Wednesday, January 15, 2014

വരപ്രസാദം

പെട്ടെന്നൊരു താരകം മുന്നിലുദിച്ച പോ-
ലെൻ ചിത്തമെന്തേവം പൊട്ടിത്തരിക്കുന്നു .
തിരയിളക്കം പോലെ മിഴികളിൽ നിറയു -
മീപൂക്കാലമെന്താണ് എന്നോട് ചൊൽവത് .

കണ്‍കളിൽ കണ്‍കോർത്തുനമുക്കിടയിലായ് 
സന്ധ്യകൾ പുലരികൾ എത്ര കടന്നുപോയ്
ഇന്നൊരു മാത്ര നാം എന്തിനു വേണ്ടിയോ
ഗദ്ഗദം മിഴികളിൽ നിറച്ചു പുഞ്ചിരിക്കുന്നു .

ഉള്ളിൽ കുരുങ്ങുന്ന പ്രണയമാം തേങ്ങലിൽ
വാടിവിളറുന്ന നിൻ നുണക്കുഴിശോഭകളിൽ
നറുമന്ദഹാസം വിടരുന്ന അധരപുഷ്പങ്ങളിൽ
അമരുവാൻ ദാഹിക്കും ഭ്രമരമായിന്നു ഞാൻ .

കാറ്റിന്റെ കൈകൾ കുസൃതി കാട്ടുന്നൊരീ മൃദു-
വേണിയഴിഞ്ഞെന്റെ മുഖം മറയുമ്പോൾ
കാച്ചെണ്ണതൻ ഓർമ്മപ്പഴക്കങ്ങൾ തേച്ചൊരു 
തീത്തൈലമെന്റെ സിരകളിൽ പടരുന്നു .
-------------------------ബി ജി എൻ


No comments:

Post a Comment