Wednesday, October 8, 2014

സമയമായില്ല...

അര്‍ദ്ധപ്രാണന്‍ കൊതിക്കുന്നു ജീവന്റെ
യവസാന കണിക തിരികെപ്പിടിക്കുവാന്‍.

മൃത്യു മിഴികള്‍ തുറന്നിരിക്കുന്നുണ്ട് നേര്‍-
ചിത്തമതിന്‍ ചിതയൊന്നു കാണുവാന്‍.

ഇല്ല നിങ്ങള്‍ക്ക്‌ കഴിയില്ലൊരിക്കലും
സത്യമതിന്‍ പ്രകാശമൊന്നൊടുക്കുവാന്‍ !

കാലമെത്ര കഴിഞ്ഞുവെന്നാകിലും ന്യൂന-
മതിന്‍ കിരണം കാണാതെ പോകില്ല.

നാഴികമണിനാക്കില്‍ പിടയ്ക്കുന്ന കാലമേ
നിന്‍ പാദങ്ങള്‍ കിതയ്ക്കുമ്പോള്‍ പോലും

ഇല്ലൊരിക്കലും കഴിയില്ല മര്‍ത്യനു തന്‍
ചില്ലകള്‍ തന്നില്‍ ഇരിപ്പൊന്നുറയ്ക്കുവാന്‍.

വേദനകള്‍ തന്‍ നടുവിലും മാനസം കുതി-
കുതിക്കുന്നു നുകരുവാന്‍ ഭോഗങ്ങള്‍!

നോവുകള്‍ക്ക് വലകെട്ടി മാനവാ , നീ നിന്‍
നാവിനാല്‍ തീര്‍ക്കും പദസഞ്ചയം പോല്‍.

ആലയമതില്ലാത്ത നിന്നാകുലതകള്‍
വാനില്‍ നീളെ പറക്കും പതംഗമോ .

ഒന്ന് പെയ്യാന്‍ കൊതിക്കും പേമാരിപോല്‍
ഉള്ളിലുറക്കുന്നുണ്ട് കണ്ണീര്‍വാതങ്ങള്‍ നിന്നില്‍.

നിര്‍ന്നിമേഷം നിന്‍ മിഴികളില്‍ വിരിയുന്ന
നിത്യഹാസം നിറമാല പൂക്കുമ്പോള്‍

ഇല്ല കഴിയില്ല പ്രണയത്തിന്‍ പൂവിനാല്‍
പാദപൂജ ചെയ്യാതെ മടങ്ങുവാനെനിക്കിന്നു .

കാത്തു നില്‍ക്കുന്ന മരണത്തിന്‍ രഥമതു
കാത്തിരിയ്ക്കട്ടെ,കഴിയില്ലതിന്‍ മുന്നേപിരിയുവാന്‍.
---------------------------------------ബിജു ജി നാഥ്


4 comments: