Sunday, August 24, 2014

വേനലായിരുന്നു ചുറ്റിലും


ഉണങ്ങി വരണ്ട കരിയിലകള്‍ , ഒടിഞ്ഞു തൂങ്ങിയ ചില്ലകള്‍ , വരണ്ടു വിണ്ടു കീറിയ ഭൂമി , അരഞ്ഞാണം പോലെ പുഴകള്‍ . കാലത്തിന്റെ കൈത്തെറ്റു പോലെ ഒരു മഴ പോലുമില്ലാതെ അതങ്ങനെ നീണ്ടു പോകുന്നു . ശുഷ്കിച്ച മുലഞെട്ടുകളില്‍ കിനിയുന്ന സ്നേഹം മാത്രം ഒരു തരിപ്പായി രാത്രിയുടെ മുനിഞ്ഞു കത്തുന്ന ഇരുട്ടില്‍ വിതുമ്പിയിരുന്നു . ഏകാന്തതയുടെ ഇരുളില്‍ രാപ്പക്ഷിയെ പോലെ ഒരു വിഷാദ ഗീതത്തിന്റെ അലയൊലികള്‍ ചിലപ്പോഴൊക്കെ കേള്‍ക്കാമായിരുന്നു . ഇനിയൊരു മഴ താങ്ങുവാന്‍ ആകാതെ നാഭിച്ചുഴിയില്‍ വേദനപടര്‍ത്തി മണ്ണു മലര്‍ന്നു കിടന്നിരുന്നു . ഊഷരമായ ഗര്‍ഭപാത്രം തപിക്കുന്നുണ്ടായിരുന്നു ഒരു ജന്മത്തിന്റെ കടം കൂടി വീട്ടുവാന്‍. ഒരിക്കലും പെയ്യാതെ പോകുന്ന മഴയെ ഓര്‍ത്ത്‌ മൂകം കേഴുമ്പോഴും തനിക്ക് മേല്‍ വിരിക്കുന്ന കോണ്‍ക്രീറ്റ്‌ ചതുരക്കട്ടകള്‍ക്കിടയിലൂടെ എപ്പോഴോക്കൊയോ ചുണ്ട് നനച്ചുകൊണ്ട് , മുലഞ്ഞെട്ടുകളെ ത്രസിപ്പിച്ചുകൊണ്ട്‌ അടിവയറ്റിനെ എരിയിച്ചു കൊണ്ട് മഴ നൂലുകള്‍ വരുന്നത് മണ്ണു  അറിയുന്നു . എങ്കിലും ഈ മഴ അവള്‍ക്കന്ന്യമാകുന്നു . പെയ്യരുതെന്നു മോഹിക്കുന്നു  . കാരണം ഇനിയൊരു മഴ താങ്ങുവാന്‍ അവളുടെ  തനുവിനു ശക്തിയില്ലാതെ പോകുന്നതറിയുന്നവള്‍ ...!

No comments:

Post a Comment