സ്വോൺ റിവറിലെ വർണ്ണമരാളങ്ങൾ
വൈ. എ . സാജിദ
ഒലിവു പബ്ലിക്കേഷൻ
വില: 90 രൂപ
യാത്രാവിവരണ ഗ്രന്ഥങ്ങൾ വായിക്കുക എന്നാൽ വായനക്കാരനെ കൂടി യാത്രയിലേക്കു കൂട്ടിക്കൊണ്ട് പോകൽ എന്നാണ്. പലപ്പോഴും എഴുത്തുകാർ പരാജയപ്പെടുക ഇത്തരം യാത്രകൾക്കിടയിൽ വായനക്കാരൻ ഉറങ്ങിപ്പോകുകയോ , തിരികെ നടക്കുകയോ ചെയ്യും എന്നുള്ളിടത്താണ്. ഒരു ഭൂവിഭാഗത്തിന്റെ സംസ്കാരത്തിന്റെ ,ചരിത്രത്തിന്റെ , പ്രകൃതിയുടെ ഒക്കെ നേർചിത്രമാണ് യാത്രാ വിവരണങ്ങൾ. കാണാത്ത നാടുകളിലൂടെ കൈ പിടിച്ചു നടത്തുന്ന ആ കഴിവു എഴുത്തുകാരനു എത്ര മനോഹരമായി നിർവ്വഹിക്കാനാകുമോ അത്ര കണ്ടു വായനക്കാരൻ സന്തോഷവാനാകുന്നു. യാത്രകൾ ഭാഗ്യങ്ങളാണ്. അവ മനസ്സിനെ കൂടുതൽ പരുവപ്പെടുത്താനുതകുന്നു. പൊതുവേ യാത്രകളിൽ നാം കാണുക പുരുഷ വാക്കുകൾ ആണ്. കാരണം അവന്റെ ലോകം വളരെ വിശാലവും സ്വതന്ത്രവുമാണ് ഈ കാലഘട്ടം വരെയും. ഇതിനാലാണ് വളയിട്ട കൈകൾ യാത്രകളെക്കുറിച്ചു പറയുമ്പോൾ വായനക്കാരനു അത്യന്തമായ ആനന്ദം തോന്നുക. പ്രത്യേകിച്ചും മനസ്സിലാക്കുന്ന ഒരു വിഷയം സ്ത്രീ യാത്രകൾ പലപ്പോഴും പുണ്യ ക്ഷേത്രങ്ങളുടെ ചുറ്റുവട്ടങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്ന കാഴ്ചകളാണ്. ഇതിനു ഘടകവിരുദ്ധമായി മലയാളത്തിൽ വളരെ കുറച്ചു യാത്രാവിവരണ ഗ്രന്ഥങ്ങളെ ലഭ്യമുള്ളൂ എന്നു കാണാം. കെ.എ. ബീന , സർഗ്ഗ റോയ് തുടങ്ങി ചിലരെ വായിക്കാൻ അതും വ്യത്യസ്ഥ വായനകളെ വായിക്കാൻ കഴിഞ്ഞതിനപ്പുറം പുതിയ വായനകൾ മനസ്സിൽ തടയാതിരുന്നത് യാത്രകൾ മേൽപ്പറഞ്ഞ പോലുള്ള തീർത്ഥാടന വിവരണങ്ങൾ ആയതിനാലും വായനയിൽ അധികം തടയാതെ / കാണാതെ പോയതിനാലും ആകണം.
ഇത്തരം ഒരു അവസ്ഥയിലാണ് വൈ. എ.സാജിദയുടെ ''സ്വോൺ റിവറിലെ വർണ്ണമരാളങ്ങൾ " വായിക്കാൻ കഴിഞ്ഞത്. ആസ്ത്രേലിയയിലേക്ക് യാത്ര പോയ വിവരണങ്ങൾ ഗ്രന്ഥകാരി പങ്കു വയ്ക്കുന്ന ഈ പുസ്തകത്തിനു അനുയോജ്യമായ അവതാരികയുമായി കെ.എ. ബീനയും ഉണ്ട്. ലോകയാത്രാവിവരണഗ്രന്ഥങ്ങളിലെ പെൺ സാന്നിദ്ധ്യങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വളരെ മനോഹരമായ അവതാരിക കടന്നു ഉള്ളിലേക്ക് കടക്കുമ്പോൾ വായന വളരെ സുഗന്ധപൂരിതമായി അനുഭവപ്പെട്ടു. വ്യക്തവും വിശദവുമായ ഒരു യാത്രാവിവരണം . അതിശയോക്തികൾ ഒട്ടുമില്ലാത്ത അക്ഷരത്തെറ്റുകളില്ലാത്ത സുന്ദരമായ വിവരണം. സഞ്ചരിച്ച ഇടങ്ങളെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ച എഴുത്തുകാരി അതിനെ വിശദമായിത്തന്നെ പങ്കു വയ്ക്കുമ്പോൾ വായനക്കാർ ആ ഇടങ്ങളിലൂടെ നേരിൽ സഞ്ചരിക്കുന്ന സുഖം അനുഭവിക്കുന്നു. ചരിത്ര, സാമൂഹിക. സാംസ്കാരിക തലങ്ങളിലെ വിശദമായ വിവരണങ്ങൾ അന്വേഷണകുതുകികളിൽ തീർച്ചയായും ആ ഇടങ്ങളിലേക്ക് ഒരു യാത്രയുടെ അദമ്യമായ ആഗ്രഹം ഉടലെടുപ്പിക്കുക തന്നെ ചെയ്യും. അബോർജിനുകളെക്കുറിച്ചും വർണ്ണമരാളങ്ങളെക്കുറിച്ചും ചരിത്ര ശേഷിപ്പുകളുടെ ഗുഹാ വിശേഷങ്ങളെക്കുറിച്ചും ആകാശച്ചരുവിൽ നക്ഷത്രങ്ങളെ തൊട്ടു നോക്കാൻ വെമ്പിയ രാവിനെയും ഒക്കെ അനുഭവിക്കാൻ / അറിയാൻ പ്രേരിപ്പിക്കുന്ന ഭാഷയും വിവരണവും. തീർച്ചയായും വായിക്കപ്പെടേണ്ട ഒന്നു തന്നെയാണ് ഈ പുസ്തകം. ആശംസകളോടെ ബി.ജി.എൻ വർക്കല
ആശംസകള്
ReplyDelete