Wednesday, October 29, 2014

ആറിയ കഞ്ഞി പഴങ്കഞ്ഞി

വളരെക്കാലമായുള്ള അവളുടെ ആഗ്രഹമായിരുന്നു കടല്‍ കാണുക എന്നത് . പക്ഷെ അവന് ഓരോ കാരണങ്ങള്‍ കൊണ്ട് അത് സാധിച്ചു കൊടുക്കാന്‍ കഴിയാതെ വന്നുപോന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം അവന്‍ അവളോട്‌ പറഞ്ഞു ഇന്ന് നിനക്കൊരു സര്‍പ്രൈസ്‌ തരാം വൈകിട്ട് തയ്യാറായി ഇരിക്കുക . എന്താണ് കാര്യം എന്നറിയാതെ അവള്‍ ഉദ്യേഗത്തോടെ കാത്തിരുന്നു . വൈകുന്നേരം അവന്‍ നേരത്തെ വന്നു . അവര്‍ ഒരുമിച്ചു അപ്പോള്‍ തന്നെ പുറത്തു പോയി . വളരെ നേരത്തെ യാത്രയ്ക്ക് ശേഷം അവര്‍ എത്തിച്ചേര്‍ന്നത് കടല്‍ത്തീരത്ത്‌ ആയിരുന്നു . അവള്‍ സന്തോഷം കൊണ്ട് മതിമറന്ന് പോയി . പരിസരം മറന്നു അവള്‍ അവനെ കെട്ടിപ്പിടിച്ചു ഒരു മുത്തം കൊടുത്തു . കട്ട് ....കട്ട് .... ക്യാമറ റോള്‍ ബാക്ക് . ഓക്കേ........ അവള്‍ സന്തോഷം കൊണ്ട് മതിമറന്നുപോയി. ഉടനെ അവള്‍ അവനെയും വിളിച്ചു കൊണ്ട് തിരിഞ്ഞോടി . ആദ്യം കണ്ട ടാക്സി വിളിച്ചു വീട്ടില്‍ എത്തി . കിടപ്പറയിലേക്ക് അവനെ പിടിച്ചു കൊണ്ട് പോയി പിന്നെ അവനെ കെട്ടിപ്പിടിച്ചു ഒരു മുത്തം കൊടുത്ത് . ഓക്കേ സീന്‍ ഏന്‍ഡ് . കാണികള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു , കണ്ണീര്‍ തുടച്ചു ........................ബി ജി എന്‍ വര്‍ക്കല

പെണ്ണുടല്‍


ഹേ പുരുഷാ,
ഉപകരണമല്ലിവള്‍ വെറും
ഭോഗരസം തരും മാംസപിണ്ടവും,
ഇരുകാലില്‍ നില്കും നിന്നെ പോല്‍
ഹൃദയവികാരമുള്ളവള്‍ പെണ്ണ് .
കൗതുക കണ്ണാല്‍ അളന്നു
വിലയിട്ടു വയ്ക്കുവാന്‍ ഞങ്ങള്‍
അഴകെഴും വെറും ഗാത്രമല്ല
മാതൃത്വം പേറുന്നവള്‍ പെണ്ണ് .
--------------ബിജു ജി നാഥ്

Monday, October 27, 2014

ന: സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി


അവള്‍ അനുസരിക്കും വരെ
അവളെ ശപിക്കും മലക്കുകള്‍.
അവള്‍ അനുസരിച്ചില്ലെങ്കില്‍
അടിച്ചും വശത്താക്കും സ്മൃതികള്‍.
അവള്‍ എതിര്‍ത്താല്‍ പിഴയും
തുറുങ്കും കഴുമരവും കല്ലുമഴയും .
എങ്കിലും വെളുക്കെ ചിരിച്ചു
താടി തടവി ഘോഷിക്കുന്നുണ്ട്
സ്വാതന്ത്ര്യവും സമത്വവുമേകുന്ന
പുരുഷ മതങ്ങളും നീതിചിന്തയും.
---------------------ബിജു ജി നാഥ്

ചൊവ്വാദോഷം


കണ്ണുനീരിനു ഉപ്പുരുചിക്കുന്നോ
രിരുണ്ട രാവുകള്‍ മായുവാന്‍
ചുവന്ന ഗ്രഹത്തിന്‍ ചുറ്റുമായ്
സത്യം തിരയും കണ്ണുകള്‍ക്ക്
തിരുത്തുവാനായിട്ടില്ലിതുവരെ
മന്നവന്‍ തന്‍ ചിത്തത്തില്‍
കോറിയിട്ടൊരവിശ്വാസത്തെ.

ഇന്നും പെണ്ണിന്റെ താലിയില്‍
കുരുങ്ങിപ്പിടയുന്നു ദോഷമായ്
ഭാരതഭൂവിലെ ദ്രാവിഡമക്കള്‍
ഹാരമായണിയും ദുര്‍ചിന്തകള്‍
തന്‍ ഭാരം നിറയും ജീവിതങ്ങള്‍.
-----------------ബിജു ജി നാഥ്

Sunday, October 26, 2014

തൈവങ്ങളോട് പറയാന്‍ ബാക്കി വച്ചത്


ഒരിക്കല്‍ നിങ്ങള്‍ പടിയിറക്കപ്പെടണം
ജനിച്ച മണ്ണിലൊരിക്കലൊരന്യനാവണം
വിതച്ചു കൊയ്യാന്‍ തരിമണ്ണില്ലാതാകണം
അപ്പോഴും മണ്ണിന്റെ മക്കളെന്നറിയണം.
 
അന്ന് നിങ്ങളറിയുമെന്‍ കാല്ച്ചോട്ടിലെ
ചുട്ടുനീറും മണല്‍ത്തരികള്‍ തന്‍ വേദന;
അന്ന് നിങ്ങളറിയുമെന്‍ നെഞ്ചിലെരിയു-
മീ കനല്‍ക്കട്ടകള്‍ തന്‍ താപവും നീറ്റലും.

വിളങ്ങണം നറുപുഞ്ചിരിയന്നും നിന്‍
മനസ്സിന്‍ പൂമുഖത്ത് കെടാതിങ്ങനെ
അമര്‍ന്നിടേണം അന്നുമീ പതുപതുപ്പിന്‍
തണുപ്പ് നല്‍കും സുഖദമാം നിദ്രയില്‍.
-----------------ബിജു ജി നാഥ് 

Tuesday, October 21, 2014

സ്വാതന്ത്ര്യം കയ്യകലത്തില്‍...!

അഹന്തയുടെ മേലാപ്പിലിരുന്നു പിട-
ക്കോഴികള്‍ കൂവുന്നു പുലരിയറിയിച്ചു .

മുറിച്ചു മാറ്റാന്‍ കഴിയാത്ത ഗര്‍ഭപാത്രം
തപിച്ചു കഴിയുന്നു സ്ത്രൈണതയ്ക്കള്ളില്‍ .

തിരയുന്നു പകലുകള്‍ രാവിരുളുവോളം
മുലവന്നൊരു പുരുഷന്റെ നഗ്നതയ്ക്കായി .

എങ്കിലും സൂര്യന്‍ അഗ്നിവര്‍ഷിക്കുകയും
നിലാവ് തണുപ്പ് പുതയ്ക്കുകയും ചെയ്യുന്നു.

ഒരു കിടക്കയില്‍ വിയര്‍പ്പില്‍ കുളിക്കും
നിമിഷങ്ങളിലൊഴികെ ചിന്തയിലുറയുന്നു

സമത്വത്തിന്റെ ഹിമശൃംഗങ്ങള്‍ ഓരോ
പൂവുടലിലും തുടിക്കും ഹൃത്തിനുള്ളില്‍ !
-----------------ബിജു ജി നാഥ്

Monday, October 20, 2014

എന്നെ ഞാന്‍ തിരഞ്ഞു പോകുന്നു


ഇഴ പിരിച്ചൊരു നിമിഷം
ഞാനെന്നെ അറിയുന്നു.
മധുരം എന്നോര്‍മ്മകള്‍,
ഹൃദ്യമെന്‍ വാക്കുകള്‍,
നറുനിലാവിന്‍ ചിരിയെന്നും ,
കടലിന്റെ തിരപോലെ
പടരുന്നോരാസക്തിയെന്നും
കാലം കോറിയിടുന്നെന്നെ.

പടരാന്‍ കഴിയാതെ പോം
നിലാവിന്റെ കരങ്ങള്‍ പോല്‍ ,
പ്രണയമേ നിന്നെ തിരഞ്ഞിവിടെ
അലയുന്നൊരു മാരുതന്‍ ഞാന്‍ .

എങ്കിലും തളിര്‍മൊട്ടുകളില്‍ ,
വിടര്‍ന്ന ചെമ്പകങ്ങളില്‍,
തെളിനീര്‍ തടാകങ്ങളില്‍ ,
ഹിമം പടരും താഴ്വാരങ്ങളില്‍ ,
നിശയുടെ ഏകാന്തതകളില്‍,
ഞാനെന്നെ തിരയുന്നുണ്ട് .

പെയ്യാതെ പോയ മഴയില്‍ ,
നറുമണം നല്‍കാതെ പോയ
നാലുമണിപ്പൂവിതളില്‍ ,
കേള്‍ക്കാന്‍ കഴിയാതെ
അകന്നു പോയ ഈരടികളില്‍ ,
എവിടെയൊക്കെയോ ഞാന്‍
പരാഗണം കാത്തു കിടപ്പുണ്ട് .
---------------ബിജു ജി നാഥ്

Sunday, October 19, 2014

നമുക്കിടയില്‍

മനസ്സിലെ കൗമാരത്തിലേക്കു ദിശ തെറ്റിയ നാവികനെ പോലെ തിരികെ ഞാന്‍ യാത്ര ചെയ്യുമ്പോള്‍ എനിക്ക് കാണാന്‍ കഴിയുന്നത്‌ പ്രണയവും രതിയും സാഹസികതയും നിറഞ്ഞ ഒരു വ്യത്യസ്ഥ ലോകം ആണ് .
എന്നോടൊത്തുള്ള യാത്ര നിനക്ക് സന്തോഷപ്രദം ആകുമോ എന്നറിയില്ല പക്ഷെ ഈ യാത്ര എനിക്കനിവാര്യത ആകുന്നതു പോലെ .
ഗ്രീഷ്മം വിളറി നില്ക്കുന്ന നടപ്പാതകളില്‍ , വഴിയോര സത്രങ്ങളില്‍ , ക്ലാസ്സ് മുറികളുടെ തണുത്ത നിശബ്ദതകളില്‍ , തിരക്കിന്റെ ഏകാന്തതകളില്‍ എല്ലാം എനിക്ക് യാത്ര ചെയ്യേണ്ടി വരും . ഒരിക്കലും സാധിക്കാതെ പോയ പലതും ഞാന്‍ കനവു കണ്ടെന്നു വരും . നിന്റെ ചെറിയ ഹൃദയത്തിനു താങ്ങാന്‍ കഴിയാതെ പോകുന്ന പ്രണയ നൊമ്പരങ്ങളില്‍ ഞാന്‍ ഒരുപക്ഷെ ഒരു വണ്ടിനെ പോലെ പല്ലുകള്‍ ആഴ്ത്തിയെന്നു വരും .
 പറയൂ എത്ര കണ്ടു നീ  ആഗ്രഹിക്കുന്നു ആ പഴയ  സങ്കല്പ ലോകത്തിലേക്ക് ?

അപൂര്‍ണ്ണമായ യാത്രകള്‍ അപ്രാപ്യമായ പകലുകള്‍ , വിരസതയുടെ രാവുകള്‍ , ഓര്‍മ്മമഴകള്‍ ഇവയൊക്കെ എന്നോട് ഒപ്പം ആസ്വദിക്കാന്‍ കഴിയുമെന്നാശിക്കാം  അല്ലെ?
അനിവാര്യതയുടെ പകലുകളില്‍ ഒന്നില്‍ ഒരിക്കല്‍ ഒരു കണ്ടുമുട്ടലില്ലാതെ ഒരു യാത്രയും തുടങ്ങുന്നില്ല എന്ന നിയതിയില്‍ ഞാന്‍ ആരംഭിക്കാം .
വര്‍ണ്ണങ്ങള്‍ ഘോഷയാത്ര വിരിക്കുന്ന തണല്മരങ്ങള്‍ക്ക് കീഴെ ഒരു സായാഹ്നത്തില്‍ ആണ് കുറയേറെ മുഖങ്ങള്‍ ക്ക് ഇടയില്‍  ഞാന്‍ നിന്റെ മിഴികള്‍ കണ്ടെത്തിയത് . ആകാംഷയുടെ പൂക്കള്‍  ചൂടിയ ആ മുഖം എന്നോട് എന്തോ പറഞ്ഞു എന്ന് ഞാന്‍ കണ്ടെത്തിയത് വിടവാങ്ങുമ്പോള്‍ നിന്റെ കവിള്‍  വാടുന്നത് കണ്ടപ്പോഴാണ് എന്നത് അല്ഫുതം തന്നെ
പിന്നെ രാവുകള്‍ ഭാരിച്ചതും നീളമേറിയതും ആയി മാറി . സായന്തങ്ങള്‍ സ്വപ്ന വര്‍ണ്ണങ്ങള്‍ നിറഞ്ഞു നിന്ന് . നോട്ടത്തിനും പുഞ്ചിരിക്കും ആയിരം കഥകള്‍ പറയാന്‍ കഴിയുമെന്നു കണ്ട ദിനങ്ങള്‍ തണല്‍ മരങ്ങളിലെ പുഷ്പങ്ങളെ പോലെ കൊഴിഞ്ഞും വിരിഞ്ഞും സജീവമായി നിന്നതു അറിയാന്‍ പക്ഷെ കഴിഞ്ഞിരുന്നില്ല

യാത്രകളില്‍ നിന്റെ നിശ്വാസവും , ഗന്ധവും , നുകരുന്ന , നിന്റെ മുടിയിഴകളെ മുഖമുമ്മ വയ്ക്കുന്ന നാമമാത്രമായ സമയ ദൈര്‍ഘ്യങ്ങളെ ഞാന്‍ ശപിച്ചു തുടങ്ങിയിരുന്നു. ഒരു സ്പര്‍ശനം കിട്ടാന്‍ എത്രയോ ദിനങ്ങള്‍ വിറപൂണ്ടു കടന്നു പോയി

ഒരുനാള്‍ ഒരു പുസ്തകത്തിലൂടെ ഞാന്‍ എന്റെ ഹൃദയം നിനക്ക് മുന്നില് തുറന്നു വയ്ക്കുമ്പോള്‍ എന്റെ വിറകൊള്ളുന്ന വിരലുകള്‍ നിന്റെ വിരലില്‍ തൊട്ടു എന്നതാണ് എന്നെ ത്രസിപ്പിച്ചതു . ഒരു പഞ്ഞിക്കെട്ടു പോലെ അന്ന് രാവു കടന്നുപോയി. പ്രഭാതം ആകാംഷയുടെ മുള്‍മുനയില്‍ പിടഞ്ഞു കൊണ്ടേ ഇരുന്നു . പതിവിനു വിപരീതമായി തണല്മാരച്ചോട്ടില്‍ നീ ഇല്ലായിരുന്നു . ഹൃദയം പറിച്ചെടുക്കാന്‍ കഴിയാതെ അവിടെ ഉപേക്ഷിച്ചു ഞാന്‍ നടന്നകന്നു .
ദീര്ഘമായ രണ്ടു ഇടവേള നീ എന്നെ പരീക്ഷിച്ച ദിനങ്ങള്‍ ആയിരുന്നു എന്നത് നിന്നെ സംബന്ധിചു എത്ര കണ്ടു കുതൂഹുലമായിരുന്നോ അത്ര തന്നെ വേദനാജനകമായിരുന്നു എനിക്ക് . നിന്റെ ദര്‍ശനമാത്രയില്‍ ഞാന്‍ കരുതിയത്‌ എന്റെ ഹൃദയം പൊട്ടിപൊവുമെന്നു തോന്നി  വികാരവിക്ഷോഭത്തല്‍. മറുപടി പോലെ യാത്രയുടെ അവസാനം നീ എനിക്ക് മടക്കി നല്കിയ പുസ്തകത്തിനുള്ളില്‍ ഞാന്‍ കരുതി വച്ചിരുന്ന മയില്‍‌പ്പീലി പെരുകിയിരുന്നു . വാക്കുകള കൊണ്ട് ഞാന്‍ നല്കിയ മാലയില്‍ നീ കൊരുത്ത പുഷ്പഹാരം എത്ര തവണ ഞാന്‍ നെഞ്ചില്‍ ചേര്‍ത്തു ഉമ്മവച്ചു കിടന്നു എന്നോ ഞാന്‍ എപ്പോഴാണ് ഉറങ്ങിയതെന്നോ അന്നെനിക്കറിയില്ല
പ്രണയത്തിന്റെ പൂക്കാലം ആയിരുന്നു പിന്നെ ദിനാന്ത്യങ്ങള്‍ .  സങ്കല്പ്പത്തിന്റെ തേരില്‍ ദീര്‍ഘയാത്രകള്‍ നടത്തി ഒരുപാട് . കുന്നുകള്‍ , മലകള്‍ , താഴ്വാരങ്ങള്‍ , പൂന്തോപ്പുകള്‍ , കടലുകള്‍ , നമ്മള്‍ പോകാത്ത ഒരിടവും ഇല്ലായിരുന്നു . രണ്ടു ഇണക്കുരുവികള്‍ ചുണ്ടുകള്‍ കൊരുത്ത്  ഒറ്റമരച്ചില്ലയില്‍ പ്രണയം കൈമാറിയിരുന്നു ഋതുക്കള്‍ മാറുന്നതറിയാതെ .
നിന്റെ കുസൃതികള്‍ , പിണക്കങ്ങള്‍ , ഇണക്കങ്ങള്‍ , കണ്ണുനീര് , പുഞ്ചിരി എല്ലാം എന്റെ ദിനങ്ങളിലെ സൗരഭ്യങ്ങള്‍ ആയി . രാത്രികള്‍ നിന്നെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചുറങ്ങുന്ന ഇരുളുകള്‍ നാണിക്കുന്ന കാലം.
നിന്റെ അധരങ്ങളെ നിണമാര്‍ന്നതാക്കുന്ന രാവുകളെ നീ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു മെല്ലെ മെല്ലെ. ഈ ചെക്കാനൊരു നാണവുമില്ല എന്ന് നീ കൊഞ്ചി പറയുമായിരുന്നു . പക്ഷെ എന്നുമൊരു അരുതിന്റെ വരമ്പ് നീ ബോധപൂര്‍വ്വം നമുക്കിടയില്‍ വരച്ചിട്ടിരുന്നു . അത് എന്നില്‍ നിന്നോടുള്ള സ്നേഹത്തിന്റെ ആഴം കൂട്ടിയിരുന്നു എന്നും ഞാന്‍ അറിയുന്നു
നമ്മള്‍ ദീര്‍ഘനേരം ആലിംഗനത്തില്‍ അമര്‍ന്നിരുന്നു പലപ്പോഴും സ്വപ്നങ്ങളില്‍ . എന്റെ നെഞ്ചില്‍ നിന്റെ ചുണ്ടിന്റെ സ്പര്‍ശനത്തിന്റെ ചൂട് ഞാന്‍ അന്നെന്ന പോലെ ഇന്നും അനുഭവിക്കുന്നുണ്ട് . നിന്റെ മിഴികളിലെ സ്നേഹനീരുകള്‍ വീണു പൊള്ളിയ എന്റെ മാറില്‍ നിന്റെ ചുണ്ടിന്റെ മാര്‍ദ്ധവം നല്കിയ ഉമ്മകള്‍ എന്നെ ഇന്നും നോവിക്കുന്നു ,നമ്മുടെ യാത്ര ഈ വഴിയില്‍ ഈ അപൂര്‍ണ്ണതയില്‍ ഇവിടെ അര്‍ദ്ധവിരാമമിടുന്നു . ഇനി ഈ ഹൃദയഭാരമോഴിയും വരെ ഒരു വരി പോലുമെന്നില്‍ വിരിയുന്നില്ല എന്നത് നിന്നോടുള്ള പ്രണയം എത്ര എന്നെ വേദനിപ്പിക്കുന്നു എന്നോര്‍മ്മിപ്പിക്കുന്നു.......

Saturday, October 18, 2014

അശ്വത്ഥാമാവ്


നിന്നെ പ്രണയിച്ചു
തുടങ്ങുമ്പോള്‍ മരണമേ ,
ഇന്നീ മണ്ണിതിലൊന്നിനും
സൗന്ദര്യമില്ലല്ലോ .

നിന്നെ കനവ് കണ്ടു
തുടങ്ങുമ്പോള്‍ മരണമേ 
രാവുകള്‍ നീളം കുറഞ്ഞ
പാതകളാകുന്നുവോ ?

നിന്റെ നാമം കേള്‍ക്കുമ്പോള്‍
ചുറ്റിലും മാദക
പുഷ്പങ്ങള്‍ വിരിയുന്ന
ഗന്ധം നിറയുന്നുവല്ലോ .

നിന്നെ സ്മരിക്കുന്ന
മാത്രയില്‍ ചിത്തത്തില്‍
മഞ്ഞുരുകിയൊരു
നദിയായൊഴുകുന്ന പോല്‍.

എങ്കിലും നീ എന്റെ
പാതകള്‍ മറന്നപോല്‍
എന്തിനു മരുവുന്നു
മറ്റിടങ്ങളില്‍ ശലഭം പോല്‍ !
----------ബിജു ജി നാഥ്

Wednesday, October 15, 2014

തിരികെ യാത്ര ചെയ്യുന്നു ഞാന്‍


തിരിഞ്ഞു നടക്കുന്ന പാതകളില്‍,നിങ്ങള്‍
പലമുഖങ്ങള്‍ തടഞ്ഞേക്കുമെങ്കിലും
പിന്തിരിയാതെ വയ്യെനിക്കിന്നെന്റെ
വഴികള്‍ തുടങ്ങുന്നിടത്തേക്കേകനായ്.

പറഞ്ഞു പോകുവാന്‍ കഴിയില്ലതു നിങ്ങളില്‍
ഉണര്‍ത്തും വേദനതന്‍ നിഴല്‍പ്പാട് പോലെ
ഉണര്‍ത്തിവിട്ടൊരു നിലാവിന്‍ വെളിച്ചത്തെ
മറച്ചിടുന്നു ഞാന്‍ പരിതാപമുണ്ടെങ്കിലുമിന്നു .

ശപിച്ചിടാം ചില നോവിന്റെ മുള്ളുകള്‍
തപിച്ചിടം ചില വാക്കിന്റെ തല്ലുകള്‍
കരിച്ചിടാം ചില ഓര്‍മ്മതന്‍ ശേഷിപ്പുകള്‍
എങ്കിലും പിരിഞ്ഞിടാതെ വയ്യിനിയൊട്ടുമേ . 

വിടര്‍ത്തിയ കരങ്ങള്‍ നിങ്ങള്‍ തന്‍ മുന്നില്‍
തുറന്നു വച്ചിന്നു ഞാന്‍ പോകുന്നേകനായ്
ഉണര്‍ന്നിരിക്കിലും ഉണരാത്തുറക്കത്തിന്‍
ഇരുണ്ട മൗനം കുടപിടിയ്ക്കും ഗുഹാമുഖം വിട്ടു .

കണ്ടുമുട്ടുമിരുള്‍ പാതയിലെങ്ങാനും
ഇണ്ടലൊതുങ്ങാ പകലുകളിലെന്നേലും
മറന്നിടുന്നൊരാ ഓര്‍മ്മതന്‍ ചില്ലുകളാല്‍
മറന്നിടൊല്ലേ മുറിവൊന്നു നല്‍കുവാന്‍.

വാക്കിന്‍ മുനകളില്‍ പതിയിരുന്നോ, പുതു
വാക്കിന്‍ ശരങ്ങളാല്‍ പിന്തുടര്‍ന്നോയെന്നില്‍
കൊരുത്തു വയ്ക്കണം പുതുനാമങ്ങള്‍ പലതും
പറഞ്ഞു മറന്ന ദിനങ്ങള്‍ തന്നോര്‍മ്മപോല്‍ .

ഒഴിഞ്ഞ ശയ്യയില്‍ ഓര്‍മ്മപ്പുതുക്കമായി
മറന്നിട്ട തൂവാല പോലെ വാടിവീണും.
സുദീര്‍ഘമാം യാത്രതന്‍ ഉള്ളടക്കങ്ങളില്‍
ഒതുക്കി പിടിച്ച വിവേകങ്ങള്‍ തന്‍ ഭാവവും

പ്രതീക്ഷ തന്‍ തോണിയില്‍ കാത്തിരിക്കും
ചെറു മുകുളത്തിന്‍ ദാനമൊരു മോഹമാകെ.
മടിയില്‍ കിടത്തിയമൃതൂട്ടും മാതൃത്വം പോല്‍
ഉമ്മറപ്പടിയില്‍ കാത്തിരുപ്പനന്തമാകട്ടെന്നും .

അനപത്യദുഖമായി അലയാഴിപോലൊരു
വിതുമ്പല്‍ കൊതിക്കും ഹൃദയം മറക്കട്ടെ .
ഇരുള്‍ മാറി പുലരി വരുംവരെ ചായാനായ്
ഇനിയില്ലീ വക്ഷസ്സിന്‍ തുടിതാളമെന്നറിയ്ക .

വൃന്ദാവനം ശൂന്യമായെന്നറിയ്ക നീയിന്നീ-
പൈക്കളും മയിലും വരണ്ടുപോം നദിയും
തിരികെ വരില്ലിനി ഓടക്കുഴലിന്റെ മണി
നാദമുതിര്‍ത്തൊരീ കാര്‍വര്‍ണ്ണന്‍ തിരികെ.

പറയാന്‍ ബാക്കിയില്ലൊന്നുമിനിയീ രാവില്‍
കരയാന്‍ കൊതിയ്ക്കുന്നില്ലീ ഹൃദയവുമൊട്ടുമേ.
പുലരും വരേയ്ക്കും നനയാതെ കാക്കുവാന്‍
മിഴിയിണകള്‍ മാത്രം വല്ലാതെ കൊതിയ്ക്കുന്നു.
-------------------ബിജു ജി നാഥ്

Tuesday, October 14, 2014

എന്റേതാകണം

നമ്മള്‍ രണ്ടു വന്‍കരകള്‍ പോല്‍
കരങ്ങള്‍ വേര്‍പെട്ടു കരയകന്നും
മിഴികള്‍ മറയുന്ന കാഴ്ചയായും
ഹൃദയങ്ങള്‍ പരസ്പരം മുറിയുന്നു .

നമുക്കിടയില്‍ ഒരു കനാല്‍ ജനിക്കുന്നു
മണല്‍പ്പായ്ക്കപ്പല്കുകള്‍ ദ്രുതം ചലിക്കുന്നു
പൊഴിയടര്‍ന്നു പോം തീരങ്ങളിലൊക്കെ
കണ്ണീരുപ്പുകള്‍ പരലുപോല്‍ പടരുന്നു .

നമുക്കിടയില്‍ ഭാഷകള്‍ ജനിക്കുന്നു
നമുക്ക് രണ്ടു മതങ്ങള്‍ ജനിക്കുന്നു
നമ്മില്‍ രണ്ടു മദങ്ങള്‍ വളരുന്നു
നമ്മള്‍ രണ്ടു കാഴ്ചകള്‍ കാണുന്നു .

എതിരില്ലാ കാഴ്ചകള്‍ കാണാതെ
ഉയിരില്ലാ ജീവിതം മണക്കാതെ
പതിരില്ലാ കഥകള്‍ കേള്‍ക്കാതെ
നമുക്കൊരൊറ്റ കരയാകണമിനി.
----------------------ബിജു.ജി.നാഥ് 

ദിഗംബരര്‍


നമുക്ക് പുറകോട്ടു നടത്താമവരെ .
പടിപടിയായി .
ആദ്യം ജീന്‍സു നിരോധിക്കാം
പിന്നെ ചുരിദാര്‍
പിന്നെ സാരി
പിന്നെ ജമ്പര്‍
പിന്നെ മുണ്ട്
പിന്നെ പാളത്താര്‍
എന്നിട്ട്  നടത്താം
ആദിമവാസികളായി .
നഗ്നതയൊരു പാപമല്ലെന്നും
ശരീരം മായയെന്നും പഠിപ്പിക്കാം .
സഹനത്തിന്റെ കാണാപ്പുറങ്ങളിലെത്തുമ്പോള്‍
ആസ്വാദനത്തിന്റെ പരകോടിയില്‍
പീഡനത്തിന്റെ ഘോഷം നടത്താം .
സദാചാരത്തിന്റെ ചിന്തേരിട്ടു
കാടല്ലിത് നാടെന്നുറക്കെ പറയാം .
അറിവിന്റെ പരകോടിയില്‍ തറച്ചു
അഭിമാനികളാക്കാം.
പിന്നെ
അടുക്കളയുടെ മൂലയില്‍
ചാക്ക് കെട്ടില്‍ പൊതിഞ്ഞു സൂക്ഷിക്കാം
വിശക്കുമ്പോള്‍ പുറത്തെടുത്തു കഴിക്കാം .
--------------ബിജു ജി നാഥ്

Monday, October 13, 2014

കരയും തിരയും


പിരിയുവാന്‍ കൊതിച്ചു
കരയുടെ മാറിലായ്‌
വിരല്‍നഖമാഴ്ത്തി ഞാന്‍
പിന്തിരിഞ്ഞകലുമ്പോള്‍
ഒരു വിങ്ങലോടെ നീ
പറയുന്നതറിയുന്നു
പ്രിയസഖി നീ എന്നെ
പിരിഞ്ഞിടായ്ക .

ഒരു പാട് നാളുകള്‍
പ്രിയനേപ്പിരിഞ്ഞവള്‍,
ഒരു നിമിഷാര്‍ദ്ധത്തില്‍
മാറിലേക്കായുമ്പോള്‍
ഒരു ജന്മപുണ്യം പോല്‍
വാരിപ്പുണരുമെന്‍
കരങ്ങളെ ഒഴിവാക്കി
പിരിഞ്ഞിടുന്നോ സഖീ .

കടലാഴങ്ങളില്‍ കണ്ടു
മറഞ്ഞൊരു
കനവിന്റെ ചിപ്പികള്‍
നിനക്കായ് സമര്‍പ്പിക്കേ .
അതിനുള്ളിലുറങ്ങുന്നു
ഞാനെന്ന സത്യം
അതുനിന്നിലെത്തുമ്പോള്‍
ഞാന്‍ ധന്യയാകുന്നു .

വരഞ്ഞിട്ടു നീപോകും
മുറിവിലൂടൊഴുകുന്ന
നിണമത് നിന്നുടെ
ഓര്‍മ്മകളാകുമ്പോള്‍
ചിതറിയ കുപ്പിവള
ത്തുണ്ട് പോലെന്റെ
മാറില്‍ നിന്മിഴിനീരു
മിന്നിത്തിളങ്ങുന്നു .

പ്രിയനേ നീയറിയുന്നു
എന്നെയെന്നറിയുമ്പോള്‍
ഹൃദയം പൊടിയുന്ന
വേദനയറിയുന്നു .
ഒരിക്കലൂടാ മാറില്‍
മയങ്ങിവീണീടുവാന്‍
അനുവദിച്ചെങ്കിലെന്‍
വിധിയെന്ന് കൊതിക്കുന്നു.
.........ബിജു ജി നാഥ്

Thursday, October 9, 2014

ഒരു പ്രണയലേഖനം

എന്റെ സ്വന്തം വാവയ്ക്ക്

ഒരുപാട് ആലോചിച്ചു . നിന്നെ ഓര്‍ത്ത്‌ ഒരുപാട് രാത്രികള്‍ , ഉറക്കമിളച്ച ഒത്തിരി രാവുകള്‍ , ഒടുവില്‍ ഇതാ ഈ വരികള്‍ നിനക്കായി ഞാന്‍ കുറിക്കട്ടെ .
ആദ്യമായി ഈ ക്ലാസ്സില്‍ എത്തുമ്പോള്‍ തന്നെ ഞാന്‍ കണ്ടത് നിന്നെയായിരുന്നു . എന്റെ മനസ്സിലെ സങ്കല്പങ്ങളില്‍ നിന്നും നേരിട്ട് ഇറങ്ങി വന്ന രൂപം . അന്ന് മുതല്‍ ഒരു യാത്രയായിരുന്നു നിന്റെ പിന്നാലെ നീ അറിയാതെ നിഴല്‍ പോലെ . ക്ലാസ്സ്‌ മുറിയുടെ ശബ്ദായനങ്ങളില്‍ , വഴിയോരത്തിലെ കാത്തു നില്‍പ്പുകളില്‍ ഒക്കെയും നിന്റെ മിഴികളില്‍ മിഴികള്‍ ഒന്ന് കോര്‍ത്തു കിട്ടുവാന്‍ ഞാന്‍ തപസ്സു ചെയ്യുകയായിരുന്നു . ഒരിക്കലും എനിക്ക് നിന്നോട് എന്റെ പ്രണയം തുറന്നു പറയുവാന്‍ കഴിഞ്ഞിരുന്നില്ല . ഞാന്‍ നിന്നരുകില്‍ എത്തുമ്പോള്‍ എല്ലാം അശക്തനായിരുന്നു . നിന്റെ മിഴികളില്‍ നോക്കി എന്തെങ്കിലും പറയാന്‍ കഴിയാതെ ഞാന്‍ എന്നിലേക്ക്‌ ചുരുങ്ങുകയായിരുന്നു . മണ്ണെണ്ണ വിളക്കിന്റെ ചുവന്ന വെളിച്ചത്തില്‍ നിനക്ക് വേണ്ടി എഴുതികൂട്ടിയ എണ്ണമറ്റ കത്തുകള്‍ , കവിതകള്‍, കുറിമാനങ്ങള്‍ ...
ഒരിക്കല്‍ എന്തോ കാര്യത്തിനു നമ്മള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട് . അന്ന് നിന്നെ കേള്‍ക്കുകയായിരുന്നു ഞാന്‍. ഒന്നും തിരികെ പറയാന്‍ കഴിയാതെ നിന്റെ മിഴികളില്‍ ഇറങ്ങി പോവുകയായിരുന്നു ഞാന്‍ ഉള്ളില്‍ എങ്ങോ എവിടെയോ ഞാന്‍ ഉണ്ടോ എന്നറിയാന്‍ ഉള്ള യാത്ര . മറ്റൊരിക്കല്‍ നിന്റെ വിരല്‍ത്തുമ്പില്‍ ഞാന്‍ സ്പര്‍ശിച്ചു . നമ്മള്‍ പരസ്പരം എന്തോ കൈമാറുകയായിരുന്നു . പക്ഷെ എന്റെ ഉള്ളില്‍ ആ വിരലിന്റെ തണുപ്പ് മാത്രമേ നിറഞ്ഞുള്ളൂ .
പലവട്ടം നിന്റെ വഴികളില്‍ ഞാന്‍ കാത്തു നിന്നിരുന്നു . ഒന്ന് ഹൃദയം തുറക്കുവാന്‍ , എന്നെ അറിയിക്കുവാന്‍ . പക്ഷെ അരികിലൂടെ കടന്നു പോകുന്ന നിന്റെ സുഗന്ധം മാത്രം നുകര്‍ന്ന് കൊണ്ട് ഞാന്‍ നിശ്ചലം നിന്നുപോയിരുന്നു അപ്പോഴെല്ലാം . കൂട്ടുകാര്‍ എന്നെ സ്വപ്നജീവി എന്ന് വിളിച്ചു കളിയാക്കി . ആര്‍ക്കും അറിയില്ലായിരുന്നു എനിക്ക് നിന്നോട് ഉള്ള ഇഷ്ടം . ഞാന്‍ ആരോടും പറഞ്ഞിരുന്നുമില്ലല്ലോ .
ദിവസങ്ങള്‍ ഓടി മറഞ്ഞു . മൂന്നു വര്‍ഷം . ഈ മൂന്നു വര്‍ഷവും എന്റെ മനസ്സിലും ചിന്തയിലും നീ മാത്രമായിരുന്നു . നിനക്ക് വേണ്ടി മാത്രമായിരുന്നു ഞാന്‍ വന്നിരുന്നത് . ഒന്ന് കാണാന്‍ , ഒരു നോട്ടം കിട്ടാന്‍ . നിന്റെ ചൊടിയില്‍ വിരിയുന്ന ചിരി കണ്ടു സന്തോഷിക്കാന്‍ . മണി കിലുങ്ങും പോലുള്ള നിന്റെ വര്‍ത്തമാനം കേട്ടിരിക്കാന്‍ . നീ നടന്ന വഴികളില്‍ നിന്റെ പാദസരത്തിന്റെ സംഗീതത്തില്‍ ലയിക്കാന്‍ .
ഒരിക്കലും പറയാതെ , അറിയാതെ പോകുന്ന ഒരു സ്നേഹം , അതെങ്ങനെ നീ മനസ്സിലാക്കും എന്ന് ഞാന്‍ ഒരിക്കലും ഓര്‍ത്ത്‌ വിഷമിച്ചിട്ടില്ല . ഇന്ന് ഈ ദിവസം വരെ എന്റെ ഇഷ്ടം എന്നില്‍ മാത്രമായിരുന്നു . ഇവിടെ ഞാന്‍ അത് പൊട്ടിക്കുന്നു . ഈ കുറിമാനം , എന്റെ ഹൃദയം നിന്റെ കൈകളില്‍ എത്തുമ്പോള്‍ ഞാന്‍ നിന്നില്‍ നിന്നും ഒരുപാട് ദൂരെ എത്തിയിട്ടുണ്ടാകും . ഒരിക്കലും ഇനി നമ്മള്‍ കണ്ടുവെന്നും വരില്ല . പക്ഷെ നീ അറിയണം . നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു എന്ന് . കാരണം എന്റെ കയ്യില്‍ നീ നല്‍കിയ ഈ ക്ഷണക്കത്ത് എന്നോട് പറയുന്നുണ്ട് എന്റെ സ്നേഹം എന്റെ മാത്രം ആഗ്രഹമായിരുന്നു എന്ന് . ഞാന്‍ പറയാതെ പോയ എന്റെ സ്നേഹം , നീ അറിയാതെ പോയ എന്റെ സ്നേഹം .
ജീവിതത്തിന്റെ തിരക്കിനിടയില്‍ ഒരിക്കല്‍ നാം തമ്മില്‍ കണ്ടു മുട്ടുമെങ്കില്‍ , അന്ന് ഇതിന്റെ മറുപടി ഞാന്‍ കൊതിക്കുന്നു . നിന്റെ ശബ്ദങ്ങളില്‍ നിന്നും അതെനിക്ക് കേള്‍ക്കണം . വരും അതിനായ്‌ മാത്രം ഒരിക്കല്‍ ഞാന്‍ തിരികെ വരും .
നിന്റെ മാത്രം ബി ജി എന്‍

Wednesday, October 8, 2014

സമയമായില്ല...

അര്‍ദ്ധപ്രാണന്‍ കൊതിക്കുന്നു ജീവന്റെ
യവസാന കണിക തിരികെപ്പിടിക്കുവാന്‍.

മൃത്യു മിഴികള്‍ തുറന്നിരിക്കുന്നുണ്ട് നേര്‍-
ചിത്തമതിന്‍ ചിതയൊന്നു കാണുവാന്‍.

ഇല്ല നിങ്ങള്‍ക്ക്‌ കഴിയില്ലൊരിക്കലും
സത്യമതിന്‍ പ്രകാശമൊന്നൊടുക്കുവാന്‍ !

കാലമെത്ര കഴിഞ്ഞുവെന്നാകിലും ന്യൂന-
മതിന്‍ കിരണം കാണാതെ പോകില്ല.

നാഴികമണിനാക്കില്‍ പിടയ്ക്കുന്ന കാലമേ
നിന്‍ പാദങ്ങള്‍ കിതയ്ക്കുമ്പോള്‍ പോലും

ഇല്ലൊരിക്കലും കഴിയില്ല മര്‍ത്യനു തന്‍
ചില്ലകള്‍ തന്നില്‍ ഇരിപ്പൊന്നുറയ്ക്കുവാന്‍.

വേദനകള്‍ തന്‍ നടുവിലും മാനസം കുതി-
കുതിക്കുന്നു നുകരുവാന്‍ ഭോഗങ്ങള്‍!

നോവുകള്‍ക്ക് വലകെട്ടി മാനവാ , നീ നിന്‍
നാവിനാല്‍ തീര്‍ക്കും പദസഞ്ചയം പോല്‍.

ആലയമതില്ലാത്ത നിന്നാകുലതകള്‍
വാനില്‍ നീളെ പറക്കും പതംഗമോ .

ഒന്ന് പെയ്യാന്‍ കൊതിക്കും പേമാരിപോല്‍
ഉള്ളിലുറക്കുന്നുണ്ട് കണ്ണീര്‍വാതങ്ങള്‍ നിന്നില്‍.

നിര്‍ന്നിമേഷം നിന്‍ മിഴികളില്‍ വിരിയുന്ന
നിത്യഹാസം നിറമാല പൂക്കുമ്പോള്‍

ഇല്ല കഴിയില്ല പ്രണയത്തിന്‍ പൂവിനാല്‍
പാദപൂജ ചെയ്യാതെ മടങ്ങുവാനെനിക്കിന്നു .

കാത്തു നില്‍ക്കുന്ന മരണത്തിന്‍ രഥമതു
കാത്തിരിയ്ക്കട്ടെ,കഴിയില്ലതിന്‍ മുന്നേപിരിയുവാന്‍.
---------------------------------------ബിജു ജി നാഥ്