Saturday, August 16, 2014

സഹചാരി

ആരായിരുന്നു നീ നമ്മുടെ യാത്രയില്‍
അനുദിനം നമ്മള്‍ കണ്ടുമുട്ടുന്നവര്‍
ഒരുദിനം പോലും മറക്കാതെ നമ്മള്‍
കാണുന്നു അറിയുന്നു വരികള്‍ തോറും .

എങ്കിലും ഇന്ന് നീ മിണ്ടാതനങ്ങാതെ
അന്യമാമോര്‍മ്മ പോല്‍ അകലുമ്പോള്‍
ചിന്തിക്കുവാന്‍ കഴിയാതെ ഞാനിന്നീ
മൂകത നോക്കി പകച്ചിരിക്കുന്നല്ലോ .

അക്ഷരങ്ങള്‍ കൊണ്ട് നീ തീര്‍ക്കും
ജീവിതസത്വരമാം അനുഭവങ്ങളെ
തേച്ചു മിനുക്കി നീ നല്‍കുന്നനുദിനം
പുതുനാമ്പുകള്‍ക്കുണര്‍വ്വേകാന്‍

രൂപമില്ലാതെ മിണ്ടാതെ കാണാതെ
നീയുണ്ട് ചാരെയെന്നറിയുന്നുവെങ്കിലും
എന്താണ് നിന്നെ വേദനിപ്പിക്കുന്നൊരാ
ചിന്തകളെന്നു തിരയുന്നു ഞാന്‍ ചുറ്റും .

അറിവിലും അണുവിലും ഉയരെയാണ്
അകലവും കാലവും അകലെയാണ്
കാഴ്ചയും ബന്ധവും അവ്യക്തമാകുന്നു
അവനിയില്‍ ദുഃഖം ബാക്കിയാകുന്നു

No comments:

Post a Comment