Thursday, November 24, 2016

പങ്കായം നഷ്ടപ്പെടുമ്പോൾ

ഒരു നേർരേഖയിൽ നിന്നും
ഒരു ചെറിയ ബിന്ദുവിലേക്കു
അല്ലെങ്കിൽ
ഒരു സൂര്യനിൽ നിന്നും
ഒരു മിന്നാമിന്നിയിലേക്ക്
ഞാൻ ചുരുങ്ങിത്തുടങ്ങുമ്പോൾ
എന്നെ ഉൾക്കൊള്ളാനാവാതൊരു
കടൽച്ചിപ്പി വിങ്ങുന്നു....
ഒരിക്കലും ഉത്തരം തരാത്ത
ചോദ്യമായി ഞാൻ !
നീയൊരിക്കലും മനസ്സിലാക്കാതെ പോയ
നിശ്ശബ്ദതയായിരിക്കുന്നു.
നിസ്സംഗതയുടെ നിഴൽ വീണ
നിന്റെ നയനങ്ങളിൽ പെട്ട്
എന്റെ പ്രതീക്ഷകളുടെ ചിറകു കരിയുന്നു.
ഉരുകിത്തീരാൻ കൊതിക്കുമൊരു
മെഴുകുതിരിയായ് ഞാൻ
വീശിയടിക്കുന്നൊരു കാറ്റിനെ
വരവേല്കാനൊരുങ്ങുന്നു.
തുടങ്ങി വയ്ക്കാൻ മടിച്ചു
ഞാനെന്റെ സ്വപ്നങ്ങളെ മണ്ണിലെറിയുന്നു.
യാത്ര പറച്ചിലുകൾ
ഇല്ലാതൊരു യാത്ര കൊതിച്ചു
ഉറങ്ങാതിരിക്കുന്നു ഞാൻ.
..... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment