Sunday, November 13, 2016

ലോല ...... പത്മരാജൻ

ലോല
പത്മരാജൻ
ഡി സി ബുക്സ്.

"വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല .നീ മരിച്ചതായി ഞാനും , ഞാൻ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക."

ഓർമ്മകൾ ഒരു ശവഗന്ധി പുഷ്പം പോലെയാണ്. നാമറിയാതെ നമ്മിലേക്ക് കടന്നു വരുന്നവ. നമുക്കത് അനിഷ്ടമായാലും നമ്മെയതു പിന്തുടരും. പ്രണയത്തിന്റെ ഗന്ധം ചൂടിയ "ലോല" ഇന്ത്യയുടെയും അമേരിക്കയുടെയും സംസ്കാരങ്ങൾക്ക് മേൽ , ചിന്തകൾക്ക് മേൽ ഒരു തൂവാല വിരിച്ചിടുന്നു. ലോല ഒരു സാധാരണ പെണ്ണായിരുന്നു. ഏറെ കൗതുകങ്ങൾ മനസ്സിൽ നിറച്ച ഒരു സാധാരണ പെൺകുട്ടി. മലയാളിയുടെ മനസ്സിലെ അതല്ലെങ്കിൽ ശരാശരി ഒരു ഇന്ത്യൻ പുരുഷന്റെ മനസ്സിലെ സങ്കല്പങ്ങൾക്ക് മാതൃകയാകുന്നവൾ. തന്റെ കാല്ക്കീഴിൽ ഒരു പൂച്ചക്കുട്ടിയെപ്പോലെ പതുങ്ങിക്കിടക്കുന്ന കന്യകയായ പെണ്ണു! . അരാഷ്ട്രീയ ചിന്തകളിൽ അലോസരപ്പെടാത്ത ,ധാർമ്മികതയെന്ന കരിനാഗത്തെ മാറിലണിയുന്ന വെറും നാട്ടിൻപുറത്തുകാരി . അമേരിക്കയുടെ സംസ്ക്കാരത്തിൽ ഇതൊന്നുമല്ലാതിരിക്കിലും ഒരു മലയാളി പുരുഷന്റെ കാമനയിൽ അവന്റെ പ്രണയത്തിനു തന്റെ മണ്ണിന്റെ മണമേ ഉണ്ടാകൂ . കാഴ്ചകളിൽ അതിനപ്പുറം ഒരു കാഴ്ചയും ഉണ്ടാകില്ല . ഇത്തരം ഒരു കാഴ്ചപ്പാടിൽ നിന്നാകണം ലോലയെ നിർവ്വചിച്ചിരിക്കുക. താനനുഭവിക്കുന്ന പെണ്ണ് കന്യകയാകണം എന്ന ചിന്ത പുരുഷനിലെ സ്വാർത്ഥതയായി ഇതിൽ നിലനിൽക്കുന്നത് കാണാം. നഗരവത്കരണത്തിന്റെ അല്പം പോലും ഛായ പതിയാത്ത അയാൾടെ മനസ്സിൽ താനെന്ന പുരുഷന്റെ ജാഡകൾ വളരെ സ്പഷ്ടമാണ്. മതത്തിന്റെയും രാജ്യത്തിന്റെയും അന്തരങ്ങളും മതം മാറ്റമെന്ന അപരാധ ചിന്തയും ഒക്കെ അവൾക്കു നേരെ നീട്ടി തന്റെ ചിന്തകളും പ്രവർത്തിയും മാന്യതയും ഔന്നത്യവും പ്രകടമാക്കുന്ന കാഴ്ചകളും വെറും ദുർബ്ബലയും നഗരവത്കരണമേശാത്തതുമായ അതിലോല മനസ്സിന്റെയുടമയായി അവളെ ചിത്രീകരിക്കുന്നതും കാലഘട്ടത്തിനതീതമായ ചിന്തകൾ പടരാതെ നിന്നതിനാലാകാം. കൽക്കരയിൽ മദ്യപിച്ചു പുരുഷൻമാരൊത്ത് പോകുന്ന സ്ത്രീയെ നോക്കി സദാചാരപ്രസംഗം നടത്തുകയും മർലിൻമൺറോയുടെ മരണം വിഡ്ഢിത്തമായി കാണുകയും ചെയ്യുന്ന ലോല ഒടുവിൽ താനും ഒരു മണ്ടിയായേക്കും ചിലപ്പോൾ എന്നു പറയുന്നിടത്ത് എൺപതുകളിലെ മലയാള സാഹിത്യത്തിലും സിനിമകളിലും നിറഞ്ഞു നിന്നിരുന്ന കന്യകാത്വത്തിന്റെ അപഹരണവും ആത്മഹത്യയും എന്ന സ്ഥിര കാഴ്ച ഓർമ്മ വരുന്നു. ഒടുവിൽ നാട്ടിലേക്ക് തിരിച്ചു പോകുന്ന അയാളുടെ കാൽച്ചുവട്ടിൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ രാവു മുഴുവൻ ഉറങ്ങാതിരിക്കുന്ന ലോലയിൽ കഥ തീരുമ്പോൾ പ്രണയത്തിന്റെ തീവ്രതയും ആഴവും മനസ്സിൽ നിറയുന്നതിനു പകരം ഉപയോഗിച്ചു തന്ത്രപൂർവ്വം രക്ഷപ്പെടുന്ന പുരുഷന്റെ , ഞാൻ കുറ്റക്കാരനല്ല എന്നു സ്ഥാപിക്കാനുള്ള ത്വരയുടെ സ്ഫുരണങ്ങളെ കണ്ടു ഹാ കഷ്ടം ! എന്നു പറയുവാൻ മാത്രമേ കഴിഞ്ഞുള്ളു.
പത്മരാജന്റെ ഏറെ പ്രശസ്തമായ ഈ കഥയ്ക്ക് പറഞ്ഞു കേട്ട ആസ്വാദ്യത ലഭിക്കാതെ പോയി വായനയിൽ.
...... ബി.ജി.എൻ വർക്കല

1 comment: