Sunday, November 6, 2016

ചെറിയ ചെറിയ കഥകള്‍ ............ വി ആര്‍ സുധീഷ്‌

ചെറിയ ചെറിയ കഥകള്‍
വീ ആര്‍ സുധീഷ്‌
ഒലിവ് പബ്ലിക്കേഷന്‍സ്
വില 110 രൂപ

വായനയുടെ സുഗന്ധം എന്ന് പറയുന്നത് വായനയുടെ ആഴവും പരപ്പും ഒരു കൊച്ചു ചിമിഴില്‍ സമ്മാനിക്കുമ്പോള്‍ ആണ് എന്ന് തോന്നിപ്പോകുന്നു . വലിയ സാഗരങ്ങളെ ഒരു ശംഖില്‍ ഒതുക്കുന്ന ആ ജാലം ആണ് പലപ്പോഴും എഴുത്തുകാരനെ വ്യത്യസ്ഥനാക്കുക . അത്തരം വായനകള്‍ ലഭിക്കുക വായനക്കാരന് ഒരു ചാകര ലഭിക്കും പോലെ ആണ് .
വി ആര്‍ സുധീഷിന്റെ ചെറിയ ചെറിയ കഥകള്‍ വായിക്കുമ്പോള്‍ അതെ ഒരു അനുഭവം ആണ് ലഭിക്കുന്നത് . മനസ്സിലെ ചിന്തകളെ വെറും ലളിതമായ പദങ്ങളില്‍ കൂടി കുടഞ്ഞിടുന്ന ഈ കലാകാരന്‍ അക്ഷരങ്ങളെ എത്ര മനോഹരമായാണ് പ്രയോഗിച്ചിരിക്കുന്നത് എന്നത് വായനക്കാരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും . പറയാനുള്ളത് വളരെ മനോഹരമായി പറഞ്ഞു എന്നതാണ് ഈ പുസ്തകത്തിനെ പേരും ഉള്ളടക്കവും സൂചിപ്പിക്കുന്നത് . നമ്മുടെ ജീവിത പശ്ചാത്തലങ്ങളെ ദുരൂഹതകളെ , സമസ്യകളെ അവയുടെ അതെ വീക്ഷണകോണില്‍ നിന്നുകൊണ്ട് നമ്മെ കാണിച്ചു തരുന്ന ഓരോ കുറിപ്പുകളും വായിച്ചു കഴിഞ്ഞും മനസ്സില്‍ കിടന്നു പിടയുകയും കുരുക്കഴിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അനുഭൂതി നല്‍കുന്നു .
അന്‍പത്തി രണ്ടു കുഞ്ഞന്‍ കഥകളും ആയാണ് ഈ പുസ്തകം വായനക്കാരനെ സന്തോഷിപ്പിക്കാന്‍ കാത്തിരിക്കുന്നത് . ഓരോ കഥയില്‍ നിന്നും ഓരോ നോവലുകള്‍ നമ്മിലേക്ക്‌ വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന രീതിയില്‍ ഫ്രെയിം ചെയ്യപ്പെട്ട ഇവ വായനക്കാരെ നിരാശരാക്കുകയില്ല .
എല്ലാ കൃഷ്ണനും രാധയുടെതാണ് .
ഒരു രാമനും സീതയുടെതല്ല . എന്ന് എഴുത്തുകാരന്‍ നമ്മോടു പറയുമ്പോള്‍ അതില്‍ ഒരു വലിയ യാഥാര്‍ത്ഥ്യം അടങ്ങിയിരിക്കുന്നു എന്ന് നാം തിരിച്ചറിയുന്നു . ഓരോ ദിനവും തന്റെ പുസ്തകശേഖരത്തില്‍ കാക്കകള്‍ ഓരോ മനുഷ്യാവയവങ്ങള്‍ കൊണ്ടിടുകയും തന്റെ പുസ്തകങ്ങള്‍ ഒന്നൊന്നായി അവ നശിപ്പിക്കുകയും കൊണ്ട് പോകുകയും ചെയ്യുന്നു ഒടുവില്‍ ചീഞ്ഞളിഞ്ഞ ഗന്ധത്തിനു നടുവില്‍ ഒറ്റക്കായ അയാളുടെ നിറുകയില്‍ ആണ് അന്ന് വന്ന കാക്കകള്‍ കൊത്തുന്നത് . സമകാലികമായ മാനുഷിക വിചാര വികാരങ്ങളെ എത്ര തന്മയത്തോടെ വരികളില്‍ വരച്ചിടുന്നു . വായനയുടെയും എഴുത്തിന്റെയും മലീമസമായ പുതിയകാലത്തിനെ എത്ര ലളിതമായി എഴുത്തുകാരന്‍ അടയാളപ്പെടുത്തുന്നു .നഷ്ടമാകുന്ന മനുഷ്യബന്ധങ്ങളും ആധുനിക സങ്കേതങ്ങളില്‍ നഷ്ടപ്പെടുന്ന കാഴ്ചകളും ഒരു എലിയിലൂടെ സുധീഷ്‌ വരയ്ക്കുന്നു . ഓരോ സന്ദര്‍ശനത്തിലും തന്നെതിരിച്ചറിയാതെ പോകുകയും പരിചയപ്പെടുത്തുന്ന വേളയില്‍ എലിയുടെ ശല്യത്തെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്യുന്ന ചങ്ങാതിയുടെ അമ്മ ഒടുവില്‍ ശൂന്യമായ മുറിയില്‍ തനിച്ചാകുമ്പോള്‍ തന്നെ തിരിച്ചറിയുന്ന കാഴ്ചയില്‍ നമ്മുടെ നാടിന്റെ ഇന്നത്തെ മുഖം പതിഞ്ഞു കിടക്കുന്നുണ്ട് . രാഷ്ട്രീയവും പ്രണയവും മതവും സാഹിത്യവും കുടുംബവും വിരഹവും കണ്ണീരും ബാല്യവും പല പല വര്‍ണ്ണങ്ങളില്‍ തീര്‍ത്ത മുത്തുകള്‍ ആയി ഇതില്‍ നിറച്ചു വച്ചിരിക്കുന്നു . എടുത്തുപറയാന്‍ അല്ല എടുത്തു വായിക്കാന്‍ ആണ് പറയാന്‍ ആഗ്രഹിക്കുന്നത് എന്നിടത്താണ് ഈ പുസ്തകത്തിന്റെ മനോഹാരിത എത്ര എന്ന് മനസിലാക്കുക ഓരോ വായനക്കാരനും. ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

2 comments:

  1. വായിച്ചില്ല.വായിക്കണം.

    ReplyDelete
  2. കൊച്ചു തുള്ളികളുടെ മുഴക്കം
    ആശംസകള്‍

    ReplyDelete