Saturday, November 19, 2016

കാലം കാവാലം ................... എഡിറ്റര്‍ ഷാബു കിളിത്തട്ടില്‍


കാലം കാവാലം

എഡിറ്റര്‍ ഷാബു കിളിത്തട്ടില്‍

കൈരളി ബുക്സ്

വില 270 രൂപ

അമന്ത്രം അക്ഷരം നാസ്തി നാസ്തി മൂലമനൗഷധം,

അയോഗ്യ:പുരുഷോ നാസ്തി, യോജകസ്തത്ര ദുര്‍ലഭ: (സുഭാഷിതം)

(മന്ത്രമല്ലാത്ത ഒരു അക്ഷരവുമില്ല, ഔഷധമല്ലാത്തൊരു ചെടിയുമില്ല, യോഗ്യനല്ലാത്തൊരു മനുഷ്യനുമില്ല. എന്നാല്‍ ദുര്‍ലഭമായത് ഇവയൊക്കെ തിരിച്ചറിയാന്‍ കഴിവുള്ള യോജകനാണ്.)   

വായനകള്‍ ഒരു നദീജല യാത്രപോലെയാണ് . ഒഴുക്കില്‍ ഉപരിതലത്തില്‍ ഒരു പൊങ്ങുതടിപോലെ വായനക്കാരന്‍..! വായനയുടെ നദീജലയാത്രയിൽ ഒരുപാടു ജലജീവികളെ കാണാന്‍ കഴിയും . ചിലതിനെ കൗതുകത്തോടെ കണ്ടു നില്‍ക്കും ചിലത് കണ്ടു കടന്നു പോകും. ചിലതിനെ കാണാന്‍ പോലും ആഗ്രഹിക്കില്ല. ചിലതാകട്ടെ ഭയം നല്‍കും . വായനക്കാരനാകുന്ന യാത്രികന്‍ വിവിധ വികാരങ്ങളുടെ നൗകയില്‍ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കും സ്ഥലകാലങ്ങള്‍ മറന്നു. അറിയാതെ വന്നുപെടുന്ന കൗതുകങ്ങള്‍ ആണ് പലപ്പോഴും കാലം ഓര്‍മ്മിപ്പിക്കുന്ന അടയാളങ്ങള്‍ ആകുന്നതു . കാലാനുവര്‍ത്തിയായി അതു നിലനില്‍ക്കുകയും ചെയ്യും . ചില വായനകളില്‍ കൂടി കടന്നുപോകുമ്പോള്‍ വായനക്കാരന് അതു തോന്നിപ്പിക്കുന്നു എങ്കില്‍ തീര്‍ച്ചയായും ആ വായന ഒരു പക്ഷെ ചരിത്രമാകുന്നു എന്നാകാം . ചില അനുഭവക്കുറിപ്പുകള്‍ , ചരിത്രകഥകള്‍ , സംഭവങ്ങള്‍ , ആത്മകഥകള്‍ , യാത്രകള്‍ ഒക്കെ ഇങ്ങനെ തിരുശേഷിപ്പുകള്‍ ആകാറുണ്ട് . വായനയില്‍ കാലം കാവാലം എന്ന ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നതും ഇത്തരം ഒരു അവസ്ഥയാണ് . നാം വായിച്ചു അടച്ചു വയ്ക്കുന്ന ചിലത് മറ്റൊരിടത്ത് നിധികുംഭം തേടിപോകുന്നവന്റെ വഴികാട്ടിയാകും . ഷാബു കിളിത്തട്ടില്‍ എഡിറ്റ്‌ ചെയ്തു പുറത്തിറക്കിയ കാലം കാവാലം എന്ന കൃതി കാവാലം എന്ന അനശ്വര കലാകാരന്റെ ജീവിതത്തെ മാത്രമല്ല വായനക്കാരന് പരിചയപ്പെടുത്തുന്നത് . സാധാരണക്കാരന് അപരിചിതമായ കാവാലത്തിന്റെ കലാസപര്യകള്‍ക്കൊപ്പം തന്നെ നാടക , സാഹിത്യ നടന കലകളിലെ പഠനങ്ങള്‍ക്ക് വേണ്ട സൂചികകളും അറിവുകളും ഈ പുസ്തകം പങ്കു വയ്ക്കുന്നു . മലയാള നാടകവേദിയില്‍ പരീക്ഷണങ്ങള്‍ കൊണ്ട് വന്ന പ്രതിഭാധനനായ ആ കലാകാരന്റെ ജൈത്രയാത്രയുടെ കഥകള്‍ നമുക്കിതില്‍ വായിക്കാന്‍ കഴിയും . അതുപോലെ മോഹിനിയാട്ടത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ , കവിതയില്‍ അദ്ദേഹം നല്‍കിയ പരീക്ഷണങ്ങളും സംഭാവനകളും, ലോക ഭൂപടത്തില്‍ നാടകത്തിനു കാവാലം നല്‍കിയ ദിശാസൂചികകള്‍  തുടങ്ങി മലയാള ഭാഷ വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യ പഠനങ്ങള്‍ നടത്തുന്നവര്‍ക്കും തീര്‍ച്ചയായും ഉപയോഗപ്രദമായ ഒരു പുസ്തകം ആണ് ഇത് .

ഈ പുസ്തകത്തില്‍ കാവാലവും ആയി അടുത്തു ഇടപഴകിയവരും , അദ്ദേഹവും ആയി അഭിമുഖങ്ങള്‍ ചെയ്തവരും ആയിട്ടുള്ളവരുടെ അനുഭവക്കുറിപ്പുകളും , കാവാലത്തിന്റെ നാടകങ്ങളുടെ പഠനങ്ങള്‍ നടത്തിയവരും ഉണ്ട്. കാവാലത്തിന്റെ രചനകളെയും മേഖലകളെയും പരിചയപ്പെടുത്തുന്ന സമ്പൂര്‍ണ്ണമായ അവതരണങ്ങള്‍ ഉണ്ട് . കാവാലം സഞ്ചരിച്ച വഴികളും , നടത്തിയ പരീക്ഷണങ്ങളും , കാവാലത്തിന്റെ സമശീര്‍ഷകരില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനങ്ങളും , അവഗണനകളും അറിയാന്‍ കഴിയും . ഒപ്പം ഗ്രന്ഥകാരന്‍ കാവാലത്തിനൊപ്പം നടത്തിയ സംഭാഷണങ്ങളും , കാവാലത്തിന്റെ ജീവിതത്തെ ഒപ്പി എടുക്കുന്ന അനവധി ചിത്രങ്ങളും ലഭ്യമാണ് . കാവാലത്തെ ചിലര്‍ അടയാളപ്പെടുത്തുന്നത് എങ്ങനെ എന്നുകൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ഉചിതമല്ല എന്ന് തോന്നുന്നു.

അഹം സുവേ പിതരം (ഞാനെന്‍ പിതാക്കളെ പെറ്റിടുന്നു) എന്ന കവിതയില്‍ ജീവിക്കയെന്നാല്‍ കത്തുകയെന്നല്ലോ മെഴുകുതിരി കാട്ടുന്ന വേദാന്തം എന്ന അപ്പൂപ്പന്റെ വാക്കുകള്‍ സദാ കര്‍മ്മ നിരതനായ അദ്ദേഹത്തിന്റെ കത്തിജ്ജ്വലിച്ച ജീവിതത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത് എന്ന് കൊച്ചുമകള്‍ കല്യാണി കൃഷ്ണന്‍ .

കാവാലം ഒരു കാലമായിരുന്നു എന്ന് ശീര്‍ഷകത്തെ സാധൂകരിക്കുന്നു നെടുമുടി വേണു .

മഹാഗുരുക്കന്മാരും വലിയ മനുഷ്യരും ഓരോന്നായി മറയുമ്പോള്‍ ഭൂമിയിലെ പ്രകാശം കുറഞ്ഞു കുറഞ്ഞു വരുന്നതുപോലെ എനിക്ക് തോന്നുന്നു എന്ന് കാവാലത്തിന്‍റെ കാലയവനികയിലേക്കുള്ള യാത്രയെ മോഹന്‍ലാല്‍ അടയാളപ്പെടുത്തുന്നു .

കാവാലം നാടകത്തിന്റെ തറയില്‍ എന്നും ഉറച്ചു നിന്നു. ഒരിക്കലും തന്റെ നാടകസ്വത്വത്തെക്കുറിച്ച് സന്ദേഹിയായില്ല , നാടകത്തിനു പടരാനുള്ള ഒരുപാട് വഴികള്‍ ഉണ്ടെന്നു കാവാലം നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു എന്ന് പ്രദീപ്‌ പനങ്ങാട് വിലയിരുത്തുന്നു .

തന്റെ ഇടമെന്തെന്ന തന്റേടം , താന്‍ കൈവച്ച എന്തിലുമുള്ള മൗലികതയെ പറ്റി ഉറച്ച ബോധ്യം - ഇവയുണ്ടെങ്കില്‍ എത്രമേല്‍ സമാധാനത്തോടെ വിമര്‍ശനങ്ങളെ നേരിടാനാവുമെന്നു ഒരു പകല്‍ കൊണ്ട് കാവാലം എന്നെ പഠിപ്പിച്ചു തന്നു . ഇനിയുമനേകം വിളവെടുപ്പുകള്‍ക്ക് കേരളത്തിന്റെ മണ്ണ് കാത്തിരിക്കുന്നു. എന്നാല്‍ ഇനിയിത്രയും നൂറുമേനി വിളഞ്ഞ കൊയ്ത്തുത്സവത്തിന്റെ പറകള്‍ മറിഞ്ഞൊരു ഗാനം കേള്‍ക്കാന്‍ എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നറിയില്ല.. എന്ന് ശ്രീ ചിത്രന്‍ എം ജെ ഓര്‍മ്മിക്കുന്നു .

ഭാസന്‍ , കാളിദാസന്‍ തുടങ്ങിയവരുടെ സംസ്കൃതനാടകങ്ങള്‍ക്ക് തന്റേതായ ഭാഷ്യം കൂടി നല്‍കി പുനരാവിഷ്കരിച്ചത് അദ്ദേഹം ഇന്ത്യന്‍ നാടകവേദിക്ക്നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് . അവയെ വെറുതെ പുനരവതരിപ്പിക്കുകയായിരുന്നില്ലായിരുന്നു മറിച്ചു ആ പുനരാവിഷ്കാരത്തിനു തന്റേതായ ഒരു ഭാഷ്യവും അതിലൂടെ ഒരു സന്ദേശവും പുതിയകാലത്തിനനുസൃതമായി നല്‍കുന്ന വിധത്തിലായിരുന്നു അദ്ദേഹം സംവിധാനം ചെയ്തിരുന്നത് എന്ന് ഡോ. ആനന്ദ് കാവാലം അടയാളപ്പെടുത്തുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഗണപതി ശാസ്ത്രി ഏറ്റെടുത്ത ദൗത്യത്തിന്റെ പ്രയോഗവും പൂര്‍ത്തീകരണവും ആണ് അന്ത്യപാദത്തില്‍ കാവാലം ചെയ്തത് . ശാസ്ത്രികള്‍ കല്ലച്ചില്‍ ഭാസനെ പുനര്ജ്ജനിപ്പിച്ചപ്പോള്‍ അരങ്ങുകളില്‍ അതു നിര്‍വ്വഹിച്ചത്‌ കാവാലമാണ്. സംസ്കൃത നാടകങ്ങള്‍ക്ക് കാലികപ്രസക്തിയും അരങ്ങില്‍ മിഴിവും ഉണ്ടെന്നു തെളിയിച്ചതും അദ്ദേഹം ആണ് ... അരങ്ങിനൊരു ഭാഷയുണ്ട് , ഗ്രന്ഥപാഠത്തിന്റെ അച്ചടിച്ച വരികളുടെ ആവര്‍ത്തനമല്ല അതു . പുതിയൊരു രംഗഭാഷ സൃഷ്ടിച്ചു നമ്മുടെ കാഴ്ചശീലത്തെ മാറ്റിയെടുക്കാനുള്ള ദൗത്യമാണ് കാവാലം ഏറ്റെടുത്തത്. എന്ന് കെ ജി  പൌലോസ് വിശദമായ പഠനങ്ങളിലൂടെ വ്യക്തമാക്കുന്നു .

ആഗോളവത്കരണത്തിന്റെ പേമാരിയില്‍ സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മളെ നമ്മളിലേക്ക് തിരിഞ്ഞു നോക്കാനും സ്വപ്രകൃതങ്ങളിലേയ്ക്ക് വിലയം പ്രാപിക്കുവാനും കാവാലത്തിന്റെ നാടകങ്ങള്‍ പ്രേരിപ്പിക്കും. വിലകുറഞ്ഞതും തരം താഴ്ന്നതുമായ പ്രകടന ചപലതകള്‍ പൊതുവായി നാടകത്തട്ടകത്തെ തീണ്ടി നശിപ്പിച്ചപ്പോള്‍ രംഗഭൂമിയില്‍ ശുദ്ധികലശം നടത്തുകയാണ് കാവാലം നാരായണപ്പണിക്കര്‍ ചെയ്തത്. എന്ന് ഡോ. രാജാ വാര്യര്‍ അഭിപ്രായപ്പെടുന്നു .

കേരളത്തിന്റെ നാടകപ്പെരുമയെ ഉത്തരേന്ത്യയിലേക്ക് മാത്രമല്ല ലോക നാടകഭൂപടത്തില്‍ തന്നെ ഉറപ്പിച്ചു നിറുത്തിയതില്‍ കാവാലത്തിനുള്ള പങ്കു മറ്റൊരു മലയാളിക്കും അവകാശപ്പെടാനാകില്ല എന്ന് ഡോ. എല്‍ തോമസ് കുട്ടി വ്യക്തമാക്കുന്നു.

മുന്‍പ് ആരും ഒരുമ്പെടുകയോ അല്ലെങ്കില്‍ ധൈര്യം പ്രദര്ശിപ്പിക്കുകയോ ചെയ്യാത്തിടത്തു കൂസലന്യേ കടന്നു ചെന്ന് ചില തട്ടലും മുട്ടലും കൊണ്ട് ഇത് നിര്‍വ്വഹിക്കുക വഴി തന്റെ പാദമുദ്ര പതിപ്പിക്കാന്‍ കാവാലത്തിന് കഴിഞ്ഞു എന്നോര്‍മ്മിക്കുന്ന എസ് ജയചന്ദ്രന്‍ നായര്‍ കാവാലത്തെ നാടകത്തിന്റെ കുഞ്ചന്‍നമ്പ്യാര്‍ എന്നാണു വിശേഷിപ്പിക്കുന്നത് . മലയാള കാവ്യലോകത്ത് കടമ്മനിട്ട നടത്തിയ ഇടപെടലുകളേയും പുതുക്കിപ്പണിയലുകളെയും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു നാടകരംഗത്തെ കാവലത്തിന്റെ സംഭാവനകള്‍ എന്നദ്ദേഹം രേഖപ്പെടുത്തുന്നു .

സ്വന്തം കലയില്‍ പ്രഗല്ഭരായിരിക്കുമ്പോഴും അല്പത്തം അടിമുടി സൂക്ഷിക്കുന്ന ഇന്ത്യന്‍ കലാകാര നിലയില്‍ കാവലത്തിനെ വ്യാവര്‍ത്തിച്ചത് അദ്ദേഹത്തിനു സഹജമായിരുന്ന ലാളിത്യവും നര്‍മ്മ ബോധവുമായിരുന്നു. എന്ന് വി കലാധരന്‍ അഭിപ്രായപ്പെടുന്നു .

പമ്പ പാടുന്നു എന്ന കാവാലത്തിന്റെ കവിതയിലൂടെ അവസാനിക്കുന്ന ഈ ഗ്രന്ഥം തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ട ഒരു രചന തന്നെയാണ് ' . കാവാലത്തിനൊപ്പം ഒരു പക്ഷെ കാലത്തിനു ഓര്‍ത്ത്‌ വയ്ക്കാന്‍ ഷാബു കിളിത്തട്ടിലിനും അവസരം ഒരുങ്ങുന്നത് ഈ പുസ്തകം മുഖാന്തിരം ആയിരിക്കും എന്ന ശുഭപ്രതീക്ഷ നല്‍കുന്നു ഇതിന്റെ വായന . ആശംസകളോടെ ബി. ജി .എന്‍ വര്‍ക്കല
1 comment: