കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്നു
എന്ന് കരുതുന്ന നിമിഷത്തില്‍
ഞാനറിയുന്നല്ലതെന്‍ മനസ്സിലേ-
ക്കാണ് നീ നോട്ടമെറിയുന്നതെന്ന് .
കണ്ണെടുക്കാന്‍ കഴിയാതെ ഞാന്‍
വിയര്‍ത്തൊഴുകുന്നു വിവശമായ് .
ചുണ്ടിലൊളിച്ച നനുത്ത ചിരിയാ-
ലെന്‍ കള്ളത്തരങ്ങളറിയുന്നു നീ.
ഓടിയൊളിക്കാന്‍ കാടുതേടിയിന്നു
പതറിപ്പിടയും മിഴികള്‍ ചലിക്കവേ,
ഉള്ളില്‍ തെളിയുന്നു സത്യമതൊന്നു
നീയെനിക്കെത്രയോ പ്രിയമെന്ന് .
ഋതുക്കള്‍ വിടവാങ്ങുമീ ദേഹിയും
ശലഭങ്ങള്‍ കൂടൊഴിയുമീ വാടിയും
നിറമില്ലാ കാഴ്ചകളുമായ് നീ മൊഴിയു-
ന്നരുത്, യാത്രയരുതെന്നിലേക്കിനി.
തിരഞ്ഞു പോകാനൊരു ചില്ലയില്ലെ-
ന്റെ ചിന്തകള്‍ പോലും മരവിക്കവേ.
ചുളിവാര്‍ന്ന നിന്‍കരമെടുത്തുമ്മവച്ചു
മന്ത്രിപ്പൂ നമ്മള്‍ പ്രണയിക്കുകയാണ്
--------------------ബി ജി എന്‍
No comments:
Post a Comment