കാവ്യങ്ങള്‍ ഈ പുസ്തകത്തില്‍ വായനയ്ക്ക് ഇടം പിടിക്കുന്നു . ഇന്നത്തെ ജീവിത പരിസരങ്ങളില്‍ ബന്ധങ്ങളുടെ അന്യമാകുന്ന ഇഴയടുപ്പങ്ങള്‍ തുറന്നു കാട്ടുന്ന 'ഉത്തരാധുനിക വീട് ' എടുത്തുപറയാവുന്ന ഒരു രചന ആണ് . അതുപോലെ മറ്റൊന്നാണ് 'പാനീസ് വിളക്ക് '.കാലത്തിന്റെ ഇരുണ്ട ഭൂതകാലത്തിലേക്ക് എറിയപ്പെടുകയും ഇന്ന് തിരികെ ആഡംബരത്തിന്റെ ഭാഗമായി ഷോക്കേസില്‍ തിളക്കമിട്ടിരിക്കുകയും ചെയ്യുന്ന പാനീസ് വിളക്കിലൂടെ നാം നഷ്ടപ്പെടുത്തുന്നതും കാലം ഓര്‍മ്മിപ്പിക്കുന്നതും ആയ പലതും നമ്മെ തേടിയെത്തുന്നു . പ്രവാസ ജീവിതത്തില്‍ നിന്നും നാട്ടിലേക്ക് എത്തുന്ന ഒരുവന്‍ തന്റെ യാത്രകളില്‍ കണ്ടെത്തിയേക്കാവുന്ന അനീതികള്‍ക്കു മുന്നില്‍ കണ്ണടച്ച് തന്റെ തിരികെ യാത്ര മുടക്കാത്ത വഴികള്‍ തേടുന്ന മാനസികാവസ്ഥയെ വ്യക്തമാക്കുന്ന 'ഹൃദയത്തിനിവിടെന്തു കാര്യം' എന്നത് ഓരോ പ്രവാസിക്കും നേരെ ചൂണ്ടുന്ന ഒരു തീക്കൊള്ളിയാണ് .
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഗ്രാമജീവിതത്തിന്റെ മധുരതരമായ ഓര്‍മ്മകളും പ്രണയത്തിന്റെ നനുത്ത തലോടലും മണല്‍ക്കാടിന്റെ ഉഷ്ണവും ദാഹവും ഒക്കെ കവിതകളില്‍ വരഞ്ഞിട്ടിരിക്കുന്ന ഇസ്മായില്‍ നല്ല ഭാഷ വൈദഗ്ധ്യം പ്രകടിപ്പിച്ചിരിക്കുന്നു തന്റെ രചനകളില്‍ . സുതാര്യവും മനോഹരവുമായ ഭാഷ പ്രയോഗം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്ന ഈ കവിതകള്‍ വായനക്കാരെ നിരാശരാക്കില്ല.
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

തിരിച്ചറിവുകൾ

Saturday, November 26, 2016

വെടിയൊച്ചകൾ !


അവർ കൂട്ടമായിരുന്നത്രെ.
ഒരിലയനങ്ങിയാൽ
ഒരു ചെറു നിശ്വാസത്തിൽ
അവർ ആക്രമിക്കുമായിരുന്നത്രേ.
മൊബൈലുകൾ സന്ദേശങ്ങൾ കൈമാറി
നാല്പതിൽ നിന്നറുപതാക്കി
ബയണറ്റുകൾ നിരന്നപ്പോൾ
അവർ കൈകൾ ഉയർത്തിയില്ല .
അടക്കിപ്പിടിച്ച ആത്മാഭിമാനത്താൽ
അവർ മാപ്പു ചോദിച്ചില്ല .
അനന്തരം നമുക്കത് വേണ്ടി വന്നു.
സ്നിഗ്ധ മാറിടത്തിൽ
വെടിയുണ്ട തുളച്ചു കയറുമ്പോൾ
ശബ്ദിച്ചില്ലവൾ കൊടുംക്രൂര!
ഒരക്ഷരം മിണ്ടാതവനും വീണു.
ഇനിയുമുണ്ടവർ ഒരുപാടു പേർ
കൊന്നു തള്ളണമെന്നത്രെ നൃപ കല്പന .
അധികാരത്തിനു മുൻപു
നരഹത്യകൾക്ക് ഫാസിസമെന്നു പറഞ്ഞവരാണവർ.
പക്ഷേ ഇതു നരഹത്യയല്ലല്ലോ.
ആയുധമേന്തി നാടു തകർക്കാൻ വന്ന
രാജ്യദ്രോഹികൾ!
ജീവനോടെ പിടിച്ചാൽ
ഒത്തിരിത്തലകൾ താഴുന്നതിലും നല്ലതല്ലേ
ഒരു മുല കുഴിയുന്നത് .
നമുക്കിനിയും കാടുകയറണം ....
...... ബിജു.ജി.നാഥ് വർക്കല

Friday, November 25, 2016

ഓര്‍മ്മയിലെ വെള്ളാരങ്കല്ലുകള്‍ .....ഷൈന കുഞ്ചന്‍

ഓര്‍മ്മയിലെ വെള്ളാരങ്കല്ലുകള്‍
ഷൈന കുഞ്ചന്‍
പായല്‍ ബുക്സ്
വില :140 രൂപ

ഓര്‍മ്മകള്‍ക്ക് എന്ത് മധുരമാണ് . കവി ഹൃദയം പറയുന്നു " ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന..." അതെ ഗൃഹാതുരത്വം ഉണര്‍ത്തുന ഒരുപിടി ഗാനങ്ങള്‍ നമുക്ക് സ്വന്തമാണ് ഓര്‍മ്മകള്‍ക്ക് പിറകെ സഞ്ചരിക്കുമ്പോള്‍ . ചില ഓര്‍മ്മകള്‍ വല്ലാതെ മധുരം നല്‍കുന്നു . ചില ഓര്‍മ്മകള്‍ ആകട്ടെ ജീവിതകാലം മുഴുവന്‍ വേട്ടയാടിക്കൊണ്ടിരിക്കും . നോവിന്റെ , കയ്പ്പിന്റെ , വെറുപ്പിന്റെ അങ്ങനെ അങ്ങനെ ഓര്‍മ്മകള്‍ക്ക് പല തലക്കെട്ടുകള്‍ ആണ് . ചില ഓര്‍മ്മകളെ ഓര്‍ക്കാന്‍ കൂടി ശ്രമിക്കാറില്ല എന്നതും ഓര്‍മ്മയുടെ ഒരു സവിശേഷതയാണ് . ഓര്‍മ്മകളെ കാലത്തിനു ഓര്‍മ്മിക്കുവാന്‍ വേണ്ടി കൊരുത്തു വയ്ക്കുമ്പോള്‍ പലപ്പോഴും നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തെയും പരിസരങ്ങളെയും കൂടി ലോകത്തിനു പരിചയപ്പെടുത്തുക ആണ് പതിവ് . അത്തരം ഓര്‍മ്മകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇരുന്നു അത് വായിക്കുന്നവര്‍ സമാനമായ ഓര്‍മ്മകളെയോ, അതുമല്ലെങ്കില്‍ ഈ ഓര്‍മ്മകളുടെ ഭാഗമായോ , ആ നാടിന്റെ സ്പന്ദനമായോ ചിലപ്പോള്‍ ആ ഓര്‍മ്മയായോ തേങ്ങലോ ,പുഞ്ചിരിയോ , പകയോ സഹതാപമോ എന്തെങ്കിലും ഒക്കെ പങ്കുവയ്ക്കപ്പെടുന്നുണ്ടാകും .
"ഓര്‍മ്മകളൊക്കെ പഴയത് പോലെതന്നെയുണ്ട്‌ ഉള്ളില്‍ . അത് കൈവെള്ളയിലെടുത്തിട്ട് തൊട്ടും മണത്തും നടക്കുമ്പോള്‍ ഞാന്‍ വീണ്ടും കുട്ടിയാകുന്നു . ഒരു കുട്ടിക്കാലം എന്റെയുള്ളില്‍ പിറക്കുന്നു ... അതിന്റെ ഓര്‍മ്മയില്‍ ഊഞ്ഞാലുകെട്ടി സ്വയം ആടി ഞാന്‍ ആമോദിച്ചു രസിക്കുന്നു . " 
ജീവിത സായാഹ്നങ്ങളില്‍ എത്തുമ്പോള്‍ ആണ് നാം പലപ്പോഴും ആത്മകഥകള്‍ എഴുതിത്തുടങ്ങുന്നത് . നമ്മുടെ ജീവിതത്തെ ചുറ്റിപ്പറ്റിയും നമ്മെ പറ്റിയും പലപ്പോഴും പലതും നമുക്ക് തുറന്നു പറയേണ്ടി വരികയും ചെയ്യും ആത്മാംശമായ ഒരു അനുഭവക്കുറിപ്പെന്നോ, തുറന്നെഴുത്തെന്നോ ഒക്കെ അതിനെ വിശേഷിപ്പിക്കാം. ശ്രീമതി ഷൈന കുഞ്ചന്‍ തന്റെ അഗ്നിശയനം എന്ന നോവലിന് ശേഷം പുറത്തിറക്കിയ ഓര്‍മ്മയിലെ വെള്ളാരങ്കല്ലുകള്‍ എന്ന ഓര്‍മ്മക്കുറിപ്പുകള്‍ വായനയില്‍ നല്ല നിലവാരം പുലര്‍ത്തി എന്ന് പറയാം . കുട്ടിക്കാലത്തിന്റെ ഓര്‍മ്മപ്പൊട്ടുകളെ ഒരു വെളുത്ത കടലാസിലേക്ക് പടര്‍ന്നിടുമ്പോള്‍ അതില്‍ നിറയെ വര്‍ണ്ണങ്ങള്‍ മാത്രമാണ് ഉള്ളത് . നോവും വിങ്ങലും കണ്ണീരും നിറഞ്ഞ ഭൂതകാലങ്ങളെ അല്ല എഴുത്തുകാരി പങ്കു വയ്ക്കുന്നത് . പൊടിപ്പും തൊങ്ങലും വച്ചുള്ള വര്‍ണ്ണനകളും വായിക്കാന്‍ കഴിയില്ല . പകരം കണ്ണൂരിന്റെ തനതായ ഗ്രാമ്യഭംഗിയില്‍ ഭാഷാപ്രയോഗത്തിലൂടെ തികച്ചും നിഷ്കളങ്കയായ ഒരു കൊച്ചു പെണ്‍കുട്ടിയുടെ മനസ്സിനെ അവതരിപ്പിക്കുകയാണ് ഈ ഓര്‍മ്മപ്പുസ്തകത്തില്‍ . 
കുട്ടിക്കാലം എത്ര തന്നെ വര്‍ണ്ണാഭമാണ് എന്ന് ഷൈന ഓര്‍മ്മിച്ചെടുക്കുമ്പോള്‍ വായനക്കാരിലും ആ വര്‍ണ്ണങ്ങള്‍ നിറയ്ക്കാന്‍ കഴിയുന്നു എന്നതില്‍ ആണ് എഴുത്ത് പച്ചപിടിച്ചു നില്‍ക്കുന്നത് . സ്കൂളിലെ ജീവിതം , ഓര്‍മ്മകള്‍ അതിലൂടെ സഞ്ചരിക്കുമ്പോള്‍ കുഞ്ഞു മനസ്സിലെ കൌതുകങ്ങള്‍ , ചപലതകള്‍ , വിഷമതകള്‍ എല്ലാം അതേപടി അവതരിപ്പിക്കുന്നു കഥാകാരി ഇവിടെ . സഹോദരങ്ങള്‍ , കൂട്ടുകാര്‍ , അയല്‍ക്കാര്‍, ബന്ധുക്കള്‍ , നാട്ടിന്‍പുറത്തെ കുതൂഹലങ്ങള്‍ , പ്രത്യേകതകള്‍ ഇന്നിന്റെ തലമുറയ്ക്ക് അന്യമായ പച്ചപ്പിന്റെ കാഴ്ചകള്‍ , ബാല്യത്തിന്റെ പൂഴിമണ്ണ്‍ പുരണ്ട , മുട്ടുകാല്‍ മുറിഞ്ഞു തുപ്പല്‍ തൊട്ടു തേച്ച കാലത്തെ കോണ്ക്രീറ്റ് സമുച്ചയങ്ങളില്‍ ഇരുന്നു വായിക്കപ്പെടുക എന്നത് കാലത്തിന്റെ ഗതികേടുകളില്‍ പെടുന്നു . 
എഴുത്തിലെ പോരായ്മകള്‍ എന്ത് എന്ന് നോക്കിയാല്‍ പലപ്പോഴും കുഞ്ഞിചിന്തകളില്‍ നിന്നും വലിയ ഒരു മനുഷ്യന്റെ ചിന്തകളിലേക്ക് കടന്നു പോകുകയും പോയകാലത്തെ ഇന്നിന്റെ കണ്ണില്‍ നിന്നുകൊണ്ട് വിലയിരുത്തുകയും ചെയ്യുന്നത് വായനക്കാരില്‍ ആ കൊച്ചു കുട്ടിയെ പെട്ടെന്ന് ഒരു പ്രായമായ സ്ത്രീയായി കാണാനും അവരുടെ ഭൂതകാലമാണ് ഇതെന്ന് ചിന്തിപ്പിക്കാനും തോന്നിപ്പിക്കുന്നു എന്നുള്ളതാണ് . ഒരു കുട്ടിയുമൊത്ത് സഞ്ചരിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് ആ കുട്ടിക്കാലം കൂടുതല്‍ മിഴിവുറ്റതാകുക എന്ന് കരുതുന്നു . ഇടയില്‍ പെട്ടെന്ന് വലിയ ഒരാളിന്റെ ഇടപെടലുകള്‍ വന്നു ചേരുന്നു .അവസാനത്തില്‍ സ്വന്തം നഷ്ടങ്ങളെയും മനോ വേദനകളെയും ഓര്‍മ്മിപ്പിക്കുമ്പോള്‍ അത് പൂര്‍ണ്ണമാകുന്നു . ഒരുപക്ഷെ തുടക്കം മുതല്‍ കൊണ്ട് വന്ന ആ ഒഴുക്ക് അവസാനം വരെ നിലനിര്‍ത്തുകയും ആ കുട്ടിയില്‍ നിന്നുള്ള രൂപമാറ്റം അവസാനത്തെ ആ അധ്യായത്തില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു എങ്കില്‍ അതിലൊരു മധുരം ഉണ്ടായേനെ. ഇത് ഈ പുസ്തകത്തിന്റെ ഒരു വലിയ പോരായ്മ ആയി അല്ല പകരം ഒരു പക്ഷെ അങ്ങനെ ആയിരുന്നെങ്കില്‍ എന്നുള്ള ഒരു ചിന്തയില്‍ നിന്നാണ് ഉണ്ടാകുന്നത് . ഗ്രാമ്യഭാഷ നന്നായി പ്രയോഗിക്കുന്ന ഈ എഴുത്തുകാരിയില്‍ നിന്നും കൂടുതല്‍ ഭംഗിയും ലാളിത്യവും ഉള്ള രചനകള്‍ വായനക്കാര്‍ പ്രതീക്ഷിക്കുക തന്നെ ചെയ്യും . 
ആശംസകളോടെ ബി. ജി . എന്‍ വര്‍ക്കല . 
bgn_1975@yahoo.co.in

ഏകാന്തത

ശൂന്യത നിറച്ച
രാപ്പകലുകൾ
തണുപ്പറിയിച്ച
ഋതുമാറ്റത്തിലും
ഉൾച്ചൂടിലെരിഞ്ഞു
ഉമിത്തീയിലുരുകി
ഒരു വാക്കുരിയാടാൻ
നിഴൽ പോലുമില്ലാതെ
നിശബ്ദതയിൽ
വിങ്ങിക്കരയുന്നു
കനലെന്നു ചൊല്ലിയ
കരിങ്കല്ലൊന്നിതാ!
... ബി.ജി.എൻ വർക്കല

Thursday, November 24, 2016

പങ്കായം നഷ്ടപ്പെടുമ്പോൾ

ഒരു നേർരേഖയിൽ നിന്നും
ഒരു ചെറിയ ബിന്ദുവിലേക്കു
അല്ലെങ്കിൽ
ഒരു സൂര്യനിൽ നിന്നും
ഒരു മിന്നാമിന്നിയിലേക്ക്
ഞാൻ ചുരുങ്ങിത്തുടങ്ങുമ്പോൾ
എന്നെ ഉൾക്കൊള്ളാനാവാതൊരു
കടൽച്ചിപ്പി വിങ്ങുന്നു....
ഒരിക്കലും ഉത്തരം തരാത്ത
ചോദ്യമായി ഞാൻ !
നീയൊരിക്കലും മനസ്സിലാക്കാതെ പോയ
നിശ്ശബ്ദതയായിരിക്കുന്നു.
നിസ്സംഗതയുടെ നിഴൽ വീണ
നിന്റെ നയനങ്ങളിൽ പെട്ട്
എന്റെ പ്രതീക്ഷകളുടെ ചിറകു കരിയുന്നു.
ഉരുകിത്തീരാൻ കൊതിക്കുമൊരു
മെഴുകുതിരിയായ് ഞാൻ
വീശിയടിക്കുന്നൊരു കാറ്റിനെ
വരവേല്കാനൊരുങ്ങുന്നു.
തുടങ്ങി വയ്ക്കാൻ മടിച്ചു
ഞാനെന്റെ സ്വപ്നങ്ങളെ മണ്ണിലെറിയുന്നു.
യാത്ര പറച്ചിലുകൾ
ഇല്ലാതൊരു യാത്ര കൊതിച്ചു
ഉറങ്ങാതിരിക്കുന്നു ഞാൻ.
..... ബിജു.ജി.നാഥ് വർക്കല

കണിക്കൊന്ന

പ്രസന്നവദനത്താലെൻ പുലരിയെ
പ്രസീദമാക്കുന്നു
ഒരു ദർശനത്തിന്നപ്പുറമെങ്കിലും
ഒരു തട്ടത്താൽ മറച്ചു നീ
അകലുന്നു കുസൃതിയാം കുരുന്നിനെപ്പോലെ !
ഓർമ്മകൾക്ക് മേൽ
പർദ്ദയണിയിച്ചു നീ ചിരിക്കുമ്പോൾ
ചിഞ്ചിലം നെഞ്ചകം പിടയുന്നു.
എങ്കിലും ഞാൻ മൂകമാണിന്നീ
പകൽ എരിഞ്ഞടങ്ങുവോളം....
ബി.ജി.എൻ വർക്കല

Tuesday, November 22, 2016

 വിഷ കന്യക


മിഴികളിൽ കരുണതൻ രേണുക്കൾ
വിതറി, നീയെന്റെ ചാരത്തു നിൽക്കേ.
മൊഴിയുകയാണ് ശങ്കയേതുമില്ലാതെ
ഭയക്കണം നീ,വിഷകന്യക ഞാനഹോ !

പതറുകയില്ല ഞാനൊട്ടുമേ നിന്നെ
പതിയെ മെയ്യിൽ ചേർത്തണച്ചീടും.
നിറുകയിൽ വാത്സല്യചുംബനത്താൽ
നിൻ വിഷഫണി മെല്ലെയൂതിയകറ്റിടും.

നിഴലുപോലെ നിന്നിൽ തെളിയുമാ
വിഷാദം ഞാൻ ഒപ്പിയെടുത്തിടും.
അഴലു മാറി മുഖാംബുജം തെളിയട്ടെ
ശശികല മിഴിവ് മിന്നിത്തിളങ്ങട്ടെ.

പാതിയടഞ്ഞ ശ്വാസകോശത്തിലൂതി-
നിറച്ചിടാം സ്നേഹത്തിൻ ജീവവായു.
ഏകാന്തതയുടെ മുൾക്കാടുകളിൽ
അലയുവാൻ വിടാതെ കാത്തിടാം.

പറയുകയില്ലൊരിക്കലും ഞാനെൻ
പ്രണയഹൃദയത്തിൻ വേപഥുക്കൾ.
അറിയുകയില്ല നീയൊരിക്കലുമെൻ
പ്രണയം വിടർന്ന താഴ്വരയേതെന്നു.
...... ബിജു. ജി. നാഥ് വർക്കല
കേരളകൗമുദിക്കു അയച്ചു 24/10/2016

ബാല്യകാല സഖി ...............................ബഷീർ

ബാല്യകാല സഖി
ബഷീർ
ഡി സി ബുക്ക്സ്

ബഷീറിയൻ കാലം വായനയുടെ സുഗന്ധകാലം ആയിരുന്നു . എത്രകാലം കഴിയുമ്പോഴും ആ വായനയുടെ രസച്ചരട് അതിനാൽ തന്നെ പൊട്ടുന്നില്ല എന്ന് മാത്രമല്ല ആ വായനയുടെ നൈർമല്യം വായനക്കാരനെ വിടാതെ പിന്തുടരുകയും ചെയ്യുന്നു . ആർക്കും പിടികൊടുക്കാതെ സ്വയം കൊണ്ട് നടന്ന ഒരു ശൈലി ആയിരുന്നു ബഷീർ എന്ന അനുഗ്രഹീത കലാകാരന്റെ മൂലധനം . തന്റെ ജീവിതവും എഴുത്തും കൊണ്ട് അത് അടയാളപ്പെടുത്തി അദ്ദേഹം കടന്നുപോയിട്ടും ഇന്നും വായനക്കാരെ ഏറെ ആകർഷിക്കുന്നതും വായിക്കാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നതും ആയ ആ ഒരു ലാളിത്യം ഭാഷയുടെ മനോഹാരിത അത് വായിക്കുംതോറും വർദ്ധിക്കുകയാണ് ചെയ്യുന്നത് .
വായനയിലുടനീളവും വായിച്ച കഴിഞ്ഞും ഒരു പ്രേതബാധ പോലെ മജീദും സുഹറയും മനസ്സിൽ നിറഞ്ഞു നിൽക്കണം എങ്കിൽ ആ ഭാഷയും എഴുത്തും എത്ര ആഴവും പരപ്പും അറിഞ്ഞവയാകണം . കുട്ടിക്കാലത്തിന്റെ ഓർമ്മകളെ മുന്നിൽ നിർത്തി മാഞ്ചുവട്ടിൽ മേലേക്ക് നോക്കി നിൽക്കുന്ന ഓരോ ബാല്യവും മജീദും സുഹറയും വായനക്കാരന് സമ്മാനിച്ചു കൊണ്ടാണ് ബാല്യകാല സഖി മുന്നോട്ടു പോകുന്നത് . തന്റെ നീണ്ട നഖങ്ങളാൽ പോറലേൽപ്പിച്ചു , മജീദിന്റെ ആണത്തത്തിനു കൂച്ചു വിലങ്ങിടുന്ന സുഹ്‌റയിലെ തന്റേടിയായ പെണ്ണ് അവന്റെ വേദനയിൽ ഒരു മഴയായി പെയ്തുതോരുന്നത് കാണുമ്പോഴാണ് പെണ്ണിന്റെ മനസ്സിനെ കണ്ടെത്താൻ കഴിയാത്ത പുരുഷന്റെ ഗത്യന്തരമിലായ്മ എത്ര ശരിയാണ് എന്ന് ബഷീർ പറഞ്ഞു തരുന്നത് . നീറിന്റെ കടി കൊണ്ട് സാഹസികനായ മജീദ് സുഹറയെ തോൽപ്പിക്കാൻ വേണ്ടി അവൾ കണ്ടു വച്ച മാമ്പഴം പറിച്ചു എങ്കിലും അവളുടെ സങ്കടത്തിൽ അത് രണ്ടും അവൾക്ക് നീട്ടിക്കൊണ്ടു തന്റെ ദയാനുകമ്പയെ സാധൂകരിക്കുന്നു . പഠിത്തത്തിൽ പിന്നോക്കക്കാരനായ മജീദിന്റെ കണ്ടുപിടിത്തം വളരെ ആഴമുള്ള ഒരു ബാല്യമോ പക്വതയോ ആയ ചിന്തയാണ് എന്നും . ഒന്നും ഒന്നും എത്ര എന്നതിന് ഇമ്മിണി ബല്യ ഓരോന്ന് എന്ന് മജീദ് പറയുമ്പോൾ കൈവഴികൾ ആയി ഒഴുകുന്ന രണ്ടു അരുവികൾ ഒന്നിച്ചു ചേർന്ന് വലിയ ഒരു നദിയാകുന്ന കാഴ്ച്ചയായിൽ നിന്നുകൊണ്ട് താനാണ് ശരി എന്ന് കരുതുക അല്ലാതെ എന്ത് ചെയ്യുക . തന്റെ ശരി മറ്റുള്ളവർക്ക് തെറ്റാകുമ്പോൾ പടച്ചവനോട് കരഞ്ഞു പറയാൻ മാത്രമേ അവിടെ മജീദിന് കഴിയുന്നുള്ളൂ .
പഠനത്തിൽ തന്നെക്കാളും മിടുക്കി ആയിരുന്നിട്ടും തന്റെ ജീവിതപരിസരത്തു നിന്നും അവളെ ഉയർത്തിക്കൊണ്ടു വരാൻ കഴിയാതെ പോയ ദുഃഖം മജീദിനെ എന്നും വേട്ടയാടിയിരുന്നു . സുഹറയുടെ പിതാവ് മരിച്ച ശേഷം അവളെ കൂടി പഠിപ്പിക്കാൻ തന്റെ ബാപ്പയോട് അപേക്ഷിച്ചു എങ്കിലും അതിനു തയ്യാറാകാത്ത അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ മജീദ് അമർഷം കൊള്ളുന്നത് അയാളിലെ അവളോടുള്ള സ്നേഹത്തിന്റെ മായാത്ത ജ്വാല ഒന്നുകൊണ്ടു മാത്രമാണ് . പരസ്പരം ഒരിക്കലും അവർ സ്നേഹമാണ് എന്ന് പറഞ്ഞിട്ടില്ല എങ്കിലും രണ്ടുപേരും ഗൂഢമായി അത് ആസ്വദിച്ചിരുന്നു . മാർക്കം കല്യാണം കഴിഞ്ഞു കിടന്ന മജീദ് അതുകൊണ്ടു തന്നെയാണ് സുഹറയുടെ കാതുകുത്തു കല്യാണത്തിന് വയ്യാതിരുന്നിട്ടും പോകുന്നത്. അത് പോലെ വിഷകല്ല് കാലിൽ കൊണ്ട് കിടന്ന മജീദിന്റെ വിഷമതകൾ ഊതിയകറ്റാൻ സുഹ്രയ്ക്കെ കഴിയുന്നുള്ളൂ . അവൻ പോലുമറിയാതെ അവനെ ഉമ്മകൾ കൊണ്ട് മൂടി അവൾ അത് പൊട്ടിച്ചു കളയുമ്പോൾഅവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വായനക്കാരൻ കണ്ടു അത്ഭുതപ്പെട്ടുപോകും . കാലം വളരെ വേഗം കടന്നുപോയി . ബാപ്പയോട് മർദ്ധനം മൂലം വീട് വിട്ടു പോയ മജീദ് കാലങ്ങൾക്ക് ശേഷംവെറും കയ്യോടെ തിരികെ വരുമ്പോൾ തനിക്കു സംഭവിച്ച നഷ്ടങ്ങളെ കണ്ടു പകച്ചു നിൽക്കുകയാണ് . ഉന്നതങ്ങളിൽ നിന്നും വീണുപോയ സാമ്പത്തിക അവസ്ഥയും മാതാപിതാക്കളുടെ വാർദ്ധക്യവും പെങ്ങള്മാരുടെ കല്യാണചുമതലയും വീടിന്റെ ഭാരവും ചുമലിൽ വന്നു വീഴുമ്പോൾ ആശ്വാസത്തിനു സുഹറയെ അയാൾക്ക് പ്രതീക്ഷിക്കാൻ കഴിയാതെ പോകുന്നിടത്ത് ആൺ മജീദ് തളർന്നു .പോയത്  വിവാഹിതയായി പോയ സുഹറയെ പോയി കാണാൻ അവന്റെ മനസ്സ് പാകപ്പെടുമ്പോഴേക്കും പക്ഷെ അവൾ പാഞ്ഞെത്തിക്കഴിഞ്ഞിരുന്നു  ജീവിതത്തിന്റെ എല്ലാ ദുരിതങ്ങളും ഏറ്റു വാങ്ങിയ സുഹറയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ മജീദ് കുഴയുന്നു . അവർ വീണ്ടും പരസ്പരം അടുക്കുമ്പോൾ ആണ് പ്രാരാബ്‌ധങ്ങൾ അവന്റെ മുന്നിൽ പല്ലിളിച്ചു നിൽക്കുന്നത് അവൻ തിരിച്ചറിയുന്നത് . വീണ്ടും ജീവിതം കരുപ്പിടിക്കാൻ ഉള്ള യാത്ര തുടങ്ങുമ്പോൾ അവനു പ്രതീക്ഷ തന്നെ നോക്കി എന്തോ പറയാൻ മറന്നു നിൽക്കുന്ന സുഹറയുടെ ചിത്രം മാത്രമാണ് . ജീവിതത്തിന്റെ അച്ചുതണ്ടി കുരുങ്ങി മുന്നോട്ടു പായാൻ ഉള്ള വ്യെഗ്രതയിൽ മജീദിന് ഒരു കാൽ നഷ്ടപ്പെടുന്നു . ആ വേദനയിൽ നിന്നും കരകയറും മൂന്ന് തന്നെ മജീദിന് തൻറെ ജീവിതത്തിന്റെ ഏക പ്രതീക്ഷയായ സുഹറയും നഷ്ടമാകുന്നു എന്നെന്നേക്കുമായി . തന്നോട് പറയാൻ ബാക്കി വച്ച ആ വാക്കുകളെ പേർത്തും പേർത്തും ചിന്തിച്ചുകൊണ്ട് മജീദ് ജീവിതത്തിന്റെ അനന്തതയിലേക്ക് മുങ്ങുന്നു .
ഒരു വിഷാദം വായനക്കാരനെ വന്നു മൂടി കടന്നു പോകുന്ന തരത്തിൽ വളരെ നിഷ്കളങ്കവും പരിശുദ്ധവുമായ ഒരു പ്രണയത്തെ ബഷീർ സമ്മാനിക്കുന്നു . കാലം പലതു കടന്നു പോകുമ്പോഴും വായന പലതും മാറി മറിയുമ്പോഴും അതുകൊണ്ടു തന്നെ സുഹറയും മജീദും ഇമ്മിണി ബല്യ ഒന്നും രാജകുമാരിയും ആയി വായനക്കാരനെ സ്പർശിച്ചുകൊണ്ടേയിരിക്കും .
സ്നേഹത്തോടെ ബി. ജി . എൻ വർക്കല

മുറിവോരം ...........വനിത വിനോദ്

മുറിവോരം
വനിത വിനോദ്
ഗ്രീൻ ബുക്ക്സ്
വില 95 രൂപ

ആത്മകഥകൾ, ജീവചരിത്രങ്ങൾ എന്നിവ കുറിക്കപ്പെടുമ്പോൾ പലപ്പോഴും എഴുത്തുകാർ പിന്തുടരുന്ന മാതൃക ഒന്നുകിൽ സ്വയം തന്നെ വെളിപ്പെടുത്തുകയോ ,മറ്റൊരാളിൽ നിന്നുകൊണ്ട് തന്നെ നോക്കിക്കാണുകയോ അതുമല്ലെങ്കിൽ മറ്റൊരാളിന്റെ ചരിത്രം കുറിയ്ക്കുകയോ ആണ് . അയാളെക്കുറിച്ചു അയാൾ തന്നെ എഴുതുന്നതും അയാൾ മറ്റൊരാളെക്കുറിച്ചു എഴുതുന്നതും രണ്ടു തലത്തിൽ ആണ് വായിക്കപ്പെടുക .  ആത്മാംശമുണ്ടാകും എന്നതിനാൽ വായനക്കാരൻ എഴുത്തിനെ എഴുത്തുകാരനിൽ നിന്നുകൊണ്ട് വായിക്കാൻ ശ്രമിക്കും എന്നുള്ളതുകൊണ്ടാകാം ഇത് വേറിട്ട് നിൽക്കുക . എന്നാൽ മറ്റൊരാളെക്കുറിച്ച് എഴുതുമ്പോൾ പലപ്പോഴും എഴുത്തുകാർ പരാജയപ്പെട്ടുപോകുക പതിവാണ് . അതിനു കാരണം ഒരു പക്ഷെ ആരെ കുറിച്ചാണോ എഴുതുന്നത് അയാളെ ശരിക്കു പഠിക്കാനോ പിന്തുടരാനോ കഴിയാതെ പോകുകയും എഴുത്തു വലിച്ചു നീട്ടലുകൾ ആകുകയും ചെയ്യുന്നതുകൊണ്ടാകാം . ചില എഴുത്തുകൾ ഒരു ഡയറിക്കുറിപ്പുകൾ പോലെ വിരസമായി പോകുക പതിവാണ് . മറ്റുചില എഴുത്തുകൾ ഒരു പിന്തുടർച്ച പോലെ ആ വ്യക്തിയുടെ മാനസിക വ്യാപാരങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കും .
വനിത വിനോദ് എന്ന എഴുത്തുകാരി ഇവിടെ മുറിവോരം എന്ന കൃതിയിൽ മുരുകൻ എന്ന വ്യക്തിയുടെ ജീവിതവും പ്രവർത്തനങ്ങളും ആണ് പരിചയപ്പെടുത്തുന്നത് . മുരുകൻ ആരാണ് എന്നും എങ്ങനെ ഇന്ന് ഇത്ര അറിയപ്പെടുന്നു എന്നും അദ്ദേഹത്തിൻറെ ജീവിതത്തെ എങ്ങനെ ഇന്നത്തെ നിലയിലേക്ക് വഴിതിരിച്ചു വിടപ്പെട്ടു എന്നും അദ്ദേഹത്തിൻറെ ലക്‌ഷ്യം എന്തെന്നും ഈ കൃതിയിൽ വനിത വിനോദ് എന്ന ജേര്ണലിസ്റ്റ്  കുറിച്ചിടുന്നു . ഇവിടെ പരമ്പരാഗത മാമൂലുകൾ ഒന്നും തന്നെ എഴുത്തിൽ കൊണ്ട് വരാൻ എഴുത്തുകാരി ശ്രമിച്ചിട്ടില്ല എന്ന് മാത്രമല്ല വ്യത്യസ്തമായ ഒരു പാതയിലൂടെ മുരുകനെ കാട്ടിത്തരുക എന്ന സാമൂഹ്യകർത്തവ്യം ചെയ്തുകൊണ്ട് കൂടുതൽ അറിവുകൾ നേരിട്ട് അനുഭവിച്ചു അറിയുക എന്നൊരു രീതി ആണ് കൈക്കൊണ്ടത് എന്ന് കാണാം .
ചിതറിക്കിടക്കുന്ന ചില ഫ്രെയിമുകൾ അടുക്കി വച്ച് വരികൾക്കിടയിൽ വായിച്ചു പോകുകയാണെങ്കിൽ മുരുകൻ ആരായിരുന്നു അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന ആശയം എന്താണ് അദ്ദേഹത്തിൻറെ ലക്‌ഷ്യം എന്താണ് എന്നൊക്കെ വളരെ നന്നായി വായനക്കാരന് മനസ്സിലാക്കാൻ കഴിയും എന്നതാണ് ഈ പുസ്തകത്തിലെ ഭാഷയുടെ ഗുണം എന്ന് കാണാം . തെരുവിലെ അഴുക്കു ചാലിൽ ജനിച്ചു വീണ ഒരു തമിഴ് ബാലൻ ആ ചെളി വഴികളിൽ കൂടി ജീവിതത്തിന്റെ ഗതിവിഗതികളില്‍ തട്ടിയും തടഞ്ഞും അന്ധകാരക്കോളനിയിൽ എത്തുന്നതും അവിടെ തെരുവിന്റെ സന്തതിയായി വളരുകയും ചെയ്യുന്നു . തെരുവിന്റെ എല്ലാവിധ തെറ്റുകളുടെയും പാതയിലേക്ക് വീണുപോകേണ്ടതായിരുന്നു മുരുകന്‍ എന്ന കൌമാരക്കാരന്‍. മുരുകനെ മിഠായച്ഛന്‍ കണ്ടെടുക്കുന്നത് വരെ അയാള്‍ ജീവിതത്തെ ഗൌരവപരമായി കണ്ടിരുന്നില്ല എന്നതാണ് സത്യം . "നീയെന്റെ കൂടെ വാ മുരുകാ" എന്ന് പറഞ്ഞു സൈക്കിളില്‍ അച്ഛന്‍ അവനെ കൂടെക്കൂട്ടിക്കൊണ്ട് പോകുമ്പോള്‍ നന്മയുടെയും സ്നേഹത്തിന്റെയും പുതിയ ലോകത്തിലെക്കായിരുന്നു അവന്റെ സഞ്ചാരപാത തുറന്നു വന്നത് .  മിഠായച്ഛനിലൂടെ അയാള്‍ മാനസികമായും സാമൂഹികമായും വളർച്ച പ്രാപിക്കുകയും ജനിച്ചു വളർന്ന സാഹചര്യങ്ങളെ തിരിച്ചറിഞ്ഞു അതിന്റെ അപരായപ്തതകൾ കണ്ടറിഞ്ഞു അതിൽ വ്യസനി ക്കുകയും വേദനിക്കുന്ന , അവഗണിക്കപ്പെടുന്ന ,പുഴുത്തുനാറുന്ന ജീവിതങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാൻ തന്റെ ജീവിതവും സമയവും മാറ്റി വയ്ക്കുകയും ചെയ്യുന്നത് വായിക്കപ്പെടുമ്പോൾ ഒരു മനുഷ്യൻ സാഹചര്യങ്ങൾ കൊണ്ട് മാത്രമാണ് നല്ലതും ചീത്തയും ആകുന്നതു എന്ന് ജീവിതം കൊണ്ട് മുരുകൻ രേഖപ്പെടുത്തുന്നു എന്ന് വനിത സാക്ഷ്യപ്പെടുത്തുന്നു . പരിഷ്കാരങ്ങൾക്കും പദവികൾക്കും പകിട്ടുകൾക്കും മുന്നിൽ മാത്രമല്ല തെരുവിന്റെ അഴുക്കു ചാലുകളിൽ വളരുന്നവരിൽ മനുഷ്യത്വവും നന്മയും ഉണ്ടെന്നു തിരിച്ചറിയുന്ന അപൂർവ്വം ജന്മങ്ങൾ ഉണ്ട് എന്ന് എന്നും അവർ തങ്ങളെ അടയാളപ്പെടുത്തുന്നത് പലപ്പോഴും ധീരമായ നിലപാടുകളിൽ കൂടിയാണ് എന്നും തെളിയിക്കുന്ന എം ബി എ വിദ്യാർത്ഥിനി ഇന്ദു മുരുകന്റെ പ്രവർത്തനങ്ങളിലും ജീവിതത്തിലും പങ്കാളിയാകുന്നു എന്ന കാഴ്ച വായനക്കാരനെ ഒരു സ്വയം വിചിന്തനത്തിനു പ്രേരിപ്പിക്കുക തന്നെ ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല .എല്ലാ സ്വപ്നങ്ങളും തെരുവിലേക്കിറക്കി വച്ച , തെരുവിന്റെ വെളിച്ചത്തില്‍ മാത്രം സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ഒരാള്‍ മറ്റൊരാളുടെ സ്വപ്നത്തിലേക്ക് കയറിച്ചെല്ലുന്നു . ഇനിയുള്ള സ്വപ്നങ്ങളെല്ലാം അവര്‍ ഒരുമിച്ചു കാണുന്നു . ഇന്ദുവെന്ന പ്രകാശം കൂടിച്ചേരുന്നതു അങ്ങനെയാണ്  എന്ന് വനിത രേഖപ്പെടുത്തുന്നു. പൊന്നും പണവും സ്റ്റാറ്റസും സൗന്ദര്യവും പാരമ്പര്യവും ഒക്കെ 'എ' ഗ്രേഡ് ആണെങ്കില്‍ മാത്രം പുരുഷന്റെ കൂടെ ജീവിക്കാന ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ . അവിടെയാണ് ഇന്ദു എന്ന എം ബി എ ക്കാരിയെ നാം അഭിനന്ദിക്കേണ്ടത്. ഊരും വേരുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ . നാലാം ക്ലാസ് എന്ന യൂണിവേര്‍‌സിറ്റി വിദ്യാഭ്യാസമുള്ളവന്‍ തെരുവ് തെണ്ടിയായി വളര്‍ന്നവന്‍  അങ്ങനെയുള്ള ഒരുവന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന പെണ്‍കുട്ടിയെ തലതിരിഞ്ഞവള്‍ എന്ന് പറഞ്ഞു ആക്ഷേപിക്കുന്ന സമൂഹത്തില്‍ ഇന്ദു മുരുകന്‍ കൂട്ടുകെട്ട് ഒരു അടയാളമാണ് . നന്മയുടെയും മനുഷ്യത്ത്വതിന്റെയും മഹനീയമായ അടയാളം!
മുരുകന്റെ ജീവിതം പറയുന്നതിനൊപ്പം മുരുകൻ കണ്ടെത്തിയ രക്ഷപ്പെടുത്തിയ ആയിരക്കണക്കിനുള്ള ജന്മങ്ങളെ കൂടെ വായനക്കാരൻ ഓർമ്മിക്കും . വളരെ സൂക്ഷിച്ചു അതിൽ നിന്നും ചിലരെ മാത്രം, വ്യത്യസ്തമായ ചിലരെ മാത്രം പരിചയപ്പെടുത്തി വനിതാ അനിതരസാധാരണമായ കയ്യടക്കം എഴുത്തിൽ ഉപയോഗിച്ചിരിക്കുന്നു . ഒരു പക്ഷെ ഈ വിഷയം മറ്റൊരാൾ ആയിരുന്നു കൈകാര്യം ചെയ്തത് എങ്കിൽ വളരെ ബൃഹത്തായ ഒരു ഗ്രന്ഥമായി മുരുകനും തെരുവോരം എന്ന സംഘടനയും വായനക്കാരനെ വിഷമിപ്പിച്ചേനെ എന്നത് ഒരു വാസ്തവം ആണ് . ഒരു നോവൽ പോലെ വായിച്ച്പോകാൻ കഴിയുന്ന എഴുതാൻ ഒരുപാട് ഇടങ്ങൾ ബാക്കി വയ്ക്കുന്ന ഈ പുസ്തകം മുരുകന്റെ ജീവിതത്തിന്റെ സംക്ഷിപ്തരൂപം മാത്രമാണ് എന്നതായിരിക്കുമ്പോൾ പോലും ഒരു വലിയ കഥ വായിച്ച , ജീവിതം അറിഞ്ഞ അനുഭൂതി നൽകുവാൻ വനിതയ്ക്കു കഴിഞ്ഞു എന്ന് പറയാം .
എറണാകുളത്തു കാക്കനാട് മുരുകന്‍ തെരുവുമക്കള്‍ക്കായി തുടങ്ങിയ തെരുവ് വെളിച്ചം ഇന്ന് കൊച്ചിയുടെ പ്രതിച്ഛായ തന്നെ മാറ്റിയിരിക്കുന്നു . ക്ഷമയിലൂടെ മാത്രമേ ലക്ഷ്യത്തിലെത്താവൂ എന്ന് വിശ്വസിച്ച പച്ചയായ മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് ഒരുപാട് അംഗീകാരങ്ങള്‍ ലഭ്യമായി ക്കഴിഞ്ഞിരിക്കുന്നു . അപ്പോഴും അതിലൊന്നും അഭിരമിക്കാതെ തെരുവിലെ അനാഥര്‍ക്കായി ഒരു കൊച്ചു ഗ്രാമം തണലോരം എന്നൊരു സ്വപ്നവുമായി മുരുകന്‍ അലയുകയാണ് . കൂട്ടിനു ഇന്ദുവും മനുഷ്യസ്നേഹികളായ പേരറിയാത്ത കുറെ മനുഷ്യരും .
എഴുത്തിൽ ഉപയോഗിച്ച സാഹിത്യ ഭാഷ ഒരു പക്ഷെ ഒരു ജേർണസ്‌ലിസ്റ് ഭാഷ ആയിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും എങ്കിലും ആഖ്യായനശൈലി അഭിനന്ദനാർഹം തന്നെ . പലയിടത്തും വനിതയ്ക്ക് വാക്കുകൾ ലഭ്യമല്ലാതെ പോയതോ പറഞ്ഞു തീർക്കാൻ കഴിയാതെ പോയതോ ആയ ഒരു അനുഭവം വായനയിൽ ഇടം പിടിക്കുന്നുണ്ട് . മുരുകനെ അവതരിപ്പിക്കുക മാത്രമാണ് തന്റെ കടമ എന്ന രീതിയിൽ ഒരു തരം ധൃതി ഒരുപക്ഷെ എഴുത്തുകാരിയെ അലട്ടിയിരുന്നു എന്ന് തോന്നിപ്പിച്ചു വായനയിൽ . ഒരു ചെറുകുറിപ്പിൽ എന്താണ് മുരുകൻ , എവിട നിന്നും വന്നു ഇപ്പോൾ എന്താണ് ചെയ്യുന്നത് , എന്താണ് അയാളുടെ ലക്‌ഷ്യം  ഇത്ര മാത്രം പറഞ്ഞു പോകാൻ ഉള്ള ശ്രമത്തിൽ നിന്നും അത് പോരാ എന്ന തോന്നലിൽ കൂടുതൽ എന്നാൽ കുറച്ചു പറഞ്ഞു കൊണ്ട് മുരുകനെ വായനക്കാർക്കു വിട്ടുകൊടുക്കുന്നു വനിത .ഇതിൽ  . ഒരു പക്ഷെ അത് വനിത കൈക്കൊണ്ട ഒരു പുതിയ എഴുത്തു രീതിയാകാം എങ്കിലും മുറിഞ്ഞു പോകുന്ന വായനകളിൽ നിന്നും വായനക്കാരൻ കൂടുതൽ ചിന്തിച്ചോ അന്വേഷിച്ചോ കണ്ടെത്തണം എന്ന ശാഠ്യത്തെ ഒരുപക്ഷെ വായനക്കാരന് എഴുത്തുകാരിയോട് ഈർഷ്യ തോന്നിപ്പിച്ചാൽ അത് സ്വാഭാവികമായ ഒരു പ്രതികരണം ആയി മാത്രമേ കാണാൻ കഴിയൂ .
കൂടുതൽ ശോഭനമായ ഒരു ഭാവി എഴുത്തിന്റെ മേഖലയിൽ വനിതയെ കാത്തിരിക്കുന്നു എന്ന് എഴുത്തിന്റെ ശൈലിയും ഭാഷയോട് ഗരിമയും ബോധ്യപ്പെടുത്തുന്നു . ആശംസകളോടെ ബി. ജി .എൻ വർക്കല

Monday, November 21, 2016

ദേശദ്രോഹികൾ നാം .'


പ്രതീക്ഷകൾ തന്നമ്പതു നാളുകൾ
സഹനത്തിന്റെ വീണക്കമ്പിമുറുക്കി
വിശ്വാസത്തിന്റെ മുൾമുനയിലേറും.
ശേഷം ദേശദ്രോഹികളുടെ ഉദയമത്രെ !
കാത്തിരുന്ന കറുത്ത സമ്പാദ്യങ്ങൾ
കാത്തിരുന്ന വിദേശ നിക്ഷേപങ്ങൾ
കാത്തിരുന്ന വർഗ്ഗീയ ഭ്രാന്തുകളൊക്കെ
വീണടിയാൻ നീയേകിയ നാളുകൾ.
ഓർത്തു വയ്ക്കണം കാലങ്ങളോളം
ചുട്ടെടുക്കാൻ കിട്ടില്ല ശവങ്ങളെന്നും
നീട്ടിടുന്ന സനാതന ധർമ്മത്തിലെങ്ങും
കാട്ടിടാനാവില്ല മാനവധർമ്മങ്ങളെ .
ഉള്ളിലേക്ക് കടക്കുവാൻ മാർഗ്ഗം
ഉള്ളു പൊള്ളിച്ച വഴികളല്ല ന്യപാ
ഉള്ളിലേക്ക് ചൊരിയണം പ്രകാശം
ഉള്ളമാകെ നിറയ്ക്കണം ഉണ്മയും.
പാതിരാവിൽ ഉറക്കം കളഞ്ഞതും
പാതിരാ സൂര്യനിൽ കുഴലൂതിയതും
ചങ്കു കലങ്ങി കരഞ്ഞു കാട്ടുന്നതും
ചന്തമല്ല നൃപ വംശത്തിനറിയുക!
ഞങ്ങൾ കാത്തിരിക്കും പുലരിക്കു
ഉണ്ടു നീ തന്നൊരമ്പതു നാളുകൾ
കണ്ടറിയണം നമ്മളിലെത്ര പേർ
പിന്നെയും ജീവനുള്ളവരീ മണ്ണിൽ.
...... ബിജു. ജി. നാഥ് വർക്കല

Sunday, November 20, 2016

ഭയം .


ഭയമാണെനിക്ക് നിൻ
സാന്ത്വന വാക്കുകൾക്ക്.

ഭയമാണ് നിൻ മിഴികൾ
എൻ ദിനങ്ങളെ പിന്തുടരത്.

ഭയമാണ് നിൻ ചിരിയിൽ
എൻ മനം തളരുന്നതും

ഭയമാണെന്നിലെ ഞാൻ
നിന്നിലേക്കൊഴുവതും.

അതിനാൽ പ്രിയതോഴാ
അകലേ നില്പ നീയും

ചകിതയാം എൻ ഹൃദ് -
താളം മുറുകുന്നതിദ്രുതം.

ഭയമാകുന്നുണ്ടെന്നിൽ
പ്രണയം മുളപ്പതിനാൽ

സൗഹൃദം മാത്രം നല്കി
മടങ്ങൂ നീ എന്നിൽ നിന്നും.

അകലെ കൂടൊന്നുണ്ട്
കൂട്ടിലെൻ കിളികളും

ഏകയാണിന്നു ഞാനീ
നഗരത്തിരക്കിലെങ്കിലും .

കൊതിയോടെന്നും ഞാൻ
ഓർക്കുന്നൊരു സാന്ത്വനം.

ഉണ്ടാവില്ലെന്നതെന്നതുകൊ-
ണ്ടുണ്ടാകില്ല വൈരം കാന്താ .

എങ്കിലും ഇല്ലെന്നിലെങ്ങും
പൂമരക്കൊമ്പിൻ പ്രലോഭനം .

അറിഞ്ഞു നീയിന്നെന്നിൽ
നിന്നകലെ പോയീടു മടിയാതെ.

.... ബിജു.ജി.നാഥ് വർക്കല

(സൗഹൃദം ....പ്രണയം .... എവിടെയാണ് അവൻ നില്ക്കുന്നത് എന്ന് വേർതിരിച്ചറിയാനാവാതെ തന്റെ ദിനചര്യകളിൽ അനുവാദം കൂടാതെ കടന്നു വരുന്ന സുഹൃത്തിനോട് അവൾ ചോദിക്കുന്നു .... എന്തിനാ എന്നോടിങ്ങനെ വിശേഷങ്ങൾ തിരയുന്നത്. എനിക്ക് ഭയമാണ്. ...... അതേ ഭയം ആണ് ഈ വരികൾ പങ്കു വയ്ക്കുന്നത്. ഉത്തരം പറയാൻ ബാധ്യതയില്ലാത്ത ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത മൗനം . )

Saturday, November 19, 2016

ഒരു നിമിഷം മതി.


തെറ്റുകൾ ,ശരികൾ
ചെയ്യാനും പറയാനും
കുറ്റങ്ങൾ കാണാനും
ഇരകളായി തീരാനും
നന്നെന്നും ചള്ളെന്നും
പെരുമകൾ നേടാനും
ഒറ്റവാക്യം കൊണ്ടു
നാണക്കേടകറ്റാനും
മുറിക്കാനും വിളക്കാനും
മരിക്കാനും ജനിക്കാനും
ഒരു നിമിഷം മതി!
..... ബി.ജി.എൻ വർക്കല

കാലം കാവാലം ................... എഡിറ്റര്‍ ഷാബു കിളിത്തട്ടില്‍


കാലം കാവാലം

എഡിറ്റര്‍ ഷാബു കിളിത്തട്ടില്‍

കൈരളി ബുക്സ്

വില 270 രൂപ

അമന്ത്രം അക്ഷരം നാസ്തി നാസ്തി മൂലമനൗഷധം,

അയോഗ്യ:പുരുഷോ നാസ്തി, യോജകസ്തത്ര ദുര്‍ലഭ: (സുഭാഷിതം)

(മന്ത്രമല്ലാത്ത ഒരു അക്ഷരവുമില്ല, ഔഷധമല്ലാത്തൊരു ചെടിയുമില്ല, യോഗ്യനല്ലാത്തൊരു മനുഷ്യനുമില്ല. എന്നാല്‍ ദുര്‍ലഭമായത് ഇവയൊക്കെ തിരിച്ചറിയാന്‍ കഴിവുള്ള യോജകനാണ്.)   

വായനകള്‍ ഒരു നദീജല യാത്രപോലെയാണ് . ഒഴുക്കില്‍ ഉപരിതലത്തില്‍ ഒരു പൊങ്ങുതടിപോലെ വായനക്കാരന്‍..! വായനയുടെ നദീജലയാത്രയിൽ ഒരുപാടു ജലജീവികളെ കാണാന്‍ കഴിയും . ചിലതിനെ കൗതുകത്തോടെ കണ്ടു നില്‍ക്കും ചിലത് കണ്ടു കടന്നു പോകും. ചിലതിനെ കാണാന്‍ പോലും ആഗ്രഹിക്കില്ല. ചിലതാകട്ടെ ഭയം നല്‍കും . വായനക്കാരനാകുന്ന യാത്രികന്‍ വിവിധ വികാരങ്ങളുടെ നൗകയില്‍ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കും സ്ഥലകാലങ്ങള്‍ മറന്നു. അറിയാതെ വന്നുപെടുന്ന കൗതുകങ്ങള്‍ ആണ് പലപ്പോഴും കാലം ഓര്‍മ്മിപ്പിക്കുന്ന അടയാളങ്ങള്‍ ആകുന്നതു . കാലാനുവര്‍ത്തിയായി അതു നിലനില്‍ക്കുകയും ചെയ്യും . ചില വായനകളില്‍ കൂടി കടന്നുപോകുമ്പോള്‍ വായനക്കാരന് അതു തോന്നിപ്പിക്കുന്നു എങ്കില്‍ തീര്‍ച്ചയായും ആ വായന ഒരു പക്ഷെ ചരിത്രമാകുന്നു എന്നാകാം . ചില അനുഭവക്കുറിപ്പുകള്‍ , ചരിത്രകഥകള്‍ , സംഭവങ്ങള്‍ , ആത്മകഥകള്‍ , യാത്രകള്‍ ഒക്കെ ഇങ്ങനെ തിരുശേഷിപ്പുകള്‍ ആകാറുണ്ട് . വായനയില്‍ കാലം കാവാലം എന്ന ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നതും ഇത്തരം ഒരു അവസ്ഥയാണ് . നാം വായിച്ചു അടച്ചു വയ്ക്കുന്ന ചിലത് മറ്റൊരിടത്ത് നിധികുംഭം തേടിപോകുന്നവന്റെ വഴികാട്ടിയാകും . ഷാബു കിളിത്തട്ടില്‍ എഡിറ്റ്‌ ചെയ്തു പുറത്തിറക്കിയ കാലം കാവാലം എന്ന കൃതി കാവാലം എന്ന അനശ്വര കലാകാരന്റെ ജീവിതത്തെ മാത്രമല്ല വായനക്കാരന് പരിചയപ്പെടുത്തുന്നത് . സാധാരണക്കാരന് അപരിചിതമായ കാവാലത്തിന്റെ കലാസപര്യകള്‍ക്കൊപ്പം തന്നെ നാടക , സാഹിത്യ നടന കലകളിലെ പഠനങ്ങള്‍ക്ക് വേണ്ട സൂചികകളും അറിവുകളും ഈ പുസ്തകം പങ്കു വയ്ക്കുന്നു . മലയാള നാടകവേദിയില്‍ പരീക്ഷണങ്ങള്‍ കൊണ്ട് വന്ന പ്രതിഭാധനനായ ആ കലാകാരന്റെ ജൈത്രയാത്രയുടെ കഥകള്‍ നമുക്കിതില്‍ വായിക്കാന്‍ കഴിയും . അതുപോലെ മോഹിനിയാട്ടത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ , കവിതയില്‍ അദ്ദേഹം നല്‍കിയ പരീക്ഷണങ്ങളും സംഭാവനകളും, ലോക ഭൂപടത്തില്‍ നാടകത്തിനു കാവാലം നല്‍കിയ ദിശാസൂചികകള്‍  തുടങ്ങി മലയാള ഭാഷ വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യ പഠനങ്ങള്‍ നടത്തുന്നവര്‍ക്കും തീര്‍ച്ചയായും ഉപയോഗപ്രദമായ ഒരു പുസ്തകം ആണ് ഇത് .

ഈ പുസ്തകത്തില്‍ കാവാലവും ആയി അടുത്തു ഇടപഴകിയവരും , അദ്ദേഹവും ആയി അഭിമുഖങ്ങള്‍ ചെയ്തവരും ആയിട്ടുള്ളവരുടെ അനുഭവക്കുറിപ്പുകളും , കാവാലത്തിന്റെ നാടകങ്ങളുടെ പഠനങ്ങള്‍ നടത്തിയവരും ഉണ്ട്. കാവാലത്തിന്റെ രചനകളെയും മേഖലകളെയും പരിചയപ്പെടുത്തുന്ന സമ്പൂര്‍ണ്ണമായ അവതരണങ്ങള്‍ ഉണ്ട് . കാവാലം സഞ്ചരിച്ച വഴികളും , നടത്തിയ പരീക്ഷണങ്ങളും , കാവാലത്തിന്റെ സമശീര്‍ഷകരില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനങ്ങളും , അവഗണനകളും അറിയാന്‍ കഴിയും . ഒപ്പം ഗ്രന്ഥകാരന്‍ കാവാലത്തിനൊപ്പം നടത്തിയ സംഭാഷണങ്ങളും , കാവാലത്തിന്റെ ജീവിതത്തെ ഒപ്പി എടുക്കുന്ന അനവധി ചിത്രങ്ങളും ലഭ്യമാണ് . കാവാലത്തെ ചിലര്‍ അടയാളപ്പെടുത്തുന്നത് എങ്ങനെ എന്നുകൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ഉചിതമല്ല എന്ന് തോന്നുന്നു.

അഹം സുവേ പിതരം (ഞാനെന്‍ പിതാക്കളെ പെറ്റിടുന്നു) എന്ന കവിതയില്‍ ജീവിക്കയെന്നാല്‍ കത്തുകയെന്നല്ലോ മെഴുകുതിരി കാട്ടുന്ന വേദാന്തം എന്ന അപ്പൂപ്പന്റെ വാക്കുകള്‍ സദാ കര്‍മ്മ നിരതനായ അദ്ദേഹത്തിന്റെ കത്തിജ്ജ്വലിച്ച ജീവിതത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത് എന്ന് കൊച്ചുമകള്‍ കല്യാണി കൃഷ്ണന്‍ .

കാവാലം ഒരു കാലമായിരുന്നു എന്ന് ശീര്‍ഷകത്തെ സാധൂകരിക്കുന്നു നെടുമുടി വേണു .

മഹാഗുരുക്കന്മാരും വലിയ മനുഷ്യരും ഓരോന്നായി മറയുമ്പോള്‍ ഭൂമിയിലെ പ്രകാശം കുറഞ്ഞു കുറഞ്ഞു വരുന്നതുപോലെ എനിക്ക് തോന്നുന്നു എന്ന് കാവാലത്തിന്‍റെ കാലയവനികയിലേക്കുള്ള യാത്രയെ മോഹന്‍ലാല്‍ അടയാളപ്പെടുത്തുന്നു .

കാവാലം നാടകത്തിന്റെ തറയില്‍ എന്നും ഉറച്ചു നിന്നു. ഒരിക്കലും തന്റെ നാടകസ്വത്വത്തെക്കുറിച്ച് സന്ദേഹിയായില്ല , നാടകത്തിനു പടരാനുള്ള ഒരുപാട് വഴികള്‍ ഉണ്ടെന്നു കാവാലം നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു എന്ന് പ്രദീപ്‌ പനങ്ങാട് വിലയിരുത്തുന്നു .

തന്റെ ഇടമെന്തെന്ന തന്റേടം , താന്‍ കൈവച്ച എന്തിലുമുള്ള മൗലികതയെ പറ്റി ഉറച്ച ബോധ്യം - ഇവയുണ്ടെങ്കില്‍ എത്രമേല്‍ സമാധാനത്തോടെ വിമര്‍ശനങ്ങളെ നേരിടാനാവുമെന്നു ഒരു പകല്‍ കൊണ്ട് കാവാലം എന്നെ പഠിപ്പിച്ചു തന്നു . ഇനിയുമനേകം വിളവെടുപ്പുകള്‍ക്ക് കേരളത്തിന്റെ മണ്ണ് കാത്തിരിക്കുന്നു. എന്നാല്‍ ഇനിയിത്രയും നൂറുമേനി വിളഞ്ഞ കൊയ്ത്തുത്സവത്തിന്റെ പറകള്‍ മറിഞ്ഞൊരു ഗാനം കേള്‍ക്കാന്‍ എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നറിയില്ല.. എന്ന് ശ്രീ ചിത്രന്‍ എം ജെ ഓര്‍മ്മിക്കുന്നു .

ഭാസന്‍ , കാളിദാസന്‍ തുടങ്ങിയവരുടെ സംസ്കൃതനാടകങ്ങള്‍ക്ക് തന്റേതായ ഭാഷ്യം കൂടി നല്‍കി പുനരാവിഷ്കരിച്ചത് അദ്ദേഹം ഇന്ത്യന്‍ നാടകവേദിക്ക്നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് . അവയെ വെറുതെ പുനരവതരിപ്പിക്കുകയായിരുന്നില്ലായിരുന്നു മറിച്ചു ആ പുനരാവിഷ്കാരത്തിനു തന്റേതായ ഒരു ഭാഷ്യവും അതിലൂടെ ഒരു സന്ദേശവും പുതിയകാലത്തിനനുസൃതമായി നല്‍കുന്ന വിധത്തിലായിരുന്നു അദ്ദേഹം സംവിധാനം ചെയ്തിരുന്നത് എന്ന് ഡോ. ആനന്ദ് കാവാലം അടയാളപ്പെടുത്തുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഗണപതി ശാസ്ത്രി ഏറ്റെടുത്ത ദൗത്യത്തിന്റെ പ്രയോഗവും പൂര്‍ത്തീകരണവും ആണ് അന്ത്യപാദത്തില്‍ കാവാലം ചെയ്തത് . ശാസ്ത്രികള്‍ കല്ലച്ചില്‍ ഭാസനെ പുനര്ജ്ജനിപ്പിച്ചപ്പോള്‍ അരങ്ങുകളില്‍ അതു നിര്‍വ്വഹിച്ചത്‌ കാവാലമാണ്. സംസ്കൃത നാടകങ്ങള്‍ക്ക് കാലികപ്രസക്തിയും അരങ്ങില്‍ മിഴിവും ഉണ്ടെന്നു തെളിയിച്ചതും അദ്ദേഹം ആണ് ... അരങ്ങിനൊരു ഭാഷയുണ്ട് , ഗ്രന്ഥപാഠത്തിന്റെ അച്ചടിച്ച വരികളുടെ ആവര്‍ത്തനമല്ല അതു . പുതിയൊരു രംഗഭാഷ സൃഷ്ടിച്ചു നമ്മുടെ കാഴ്ചശീലത്തെ മാറ്റിയെടുക്കാനുള്ള ദൗത്യമാണ് കാവാലം ഏറ്റെടുത്തത്. എന്ന് കെ ജി  പൌലോസ് വിശദമായ പഠനങ്ങളിലൂടെ വ്യക്തമാക്കുന്നു .

ആഗോളവത്കരണത്തിന്റെ പേമാരിയില്‍ സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മളെ നമ്മളിലേക്ക് തിരിഞ്ഞു നോക്കാനും സ്വപ്രകൃതങ്ങളിലേയ്ക്ക് വിലയം പ്രാപിക്കുവാനും കാവാലത്തിന്റെ നാടകങ്ങള്‍ പ്രേരിപ്പിക്കും. വിലകുറഞ്ഞതും തരം താഴ്ന്നതുമായ പ്രകടന ചപലതകള്‍ പൊതുവായി നാടകത്തട്ടകത്തെ തീണ്ടി നശിപ്പിച്ചപ്പോള്‍ രംഗഭൂമിയില്‍ ശുദ്ധികലശം നടത്തുകയാണ് കാവാലം നാരായണപ്പണിക്കര്‍ ചെയ്തത്. എന്ന് ഡോ. രാജാ വാര്യര്‍ അഭിപ്രായപ്പെടുന്നു .

കേരളത്തിന്റെ നാടകപ്പെരുമയെ ഉത്തരേന്ത്യയിലേക്ക് മാത്രമല്ല ലോക നാടകഭൂപടത്തില്‍ തന്നെ ഉറപ്പിച്ചു നിറുത്തിയതില്‍ കാവാലത്തിനുള്ള പങ്കു മറ്റൊരു മലയാളിക്കും അവകാശപ്പെടാനാകില്ല എന്ന് ഡോ. എല്‍ തോമസ് കുട്ടി വ്യക്തമാക്കുന്നു.

മുന്‍പ് ആരും ഒരുമ്പെടുകയോ അല്ലെങ്കില്‍ ധൈര്യം പ്രദര്ശിപ്പിക്കുകയോ ചെയ്യാത്തിടത്തു കൂസലന്യേ കടന്നു ചെന്ന് ചില തട്ടലും മുട്ടലും കൊണ്ട് ഇത് നിര്‍വ്വഹിക്കുക വഴി തന്റെ പാദമുദ്ര പതിപ്പിക്കാന്‍ കാവാലത്തിന് കഴിഞ്ഞു എന്നോര്‍മ്മിക്കുന്ന എസ് ജയചന്ദ്രന്‍ നായര്‍ കാവാലത്തെ നാടകത്തിന്റെ കുഞ്ചന്‍നമ്പ്യാര്‍ എന്നാണു വിശേഷിപ്പിക്കുന്നത് . മലയാള കാവ്യലോകത്ത് കടമ്മനിട്ട നടത്തിയ ഇടപെടലുകളേയും പുതുക്കിപ്പണിയലുകളെയും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു നാടകരംഗത്തെ കാവലത്തിന്റെ സംഭാവനകള്‍ എന്നദ്ദേഹം രേഖപ്പെടുത്തുന്നു .

സ്വന്തം കലയില്‍ പ്രഗല്ഭരായിരിക്കുമ്പോഴും അല്പത്തം അടിമുടി സൂക്ഷിക്കുന്ന ഇന്ത്യന്‍ കലാകാര നിലയില്‍ കാവലത്തിനെ വ്യാവര്‍ത്തിച്ചത് അദ്ദേഹത്തിനു സഹജമായിരുന്ന ലാളിത്യവും നര്‍മ്മ ബോധവുമായിരുന്നു. എന്ന് വി കലാധരന്‍ അഭിപ്രായപ്പെടുന്നു .

പമ്പ പാടുന്നു എന്ന കാവാലത്തിന്റെ കവിതയിലൂടെ അവസാനിക്കുന്ന ഈ ഗ്രന്ഥം തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ട ഒരു രചന തന്നെയാണ് ' . കാവാലത്തിനൊപ്പം ഒരു പക്ഷെ കാലത്തിനു ഓര്‍ത്ത്‌ വയ്ക്കാന്‍ ഷാബു കിളിത്തട്ടിലിനും അവസരം ഒരുങ്ങുന്നത് ഈ പുസ്തകം മുഖാന്തിരം ആയിരിക്കും എന്ന ശുഭപ്രതീക്ഷ നല്‍കുന്നു ഇതിന്റെ വായന . ആശംസകളോടെ ബി. ജി .എന്‍ വര്‍ക്കല
Friday, November 18, 2016

അടയാളപ്പെടുത്തലുകൾ


ജീവിതത്തെയാകാം
ജന്മത്തെയാകാം
ചരിത്രത്തെയാകാം
തെറ്റുകളെയാകാം.
പക്ഷേ
അനിവാര്യതയാണത്
കാരണം
അല്ലാതെ ലോകമറിയതെങ്ങനെ
നാമിവിടെ വന്നു പോയെന്നു.
...... ബിജു.ജി.നാഥ് വർക്കല

Tuesday, November 15, 2016

നദിയ്ക്കിനിയുമൊഴുകാം !


ഉറവ വറ്റിയ നിൻ മുലച്ചുണ്ടിലെന്ന-
ധരസ്പർശം പുനർജ്ജനിയാമെങ്കിൽ
പ്രണയ പീയൂഷധാരയാൽ നീയെന്റെ
ജന്മദാഹം ശമിപ്പിക്ക ധടുതിയാൽ .

ഇലകൾ പോയൊരു ശാഖിയാമെന്നിലെ
വരണ്ടുപോയൊരീ വിരലുകൾ നിന്നിലെ
നനവുമറന്ന നെൽക്കതിർ പാടത്തിൽ
ഉഴവുചാലുകൾ തീർത്തിടാമിന്നഹോ!

മഴ കൊതിച്ചൊന്നുറങ്ങാത്ത രാവുകൾ
നെടിയകാലം കഴിഞ്ഞുവെന്നാകിലും
മനമതിങ്കലെന്നുമേ തേടുന്ന പെരുമഴ -
യതു പെയ്യുവാൻ കാലമായ്..

പുതിയ കാലം പുതുവസ്ത്രമണിയിച്ച
പുലരിയാണീ കൺമുന്നിലാകവേ.
മുടിയഴിച്ചിട്ടാടിയാർത്തു നീ മഞ്ഞൾ
കളമിതിലിഴയുകിന്നു മണിനാഗമായ്.
...... ബിജു.ജി.നാഥ് വർക്കല ....

Monday, November 14, 2016

സ്വോൺ റിവറിലെ വർണ്ണമരാളങ്ങൾ ......വൈ. എ . സാജിദ

സ്വോൺ റിവറിലെ വർണ്ണമരാളങ്ങൾ
വൈ. എ . സാജിദ
ഒലിവു പബ്ലിക്കേഷൻ
വില: 90 രൂപ

യാത്രാവിവരണ ഗ്രന്ഥങ്ങൾ വായിക്കുക എന്നാൽ വായനക്കാരനെ കൂടി യാത്രയിലേക്കു കൂട്ടിക്കൊണ്ട് പോകൽ എന്നാണ്. പലപ്പോഴും എഴുത്തുകാർ പരാജയപ്പെടുക ഇത്തരം യാത്രകൾക്കിടയിൽ വായനക്കാരൻ ഉറങ്ങിപ്പോകുകയോ , തിരികെ നടക്കുകയോ ചെയ്യും എന്നുള്ളിടത്താണ്. ഒരു ഭൂവിഭാഗത്തിന്റെ  സംസ്കാരത്തിന്റെ ,ചരിത്രത്തിന്റെ , പ്രകൃതിയുടെ ഒക്കെ നേർചിത്രമാണ് യാത്രാ വിവരണങ്ങൾ. കാണാത്ത നാടുകളിലൂടെ കൈ പിടിച്ചു നടത്തുന്ന ആ കഴിവു എഴുത്തുകാരനു എത്ര മനോഹരമായി നിർവ്വഹിക്കാനാകുമോ അത്ര കണ്ടു വായനക്കാരൻ സന്തോഷവാനാകുന്നു. യാത്രകൾ ഭാഗ്യങ്ങളാണ്. അവ മനസ്സിനെ കൂടുതൽ പരുവപ്പെടുത്താനുതകുന്നു. പൊതുവേ യാത്രകളിൽ നാം കാണുക പുരുഷ വാക്കുകൾ ആണ്. കാരണം അവന്റെ ലോകം വളരെ വിശാലവും സ്വതന്ത്രവുമാണ് ഈ കാലഘട്ടം വരെയും. ഇതിനാലാണ് വളയിട്ട കൈകൾ യാത്രകളെക്കുറിച്ചു പറയുമ്പോൾ വായനക്കാരനു അത്യന്തമായ ആനന്ദം തോന്നുക. പ്രത്യേകിച്ചും മനസ്സിലാക്കുന്ന ഒരു വിഷയം സ്ത്രീ യാത്രകൾ പലപ്പോഴും പുണ്യ ക്ഷേത്രങ്ങളുടെ ചുറ്റുവട്ടങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്ന കാഴ്ചകളാണ്. ഇതിനു ഘടകവിരുദ്ധമായി മലയാളത്തിൽ വളരെ കുറച്ചു യാത്രാവിവരണ ഗ്രന്ഥങ്ങളെ ലഭ്യമുള്ളൂ എന്നു കാണാം. കെ.എ. ബീന , സർഗ്ഗ റോയ് തുടങ്ങി ചിലരെ വായിക്കാൻ അതും വ്യത്യസ്ഥ വായനകളെ വായിക്കാൻ കഴിഞ്ഞതിനപ്പുറം പുതിയ വായനകൾ മനസ്സിൽ തടയാതിരുന്നത് യാത്രകൾ മേൽപ്പറഞ്ഞ പോലുള്ള തീർത്ഥാടന വിവരണങ്ങൾ ആയതിനാലും വായനയിൽ അധികം തടയാതെ / കാണാതെ പോയതിനാലും ആകണം.
ഇത്തരം ഒരു അവസ്ഥയിലാണ് വൈ. എ.സാജിദയുടെ ''സ്വോൺ റിവറിലെ വർണ്ണമരാളങ്ങൾ " വായിക്കാൻ കഴിഞ്ഞത്. ആസ്ത്രേലിയയിലേക്ക് യാത്ര പോയ വിവരണങ്ങൾ ഗ്രന്ഥകാരി പങ്കു വയ്ക്കുന്ന ഈ പുസ്തകത്തിനു അനുയോജ്യമായ അവതാരികയുമായി കെ.എ. ബീനയും ഉണ്ട്. ലോകയാത്രാവിവരണഗ്രന്ഥങ്ങളിലെ പെൺ സാന്നിദ്ധ്യങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വളരെ മനോഹരമായ അവതാരിക കടന്നു ഉള്ളിലേക്ക് കടക്കുമ്പോൾ വായന വളരെ സുഗന്ധപൂരിതമായി അനുഭവപ്പെട്ടു. വ്യക്തവും വിശദവുമായ ഒരു യാത്രാവിവരണം . അതിശയോക്തികൾ ഒട്ടുമില്ലാത്ത അക്ഷരത്തെറ്റുകളില്ലാത്ത സുന്ദരമായ വിവരണം. സഞ്ചരിച്ച ഇടങ്ങളെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ച എഴുത്തുകാരി അതിനെ വിശദമായിത്തന്നെ പങ്കു വയ്ക്കുമ്പോൾ വായനക്കാർ ആ ഇടങ്ങളിലൂടെ നേരിൽ സഞ്ചരിക്കുന്ന സുഖം അനുഭവിക്കുന്നു. ചരിത്ര, സാമൂഹിക. സാംസ്കാരിക തലങ്ങളിലെ വിശദമായ വിവരണങ്ങൾ അന്വേഷണകുതുകികളിൽ തീർച്ചയായും ആ ഇടങ്ങളിലേക്ക് ഒരു യാത്രയുടെ അദമ്യമായ ആഗ്രഹം ഉടലെടുപ്പിക്കുക തന്നെ ചെയ്യും. അബോർജിനുകളെക്കുറിച്ചും വർണ്ണമരാളങ്ങളെക്കുറിച്ചും ചരിത്ര ശേഷിപ്പുകളുടെ ഗുഹാ വിശേഷങ്ങളെക്കുറിച്ചും ആകാശച്ചരുവിൽ നക്ഷത്രങ്ങളെ  തൊട്ടു നോക്കാൻ വെമ്പിയ രാവിനെയും ഒക്കെ അനുഭവിക്കാൻ / അറിയാൻ  പ്രേരിപ്പിക്കുന്ന ഭാഷയും വിവരണവും. തീർച്ചയായും വായിക്കപ്പെടേണ്ട ഒന്നു തന്നെയാണ് ഈ പുസ്തകം. ആശംസകളോടെ ബി.ജി.എൻ വർക്കല

Sunday, November 13, 2016

ലോല ...... പത്മരാജൻ

ലോല
പത്മരാജൻ
ഡി സി ബുക്സ്.

"വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല .നീ മരിച്ചതായി ഞാനും , ഞാൻ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക."

ഓർമ്മകൾ ഒരു ശവഗന്ധി പുഷ്പം പോലെയാണ്. നാമറിയാതെ നമ്മിലേക്ക് കടന്നു വരുന്നവ. നമുക്കത് അനിഷ്ടമായാലും നമ്മെയതു പിന്തുടരും. പ്രണയത്തിന്റെ ഗന്ധം ചൂടിയ "ലോല" ഇന്ത്യയുടെയും അമേരിക്കയുടെയും സംസ്കാരങ്ങൾക്ക് മേൽ , ചിന്തകൾക്ക് മേൽ ഒരു തൂവാല വിരിച്ചിടുന്നു. ലോല ഒരു സാധാരണ പെണ്ണായിരുന്നു. ഏറെ കൗതുകങ്ങൾ മനസ്സിൽ നിറച്ച ഒരു സാധാരണ പെൺകുട്ടി. മലയാളിയുടെ മനസ്സിലെ അതല്ലെങ്കിൽ ശരാശരി ഒരു ഇന്ത്യൻ പുരുഷന്റെ മനസ്സിലെ സങ്കല്പങ്ങൾക്ക് മാതൃകയാകുന്നവൾ. തന്റെ കാല്ക്കീഴിൽ ഒരു പൂച്ചക്കുട്ടിയെപ്പോലെ പതുങ്ങിക്കിടക്കുന്ന കന്യകയായ പെണ്ണു! . അരാഷ്ട്രീയ ചിന്തകളിൽ അലോസരപ്പെടാത്ത ,ധാർമ്മികതയെന്ന കരിനാഗത്തെ മാറിലണിയുന്ന വെറും നാട്ടിൻപുറത്തുകാരി . അമേരിക്കയുടെ സംസ്ക്കാരത്തിൽ ഇതൊന്നുമല്ലാതിരിക്കിലും ഒരു മലയാളി പുരുഷന്റെ കാമനയിൽ അവന്റെ പ്രണയത്തിനു തന്റെ മണ്ണിന്റെ മണമേ ഉണ്ടാകൂ . കാഴ്ചകളിൽ അതിനപ്പുറം ഒരു കാഴ്ചയും ഉണ്ടാകില്ല . ഇത്തരം ഒരു കാഴ്ചപ്പാടിൽ നിന്നാകണം ലോലയെ നിർവ്വചിച്ചിരിക്കുക. താനനുഭവിക്കുന്ന പെണ്ണ് കന്യകയാകണം എന്ന ചിന്ത പുരുഷനിലെ സ്വാർത്ഥതയായി ഇതിൽ നിലനിൽക്കുന്നത് കാണാം. നഗരവത്കരണത്തിന്റെ അല്പം പോലും ഛായ പതിയാത്ത അയാൾടെ മനസ്സിൽ താനെന്ന പുരുഷന്റെ ജാഡകൾ വളരെ സ്പഷ്ടമാണ്. മതത്തിന്റെയും രാജ്യത്തിന്റെയും അന്തരങ്ങളും മതം മാറ്റമെന്ന അപരാധ ചിന്തയും ഒക്കെ അവൾക്കു നേരെ നീട്ടി തന്റെ ചിന്തകളും പ്രവർത്തിയും മാന്യതയും ഔന്നത്യവും പ്രകടമാക്കുന്ന കാഴ്ചകളും വെറും ദുർബ്ബലയും നഗരവത്കരണമേശാത്തതുമായ അതിലോല മനസ്സിന്റെയുടമയായി അവളെ ചിത്രീകരിക്കുന്നതും കാലഘട്ടത്തിനതീതമായ ചിന്തകൾ പടരാതെ നിന്നതിനാലാകാം. കൽക്കരയിൽ മദ്യപിച്ചു പുരുഷൻമാരൊത്ത് പോകുന്ന സ്ത്രീയെ നോക്കി സദാചാരപ്രസംഗം നടത്തുകയും മർലിൻമൺറോയുടെ മരണം വിഡ്ഢിത്തമായി കാണുകയും ചെയ്യുന്ന ലോല ഒടുവിൽ താനും ഒരു മണ്ടിയായേക്കും ചിലപ്പോൾ എന്നു പറയുന്നിടത്ത് എൺപതുകളിലെ മലയാള സാഹിത്യത്തിലും സിനിമകളിലും നിറഞ്ഞു നിന്നിരുന്ന കന്യകാത്വത്തിന്റെ അപഹരണവും ആത്മഹത്യയും എന്ന സ്ഥിര കാഴ്ച ഓർമ്മ വരുന്നു. ഒടുവിൽ നാട്ടിലേക്ക് തിരിച്ചു പോകുന്ന അയാളുടെ കാൽച്ചുവട്ടിൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ രാവു മുഴുവൻ ഉറങ്ങാതിരിക്കുന്ന ലോലയിൽ കഥ തീരുമ്പോൾ പ്രണയത്തിന്റെ തീവ്രതയും ആഴവും മനസ്സിൽ നിറയുന്നതിനു പകരം ഉപയോഗിച്ചു തന്ത്രപൂർവ്വം രക്ഷപ്പെടുന്ന പുരുഷന്റെ , ഞാൻ കുറ്റക്കാരനല്ല എന്നു സ്ഥാപിക്കാനുള്ള ത്വരയുടെ സ്ഫുരണങ്ങളെ കണ്ടു ഹാ കഷ്ടം ! എന്നു പറയുവാൻ മാത്രമേ കഴിഞ്ഞുള്ളു.
പത്മരാജന്റെ ഏറെ പ്രശസ്തമായ ഈ കഥയ്ക്ക് പറഞ്ഞു കേട്ട ആസ്വാദ്യത ലഭിക്കാതെ പോയി വായനയിൽ.
...... ബി.ജി.എൻ വർക്കല