Friday, November 11, 2016

ഈ മഴ തോരാതിരുന്നെങ്കിൽ ......അനൂപ് കുമ്പനാട്

ഈ മഴ തോരാതിരുന്നെങ്കിൽ
അനൂപ് കുമ്പനാട്
കൈരളി ബുക്സ്
വില: 80 രൂപ

ചെറുകഥകൾ പലപ്പോഴും ചെറിയ കഥകൾ ആയി പോകാറുണ്ട്. കഥയില്ലായ്മയുടെ കഥ പറച്ചിലുകളിൽ പെട്ട് കഥയിൽ നിന്നും കഥ ഇറങ്ങിപ്പോകുകയും അവിടെ വരികൾ വാക്കുകൾ അക്ഷരങ്ങൾ മാത്രം നിറയുകയും ചെയ്യും. ''രണ്ടു സാധാരണ പെൺകുട്ടികളുടെ അസാധാരണ കഥകൾ ' എന്ന സമാഹാരത്തിലൂടെ പാറപ്പുറം ചെറുകഥാ പുരസ്കാരം  ലഭിച്ച അനൂപ് കുമ്പനാടിന്റെ അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ജനകീയ കഥകളുടെ സമാഹാരമാണ് " ഈ മഴ തോരാതിരുന്നെങ്കിൽ " . ജയറാം സാമിയുടെ അവതാരികയോടെ തുടങ്ങുന്ന ഈ പുസ്തകത്തിൽ ഏഴു കഥകൾ ആണുള്ളത്.
ജനകീയ കഥകൾ എന്നാൽ ജനങ്ങളിലേക്കു ഇറങ്ങിച്ചെല്ലാൻ കഴിയുന്ന അവന്റെ മനസ്സറിയുന്ന കഥകൾ എന്നാണ് മനസ്സിലാക്കുന്ന വിവക്ഷ. ഈ ഏഴു കഥകൾക്കും ജനപ്രീതി ലഭിക്കുക ആ തലത്തിൽ നിന്നാകാം. ഈ ജനകീയത എന്നത് മ വാരികകളുടെ ഉപഭോക്താക്കൾ ആണ് അല്ലെങ്കിൽ സീരിയലുകളുടെ പ്രേക്ഷകർ ആണ് എന്നു ധരിച്ചു പോയ എഴുത്തുകാരുടെ കൂട്ടത്തിലാണ് അനൂപ് കുമ്പനാടും നിലയുറപ്പിച്ചിരിക്കുന്നത് എന്നു തോന്നുന്നു.
തികച്ചും അലസവും അപക്വവുമായ എഴുത്തിലൂടെ അച്ചടി മഷി പുരണ്ടു മുന്നിലിരിക്കുമ്പോൾ എഴുത്ത് ചിലർക്കെങ്കിലും ഗൂഢമായൊരു വിനോദം മാത്രമാണ് എന്നു തോന്നിപ്പോകുന്നു.
വേട്ട എന്ന ആദ്യ കഥയിലേക്കു. ഒൻപതു വർഷങ്ങൾ ആയി കണ്ടുമുട്ടിയിട്ടു അതിൽ ആദ്യ രണ്ടു വർഷം പ്രണയം പിന്നെ വിവാഹം. ഒന്നര വർഷം കഴിഞ്ഞു ഒരു മകൾ അവൾ ഇപ്പോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു ? പ്രണയം ഇന്നവർക്കിടയിൽ ഇല്ലാത്തതിനാൽ ( കഥയിൽ അവൾ അങ്ങനെ ഒന്നു പ്രകടിപ്പിച്ചതായി കാണുന്നില്ല) ഭർത്താവിന്റെ കൂട്ടുകാരനുമായി അടുക്കുന്ന അവൾ അവനോടൊപ്പം കിടക്ക പങ്കിടുന്നവൾ ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ പകമൂത്ത് അവളെ കൊല്ലുന്നു. കടലോളം സ്നേഹം എന്ന രണ്ടാമത്തെ കഥയിൽ സ്ഥിരം പാറ്റേൺ ആയ പണക്കാരിയായ കാമുകിയും കുറഞ്ഞ വേതനക്കാരനായ കാമുകനും. പ്രണയ നിമിഷങ്ങളിൽ നീയല്ലാതെയെനിക്കു ജീവിതമില്ലന്നു അവൾ. കാമുകനെ കാമുകിയുടെ അച്ഛൻ കണ്ടതോടെ അച്ഛനിഷ്ടമില്ലാത്ത ബന്ധം ആണ് നമുക്ക് പിരിയാം എന്നു പറഞ്ഞു കാമുകി കുറച്ചു പണം നല്കി നടന്നകലുമ്പോൾ പണം കടലിലെറിഞ്ഞവൻ ആത്മഹത്യ ചെയ്യുന്നു. "കനവിൽ ഒരു കനൽപ്പൂവിൽ " വിവാഹം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞിട്ടും തീരാത്ത ഭാര്യയുടെ ദുഃഖം തീർക്കാൻ കാമുകനെ തേടി ഭാര്യയുമായി പാതിരാവിൽ തമിഴ്നാട്ടിൽ പോകുന്ന ഭർത്താവു .കാമുകൻ അജ്ഞാതവാസം നടത്തുന്നത് കാമുകിയോടുള്ള പ്രണയം ഉള്ളിൽ ഉണ്ടെങ്കിലും ജാതകദോഷം മൂലം അവൾ മരിക്കാതിരിക്കാനായാണ് . അതിനാൽ ഭർത്താവിനോടു  കാമുകൻ തന്നെ അറിയില്ല എന്ന ധൈര്യത്താൽ കാമുകൻ ഭാര്യയുമൊത്ത്  വിദേശത്ത്  ആണെന്നു പറഞ്ഞു തിരിച്ചയക്കുന്നു. അതോടെ കാമുകി ഭാര്യയാകുന്നു . മനസ്സിൽ ഒരു മഴ പെയ്തെങ്കിൽ എന്ന കഥ കോളേജു രാഷ്ട്രീയത്തിൽ കൂട്ടുകാരൻ അറിയാതെ കത്തി കയറ്റിയതു മൂലം തളർന്നു കിടക്കുന്ന യുവാവിനെ ശുശ്രൂക്ഷിക്കാൻ വരുന്ന പെൺകുട്ടി. അവളെ ജീവിതത്തിൽ കൂടെ കൂട്ടാൻ ക്ഷണിക്കുന്ന യുവാവിനു താൻ അയാളുടെ അച്ഛനു മറ്റൊരാളിൽ പിറന്ന മകൾ ആണ് എന്നു കത്തെഴുതി വച്ചവൾ പോകുന്നതാണ് ." ഡിസംബർ " എന്ന കഥയിൽ യാദൃശ്ചികമായി ഒരു യാത്രയിൽ കണ്ടുമുട്ടുന്ന രണ്ടു പേർ ഒരുമിച്ചു ഒരു ഹോട്ടലിൽ ശരീരം പങ്കിടുന്നതും വർഷങ്ങൾക്കു ശേഷം മറ്റൊരു രാജ്യത്ത് വച്ചു അവൾ അയാളെ വിളിക്കുകയും നേരിൽ കാണുകയും ചെയ്യുന്നു. വർഷങ്ങൾ കഴിഞ്ഞതിനാൽ അയാൾ വിവാഹിതനും കുട്ടികൾ ഇല്ലാത്തവനും ആണ്. അവൾ ഒരു ബധിരയായ മകളുമൊത്ത് ആണ് വരുന്നത്. അവളുടെ വരവിന്റെ ഉദ്ദേശ്യം ആ മകൾ അയാൾക്ക് അവളിൽ ഉണ്ടായത് ആണ് എന്നും അവൾ വിവാഹിതയല്ല എന്നും മകളെ തിരിച്ചു കൊടുത്തു പോകാൻ ആണ് വന്നത് എന്നും പറയുന്നു." ഈ മഴ തോരാതിരുന്നെങ്കിൽ " എന്ന ശീർഷക കഥയിൽ ഭാര്യ ഉപേക്ഷിച്ചു പോയ ഒരു മനുഷ്യൻ വർഷങ്ങൾക്ക് ശേഷം തന്റെ മകളുടെ വിവാഹത്തിനു ക്ഷണിക്കാനായി തന്നെ ഉപേക്ഷിച്ചു സുഖ സൗകര്യത്തിനായി കോടീശ്വരനെ വിവാഹം കഴിച്ചു ജീവിക്കുന്ന ഭാര്യയെ കാണാൻ  മകൾ വിളിച്ചു കൊണ്ട് പോകുന്നതും അവർ ഒന്നിച്ചു പുറത്തു പോകുന്നതും അവിടെ വച്ചു തനിക്കൊപ്പം തിരിച്ചു വരാൻ അവൾ ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ നിരുത്സാഹപ്പെടുത്തി തിരികെ മടങ്ങുന്നതുമാണ്. ഈ കഥയുടെ തുടർച്ചയായി "വേനൽ " എന്ന കഥ തുടരുന്നു. ഇതിൽ ഭാര്യയുടെ ഭാഗം ആണ് വിവരിക്കുന്നത്. ഭർത്താവു ഗ്രാമത്തിൽ മകൾക്കു വേണ്ടി ഒന്നും സമ്പാദിക്കാത്തതിൽ വിഷമിച്ചു നഗരത്തിലേക്ക് പോകാമെന്ന അഭിപ്രായം സ്വീകരിക്കാത്തതിനാൽ വിവാഹബന്ധം വേർപെടുത്തി പോകുകയും ഒറ്റയ്ക്കു താമസിക്കുവാൻ ഉള്ള ബുദ്ധിമുട്ടുകൾ അറിഞ്ഞു ഒരാളെ വിവാഹം ചെയ്തു എന്നുമാണവളെക്കൊണ്ട്  ചിന്തിപ്പിക്കുന്നത്. വേലക്കാരി ഉള്ളതും മനോഹരമായ വിലപിടിപ്പുള്ള ചിത്രങ്ങൾ പതിപ്പിച്ചതുമായ ആ വീട്ടിൽ പക്ഷേ അവരുടെ മുറിയിൽ കഥാകാരൻ ചിലന്തിവലയും ചിലന്തിയും നിറച്ചു വച്ചിട്ടുണ്ട്. ചിലന്തി അവരുടെ ചിന്തയ്ക്കൊടുവിൽ അവരുടെ മുഖത്ത് കൂടി ഓടുന്നതും അത് തന്റെ വസ്ത്രത്തിനുള്ളിൽ കയറിയെങ്കിലെന്നവർ കരുതുകയും ചെയ്യുന്നിടത്ത് ഈ പുസ്തകത്തിന്റെ വായന അവസാനിക്കുന്നു.
അവതാരകൻ അവതാരികയിൽ പറഞ്ഞവസാനിപ്പിച്ച വരികൾ ഓർമ്മിച്ചു പോകുന്നു വായനക്കൊടുവിൽ . "വിവേകശാലിയായ വായനക്കാർക്ക് ഈ പുസ്തകം വായിക്കുമ്പോൾ സംശയങ്ങൾ ഉണ്ടാകില്ല.''
സ്നേഹപൂർവ്വം ബി.ജി.എൻ വർക്കല

1 comment: