Friday, January 31, 2014

ചൗര പഞ്ചാശിക


ഹേ ബില്‍ഹണന്‍,
പ്രണയത്തിന്റെ ആത്മാവിനെ
ജീവിതത്തില്‍ കൊരുത്തിട്ടവനെ
പ്രണയത്തടവുകാരാ .

കാവ്യജീവിതത്തിന്റെ അധിനിവേശങ്ങളില്‍
പാഞ്ചാലനാടിനെ കുരുക്കിയവന്‍ നീ.
അക്ഷരങ്ങള്‍ കൊണ്ട്
ഹൃദയങ്ങള്‍ കീഴടക്കിയവന്‍.
 
കാവ്യനീതിക്കപ്പുറം പ്രണയത്തില്‍
യാമിനിയുടെ ഹൃദയം കവര്‍ന്നവന്‍ നീ .
മദനാഭിരാമന്റെ വാള്‍ത്തലപ്പിനെ
പ്രണയം കൊണ്ട് നേരിട്ടവന്‍.

ഹേ ബില്‍ഹണന്‍,
തടവറയുടെ ഇരുട്ടില്‍ പോലും
മരണത്തിന്റെ ഗന്ധം നുകര്‍ന്ന് നീ
പ്രണയത്തിന്റെ ഗീതം രചിച്ചവന്‍
പ്രണയിനികളുടെ നായകന്‍.

ഉയരാന്‍ മടിച്ചു നിന്ന വാള്‍ത്തലപ്പില്‍
നിന്റെ പ്രണയാക്ഷരങ്ങള്‍ ഉമ്മവച്ചപ്പോള്‍
നീ നേടിയത് പ്രണയിനിയെ .
കാലം നിന്നെ ഓര്‍ക്കുന്നു
പ്രണയത്തിന്റെ സ്മാരകം പോല്‍ .
---------------ബി ജി എന്‍
 

Thursday, January 30, 2014

ന: സ്വാതന്ത്ര്യ മർഹതി


ജമ്പറും  മുണ്ടിലും തുടങ്ങിയ
കമ്പമാണ് .
തോർത്തിടാതെയും ഇട്ടും
വയറിന്റെ ചത മുഴുവൻ കാണിച്ചും
ഇറക്കിയും കേറ്റിയും
തയ്യൽക്കാരികളെ ചീത്ത വിളിച്ചും
പുരോഗമിച്ചു .
സാരി ഒരു ഫാഷന്‍ ആയപ്പോള്‍
ബ്ലൗസിന് ഇറക്കം കുറച്ചും
പുറകു വശം തുറന്നിട്ടും
പുക്കിളിനു അരകിലോമീറ്റര്‍
താഴെ വച്ചും സാരി ഉടുത്തു .
ചുരിദാറിലേക്ക് മാറിയപ്പോള്‍
കൈ കളഞ്ഞും
കഴുത്തിറക്കിയും
വശങ്ങളില്‍ വെട്ടിക്കേറ്റിയും
ആഘോഷം തന്നെയായിരുന്നു .
ജീന്‍സും ടോപും ആയപ്പോള്‍
നിതംബത്തിന്റെ ആരംഭം കാണിച്ചും
പുക്കിള്‍ കാണിച്ചും
ബ്രായുടെ സ്ട്രിപ് കാട്ടിയും
അതിനെയും ആസ്വദിച്ചു .
എല്ലാം കഴിഞ്ഞൊടുവില്‍
പുതിയ വസ്ത്രരീതികള്‍
കിട്ടാഞ്ഞിട്ടാണോഎന്നറിയില്ല 
വസ്ത്ര സ്വാതന്ത്ര്യം ഇല്ല ,
വസ്ത്രധാരണം എന്റെ അവകാശം ആണെന്ന്
സ്ത്രീയെ നീ ആരോടാ വിലപിക്കുന്നെ ?

പ്രണയ ബാഷ്പങ്ങള്‍

നിലാവഴിച്ചിട്ടൊരീ കമ്പളം
മൂടിപ്പുതച്ചു ഞാന്‍ ഉറങ്ങുന്നു
എന്റെ മനസ്സിന്‍ തീരങ്ങളില്‍ .
പ്രിയേ,
വേദന തന്‍ തീത്തൈലം
പൊള്ളിക്കുടരുമെന്‍ ഹൃദയത്തില്‍
നിന്റെ രൂപം , ശബ്ദം ,
സാമീപ്യമൊരു
കുളിര്‍തൈലമാകുന്നെനിക്ക് .
നീയെന്നിലുണരുന്നുറങ്ങുന്നു
എന്റെ ജീവിതത്തിന്റെ സംഗീതമാകുന്നു.
അറിയുന്നു നിന്റെ സ്പന്ദനങ്ങള്‍
നിന്റെ മിഴികളില്‍ വിരിയും ഭാവങ്ങള്‍
മധുരമൊഴികള്‍
തേങ്ങലുകള്‍
കണ്ണുനീര്‍ത്തുള്ളികള്‍ .

നിന്റെ ഗദ്ഗദമെന്നില്‍ പടരുന്നു
നീയൊരു നോവായെന്നിലലിയുന്നു
പിരിയുവാന്‍ വയ്യാതെ
പകലുകള്‍ എന്നെ
പിടയുന്ന മിഴികളുയര്‍ത്തി നോക്കുമ്പോള്‍
അറിയാതെ പ്രണയത്തിന്റെ അകതാരിലെങ്ങോ
നിന്റെ മിഴികളെ നോക്കി ഞാന്‍
വിങ്ങുന്നു.
നീയെന്നില്‍ പടരുന്നു
ശ്രുതി താളമായി വിരിയുന്നു
നിന്റെ ചിന്തകളില്‍
മോഹങ്ങളില്‍
കനവുകളില്‍
ഞാന്‍ എന്നെ അറിയുന്നു.
നിന്റെ ദര്‍ശനമാത്രയില്‍
ഉയരുന്നു
ഉണരുന്നു
മുറുകുന്നെന്‍ തന്ത്രികള്‍ .

പോകുവതെങ്ങനെ നിന്നെ വിട്ടിനി 
നിന്‍ മിഴികളെ വിട്ടിനി
നിന്‍ മൊഴികളെ വിട്ടിനി .
അരികില്‍ ഉണ്ട്  ഞാന്‍
നിന്നരികിലുണ്ടെന്നും  
നിന്റെ മനസ്സിന്‍ അകതാരിലുണ്ട് ഞാന്‍ .
സ്പന്ദനം അഴിച്ചിട്ട നിന്‍ ചിന്തകളില്‍
ഒരു കുളിര്‍തെന്നലായെന്നുമുണ്ടാകും ഞാന്‍
കെട്ടഴിച്ചിട്ട നിന്റെമുടികളില്‍ നിന്നും
നിന്റെ കാമനകളില്‍ നിന്നും
നീ പകര്‍ന്നേകുന്ന സാന്ത്വനങ്ങളില്‍ നിന്നും
പ്രിയനൊത്തു നീ ആഴുന്നൊരീ
മോഹന ദിനങ്ങളില്‍
നിന്റെ
സ്വപ്നങ്ങളില്‍
പുഞ്ചിരിയില്‍ 
നിങ്ങളോന്നാകുന്ന നിമിഷങ്ങളില്‍
നിന്നെയോര്‍ത്തു
നിനക്കൊരു താങ്ങായി

നിന്നോടൊപ്പം ഞാനുണ്ട്.

നിന്റെ വസ്ത്രമായി
രൂപമായി
നിന്റെ മിഴികളായ്‌
നിന്നെ അറിയുന്ന ഞാനുണ്ട്
എന്തിനു വെറുതെ ചഞ്ചലയാകുന്നു
പ്രിയേ

എന്റെ പ്രാണനല്ലേ
നീ എന്റെ അല്ലെ.
------------ബി ജി എന്‍ 



Tuesday, January 28, 2014

നമ്മള്‍ തിരയുന്നതെന്താകാം ?

ആകാശത്തിന്റെ അപാരതകളില്‍ നിന്നെങ്ങോ
ഒരു താരകം മണ്ണില്‍ വിരുന്നു വന്നൊരിക്കല്‍ .
മിഴികളിലത് കൊരുത്തെടുത്തുകൊണ്ട് മണ്ണിലെ
 മാലാഖയായി എന്നിലേക്ക്‌ വരുന്നു നീ.

പ്രണയത്തിന്റെ പുകയുന്ന  അഗ്നിപര്‍വ്വതമാം
പരിഭവത്തിന്റെ ചാരവും, സ്നേഹത്തിന്റെ ലാവയും
എന്നിലെ ശീതക്കാറ്റിനെ ഉരുക്കികളയുമ്പോള്‍
അറിയാതെ നിന്നില്‍ ഞാനലിഞ്ഞു ചേരുന്നു .

നീയെന്നുള്ളിലെ സ്നേഹത്തിന്‍ പവിഴപ്പുറ്റുകളില്‍
നിലീനമാം ആത്മാംശം തേടുന്ന വേളയില്‍
എന്റെ കേവല ധ്യാനം നിന്നുടലഴകുകളിലേവം
കാമത്തിന്റെ ഹിമശൈലങ്ങള്‍ തിരയുന്നു .

നീ പ്രണയത്തിന്റെ ഉത്തുംഗതയില്‍ മായാ -
ലോകത്തിലെ ചിത്രശലഭമായുയരുമ്പോള്‍
ഞാന്‍ നിന്നിലെ തന്ത്രികള്‍ക്കുള്ളില്‍  മുങ്ങി
രതിമൂര്‍ച്ഛയുടെ കാണാക്കയങ്ങള്‍ തിരയുന്നു.
                                           ബി ജി എന്‍


Sunday, January 26, 2014

കാമമോഹിതം


അര്‍ദ്ധരാത്രിക്ക്  സൂര്യന്‍ ഉദിക്കില്ല
ഒഴുകുന്ന പുഴ തിരികെ വരികയുമില്ല .
ഏട്ടിലെ പശു പുല്ലു തിന്നില്ലെന്നതുപോല്‍
ഇലയിലും മുള്ളിലും കഥകള്‍ കുരുങ്ങുന്നു.

പറ്റുകാരന്റെ വീരസ്യം കേടു സ്ഖലിക്കുന്നു
ജന്മപാപങ്ങള്‍ ഇരുട്ടിന്‍ മറയിലായി.
അടിവസ്ത്രമൂരിയുമ്മറത്തിട്ടു കുന്തിരിക്കം
പുകയ്ക്കുന്നു കാലവും കോലവും പാരില്‍ .

കാട്ടുപൊന്തയില്‍ അരയില്‍ കുരുക്കി
യൊരുവന്‍ പെണ്മുല  കടിച്ചുപിടിച്ചലറുന്നു
കൊന്നിടേണം ചാമിമാരെയല്ലേല്‍
അമ്മപെങ്ങമാര്‍ വഴിനടപ്പതെങ്ങനെ.

അക്ഷരങ്ങളെ വ്യഭിച്ചരിക്കുന്നുണ്ട് തെരു-
വീഥിതന്‍ ദേഹവ്യാപാര കമ്പോളങ്ങളില്‍
വശ്യഗന്ധം വമിക്കും മലര്‍ശരമെയ്യുന്ന  
കാമബാണന്‍ രതീദേവിയോന്നിച്ച് .
--------------------ബി ജി എന്‍

റിപ്പബ്ലിക്


അന്‍പതുകളില്‍ നാം നേടി
പരമോന്നത ഭരണഘടനയുടെ നിറവു .
അറുപതാണ്ട് കഴിഞ്ഞിന്നും നാം നേടിയില്ല
നീതി തുല്യമെന്നോര്‍ക്കുമ്പോള്‍
രാക്ഷ്ട്രപതി ഭവനില്‍ തുടങ്ങി
രാജ്പഥത്തിലൂടെ
ചെങ്കോട്ടയില്‍ കൊടിയിറങ്ങുന്ന മാമാങ്കം
അതാണ്‌ റിപ്പബ്ലിക് ഭാരതത്തിനു .
ആനയിച്ചിരുത്തിയ വിഷിഷ്ടാംഗത്തിന് 
മുന്നില്‍ കസര്‍ത്തും കരുത്തും കാട്ടി
ഇന്ത്യ എന്തെന്ന് കാണിച്ചു കൊടുക്കുന്ന ദിനം.
എന്തുണ്ടതിനപ്പുറമിന്നുമീ
തെണ്ടികളാവും 'ബനാനജനത്തിനു'
നെഞ്ചോട്‌ ചേര്‍ക്കാന്‍ ഓര്‍മ്മയില്‍ പോലുമേ ?
വെളുത്തവനെ ആട്ടിപ്പായിച്ചു
വെള്ളാനകള്‍ അധിനിവേശം ചെയ്ത
സ്വാതന്ത്ര്യമെന്ന ചക്കരക്കുടത്തില്‍
ഇന്നും വിരലൊന്നു മുക്കുവാന്‍
കഴിയാതെ പോകുന്നവന്റെ ചങ്കില്‍
എന്താണ് റിപ്പബ്ലിക് ?
പ്രണയിച്ചവളെ കൂട്ട ഭോഗം ചെയ്യുന്ന
പ്രതികരിച്ചവളെ ചുട്ടുകൊല്ലുന്ന
ചരല്‍ക്കല്ലുകള്‍ ജനനേന്ദ്രിയത്തില്‍ നിറയ്ക്കുന്ന
സ്വാതന്ത്ര്യം
അമ്മമ്മാര്‍ നഗ്നരായി
ഞങ്ങളെ ഭോഗിക്കെന്നു മുറവിളി കൂട്ടേണ്ടി വരും
പ്രബുദ്ധതയുടെ സ്വാതന്ത്ര്യം.
കാവിയും പച്ചയും മാറി മാറി
ഭീകരത പകര്‍ത്തുന്ന ശ്രേഷ്ടത.
ജാതി നോക്കി നീതി നിഷേധിക്കുന്ന
വര്‍ണ്ണങ്ങളുടെ ഭാരതം !
ചേരികള്‍ ഉല്‍പ്പാദിപ്പിച്ചു കൊണ്ട്
നാഗരികത വളര്‍ത്തുന്ന ഭാരതം
ഇവിടെ എവിടെയാണ്
എന്നാണു
ഭാരതം റിപ്പബ്ലിക് ആയതു ?

Saturday, January 25, 2014

വസന്തകാലം

നിമിഷങ്ങൾക്ക് തീ പിടിക്കുമീ
ഭ്രാന്തു തീരും മുന്നേ അനുവദിക്കുക
തുടിച്ചു നിൽക്കും നിൻ മുലച്ചുണ്ടിൽ
മധുനുകരുന്നൊരു ശലഭമാകാൻ

കരയുടെ മാറിൽ വീണമരുന്നൊരു
തിരമാലയായെൻ മാനസമിന്നു
തകരുവാനാകാതെ മനമതു കോരി
ചൊരിയും മഴയിൽ കുളിച്ചു നില്പ്പൂ .

നൊടിയിടപോലുമില്ലാതെ നിന്നിലെ
ശമനതാളം ആസ്വദിച്ചീടുവാൻ
തരിക ഈയപൂർവമാം നിമിഷത്തിൻ
വസന്തമെനിക്ക് നീ മൽപ്രേയസി.
-------------------- ബി ജി എൻ 

നിലാവസ്തമിക്കുമൊരുനാൾ

മരണത്തിന്റെ നനുത്ത ഗന്ധം നിറയും
ഓർമ്മകളുടെ തണുത്ത രാവുകൾ
ജീവിതത്തിന്റെ അവസാനഭാഗങ്ങളിൽ
നിസ്സംഗതയുടെ നിലാപ്പച്ചകൾ !

ഒരു ദിനമീ വാളിൽ തെളിഞ്ഞു കത്തും
ഒരുപാട് പേരുടെ ഓർമ്മകുറിപ്പുകൾ
വഴിപാടുപോൽ ചിലവാക്കുകൾ
ഹൃദയം മുറിഞ്ഞ ചില കണ്ണീരുകൾ !

ഓർമ്മയുടെ ചിലന്തിവലയിൽ കുരുങ്ങി
വല്ലപ്പോഴും വന്നുപോകും ചിന്തയാകും
ആശ്വാസനിശ്വാസങ്ങളിൽ കൊരുത്തു
വാർഷികങ്ങളിൽ ചിലരോർത്തേക്കാം .

ഓർക്കുവാൻ നൽകിടുവാൻ ഒന്നേയുള്ളൂ
വഴിയാത്രക്ക് കൊണ്ടുപോകുമീ ഭാണ്ഡത്തിൽ
വാക്കുകൾ വരികൾ തോന്ന്യാക്ഷരങ്ങൾ
കാലം മറക്കും വരേയ്ക്കും കൈവശമെന്നിലായ് .
-------------------------ബി ജി എൻ

Thursday, January 23, 2014

ഞാന്‍ തീവ്രവാദി


അതെ
മുഖം ചുളിക്കുന്ന നിങ്ങളുടെ
മുഖത്തേക്ക് തന്നെ
കാര്‍ക്കിച്ചു തുപ്പി ഞാന്‍ പറയുന്നു
ഞാന്‍ തീവ്രവാദി .

ഇത് നിങ്ങള്‍ ചാര്‍ത്തിയ പട്ടം
ഇത് നിങ്ങള്‍ അണിയിച്ച
തങ്കപതക്കം .
നെഞ്ചോട്‌ ഞാന്‍ ചേര്‍ക്കും
പുണ്യമീ വാക്യം
ഞാന്‍ തീവ്രവാദി .

രാജ്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയാല്‍
രാജ്യസ്നേഹം
സംശയക്കണ്ണോടെ  നോക്കും
സഹോദരങ്ങളെ കണ്ടു
മനം നൊന്തതും

സമൂഹത്തിലെ
നീതി നിഷേധത്തിന് നേരെ വിരല്‍
അനക്കിയപ്പോള്‍
വര്‍ഗ്ഗീയവിഷം നല്‍കിയും 

എനിക്ക് വേണ്ടി നാവുയര്‍ത്തിയപ്പോള്‍
നാലാം വേദക്കാരനെന്തു
കാര്യമെന്നാര്‍ത്തും
നിങ്ങളെന്നില്‍ അടിച്ചേല്‍പ്പിച്ചു
കുറ്റപത്രങ്ങള്‍.

വിദ്യാലയങ്ങളില്‍
കാര്യാലയങ്ങളില്‍
വ്യവഹാരങ്ങളില്‍
അവകാശങ്ങളില്‍
ഞാനെന്നും ഓടയില്‍ സ്ഥാനം പിടിച്ചു .

അസ്വാതന്ത്ര്യത്തിന്റെ
അവഗണനയുടെ
കയ്പ്പുനീരില്‍ ചാലിച്ച് ഞാനെന്‍
കണ്ണുനീര്‍ കുടിച്ചുകൊണ്ട് ശിരസ്സിലണിയുന്നു
അതെ
ഞാന്‍ തീവ്രവാദി .

പരിഷ്കൃത സമൂഹം
എന്റെ മതം നോക്കിയും
ചരിത്രത്തിലെ തെറ്റുകള്‍ നോക്കിയും
എന്നും വിധിക്കുന്നു.
തോട്ടിയുടെ മോന്‍ തോട്ടിയെന്ന്
വിധിയെഴുതിയ കണ്ണിനാല്‍
ആരഷഭാരത സംസ്കാരത്തിന് മേലിരുന്നു കുരയ്ക്കുന്നു 
മേത്തനെന്നാല്‍ തീവ്രവാദി .
ഇനി ഞാന്‍ തെറ്റെങ്കില്‍
അഭിമാനത്തോടെ ഞാന്‍ പറയുന്നു
അതെ ഞാന്‍ തീവ്രവാദി .
-------------ബി ജി എന്‍

Tuesday, January 21, 2014

തണൽമരം


പ്രിയേ നിന്റെ ചാരത്തൊരു മാത്ര
എന്റെ നിശ്വാസം നീ ശ്രവിച്ചുവെങ്കിൽ
കാമിനീ നിന്നുടെ മൂർദ്ധാവിലെൻ
മുഗ്ദ്ധചുംബനത്തിൻ ഊഷ്മളതയറിയുക.

നാം പരസ്പരം കോർത്ത വിരലുകളിൽ
നെഞ്ചോട്‌ ചേർത്ത കരതലമതിൽ
എന്റെ സ്നേഹത്തിന്റെ സ്പർശനമുണ്ട്
എന്റെ സാമീപ്യത്തിന്റെ നറുമണവും .

എകയല്ലനീയിന്നൊർക്കുക നിന്നൊപ്പം
ഓർമ്മകൾക്കപ്പുറമെന്റെ ജീവനുണ്ടെന്നു
മാറോടു ചേർത്തു ഞാൻ പിടിക്കുമീ
സ്നേഹമേ മാറുകില്ലൊന്നുമോർക്കുക ഏവം .

ദൂരവും കാലവും മാറിനിൽക്കും ജീവ
നാഡിയിൽ നിന്നോർമ്മ പൂത്തുനില്ക്കെ
ഓമലേ നിന്നുടെ മാനസത്തിൽ ഞാനിന്നൊരു 
മഞ്ഞുകണമായി വീണലിഞ്ഞീടട്ടെ മൂകം.
-----------------------ബി ജി എൻ

Sunday, January 19, 2014

കാലചക്രത്തിന്റെ നേര്‍ക്കാഴ്ചകള്‍


അരുതുകള്‍ പറഞ്ഞുകൊടുത്തു-
മരുതെന്നു വിലക്കിയും
പതിരുകള്‍ പറയരുതെന്ന്
പലവട്ടം പറഞ്ഞും കാടിറങ്ങി .

ഒരു യോനിയില്‍ നിന്നു -
മൊരാകാരമായ് പിറന്ന , നീ
നിന്നെ തന്നെ കാണുകെന്നു
കണ്ണാടി നല്‍കി പറഞ്ഞത് കണ്ണീരോടെയാകാം .

കാടു കേറി മേടു കേറി
കടല് താണ്ടിയും കാലം കഴിച്ചത്
കല്ലുകള്‍ കൊണ്ടല്ലമ്പലങ്ങള്‍
മനസ്സ് കൊണ്ടാകണം എന്നുറപ്പിക്കാന്‍ തന്നെയാകണം .

സംഘടിക്കാനും ശക്തമാകാനും
സംഘടനയെ കൊണ്ടുവന്നൊടുവില്‍
സംഘടിപ്പതു കണ്ടു നെഞ്ചു പൊത്തി
സങ്കടം പൂകിയത്‌ കണ്ടില്ലെന്നു നടിച്ചത്‌  കാലം.

ഒടുവിലൊരുനാള്‍ ഭാസ്മകുടീരത്തില്‍
ഓര്‍മ്മകളെ സമാധിയിരുത്തി
നെഞ്ചിലേറ്റി നടന്നവര്‍ പണിതു
ദന്തഗോപുരമൊന്നു നെഞ്ചത്ത് തന്നെ .

ഇന്നാ ഗോപുരമുറ്റത്തു
പടര്‍ന്നു നില്‍ക്കും പ്ലാശിന്‍ ചോട്ടില്‍
സംഘടിക്കുന്നു കൂട്ടമായി
സഞ്ചരിക്കുവാന്‍ ഭൂതകാലത്തിലേക്ക് .

ജാതി പറഞ്ഞും മതം പറഞ്ഞും
ചോരയോഴുക്കിയ ശക്തി പറഞ്ഞും
ബ്രാഹ്മണ്യത്തിന്റെ കാലടികളില്‍ നക്കുമ്പോള്‍
അസ്ഥികള്‍ ദ്രവിച്ചൊരു മണ്‍കുടീരത്തില്‍
ദ്രവിക്കാതൊരു മനസ്സ് പിടയുന്നു വേദനയാല്‍ .
---------------------------ബി ജി എന്‍

ചുംബനം


 

ഉമ്മവച്ചു പഠിക്കുന്ന ചുണ്ടുകളെ
നിങ്ങൾക്ക് സമാധാനം .
സ്നേഹത്തിന്റെ മൃദു ചുംബനം മുതൽ
കാമത്തിന്റെ ചുടു ചുംബനം വരെ
നിങ്ങൾ മേയുന്ന താഴ്വരകൾക്ക്
നാണത്തിന്റെ ചുവന്ന നിറം .
ദന്തക്ഷതമേറ്റ നിരവധി
ചുണ്ടുകളുടെ ശാപവും
തിണർത്ത കവിളുകളുടെ ദുഖവും
നിങ്ങളെ അമരത്വം
നൽകുമ്പോൾ
ചുവന്നു തുടുത്ത
മുലച്ചുണ്ടുകൾ നിങ്ങളെ
നോക്കാനാകാതെ  മിഴിയൊളിപ്പിക്കുന്നുവല്ലോ .
നിങ്ങൾ കീഴടക്കാത്ത
മഹാമേരുക്കളുണ്ടോ ?
നിങ്ങൾ ഊളിയിടാത്ത
സമുദ്രങ്ങളും .
എങ്കിലും ഉമ്മകളെ
നിങ്ങളെയെന്തിനു ഭയക്കുന്നു
ഇന്നുമീ ചുണ്ടുകൾ ?
--------ബി ജി എൻ

Saturday, January 18, 2014

ഞാനെന്ന ഞാൻ

ഉള്ളു തുറന്നാൽ കാണുവതെന്നുടെ
നേരിൻ മുഖമെന്നറിയുമ്പോൾ
കണ്ണ് തുറന്നു കരയും എന്നുടെ
കണ്ണീരാരും കാണില്ല.

ചില്ലകൾ തോറും ചാടി നടക്കും
വാനരനെന്നുടെ മനസ്സെന്നാൽ
കെണിയില്ലാതെ കുരുങ്ങിയിതല്ലോ
കണ്മണി നിന്നുടെ കണ്മുനയിൽ.

വാനം നോക്കി പാറുന്നുണ്ടൊരു
പ്രാവിൻ മനമെൻ സ്വപ്‌നങ്ങൾ
കാർമേഘത്തിൻ മറയാലെന്നും
പെയ്തമരുന്നീ മണ്ണിൻ 

മുങ്ങാം കുഴിയിട്ടമരുന്നുണ്ടേ
മോഹങ്ങൾ  തൻ പവിഴം തേടി
ജീവനമാമൊരു നിശ്വാസത്തിൻ
കുമിളകൾ തിരികെ വിളിക്കുന്നു .
-----------------ബി ജി എൻ


Thursday, January 16, 2014

ഉണരുക ആലസ്യം വെടിഞ്ഞിനി.


തെരുവുകൾ കത്തുന്ന
കാലമതങ്ങതി വിദൂരമല്ലെന്നോർക്ക നിങ്ങൾ  .
കനലുകൾ ഊതി
കരളുകൾ ചുവന്നതും
കണ്ണുകൾ കലങ്ങിയതും
കാണുന്നു ചുറ്റിലും പ്രതിദിനമെന്നറിയുക .

കാറ്റൊന്നടിച്ചാൽ
കത്തിയെരിയുമീ കോലങ്ങൾ ,
എങ്കിലും അറിയുന്നില്ലവർ തൻ
ആസനങ്ങൾ  ഉറപ്പിക്കപ്പെട്ടതു
നിന്റെ കരളുറപ്പിന്റെ
നിസ്സഹായതയല്ലെന്നു .

നായാടിക്കോലങ്ങൾ ,
അർദ്ധനാരികൾ , അവർ തൻ
ആസക്തികളിൽ
നിറയ്ക്കുക കാലമേ നിങ്ങൾ
പ്രതിഷേധത്തിന്റെ തീത്തൈലം
പൊള്ളിയുരുകട്ടെ,
അടരട്ടെ പിന്നെ
തിരയട്ടെ ജലാശയങ്ങൾ.

നിനക്കുമവർക്കുമിടയിൽ
തീർക്കപ്പെട്ടൊരീ നിഷേധത്തിന്റെ
നീതിവാക്യങ്ങൾ
നിന്നെ കാർന്നു തിന്നാതിരിക്കാൻ
പ്രതികരണത്തിന്റെ
നായ്ക്കുരണപ്പൊടികൾ ചൊരിയുക
സിംഹാസനങ്ങളിൽ .

അധികാരത്തിന്റെ വയാഗ്ര
പുളപ്പിക്കുന്ന മേദസ്സുകൾക്കു
മുന്നിൽ
അടിയറവിന്റെ കടുക്കാവെള്ളം
കുടിച്ച്  ഉറങ്ങിടായ്ക
ഉണരുക നീ ഇനി
പടരുകൊരഗ്നിയായി
പകരുക നാളങ്ങൾ
പകലിന്റെ കുരുന്നുകളിലെക്ക് .
-------------ബി ജി എൻ

Wednesday, January 15, 2014

വരപ്രസാദം

പെട്ടെന്നൊരു താരകം മുന്നിലുദിച്ച പോ-
ലെൻ ചിത്തമെന്തേവം പൊട്ടിത്തരിക്കുന്നു .
തിരയിളക്കം പോലെ മിഴികളിൽ നിറയു -
മീപൂക്കാലമെന്താണ് എന്നോട് ചൊൽവത് .

കണ്‍കളിൽ കണ്‍കോർത്തുനമുക്കിടയിലായ് 
സന്ധ്യകൾ പുലരികൾ എത്ര കടന്നുപോയ്
ഇന്നൊരു മാത്ര നാം എന്തിനു വേണ്ടിയോ
ഗദ്ഗദം മിഴികളിൽ നിറച്ചു പുഞ്ചിരിക്കുന്നു .

ഉള്ളിൽ കുരുങ്ങുന്ന പ്രണയമാം തേങ്ങലിൽ
വാടിവിളറുന്ന നിൻ നുണക്കുഴിശോഭകളിൽ
നറുമന്ദഹാസം വിടരുന്ന അധരപുഷ്പങ്ങളിൽ
അമരുവാൻ ദാഹിക്കും ഭ്രമരമായിന്നു ഞാൻ .

കാറ്റിന്റെ കൈകൾ കുസൃതി കാട്ടുന്നൊരീ മൃദു-
വേണിയഴിഞ്ഞെന്റെ മുഖം മറയുമ്പോൾ
കാച്ചെണ്ണതൻ ഓർമ്മപ്പഴക്കങ്ങൾ തേച്ചൊരു 
തീത്തൈലമെന്റെ സിരകളിൽ പടരുന്നു .
-------------------------ബി ജി എൻ


Tuesday, January 14, 2014

തമസ്സിന്റെ താപം

പ്രണയാക്ഷരങ്ങൾ തൻ
വരകൾക്ക് മേലെ
മറഞ്ഞു നിൽക്കുന്നൊരു
കൈവിരൽപ്പാടാണ് നീ .

ഓർമ്മതൻ നിലാവിൽ 
ഹൃദയം കൊണ്ടെഴുതുന്ന
കവിതകൾ പിന്നെയും
നിണമണിയുന്നൊരീ സന്ധ്യകൾ.

വിടപറയുവാനായി മാത്രം
വിതുമ്പുന്നൊരധരങ്ങൾ കാത്തിരിക്കുമ്പോൾ.
എവിടേക്ക് പോകുവാൻ
ഇനിയീ പകലിന്റെ
രഥമിന്നു സ്തംഭിച്ചുനിൽക്കുന്നു !

പറയുവാൻ അരുതെന്ന്
ചൊല്ലുന്ന കണ്ണുകൾ
കഥനത്തിൻ മിഴിനീർ പൊഴിക്കെ
ഇനിയില്ല പ്രണയമെന്നുരുവിട്ടു
സന്ധ്യയും ഇരുളിലലിയുന്നു .
--------------ബി ജി എന്‍ 

Sunday, January 12, 2014

ലൈവാണ് ജീവിതം

ഉച്ചസൂര്യന്റെ ക്രൂരതപത്തില്‍
രക്തമൊഴുകി കിടക്കുന്നൊരു പെണ്ണ്
കൂടി നില്‍ക്കും കൌമാരത്തിന്‍
ക്യാമറക്കണ്ണില്‍ വെളിവാകുന്ന ദൈന്യത.

ചുറ്റും ചിതറിക്കിടക്കും
ചോര മുത്തമിട്ട പച്ചക്കറികളില്‍
മൂക്കില്‍ വിരല്‍ വച്ച്
കഷ്ടം പറയുന്നു മൂത്ത് നരച്ച
കാരണവ ജന്മങ്ങള്‍

തൊട്ടപ്പുറത്ത്
വണ്ടിയൊതുക്കി തന്റെയാരുമല്ലെന്നു
ഉറപ്പിച്ചൊരു മാന്യന്‍
കണ്ണാടി പൊക്കി
യാത്രയാകുന്നു ചുണ്ടിലെരിയും
ചൂളംവിളിയുമായ് .

വിട്ടുപോകുന്ന
ജീവനില്‍ നിന്നൊരു
നേര്‍ത്ത ഞരക്കവും
പിടച്ചിലും നോക്കി
സാംസ്കാരശൂന്യത ഘോഷിക്കും
സാമൂഹ്യ സേവകന്‍
രോക്ഷാകുലനവന്‍ .

ചൂട് മാറാതെ
ഷെയര്‍ ചെയ്തു
ലൈക് നേടി
സ്റ്റാര്‍വാല്യൂ തേടുന്നു
കീബോര്‍ഡ് സിംഹങ്ങള്‍
രോക്ഷത്താല്‍ ഗര്‍ജ്ജിക്കുന്നു
അസൂയയാല്‍ കൂമ്പുന്നു
ഒരു ലൈവ് കൊടുക്കാന്‍
അവസരം ഇല്ലാതെ .
--------------ബി ജി എൻ


Saturday, January 11, 2014

പരാജിതന്റെ സുവിശേഷം

ഹേ എഴുത്തുകാരാ ,
ഒരു നിമിഷം നില്‍ക്കൂ .
എഴുത്താണി മുനയൊടിച്ചു
ഇരുട്ടിലെക്കൊരു ഭീരുവിനെപ്പോലെ
നീ എന്തിന് യാത്രയാകുന്നു ?

അപരിചിതനായ വിരുന്നുകാരാ
ആകാശവും ഭൂമിയും
അക്ഷരങ്ങള്‍ കൊണ്ട് കീഴടക്കിയ
എന്റെ തൂലികയ്ക്ക്
ഇരയാവാന്‍ ഇനിയൊന്നുമില്ലെന്നു തിരിച്ചറിയുന്നു ഞാന്‍ .
മടക്കി വയ്ക്കുന്നെന്‍ നാരായം .

ഹേ അഹങ്കാരിയായഅക്ഷരത്തൊഴിലാളി,
നിന്റെ കണ്ണുകളിലെ ഹാസ്യം
മൊഴികളിലെ മുഷ്ക്
നിന്റെ അഹങ്കാരങ്ങള്‍ കൊണ്ട്
നീ എന്താണെഴുതിയത് ?

ജീവിതത്തിന്റെ തീഷ്ണതകള്‍
എന്റെ വാക്കുകളിലൂടെ നീ വായിച്ചിരുന്നില്ലേ ?
രതിയുടെ നീലവെളിച്ചമേറ്റ് 
നിന്റെ കണ്ണുകളെത്രയോ വട്ടം
മഞ്ഞളിച്ചിരിക്കുന്നു .

അല്ലയോ അപരിചിതനായ വായനക്കാരാ
എന്റെ തൂലികയുടെ മുന കൊണ്ട്
ഭരണകൂടങ്ങള്‍ പുളഞ്ഞതോര്‍ക്കുന്നില്ലേ ?
എന്റെ മഷിക്കുപ്പിയില്‍ നിന്നും
തെരുവില്‍ ചോര പടര്‍ന്നതറിഞ്ഞില്ലേ ?
നിന്റെ കണ്ണുകളായി
ജിഹ്വയായി
മനസ്സായി
എത്രയോ എഴുത്തുകള്‍ ഞാന്‍ തന്നിരുന്നു .

ആയിരിക്കാം കലാകാര ആയിരിക്കാം .
പക്ഷെ , നീ ഒരിക്കലെങ്കിലും
പച്ച മനുഷ്യനെ കണ്ടിരുന്നോ ?
നിന്റെ എഴുത്തില്‍
പ്രണയത്തിന്റെ കാല്പനികതയല്ലാതെ
ജീവിതത്തിന്റെ നൊമ്പരമുയര്‍ത്തിയോ ?
ഹസ്തമൈഥുനത്തിലൂടെ
നീയെഴുതിയ രതിവാക്യങ്ങള്‍
നിനക്ക് മുന്നില്‍ സ്ഖലിച്ചു കിടക്കുന്നില്ലേ ?
കടിച്ചു തുപ്പിയ
പെണ്ണുടലുകള്‍ ഞരങ്ങുന്നില്ലേ പ്രജ്ഞയില്‍ ?
നിന്റെ നാരായമുനയില്‍ കുരുങ്ങി
പരശതം ദൈന്യതകള്‍ പുളയുന്നില്ലേ ?

അപരിചിതനായ വഴിയാത്രക്കാരാ 
വിശക്കുബോള്‍ ഭക്ഷണവും
ദാഹിക്കുമ്പോള്‍ ലഹരിയും തന്നു
ഭോഗത്തിന് അംഗനമാരെ വിളമ്പിയ
അധികാരമുഷ്ക്കില്‍
എന്റെ അക്ഷരങ്ങള്‍ നിന്നെ
പുണര്‍ന്നിരുന്നില്ലായിരിക്കാം .
എന്റെ വാക്ശരങ്ങള്‍
ധര്‍മ്മയുദ്ധത്തിനായിരുന്നില്ല .

നിങ്ങള്‍ ഒരിക്കലെങ്കിലും
പ്രണയിച്ചിട്ടുണ്ടോ എഴുത്തുകാര ?
പ്രണയത്തിന്റെ ചോര വീണ
ഇരുളിലൂടെ നടന്നിട്ടുണ്ടോ ?
പ്രണയിനിയുടെ മുലയിടുക്കില്‍നിന്നും
നിങ്ങള്‍ എന്നെങ്കിലും അവളുടെ
ഹൃദയത്തിലേക്ക് പോയിട്ടുണ്ടോ ?
അപൂര്‍ണ്ണമായ കാഴ്ചകളില്‍
നിങ്ങള്‍ പുളയ്ക്കുകയായിരുന്നു .
പ്രണയിനിയുടെ തിരസ്കാരത്തില്‍
മാറില്‍ തറച്ച വാക് ശരങ്ങളില്‍
ചോരവാര്‍ന്നൊഴുകുമ്പോള്‍
ചിരിക്കാന്‍ വിധിക്കപ്പെട്ടവന്റെ ദുഃഖം
നിങ്ങളനുഭവിച്ചിട്ടുണ്ടോ ഒരിക്കലെങ്കിലും ?

ഇല്ല സ്നേഹിതാ
നിങ്ങളുടെ വാക്കുകള്‍ക്ക് മുന്നില്‍
ഞാന്‍ തിരിച്ചറിയപ്പെടുന്നു .
മുനയൊടിഞ്ഞോരീ നാരായത്താല്‍
എന്റെ നേത്രങ്ങള്‍ തുളച്ചും 
മഷിയുരുക്കി എന്‍ കാതിലൊഴിച്ചും
ഒരശ്വത്വാമാവിനെ പോലെ
എന്നെ അലയാന്‍ വിടുക .
ചരിത്രത്തിന്റെ സ്മാരകള്‍ ശിലകളില്‍
പിറക്കാതെ പോയൊരു കവിയായി
എഴുതാന്‍ പരാജയപ്പെട്ടൊരു
വെറും മനുഷ്യനായി
അലയാന്‍ വിധിക്കുകെന്നെ .
ഇനിയെനിക്കൊന്നു
തൊണ്ട പൊട്ടുമാറുച്ചത്തില്‍ പാടണം .

അക്ഷരങ്ങള്‍ക്ക് അജ്ഞാതമാകുന്ന
 ഇരകളെ കുറിച്ച്
സ്വാതന്ത്ര്യം നഷ്ടമാകുന്ന
ഉടലുകളെ കുറിച്ച്
കാമം കടിച്ചു കുടഞ്ഞ
പുല്‍നാമ്പുകളെ കുറിച്ച്
അധികാരം ചവിട്ടിതാഴ്ത്തിയ
തിരസ്കാരങ്ങളെ കുറിച്ച് .
ഒടുവില്‍
ജനിമ്രിതികളില്‍ അലിയണം
മാതാവിന്‍ സ്തന്യം നുകര്‍ന്ന്
ഒരു ഭ്രൂണമായി
തിരികെ പോകണമെനിക്ക് .
---------------------ബി ജി എന്‍ 

Friday, January 10, 2014

പ്രതീക്ഷ


പാതയോരം മഞ്ഞു മൂടും കാലമതെത്തിടും മുന്നേ
യാത്രയാകണമെനിക്കെന്റെ നേത്രമെത്തും ദൂരം .

കണ്ടുമുട്ടില്ലെന്നു  ചൊല്ലും നിമിഷമെന്‍ ഉള്ളിലായ്
കണ്ടിടാനുള്ള മോഹം വന്നിടുന്നു തീവ്രമായി.

നമ്മള്‍ രണ്ടു കാലമാകും ദൂരമേകും യാത്രകള്‍
ഒന്നിലും എന്‍ പാദങ്ങള്‍ക്ക് വിഘ്നമാകില്ലോര്‍ക്കുക. 

ലോകമൊരു കുഞ്ഞു പന്തായി കണ്ടിടുന്നു ഉള്ളിലെന്‍
കണ്ടുമുട്ടാന്‍ കാത്തിരിക്കാന്‍ ചൊല്ലുവാനാകില്ലെങ്കിലും

കാലമത് നല്‍കിടും നിമിഷം നിന്‍ പടിവാതിലില്‍
പാദരക്ഷ അഴിച്ചു വച്ചുള്ളില്‍ ഞാന്‍ വരും  നാളത് .

അന്ന് നമ്മള്‍ കണ്ടു നില്‍ക്കും കണ്ണുകള്‍ പരസ്പരം
ചുണ്ടുകളാല്‍ നീ മൊഴിയും സ്നേഹവചനങ്ങളും .

നിന്റെ വിരല്‍ തുമ്പിലൊന്നു തൊട്ടുകൊണ്ടന്നു ഞാന്‍
വിടപറഞ്ഞകലും നിന്‍ നിഴല്‍ വീണിടാ ദൂരത്തില്‍ .

കാത്തിരിപ്പൂ ഞാനതിന്നൊരീ തമസ്സിന്‍ കൂട്ടിലായ്
കാലമെത്തും നേരമെന്നെന്നോര്‍ത്തു കൊണ്ടെന്‍ സഖി.
------------------------ബി ജി എന്‍ ----------

Wednesday, January 8, 2014

അസ്തിത്വം


സ്നേഹത്തിന്റെ കടലാഴങ്ങള്‍
ഹൃദയത്തിലൊളിപ്പിച്ചിരുന്നൊരാളെ
നിങ്ങള്‍ക്ക് കാണാം വരികില്‍
ഉമ്മറത്തെ ചുവരിലൊരു പൂമാലയില്‍ .

സഹനത്തിന്റെ അലക്കുകല്ലില്‍
ജീവിതത്തെ തല്ലിപ്പഴുപ്പിച്ചൊരുവള്‍
അകായിലൊരു പ്ലാസ്റിക് കട്ടിലില്‍
കരിമ്പടം പുതച്ചുറങ്ങുന്നുണ്ടാവും .

വിഴുപ്പുകളുടെ
മുഷിഞ്ഞ കോട്ടണ്‍ സാരിയില്‍
പുകക്കരിയെഴുതിയ
കണ്‍തടങ്ങളോടെ
ആവിപറക്കും ചായയുമായി
നിങ്ങളുടെ മുന്നിലൊരു
പുഞ്ചിരി കണ്ടേക്കാം .

അടുക്കളപ്പുറത്തെ പൂഴിമണ്ണില്‍
മണ്ണപ്പം ചുട്ടുകളിക്കുന്ന
പൂമ്പാറ്റകളുടെ കുഞ്ഞു കണ്ണുകള്‍
നിങ്ങളെ ആര്‍ത്തിയോടെ നോക്കിയേക്കാം .

ഇടനെഞ്ഞു വിങ്ങാതൊരു
പുഞ്ചിരിയാല്‍ ,
മൂര്‍ദ്ദാവിലൊരു ചുംബനത്തോടെ
ചായവാങ്ങി
കരിമ്പടക്കെട്ടിനരികിലിരിക്കെ

സ്മ്രിതികളുടെ കണ്ണുനീരില്‍
കവിള്‍ നീറുമ്പോള്‍ ,
ചേര്‍ത്തു പിടിക്കുന്ന പിഞ്ചുടലുകള്‍ക്ക്
നിങ്ങളൊരച്ചനാകാം.

നാളുകളെണ്ണി ഓരോരുത്തരും
കാത്തിരുന്ന പ്രതീക്ഷകളുടെ വെളിച്ചം !.
നിങ്ങളെന്തെന്നു നിങ്ങളറിയുന്നതപ്പോഴാകം .
പൊട്ടിയൊലിക്കുന്ന നിങ്ങളുടെ മിഴികളില്‍
നിങ്ങളെയോര്‍മ്മിപ്പിക്കുന്നതെന്തെന്നു
എനിക്ക് പറയാന്‍ കഴിയുന്നില്ലല്ലോ...!
----------------------------------ബി ജി എന്‍

Tuesday, January 7, 2014

ഒരുമ്പെട്ടവള്‍


ത്രിസന്ധ്യാനേരത്ത്
ഉച്ചത്തില്‍ ചിരിച്ചപ്പോള്‍
മുത്തശ്ശി പ്രാകിപറഞ്ഞു
ഒരുമ്പെട്ടവള്‍ !

അടിവസ്ത്രം
ധരിക്കാതെ
വീട്ടില്‍ ഉലാത്തിയപ്പോള്‍
അമ്മ കമ്പെടുത്തോതി
ഒരുമ്പെട്ടവള്‍ !

കൂട്ടുകാര്‍ക്കൊപ്പം
പുകയൂതി വിട്ടപ്പോള്‍
കൂട്ടരും പറഞ്ഞു
ഒരുമ്പെട്ടോള്‍ !

മഴ വന്ന നേരത്ത്
ഇരുളില്‍ ടെറസ്സിലായ്
ഉടുവസ്ത്രമുരിഞ്ഞപ്പോള്‍
കെട്ടിയോന്‍ മുരണ്ടു
ഒരുമ്പെട്ടോള്‍ !

സ്വാതന്ത്ര്യങ്ങള്‍
വിലക്കുന്ന
കപടലോകത്തുനിന്നും
ഒരുകയര്‍ത്തുണ്ടില്‍
ഉയര്‍ന്നുപോകുമ്പോള്‍ 
നാട്ടാര്‍ മുറുമുറുക്കുന്നു
ഒരുമ്പെട്ടോള്‍ !
-----------ബി ജി എന്‍

Sunday, January 5, 2014

വാനപ്രസ്ഥം


സായന്തനത്തിൻ നിഴൽ വിരിച്ചോരീ
നാട്ടുമാഞ്ചോട്ടിൽ നമ്മളിന്നോമലെ
പോയകാലത്തിൻ മധുരം നിറയുന്ന
ഓർമ്മകൾ മേയാൻ വിട്ടു വിശ്രമിക്കോർ .

നമ്രമുഖിയായ് നാണത്തിൽ മുങ്ങിനീ
അന്നെൻ മുന്നിൽ നിന്ന നാൾമുതൽ
ഇന്നീ തമസ്സിൻ കോടമഞ്ഞിലായ്
നമ്മളുരുമ്മിയിരിക്കും കാലം വരെയും

ഒഴുകിയകന്നെത്ര ജലപാതകൾ
ഇടയിലൂടനുസ്യൂതം നമ്മെയും കൊണ്ട്
അകന്നുമടുത്തും രണ്ടിലകളായ് നമ്മൾ
സഞ്ചരിച്ചെത്രയോ ദൂരമെൻ സഖേ.

വിരഹത്തിൻ താപവും ഊഷ്മാവുമളന്നിട്ട
കർക്കിടകരാവുകൾ മൂടിപ്പൊതിഞ്ഞും
പ്രണയത്തിൻ നിറമുള്ള ശലഭങ്ങൾ പൂം -
ചിറകു വിടർത്തും താഴ്വരയിലലഞ്ഞും

കദനത്തിൻ അഗ്നിചിറകുകൾ വിരിയിച്ച
യുഗസന്ധ്യകളെ കരയാൻ വിട്ടിട്ടു
മാറോടു ചേർത്തു പിടിച്ചിരുന്നെത്രയോ
പാദസരങ്ങൾ തൻ മണിയൊച്ചകൾ.

ആസക്തിയുടെ മേൽ പുതപ്പിച്ച ലോലമാം
പ്രാരാബ്ധലോകത്തിൻ കാലവേഗങ്ങളിൽ
തമ്മിലന്യോന്യം മറന്നു പോയിരുന്നുവല്ലോ
നമ്മിലുദിച്ചസ്തമിച്ചൊരാ പുതുമഴക്കാലങ്ങൾ.

നരയുടെ ജരയുടെ ചെതുമ്പലുകളിൽ നാം
ഇരുകരകളിൽനിന്ന് ഒന്നിച്ചു ചേരവേ
തോളുകളന്യോന്യം സാന്ത്വനമേകുന്ന
സന്ധ്യകൾ മാത്രം കൂട്ടിന്നുണ്ടാകുന്നു .
-------------------------- ബി ജി എൻ

Saturday, January 4, 2014

സാഗരം തേടുന്ന പുഴ


വർഷകാലം തണുത്തുറയുന്ന സന്ധ്യയുടെ മാറിൽ
പ്രിയേ ഞാനിന്നീ  കിടക്കതന്നരികത്തായ് മൂകം
നിൻ കരം ഗ്രഹിച്ചിങ്ങനെ ഒരുനാളും കൊതിച്ചതല്ല
നമ്മുടെ പൂർവ്വകാലം നല്കും ചാരമാമോർമ്മ പോലും .

തണ്ടൊടിഞ്ഞൊരാമ്പൽ പൂവുപോലെൻ ചാരെ
തന്വി നീയേവം കണ്ണുനീരാൽ വിതുമ്പവേ
കണ്ടുനില്ക്കുവാൻ കരുത്തില്ലെൻ മനമതിനു
നിൻ കാൽച്ചുവട്ടിൽ തളർന്നിരിപ്പൂ മൂകമായ് .

അന്ന് നമ്മളൊരിക്കൽ കണ്ടതാണ് കാലമേറെ
കാൽച്ചുവട്ടിൽ കടന്നുപോം കാലമൊന്നിൽ
എത്രനേരം കണ്ടിരുന്നു നമ്മൾ പരസ്പരം
കണ്‍കളാൽ കഥപറഞ്ഞന്നോമലേ ചാരെയായി .

പട്ടുപാവാട ഉമ്മവയ്ക്കാതൊരു പുൽച്ചെടിപോലും
ബാക്കിയില്ലാത്തൊരു ഗ്രാമവീഥികൾ താണ്ടി
പാഠപുസ്തകം മാറോടു ചേർത്തന്നു സുസ്മിതമായ്
നീ വന്നണഞ്ഞൊരു നാളിലെൻ അരികിലായ് .

ആർത്തവചക്രങ്ങൾ ഒരുപാട് കൊഴിച്ചിട്ടു
ഋതുക്കൾ നമുക്കിടയിൽ പുഷ്പിണിയായി നില്ക്കെ
എത്രരാത്രികൾ മാറോടുചേർത്തു നാമുറങ്ങി
അക്ഷരങ്ങൾ തുന്നിയ ഹൃദയരേഖകൾ സഖീ .

താതനവൻ തൻ ശാസനമുന്നിലൊരുനാൾ മൂകം
അന്യനൊരുവന്റെ കരം ഗ്രഹിച്ഛന്നു നീ പോകിലും
നമ്മൾ പരസ്പരം മറന്നിരുന്നില്ല മനസ്സാൽ
ഓർത്ത്‌ നെടുവീർപ്പണിഞ്ഞിതെത്ര രാവുകൾ .

രണ്ടു ലോകങ്ങളിൽ നമ്മള്‍ ഹൃദയത്തില്‍ തീ -
ത്തൈലം തളിച്ചുറങ്ങിയ രാവുകള്‍ എത്രയോ
എങ്കിലും നമ്മള്‍ ജീവിച്ചിരുന്നു പര്‍ദ്ദയിട്ടൊരു
സ്വപ്നലോകത്തില്‍ നടിക്കും നടീനടന്മാരായി.

കാലമേറെ കഴിയും ദിനമൊന്നില്‍ കണ്ടു നാം
പരസ്പരം തിരയലുകള്‍ തന്‍ അന്ത്യത്തില്‍
അന്ന് നാം കണ്‍കളില്‍ നോക്കിയിരുന്നുവെത്ര
നാഴികകള്‍ പ്രിയേ ഞാന്‍ മറക്കില്ലൊരിക്കലും .

പിന്നെയും ധ്രുവങ്ങളകന്നു പൊയ്ക്കൊണ്ടിരുന്നു
നാം പിരിഞ്ഞകന്നറിയാത്ത ലോകത്തില്‍
നമുക്ക് പ്രിയമുള്ളതൊന്നും നഷ്ടമാകാത്തൊരു
ബധിരലോകത്തിനു വേണ്ടി നാമറിഞ്ഞുതന്നെ .

കാലം ഇന്നീ ദൈന്യത തന്‍ നീര്‍വറ്റിയ മിഴികളും
അടരുന്ന ചര്‍മ്മങ്ങള്‍ നല്‍കും വേദനതിന്നും
ഒരു ചതഞ്ഞ പുഷ്പം പോലെന്റെ ചാരത്തിങ്ങനെ
 കണ്ണീര്‍ വാര്‍ക്കുവാനെന്തിനു വിട്ടുപോയി നിന്നെ .
-----------------------------------ബി ജി എന്‍

Thursday, January 2, 2014

മൃഗീയം എന്നത് മനുഷ്യത്വമൊ ?


നിങ്ങൾ കൊല്ലാൻ തുടങ്ങുമ്പോൾ
മുന്നില് ഒരു ശത്രു ജനിക്കുന്നു .
കൊല്ലുക എന്നത് ആവശ്യകതയാണ്
കൊല്ലേണ്ടതാരെ എന്നതാണ് തർക്കം .

ആഹരിക്കാനല്ലാതെ മൃഗങ്ങൾ
കൊന്നുതള്ളാറില്ല എന്നത് വനനിയമം
ദൈവമോ ,മതമോ , ഗുരുവോ ഇല്ലാതെ
സ്വായത്തമാക്കിയ രീതി .

എങ്കിലും മനുഷ്യൻ കൊല്ലുന്നു
കൊല്ലൽ എന്നതൊരു വിനോദമാകുന്നു
എങ്കിലുമാ ക്രിയയെ വിളിക്കുന്നതു
മൃഗീയം എന്നതൊരു തമാശയാകുന്നു .

സന്താനചിന്തയിൽ
ഇണചേരാൻ മാത്രം
അവയവങ്ങളെന്നു മൃഗചിന്ത .
ദിവസത്തിൽ പതിനാറു മണിക്കൂറും
ഭോഗായുധത്തെ മസ്തിഷ്ക്കത്തിൽ
ചുമക്കുന്നു മനുഷ്യൻ
എങ്കിലുമവൻ
തന്റെ വികാരത്തെ
വിളിക്കുന്നു മ്രിഗീയമെന്നെന്തിങ്ങനെ ?

ഭോഗത്രിക്ഷ്ണ നല്കുന്നു മതവും
ഭോഗത്രിക്ഷ്ണ നല്കുന്ന ലോകവും
ഭോഗിക്കുവാൻ വേണ്ടി ജനിക്കുന്ന ലോകത്ത്
പരലോകം പോലും ഭോഗത്തിൻ
ആകർഷണമാകുമ്പോൾ
ഹേ ലോകമേ
എവിടെയാണ് മനുഷ്യത്വം ?
എന്താണ് മനുഷ്യത്വം .?

Wednesday, January 1, 2014

ബന്ധനങ്ങള്‍


ഇല്ലൊരു വാക്ക് പോലും
ഇരുട്ടിനു സാക്ഷിയായിനി !
ഇല്ലൊരു കനവു പോലും
മേഘങ്ങള്‍ക്ക് കടമായി നല്‍കാനും !

നമുക്കിടയില്‍ മുറിയപ്പെടുന്ന
സ്വപ്നങ്ങളുടെ കനല്‍കൊട്ടാരങ്ങളില്‍
നേര്‍ത്ത നിലാവുപോല്‍
മഞ്ഞു പെയ്തിറങ്ങുന്നു .

പ്രണയമരുതെന്നിനിയും
മിഴികളുയര്‍ത്തി നീ കേഴുമ്പോള്‍ ,
ജീവിക്കുവാന്‍ മറന്നൊരീ
ചുണ്ടുകള്‍ ചുംബനം തേടുന്നു പിന്നെയും .

അറിയുക നീയിനി
നമുക്കിടയില്‍ അകലങ്ങളില്ല .
പകരമീ നനഞ്ഞ ചരടുകള്‍ കൊണ്ട്
ബന്ധിച്ച ബന്ധനങ്ങള്‍ മാത്രം .
-----------------ബി ജി എന്‍