ചിന്തേരിട്ട കാലം
(കവിത സമാഹാരം )
ഇസ്മയില്‍ മേലടി
ലിപി പബ്ലിക്കേഷന്‍സ്
വില 50 രൂപ
വായനയുടെ ലോകത്ത് ഇന്ന് പിന്തള്ളപ്പെടുന്ന പുസ്തകങ്ങള്‍ എല്ലാം തന്നെ കവിതകള്‍ ആണെന്നത് കാലം ഒരു പക്ഷെ കവിതകളില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വിജയം കൈവരിക്കുന്ന കാലം വരെ ഒരു മാന്ദ്യത നല്കുന്നതാകാം . കവിതകള്‍ പഴയതില്‍ നിന്നും ഒരുപാടു മാറി പുതിയ ലോകങ്ങള്‍ തേടി അലയുന്നത് നമുക്ക് കാണാന്‍ കഴിയും . കവിതയിലെ ആധുനികത , അത്യന്താധുനികതയില്‍ എത്തി അതിനും മുകളിലേക്ക് കുതിക്കാന്‍ വെമ്പി നില്കുന്നു . പരീക്ഷണങ്ങള്‍ നിരന്തരം നടന്നുകൊണ്ടേയിരിക്കുന്നു . വൃത്തവും താളവും സമാസങ്ങളും കടന്നു ഗദ്യത്തിലും പദ്യത്തിലും നിന്നകന്നു കവിത വേറിട്ട ഗന്ധവും രൂപവും ഭാവവും കൈവരിച്ചിരിക്കുന്നു എന്നു കാണാന്‍ കഴിയും .
"ഇസ്മയില്‍ മേലടി" എന്ന എഴുത്തുകാരന്റെ നാല്പത്തിരണ്ട് കവിതകളുടെ സമാഹാരമാണ് "ചിന്തേരിട്ട കാലം" . കോഴിക്കോട് പയ്യോളിയില്‍ ജനിച്ച ഇസ്മയില്‍ മേലടി അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദവും ഉള്ള ഒരു പ്രവാസിയായ എഴുത്തുകാരന്‍ ആണ് . ഇന്ത്യക്കകത്തും പുറത്തും വിവിധ പത്രമാധ്യമങ്ങളില്‍ ജോലി ചെയ്ത പരിചയം ഉള്ള ഈ എഴുത്തുകാരന്‍ കവിതകളും ലേഖനങ്ങളും ആനുകാലികങ്ങളില്‍ എഴുതുന്ന ഒരാളും അതുപോലെ ഒരു മികച്ച വിവര്‍ത്തകനും കൂടിയാണ് . അറബിയില്‍ നിന്നും മലയാളത്തിലേക്കും തിരിച്ചും കവിതകള്‍ വിവര്‍ത്തനം ചെയ്യുന്ന ഇസ്മയില്‍ മേലടി യൂ എ ഇ യിലെ അറബി സാഹിത്യകാരന്മാരുടെ സംഘടനയായ എമിറേറ്റ്സ് റൈറ്റെഴ്സ് യൂണിയന്റെ വേദിയില്‍ അറബിയില്‍ സ്വന്തം കവിത അവതരിപ്പിച്ച ആദ്യ ഇന്ത്യാക്കാരന്‍ എന്ന ബഹുമതി പേറുന്നു .
"ഈ ലോകം
ഒരു നിമിഷം പോലും
ഉറങ്ങുന്നില്ല,
ഈലോകത്തിലെ
മനുഷ്യര്‍
ഒരു നിമിഷം പോലും
ഉണരുന്നുമില്ല " (സത്യം )
പ്രവാസ ലോകത്തെ, കവിതകളില്‍ കൊണ്ട് വരുന്ന എഴുത്ത് ആണ് ഇസ്മയില്‍ മേലടിയുടെ കവിതകള്‍ പങ്കു വയ്ക്കുന്ന വായനാനുഭവം. പ്രവാസത്തിന്റെ ചൂടും ചൂരും ഉണ്ട് അവയ്ക്ക് . പക്ഷെ അവയൊന്നും സ്ഥിരം പ്രവാസിഎഴുത്തുകള്‍ പോലെ പ്രണയവും വിരഹവും പങ്കു വയ്ക്കുന്ന വെറും എഴുത്തുകള്‍ , ഗീതികകള്‍ അല്ല . നോവിന്റെ ആത്മാവ് , ജീവിതത്തിന്റെ ഗന്ധം നിറയുന്ന വരികള്‍ . ഇവയൊക്കെ വായനക്കാരനെ തേടി വരുന്നു ഈ കവിതകളില്‍ . 'ചിന്തേരിട്ട കാലം' എന്ന കവിതയിലൂടെ രാജ്യത്തെ അമ്മയായി ചിത്രീകരിച്ചുകൊണ്ട് കാലികമായ മുഖം ചുളിപ്പിക്കുന്ന ചില സത്യങ്ങളെ വിളിച്ചു പറയുന്നു കവി തുടക്കം തന്നെ . പാരസ്പര്യം നഷ്ടമാകുന്ന മനുഷ്യന്‍ പരസ്പരം ഇടയില്‍ തീര്‍ക്കുന്ന മതിലുകളെ പ്രതിപാദിക്കുന്ന 'മതില്‍' ,സ്വതന്ത്രജീവിതത്തിനു മേല്‍ നിര്‍മ്മിതമാകുന്ന കൃത്രിമകാഴ്ചകള്‍ കാലക്രമേണ നരയ്ക്കുമ്പോള്‍ കാഴ്ചയും മങ്ങുന്നെന്ന സത്യം പങ്കു വയ്ക്കുന്ന 'കീറിയെടുക്കപ്പെടുന്ന ആകാശം', ചോര തിളപ്പിക്കുന്ന ആശയങ്ങള്‍ , ആവേശങ്ങള്‍ തുടങ്ങിയവ നഷ്ടമാകുന്ന പ്രവാസജീവിതത്തിലെ പ്രതികരണശേഷി മരിച്ച മനുഷ്യനെ ചൂണ്ടിക്കാണിക്കുന്ന 'ഈന്തപ്പനയോലകളില്‍ കാറ്റുപിടിക്കുമ്പോള്‍' തുടങ്ങി ഒരു പിടി കാവ്യങ്ങള്‍ ഈ പുസ്തകത്തില്‍ വായനയ്ക്ക് ഇടം പിടിക്കുന്നു . ഇന്നത്തെ ജീവിത പരിസരങ്ങളില്‍ ബന്ധങ്ങളുടെ അന്യമാകുന്ന ഇഴയടുപ്പങ്ങള്‍ തുറന്നു കാട്ടുന്ന 'ഉത്തരാധുനിക വീട് ' എടുത്തുപറയാവുന്ന ഒരു രചന ആണ് . അതുപോലെ മറ്റൊന്നാണ് 'പാനീസ് വിളക്ക് '.കാലത്തിന്റെ ഇരുണ്ട ഭൂതകാലത്തിലേക്ക് എറിയപ്പെടുകയും ഇന്ന് തിരികെ ആഡംബരത്തിന്റെ ഭാഗമായി ഷോക്കേസില്‍ തിളക്കമിട്ടിരിക്കുകയും ചെയ്യുന്ന പാനീസ് വിളക്കിലൂടെ നാം നഷ്ടപ്പെടുത്തുന്നതും കാലം ഓര്‍മ്മിപ്പിക്കുന്നതും ആയ പലതും നമ്മെ തേടിയെത്തുന്നു . പ്രവാസ ജീവിതത്തില്‍ നിന്നും നാട്ടിലേക്ക് എത്തുന്ന ഒരുവന്‍ തന്റെ യാത്രകളില്‍ കണ്ടെത്തിയേക്കാവുന്ന അനീതികള്‍ക്കു മുന്നില്‍ കണ്ണടച്ച് തന്റെ തിരികെ യാത്ര മുടക്കാത്ത വഴികള്‍ തേടുന്ന മാനസികാവസ്ഥയെ വ്യക്തമാക്കുന്ന 'ഹൃദയത്തിനിവിടെന്തു കാര്യം' എന്നത് ഓരോ പ്രവാസിക്കും നേരെ ചൂണ്ടുന്ന ഒരു തീക്കൊള്ളിയാണ് .
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഗ്രാമജീവിതത്തിന്റെ മധുരതരമായ ഓര്‍മ്മകളും പ്രണയത്തിന്റെ നനുത്ത തലോടലും മണല്‍ക്കാടിന്റെ ഉഷ്ണവും ദാഹവും ഒക്കെ കവിതകളില്‍ വരഞ്ഞിട്ടിരിക്കുന്ന ഇസ്മായില്‍ നല്ല ഭാഷ വൈദഗ്ധ്യം പ്രകടിപ്പിച്ചിരിക്കുന്നു തന്റെ രചനകളില്‍ . സുതാര്യവും മനോഹരവുമായ ഭാഷ പ്രയോഗം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്ന ഈ കവിതകള്‍ വായനക്കാരെ നിരാശരാക്കില്ല.
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment