Sunday, January 5, 2014

വാനപ്രസ്ഥം


സായന്തനത്തിൻ നിഴൽ വിരിച്ചോരീ
നാട്ടുമാഞ്ചോട്ടിൽ നമ്മളിന്നോമലെ
പോയകാലത്തിൻ മധുരം നിറയുന്ന
ഓർമ്മകൾ മേയാൻ വിട്ടു വിശ്രമിക്കോർ .

നമ്രമുഖിയായ് നാണത്തിൽ മുങ്ങിനീ
അന്നെൻ മുന്നിൽ നിന്ന നാൾമുതൽ
ഇന്നീ തമസ്സിൻ കോടമഞ്ഞിലായ്
നമ്മളുരുമ്മിയിരിക്കും കാലം വരെയും

ഒഴുകിയകന്നെത്ര ജലപാതകൾ
ഇടയിലൂടനുസ്യൂതം നമ്മെയും കൊണ്ട്
അകന്നുമടുത്തും രണ്ടിലകളായ് നമ്മൾ
സഞ്ചരിച്ചെത്രയോ ദൂരമെൻ സഖേ.

വിരഹത്തിൻ താപവും ഊഷ്മാവുമളന്നിട്ട
കർക്കിടകരാവുകൾ മൂടിപ്പൊതിഞ്ഞും
പ്രണയത്തിൻ നിറമുള്ള ശലഭങ്ങൾ പൂം -
ചിറകു വിടർത്തും താഴ്വരയിലലഞ്ഞും

കദനത്തിൻ അഗ്നിചിറകുകൾ വിരിയിച്ച
യുഗസന്ധ്യകളെ കരയാൻ വിട്ടിട്ടു
മാറോടു ചേർത്തു പിടിച്ചിരുന്നെത്രയോ
പാദസരങ്ങൾ തൻ മണിയൊച്ചകൾ.

ആസക്തിയുടെ മേൽ പുതപ്പിച്ച ലോലമാം
പ്രാരാബ്ധലോകത്തിൻ കാലവേഗങ്ങളിൽ
തമ്മിലന്യോന്യം മറന്നു പോയിരുന്നുവല്ലോ
നമ്മിലുദിച്ചസ്തമിച്ചൊരാ പുതുമഴക്കാലങ്ങൾ.

നരയുടെ ജരയുടെ ചെതുമ്പലുകളിൽ നാം
ഇരുകരകളിൽനിന്ന് ഒന്നിച്ചു ചേരവേ
തോളുകളന്യോന്യം സാന്ത്വനമേകുന്ന
സന്ധ്യകൾ മാത്രം കൂട്ടിന്നുണ്ടാകുന്നു .
-------------------------- ബി ജി എൻ

No comments:

Post a Comment