Wednesday, October 15, 2014

തിരികെ യാത്ര ചെയ്യുന്നു ഞാന്‍


തിരിഞ്ഞു നടക്കുന്ന പാതകളില്‍,നിങ്ങള്‍
പലമുഖങ്ങള്‍ തടഞ്ഞേക്കുമെങ്കിലും
പിന്തിരിയാതെ വയ്യെനിക്കിന്നെന്റെ
വഴികള്‍ തുടങ്ങുന്നിടത്തേക്കേകനായ്.

പറഞ്ഞു പോകുവാന്‍ കഴിയില്ലതു നിങ്ങളില്‍
ഉണര്‍ത്തും വേദനതന്‍ നിഴല്‍പ്പാട് പോലെ
ഉണര്‍ത്തിവിട്ടൊരു നിലാവിന്‍ വെളിച്ചത്തെ
മറച്ചിടുന്നു ഞാന്‍ പരിതാപമുണ്ടെങ്കിലുമിന്നു .

ശപിച്ചിടാം ചില നോവിന്റെ മുള്ളുകള്‍
തപിച്ചിടം ചില വാക്കിന്റെ തല്ലുകള്‍
കരിച്ചിടാം ചില ഓര്‍മ്മതന്‍ ശേഷിപ്പുകള്‍
എങ്കിലും പിരിഞ്ഞിടാതെ വയ്യിനിയൊട്ടുമേ . 

വിടര്‍ത്തിയ കരങ്ങള്‍ നിങ്ങള്‍ തന്‍ മുന്നില്‍
തുറന്നു വച്ചിന്നു ഞാന്‍ പോകുന്നേകനായ്
ഉണര്‍ന്നിരിക്കിലും ഉണരാത്തുറക്കത്തിന്‍
ഇരുണ്ട മൗനം കുടപിടിയ്ക്കും ഗുഹാമുഖം വിട്ടു .

കണ്ടുമുട്ടുമിരുള്‍ പാതയിലെങ്ങാനും
ഇണ്ടലൊതുങ്ങാ പകലുകളിലെന്നേലും
മറന്നിടുന്നൊരാ ഓര്‍മ്മതന്‍ ചില്ലുകളാല്‍
മറന്നിടൊല്ലേ മുറിവൊന്നു നല്‍കുവാന്‍.

വാക്കിന്‍ മുനകളില്‍ പതിയിരുന്നോ, പുതു
വാക്കിന്‍ ശരങ്ങളാല്‍ പിന്തുടര്‍ന്നോയെന്നില്‍
കൊരുത്തു വയ്ക്കണം പുതുനാമങ്ങള്‍ പലതും
പറഞ്ഞു മറന്ന ദിനങ്ങള്‍ തന്നോര്‍മ്മപോല്‍ .

ഒഴിഞ്ഞ ശയ്യയില്‍ ഓര്‍മ്മപ്പുതുക്കമായി
മറന്നിട്ട തൂവാല പോലെ വാടിവീണും.
സുദീര്‍ഘമാം യാത്രതന്‍ ഉള്ളടക്കങ്ങളില്‍
ഒതുക്കി പിടിച്ച വിവേകങ്ങള്‍ തന്‍ ഭാവവും

പ്രതീക്ഷ തന്‍ തോണിയില്‍ കാത്തിരിക്കും
ചെറു മുകുളത്തിന്‍ ദാനമൊരു മോഹമാകെ.
മടിയില്‍ കിടത്തിയമൃതൂട്ടും മാതൃത്വം പോല്‍
ഉമ്മറപ്പടിയില്‍ കാത്തിരുപ്പനന്തമാകട്ടെന്നും .

അനപത്യദുഖമായി അലയാഴിപോലൊരു
വിതുമ്പല്‍ കൊതിക്കും ഹൃദയം മറക്കട്ടെ .
ഇരുള്‍ മാറി പുലരി വരുംവരെ ചായാനായ്
ഇനിയില്ലീ വക്ഷസ്സിന്‍ തുടിതാളമെന്നറിയ്ക .

വൃന്ദാവനം ശൂന്യമായെന്നറിയ്ക നീയിന്നീ-
പൈക്കളും മയിലും വരണ്ടുപോം നദിയും
തിരികെ വരില്ലിനി ഓടക്കുഴലിന്റെ മണി
നാദമുതിര്‍ത്തൊരീ കാര്‍വര്‍ണ്ണന്‍ തിരികെ.

പറയാന്‍ ബാക്കിയില്ലൊന്നുമിനിയീ രാവില്‍
കരയാന്‍ കൊതിയ്ക്കുന്നില്ലീ ഹൃദയവുമൊട്ടുമേ.
പുലരും വരേയ്ക്കും നനയാതെ കാക്കുവാന്‍
മിഴിയിണകള്‍ മാത്രം വല്ലാതെ കൊതിയ്ക്കുന്നു.
-------------------ബിജു ജി നാഥ്

2 comments: