Sunday, August 31, 2014

എന്താണ് നീയെനിക്ക് ?

ദര്‍ശനമാത്രയില്‍ മിഴികള്‍ വിടരുകയും
സ്പര്‍ശനമാത്രയില്‍ തനു തളിരിടുകയും
വേര്‍പാടിന്‍ നിമിഷങ്ങളില്‍ വാടുകയും
ചെയ്യുന്നൊരു പൂവാണ് നീയെന്നോമലേ!

കാണുമ്പോള്‍ വാക്കുകള്‍ മൂകമായീടുന്ന
കേള്‍ക്കുമ്പോള്‍ കളകളാരവം മുഴക്കുന്ന
മിണ്ടാതിരിക്കുകില്‍ ശുണ്ഠിയെടുക്കുന്ന
കാട്ടുപച്ചക്കിളി പെണ്ണാണ് നീയെനിക്ക് !

എന്നില്‍ പടരും തരുലത പോലെയും
എന്നിലലിയും ഹിമപുഷ്പം പോലെയും
തമ്മില്‍ പിരിയുകില്‍ മരണമെന്നോതുന്ന
കരളില്‍ പാതി പകുത്തവള്‍ നീയെന്നുമേ !
---------------------------ബി ജി എന്‍

Tuesday, August 26, 2014

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

മരിച്ചവന്റെ നാവിലേക്ക് നീയിറ്റ
കണ്ണീരിന്റെ ഉപ്പറിഞ്ഞവന്‍ ഉണരുമെങ്കില്‍

നാളെകളുടെ ഖജനാവില്‍ നിന്നും
സ്വപ്നങ്ങളുടെ പളുങ്ക്പാത്രങ്ങള്‍ പെറുക്കാം

പൊള്ളിയടര്‍ന്ന കാലടികളില്‍
സ്നേഹത്തിന്റെ തേന്‍ പുരട്ടുവാന്‍ കഴിഞ്ഞാല്‍

നിരാസത്തിന്റെ കൊടുവേലികള്‍
മനസ്സിന്റെ കല്ലറയിലവര്‍ കുഴിച്ചുമൂടിയേക്കും.

കോട കൊടുത്തുറക്കിയ ചേതനകളെ
കൊടികളുറപ്പിക്കാന്‍ മാത്രം വളര്‍ത്തിയവര്‍

പിറന്നമണ്ണില്‍ കാലുറപ്പിക്കാന്‍
കൈനീട്ടികരയുന്നതറിയില്ലൊരിക്കലുമെന്നാലും

നമുക്ക് സമരിക്കാം ഒപ്പം നിന്നലറാം
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് .
--------------------------ബി ജി എന്‍

Monday, August 25, 2014

കൂടു തേടും കിളി

ഭൂപടങ്ങളില്‍ നാം രണ്ട് ധ്രുവങ്ങള്‍
ജീവിതങ്ങളില്‍ നാം അവധൂതര്‍
സ്വപ്നങ്ങളില്‍ നാം ചിറകറ്റവര്‍
മോഹങ്ങളില്‍ നാം താപസികള്‍

എങ്കിലുമെവിടെയോ ഒന്നിക്കാന്‍
ഹൃദയങ്ങള്‍ വിരല്‍ നീട്ടുന്നുവോ ?
ഇരുട്ടിലെ തടവറയില്‍ പിടയും
ചിന്തകള്‍ ചോദിച്ചിടുമെങ്കില്‍

പറയുക മാരുതാ മടിയേവമില്ലാതെ
പടിവാതിലോളം വരാമെന്നോതി
പിരിയാന്‍ മടിച്ചൊരു കുഞ്ഞുകിളി
തലതല്ലി കരയുന്ന കഥയൊന്നു നീ .
----------------------ബി ജി എന്‍
 

Sunday, August 24, 2014

വേനലായിരുന്നു ചുറ്റിലും


ഉണങ്ങി വരണ്ട കരിയിലകള്‍ , ഒടിഞ്ഞു തൂങ്ങിയ ചില്ലകള്‍ , വരണ്ടു വിണ്ടു കീറിയ ഭൂമി , അരഞ്ഞാണം പോലെ പുഴകള്‍ . കാലത്തിന്റെ കൈത്തെറ്റു പോലെ ഒരു മഴ പോലുമില്ലാതെ അതങ്ങനെ നീണ്ടു പോകുന്നു . ശുഷ്കിച്ച മുലഞെട്ടുകളില്‍ കിനിയുന്ന സ്നേഹം മാത്രം ഒരു തരിപ്പായി രാത്രിയുടെ മുനിഞ്ഞു കത്തുന്ന ഇരുട്ടില്‍ വിതുമ്പിയിരുന്നു . ഏകാന്തതയുടെ ഇരുളില്‍ രാപ്പക്ഷിയെ പോലെ ഒരു വിഷാദ ഗീതത്തിന്റെ അലയൊലികള്‍ ചിലപ്പോഴൊക്കെ കേള്‍ക്കാമായിരുന്നു . ഇനിയൊരു മഴ താങ്ങുവാന്‍ ആകാതെ നാഭിച്ചുഴിയില്‍ വേദനപടര്‍ത്തി മണ്ണു മലര്‍ന്നു കിടന്നിരുന്നു . ഊഷരമായ ഗര്‍ഭപാത്രം തപിക്കുന്നുണ്ടായിരുന്നു ഒരു ജന്മത്തിന്റെ കടം കൂടി വീട്ടുവാന്‍. ഒരിക്കലും പെയ്യാതെ പോകുന്ന മഴയെ ഓര്‍ത്ത്‌ മൂകം കേഴുമ്പോഴും തനിക്ക് മേല്‍ വിരിക്കുന്ന കോണ്‍ക്രീറ്റ്‌ ചതുരക്കട്ടകള്‍ക്കിടയിലൂടെ എപ്പോഴോക്കൊയോ ചുണ്ട് നനച്ചുകൊണ്ട് , മുലഞ്ഞെട്ടുകളെ ത്രസിപ്പിച്ചുകൊണ്ട്‌ അടിവയറ്റിനെ എരിയിച്ചു കൊണ്ട് മഴ നൂലുകള്‍ വരുന്നത് മണ്ണു  അറിയുന്നു . എങ്കിലും ഈ മഴ അവള്‍ക്കന്ന്യമാകുന്നു . പെയ്യരുതെന്നു മോഹിക്കുന്നു  . കാരണം ഇനിയൊരു മഴ താങ്ങുവാന്‍ അവളുടെ  തനുവിനു ശക്തിയില്ലാതെ പോകുന്നതറിയുന്നവള്‍ ...!

അശാന്തര്‍


രാവുകള്‍ വിഴുങ്ങും ഗദ്ഗദങ്ങള്‍
പകലുകള്‍  ആരോടും പറയില്ല.
വെളിച്ചം നല്‍കുമീ ശബ്ദഘോഷം
ഇരുളിനു നല്കാനുമാകില്ലൊരിക്കലും  .

അനന്തരം, അവര്‍ ജീവിതം പകലിനും
മരണം രാവിനും പകുത്തു നല്‍കി .
ഇപ്പോള്‍. അവര്‍ പകലുകളില്‍ ജീവിച്ച്
രാവുകളില്‍ മരിക്കുന്നു നിത്യവും .
--------------------------ബി ജി എന്‍

Friday, August 22, 2014

കാട്ടുപൂക്കള്‍


കാട്ടുചോലകള്‍ പാട്ടുപാടുന്ന
ഇരുട്ടിന്റെ കൂടാരങ്ങളില്‍ നിന്നും
സഹനത്തിന്റെ അവസാന ശ്വാസം
കൈകളിലെടുത്തു അവര്‍ വരുന്നു.

കാടിറങ്ങി മേട്ടിലെ തമ്പ്രാന്റെ കണ്ണില്‍
പിറന്നുവീണ മണ്ണിന്നു വേണ്ടി
പൊരിയുന്ന വെയിലിനെ പാദുകമാക്കി
കരയാന്‍ മറന്നവര്‍ നില്‍ക്കുന്നു. 

അന്ധത മനസ്സിലേറിയ
അധികാരകൊഴുപ്പുകളില്‍
കറുത്ത തൊലി കാമത്തിന്റെ
വെറും മിനുപ്പു മാത്രമാകുന്നു .

തോക്കും ബയണട്ടും ഭയന്ന്
കാടുകേറിയ ശൗര്യത്തെ തുണച്ചവര്‍
വിപ്ലവ ഷണ്ടത്വം ബാധിച്ച
പുതു തലമുറയ്ക്ക്  അന്യരാകുന്നു .

പിടയ്ക്കുന്ന ജീവനുകളെ നോക്കി
കണ്ണീര്‍ പൊഴിയുന്ന പുതുനാമ്പുകള്‍
കരളെടുത്ത് കയ്യില്‍ പിടിച്ചു
കൂടെ നില്‍ക്കുന്നലറുന്നു .

ഉണരുക ഹേ നൃപവംശമേ
അല്ലെങ്കില്‍ ഈ തീക്കാറ്റില്‍
നിങ്ങളെയെരിച്ചൊടുങ്ങാന്‍
ഞങ്ങള്‍ വരുന്നു ഒരേ മനസ്സായി .
----------------------ബി ജി എന്‍
(നില്‍പ്പ് സമരം നടത്തുന്ന ആദിവാസികളെ സഹോദരങ്ങളെ  ,മനസ്സ് കൊണ്ട് ഞാന്‍ കൂടെ ഉണ്ട് )

Tuesday, August 19, 2014

നമ്മള്‍ പ്രണയിക്കുകയാണ്


കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്നു
എന്ന് കരുതുന്ന നിമിഷത്തില്‍
ഞാനറിയുന്നല്ലതെന്‍ മനസ്സിലേ-
ക്കാണ് നീ നോട്ടമെറിയുന്നതെന്ന് .

കണ്ണെടുക്കാന്‍ കഴിയാതെ ഞാന്‍
വിയര്‍ത്തൊഴുകുന്നു വിവശമായ് .
ചുണ്ടിലൊളിച്ച നനുത്ത ചിരിയാ-
ലെന്‍ കള്ളത്തരങ്ങളറിയുന്നു നീ.

ഓടിയൊളിക്കാന്‍ കാടുതേടിയിന്നു
പതറിപ്പിടയും മിഴികള്‍ ചലിക്കവേ,
ഉള്ളില്‍ തെളിയുന്നു സത്യമതൊന്നു
നീയെനിക്കെത്രയോ പ്രിയമെന്ന് .

ഋതുക്കള്‍ വിടവാങ്ങുമീ ദേഹിയും
ശലഭങ്ങള്‍ കൂടൊഴിയുമീ വാടിയും
നിറമില്ലാ കാഴ്ചകളുമായ് നീ മൊഴിയു-
ന്നരുത്, യാത്രയരുതെന്നിലേക്കിനി. 

തിരഞ്ഞു പോകാനൊരു ചില്ലയില്ലെ-
ന്റെ ചിന്തകള്‍ പോലും മരവിക്കവേ.
ചുളിവാര്‍ന്ന നിന്‍കരമെടുത്തുമ്മവച്ചു
മന്ത്രിപ്പൂ  നമ്മള്‍ പ്രണയിക്കുകയാണ്‌
--------------------ബി ജി എന്‍

Sunday, August 17, 2014

ഓട്ടോഗ്രാഫ്

അക്ഷരങ്ങള്‍ പിണങ്ങി നിന്ന 
യാമിനിയുടെ ചിറകിലൊരുനാളില്‍
മിഴികളില്‍ തടഞ്ഞു, പഴകിയൊ-
രോട്ടോഗ്രാഫിന്‍ ജീർണ്ണിച്ച താളുകള്‍ !

ഓര്‍മ്മപ്പെടുത്തലുകള്‍ പോല്‍
ചിരിതൂകിനില്‍ക്കുന്നിരുളിലെ തണുപ്പില്‍,
മറവിയുടെ സിമിത്തേരിതന്നില്‍
സ്നേഹത്തിന്റെ നനുത്തലിപികള്‍ .

നിറം മങ്ങിയ താളുകളില്‍ നിന്നും
മുഖം മങ്ങിയ സൗഹൃദങ്ങള്‍ കൈനീട്ടി.
ഏകാന്തതയുടെ ചിതല്‍പ്പുറ്റുകള്‍
പൊഴിഞ്ഞു വീഴുന്നിരുട്ടില്‍ ചുറ്റിനും .

മുനപോയൊരെഴുത്താണി നീട്ടി
ചിരിതൂകി നില്‍ക്കുന്നൊരു സതീര്‍ത്ഥ്യന്‍ 
കുത്തഴിഞ്ഞ പാഠപുസ്തകക്കെട്ടുമായ്
മുടന്തിവരുന്നുണ്ട് ചരല്‍ വഴികളിലൂടെ .

നാണം മഞ്ഞിച്ചു പടര്‍ന്നൊളിക്കും  
കവിള്‍ത്തുടിപ്പിൽ വിരലോടിച്ചൊരു- 
കടലാസ്സ് വാങ്ങാനറച്ചിടവഴിയില്‍
മൊട്ടിടുന്ന മാറിടമുയര്‍ന്നു താഴുന്നു ദ്രുതം !

ചൂരലിന്‍ കഷായമണമോലും കാറ്റില്‍
വെറ്റിലഗന്ധം കുടഞ്ഞിട്ടു ചിരിതൂകുന്നു
മറ്റാരും കാണാത്ത സ്നേഹത്തിന്‍
കസവിട്ട മലയാളം മുന്‍ഷിയൊരു താളില്‍ !

കാലമെത്ര കടന്നു പോയെത്ര കാറ്റുകള്‍
തീവിഴുങ്ങിപ്പക്ഷിതന്‍ ചാരം കടലിനു നല്‍കി.
ജീവിതപ്പെരുമഴയത്തൊറ്റയ്ക്ക് ഞാന്‍
എത്രയോ കടലാസ് വഞ്ചിയുണ്ടാക്കി കളിച്ചു .

കണ്ടുമുട്ടാന്‍ കഴിയാത്ത ദൂരത്തുനിന്നും,
കണ്ടെടുക്കാത്ത ചിപ്പികള്‍ക്കുള്ളിലായ്
എത്രമോഹനം സ്നേഹിതരോര്‍മ്മതന്‍
കാൽച്ചിലങ്ക കിലുക്കിയകന്നുപോയ് .

രാവസാനിക്കും ഏകാന്തമാമീയിരുളില്‍
വേവകലാത്ത മനസ്സുമായിന്നു ഞാന്‍.
യാത്രചൊല്ലാന്‍ കാത്തിരിക്കും യാമ-
ത്തില്‍ ഓര്‍ത്തുപോകുന്നു ഒട്ടിട നിങ്ങളെ .
.......... ബിജു.ജി.നാഥ് വർക്കല............


നിഴലായിരുന്നു ഞാന്‍

പറയാന്‍ മടിച്ചു
വാക്കുകള്‍ക്കുള്ളിലടയിരുന്നു
ജീവിതാന്ത്യം കൊതിച്ചൊരു
മങ്ങിയ നിഴലായിരുന്നു ഞാന്‍ !

വെളിച്ചം നരച്ചു തുടങ്ങുന്ന
പകലിനങ്ങേക്കരയിലായി
ശലഭപ്പുഴുവിന്‍ ജന്മം
കടമെടുത്ത വെറും നിഴല്‍ .

അഴിച്ചു വച്ചുടയാടകള്‍ വൃഥാ -
ചുമക്കുന്നതെന്തിനു ജീവന്‍ .
നാളികളിലൂടെ നിലനിര്‍ത്തി
പ്രതീകങ്ങളായെന്തു നേടുവാന്‍ ?

തിരിഞ്ഞു കൊത്തുന്ന സര്‍പ്പങ്ങള്‍
പോല്‍ ലിംഗങ്ങള്‍ തലയുയര്‍ത്തുമ്പോള്‍
മരവിച്ചു മൃദുലാംഗിമാരുടെ
നനഞ്ഞ രോദനം ഭൂമി കുടിക്കുന്നു .

ഇനിയും മരിയ്ക്കാത്ത തൃഷ്ണകള്‍ക്കുമേല്‍
കാമാഗ്നി പുകയുന്ന ബന്ധങ്ങള്‍
ബന്ധനങ്ങളുടെ ചങ്ങലപൊട്ടിച്ചു
ശ്വാസം പിടയിച്ചു മരിക്കുന്നു.

വിരലുകള്‍ പരതുന്നു, താതന്റെ
വിഗ്രഹങ്ങള്‍ ഉടഞ്ഞു ചിതറുന്നു .
നിറുകയില്‍ ഇരുളാഴങ്ങളില്‍
നേരുകള്‍ കണ്ണീരൊഴുക്കുന്നു മൂകം !

ജനിക്കുവാന്‍ മടിക്കുന്ന ഭ്രൂണങ്ങള്‍
തലയറഞ്ഞാര്‍ക്കുന്ന ഗര്‍ഭപാത്രങ്ങള്‍.
ഉടുവസ്ത്രത്തിന്‍ തുഞ്ചത്തായ്
ഊഞ്ഞാല കെട്ടിയാടുന്നു വിലോലം.

ഇനി മരിക്കാന്‍ , ജനിക്കാതിരിക്കാന്‍
വളര്‍ന്നുപോയ പാപമകറ്റുവാന്‍
ഉരിഞ്ഞു കളയണമീ ശല്‍ക്കങ്ങള്‍
നെരിപ്പോടിലുരുകുന്ന മനസ്സും .

ഒരിക്കലും ആരും പറയാതിരിക്കാന്‍
ഒരിടത്തുമൊരടയാളമാകാതിരിക്കാന്‍
അറുത്ത് കളയുന്നു ഹൃദയമിന്നിവിടെ .
അറിയുന്നു വെറും നിഴലായിരുന്നു ഞാന്‍ .
..........................ബി ജി എന്‍
(http://vettamonline.com/?p=16106#comment-8022 )

നിറം


സ്നേഹത്തിനൊരു നിറം കൊടുക്കണം
മഴവില്ലിനോട് കടം ചോദിച്ചു
മയിലിനോട് കെഞ്ചി പറഞ്ഞു
പനിനീരും ചെവി തന്നില്ല
പാരിജാതവും കനകാംബരവും
പവിഴമല്ലിയും മുഖം കുനിച്ചു .
സാഗരവും വാനവും നിശബ്ദരായി .
ഒടുവില്‍ നിലാവ് മന്ത്രിച്ചു
എന്റെ നിറം നിനക്കല്ലേ തോഴാ .
*******************ബി ജി എന്‍

Saturday, August 16, 2014

തണല്‍


സുഖാന്വേഷണം


എനിക്ക് സുഖമാണോ
എന്ന് നീ ചോദിക്കുമ്പോഴാണ്
ഞാന്‍ എന്റെ സുഖം എന്തെന്ന് തേടുന്നത് .
ഞാന്‍ തിരിഞ്ഞു എന്നിലേക്കിറങ്ങുന്നു .
എന്റെ സുഖങ്ങള്‍ തിരയുന്നു.
ഒടുവില്‍  നിനക്കൊരു മറുപടിയ്കായി
ഞാന്‍ ലജ്ജയോടെ മിഴിതാഴ്ത്തുന്നു
എന്നില്‍ ഉത്തരമില്ലായ്മ നിറയുന്നു
ഞാനെന്നോടു ചോദിക്കുന്നു .
നാമെന്താ ഇങ്ങനെ ?...ബി ജി എന്‍

സഹചാരി

ആരായിരുന്നു നീ നമ്മുടെ യാത്രയില്‍
അനുദിനം നമ്മള്‍ കണ്ടുമുട്ടുന്നവര്‍
ഒരുദിനം പോലും മറക്കാതെ നമ്മള്‍
കാണുന്നു അറിയുന്നു വരികള്‍ തോറും .

എങ്കിലും ഇന്ന് നീ മിണ്ടാതനങ്ങാതെ
അന്യമാമോര്‍മ്മ പോല്‍ അകലുമ്പോള്‍
ചിന്തിക്കുവാന്‍ കഴിയാതെ ഞാനിന്നീ
മൂകത നോക്കി പകച്ചിരിക്കുന്നല്ലോ .

അക്ഷരങ്ങള്‍ കൊണ്ട് നീ തീര്‍ക്കും
ജീവിതസത്വരമാം അനുഭവങ്ങളെ
തേച്ചു മിനുക്കി നീ നല്‍കുന്നനുദിനം
പുതുനാമ്പുകള്‍ക്കുണര്‍വ്വേകാന്‍

രൂപമില്ലാതെ മിണ്ടാതെ കാണാതെ
നീയുണ്ട് ചാരെയെന്നറിയുന്നുവെങ്കിലും
എന്താണ് നിന്നെ വേദനിപ്പിക്കുന്നൊരാ
ചിന്തകളെന്നു തിരയുന്നു ഞാന്‍ ചുറ്റും .

അറിവിലും അണുവിലും ഉയരെയാണ്
അകലവും കാലവും അകലെയാണ്
കാഴ്ചയും ബന്ധവും അവ്യക്തമാകുന്നു
അവനിയില്‍ ദുഃഖം ബാക്കിയാകുന്നു

Wednesday, August 13, 2014

എന്നെക്കുറിച്ചെന്തെഴുതും ?

എന്നെക്കുറിച്ചു നീയെന്നിനി എഴുതുമെന്നു -
മെന്നെ കണ്ടാല്‍ നിനക്കിതെ ചോദ്യം
നിന്നെക്കുറിച്ച് ഞാനെന്തെഴുതാനെന്നു
എന്നുമെന്നെ കുഴപ്പിക്കും മറുചോദ്യം .

കലപില ചിലച്ചുകൊണ്ടെന്റെ മനസ്സില്‍
കൂട് കൂട്ടുന്ന ദിനങ്ങളെ പറ്റിയോ ?
പരിഭവപ്പിണക്കങ്ങള്‍ കൊണ്ട് ദിനാന്ത്യം
കവിള് വീര്‍പ്പിച്ചകലുന്നതോ ?

സ്വപ്‌നങ്ങള്‍ മേയുന്ന പകലുകളെ വിട്ടു
മോഹങ്ങള്‍ മുരടിക്കും രാവിനെയും ,
നിറങ്ങള്‍ തിരശ്ശീല വിരിയിച്ചോരാകാശ
തീരത്ത് മഴവില്ല് കാണാത്ത മനസ്സോ .

ഇടയില്‍ നിന്നെ പിണക്കാന്‍ എനിക്കുള്ള
ചെറുമുകുളങ്ങള്‍ തന്‍ ചാരുതയോ
കൃശഗാത്ര വീരഗാഥകള്‍ പാടുന്ന കൗതുക
കൗമാരസങ്കല്പ കഥകളോ

എന്തിനി എഴുതാന്‍ നിന്നെക്കുറിച്ച് ഞാന്‍
ഈ രാവ് പുലരുമ്പോള്‍ ഓര്‍ക്കുവാന്‍
അഴിഞ്ഞുലഞ്ഞ നിന്‍ മുടിക്കെട്ടിലിന്നലെ
ഞാന്‍ ചുംബിച്ച നിമിഷങ്ങളോ

സ്വേദബിന്ദുക്കള്‍ മുത്തുപോല്‍ തിളങ്ങിയ
നാഭിച്ചുഴിയിലെ അധരവ്യയാമമോ
അറിയില്ല എന്‍ തൂലിക മൂകമെന്നോട് ചോദിപ്പൂ ,
എഴുതുവതെന്തു ഞാന്‍ നിന്നെക്കുറിച്ചിനി !
----------------------------ബി ജി എന്‍ 

വരുമൊരുനാള്‍


ഇരുളായിരുന്നു സ്വപ്‌നങ്ങള്‍ മയങ്ങും
കരളിന്‍ കയങ്ങളിലെങ്കിലും പ്രിയേ,
അരികിലിരിക്കുമ്പോള്‍ ഒരുനാളും മന
മൊട്ടും കൊതിച്ചില്ലാ മിഴി നനയുവാന്‍ .

പതിവായ്‌ നാമിടവഴിയില്‍ കണ്ടൊരു
പകലുകളില്‍ തീക്കാറ്റ് വീശുമ്പോഴും
കൊഴിയുമിലകള്‍ തന്‍ മെത്തയില്‍
സ്വപ്‌നങ്ങള്‍ക്ക് മയക്കമേകിയിട്ടില്ല .

വരികളില്‍ നിറയും പ്രണയങ്ങളില്‍
പടരും രതിയുടെ രസമെന്നാകിലും
മുഖദാവില്‍ നിന്നുടെ മാറില്‍ മിഴികള്‍ 
അടയാളം തേടിയില്ലൊരുനാളും ന്യൂനം.

കൊഴിയും ദിനങ്ങള്‍ക്കൊടുവില്‍ ഒരു
സന്ധ്യയില്‍ ഞാനണയും നിന്നരികില്‍ .
മിഴിപൊത്തി നില്‍ക്കുമാ ദീപനാളം
നിന്റെ കരളില്‍ പടര്‍ത്തിയകലാന്‍ .
 ---------------------------ബി ജി എന്‍

Tuesday, August 12, 2014

വസ്ത്ര പുരാണം


നഗ്നരായി വന്നു നാം
നഗ്നരായി മടങ്ങുന്നിടയില്‍
അല്പനേരമുടുക്കുന്നു വസ്ത്ര-
മതിലെന്തെന്തു വൈവിദ്ധ്യങ്ങള്‍ !

അവനുടുക്കുന്നു,അവളുടുക്കുന്നു
അതിനാല്‍ ഞങ്ങളുമുടുക്കുന്നു.
അവള്‍ കാണിക്കുന്നു ഞങള്‍ പൊതിയുന്നു
ഉടുക്കുവാനേറേ പുരാണങ്ങള്‍ ചുറ്റിനും .

ഉടുക്കുന്നവനേ കണ്ടാല്‍
ഉടുക്കാത്തവന് നാണം
ഉടുക്കാത്തവനെ കണ്ടാല്‍
ഉടുത്തവന് സദാചാരം

കാട്ടിലേറുന്നു നഗ്നത കാണുവാന്‍
നാട്ടിലുഴറുന്നു നഗ്നത കാണുവാന്‍
വീട്ടില്‍ വടിയെടുത്തുടുപ്പിടീക്കുന്നു
ഏറെ രസാവഹം നീ മനുഷ്യാ .
------------------ബി ജി എന്‍

Sunday, August 10, 2014

ഉണ്മ

അഗ്നിപൂക്കുന്ന മിഴികള്‍ കണ്ടു ഞാന്‍
അല്‍പനേരം പകച്ചു നിന്നെന്തിനോ!
തുളസിയിതളൊന്നു ചൂടി ചികുരത്തില്‍
അഗ്നിയലിയുന്നു ഹിമകണം പോലവേ .

                                    ....ബി ജി എന്‍

രാഖി

ഇരുട്ടില്‍ തന്റെ ഉടുമുണ്ടഴിക്കാന്‍ കിതയ്ക്കും
അരൂപികളോട് യുദ്ധം ചെയ്യവേയവള്‍
തന്‍ കയ്യില്‍ തടഞ്ഞ രാഖി ചരടഴിച്ചു
നാവു കെട്ടി സീതയാകാന്‍ കൊതിച്ചു !

                                     ....ബി ജി എന്‍

പുലരിയെത്തേടി

നീയുപേക്ഷിച്ചു പോയ മൗനത്തില്‍
നിന്നിനിയും കരകയറാതൊരു കിളി
കടലില്‍ ചാടിമരിച്ച സൂര്യനെ തേടി
കുഞ്ഞോടമെടുത്തു തുഴയാനിറങ്ങുന്നു ...
                                          ബി ജി എന്‍

ഇത് ശാന്തി പര്‍വ്വം

കൊമരിപ്പെണ്ണിനു വെറുതെയിരുന്നപ്പോള്‍
തുള്ളിക്കളിക്കാന്‍ മോഹമുണ്ടായ് വന്നു .

തുള്ളിക്കളിക്കാന്‍ പെണ്ണ് തുനിഞ്ഞപ്പോള്‍
കരയിലെ പിള്ളേര് കാണാന്‍ വന്നു .

മുടിയഴിച്ചിട്ടവള്‍ തെരുതെരെ ചാടിയപ്പോള്‍
പതിനേഴിന്‍ ഉടലും കൂടെയാടി.

കരയിലെ പിള്ളേര് കൈകൊട്ടിയാര്‍ത്തപ്പോള്‍
അവളുടെ ആട്ടവും കൂടിവന്നു .

ആട്ടം കഴിഞ്ഞവള്‍ മുടിവാരികെട്ടുമ്പോള്‍
കാല്‍തൊട്ടു വന്ദിച്ചു കരയിലെ കിഴവികള്‍ .

തൊഴലുകള്‍ കൂടിവന്നൊടുവിലോരാശ്ലേഷ 
ലഹരിയവള്‍ക്ക് നുരഞ്ഞു വന്നു .

കരയിലെ പിള്ളേരു ചെവിയില്‍ പറഞ്ഞൊരു
കുളിരുള്ള വാക്യങ്ങള്‍ തളിരിട്ടപ്പോള്‍ .

വാരിപ്പിടിച്ചു മുഖംചേര്‍ത്തു വച്ചിട്ട്
മാറിലെ ചൂടും മുഴുപ്പും കാട്ടി .

ദേഹമിളക്കിയവള്‍ ചിരിച്ചിരുന്നപ്പോള്‍
കരയിലെ പിള്ളേര്‍ക്കും ലഹരി മൂത്ത് .

പതിവായി പിന്നെയാ കരകാട്ടം കൂടലും
പകലിരവുകള്‍ തന്‍ ആലിംഗനവും .

ഒടുവില്‍ പറന്നു വന്നകലത്തെ നിറമുള്ള
പണമുള്ള പയ്യന്മാര്‍ വരിവരിയായി .

പണമായി പണിയായി പലരുടെ ലഹരിയില്‍
ഉലകം മുഴുവനും കൈവെള്ളയില്‍ .

വെള്ളയണിഞ്ഞിട്ടും മാറാതെ നിന്നൊരു
കള്ളക്കറുപ്പാരും കണ്ടതില്ല .

പുഴയിലും മാവിലും മുറ്റത്തും കടലിലും
തെരുതെരെ ശവമായി ചിലരു പൊങ്ങി .

പുഞ്ചിരിവാരിപ്പൊതിഞ്ഞു വച്ചിട്ടവള്‍
ഉലകിലെ ശാന്തിതന്‍ മഹതിയായി .

ഭരണം തിരിക്കുന്ന ശ്വാനവര്‍ഗ്ഗങ്ങള്‍
ചരണങ്ങളില്‍ വീണു കണ്ണീര്‍വാര്‍ത്തു .

വാരിയെടുത്തുമ്മ വച്ചോതി കരയാതെ
നിങ്ങള്‍ക്ക് തരുവാനുള്ളതു വീട്ടിലെത്തും .

ഇന്നുമാ ചുണ്ടിലെ പുഞ്ചിരി തന്നിലും
ചൂണ്ടു വിരലിലെ ചലനത്തിനൊപ്പവും .

ഇടതും വലതും നിന്ന് വാലാട്ടുന്നുണ്ട്
ജരാനര ബാധിച്ച കുറുനരികള്‍ .

ഇന്നും ഇരുളില്‍ മരിച്ചു വീഴുന്നുണ്ട്‌
മേല്‍വിലാസമില്ലാ സത്യാന്വേഷികള്‍ .
.....................ബി ജി എന്‍ .........................

Saturday, August 9, 2014

സന്ദേശം


നക്ഷത്രങ്ങൾ സാക്ഷി നില്ക്കുന്ന
മകരമാസകുളിർ രാവുകളെ
കണ്ടുവോ നിങ്ങളെൻ സഖിയെ?

മിന്നാമിനുങ്ങുകൾ നൃത്തം വയ്ക്കുന്ന
ഇരുണ്ടരാവുകളെ പറയുകവളോട്‌
നിങ്ങളെന്റെ പ്രണയം .

വെള്ളിമേഘങ്ങളെ,
യാത്രയുടെ കാണാക്കയങ്ങളിൽ
നിങ്ങളെന്നോമലിനെ കാണുന്നുവെങ്കിൽ

പറയുക,
പ്രിയനിവൻമിഴികളിൽ
സ്വപ്നങ്ങൾ നിറച്ചു
കാത്തിരിക്കുന്നുവെന്നിവിടെയേകനായി .

Friday, August 1, 2014

നേരിന്റെ കണ്ണുകള്‍


കാലമൊരു ഭ്രാന്തന്‍ നായുടെ കോലം
പ്രണയമൊരു ചിറകൊടിഞ്ഞ ശലഭം
ജീവിതമൊരു മുടന്തന്‍ കഴുതതന്‍ ജന്മം
അഭിനയം മനുജന്റെ പ്രതിരോധ തന്ത്രം

കാമം ഇര തിരയും ചെന്നായ മിഴികള്‍
അന്നം എച്ചില്‍ കൂന തിരയും കരങ്ങള്‍
കരുണ ഭണ്ഡാരം നിറയും നാണയങ്ങള്‍
അറിവു ശരീരത്തിന്‍ അളവുതേടും വിരല്‍

പെണ്ണ്  വിശപ്പാറ്റും വെറുമൊരക്ഷയപാത്രം
മണ്ണ് ബന്ധങ്ങള്‍ക്ക് ശവക്കോട്ട മാത്രം
പൊന്നു കണ്ണില്‍ കുത്തും മിന്നുന്ന ലോഹം
അമ്മ വിലയില്ലാ വെറുമൊരു ഗര്‍ഭപാത്രം.
...............................ബി ജി എന്‍ വര്‍ക്കല
http://www.youtube.com/watch?v=qFpEdQ3n2lI