Saturday, June 30, 2012

ഇസങ്ങളുടെ സമവാക്യം


ഇസങ്ങള്‍ക്ക് ഒരു ഐക്യം ഉണ്ടാകാം...!
അല്ലെങ്കില്‍  അവ എങ്ങനെ ഇത്ര സമരസമാകും ?
സ്വപ്‌നങ്ങള്‍ ഇപ്പോഴും ഇരുണ്ട ചുവപ്പിലാണല്ലോ
തനിമയുടെ നീലാകാശം തേടുന്നത് ...!

നിന്റെ മതത്തില്‍ വിശ്വസിക്കാത്തവന്‍ ,
നിന്റെ ദൈവത്തെ അംഗീകരിക്കാത്തവന്‍ ,
നിന്റെ ശത്രു എന്ന് എണ്ണുക നീ .
അവന്റെ ജീവനെടുക്കുന്നതില്‍ വേദന വേണ്ട ...!

പുറത്തു നിന്നും നിന്നെ എതിര്‍ക്കുന്നവനെയും
അവമതിക്കുന്നവനെയും നിന്റെ ഖഡ്ഗം
വെട്ടി മുറിച്ചാല്‍ നീ നേടുന്നത് വീര സ്വര്‍ഗ്ഗം
നിനക്ക് ഉദ്യാനങ്ങളില്‍ കന്യകമാര്‍ വിരി വയ്കും ..!

നിന്നിലേക്ക് വരുന്നവന്‍ നിന്നില്‍ തന്നെ നില്ക്കട്ടെ
ഇനി ഒരുവേള അവനു നിന്നെ വേണ്ടെന്നു തോന്നിയാല്‍
മുറിച്ചു നീക്കുക .അവന്‍ ധരിത്രിക്ക് ഭാരം
അവന്‍ നിന്റെ കൊടിയ ശത്രു ...!

ചോരപ്പുഴകളിലൂടെ  നീ പിടിച്ചെടുത്ത നിന്റെ മതം
അത് ഇനിയും പടര്‍ന്നു പന്തലിക്കട്ടെ ..!
ആകാശത്തിലെ താരകങ്ങളെ പോലെയും
കടല്‍ തീരത്തെ മണല്‍ത്തരികള്‍ പോലെയും ..!

നിന്റെ വര്‍ഗ്ഗ സിദ്ധാന്തങ്ങള്‍ എറിയുക നീ-
യീ വളക്കൂറുള്ള ഹരിത ഭൂവില്‍
ചോരകൊണ്ട് നീ തീര്‍ക്കുക പുതിയ ലോകം
ഉയരട്ടെ നിന്റെ നാമം അമര്‍ത്യനായി ...!

ജന്മിത്തത്തിന്റെ തലയറുത്തു നീ നേടുക
അടിമയുടെ വിശ്വാസകോട്ടകള്‍.
നട്ടു വളര്‍ത്തുക നീ പ്രതീക്ഷയുടെ ചുവന്ന
വിത്തുകള്‍ മണ്ണില്‍ നീളെ , മനസ്സില്‍ നീളെ...

നിന്റെ വിശ്വാസങ്ങളില്‍ വിലയിക്കുന്നവനെ
നിന്റെ കൈകള്‍ക്ക് കോര്‍ത്ത്‌ വയ്ക്കാന്‍
മറു കയ്യാകുന്നവനെ നീ വളര്‍ത്തുക ഭൂമിയോളം .
അവനെ കോണിയാക്കി നീയെഴുതുക വിജയം ..!

നിനക്കൊപ്പം നടക്കുന്നവന്‍ നിന്റെ തേരാളിയാകട്ടെ.
നിന്നിലേക്ക് നീളുന്നവാള്‍മുനകള്‍ ഏറ്റുവാങ്ങി  ,
നിനക്ക് വേണ്ടി രക്ത സാക്ഷിയാകട്ടെ.
കാലം അവനെ അനശ്വരനാക്കും ...!

നിന്റെ വലംകാകൈ നിന്നില്‍ നിന്നും അകലുന്നു ,
നിന്റെ ചിന്തകളെ ഇടം കണ്ണിട്ടു നോക്കുന്നു ,
നിന്റെ നാവിനെ നിശബ്ദനാക്കുന്നുവെങ്കില്‍ .
അരിഞ്ഞു കളയുക അവനെ നീ നിഷ്കരുണം ..!

അക്ഷരമാല ക്രമത്തിലും ,പ്രായത്തിലും,
തെറ്റിന്റെ  വലിപ്പത്തിലും നീ കല്‍പ്പിക്കുക
അവന്റെ തലച്ചോറുകള്‍ തകരുവോളം
എണ്ണം തെറ്റാതിരിക്കുവാന്‍ , മറക്കാതിരിക്കുവാന്‍ ...!

മതം മനുഷ്യനെമയക്കി കിടത്തും കറുപ്പെന്നു
മതത്തെ നോക്കി പറയാന്‍ പഠിപ്പിച്ചവന്‍
അറിയാതെ പോയൊരു സത്യമുണ്ട് ..
മതമല്ല ഇസമാണ് കറുപ്പെന്നു ,വിഷമെന്നു ...!
------------------ബിജി എന്‍ ------------------

Monday, June 25, 2012

ഭയം

വെട്ടിമുറിക്കാനും വെട്ടി നിരത്താനും
നീ എന്നെ ഉപയോഗിച്ചപ്പോള്‍,
നിന്റെ മുഖത്ത് ഞാന്‍ കണ്ടത്
പകയുടെ കൊലവെറിയായിരുന്നു .

പക്ഷെ ഇന്ന് നീതിപീഠത്തിന്റെ
തുലാസില്‍ എന്റെ ജന്മം തുലനം
ചെയ്യുന്ന ഈ ആറാം യാമത്തില്‍
 നിന്റെ കണ്ണില്‍ വിരിയുന്നത്  
നിസ്സംഗതയുടെ ശംഖുപുഷ്പങ്ങള്‍  മാത്രം ..!

അലറിക്കരയുന്ന ഇരയുടെ കണ്ണുകളില്‍
ദയനീയത മാത്രമേ ദര്‍ശിപ്പൂ ..
കൊല്ലടാ എന്നെ എന്നൊരുവനും
കണ്ണില്‍ നോക്കി അലറിയിട്ടില്ല ..!

മരണം കണ്ണില്‍ വന്നു തൊടുമ്പോള്‍
കുടുംബവും ദയയും പാഞ്ഞു വന്നൊരു
കൈകൂപ്പിന്റെ ചാരം നിറയ്ക്കുമ്പോള്‍ ,
സേനാപതിയെ പോലെ വിരല്‍ ചൂണ്ടും
പഴയ ഓര്‍മ്മകളെ പാടെ മറക്കാന്‍ പഠിച്ചവര്‍. 
 
ഓരോ ഇരയിലും ഒരു വീടുണ്ട്,
മകളുണ്ട് മകനുണ്ട് , ഭാര്യയുണ്ട്
അമ്മയുണ്ടച്ഛനുണ്ട്  .
ഇരയുടെ ജീവനെടുക്കുന്നവന്‍
നാളെ   ഇരയാകുന്ന
 തത്വശാസ്ത്രമുണ്ട്
എങ്കിലും
ഇരകള്‍ മരിച്ചു വീഴുന്നു ...!

അനാഥമാകുന്ന ഓരോ കുടുംബത്തിലും
നാളെയുടെ ചാവേറുകള്‍
കണ്ണുകളില്‍ പകയുടെ അഗ്നി
നിറച്ചുറങ്ങാതിരിക്കുന്നുണ്ട്  .

പകലുകള്‍ രാത്രികളാകുന്ന
വിശുദ്ധ യുദ്ധങ്ങളില്‍
പട ആര്‍ക്കുനേരെയെന്നറിയാതെ
പൊരുതാനിറങ്ങുന്ന ചാവേറുകളുടെ
ക്ഷണിക ജന്മമാണ്
ഇന്ന് ഇടതും വലതും
താമരകളിലും
വിടര്‍ന്നുല്ലസിക്കുന്നത് ..!

മോചനം ആര്, ആരില്‍  നിന്നും ?
എന്ത്, എന്തില്‍ നിന്നും ?
എനിക്ക് എന്നില്‍ നിന്നോ
നിന്നില്‍ നിന്നോ ?

ഉത്തരമില്ലാത്ത പകലുകളേ ,
നിദ്രയില്ലാത്തെ രാവുകളേ ,
നിങ്ങളെന്നാണ്  , ഏത്
ഇരുളിന്റെ പുകമറയിലാണ്
എന്റെ ജീവനെടുക്കുന്നത് ?
-----------------ബി ജി എന്‍ ----

Sunday, June 24, 2012

മരണമേ നിന്നെ സ്നേഹിപ്പൂ ഞാന്‍

മൃതി, എന്റെ ചുണ്ടില്‍ നീ തിരുകി
വയ്ക്കുമീ മുലച്ചുണ്ടു പോലെ സഖേ ...!
ഇരുളിലും വെളിച്ചത്തിലും ഒരു പോലെ
മരുവുന്ന സഹയാത്രികന്‍,
എന്‍ പ്രേമഭാജനം .
പ്രണയിപ്പൂ നിന്നെ ഞാന്‍ ഇഹപര-
ഭ്രമകല്പനകളിലെന്നുമെന്നും.
പറയാതെ വരുമെന്ന പരിഭവം മാത്രമേ
അകതാരിലെന്നെ നോവിപ്പതുള്ളെങ്കിലും
പതിവായ്‌ ഞാനെന്റെ മനസ്സിന്റെ ജാലകം
പ്രിയസഖി നിനക്കായ്‌ തുറന്നു വയ്പൂ ....
---------------------ബി ജി എന്‍ --------------------

Friday, June 22, 2012

മംഗളങ്ങള്‍ നേരുന്നു

വേദനയുടെ അശാന്ത പര്‍വ്വങ്ങളിലും
മനസ്സ് മന്ത്രിക്കുന്നത് മംഗളങ്ങള്‍ മാത്രം ..!
ഇലകള്‍ കൊഴിയുന്ന വിരഹമാസത്തിന്റെ
ചൂരും ചൂടും മറന്നുവെങ്കിലും,
പ്രവാസത്തിന്റെ നേരിലും നന്മയിലും
മണല്‍ പൂക്കള്‍ വിരിയുമ്പോള്‍ ,
മനസ്സ് മന്ത്രിക്കുന്നത് മംഗളങ്ങള്‍ മാത്രം ..!

പിരിയുവാന്‍ വിടാത്ത മനസ്സ് പിന്നെയും
ഗദ്ഗദം നിറച്ചു പുഞ്ചിരി പൊഴിക്കുമ്പോഴും ,
പോയ കാലത്തിന്റെ മാധുര്യമൂറും ഓര്‍മ്മകള്‍
തിരയിളക്കം പോലെ നെഞ്ചില്‍ തിരതല്ലുമ്പോഴും,
മനസ്സ് മന്ത്രിക്കുന്നത് മംഗളങ്ങള്‍ മാത്രം .!

വീണ്ടും ഒരു സംഗമം തിരയുന്ന
സായാഹ്നം വരേയ്ക്കും
നിന്റെ ഓര്‍മ്മകള്‍ എന്നില്‍ നിന്നും
പൊഴിയാതിരുന്നെങ്കില്‍....
നമുക്ക് നാമൊരു പാതയായിരുന്നെങ്കില്‍..!
ഇനിയുമൊരുയാത്രയില്‍ കണ്ടു മുട്ടും വരെ
മനസ്സ് നിറഞ്ഞ മംഗളങ്ങള്‍ ...........
-----------------ബി ജി എന്‍ ---15.06.2012

പൂമ്പാറ്റ

ഞാനൊരു പതംഗമായ്‌ വിണ്ണിലലയുന്നു
നേര്‍ത്ത ചിറകുകള്‍ കാറ്റിലുലയുന്നു .
സാന്ദ്രമാം  നാദമാണെന്റെ ചുറ്റും
തേജ:പുഞ്ചമാണെന്റെ മാനസം ..!

കാര്‍മുകില്‍ വന്നാല്‍ കരയുന്ന
വേനലില്‍  വാടിക്കരിയുന്ന
മൃദുഗാത്രിയാണ് ഞാന്‍ സുന്ദരി ...!
ഭംഗിവാക്കല്ല ഞാന്‍ ചൊല്‍വതെന്‍ സഖി ..

എന്നെയും പൂക്കളെയും നോക്കുകനീ
പറയൂ  ഇതിലാരാണ് ഏറ്റം സുന്ദരി
ഞാനോ വിടര്‍ന്നോരീ പൂക്കളോ ?
പതിര് പറയരുതെന്നോമലേ നീ .

പരാഗരേണുക്കള്‍പടര്‍ന്നോരീ പാദമാ -
മിനുമിനുപ്പാര്‍ന്ന ദലങ്ങളിലമര്‍ത്തവേ
ചെറിയൊരു പരിഭവത്താല്‍ തന്‍
തനുവോന്നു മന്ദം കുലുക്കിടുന്നു .

നുരയുന്ന വിദ്വേഷമെന്‍ മൃദു ചുംബനം
അലിയിച്ചു ഞാന്‍ വശപ്പെടുത്തി
അവള്‍ തന്‍ മധുവൂറ്റിയെടുത്തു കൊണ്ടെ-
രിയുന്ന പകലിനെ നോക്കി പറക്കവേ .

പരിഭവത്താല്‍ വിളറും ചുണ്ടിണ
പിറുപിറെ എന്തോ പുലമ്പിടുന്നു.
മധുരമാം ഏതോ ചിന്തയലവളുടെ
കവിളുകള്‍ മെല്ലെ ചുവന്നിടുന്നു .

ഒരു യുഗം തപം ചെയ്തു കിട്ടിയോരീ
തനുവുടല്‍ നാളെ മൃതികൊത്തിടുമ്പോള്‍
ആര്‍ക്കുമേകഴിയില്ല എന്നെ മറക്കുവാന്‍
വിണ്ണില്‍ ഞാനൊരു സുന്ദരിയല്ലയോ ?
-------------ബി ജി എന്‍ ----09.06.96

Wednesday, June 20, 2012

പഞ്ചമിയും ഞാനും

ആരോ വിളിക്കുന്ന പോലെ , മനസ്സിനെ -
ആരോ തൊട്ടുണര്‍ത്തുന്ന പോലെ .
നിറമേറും കിനാക്കളുടെ മഞ്ചലില്‍
തല ചായ്ച്ചു കൊണ്ടാരോ ചിരിക്കുന്ന പോലെ..!

എരിയുന്ന പകലിന്റെ തിളക്കവും മാഞ്ഞെ-
പ്പോളോ വന്നോരീ താരകമേ
കളിയായിട്ടാനെങ്കിലും കേള്‍ക്കട്ടയോ
നിന്നെ സഖിയായ്‌ ഞാനൊന്നു കൂട്ടിക്കൊട്ടോ ?

പറയാം ഞാന്‍ പതിരിന്റെ പഴമണം മാറാത്ത ,
പലകുറി കേട്ടോരീ നുണക്കഥകള്‍ ..!

ഇളവെയില്‍ കൊണ്ടെപ്പോഴോ തുട്ത്തോരീ -
ഇതളുകളടര്‍ന്ന പുഷ്പവും നോക്കി
വിജനമീ ചരുവില്‍ ഞാനുണ്ട് , മുകളിലായ്‌
എന്നെയും നോക്കി നീയുമുണ്ട് .

നിന്നെയും  നോക്കിയീ പുല്‍പരപ്പില്‍
മൃദുതല്പത്തിലെന്നപോല്‍ ഞാന്‍ ശയിക്കെ ..!

കണ്ണുകള്‍ ചിമ്മി നീ കളിയാക്കി   ചിരിക്കുന്നുവോ

കണ്ണുകളാല്‍ നീ എന്തോ പറയുന്നു
പുഞ്ചിരിയാല്‍ നീ സന്തോഷം പൂകുന്നു

എന്നാലിതാ ഈ എന്നെ നോക്കൂ  നിന്റെ -
ഭാവങ്ങള്‍ കണ്ടേന്‍ മനം നിറയുന്നെന്നാല്‍
ഒന്നുമേ തിരിച്ചു ചൊല്‍വാന്‍ എന്‍
നാവിന്നു ബലമില്ലാതുഴറുന്നു

ചുറ്റുമായി കൂട്ടുകാര്‍ ഒത്തിരി വന്നല്ലോ
താളത്തില്‍ മേളത്തില്‍ ആട്ടം തുടരുക
മനസ്സ് നിറഞ്ഞു ഞാന്‍ ചിരിക്കട്ടെ  നിന്‍
സുന്ദരമോഹന നര്‍ത്തനം കണ്ടിന്നു .

നിന്നുടെ റാണിയാം ചന്ദ്രിക വന്നു
നിശ്ചലം ഇലച്ചാര്‍ത്തിനെ മറഞ്ഞതാ
നോക്കുന്നു  ,കാണുന്നു നമ്മുടെ രഹസ്യങ്ങള്‍
അയ്യോ കുഴഞ്ഞല്ലോ കണ്ണുരുട്ടുന്നതാ
പഞ്ചമിച്ചന്ദ്രനെന്നെ നോക്കി

ഇല്ലില്ല ഞാനൊന്നും അറിഞ്ഞതില്ല
ഇല്ല ഞാനാരെയും നോക്കിയില്ല
കള്ളമാണതു വിശ്വസിക്കരുതേ
കള്ളിമാര്‍ ചൊല്ലുന്ന ജല്പനങ്ങള്‍

ചുറ്റുമിരുളിന്റെ കട്ടകള്‍ കെട്ടിയീ
എഷണിക്കാരെന്നെ ഒറ്റപ്പെടുത്തവേ.!
വേദനയോടെ ഞാന്‍ പിന്തിരിയാം
വേറെ എന്തുണ്ട് മുന്നിലായ്‌ പോംവഴികള്‍ .

നിന്നെ പിരിഞ്ഞു ഞാനെങ്ങു പോകും
നിന്നെ മറക്കാനെനിക്കാകുമോ
എന്റെമനസ്സാം കരിമുകില്‍ നിന്നെ
തെല്ല് നേരത്തേക്ക് മറച്ചിടട്ടെ

ഞാനീ ചരിവില്‍ നിന്നോടിടട്ടെ
നിന്റെ നേത്രമെതാത്ത ദിക്ക് നോക്കി
അപ്പോഴുമെന്റെ ഉള്ളിന്റെ യുള്ളില്‍
കണ്ണ് ചിമ്മി കളിക്കുന്നു നിന്‍ രൂപം

ഒട്ടൊരു വേദനയോടെ ഞാനീ
ചങ്ക് കുത്തിപിളര്‍ന്നിടട്ടെ ..!
എന്കിലെന്കിലും നീ മറയുമോ എന്റെ
നെഞ്ചിലെ ശാരികേ ചൊല്ലുക നീ .
------------ബി ജി എന്‍ ---02.06.1996

Sunday, June 17, 2012

എന്റെ അച്ഛന്‍

ഒരു നനവുള്ള ഓര്‍മ്മയായ്‌
ഒരു നോവിന്റെ ശകലമായ്‌
മനസ്സില്‍ വീണു പൊള്ളുന്ന
തീക്കനലാണെന്‍റെ അച്ഛന്‍ ...!

ഓര്‍മ്മകള്‍  ചിറകു വിടര്‍ത്തുന്ന
ബാല്യത്തിലെപ്പോഴും വിരുന്നു -
വന്നിരുന്നറേഡിയോ സംഗീതം
അതായിരുന്നുഎനിക്കന്നെന്റെ അച്ഛന്‍

പുലര്‍കാലങ്ങളില്‍ തുടയില്‍ തട്ടി വിളിക്കാനും
രാത്രികളില്‍ അടുക്കളവാതിലില്‍
സ്നേഹമായയമരുന്ന കനിവുമായിരുന്നു
എന്റെയോര്‍മ്മയിലച്ചന്‍ ...!

പുസ്തകത്താളില്‍കൂനനുറുമ്പായി
ചിതറിവീഴുന്നോരക്ഷരങ്ങളെ 
മനോഹരമെന്ന വാക്കിനാല്‍ തലോടുന്ന
 പ്രചോദനമായിരുന്നച്ഛനെനിക്ക് ...!

ജീവിതസമരത്തില്‍  പടപോരുതാനിറങ്ങവേ
പോര്‍ക്കളത്തില്‍ കൂടെ വന്നു
പടനിലം പരിചയപ്പെടുത്തും പഴയ
പോരാളിയായിരുന്നെനച്ഛന്‍....!

ഒടുവില്‍ ചുവന്ന പാട്ടില്‍ നിശബ്ദ-
മെന്നെ കാത്തു കിടന്നോടുവില്‍ കാണാതെ
മറഞ്ഞ നെഞ്ച് പൊടിയുന്നോരോര്‍മ്മയായ്‌
തൊടിയിലെ മന്കൂനയിലുരങ്ങുന്നെനച്ഛന്‍...!

ഒരു നനഞ്ഞ രൂപമായ്‌ മടിയില്‍ കിടത്തിയെന്‍
നിറുകയില്‍  തടവുന്ന ഓര്‍മ്മയായ്‌
എന്നും എന്നെ നയിക്കുന്ന ശക്തിയാണ്
പ്രചോദനമാണെന്റെ അച്ഛന്‍ ...!
============ബി ജി എന്‍ ========




Friday, June 15, 2012

വിഷാദ പര്‍വ്വം

കരളിന്റെ കിത്താബില്‍
ഞാനാരോ പറഞ്ഞോരാള്‍...
എന്റെ കിനാവേതോ നുണക്കഥ.!
ഞാനിന്നെതോ വിഷാദ -
രാഗവും പാടിയി -
വിദൂരമാം പുല്ച്ഛര്‍ത്തില്‍
വിമൂഖനായിരിക്കവേ ,
നീയുമീ ഓര്‍മ്മയും
ശപ്തമാം കിനാക്കളും
ഒക്കെയും ഞാനിന്നോന്നു കൂടി
വ്യേര്‍ഥ്യമായി ചിന്തിച്ചുപോയ്‌ .!
നക്ഷ്ടങ്ങളായിരുന്നല്ലോ
അവയെന്റെ
നാരായവേരുകള്‍ പിഴുതുവല്ലോ !
നഗ്നനായ്‌ ഞാനിന്നു
മാറിയതെന്തോ...
നാശവും വന്നുപോയ്‌
ഞാനറിയാതെ .
=========ബി ജി എന്‍ ---

Tuesday, June 12, 2012

ചെറു കവിതകള്‍

കറുത്ത കണ്ണിണകളില്‍
കാര്‍മുകില്‍ മായുന്ന
ഇളം നിറങ്ങള്‍ ചിതറി വീഴുന്ന ,
കാനനത്തിന്റെ ശോണിമ പൂകുന്ന
നിന്റെ മൌനം ....!
അതാണെന്നെ ഞാനാക്കി മാറ്റുന്നത് .... 02.03.1996

കാതങ്ങള്‍ അകലെ നീ പോയ്‌ മറകിലും
കാതരമാ മിഴി മറക്കുകില്ല
നൂറു ജന്മങ്ങള്‍ കഴിഞാലുമാ
നോവിന്‍ പുഞ്ചിരി മായുകില്ല
നേര്‍ത്ത നിലാവിലൂടെ നീ പോകിലും
ആതിരെ നിന്നെ ഞാനോര്‍ത്തിടും ... 11.04.1996

കാലമാം പളുങ്ക് പാത്രം
കാരിരുള്‍ പുറ്റില്‍ നിന്നും
അമ്പിളിക്കല പോലെ തെളിയുന്നു
നീളെ നിലാവ് പെയ്യും
നോവിന്റെ തീക്കനലുകള്‍
നേരിന്റെ കച്ച്ചയുമായ് കാത്തു നില്‍പ്പൂ .
ഓമനപ്പൂങ്കവിളില്‍ തൊട്ടു -
കൊണ്ടെന്തോ ഞാന്‍
പൈങ്കിളി പെണ്ണിനോട്
ചൊല്ലി വീണ്ടും .....!  11.04.1996
==========ബി ജി എന്‍ =====


ഒരു കൊച്ചു കവിത

താവക വിരല്‍ത്തുമ്പില്‍ തൊട്ടു -
ഞാനരുള്‍ ചെയ്ത
ശാന്തമാം ഉപദംശ കഥ
എത്രയോ പഴകിപോയ്‌ ..
കാണുവതെങ്ങോ നിന്നും
കാണ്വാനാകാത്തോരാ -
കാനനത്തിന്റെ ശൂന്യ
കാമമാം ഭിക്ഷാപാത്രം ...!
-------ബി ജി എന്‍ --.21.02.1996

Monday, June 11, 2012

കറിവേപ്പില

എല്ലാര്‍ക്കും എന്നെ വേണം
രുചിക്കും , മണത്തിനും ,
എല്ലാ പാത്രത്തിലും ,
എല്ലാകറികളിലും ,
എന്നും എന്നെ വേണം ...!
എന്റെ സാന്നിധ്യം
അവയില്ലാതെങ്ങനെ ,
എങ്ങനെ നിങ്ങള്‍
മനസ്സുകള്‍ കീഴടക്കും ?
പക്ഷെ
ഒടുവില്‍ എന്റെ സ്ഥാനം .!
ഒരു അശ്ലീല വസ്തു പോലെ
ഊണുമേശയില്‍ വലിച്ചെറിയുന്ന
എന്റെ ദുഃഖം
നിങ്ങലതറിയുമോ എന്നെലും ?
----------ബി ജി എന്‍ ------

ഏണിപ്പടികള്‍

എനിക്ക് ഉയരങ്ങളില്‍ ഇതിഹാസം രചിക്കാന്‍
ഒരു ചവിട്ടു പടി വേണം
എന്റെ മുരട്ടു ചിന്തകളെ പ്രകീര്‍ത്തിക്കുന്ന
എന്റെ ദയനീയതയെ നക്കിയെടുക്കുന്ന
എന്റെ ഉഷ്ണവാതങ്ങളില്‍ പനിനീര്‍ തളിക്കുന്ന
ഒരു കോണി ...!
എനിക്കറിയാം,
നിന്റെ ഹൃദയത്തില്‍ അലിവിന്റെ നദിയുണ്ട് .
നിന്റെ വാക്കുകളില്‍ നേരിന്റെ നിറവുണ്ട്
നിന്റെ പ്രവര്‍ത്തികള്‍ ഗൂഡവും
നിന്റെ സ്നേഹം അമ്രിതുമാണ്
നിന്നിലേക്കുള്ള എന്റെ പാത
ഞാനത് വെട്ടിയത് കണ്ണീരു കൊണ്ടാണ്
നിന്നിലേക്കു നീട്ടിയ എന്റെ കായ്കള്‍
ഞാനത് നീട്ടിയത് ശൂന്യമായാണ്
നീ എന്നില്‍ തളിച്ചത് സ്നേഹത്തിന്റെ
കടല്‍ വെള്ളമാണ്
എനിക്ക് വേണ്ടിയിരുന്നത് ഇതൊന്നുമല്ല
കൌശലക്കാരാനായ ഒരു കുറുക്കനായിരുന്നു ഞാന്‍ .
നീ അറിയാതെ പോയതും അത് തന്നെ
പക്ഷെ ഇന്നെനിക്കെല്ലാമുണ്ട്
നിന്നെ പുറംകാലു കൊണ്ട് തട്ടിയെറിയുമ്പോള്‍
ഞാനനുഭവിക്കുന്ന രതിമൂര്‍ച്ച ...!
ഹാ ഞാന്‍ ഉയരങ്ങളിലാണ്‌പ്പോള്‍ ...!
നിനക്ക്  വന്ദനം ....
----------ബി ജി എന്‍ -----------------

Sunday, June 10, 2012

എനിക്കിഷ്ടമാണ്


ഋതുമതിയായപ്പോള്‍ നിന്റെ കവിളില്‍
വിരിഞ്ഞിറങ്ങിയ നാണപൂവ്‌   കാണാന്‍ ..!

ആദ്യമായ്‌  ചുംബനം ഏറ്റുവാങ്ങിയ
നിന്റെ കണ്ണിലെ പൂത്തിരി കാണാന്‍.


ആദ്യരാവില്‍ പുടവയഴിയുമ്പോള്‍ നിന്‍
ചുണ്ടില്‍ വിരിഞ്ഞ ലജ്ജ കാണാന്‍ .

കടിഞ്ഞൂലിന്റെ ചുണ്ടുകള്‍ നിന്‍ മുല
തേടുമ്പോള്‍ മുഖം പിടഞ്ഞതു കാണാന്‍

പടിയിറങ്ങും  ഓമനയെ നോക്കി തളരും
തനുവിനെ മാറോടു ചേര്‍ക്കാന്‍.

മംഗല്യപുടവയില്‍ പൊതിഞ്ഞെന്നെ വിട്ടു
പോകും നിന്‍ നെറ്റിയിലന്ത്യചുംബനം തരാന്‍

നീ പോകും വരെ നിനക്ക് കാവലായിരിക്കാന്‍
 അതെ എനിക്ക് എനിക്കിഷ്ടമാണ് ...
==========ബി ജി എന്‍ ===========

Saturday, June 9, 2012

രണ്ടു കുഞ്ഞന്‍ കവിതകള്‍

മഴ 
=====
ചാറല്‍മഴമാറി രൌദ്രമാകുന്നോരീ
വേലിയോരമൊരു നനഞ്ഞ പൂവായ്‌
ഒരു ചിറകറ്റ ശലഭം മരവിച്ചു കിടക്കുമ്പോള്‍
മഴ എന്റെ കണ്‍കളില്‍ പെയ്തിറങ്ങുന്നു ..!
ദൂരെയെതോ സ്രിഗാലാന്റെ നാവില്‍
അപ്പോഴും നുണയുന്നുണ്ടാം മധുശകലം
മഴ എന്നെ പൊതിയുന്നു വേദനതുണ്ടാല്‍
മഴ എന്നെ വരിയുന്നു തേങ്ങല്‍ചീളിനാല്‍ ....!

----------------------------------------------------
കടല്‍  
====
വീണു കലങ്ങുമെന്‍ കണ്ണുനീര്‍ തുള്ളിയെ
വേദനയോടെ നീ ഉള്ളില്‍ പോതിയവേ
അറിയുന്നു ഞാനെകനല്ലീ തിരയില്‍
കണ്ണീര്‍ പോഴിച്ചത് നിന്‍ ഉപ്പുരസത്താല്‍ .!

----------------------------ബി ജി എന്‍ ---

കാത്തിരിപ്പ്

അല്ലയോ സഖീ
വിദൂരങ്ങളില്‍ നിന്റെ സാനിധ്യം
എന്റെ രസനയില്‍ സംഗീതമാകുന്നു ..!
എന്റെ ചേതന നിന്നെ തേടുന്നു മൂകം .

നീ നിലാവിന്റെകയ്കളില്‍
ജപമാല  കോര്‍ക്കുന്ന മധുരശബ്ദം
എന്റെ കാതുകള്‍ക്ക് ഇമ്പമാകുന്ന
രാവുകള്‍ ഇന്ന് അന്യമായിരിക്കുന്നു ..!

ചിത്രശലഭം ചിറകു വിടര്‍ത്തുന്ന
നിന്റെ വെളുത്ത കഞ്ചുകത്തില്‍
ഉരുണ്ട മാറിന്റെ ഭംഗി കണ്ട നാള്‍ മുതല്‍
നിന്നെ ഞാന്‍ പ്രണയിച്ചു തുടങ്ങി ..

നിന്റെ അണിവയറിലെ രോമരാജികള്‍ ,
നിന്റെ  പൊക്കിള്‍ചുഴിയുടെ ആഴം ,
നിന്റെ ഉരുണ്ട തുടകളുടെ ലാസ്യം .
എന്നെ നിന്റെ അടിമയാക്കുന്നു പ്രിയേ...

ഏകാന്ത  രാവുകളില്‍ ഞാന്‍ അവയൊക്കെ
ഒരു ഭ്രാന്തനെ പോലെ കണ്ടിരിക്കുന്നു
നിന്നെ  ഒന്ന് കാണാന്‍ എന്റെ മനം
കരയില്‍ വീണപൊടിമീന്‍ പോലെ തുടിക്കുന്നു.

ഒരു വരാല്‍മീന്‍ പോലെ നീ വഴുതി
എന്റെ കിനാവിന്റെ പടിയിറങ്ങുമ്പോള്‍
എന്റെ മനസ്സിലെ വിങ്ങല്‍കാണാന്‍
ഇരുട്ട് പോലും കൂടെയില്ലല്ലോ ...!

ഞാന്‍ നിനക്കായ്‌ കാത്തിരിക്കും
ഒരുച്ചുംബനവുമായ്
ഒരു സുസ്മിതവുമായ്‌
എനിക്ക് പ്രിയമുള്ള
മധുരമുള്ളരു മറുപടിയുമായ്
നീ എന്റെ പടി കടന്നെത്തുന്നതും
നമ്മള്‍ ഒരു സ്വപ്നം കാണുന്നതും
നമ്മള്‍  നാമാകുന്നതും കാത്തു ...!
=========ബി ജി എന്‍ ======


Friday, June 8, 2012

തിരയുടെ മടക്കം

എന്റെ സാരംഗിയില്‍ പടരും വേദന
നിന്റെ മിഴികളില്‍  കൗതുകമാകവേ
ഒരു നനുത്ത ചിരിയുമായ്‌ ഞാന്‍ നിന്റെ -
വിടര്‍ന്ന കരങ്ങളില്‍ നിന്നിറങ്ങീടുന്നു.

സൂര്യനെ സ്നേഹിച്ച ചെന്താമരയോ
ചന്ദ്രനെ പ്രണയിച്ച നിശാഗന്ധിയോ
എന്റെ പ്രിയമേതെന്ന തിരയല്‍ വേണ്ട
എനിക്കിഷ്ടം പരിമളം വീശും തണുപ്പാണ്.

കടുംതുടി മേളം , രവാരവം ചുറ്റിനും
പൂവിളി പോല്‍ വാനില്‍ പടരും താരകങ്ങള്‍
എന്റെ മിഴികളില്‍ പടരും പൂത്തിരിയില്‍
നിന്റെ ജാലവിദ്യകള്‍ വെറും കാഴ്ച മാത്രമോ ?

കണ്ണീരുണങ്ങാത്ത കവിള്‍ത്തടം തഴുകി
ശാരിക എന്നോട് ചൊല്ലുന്നു മന്ദം
പോരുക സഖേ നമുക്കായ് ഒരുങ്ങാത്ത
നാടകശാലയില്‍ നിന്നും വേഷമഴിച്ചു നീ

ഇല്ലാത്ത നാട്യങ്ങള്‍ ഉണ്ടെന്നു ശഠിക്കുവാന്‍
എന്തുണ്ട് നിന്‍ കയ്യില്‍ നല്‍കുവാനിനി ബാക്കി
ഇല്ലില്ല കരളിന്റെ നോവൊന്നു മാത്രമേ
കണ്ണിമ കാണാതെ പോകുന്നതുള്ളിവിടെ ....!

================ബി ജി എന്‍ ----08.06.2012

Tuesday, June 5, 2012

പരാദങ്ങള്‍

ചിലരൊക്കെ അങ്ങനെ ആണ്
രക്തം ഊറ്റി കുടിച്ചു
മജ്ജയും മാംസവുംകടിച്ചീമ്പി
അങ്ങ് ജീവിക്കും
എനിക്കും നിനക്കുമിടയില്‍ ,
അവര്‍ക്കും നമുക്കുമിടയില്‍ ,
എനിക്കും എനിക്കുമിടയില്‍
ഒരു പരാദമായി....!
ആദിയില്‍ നിന്നും
അനാദിയിലേക്ക്
അവര്‍ക്കുള്ള പാലം ...!

എനിക്ക്  അങ്ങനെ ഒരു ജന്മം വയ്യ ...!
ദേശങ്ങള്‍ കീഴടക്കുന്ന
ചക്രവര്‍ത്തി ആകുവനല്ല
മനസ്സുകള്‍ കീഴടക്കുന്ന
ഒരു സഹൃദയനായി മരിക്കുവാന്‍ ,
മാത്രമാണ് ഞാന്‍ വന്നത്
ഒരുസഹജിവിയായ്‌ ,
ഒരു  മനുഷ്യനായ്‌ മറയുവാന്‍
എനിക്ക് ഒരു ചാലകം വേണം
മറയില്ലാത്ത , ച്ചുഴിമലരികള്‍ ,
തിരുവുകള്‍ , വളവുകള്‍
അവഗണനയുടെ കരിം കണ്ണുകള്‍ ,
ഇവയോന്നുമില്ലാത്ത ഒരു ലോകം...!
എന്റെ കാമനകളെ കൂട് തുറന്നു വിടാന്‍
എന്റെ മനസ്സിനെ നോവിക്കാത്ത
ഒരിടം ..!

അതാണെന്റെ കണ്ണുകള്‍ ഉറ്റു നോക്കുന്നത് .
എനിക്ക് പോകണം .
എന്റെ വിലങ്ങുകള്‍ അഴിച്ചു വച്ച് ,
മനസ്സിനെ സ്വതന്ത്രമാക്കണം
ഞാന്‍ അതിനു തയ്യാറാകുമ്പോള്‍
പിറകിലൊരു പിന്‍വിളിയായി ,
ഒരു ഗദ്ഗദം കുരുങ്ങുന്ന  ,
തേങ്ങല്‍ ചിളായി,
നീ ഉണ്ടാകരുത്.
ഞാന്‍ ഗൌതമനല്ല
യശോദാ നീ ഉറങ്ങുമ്പോള്‍
നിന്നെ പിരിയുവാന്‍.
ഞാന്‍ സത്യവാനല്ല
സാവിത്രി  നിന്‍ മടിയില്‍ വീണൊടുങ്ങുവാന്‍.
ഞാന്‍ ഒരു പരാദവുമല്ല
നിന്നിലൊരു അര്‍ബുദമായ് പടരുവാന്‍ .
-------------------ബി ജി എന്‍ ---------05jun2012