Tuesday, November 1, 2016

തിരസ്കാരപ്പെരുമ

തിരസ്കാരപ്പെരുമ
- ബി.ജി.എൻ വർക്കല -

വർഷമേഘങ്ങൾ പിണങ്ങി -
യകലുമൊരു ഹർഷസന്ധ്യയിൽ
ചുറ്റുമാരോഹണ ശബ്ദവനിയിൽ
വന്നു ചേർന്നൊരു ഗീതമേ !

നൃത്തസന്ധ്യകൾ ചാമരം വീശും
ഉഷ്ണ രാവുകൾക്കക്കരെ
നിന്നു നീ തുടിതാളമായെന്റെ
ജന്മസാഫല്യമെന്നപോൽ !

പിന്നെയെന്നുടെ ജീവനാഡിയിൽ
വന്നുദിച്ചു നിൻ സ്പന്ദനം .
ഉള്ളു നിറയെ നിൻ കമ്പനത്താൽ
ജീവിതം തളിരിട്ട നാൾ ...

പിന്നിലെറിഞ്ഞു ഞാനെന്നെ
നിന്നുടെ പിന്നിലായി ഗമിക്കവേ
കണ്ടു ഞാനീയെന്നിലുരുവിടും
വർണ്ണരാജികൾ കുതൂഹലം!

എത്ര രാവുകൾ നിന്നെയോർത്തു
ഞാൻ നിദ്രയില്ലാതുഴറിയോ
അത്രയും നാം രണ്ടു പേരിലും
മുഗ്ധ രാഗം തളിർ ചൂടിയോ.

കണ്ടതില്ല നാം തമ്മിലിരുവരും
ഭേദവും തരിദ്വേഷവും.
എന്നിലില്ലാതായി തെല്ലുമൊരു
ഗുപ്തവാക്യങ്ങൾ പോലുമേ.

ഏകയാകും നിൻ നിദ്രകൾക്കു
ഞാൻ കാവലായിരുന്ന നാൾ.
ഭാവസാന്ദ്രമൊരു പൈതലായി
നീ ഉറങ്ങിയതെത്ര മോഹനം.

എന്റെ മാത്രമെന്നുള്ളിൽ വീണ
ദുർമനസ്സിനൊടുവിലായ്
എന്നെയറിയാതെ തള്ളിമാറ്റി
നീ പോയൊളിച്ചതറിവു ഞാൻ!

ഇന്നു നീയെന്നിൽ നിന്നുമകലെ-
യാണെന്നറിയുമ്പോൾ ചിത്തവും
പൊള്ളിയടരുന്ന വേദനയിൽ
ഞാൻ പായുന്നു കാലുവെന്ത പോൽ.

No comments:

Post a Comment