Tuesday, November 29, 2016

ബോണ്‍സായ് ......എഡിറ്റര്‍ ഉണ്ണി കുലുക്കല്ലൂര്‍

ബോണ്‍സായ്
(കവിതാ സമാഹാരം )
എഡിറ്റര്‍ ഉണ്ണി കുലുക്കല്ലൂര്‍
ലിപി പബ്ലിക്കേഷന്‍സ്
വില 90 രൂപ

കവിതകള്‍ക്ക് മാര്‍ക്കറ്റ് നഷ്ടമാകുകയും പ്രസാധകര്‍ കവിതയെ കയ്യൊഴിഞ്ഞു കഥകളും നോവലുകളും ഓര്‍മ്മക്കുറിപ്പുകളും ജീവചരിത്രങ്ങളും തേടി അലയുകയുംചെയ്യുന്ന കാലമാണിത് . വന്‍കിട പ്രസാധകര്‍ എല്ലാം തന്നെ പുസ്തകത്തോട് അനുബന്ധിച്ചുള്ള അണിയറനീക്കങ്ങളിലൂടെ വിവാദങ്ങളെ ചുംബിച്ചുകൊണ്ട് പുസ്തകത്തിനു മാര്‍ക്കറ്റ് കണ്ടെത്താന്‍ ഉള്ള തീവ്രശ്രമങ്ങളില്‍ ആണ് . വായനക്കാര്‍ കുറഞ്ഞു വരുന്നതാണോ , അച്ചടി മാധ്യമങ്ങളുടെ നിലനില്‍പ്പ്‌ പരുങ്ങലില്‍ ആയതാണോ എന്ന കാര്യം ഇത്തരുണത്തില്‍ ചര്‍ച്ചാവിഷയം ആകേ ണ്ടിയിരിക്കുന്നു . കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന പ്രസാധകര്‍ ഉള്ള മലയാളത്തില്‍ ഇന്ന് എഴുത്തുകാരുടെ എണ്ണം വായനക്കാരിലും കൂടുതല്‍ ആണെന്ന പ്രഹസനവും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നുണ്ട് . സാമൂഹ്യ ഇടങ്ങളില്‍ ഇരവാദം എങ്ങനെയോ അതുപോലെ ആയിരിക്കുന്നു ഇന്ന് എഴുത്തുകാരില്‍ പ്രവാസ എഴുത്തുകാരുടെ അവസ്ഥയും . ഞങ്ങള്‍ ഇവിടെ ജീവിച്ചിരിക്കുന്നു . ഞങ്ങളെയും ശ്രദ്ധിക്കൂ എന്ന നിരന്തരമായ സമരം അവനു നടത്തേണ്ടി വരുന്ന അവസ്ഥ ആണ് ഇന്ന് ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന എഴുത്തുകാരില്‍ നിലനില്‍ക്കുന്നത് . എന്താകും ഇത്രയേറെ എഴുത്തുകാര്‍ വിദേശത്ത് എന്ന ചിന്ത തുടങ്ങുന്നിടത്ത് ആണ് കേരളത്തിലെ നിലവിലെ സാമൂഹ്യ സാമ്പത്തിക തലങ്ങളിലെ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരുന്നതും കുടിയേറ്റക്കാരന്റെ കാര്യം മലയാളം ഓര്‍ക്കുകയും ചെയ്യുന്നത് . കുടിയേറ്റം ഒരു സംസ്കാരത്തിന്റെ പറിച്ചു നടല്‍ ആകുകയും , ജന്മനാടിന്റെ ഓര്‍മ്മകളില്‍ ഓരോ കുടിയേറ്റക്കാരനും വിങ്ങുകയും ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ ആയി അവ പുറത്തേക്ക് ഒഴുകുക സ്വാഭാവികം മാത്രം . കേരളത്തിലെ എഴുത്തുകാര്‍ക്ക് ഇന്ന് വിഷയങ്ങള്‍ ഇല്ലാതെ പോകുകയും അവര്‍ അനുകരണങ്ങളില്‍ പെട്ടു പോകുകയും ചെയ്യുമ്പോള്‍ പ്രവാസഭൂമികയില്‍ ഒരുകാലത്ത് സ്ഥിരമായി നിലനിന്ന ഒരു പോരായ്മയായിരുന്നു ഗൃഹാതുരതയുടെ മുതലക്കണ്ണീര്‍ . ഇന്ന് തുറന്ന ചര്‍ച്ചകളും , അഴിച്ചുപണിയലുകളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തന്നെ ഈ ഒരു നിലപാടില്‍ മാറ്റം ഉണ്ടാകുന്നു എന്നത് ശുഭകരമായ ഒരു ചിന്തയും പരിവര്‍ത്തനവും ആണ് . ഇവിടെ എഴുത്തുകാരന്‍ പലപ്പോഴും തന്റെ കടമയായ എഴുത്ത് നിര്‍വ്വഹിച്ചു കടന്നു പോകുമ്പോള്‍ ഇതിനെ വെളിച്ചം കാണിക്കുന്ന പ്രസാധകന്‍ തന്റെ പോരായ്മകള്‍ കൊണ്ട് എഴുത്തുകാരനെയും കൃതിയും തേജോവധം ചെയ്യുന്ന ദയനീയ കാഴ്ചയും ഉയര്‍ന്നു വരുന്നുണ്ട് . തീര്‍ച്ചയായും കൂണുകള്‍ പോലെ ഉയര്‍ന്നു പൊങ്ങുന്ന പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും ഇടയിലേക്ക് ഒരു പുതിയ തൊഴില്‍അവസരം ഉയര്‍ന്നു വരുന്നു. അതാണ്‌ എഡിറ്റര്‍ . ഒരു നല്ല എഡിറ്ററുടെ പോരായ്മ ഇന്നിറങ്ങുന്ന ഒരു വിധം എല്ലാ പുസ്തകങ്ങളും പേറുന്നുണ്ട് എന്നതിനാല്‍ തന്നെ ആ ഒരു തലത്തിലേക്ക് നല്ലൊരു പഠനം നടക്കുകയും ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞു വരികയും ചെയ്യുക തന്നെ വേണം .
ശ്രീ ഉണ്ണി കുലുക്കല്ലൂര്‍ ആദ്യമായി എഡിറ്റര്‍ പദവി അലങ്കരിച്ചു കൊണ്ട് പുറത്തിറങ്ങുന്ന കവിതകളുടെ സമാഹാരം ആണ് ബോണ്‍സായ്. ഗള്‍ഫ് മേഖലയിലെ അറിയപ്പെടുന്ന കവികള്‍ തൊട്ടു ഇന്നുവരെ ഒരു കവിതപോലും അച്ചടിരൂപത്തില്‍ ആക്കാത്ത കവികള്‍ അടങ്ങുന്ന 44 പേരുടെ കവിതകള്‍ ആണ് ഇതിലുള്ളത് .
സത്യന്‍ മാടക്കരയുടെ യൂട്യൂബിലെ കോഴി ആണ് ആദ്യ കവിത . തുടക്കം നന്നായാല്‍ ഒടുക്കം വരെ നന്നാവും എന്നാണു . പക്ഷെ തുടക്കം തന്നെ കല്ലുകടിയായാല്‍.. എഴുത്തിന്റെ തഴക്കവും പഴക്കവും നല്‍കുന്ന അമിതവിശ്വാസം ആകാം കവിത കോഴി ചികഞ്ഞിട്ട പറമ്പ് പോലെ ആയി . വിരസതയെ മാറ്റിയെടുത്തത് ശിവപ്രസാദിന്റെ അമ്മിണി ആണ് . അത് കടലല്ല അമ്മിണീ അപ്പന്റെ കണ്ണീരാന്നു ആന്‍സി പിറുപിറുക്കുമ്പോള്‍ വായനക്കാരനും കണ്ണില്‍ ഉപ്പു നീറിയേക്കും/ തുടര്‍ന്ന് സ്വയം നഷ്ടമായ മനുഷ്യനെ നിഷ്കളങ്കതയില്‍ കുളിപ്പിച്ചെടുക്കാന്‍ ഇസ്മയില്‍ മേലടി തന്റെ വാര്‍ത്തകള്‍ ഓര്‍മ്മിക്കാനുള്ളതല്ല എന്ന കവിതയില്‍ ശ്രമിക്കുന്നു . ആസുരതയുടെ ഈ കാലത്ത് വാര്‍ത്തകള്‍ നല്‍കുന്ന ഭയാനക പ്രഭാതങ്ങളെ നോക്കി പകച്ചു നില്‍ക്കുന്നവന്റെ ആകുലതകള്‍ ആണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഈ കവിതയില്‍ . കാലികമായ ജീവിത പരിസരത്തില്‍ നിയമം സാധാരണക്കാരന് വെറും തീകായാന്‍ ഉള്ള ഒരു ഉപാധി മാത്രമാണെന്ന് രാജേഷ് ചിത്തിര തന്റെ ആന്‍റി നാഷണല്‍ എന്ന കവിതയില്‍ പരിഹസിക്കുന്നു . അവിടെയും പുതിയ കാലത്തിന്റെ തിരിച്ചറിവ് ആയി മകന്‍ ഓര്‍മ്മിപ്പിക്കുന്നു അത് നിയമപുസ്തകം ആണ് എന്നത് ഒരു ശുഭസൂചികയായി നമുക്ക് കാണാന്‍ കഴിയും . ഇര എന്ന കവിതയില്‍ ഹണി ഭാസ്കര്‍ പറയുവാന്‍ ശ്രമിക്കുന്നത് അടിച്ചമര്‍ത്തപ്പെടുന്ന എഴുത്തുകാരനെ ആണ് . ഫാസിസം നാം എന്തെഴുതണം എന്ന് തീരുമാനിക്കുന്ന ഈ കാലത്തെക്കുറിച്ച് പറയുമ്പോള്‍ പക്ഷെ തന്റെ പറയാനുള്ള വ്യഗ്രതയാല്‍ വരികളില്‍  പതറിനിന്നു പോകുന്നു. വേഴാമ്പലുകള്‍ കാത്തിരിക്കുന്നത് മഴയെ ആണ് ഇപ്പോഴും എന്നിരിക്കിലും നീലമേഘങ്ങള്‍ കാംഷിക്കുന്ന വേഴാംബലുമായി ഷീല പോള്‍ തന്റെ തിരയും തീരത്തിലും കടന്നു വരുന്നു . ആത്മീയ തലങ്ങളില്‍ നിറഞ്ഞു നിൽക്കാന്‍ ഉള്ള ഒരു ത്വര വരികളില്‍ പിടയുന്നുവെ ന്നു മാത്രം . വനിതാ വിനോദു തന്റെ അവള്‍ എന്ന കവിതയിലൂടെ സ്നേഹിക്കാന്‍, സ്നേഹിക്കപ്പെടാന്‍ അഭിവാഞ്ചയുള്ള ഒരുവളെ പരിചയപ്പെടുത്തുന്നു . അപമാനിക്കപ്പെടുന്ന പെണ്ണുടലുകളെ ഓര്‍ത്ത്‌ വേദനിക്കുന്ന ഹൃദയവുമായി സബീന സാലി തന്റെ എക്കോ ഫെമിനിസ്റ്റ് പരിചയപ്പെടുത്തുന്നു . ജിഷയും ഡല്‍ഹി പെണ്‍കുട്ടിയും അടങ്ങുന്ന കാലികതയുടെ ദുരന്തങ്ങളെ വരയ്ക്കാന്‍ ശ്രമിക്കുന്ന കവിത . ഭ്രഷ്ട് എന്ന കവിതയിലൂടെ സര്‍ഗ റോയ് നായയുടെ പരിണാമദശകളെ വിശദീകരിക്കുന്നു . സീസര്‍ എന്ന നാമത്തിലൂടെ വായനക്കാരനെ അധികാരത്തെ അതിന്റെ സുഖലോലുപതയെ മേല്‍നിലയില്‍ നിന്നും തെരുവിലെത്തിക്കുന്ന അവസ്ഥയെ വിവരിച്ചു കൊണ്ട് വരികയും ഒടുവില്‍ അത് മാളിക മേലിരുന്നവന്റെ തോളില്‍ മാറാപ്പ് കയറ്റിയതല്ല വളര്‍ത്തുനായ തെരുവ് നായ ആയതാണ് എന്ന് അറിയുകയും ചെയ്യുന്ന പകപ്പ്  നല്‍കുന്നു . സഖാവ് ക്രെഡിറ്റ് കാര്‍ഡ് എന്ന കവിതയില്‍ അനൂപ്‌ ചന്ദ്രന്‍ ലോകം ഒരു ഷോപ്പിംഗ് മാള്‍ ആണെന്നും ജീവിതം വിന്‍ഡോ ഷോപ്പിംഗ് ആണെന്നും കണ്ണാടിക്കൂട്ടില്‍ നിന്നുറങ്ങുന്ന പ്രതിമകള്‍ കാണുന്ന സ്വപ്നമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതമെന്നും പറയുന്നു . ആശയങ്ങളുടെ അപചയത്തെതുടര്‍ന്ന് ഇന്ന് ഇസങ്ങള്‍ എവിടെയെത്തി നില്‍ക്കുന്നു എന്ന വ്യക്തമായ രേഖാചിത്രം അനൂപ്‌ പങ്കു വയ്ക്കുന്നു ഈ കവിതയില്‍ . സലിം അയ്യനേത്ത് തന്റെ മൂന്നു കൊച്ചു കവിതകളില്‍ക്കൂടി പ്രണയത്തിന്റെ നൊമ്പരങ്ങള്‍ പങ്കു വയ്ക്കുന്നു . സ്വത്വം എന്ന കവിതയില്‍ ഷാജി ഹനീഫ് പലായനത്തിന്റെ ദയനീയത പങ്കു വയ്ക്കുന്നു . പകയില്ലാതെ ഇരയുടെ മിഴികളുമായി തമ്പ് വിട്ടുപോകുന്ന ജനതയെ പിന്തുടരുന്നയാള്‍ ഒരു അപേക്ഷ മാത്രം വയ്ക്കുന്നു . ഒരു നോട്ടം കൊണ്ട് എങ്കിലും നീ പ്രതികരിക്കൂ എന്ന് മാത്രം . മതേതരത്വം എന്ന കവിതയിലൂടെ ബിജു ജീ നാഥ് വ്യഭിചരിക്കപ്പെട്ട മതേതരത്വം എന്ന പദത്തെ ഓര്‍ക്കുന്നു . പറയാനുള്ളത് പരത്തിപ്പറഞ്ഞു വരികളുടെ ഭംഗി നഷ്ടപ്പെടുത്തിയ ആശയം ആയിരുന്നു വായന നല്‍കിയത് . വരണ്ടുണങ്ങാത്ത നന്മയുടെ ഭൂമി തേടുന്ന ഗായത്രി വിമല്‍ തന്റെ എന്റെ കറുത്ത പക്ഷിയിലൂടെ ആ നന്മയെ ഇനിയും മനുഷ്യത്വം മരിച്ചിട്ടില്ലാത്തവര്‍ക്ക് പങ്കുവയ്ക്കാന്‍ അപേക്ഷിക്കുന്നു . മനീഷ് നരിണിപ്പുഴ തനിയാവര്‍ത്തനം എന്ന കവിതയില്‍ മൂന്നാം ക്ലാസ്സില്‍ പിഴച്ചു പോയ വാക്കിന്റെ അര്‍ത്ഥം തിരഞ്ഞു പകച്ചു നില്‍ക്കുന്നു ഷേക്ക്‌ സയദ് റോഡില്‍ പെട്രോളടിച്ചു കൊടുക്കാന്‍ നില്‍ക്കുന്നവനെ പ രിചയപ്പെടുത്തുന്നു . നിസ്സഹായതയുടെ അവസ്ഥാന്തരത്തില്‍ നാടുകടത്തപ്പെടുമ്പോള്‍ അസ്ഥിത്വം തിരിച്ചറിയുന്നവന്റെ ദുഃഖം ബാക്കിയാക്കുന്നു .ഇരുട്ട് എന്ന കവിതയിലൂടെ ഹാരിസ് വാളാട് രാത്രിയുടെ ഭീകരതയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു . ഇരുട്ടെന്നാല്‍ ഇണചേരലാണ് , ക്രൌര്യ നഖങ്ങളുടെ കേദാരമാണ് എന്ന സ്ഥിരം തത്വത്തിലേക്ക് നടക്കുന്ന കവി ഒടുവില്‍ ഈ രക്തങ്ങള്‍ എല്ലാം ഒഴുകി വേദനയുടെ തീരങ്ങള്‍  താണ്ടി വിശുദ്ധിയുടെ ഗര്‍ത്തങ്ങളില്‍ വിലയിക്കും എന്ന് പ്രത്യാശിക്കുമ്പോള്‍ വായനക്കാരന്‍ ഓരോ ദാരുണമരണങ്ങളെയും ഒരുപക്ഷെ ന്യായീകരിച്ചേക്കാം കാരണം അവ വാഴ്ത്തപ്പെടുകയാണല്ലോ എന്നോര്‍ത്തു .  നവീകരണം തന്നില്‍ നിന്നും തന്നെ തുടങ്ങണം എന്ന സത്ചിന്തയുടെ ചോദ്യവും , നഷ്‌ടമായ സൌഹൃദങ്ങളുടെ ദൂരം തീര്‍ത്ത വഴികള്‍ തേടലും കൊണ്ട് ചോദ്യം , ദൂരങ്ങള്‍ എന്നീ രണ്ടു ചെറു കവിതകളുമായി സഹര്‍ അഹമ്മദ് നിശബ്ദം അരികു പറ്റി കടന്നു പോകുന്നു .അനസ് മാള യുടെ എന്നെയും എന്ന കവിത പങ്കു വയ്ക്കുന്നത് ചൂക്ഷണം ചെയ്യപ്പെടുന്ന പെണ്ണുടലുകളുടെ ചോദ്യങ്ങളിലൂടെയൊരു ഓര്‍മ്മപ്പെടുത്തല്‍ ആണ് . ഇന്നിനു നഷ്ടമാകുന്ന പ്രതികരണശേഷിയുടെ നേര്‍ക്കുള്ള ചില ചോദ്യശരങ്ങള്‍ തൊടുക്കുന്നു അനസിതില്‍ . ലത്തീഫ് മമ്മിയൂരിന്റെ സൗമ്യനും ക്രൂരനും പങ്കുവയ്ക്കുന്നത് നന്മയുടെയും തിന്മയുടെയും പരസ്പര പ്രതിരോധങ്ങളെയാണ് . ആത്യന്തികമായി നന്മ ജയിക്കുകയും നവ മുകുളങ്ങള്‍ അവ ആസ്വദിക്കുകയും ചെയ്യുന്ന സ്വപ്നം പങ്കിടുന്നു കവി ഇവിടെ. നിഴലിന്റെ സൗന്ദര്യം സത്യം ഇവയെ തിരഞ്ഞു പോകുന്ന അംബിക സദാശിവന്‍ ജനനം മുതല്‍ മരണം വരെ പല രൂപത്തില്‍ കൂടെയുള്ള നിഴലുകളെ പരിചയപ്പെടുത്തുന്നു ഒപ്പം തനിക്കു തെളിഞ്ഞു കത്താന്‍ കാത്തുനില്‍ക്കാത ദീപത്തെ ദുഖത്തോടെ ഓര്‍ക്കുന്നു തന്റെ നിഴൽ എന്ന കവിതയിൽ  . സീനോ ജോൺ നെറ്റോ ഉടലിലൂടെ ഉടലിന്റെ ബന്ധമില്ലായ്മ നോക്കിക്കാണുന്നു . പെണ്ണുടലിൽ കാമത്തിന് കണ്ണില്ലല്ലോ എന്ന പരിതാപം പങ്കു വയ്ക്കുന്നു കവിതയിൽ . കാസർഗോഡ് ഭാഗങ്ങളിൽ കുന്നുകൾ തിരശ്ചീനമായി തുരന്നു നിർമ്മിക്കുന്ന ജലസ്രോതസ്സുകൾ ആയ തുരങ്കങ്ങൾക്ക് ഇന്ന് സംഭവിച്ച അപചയവും ദുഖവും പങ്കു വയ്ക്കുന്നു സുരംഗം എന്ന കവിതയിലൂടെ മുരളി മീങ്ങോത്ത് . ടി കെ ഉണ്ണിയുടെ ഉല്ലാസക്കളികൾ പങ്കു വയ്ക്കുന്നത് കാലികമായ ഇന്ത്യൻ രാഷ്ട്രീയത്തിലെ നരഭോജികളുടെ ഉല്ലാസവിനോദങ്ങൾ തന്നെയാണ് . കിനാവ് എന്തെന്ന് റഫീഖ് മേമുണ്ട കുഞ്ഞൻ വരികളിൽ പങ്കു വയ്ക്കുന്നു . ശാലിനി സാരംഗ് ആകട്ടെ മഴയിലൂടെ നടക്കുമ്പോൾ എന്ന കവിതയിലൂടെ പിരിഞ്ഞു പോയ പ്രണയത്തിന്റെ തിരിച്ചറിവുകൾ മഴയിലൂടെ ഓർത്തെടുക്കുന്നു . മുനീർ കെ ഏഴൂർ ആകട്ടെ ഉമ്മ എന്ന കവിതയിലൂടെ മാതൃത്വത്തിന്റെ മഹനീയതയും നഷ്ടവും വേദനയുടെ വരികളിൽ കുറിച്ചിടുന്നു . രാജീവ് കെ മുരളി പ്രശ്നബാധിത ചായക്കടയിൽ തീവ്രവാദത്തിന്റെ ചായക്കോപ്പയിൽ അതിരുകൾ കോറിയിടുന്ന കാഴ്ച പങ്കു വയ്ക്കുന്നു . സുഭാഷ് ദാസ് 'അമ്മ പഠിപ്പിച്ച പുസ്തകം എന്ന കവിതയിൽ ആദ്യാക്ഷരം , അറിവുകൾ പങ്കു വച്ച അമ്മയിലൂ ടെയും തനതു കാഴ്ചകളിലൂടെയും മാതാപിതാക്കളെ അറിയുന്നു . അരുവി മോങ്ങം ചതിച്ചവനോട് എന്നകവിതയിൽ മണലിന്റെ മാറിൽ ഇനിയാരെയും ചതിക്കില്ലെന്ന് എഴുതി തിര വന്നു അത് മായ്ക്കുന്നതു വരെ കാത്തിരിക്കാൻ പറയുന്നു . കാരണം അതിലൊരു നുര താനാകുമെന്നു ഓർമ്മപ്പെടുത്താൻ മാത്രം . കാലം മാറി കഥ മാറിഈ ലോകവും എന്ന കവിതയിൽ ജോയ് ഗുരുവായൂർ  ഭൂമിയെ ചൂക്ഷണം ചെയ്യുന്ന മനുഷ്യന്റെ ക്രൂരതയെ ഓർക്കുന്നു . ഓർമ്മകളിലെ ഗ്രാമീണ പച്ചപ്പിനെ തിരികെ ലഭിക്കില്ലെന്ന നിശ്വാസത്തോടെ കരുണ വറ്റരുതെന്നുപുതുകാലത്തെ ഓർമ്മിപ്പിക്കുന്നു . മാഞ്ഞു പോയ വഴികളിൽ ബഷീർ മൂളിവയൽ  പോയകാലത്തിനും ഇന്നത്തെ കാലത്തിനും ഇടയിൽ അയല്പക്കങ്ങൾക്കു സംഭവിച്ച ബന്ധങ്ങളുടെ പൊട്ടിപ്പോയ ചരടുകൾ കാലികമായ കാഴ്ച വിവരിക്കുന്നു  . മറുമൊഴിയിൽ ഷാജഹാൻ നന്മണ്ട പ്രണയത്തിന്റെ ലഹരിയിൽ ഓർമ്മയിൽ മേയുന്നു . സിബി ശ്രീമോൻ തന്റെ പെൻഡുലം എന്ന കവിതയിൽ നീയും ഞാനും തമ്മിലുള്ള അന്തരം എവിടെ എന്ന അന്വേഷണത്തിൽ .ആണ്  പ്രദീപ് കുട്ട്യാട്ടൂർ പ്രവാസത്തിൽ അവധിക്കാ ലം എന്ന മരീചികയിലേക്ക് തന്റെ ദിനാന്ത്യങ്ങളെ ഓടിച്ചു വിടുന്ന പ്രവാസിയുടെ  കാഴ്ച വരയ്ക്കുന്നു . നീതിദേവത എന്ന കവിതയിൽ ബിജു എൻ കെ ആരാണ് നീതി ദേവതയ്ക്കു ആ അധികാരം നൽകിയതെന്ന് ചോദിക്കുന്നു .   സോണി വേളൂക്കാരൻ നിന്റെ ജ്വരം എന്നിലേക്ക് സംക്രമിക്കുമ്പോൾ എന്ന കവിതയിൽ പ്രണയിനിയുമായുള്ള പ്രണയ നിമിഷങ്ങളെ ജ്വരബാധിതമായ ചിന്തകളിൽ പടർന്നു കുതിരുന്നത് അടയാളപ്പെടുത്തുന്നു . അജിത്കുമാർ  അനന്തപുരി ആശങ്ക എന്ന കവിതയിലൂടെ ഫല വർഗ്ഗങ്ങളിൽ കീടനാശിനികൾ കലർത്തുന്നതിനാലും അജിനോമോട്ടോയുടെ അർബുദ കാരണത്താലും പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടമാകും ഒന്നും ഇനി തിരികെ ലഭിക്കില്ല എന്ന് വിലപിക്കുന്നു. ഷിജു വർഗ്ഗീസ് തന്റെ കാഴ്ചയിൽ അന്തതയെന്നത് അനിവാര്യമായ ഇടങ്ങളിൽ എടുത്തണിയാനുള്ള പഴന്തുണിയാണെന്ന് നാം പറയാതെ പറയുന്നു എന്ന് രേഖപ്പെടുത്തുന്നു .ഗർഭമലസിപ്പിച്ചത്തിന്റെ പിറ്റേ ദിവസം കണ്ട കുട്ടിക്കുപ്പായം പിന്നെ വാങ്ങാൻ കഴിയുന്നത് ദത്തുപുത്രിക്ക് വേണ്ടി ആയിരുന്നെന്നു ദുഃഖം, പാപബോധം പങ്കു വയ്ക്കുന്നു ഷൗക്കത്തലി പുളിങ്ങോം തന്റെ കുട്ടിക്കുപ്പായത്തിൽ . കാവ്യപ്രകാശനം എന്ന കവിതയിൽ വെള്ളിയോടൻ പ്രണയത്തിന്റെ മാന്ത്രിക സ്പര്ശനം തന്നിലേക്ക് സന്നിവേശിക്കപ്പെട്ടപ്പോൾ ചിതലരിച്ച ചിന്തകളെ അഗ്നിയിലേ ക്ക് തള്ളിയിട്ടതും അഗ്നിയിൽ തൻ സ്വയം ഉരുകിത്തീർന്നതും . എന്നിട്ടു അസ്ഥിക്കഷണങ്ങളിലൂടെ ഉയിർത്തെഴുന്നേറ്റതും പ്രണയിനിയുടെ അടഞ്ഞ കണ്ണുകൾക്ക് മീതെ കുലച്ച വില്ലുകൾക്കിടയിൽ കവിതയായി മാടിവിളിച്ചു എങ്ങോ പോയപ്പോൾ അവളുടെ ഹൃദയം തുറന്നു ഒളിച്ചിരുന്ന കവിതകളെ എടുത്തുകൊണ്ടുപോയി തുന്നിച്ചേർത്തു നാളെ പ്രകാശിപ്പിക്കുന്നു എന്ന് അറിയിക്കുന്നു . ഫൈസൽ ബാവ ആമയം ആകട്ടെ വിരഹം എന്ന കവിതയിൽ എന്താണ് വിരഹം എന്ന് സമർത്ഥിക്കുന്നു.പാട്ടിന്റെ തീവണ്ടി മുറി(വു)കൾ എന്ന കവിതയിൽ സോണിയ ഷിണോയ് പങ്കു വയ്ക്കുന്നത് ഒരു തീവണ്ടിയാത്രയാണ് . യാത്രയുടെ കാഴ്ചകൾ അനുഭവവേദ്യമാക്കുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ അവൾ പുറം കാഴ്ചകളിലേക്ക് മടങ്ങുന്നു . ശ്രീദേ വി എം തന്റെ പ്രൊഫൈൽ എന്ന കവിതയിൽ താൻ ആരെന്നും തന്റെ അടുത്ത് കിടക്കുന്നവർ ആരെന്നും തന്റെ മകൻ ആരെന്നും തിരിച്ചറിയാൻ മുഖപുസ്തകം തുറക്കേണ്ടി വരുന്ന അവസ്ഥ വിവരിക്കുന്നു . നിറയെ ജാരന്റെ മുഖങ്ങൾ കൊണ്ട് ഓർമ്മകളിൽ ഭ്രംശം സംഭവിക്കുന്ന സോഷ്യൽ മീഡിയ അഡിക്ടുകളെ വരച്ചുകാണിക്കുന്ന വരികൾ . അബ്ബാസ് നസീർ പറയുന്നു ഞാൻ ഉറങ്ങുകയാണ് നീയും എന്ന കവിതയിൽ എനിക്ക് തരാനുള്ളതും പറയാനുള്ളതും വാങ്ങാനുള്ളതും എന്നെ ഉണർത്തി വാങ്ങി പോകണം കാരണം ഞാൻ ഉറങ്ങുകയാണ് എന്ന് .
പതിമൂന്നു വർഷങ്ങൾ ആയി യൂ ഏ യിൽ ഒരു കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്യുന്ന ശ്രീ ഉണ്ണി കുലുക്കല്ലൂർ പത്രങ്ങളിലും ആനുകാലികങ്ങളിലും കവിത ലേഖനം എന്നിവ എഴുതുന്ന ഒരു കോളമിസ്റ് ആണ് . അദ്ദേഹത്തിന്റെ ആദ്യ സംരംഭം ആണ് എഡിറ്റർ എന്ന ശ്രമം . തിരഞ്ഞെടുപ്പിന്റെയും എഡിറ്റിങ്ങിന്റെയും പോരായ്മകൾ അതുകൊണ്ടു തന്നെ ഒരു തുടക്കക്കാരന്റെ പ്രയാസങ്ങൾ ആയി നിലനിൽക്കുന്നു . കാതലായ ഒരു സന്ദേശമോ ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടോ ആയി കരുതിവയ്ക്കാൻ വേണ്ടുന്ന വിഭവങ്ങൾ ശേഖരിക്കാൻ ഇറങ്ങിത്തിരിച്ച ഉണ്ണി നിരാശനായി എന്നതാണോ വായനക്കാരൻ നിരാശനായതാണോ എന്നറിയില്ല കവിതകൾ നിലവാരം ഉള്ളവയും ഇല്ലാത്തവയും എന്ന് തരം തിരിക്കാതെ വായിച്ചു മടക്കി വയ്ക്കാൻ മാത്രമുതകുന്ന ഒരു പുസ്തകം . എഴുതി തെളിഞ്ഞവർ പോലും നിരാശ സമ്മാനിച്ചു എന്ന പോരായ്മയെ മാറ്റി നിർത്തി ഇനിയും നല്ല ഒരു പുസ്തകവുമായി ഉണ്ണി കൂടുതൽ ശക്തിയോടെ മലയാളിയോട് സംവദിക്കും എന്ന  പ്രതീക്ഷകൾ നിലനിർത്തുന്നു . ആശംസകളോടെ ബി. ജി . എൻ വർക്കല

1 comment:

  1. നല്ല പരിചയപ്പെടുത്തല്‍
    ആശംസകള്‍

    ReplyDelete