വർഷകാലം തണുത്തുറയുന്ന സന്ധ്യയുടെ മാറിൽ
പ്രിയേ ഞാനിന്നീ കിടക്കതന്നരികത്തായ് മൂകം
നിൻ കരം ഗ്രഹിച്ചിങ്ങനെ ഒരുനാളും കൊതിച്ചതല്ല
നമ്മുടെ പൂർവ്വകാലം നല്കും ചാരമാമോർമ്മ പോലും .
തണ്ടൊടിഞ്ഞൊരാമ്പൽ പൂവുപോലെൻ ചാരെ
തന്വി നീയേവം കണ്ണുനീരാൽ വിതുമ്പവേ
കണ്ടുനില്ക്കുവാൻ കരുത്തില്ലെൻ മനമതിനു
നിൻ കാൽച്ചുവട്ടിൽ തളർന്നിരിപ്പൂ മൂകമായ് .
അന്ന് നമ്മളൊരിക്കൽ കണ്ടതാണ് കാലമേറെ
കാൽച്ചുവട്ടിൽ കടന്നുപോം കാലമൊന്നിൽ
എത്രനേരം കണ്ടിരുന്നു നമ്മൾ പരസ്പരം
കണ്‍കളാൽ കഥപറഞ്ഞന്നോമലേ ചാരെയായി .
പട്ടുപാവാട ഉമ്മവയ്ക്കാതൊരു പുൽച്ചെടിപോലും
ബാക്കിയില്ലാത്തൊരു ഗ്രാമവീഥികൾ താണ്ടി
പാഠപുസ്തകം മാറോടു ചേർത്തന്നു സുസ്മിതമായ്
നീ വന്നണഞ്ഞൊരു നാളിലെൻ അരികിലായ് .
ആർത്തവചക്രങ്ങൾ ഒരുപാട് കൊഴിച്ചിട്ടു
ഋതുക്കൾ നമുക്കിടയിൽ പുഷ്പിണിയായി നില്ക്കെ
എത്രരാത്രികൾ മാറോടുചേർത്തു നാമുറങ്ങി
അക്ഷരങ്ങൾ തുന്നിയ ഹൃദയരേഖകൾ സഖീ .
താതനവൻ തൻ ശാസനമുന്നിലൊരുനാൾ മൂകം
അന്യനൊരുവന്റെ കരം ഗ്രഹിച്ഛന്നു നീ പോകിലും
നമ്മൾ പരസ്പരം മറന്നിരുന്നില്ല മനസ്സാൽ
ഓർത്ത് നെടുവീർപ്പണിഞ്ഞിതെത്ര രാവുകൾ .
രണ്ടു ലോകങ്ങളിൽ നമ്മള്‍ ഹൃദയത്തില്‍ തീ -
ത്തൈലം തളിച്ചുറങ്ങിയ രാവുകള്‍ എത്രയോ
എങ്കിലും നമ്മള്‍ ജീവിച്ചിരുന്നു പര്‍ദ്ദയിട്ടൊരു
സ്വപ്നലോകത്തില്‍ നടിക്കും നടീനടന്മാരായി.
കാലമേറെ കഴിയും ദിനമൊന്നില്‍ കണ്ടു നാം
പരസ്പരം തിരയലുകള്‍ തന്‍ അന്ത്യത്തില്‍
അന്ന് നാം കണ്‍കളില്‍ നോക്കിയിരുന്നുവെത്ര
നാഴികകള്‍ പ്രിയേ ഞാന്‍ മറക്കില്ലൊരിക്കലും .
പിന്നെയും ധ്രുവങ്ങളകന്നു പൊയ്ക്കൊണ്ടിരുന്നു
നാം പിരിഞ്ഞകന്നറിയാത്ത ലോകത്തില്‍
നമുക്ക് പ്രിയമുള്ളതൊന്നും നഷ്ടമാകാത്തൊരു
ബധിരലോകത്തിനു വേണ്ടി നാമറിഞ്ഞുതന്നെ .
കാലം ഇന്നീ ദൈന്യത തന്‍ നീര്‍വറ്റിയ മിഴികളും
അടരുന്ന ചര്‍മ്മങ്ങള്‍ നല്‍കും വേദനതിന്നും
ഒരു ചതഞ്ഞ പുഷ്പം പോലെന്റെ ചാരത്തിങ്ങനെ
കണ്ണീര്‍ വാര്‍ക്കുവാനെന്തിനു വിട്ടുപോയി നിന്നെ .
------------------------------
വിരഹം സുഖമുള്ള നൊമ്പരമാണല്ലോ ..പിന്നെ അതുകൊണ്ടൊക്കെ ഇങ്ങനെ ഒരു കവിതയും കിട്ടി
ReplyDelete