Sunday, August 17, 2014

ഓട്ടോഗ്രാഫ്

അക്ഷരങ്ങള്‍ പിണങ്ങി നിന്ന 
യാമിനിയുടെ ചിറകിലൊരുനാളില്‍
മിഴികളില്‍ തടഞ്ഞു, പഴകിയൊ-
രോട്ടോഗ്രാഫിന്‍ ജീർണ്ണിച്ച താളുകള്‍ !

ഓര്‍മ്മപ്പെടുത്തലുകള്‍ പോല്‍
ചിരിതൂകിനില്‍ക്കുന്നിരുളിലെ തണുപ്പില്‍,
മറവിയുടെ സിമിത്തേരിതന്നില്‍
സ്നേഹത്തിന്റെ നനുത്തലിപികള്‍ .

നിറം മങ്ങിയ താളുകളില്‍ നിന്നും
മുഖം മങ്ങിയ സൗഹൃദങ്ങള്‍ കൈനീട്ടി.
ഏകാന്തതയുടെ ചിതല്‍പ്പുറ്റുകള്‍
പൊഴിഞ്ഞു വീഴുന്നിരുട്ടില്‍ ചുറ്റിനും .

മുനപോയൊരെഴുത്താണി നീട്ടി
ചിരിതൂകി നില്‍ക്കുന്നൊരു സതീര്‍ത്ഥ്യന്‍ 
കുത്തഴിഞ്ഞ പാഠപുസ്തകക്കെട്ടുമായ്
മുടന്തിവരുന്നുണ്ട് ചരല്‍ വഴികളിലൂടെ .

നാണം മഞ്ഞിച്ചു പടര്‍ന്നൊളിക്കും  
കവിള്‍ത്തുടിപ്പിൽ വിരലോടിച്ചൊരു- 
കടലാസ്സ് വാങ്ങാനറച്ചിടവഴിയില്‍
മൊട്ടിടുന്ന മാറിടമുയര്‍ന്നു താഴുന്നു ദ്രുതം !

ചൂരലിന്‍ കഷായമണമോലും കാറ്റില്‍
വെറ്റിലഗന്ധം കുടഞ്ഞിട്ടു ചിരിതൂകുന്നു
മറ്റാരും കാണാത്ത സ്നേഹത്തിന്‍
കസവിട്ട മലയാളം മുന്‍ഷിയൊരു താളില്‍ !

കാലമെത്ര കടന്നു പോയെത്ര കാറ്റുകള്‍
തീവിഴുങ്ങിപ്പക്ഷിതന്‍ ചാരം കടലിനു നല്‍കി.
ജീവിതപ്പെരുമഴയത്തൊറ്റയ്ക്ക് ഞാന്‍
എത്രയോ കടലാസ് വഞ്ചിയുണ്ടാക്കി കളിച്ചു .

കണ്ടുമുട്ടാന്‍ കഴിയാത്ത ദൂരത്തുനിന്നും,
കണ്ടെടുക്കാത്ത ചിപ്പികള്‍ക്കുള്ളിലായ്
എത്രമോഹനം സ്നേഹിതരോര്‍മ്മതന്‍
കാൽച്ചിലങ്ക കിലുക്കിയകന്നുപോയ് .

രാവസാനിക്കും ഏകാന്തമാമീയിരുളില്‍
വേവകലാത്ത മനസ്സുമായിന്നു ഞാന്‍.
യാത്രചൊല്ലാന്‍ കാത്തിരിക്കും യാമ-
ത്തില്‍ ഓര്‍ത്തുപോകുന്നു ഒട്ടിട നിങ്ങളെ .
.......... ബിജു.ജി.നാഥ് വർക്കല............


1 comment:

  1. ee കവിത എന്നെ ഒരുപാട് ഓര്‍മ്മകളിലേയ്ക്ക് കൊണ്ടുപോയി. ഒരുപാട് നാളായല്ലോ ബിജുവിന്റെ പുതിയ രചനകള്‍ കണ്ടിട്ട്..

    ReplyDelete