Tuesday, November 22, 2016

മുറിവോരം ...........വനിത വിനോദ്

മുറിവോരം
വനിത വിനോദ്
ഗ്രീൻ ബുക്ക്സ്
വില 95 രൂപ

ആത്മകഥകൾ, ജീവചരിത്രങ്ങൾ എന്നിവ കുറിക്കപ്പെടുമ്പോൾ പലപ്പോഴും എഴുത്തുകാർ പിന്തുടരുന്ന മാതൃക ഒന്നുകിൽ സ്വയം തന്നെ വെളിപ്പെടുത്തുകയോ ,മറ്റൊരാളിൽ നിന്നുകൊണ്ട് തന്നെ നോക്കിക്കാണുകയോ അതുമല്ലെങ്കിൽ മറ്റൊരാളിന്റെ ചരിത്രം കുറിയ്ക്കുകയോ ആണ് . അയാളെക്കുറിച്ചു അയാൾ തന്നെ എഴുതുന്നതും അയാൾ മറ്റൊരാളെക്കുറിച്ചു എഴുതുന്നതും രണ്ടു തലത്തിൽ ആണ് വായിക്കപ്പെടുക .  ആത്മാംശമുണ്ടാകും എന്നതിനാൽ വായനക്കാരൻ എഴുത്തിനെ എഴുത്തുകാരനിൽ നിന്നുകൊണ്ട് വായിക്കാൻ ശ്രമിക്കും എന്നുള്ളതുകൊണ്ടാകാം ഇത് വേറിട്ട് നിൽക്കുക . എന്നാൽ മറ്റൊരാളെക്കുറിച്ച് എഴുതുമ്പോൾ പലപ്പോഴും എഴുത്തുകാർ പരാജയപ്പെട്ടുപോകുക പതിവാണ് . അതിനു കാരണം ഒരു പക്ഷെ ആരെ കുറിച്ചാണോ എഴുതുന്നത് അയാളെ ശരിക്കു പഠിക്കാനോ പിന്തുടരാനോ കഴിയാതെ പോകുകയും എഴുത്തു വലിച്ചു നീട്ടലുകൾ ആകുകയും ചെയ്യുന്നതുകൊണ്ടാകാം . ചില എഴുത്തുകൾ ഒരു ഡയറിക്കുറിപ്പുകൾ പോലെ വിരസമായി പോകുക പതിവാണ് . മറ്റുചില എഴുത്തുകൾ ഒരു പിന്തുടർച്ച പോലെ ആ വ്യക്തിയുടെ മാനസിക വ്യാപാരങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കും .
വനിത വിനോദ് എന്ന എഴുത്തുകാരി ഇവിടെ മുറിവോരം എന്ന കൃതിയിൽ മുരുകൻ എന്ന വ്യക്തിയുടെ ജീവിതവും പ്രവർത്തനങ്ങളും ആണ് പരിചയപ്പെടുത്തുന്നത് . മുരുകൻ ആരാണ് എന്നും എങ്ങനെ ഇന്ന് ഇത്ര അറിയപ്പെടുന്നു എന്നും അദ്ദേഹത്തിൻറെ ജീവിതത്തെ എങ്ങനെ ഇന്നത്തെ നിലയിലേക്ക് വഴിതിരിച്ചു വിടപ്പെട്ടു എന്നും അദ്ദേഹത്തിൻറെ ലക്‌ഷ്യം എന്തെന്നും ഈ കൃതിയിൽ വനിത വിനോദ് എന്ന ജേര്ണലിസ്റ്റ്  കുറിച്ചിടുന്നു . ഇവിടെ പരമ്പരാഗത മാമൂലുകൾ ഒന്നും തന്നെ എഴുത്തിൽ കൊണ്ട് വരാൻ എഴുത്തുകാരി ശ്രമിച്ചിട്ടില്ല എന്ന് മാത്രമല്ല വ്യത്യസ്തമായ ഒരു പാതയിലൂടെ മുരുകനെ കാട്ടിത്തരുക എന്ന സാമൂഹ്യകർത്തവ്യം ചെയ്തുകൊണ്ട് കൂടുതൽ അറിവുകൾ നേരിട്ട് അനുഭവിച്ചു അറിയുക എന്നൊരു രീതി ആണ് കൈക്കൊണ്ടത് എന്ന് കാണാം .
ചിതറിക്കിടക്കുന്ന ചില ഫ്രെയിമുകൾ അടുക്കി വച്ച് വരികൾക്കിടയിൽ വായിച്ചു പോകുകയാണെങ്കിൽ മുരുകൻ ആരായിരുന്നു അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന ആശയം എന്താണ് അദ്ദേഹത്തിൻറെ ലക്‌ഷ്യം എന്താണ് എന്നൊക്കെ വളരെ നന്നായി വായനക്കാരന് മനസ്സിലാക്കാൻ കഴിയും എന്നതാണ് ഈ പുസ്തകത്തിലെ ഭാഷയുടെ ഗുണം എന്ന് കാണാം . തെരുവിലെ അഴുക്കു ചാലിൽ ജനിച്ചു വീണ ഒരു തമിഴ് ബാലൻ ആ ചെളി വഴികളിൽ കൂടി ജീവിതത്തിന്റെ ഗതിവിഗതികളില്‍ തട്ടിയും തടഞ്ഞും അന്ധകാരക്കോളനിയിൽ എത്തുന്നതും അവിടെ തെരുവിന്റെ സന്തതിയായി വളരുകയും ചെയ്യുന്നു . തെരുവിന്റെ എല്ലാവിധ തെറ്റുകളുടെയും പാതയിലേക്ക് വീണുപോകേണ്ടതായിരുന്നു മുരുകന്‍ എന്ന കൌമാരക്കാരന്‍. മുരുകനെ മിഠായച്ഛന്‍ കണ്ടെടുക്കുന്നത് വരെ അയാള്‍ ജീവിതത്തെ ഗൌരവപരമായി കണ്ടിരുന്നില്ല എന്നതാണ് സത്യം . "നീയെന്റെ കൂടെ വാ മുരുകാ" എന്ന് പറഞ്ഞു സൈക്കിളില്‍ അച്ഛന്‍ അവനെ കൂടെക്കൂട്ടിക്കൊണ്ട് പോകുമ്പോള്‍ നന്മയുടെയും സ്നേഹത്തിന്റെയും പുതിയ ലോകത്തിലെക്കായിരുന്നു അവന്റെ സഞ്ചാരപാത തുറന്നു വന്നത് .  മിഠായച്ഛനിലൂടെ അയാള്‍ മാനസികമായും സാമൂഹികമായും വളർച്ച പ്രാപിക്കുകയും ജനിച്ചു വളർന്ന സാഹചര്യങ്ങളെ തിരിച്ചറിഞ്ഞു അതിന്റെ അപരായപ്തതകൾ കണ്ടറിഞ്ഞു അതിൽ വ്യസനി ക്കുകയും വേദനിക്കുന്ന , അവഗണിക്കപ്പെടുന്ന ,പുഴുത്തുനാറുന്ന ജീവിതങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാൻ തന്റെ ജീവിതവും സമയവും മാറ്റി വയ്ക്കുകയും ചെയ്യുന്നത് വായിക്കപ്പെടുമ്പോൾ ഒരു മനുഷ്യൻ സാഹചര്യങ്ങൾ കൊണ്ട് മാത്രമാണ് നല്ലതും ചീത്തയും ആകുന്നതു എന്ന് ജീവിതം കൊണ്ട് മുരുകൻ രേഖപ്പെടുത്തുന്നു എന്ന് വനിത സാക്ഷ്യപ്പെടുത്തുന്നു . പരിഷ്കാരങ്ങൾക്കും പദവികൾക്കും പകിട്ടുകൾക്കും മുന്നിൽ മാത്രമല്ല തെരുവിന്റെ അഴുക്കു ചാലുകളിൽ വളരുന്നവരിൽ മനുഷ്യത്വവും നന്മയും ഉണ്ടെന്നു തിരിച്ചറിയുന്ന അപൂർവ്വം ജന്മങ്ങൾ ഉണ്ട് എന്ന് എന്നും അവർ തങ്ങളെ അടയാളപ്പെടുത്തുന്നത് പലപ്പോഴും ധീരമായ നിലപാടുകളിൽ കൂടിയാണ് എന്നും തെളിയിക്കുന്ന എം ബി എ വിദ്യാർത്ഥിനി ഇന്ദു മുരുകന്റെ പ്രവർത്തനങ്ങളിലും ജീവിതത്തിലും പങ്കാളിയാകുന്നു എന്ന കാഴ്ച വായനക്കാരനെ ഒരു സ്വയം വിചിന്തനത്തിനു പ്രേരിപ്പിക്കുക തന്നെ ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല .എല്ലാ സ്വപ്നങ്ങളും തെരുവിലേക്കിറക്കി വച്ച , തെരുവിന്റെ വെളിച്ചത്തില്‍ മാത്രം സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ഒരാള്‍ മറ്റൊരാളുടെ സ്വപ്നത്തിലേക്ക് കയറിച്ചെല്ലുന്നു . ഇനിയുള്ള സ്വപ്നങ്ങളെല്ലാം അവര്‍ ഒരുമിച്ചു കാണുന്നു . ഇന്ദുവെന്ന പ്രകാശം കൂടിച്ചേരുന്നതു അങ്ങനെയാണ്  എന്ന് വനിത രേഖപ്പെടുത്തുന്നു. പൊന്നും പണവും സ്റ്റാറ്റസും സൗന്ദര്യവും പാരമ്പര്യവും ഒക്കെ 'എ' ഗ്രേഡ് ആണെങ്കില്‍ മാത്രം പുരുഷന്റെ കൂടെ ജീവിക്കാന ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ . അവിടെയാണ് ഇന്ദു എന്ന എം ബി എ ക്കാരിയെ നാം അഭിനന്ദിക്കേണ്ടത്. ഊരും വേരുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ . നാലാം ക്ലാസ് എന്ന യൂണിവേര്‍‌സിറ്റി വിദ്യാഭ്യാസമുള്ളവന്‍ തെരുവ് തെണ്ടിയായി വളര്‍ന്നവന്‍  അങ്ങനെയുള്ള ഒരുവന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന പെണ്‍കുട്ടിയെ തലതിരിഞ്ഞവള്‍ എന്ന് പറഞ്ഞു ആക്ഷേപിക്കുന്ന സമൂഹത്തില്‍ ഇന്ദു മുരുകന്‍ കൂട്ടുകെട്ട് ഒരു അടയാളമാണ് . നന്മയുടെയും മനുഷ്യത്ത്വതിന്റെയും മഹനീയമായ അടയാളം!
മുരുകന്റെ ജീവിതം പറയുന്നതിനൊപ്പം മുരുകൻ കണ്ടെത്തിയ രക്ഷപ്പെടുത്തിയ ആയിരക്കണക്കിനുള്ള ജന്മങ്ങളെ കൂടെ വായനക്കാരൻ ഓർമ്മിക്കും . വളരെ സൂക്ഷിച്ചു അതിൽ നിന്നും ചിലരെ മാത്രം, വ്യത്യസ്തമായ ചിലരെ മാത്രം പരിചയപ്പെടുത്തി വനിതാ അനിതരസാധാരണമായ കയ്യടക്കം എഴുത്തിൽ ഉപയോഗിച്ചിരിക്കുന്നു . ഒരു പക്ഷെ ഈ വിഷയം മറ്റൊരാൾ ആയിരുന്നു കൈകാര്യം ചെയ്തത് എങ്കിൽ വളരെ ബൃഹത്തായ ഒരു ഗ്രന്ഥമായി മുരുകനും തെരുവോരം എന്ന സംഘടനയും വായനക്കാരനെ വിഷമിപ്പിച്ചേനെ എന്നത് ഒരു വാസ്തവം ആണ് . ഒരു നോവൽ പോലെ വായിച്ച്പോകാൻ കഴിയുന്ന എഴുതാൻ ഒരുപാട് ഇടങ്ങൾ ബാക്കി വയ്ക്കുന്ന ഈ പുസ്തകം മുരുകന്റെ ജീവിതത്തിന്റെ സംക്ഷിപ്തരൂപം മാത്രമാണ് എന്നതായിരിക്കുമ്പോൾ പോലും ഒരു വലിയ കഥ വായിച്ച , ജീവിതം അറിഞ്ഞ അനുഭൂതി നൽകുവാൻ വനിതയ്ക്കു കഴിഞ്ഞു എന്ന് പറയാം .
എറണാകുളത്തു കാക്കനാട് മുരുകന്‍ തെരുവുമക്കള്‍ക്കായി തുടങ്ങിയ തെരുവ് വെളിച്ചം ഇന്ന് കൊച്ചിയുടെ പ്രതിച്ഛായ തന്നെ മാറ്റിയിരിക്കുന്നു . ക്ഷമയിലൂടെ മാത്രമേ ലക്ഷ്യത്തിലെത്താവൂ എന്ന് വിശ്വസിച്ച പച്ചയായ മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് ഒരുപാട് അംഗീകാരങ്ങള്‍ ലഭ്യമായി ക്കഴിഞ്ഞിരിക്കുന്നു . അപ്പോഴും അതിലൊന്നും അഭിരമിക്കാതെ തെരുവിലെ അനാഥര്‍ക്കായി ഒരു കൊച്ചു ഗ്രാമം തണലോരം എന്നൊരു സ്വപ്നവുമായി മുരുകന്‍ അലയുകയാണ് . കൂട്ടിനു ഇന്ദുവും മനുഷ്യസ്നേഹികളായ പേരറിയാത്ത കുറെ മനുഷ്യരും .
എഴുത്തിൽ ഉപയോഗിച്ച സാഹിത്യ ഭാഷ ഒരു പക്ഷെ ഒരു ജേർണസ്‌ലിസ്റ് ഭാഷ ആയിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും എങ്കിലും ആഖ്യായനശൈലി അഭിനന്ദനാർഹം തന്നെ . പലയിടത്തും വനിതയ്ക്ക് വാക്കുകൾ ലഭ്യമല്ലാതെ പോയതോ പറഞ്ഞു തീർക്കാൻ കഴിയാതെ പോയതോ ആയ ഒരു അനുഭവം വായനയിൽ ഇടം പിടിക്കുന്നുണ്ട് . മുരുകനെ അവതരിപ്പിക്കുക മാത്രമാണ് തന്റെ കടമ എന്ന രീതിയിൽ ഒരു തരം ധൃതി ഒരുപക്ഷെ എഴുത്തുകാരിയെ അലട്ടിയിരുന്നു എന്ന് തോന്നിപ്പിച്ചു വായനയിൽ . ഒരു ചെറുകുറിപ്പിൽ എന്താണ് മുരുകൻ , എവിട നിന്നും വന്നു ഇപ്പോൾ എന്താണ് ചെയ്യുന്നത് , എന്താണ് അയാളുടെ ലക്‌ഷ്യം  ഇത്ര മാത്രം പറഞ്ഞു പോകാൻ ഉള്ള ശ്രമത്തിൽ നിന്നും അത് പോരാ എന്ന തോന്നലിൽ കൂടുതൽ എന്നാൽ കുറച്ചു പറഞ്ഞു കൊണ്ട് മുരുകനെ വായനക്കാർക്കു വിട്ടുകൊടുക്കുന്നു വനിത .ഇതിൽ  . ഒരു പക്ഷെ അത് വനിത കൈക്കൊണ്ട ഒരു പുതിയ എഴുത്തു രീതിയാകാം എങ്കിലും മുറിഞ്ഞു പോകുന്ന വായനകളിൽ നിന്നും വായനക്കാരൻ കൂടുതൽ ചിന്തിച്ചോ അന്വേഷിച്ചോ കണ്ടെത്തണം എന്ന ശാഠ്യത്തെ ഒരുപക്ഷെ വായനക്കാരന് എഴുത്തുകാരിയോട് ഈർഷ്യ തോന്നിപ്പിച്ചാൽ അത് സ്വാഭാവികമായ ഒരു പ്രതികരണം ആയി മാത്രമേ കാണാൻ കഴിയൂ .
കൂടുതൽ ശോഭനമായ ഒരു ഭാവി എഴുത്തിന്റെ മേഖലയിൽ വനിതയെ കാത്തിരിക്കുന്നു എന്ന് എഴുത്തിന്റെ ശൈലിയും ഭാഷയോട് ഗരിമയും ബോധ്യപ്പെടുത്തുന്നു . ആശംസകളോടെ ബി. ജി .എൻ വർക്കല

1 comment: