Sunday, October 19, 2014

നമുക്കിടയില്‍

മനസ്സിലെ കൗമാരത്തിലേക്കു ദിശ തെറ്റിയ നാവികനെ പോലെ തിരികെ ഞാന്‍ യാത്ര ചെയ്യുമ്പോള്‍ എനിക്ക് കാണാന്‍ കഴിയുന്നത്‌ പ്രണയവും രതിയും സാഹസികതയും നിറഞ്ഞ ഒരു വ്യത്യസ്ഥ ലോകം ആണ് .
എന്നോടൊത്തുള്ള യാത്ര നിനക്ക് സന്തോഷപ്രദം ആകുമോ എന്നറിയില്ല പക്ഷെ ഈ യാത്ര എനിക്കനിവാര്യത ആകുന്നതു പോലെ .
ഗ്രീഷ്മം വിളറി നില്ക്കുന്ന നടപ്പാതകളില്‍ , വഴിയോര സത്രങ്ങളില്‍ , ക്ലാസ്സ് മുറികളുടെ തണുത്ത നിശബ്ദതകളില്‍ , തിരക്കിന്റെ ഏകാന്തതകളില്‍ എല്ലാം എനിക്ക് യാത്ര ചെയ്യേണ്ടി വരും . ഒരിക്കലും സാധിക്കാതെ പോയ പലതും ഞാന്‍ കനവു കണ്ടെന്നു വരും . നിന്റെ ചെറിയ ഹൃദയത്തിനു താങ്ങാന്‍ കഴിയാതെ പോകുന്ന പ്രണയ നൊമ്പരങ്ങളില്‍ ഞാന്‍ ഒരുപക്ഷെ ഒരു വണ്ടിനെ പോലെ പല്ലുകള്‍ ആഴ്ത്തിയെന്നു വരും .
 പറയൂ എത്ര കണ്ടു നീ  ആഗ്രഹിക്കുന്നു ആ പഴയ  സങ്കല്പ ലോകത്തിലേക്ക് ?

അപൂര്‍ണ്ണമായ യാത്രകള്‍ അപ്രാപ്യമായ പകലുകള്‍ , വിരസതയുടെ രാവുകള്‍ , ഓര്‍മ്മമഴകള്‍ ഇവയൊക്കെ എന്നോട് ഒപ്പം ആസ്വദിക്കാന്‍ കഴിയുമെന്നാശിക്കാം  അല്ലെ?
അനിവാര്യതയുടെ പകലുകളില്‍ ഒന്നില്‍ ഒരിക്കല്‍ ഒരു കണ്ടുമുട്ടലില്ലാതെ ഒരു യാത്രയും തുടങ്ങുന്നില്ല എന്ന നിയതിയില്‍ ഞാന്‍ ആരംഭിക്കാം .
വര്‍ണ്ണങ്ങള്‍ ഘോഷയാത്ര വിരിക്കുന്ന തണല്മരങ്ങള്‍ക്ക് കീഴെ ഒരു സായാഹ്നത്തില്‍ ആണ് കുറയേറെ മുഖങ്ങള്‍ ക്ക് ഇടയില്‍  ഞാന്‍ നിന്റെ മിഴികള്‍ കണ്ടെത്തിയത് . ആകാംഷയുടെ പൂക്കള്‍  ചൂടിയ ആ മുഖം എന്നോട് എന്തോ പറഞ്ഞു എന്ന് ഞാന്‍ കണ്ടെത്തിയത് വിടവാങ്ങുമ്പോള്‍ നിന്റെ കവിള്‍  വാടുന്നത് കണ്ടപ്പോഴാണ് എന്നത് അല്ഫുതം തന്നെ
പിന്നെ രാവുകള്‍ ഭാരിച്ചതും നീളമേറിയതും ആയി മാറി . സായന്തങ്ങള്‍ സ്വപ്ന വര്‍ണ്ണങ്ങള്‍ നിറഞ്ഞു നിന്ന് . നോട്ടത്തിനും പുഞ്ചിരിക്കും ആയിരം കഥകള്‍ പറയാന്‍ കഴിയുമെന്നു കണ്ട ദിനങ്ങള്‍ തണല്‍ മരങ്ങളിലെ പുഷ്പങ്ങളെ പോലെ കൊഴിഞ്ഞും വിരിഞ്ഞും സജീവമായി നിന്നതു അറിയാന്‍ പക്ഷെ കഴിഞ്ഞിരുന്നില്ല

യാത്രകളില്‍ നിന്റെ നിശ്വാസവും , ഗന്ധവും , നുകരുന്ന , നിന്റെ മുടിയിഴകളെ മുഖമുമ്മ വയ്ക്കുന്ന നാമമാത്രമായ സമയ ദൈര്‍ഘ്യങ്ങളെ ഞാന്‍ ശപിച്ചു തുടങ്ങിയിരുന്നു. ഒരു സ്പര്‍ശനം കിട്ടാന്‍ എത്രയോ ദിനങ്ങള്‍ വിറപൂണ്ടു കടന്നു പോയി

ഒരുനാള്‍ ഒരു പുസ്തകത്തിലൂടെ ഞാന്‍ എന്റെ ഹൃദയം നിനക്ക് മുന്നില് തുറന്നു വയ്ക്കുമ്പോള്‍ എന്റെ വിറകൊള്ളുന്ന വിരലുകള്‍ നിന്റെ വിരലില്‍ തൊട്ടു എന്നതാണ് എന്നെ ത്രസിപ്പിച്ചതു . ഒരു പഞ്ഞിക്കെട്ടു പോലെ അന്ന് രാവു കടന്നുപോയി. പ്രഭാതം ആകാംഷയുടെ മുള്‍മുനയില്‍ പിടഞ്ഞു കൊണ്ടേ ഇരുന്നു . പതിവിനു വിപരീതമായി തണല്മാരച്ചോട്ടില്‍ നീ ഇല്ലായിരുന്നു . ഹൃദയം പറിച്ചെടുക്കാന്‍ കഴിയാതെ അവിടെ ഉപേക്ഷിച്ചു ഞാന്‍ നടന്നകന്നു .
ദീര്ഘമായ രണ്ടു ഇടവേള നീ എന്നെ പരീക്ഷിച്ച ദിനങ്ങള്‍ ആയിരുന്നു എന്നത് നിന്നെ സംബന്ധിചു എത്ര കണ്ടു കുതൂഹുലമായിരുന്നോ അത്ര തന്നെ വേദനാജനകമായിരുന്നു എനിക്ക് . നിന്റെ ദര്‍ശനമാത്രയില്‍ ഞാന്‍ കരുതിയത്‌ എന്റെ ഹൃദയം പൊട്ടിപൊവുമെന്നു തോന്നി  വികാരവിക്ഷോഭത്തല്‍. മറുപടി പോലെ യാത്രയുടെ അവസാനം നീ എനിക്ക് മടക്കി നല്കിയ പുസ്തകത്തിനുള്ളില്‍ ഞാന്‍ കരുതി വച്ചിരുന്ന മയില്‍‌പ്പീലി പെരുകിയിരുന്നു . വാക്കുകള കൊണ്ട് ഞാന്‍ നല്കിയ മാലയില്‍ നീ കൊരുത്ത പുഷ്പഹാരം എത്ര തവണ ഞാന്‍ നെഞ്ചില്‍ ചേര്‍ത്തു ഉമ്മവച്ചു കിടന്നു എന്നോ ഞാന്‍ എപ്പോഴാണ് ഉറങ്ങിയതെന്നോ അന്നെനിക്കറിയില്ല
പ്രണയത്തിന്റെ പൂക്കാലം ആയിരുന്നു പിന്നെ ദിനാന്ത്യങ്ങള്‍ .  സങ്കല്പ്പത്തിന്റെ തേരില്‍ ദീര്‍ഘയാത്രകള്‍ നടത്തി ഒരുപാട് . കുന്നുകള്‍ , മലകള്‍ , താഴ്വാരങ്ങള്‍ , പൂന്തോപ്പുകള്‍ , കടലുകള്‍ , നമ്മള്‍ പോകാത്ത ഒരിടവും ഇല്ലായിരുന്നു . രണ്ടു ഇണക്കുരുവികള്‍ ചുണ്ടുകള്‍ കൊരുത്ത്  ഒറ്റമരച്ചില്ലയില്‍ പ്രണയം കൈമാറിയിരുന്നു ഋതുക്കള്‍ മാറുന്നതറിയാതെ .
നിന്റെ കുസൃതികള്‍ , പിണക്കങ്ങള്‍ , ഇണക്കങ്ങള്‍ , കണ്ണുനീര് , പുഞ്ചിരി എല്ലാം എന്റെ ദിനങ്ങളിലെ സൗരഭ്യങ്ങള്‍ ആയി . രാത്രികള്‍ നിന്നെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചുറങ്ങുന്ന ഇരുളുകള്‍ നാണിക്കുന്ന കാലം.
നിന്റെ അധരങ്ങളെ നിണമാര്‍ന്നതാക്കുന്ന രാവുകളെ നീ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു മെല്ലെ മെല്ലെ. ഈ ചെക്കാനൊരു നാണവുമില്ല എന്ന് നീ കൊഞ്ചി പറയുമായിരുന്നു . പക്ഷെ എന്നുമൊരു അരുതിന്റെ വരമ്പ് നീ ബോധപൂര്‍വ്വം നമുക്കിടയില്‍ വരച്ചിട്ടിരുന്നു . അത് എന്നില്‍ നിന്നോടുള്ള സ്നേഹത്തിന്റെ ആഴം കൂട്ടിയിരുന്നു എന്നും ഞാന്‍ അറിയുന്നു
നമ്മള്‍ ദീര്‍ഘനേരം ആലിംഗനത്തില്‍ അമര്‍ന്നിരുന്നു പലപ്പോഴും സ്വപ്നങ്ങളില്‍ . എന്റെ നെഞ്ചില്‍ നിന്റെ ചുണ്ടിന്റെ സ്പര്‍ശനത്തിന്റെ ചൂട് ഞാന്‍ അന്നെന്ന പോലെ ഇന്നും അനുഭവിക്കുന്നുണ്ട് . നിന്റെ മിഴികളിലെ സ്നേഹനീരുകള്‍ വീണു പൊള്ളിയ എന്റെ മാറില്‍ നിന്റെ ചുണ്ടിന്റെ മാര്‍ദ്ധവം നല്കിയ ഉമ്മകള്‍ എന്നെ ഇന്നും നോവിക്കുന്നു ,നമ്മുടെ യാത്ര ഈ വഴിയില്‍ ഈ അപൂര്‍ണ്ണതയില്‍ ഇവിടെ അര്‍ദ്ധവിരാമമിടുന്നു . ഇനി ഈ ഹൃദയഭാരമോഴിയും വരെ ഒരു വരി പോലുമെന്നില്‍ വിരിയുന്നില്ല എന്നത് നിന്നോടുള്ള പ്രണയം എത്ര എന്നെ വേദനിപ്പിക്കുന്നു എന്നോര്‍മ്മിപ്പിക്കുന്നു.......

No comments:

Post a Comment