Wednesday, January 8, 2014

അസ്തിത്വം


സ്നേഹത്തിന്റെ കടലാഴങ്ങള്‍
ഹൃദയത്തിലൊളിപ്പിച്ചിരുന്നൊരാളെ
നിങ്ങള്‍ക്ക് കാണാം വരികില്‍
ഉമ്മറത്തെ ചുവരിലൊരു പൂമാലയില്‍ .

സഹനത്തിന്റെ അലക്കുകല്ലില്‍
ജീവിതത്തെ തല്ലിപ്പഴുപ്പിച്ചൊരുവള്‍
അകായിലൊരു പ്ലാസ്റിക് കട്ടിലില്‍
കരിമ്പടം പുതച്ചുറങ്ങുന്നുണ്ടാവും .

വിഴുപ്പുകളുടെ
മുഷിഞ്ഞ കോട്ടണ്‍ സാരിയില്‍
പുകക്കരിയെഴുതിയ
കണ്‍തടങ്ങളോടെ
ആവിപറക്കും ചായയുമായി
നിങ്ങളുടെ മുന്നിലൊരു
പുഞ്ചിരി കണ്ടേക്കാം .

അടുക്കളപ്പുറത്തെ പൂഴിമണ്ണില്‍
മണ്ണപ്പം ചുട്ടുകളിക്കുന്ന
പൂമ്പാറ്റകളുടെ കുഞ്ഞു കണ്ണുകള്‍
നിങ്ങളെ ആര്‍ത്തിയോടെ നോക്കിയേക്കാം .

ഇടനെഞ്ഞു വിങ്ങാതൊരു
പുഞ്ചിരിയാല്‍ ,
മൂര്‍ദ്ദാവിലൊരു ചുംബനത്തോടെ
ചായവാങ്ങി
കരിമ്പടക്കെട്ടിനരികിലിരിക്കെ

സ്മ്രിതികളുടെ കണ്ണുനീരില്‍
കവിള്‍ നീറുമ്പോള്‍ ,
ചേര്‍ത്തു പിടിക്കുന്ന പിഞ്ചുടലുകള്‍ക്ക്
നിങ്ങളൊരച്ചനാകാം.

നാളുകളെണ്ണി ഓരോരുത്തരും
കാത്തിരുന്ന പ്രതീക്ഷകളുടെ വെളിച്ചം !.
നിങ്ങളെന്തെന്നു നിങ്ങളറിയുന്നതപ്പോഴാകം .
പൊട്ടിയൊലിക്കുന്ന നിങ്ങളുടെ മിഴികളില്‍
നിങ്ങളെയോര്‍മ്മിപ്പിക്കുന്നതെന്തെന്നു
എനിക്ക് പറയാന്‍ കഴിയുന്നില്ലല്ലോ...!
----------------------------------ബി ജി എന്‍

No comments:

Post a Comment