Sunday, August 17, 2014

നിഴലായിരുന്നു ഞാന്‍

പറയാന്‍ മടിച്ചു
വാക്കുകള്‍ക്കുള്ളിലടയിരുന്നു
ജീവിതാന്ത്യം കൊതിച്ചൊരു
മങ്ങിയ നിഴലായിരുന്നു ഞാന്‍ !

വെളിച്ചം നരച്ചു തുടങ്ങുന്ന
പകലിനങ്ങേക്കരയിലായി
ശലഭപ്പുഴുവിന്‍ ജന്മം
കടമെടുത്ത വെറും നിഴല്‍ .

അഴിച്ചു വച്ചുടയാടകള്‍ വൃഥാ -
ചുമക്കുന്നതെന്തിനു ജീവന്‍ .
നാളികളിലൂടെ നിലനിര്‍ത്തി
പ്രതീകങ്ങളായെന്തു നേടുവാന്‍ ?

തിരിഞ്ഞു കൊത്തുന്ന സര്‍പ്പങ്ങള്‍
പോല്‍ ലിംഗങ്ങള്‍ തലയുയര്‍ത്തുമ്പോള്‍
മരവിച്ചു മൃദുലാംഗിമാരുടെ
നനഞ്ഞ രോദനം ഭൂമി കുടിക്കുന്നു .

ഇനിയും മരിയ്ക്കാത്ത തൃഷ്ണകള്‍ക്കുമേല്‍
കാമാഗ്നി പുകയുന്ന ബന്ധങ്ങള്‍
ബന്ധനങ്ങളുടെ ചങ്ങലപൊട്ടിച്ചു
ശ്വാസം പിടയിച്ചു മരിക്കുന്നു.

വിരലുകള്‍ പരതുന്നു, താതന്റെ
വിഗ്രഹങ്ങള്‍ ഉടഞ്ഞു ചിതറുന്നു .
നിറുകയില്‍ ഇരുളാഴങ്ങളില്‍
നേരുകള്‍ കണ്ണീരൊഴുക്കുന്നു മൂകം !

ജനിക്കുവാന്‍ മടിക്കുന്ന ഭ്രൂണങ്ങള്‍
തലയറഞ്ഞാര്‍ക്കുന്ന ഗര്‍ഭപാത്രങ്ങള്‍.
ഉടുവസ്ത്രത്തിന്‍ തുഞ്ചത്തായ്
ഊഞ്ഞാല കെട്ടിയാടുന്നു വിലോലം.

ഇനി മരിക്കാന്‍ , ജനിക്കാതിരിക്കാന്‍
വളര്‍ന്നുപോയ പാപമകറ്റുവാന്‍
ഉരിഞ്ഞു കളയണമീ ശല്‍ക്കങ്ങള്‍
നെരിപ്പോടിലുരുകുന്ന മനസ്സും .

ഒരിക്കലും ആരും പറയാതിരിക്കാന്‍
ഒരിടത്തുമൊരടയാളമാകാതിരിക്കാന്‍
അറുത്ത് കളയുന്നു ഹൃദയമിന്നിവിടെ .
അറിയുന്നു വെറും നിഴലായിരുന്നു ഞാന്‍ .
..........................ബി ജി എന്‍
(http://vettamonline.com/?p=16106#comment-8022 )

No comments:

Post a Comment