Monday, January 30, 2012

തസ്ക്കരന്‍


പ്രണയനിലാവ് പൊഴിയുന്ന രാവില്‍
പനിമതി നീ എന്നരികിലിരിയ്ക്കു.
പ്രണയം ഞാന്‍ കൈകളില്‍ പുഷ്പങ്ങളാക്കാം   
നിന്‍ പേലവാധരങ്ങള്‍ എനിക്ക് തരു.

പിണമാണ്  നാമീ  ജീവനറ്റാല്‍ , പിന്നെ -
കരുതി വയ്കുന്നിതാര്‍ക്ക് വേണ്ടിയെന്‍ പ്രിയസഖി?
"കിടയറ്റ ശുദ്ധമാം നറുനെയ്യൊന്നുമേ
വിപണിയിലില്ലന്നറിയുക നീ ".

ഒരു മഴപെയ്താല്‍ ഒലിച്ചു പോകാനുള്ള
ചളിയത് മാത്രമേ ബാക്കിയുള്ളൂ.
എന്നരികത്തൊന്നു നീ ചേര്‍ന്നിരിക്കൂ
നിന്റെ മേനിയെ ഞാനൊന്ന് പുല്‍കിടട്ടെ..!

മനമതില്‍ വേപഥു  വേണ്ടിതൊട്ടും   
അവനിയിലിത് ചിരം സത്യമൊട്ടും
കഴിവതും നിന്നുടെ മേനിയില്‍ ഞാന്‍
നിറമോലും ചിത്രങ്ങളെഴുതിവയ്കാം..!

നിശാഗന്ധിതന്‍ സുഗന്ധവും വെണ്മയും
കാട്ടു തേനിന്‍ മധുരവും നിറവുമീ-
യധരങ്ങളില്‍ ഒളിപ്പിച്ചുവച്ച നീ 
ഇനിയുമെന്തിനായ് വേപഥു   പൂകണം.?

കരിയില തന്നീ മെത്തയില്‍ ഒന്നിച്ചു     
രാക്കുയില്‍ പാട്ടിന്റെ ഈണവു നുകര്‍ന്ന്   
പുതുപുതു ലോകത്തിന്‍ കാണാപുറം തേടിടാം
ഒരു നിമിഷമീ കണ്ണോന്നടയ്ക്കുകില്‍.

മറന്നുപോയിടും മറ്റെല്ലാ വ്യാധിയും..!
ഇനിയൊരിക്കലും ചോദിക്കയില്ല ഞാന്‍
ഇനിയൊരിക്കലും കാണുകയില്ല നാം
ഇത് നമുക്കായ് നാം കാത്തു വയ്ക്കുന്ന
പ്രണയ സാക്ഷ്യം ആണെന്നോര്‍ക്കണം .

കുതികുതിപ്പിലും കിതപ്പിലും മുങ്ങി
അകന്നു പോകുമാ സുഖദ നിമിഷങ്ങള്‍
കീഴടക്കുന്നു ചക്രവാളങ്ങളീ ചതഞ്ഞ -
കരിയില, ചരല്‍കല്ലിന്‍ ലോകത്തില്‍.

കടിഞ്ഞാണയച്ചോരാ കുതിരയെ പോലിതാ ..!
ഇരുള് മാത്രം കണ്ണടച്ചുള്ളോരീ
ചിതറി വീഴും ഇലക്കീറിന്‍ വെളിച്ചത്തില്‍    
കട്ടുറുമ്പുകള്‍ നുകരുന്നുണ്ടൊരു കന്യകാത്വത്തിന്‍
കറുകറുത്തൊരു രുധിരബാഷ്പങ്ങള്‍.
വെറും നിലത്തിപ്പോളും ചെറു മയക്കമാ -
ണവളുടെ ഗന്ധമേറ്റ  കരിയിലകള്‍ .

പുതിയ പൂവിന്‍ മധു തേടി പോകുമാ
മധുപന്റെ ചുണ്ടില്‍ മുരളുന്ന ഗീതവും 
കണ്ണിലൂറും കാമത്തിന്‍ വെളിച്ചവും കാണ്‍കെ
മിഴിയടക്കുന്നു പനിമതി മേലെയായ് .
മൃതിയെ ഭയന്നൊരു കൊച്ചു കൂമന്റെ
വിളിയത് മാത്രം മുഴങ്ങുന്നു ചുറ്റിലും
---------------ബി ജി എന്‍ ---------------------
     

Sunday, January 29, 2012

വശ്യമോഹിനി

അതി ശൈത്യവും വിരഹവും
മഞ്ഞിന്റെ ,മഴയുടെ ,
വേനലിന്റെ ,കടവുകള്‍
കടന്നുപോയ രാവുകള്‍ ...

നിശ്വാസ വായുവില്‍
തടഞ്ഞു നിന്ന മദഗന്ധങ്ങള്‍...
ഉടയുന്ന മനസ്സും ,
ചതയുന്ന വിങ്ങലും ,
തലയിണക്ക് അന്യമല്ലാതാകുമ്പോള്‍

നിന്റെ കാമം ഒലിച്ചിറങ്ങാന്‍,
അരക്കെട്ടിലെ  ഇറുകെ പിടിച്ചിട്ടും
അയഞ്ഞുപോകാത്ത ഉഷ്ണം
അതെന്റെ ഉമ്മറപ്പടിയില്‍
കാണിക്ക ആയി നീ വയ്കരുതെ ...

ആര്‍ത്തവ തുണികളുടെ
മടുപ്പിക്കുന്ന ഗന്ധം വമിക്കുന്ന
അകത്തളത്തില്‍
നീ ഇത്ര നാള്‍ നിന്നെ
തളച്ചിട്ടിരുന്നു എന്ന് ഞാന്‍ പറയുന്നില്ല,

മദഗന്ധം നിറഞ്ഞ നിന്റെ വസ്ത്രഞ്ചലം
എന്റെ രസനയെ ഒട്ടും മദിപ്പിക്കാത്തിടത്തോളം
മതിയാക്കുക
നിന്റെ മോഹിനിയാട്ടം
നിന്റെ ദാഹമകറ്റാന്‍  എന്റെ കയ്യില്‍
ശീതള പാനീയങ്ങള്‍ ഇല്ലെന്നറിയുക...!

--------------------ബി ജി എന്‍ ------------ 

അറിയുന്നുവോ നീ


നീ ഒരു മഴയായ് 

പെയ്യണം എന്റെ മനസ്സില്‍.
നീ ഒരു മഞ്ഞായ്‌ 

പൊഴിയണം എന്റെ ചിന്തയില്‍.

നീ ഒരു വേനലായ്‌ 
വരളണം എന്റെ കാമനകളില്‍.
നീ  ഒരു കനവായ് 
വരണം എന്റെ നിദ്രയില്‍.

എന്റെ ആത്മാവിനെതൊ
ട്ടുണര്‍ത്തണം    
നിന്റെ കണ്ണുകള്‍ കൊണ്ട് .

എന്റെ വികാരങ്ങളെ  ബന്ധിക്കണം 
നിന്റെ ചുണ്ട് കൊണ്ട്.

എന്റെ ഓര്‍മ്മയെ നീ
 മന്ദഹാസം കൊണ്ട് ചൂടണം.
എന്നിലെ ഞാന്‍ ആയി നീ ഉരുകിയിറങ്ങണം.


പിന്നെ 

നാമൊന്നിച്ചു എഴുകടലുകള്‍ താണ്ടും.
ഏഴു ലോകങ്ങള്‍ കടക്കും.
ഏഴു വര്‍ണ്ണങ്ങള്‍ വിരിച്ച പാതയിലൂടെ
 എഴാം സ്വര്‍ഗത്തില്‍ ചെല്ലും.


അവിടെ വച്ച് നിനക്ക് ഞാന്‍ എന്നെ തരും

നിന്നെ കവര്‍ന്നെടുത്തുകൊണ്ട്
എന്നിലെ എന്നെ നിനക്ക് സമര്‍പ്പിക്കും
----------------ബി ജി എന്‍ ------------------------------

Saturday, January 28, 2012

വില്‍ക്കുവാനുണ്ടോ


ജീവന്റെ തുടിപ്പിന്
ഒരു അണ്ഡം വേണം
തേജസ്സുള്ളതും
ജീവസ്സുറ്റതും
കന്യകയുടേതുമാകണം.
നിങ്ങള്‍ ഭാഗ്യവതികള്‍
നിങ്ങളുടെ അണ്ഡങ്ങള്‍ വിരിയുക
അങ്ങ് ദൂരെ വെളുത്തവന്റെ
ചുവന്ന ഗര്‍ഭപാത്രത്തില്‍ .
നിന്റെ പ്രതിരൂപം
അതിനി കടലുകള്‍ക്കപ്പുറം.
***********************
നിന്റെ ഗര്‍ഭപാത്രം
അതെനിക്ക് കടം തരു
എന്റെ സൗന്ദര്യം എനിക്ക് വലുത്.
നിന്റെ വിശപ്പിനു ഞാന്‍ പണം തരാം
എനിക്ക് നല്‍കൂ പകരം
നിന്റെ ജീവന്‍ കൊടുത്തൊരു കുഞ്ഞു.
പൊക്കിള്‍വള്ളി അറുത്തു നീ
ഏകിടുക, പിന്നെ
വിങ്ങി പൊട്ടുന്ന മാറിടം
പിഴിഞ്ഞ് കളയുക
കണ്ണീരും പണവും ചേര്‍ത്ത്
--------------ബി ജി എന്‍ -------

Thursday, January 26, 2012

പാഠ പുസ്തകം



ഒന്ന്

ഇരുട്ടിന്റെ കട്ടി
ഓലക്കീറിന്റെ തട്ടി
രണ്ടിനും തുളയുണ്ടാകുന്ന രാത്രി.!
വെളിച്ചം കണ്ണടച്ചപോള്‍
നായയുടെ മോങ്ങല്‍.
നിലത്തെ തഴപായില്‍
കാലടികള്‍ നിലച്ച നിശബ്ദത
കിതപ്പുകള്‍ ഉയരുന്നു
നാശം ഈ ഇരുള്.!
ജനനിയുടെ അമര്‍ത്തിയ സീല്‍ക്കാരം
ബീഡി പുകയുടെ ഗന്ധം
ചുവന്ന വെളിച്ചം അകലുന്നു
പിന്നെയും ഇരുട്ട് മാത്രം

രണ്ട്

കുളക്കടവിനും കയ്യാലയ്ക്കും
ഒരേ ഉയരം
മീനിനെ കാണണേല്‍
മുകളിലേറണം
കാറ്റൊരു വികൃതി
അടിയുടുപ്പിന്റെ വെണ്മ.!
നീളുന്ന വിരലുകളില്‍
അറിവിന്റെ വിറയല്‍
കണ്ണുകള്‍ക് നക്ഷത്ര ശോഭ
തെന്നുന്ന ജീവന്‍
കുളത്തിലെ കുമിളകളാകുന്നു
---------------ബി ജി എന്‍ ----------------

ഭ്രാന്തന്‍ ...!


ജനിതക ഘടനയില്‍  ഒരു ചലനം
ജീവന്റെ ഏണിപലകയില്‍  ഒരു പാളി മാറിപോയി..!
ലോകം എന്നെ വിളിച്ചു ഭ്രാന്തന്‍ ...!

എന്താണ് ഇവര്‍ക്കെന്നു ഞാന്‍ ചോദിച്ചു.
എന്നെ അവര്‍ കല്ലെറിഞ്ഞു ഓടിച്ചു.
ഭൂമി ഉരുണ്ടതെന്നു ഞാന്‍ പറഞ്ഞപ്പോള്‍,
അവരെന്നെ ചുട്ടെരിച്ചു ജീവനോടെ.

"ശരിയത്തി"നുള്ളിലെക്കൊന്നു നോക്കിയപ്പോള്‍ ,
എന്റെ ശവം പോലും എനിക്ക് കണ്ടെത്താനായില്ല .
തുന്നി കെട്ടിയ കന്യാചര്‍മ്മവുമായി പരിശുദ്ധ -
കാവല്‍ മാലാഖമാര്‍ പുഞ്ചിരിച്ചു നിന്ന് .

അമ്പലങ്ങളില്‍ ആര്‍ ഡി എക്സ് പൊട്ടിച്ചു
കാവികള്‍ പച്ചകളെ കുരുക്കിയിട്ടു
ആളൊഴിഞ്ഞ റയില്‍ ലൈനുകളില്‍
ഞരക്കങ്ങളായി വിഷബീജം തെറിച്ചു വീണു..!

നേരിന്  നേരെ വിരല്‍ ചൂണ്ടിയ ഞാന്‍ ,
ഞാന്‍ മാത്രം ഭ്രാന്തനായി .
പങ്കാളിയെ കൊല്ലാന്‍ സഹായിച്ച കാമുകന്
ഫലവര്‍ഗ്ഗങ്ങളും മാംസ പുഷ്പവും സമ്മാനം കിട്ടുമ്പോള്‍,
ക്രൂരതയെ തൊട്ടു   കാണിച്ച   എനിക്ക് ചമ്മട്ടിയുടെ 
പ്രഹരവും കുരിശുമരണവും..!

നിറവയറുകളില്‍ ശൂലത്തിന്‍ മുന തുളയുമ്പോള്‍ ,
ഗോപുരങ്ങളുടെ താഴിക കുടങ്ങള്‍  നിലം പതിക്കുമ്പോള്‍ ,
പിഞ്ചു കുഞ്ഞുങ്ങളുടെ ജനനേന്ദ്രിയങ്ങള്‍ വിണ്ടുകീറുമ്പോള്‍ ,
തലയറ്റ മാഷന്മാര്‍ കുട്ടികളെ ഞെട്ടിയുണര്‍ത്തുമ്പോള്‍ ,
ചരിത്രം എന്നെ ചൂണ്ടി വിളിക്കുന്നു ഭ്രാന്തന്‍...!

ഇവിടെ ആരാണ് ഭ്രാന്തന്‍ ?
ഇവിടെ എന്താണ് ഭ്രാന്ത്‌ ?
കാമത്തിന്റെ പേക്കൂത്താണോ ഭ്രാന്ത്‌ ?
മതത്തിന്റെ അന്ധതയാണോ ഭ്രാന്ത് ?
രാഷ്ട്രീയത്തിന്റെ കൌടില്ല്യശാസ്ട്രമാണോ ഭ്രാന്ത്‌ ?
അതോ , ഇവ തെറ്റെന്നു പറയുന്ന അറിവാണോ ഭ്രാന്ത്‌ ?
----------------------ബി  ജി  എന്‍ -------------------------------

Tuesday, January 24, 2012

നീ എവിടെ ?

നീ വളരെ അടുത്തായിരുന്നു
എന്റെ വിരല്‍ തൊടാനും മാത്രം അടുത്ത്
എന്റെ ഉറക്കത്തില്‍ 
എന്റെ സ്വപ്നത്തില്‍,
എത്രയോ വട്ടം ഞാന്‍ നിന്നെ തൊട്ടിരിക്കുന്നു.
നിന്നെ ഉമ്മ വച്ചിരിക്കുന്നു
നിന്നോടൊപ്പം ശയിചിരിക്കുന്നു
നിന്റെ മാറില്‍ ഒരു ശിശുവായ്
അമ്മിഞ്ഞ നുകര്‍ന്നുറങ്ങിയിരിക്കുന്നു.
നിന്റെ പൊക്കിള്‍ച്ചുഴിയില്‍ വിരലിട്ടും
നിന്റെ കവിളില്‍ കടിച്ചും 
നിന്നെ ഞാനെത്രയോ വട്ടം 
ചിരിപ്പിക്കുകയും പിന്നെ
കരയിക്കുക്കയും ചെയ്തിരിക്കുന്നു.
എപ്പോളാണ് നീ പോയത്
എന്റെ ഉറക്കത്തിലോ 
എന്റെ ഉണര്‍വ്വിലോ
നീ എന്റെ സ്വപ്നമായിരുന്നോ
എന്റെ ശയ്യയില്‍ കാണുന്ന ഈ
മഞ്ചാടി കുരുക്കള്‍ അത് സമ്മതിക്കില്ല.!
എന്റെ ജാലകങ്ങള്‍ അടഞ്ഞു കിടക്കുന്നു
എന്റെ വാതിലുകള്‍ താഴിട്ടിരിക്കുന്നു
പക്ഷെ എന്റെ മുറിയില്‍ നിന്റെ മണം
താമരപൂവിന്റെ ഗന്ധം
നിന്റെ കാചെണ്ണയുടെ ഗന്ധം
എന്റെ തലയിണയില്‍ ഇപ്പോഴും.
എനിക്ക് ഭ്രാന്ത് പിടിക്കും മുന്നേ
വരില്ലേ നീ ഈ കണ്ണനെ കാണാന്‍
എന്റെ ഇടനെഞ്ചില്‍ നിന്റെ ചുണ്ടിന്‍ മുദ്ര
അതുണങ്ങും മുന്നേ നീ വരിക..
ഞാനതിനായ് വീണ്ടും ഉറങ്ങട്ടെ
ഉണര്‍വ്വില്‍ നീ വന്നില്ലെങ്കിലോ ?
***********************ബി ജി എന്‍ ******24 .01 .2012  



    
    
          
       

Monday, January 23, 2012

കുരുന്നു ചിന്തകള്‍

നീ ആരാണ്
വേദനയുടെ മരുന്ന് കൂട്ട്
നിന്റെ വീടെവിടെ
മാമാലകള്‍ക്കപ്പുറത്തു..
എന്തിനാണ് നീ എന്നെ തേടി വന്നത്
നീ വേദനിക്കുന്നത് കണ്ടിട്ട്
****************************
ഒരുമിച്ചല്ലേ നാം കിടന്നത്
പിന്നെപ്പോ ആണ് നീ
എന്നെ തനിച്ചാക്കിയത്‌.
രാത്രിയുടെ മറപറ്റി നീലവെളിച്ചം 
എന്റെ തലയിണയെ തഴുകിയപോള്‍
എന്റെ സ്നേഹ ഗ്രന്ധികളില്‍ 
ഒച്ചുകള്‍ ഇഴഞ്ഞപ്പോള്‍
നിന്റെ ചേതന എന്നിലൂടെ
ഒരു സ്വപ്നാടകയായി ...!
*****************************
  
  
   
   

പുണ്ണ്യനഗരി

അന്ന്
വിശുദ്ധിയുടെ മക്കയും മദീനയും
ഇരു പാര്‍ശ്വങ്ങളില്‍  കുടപിടിച്ച ജിദ്ദ
പുണ്ണ്യനഗരിയുടെ  പരിശുദ്ധത.!
ഹലാല പോലും നാളുകള്‍ തെരുവില്‍ കാണാവുന്ന 
പരസ്പരം സുഖം ചോദിക്കാതെ
കടന്നുപോകാത്ത ഒരാളുപോലുമില്ലാത്ത ജിദ്ദ...!
ദേശങ്ങളില്‍ നിന്നും ഒളിച്ചും
ചിലപ്പോള്‍ ചതിച്ചും വന്ന ജനപഥങ്ങള്‍
അവര്‍ ഇവിടെ മണലിനെ പച്ച ഉടുപ്പിച്ചു.
ദര്‍ശനം ലഭിച്ചവരെ അസൂയതന്‍ കണ്ണാല്‍ നോക്കി
ഒരിക്കലെങ്കിലും എത്താന്‍ കൊതിച്ചുപോയ നാട്.
ഇന്ന്
പിടിച്ചു പറിക്കാരുടെ  സ്വന്തം നാട്
വാറ്റു  ചാരായത്തിന്റെ സ്വന്തം കൂട്
സഹമുറിയന്റെ കഴുത്തു  മുറിക്കുന്നവന്റെ,
കുതികാല്‍ വെട്ടുന്നവന്റെ ജിദ്ദ .
പാകിസ്ഥാനിയുടെയും
ബംഗാളിയുടെയും ഹിന്ദിയുടെയും
കുനിയുന്ന ശിരസ്സില്‍ ചവിട്ടി
നായകള്‍ എന്ന് ഘോഷിക്കുന്ന
നാട്ടറബികളുടെ ജിദ്ദ .

ഭൂലോകത്തില്‍ എവിടെയും കാണുന്ന
മല്ലുവിന്റെ മറ്റൊരു മുഖം .
മതത്തിന്റെ കാവലാളുകള്‍ ആയി
മതസൗഹാര്‍ദ്ദം ചൊല്ലിയും
അവസരം പോലെ മതവൈരിയും
ആകുന്ന മലയാളിയുടെ ജിദ്ദ .

നാട്ടില്‍ ഒരു നേരം പള്ളികാണാത്തവന്‍
അഞ്ചു നേരം നിസ്കരിക്കാന്‍ 
വാക്ക് നോക്കുന്ന കപടതയുടെ നാട്യങ്ങള്‍ .
കെട്ടിയോളെ കൂട്ടി കൊടുക്കുന്നവന്റെ,
കൂട്ടുകാരനില്‍ കാമം തീര്‍ക്കുന്നവന്റെ
മിച്ച ഭൂമിയായ ജിദ്ദ.!
കൊച്ചു കുഞ്ഞുങ്ങളില്‍ രതിക്രീഡയും
പിന്നെ കുഞ്ഞു കഷണമായ്
കുപ്പയില്‍ തള്ളുന്നവരുടെ നാട്.
 ---------------ബി ജി എന്‍ ------------------   
  
    
    
       
 
 

Sunday, January 22, 2012

സ്വപ്‌നങ്ങള്‍

വിരിയുമ്പോള്‍ തന്നെ കൊഴിയുകയും
കൊഴിയുമ്പോള്‍ വിതുമ്പുകയും ചെയ്യുന്ന
വര്‍ണ്ണ കടലാസ്സു പൂവുകളാണ്
സ്വപ്‌നങ്ങള്‍ എന്നാരോ പറഞ്ഞു...


ഞാനെന്റെ പൂന്തോട്ടത്തില്‍ അതിനാല്‍
നട്ടതൊക്കെ നിശാഗന്ധികള്‍ ആണ്.
അവ ഞാനുറങ്ങുമ്പോള്‍ വിരിയുകയും
ഞാനുണരുമ്പോള്‍ പുഞ്ചിരിക്കുകയും ചെയ്യുമല്ലോ.


ഏഴു വര്‍ണ്ണങ്ങള്‍ നിറഞ്ഞ മഴവില്ലാണ്
സ്വപ്നമെന്നാരോ പറഞ്ഞു
ഞാന്‍ മഴ പെയ്യാത്ത മരുഭൂമിയില്‍
ജീവിതം പറിച്ചു നട്ടു.


മഴ പെയ്യാതെ മഴവില്ലിനും,

സ്വപ്നങ്ങളില്ലാതെ  എനിക്കും 
ഭഗ്നമോഹങ്ങളില്ലാത്ത പ്രഭാതങ്ങളെ 
കണി കണ്ടു കാലം കടക്കാമല്ലോ.
------------ബി ജി എന്‍ -------------------

നീ ഒരു സ്വപ്നം

 ആദ്യം ഞാന്‍ കാണുമ്പോള്‍ 
നിന്റെ കണ്ണുകളില്‍ ശലഭങ്ങള്‍ .
അധരങ്ങളില്‍ പടരുന്ന നനവ്‌  
കവിളുകളില്‍ സന്ധ്യയുടെ
ശാലീനമായ ചുവപ്പ് മാത്രം.
ഇന്ന് നീ ഒരു തേജോവിഗ്രഹം
ഖജൂരഹോവിലെ രതിശില്പം പോലെ
നയനങ്ങളില്‍ ഉറങ്ങികിടക്കും
രതിയുടെ തീക്ഷ്ണമായ ജ്വാല .
വെണ്‍ശംഖിന്റെ രൂപമാര്‍ന്ന കഴുത്ത്
നിന്റെ നിമ്നോതങ്ങള്‍
എന്നെ നോക്കി ചിരിക്കുന്നു.
മണിവീണക്കുടം പോല്‍ പിന്നഴകു
ആഴമേറിയ ചുഴിയില്‍ തലചായ്ക്കും
വെള്ളിയരഞാണത്തിന്‍ തിളക്കം.

നീ എന്റെ രാവുകളില്‍ ഒരു മഴയായ് 
എന്റെ സ്വേദബിന്ദുക്കളില്‍
ഒരു കുളിര്‍കാറ്റായ് പടരുന്നു.
 നിന്നെ ഞാന്‍ അറിയാതെ കാമിക്കുന്നു .
----------------ബി ജി എന്‍ --------------22 .01 .2012  
      

ബാല്യങ്ങള്‍ ശാപങ്ങള്‍

മധുരമില്ലെന്ന പേരിനാല്‍ ഏറിയുന്ന
വിലപിടിച്ചോരാ ഭക്ഷണം കാണവേ
തലയില്‍ മൂളിയ വണ്ടിന്റെ വീചിയാല്‍
അരുമ തന്‍ തേങ്ങല്‍ കേള്‍ക്കാതെ നീങ്ങവേ.

തുടയില്‍ വീണ പാടിനെ നോക്കിയെന്‍
പ്രിയതമ എന്നെ പ്രാകിയതറിഞ്ഞു ഞാന്‍.
ഇമകളില്‍ മൂടും കണ്ണീരു മറയ്കുവാന്‍
ഇമ അടക്കവേ കാണുന്നു ബാല്യങ്ങള്‍.

പശിയടങ്ങത്ത വയറുമായി പൈതങ്ങള്‍
പണിയെടുക്കുന്നു പരിഭവമില്ലാതെ.
നിലമുഴുവുന്നോരാ കാളകള്‍ തന്നുടെ
ഉഴറിയോട്ടവും  ദീനനയനവും.

വാരിയെല്ലുകള്‍ക്കിടയിലായി പിടക്കുന്ന
കുറുകുറുകളായി ജീവന്റെ ശ്വാസവും.
ഒരു നൊടിയവ കാണവേ ഓര്‍ത്തുപോയ്
എന്തിരിക്കുന്നു വ്യെത്യാസം രണ്ടിലും

കളിമണ്ണിന്റെ നിര്‍മ്മാണശാലയോ
കരിമരുന്നിന്‍ പരീക്ഷണശാലയോ
മുരളും യന്ത്രത്തിന്‍ പണിയാലയത്തിലും
ഇലയെടുക്കുന്ന ഭോജനാലയത്തിലും
ഇരുള് കട്ടപിടിച്ചൊരു മുഖവുമായ്
അടിഞ്ഞിരിക്കുന്നു നാളെ തന്‍ കിരണങ്ങള്‍ .

ക്ഷണികമാണേന്‍ ജീവിതമെന്നറിവിലും
ഹൃദയജ്വാലകള്‍ ആളുന്നതെന്തഹോ ?
ഒരു മയില്‍ പീലിതുണ്ടായെന്‍ മനം
വിറയുന്നോരീ കാഴ്ചകള്‍ തന്നുത്സവങ്ങളില്‍ .
----------------ബി ജി എന്‍ ---------

അശാന്ത പര്‍വ്വം



ചിറകടിച്ചുയരുന്നു കിളികളെന്‍ മനസ്സിലെ
ചിതയിലെ ചാരത്തില്‍ നിന്നും
നിലവിളികള്‍ക്കിടയില്‍ കുരുങ്ങികിടക്കു-
ന്നൊരു സ്നേഹവും അതിന്‍ അടയാളവും.

 
മുറിവേറ്റ മനസ്സിന്റെ വിങ്ങലിലെങ്ങോ നിന്‍ 

 മധുവോലും ഗാനം മറഞ്ഞിരിക്കുന്നു.
ഇരുളിനും പകലിനും ഇടയിലായ്‌ നരച്ചൊരു
സന്ധ്യ പകച്ചു നില്കുന്നു ...!

 
വഴിയറിയാതൊരു നൌകയാ കടലിന്റെ
വിരിമാറില്‍ നങ്കൂരമിടുന്നു.
ഇരുളിന്‍ സമുദ്രത്തില്‍ ഒരു പുള്ള് ചിലക്കുന്നു
എവിടെയോ മരണം മണക്കുന്നു.

 
വേദന തിന്നും മനസ്സുമായൊരു ജീവന്‍
ജാലകവാതില്‍ തുറക്കുന്നു
അകലെ മലകള്‍ക്കിടയിലായുയരുന്ന
രവിയുടെ കിരണങ്ങള്‍ ഉമ്മവയ്കും
അധരങ്ങള്‍ ചുവന്നതറിയാതെ

 
ഇതളറ്റ് വെറും നിലത്തൊരു  തുഷാരബിന്ദുവാം
പനിനീരിന്‍ ദലപുടം കാണെ.
പേരറിയാത്തൊരു ദുഖമായ് നയനങ്ങള്‍
മഴമുകില്‍ കാട്ടില്‍ മറഞ്ഞു

 
ഈണമിട്ടൊരു കാറ്റിന്‍ സംഗീതം
അവളുടെ കാതോരം ഉമ്മവയ്കുമ്പോള്‍
പേരറിയാത്തൊരു വിഷാദത്താല്‍ മേല്ലെയ
ജാലകം പതിയെ മൂടുന്നു

--------------------
ബി ജി എന്‍ ---------------------------

പ്രണയം

ചിത്രശലഭത്തിന്‍ 
ചിറകില്‍ വിരിയുന്ന
നിറമേഴും സ്വപ്നത്തിന്‍.
പേരാണ് പ്രണയം.

പേടമാന്‍ കണ്ണിലെ 
കൃഷ്ണ മണികളില്‍
ദൃതമായ് പിടക്കുന്ന 
നനവാണ്  പ്രണയം.

നക്ഷ്ടവസന്തത്തിന്‍ 
നരയില്‍ മുളക്കുന്ന
വിങ്ങലില്‍ ഉരുകുന്ന
നോവാണ് പ്രണയം...!

നാവില്‍ മറക്കാതെ 
കൊതിയോടെ നില്‍ക്കുന്ന
ഉമിനീരില്‍ പടരുന്ന 
മധുവാണ് പ്രണയം!.

ഇരുളിനും പകലിനും 
ഇടയില്‍ കുരുക്കുന്ന
ഉഷസ്സിന്‍ നനവൂറും 
..കുളിരാണ് പ്രണയം

ചന്ദ്രികാ ചര്‍ച്ചിത 
രാവില്‍ വിടരുന്ന
പേരറിയാത്തൊരു 
പൂവാണ്‌ പ്രണയം!.

ആദിത്യ രശ്മിയോ-
ടൊപ്പം  ചലിക്കുന്ന
സൂര്യകാന്തിപൂവിന്‍
മുഖമാണ് പ്രണയം..!
----------ബി ജി എന്‍ -------

ഇത് സ്നേഹമാണോ ...?

ഇത് സ്നേഹമാണോ ...?
ഹൃദയത്തെ അറിയുന്ന വേദന സഹിക്കുക.!

ഇത് സ്നേഹമാണോ ...?
മൌനത്തില്‍ നിറയുന്ന നിമിഷങ്ങള്‍ പിറക്കുക.!

ഇത് സ്നേഹമാണോ ...?
കണ്ണുകളില്‍ നീര്‍ പൊടിയുന്ന തീവ്രമാം വാക്യം ..!

ഇത് സ്നേഹമാണോ ...?
ധമനിയില്‍ വിറപൊട്ടും രാഗ രേണുക്കള്‍ ..!

കാണുമ്പോള്‍ കമ്പിതഹൃദന്തങ്ങള്‍ ,
വിറ കൊളളും   വിരല്‍ തുമ്പുകള്‍ .
വിതുമ്പുവാന്‍ വെമ്പുന്ന അധരങ്ങള്‍,
കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ ചിന്തകള്‍ ..
 
ദേഹമൊരു അപ്പൂപ്പന്‍ താടിപോല്‍
പിന്നെ ഒരു മാത്ര തങ്ങി നില്കും ശൂന്യത...
നിലക്കാത്ത വികാര പ്രവാഹം.
അണച്ച് പിടിച്ചാ മൂര്‍ദ്ധാവില്‍ ഒരു ചുംബനം..!

മുറുകെ പിടിക്കുന്ന കൈവിരല്‍ പാടുകള്‍.
കുടുകുടെ ചൊരിയുന്ന അശ്രുബിന്ദുക്കള്‍.
നിമിഷങ്ങള്‍ വാചാലതയുടെ കേളി രംഗം.

ഇത് സ്നേഹമാകാമെന്നാല്‍  -
അറിയില്ലെനിക്ക്‌ പറയൂ നിങ്ങളില്‍
അറിയുന്നതാരേലും ഉണ്ടെന്നിരിക്കില്‍.

---------
ബി ജി എന്‍
------------------------------

വിലാപങ്ങള്‍


എരിഞ്ഞടങ്ങുമീ പകലിന്റെ മാറില്‍
വിരുന്നു വന്നവള്‍ സന്ധ്യ.....!
കുഴിഞ്ഞ കണ്ണുകളില്‍ നിറഞ്ഞു നില്കുന്നത്
ദൈന്യതയോ അതോ പേരറിയ നൊമ്പരമോ...?


ഹൃദയത്തിലെവിടെയോ ഒരു ചെറു മുറിവ്..
അതില്‍ നിന്നും വാര്‍ന്നൊഴുകുന്നത്
സന്ധ്യയുടെ നിറമാര്‍ന്ന നിണം മാത്രം...!
ഈ ചുവപ്പില്‍ വിരല്‍ മുക്കി ഞാനെഴുതാ-
മിനിയൊരു പ്രണയ ഗാനം കൂടി..!


ചിലപ്പോള്‍ നാളെ യെനിക്കതിനായില്ലെങ്കിലോ ?
നിന്റെ ചുണ്ടില്‍ വിരിയുന്ന മന്ദസ്മിതത്തിനു...
മഴവില്ലിന്റെ നിറം ഉണ്ടെന്നു  ഞാന്‍ പറയില്ല.
കാരണം പിന്നെ അത് വിരിഞ്ഞില്ലെങ്കിലോ..?


സ്ഥായിയായ നിന്റെ ഭാവം 

വിഷാദമാണെങ്കിലും,പ്രിയേ -
ഓര്‍ത്ത്‌ പോകാറുണ്ട്  ഞാന്‍ നിന്റെ പുഞ്ചിരി...!
അതെത്ര അകലെ ആണെന്ന് 


നിന്നെ എനിക്കിഷ്ടമാണ് കുട്ടീ, പക്ഷെ ആ -
ഇഷ്ടത്തിനൊരു പേരിടാന്‍ ആവില്ലെനിക്ക്...!
പേരുകള്‍ക്കുമപ്പുറത്തല്ലോ നമ്മുടെ ബന്ധം,
പേരൊക്കെ നാളെയുടെ അടയാളങ്ങളത്രേ...!
-------------ബി ജി എന്‍
-------------

ഒറ്റപ്പെട്ടു പോയവര്‍ ................ചെറു കഥ


ഇരുമ്പഴികള്‍ക്ക് പിന്നിലെ ഇരുട്ടിലെ തണുപ്പിനു കടിനത ഏറി വന്നു. അശോകമരച്ചോട്ടിലെന്ന പോലെ സീത ആ ഇരുളില്‍ മറ്റൊരിരുളായി പകച്ചിരുന്നു.
ഇത് തന്റെ അവസാന രാത്രിയാണ് ഈ കല്‍ തുറങ്കിലെ.
നാളെ, നാളെയുടെ പ്രഭാതത്തില്‍ സൂര്യ കിരണങ്ങളെ എതിരേല്‍ക്കാന്‍ ഞാന്‍ പുറത്തിറങ്ങേണ്ടി വരും.
എനിക്ക് മോചനം....!
എത്ര മടുപ്പിക്കുന്ന ഒരു അവസ്ഥ ആണത് ...
എന്തിനാണ് എനിക്കൊരു മോചനം..? എന്തില്‍ നിന്നുമാണ് മോചനം..?
ഇവിടെ എനിക്ക് സമാധാനമായി ഉറങ്ങാമായിരുന്നു. വയറു നിറച്ചു അല്ലെങ്കിലും ആഹാരം ഉണ്ടായിരുന്നു. ചെറിയ പണികള്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. പക്ഷെ, പുറംലോകത്തിലേക്ക് നാളെ ഞാന്‍ പാദം വലിച്ചു വയ്കുന്നത് എന്ത് ഉണ്ടായിട്ടാണ്?
സീതയ്ക്ക് പിന്നെയും ആരോടൊക്കെയോ പക തോന്നി. ഒരു കൊല കൂടി ചെയ്തു വീണ്ടും ഇങ്ങോട്ട് തന്നെ വന്നാലോ എന്നവള്‍ ചിന്തിച്ചു പോയി.
കൊല....! ആ വാക്ക് ഓര്‍ക്കവേ അവള്‍ ഒന്ന് ഞടുങ്ങി. വര്‍ഷങ്ങള്‍ക്കു മുന്നിലെ ആ ഇരുണ്ട രാത്രിയിലേക്ക്‌ അവളുടെ ഓര്‍മ്മകള്‍ അറിയാതെ ഓടിയെത്തി.
ഇത് പോലെ തണുപ്പുള്ള ഒരു രാത്രി ആയിരുന്നു അത്.
അസ്ഥികളെ തണുപ്പിക്കുന്ന ഇരുളിന്റെ, തണുപ്പിന്റെ കരിമ്പടത്തിലൂടെ ഒരു ചേരയെ പോലെ വരിഞ്ഞു മുറുകിയ കൈകള്‍....
പിടഞ്ഞെഴുന്നെല്‍ക്കാന്‍ തുടങ്ങുമ്പോള്‍ കാതുകള്‍ക്കരികെ പരുക്കന്‍ സ്വരം തറഞ്ഞിറങ്ങി.
"ഒച്ചയുണ്ടാക്കരുത് കൊന്നു കളയും"
കുറച്ചു നാളുകളായി മനസ്സില്‍ കൊണ്ട് നടന്ന ഭയത്തിന്റെ തേരട്ടകള്‍ , അത് യാതാര്ത്യമായി തന്റെ മനിയാകെ അരിച്ചു കയറുന്നത് അവള്‍ അറിഞ്ഞു.
മനസ്സിലെ വിഗ്രഹത്തിനു ഉടവ് പറ്റിയിട്ടു കാലം ഒത്തിരി ആയി. എന്നാല്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഈ കടന്നു കയറ്റം.
"മൃഗമേ.... മാറിപ്പോ "
അലര്‍ച്ചയോടെ ഇരുളിലെക്കയാളെ തൊഴിച്എറിയുക ആയിരുന്നു. ഇത് വരെ അനുഭവിച്ച യാതനകളുടെ വന്യ ശക്തിയാകം അവളെ ഉഗ്ര രൂപിണി ആക്കിയത്.
തപ്പി തടഞ്ഞു മുറിയിലെ വെളിച്ചം തെളിയിച്ചപ്പോള്‍ ഉരിഞ്ഞു പോയ മുണ്ട് വാരി ചുറ്റി മുറിയുടെ മൂലയില്‍ ഒരു മൂര്‍ഖനെ പോലെ അയാള്‍
മനോജിന്റെ അച്ഛന്‍... തന്റെ ഭര്‍തൃപിതാവ് .
അയാള്‍ പിന്നെയും മുന്നോട്ടു വന്നു.
അടക്കി പിടിച്ച വാക്കുകള്‍ തീയായി ചിതറി.
" കഴുവേറീ മോളെ മര്യാദക്ക് എന്നെ അനുസരിക്കുന്നത നിനക്ക് നല്ലത്."
" ഒരു കുറവും ഇല്ലാതെ നിനക്കിവിടെ കഴിയാം..."
" അടുത്തേക്ക്‌ വരരുത്..." അവളുടെ വാക്കുകള്‍ക്ക് ഉള്‍ക്കയുടെ ശക്തി ഉണ്ടായിരുന്നു.
" എടീ നീ എന്ത് കണ്ടാണ്‌ നിഗളിക്കുന്നെ? അവനെയോ കാലനെടുത്തു. നിനക്കോ പോകനിടവുമില്ല "
അവള്‍ ബധിരയെ പോലെ നിന്ന് വിറച്ചു.
ശരിയാണ്. വീട്ടുകാരെ മുഴുവന്‍ ധിക്കരിച്ചു കൊണ്ട് എല്ലാ സൌഭാഗ്യങ്ങളും ത്യേജിച്ചു ഒരു ഓട്ടോക്കാരന്റെ പിന്നാലെ ഇറങ്ങി തിരിച്ചപ്പോള്‍ എഴുതി തള്ളിയതാണ് ഉഗ്ര പ്രതാപിയായ അച്ഛനും മകനും കൂടി. അതെ ഇവിടുന്നു ഇറങ്ങിയാല്‍ എവിടെ പോകാനാ...?
" അച്ചാ എന്നെ ഒന്നും ചെയ്യരുത്. അപ്പുറത്ത് മുറിയില്‍ കിടക്കുന്ന അച്ഛന്റെ പൊന്നുമോളെ പോലയല്ലേ ഞാനും..."
ദയയുടെ കണിക എങ്കിലും അവശേഷിക്കുന്നെങ്കില്‍ എന്ന ഒരു പ്രതീക്ഷ അവളുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. അവള്‍ അറിയാതെ താണ് വീണു കരഞ്ഞു പോയി.
അബലയായ ഒരു പാവം പെണ്ണിന്റെ ആശ്രയമില്ലാത്ത അവസ്ഥയില്‍ നിസ്സഹായതയുടെ ചീളുകളായി തേങ്ങലുകള്‍ ആ മുറിയിലെ നാലു ചുവരുകളില്‍ തട്ടി തെറിച്ചു വീഴുന്നുണ്ടായിരുന്നു
"അവള്‍ എന്റെ മോളാണ്. മരുമോളല്ല..." വാക്കുകള്‍ അയാള്‍ ചവച്ചു തുപ്പി
ഒരു പരിഹാസ ചിരിയോടെ ഇരയെ പിടിക്കാന്‍ വരുന്ന കൌശലതയോടെ അയാള്‍ അവളുടെ അടുത്തേക്ക്‌ ചുവടു വച്ചു.
വിറപൂണ്ട തന്റെ ശരീരം അവള്‍ ചുവരിലേക്ക് ചേര്‍ത്തു അമര്‍ത്തി. ആ ചുവര്‍ പിളര്‍ന്നു അപ്രത്യേക്ഷമാകാന്‍ അവള്‍ കൊതിച്ചു പോയി.
പക്ഷെ, ആ മനുക്ഷ്യമൃഗത്തിന്റെ കൈകള്‍ അവളെ വരിഞ്ഞു മുറുക്കുവാന്‍ ചുവടുകള്‍ അളന്നെടുക്കുകയായിരുന്നു. തന്നെ വലയം ചെയ്യുന്ന കരുത്തുറ്റ ആ കായ്കളുടെ താഡനത്തില്‍ അവളുടെ മൃദുലമേനി തളര്‍ന്നു പോകുന്നത് പോലെ തോന്നി
.താന്‍ കീഴടങ്ങി പോകും എന്ന തിരിച്ചറിവ് അവളിലെ സ്ത്രീത്വത്തെ തിളപ്പിച്ചു. ആസുരമായ ഒരു ശക്തി തന്നിലേക്ക് വന്നു കയറുന്നതവള്‍ അറിഞ്ഞു. ചുടു ചോര തന്റെ ദേഹമാസകലം ഓടി നടക്കുമ്പോലെ.
ഒരു രക്ഷ മാര്‍ഗം തേടി ഒരു ആയുധം തേടി അവളുടെ കണ്ണുകള്‍ തേര് തെരെ മുറിയാകെ ഓടി നടന്നു .
അയാള്‍ക് പിന്നിലായി മുറിയുടെ കോണിലെ കൃഷ്ണന്റെ ചിത്രത്തില്‍ അവളുടെ കണ്ണുകള്‍ തടഞ്ഞു നിന്ന്.
"ആപത്ബാന്ധവാ എന്നെ രക്ഷിക്കൂ , എന്നെ സഹായിക്കു..."
"കുരു സഭയില്‍ ദ്രൌപതിക്ക് തുണ ആയതു പോലെ ഈ കാട്ട് മൃഗത്തില്‍ നിന്നെന്നെ രക്ഷിക്കു ഭഗവാനെ."
കണ്ണുകളിലെ കുസ്രിതി ചിരി മായാതെ കള്ളാ കണ്ണന്‍ അവളെ നോക്കി ചിരിച്ചു കൊണ്ടേ ഇരുന്നു...
ചിത്തത്തിന് മുന്നിലായി കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിലേക്ക് അവളുടെ കണ്ണുകള്‍ ഒരു നൊടി ഇട തടഞ്ഞു നിന്ന്. തലച്ചോറിലേക്ക് ഒരു ആയിരം ചിന്തകള്‍ ഇരമ്പി ആര്‍ത്തു. ചെറതാണെങ്കിലും അതെന്നെ രക്ഷിച്ചേക്കാം .
ഇരയില്‍ നിന്നും അധികം പിടച്ചിലുകള്‍ എല്ക്കത്തത് കൊണ്ട് തന്നെ വേട്ട മൃഗം തന്റെ പിടിയില്‍ അല്പം ശക്തി കുറച്ചു. അല്ലെങ്കിലും എത്ര നേരം പിടിച്ചു നില്‍ക്കാനാവും ഇവളെ പോലൊരു നരുന്ത് പെണ്ണിന്.
കാലങ്ങള്‍ കുറെ ആയി മനസ്സില്‍ ഉരുവിട്ട ഒരു സ്വപ്നമാണ് ഇപ്പോള്‍ തന്റെ കയ്കളില്‍ കിടന്നു പിടയുന്നത് എന്ന ഓര്‍മ്മ അയാളെ കോള്‍മയിര്‍ കൊള്ളിച്ചു.
മകന്റെ മരണത്തിനു മുന്‍പ് വലിയ വീട്ട്ടിലെ പെണ്ണാണ്‌ , സുന്ദരി ആണ് ,തന്റെ മകന്റെ വധു ആണ് എന്ന രീതിയില്‍ ഒക്കെ അഭിമാനിച്ചിരുന്നു.
അവന്റെ മരണത്തോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. സുന്ദരിയായ വിധവ അവള്‍ ഒരു നെരിപ്പോടായി വീടിനുള്ളില്‍ എരിഞ്ഞു തീരുന്നത് ചാരായ ക്ഷാപ്പിലെ കൂട്ടുകാര്കിടയില്‍ അലോസരമുണ്ടാക്കി തുടങ്ങിയപ്പോളാണ് അയാളുടെ കണ്ണുകളിലും അവളുടെ രൂപം മാറി തുടങ്ങിയത്. കുറെ നാളായുള്ള ആഗ്രഹാമാണ് ഇപ്പോള്‍ സാക്ഷാല്‍ക്കരിക്കുന്നത്. അയാളുടെ ഉടലിലാകെ ഒരു പുതിയ ഊര്‍ജ്ജം വന്നു കയറി.
വര്‍ദ്ധിച്ച ആവേശത്തോടെ അവളെ വാരി എടുക്കാന്‍ ആയുംപോളെക്കും ഒന്നുകുതറി അവള്‍ മുന്നോട്ടു ഒന്ന് ആഞ്ഞു.
പിടി വിട്ടു പോയ അയാളില്‍ നിന്നും അവള്‍ ഓടി ആ നിലവിളക്കിന്റെ അടുത്ത എത്തി.
എലിയെ വേട്ടയാടുന്ന കൌതുകത്തോടെ ആ മനുഷ്യന്‍ അവളുടെ അടുത്തേക്ക്‌ നടന്നടുത്തു.
നിമിഷങ്ങളുടെ സ്വച്ചന്തമായ മൂകതയെ പിളര്‍ന്നുകൊണ്ട് അയാളുടെ നിലവിളി തൊണ്ടയില്‍ കുരുങ്ങി. പിന്നെ അത് നേര്‍ത് നേര്‍ത് വന്നു. വിശ്വാസം വരാത്ത പോലെ അവള്‍ വീണ്ടും വീണ്ടും മുന്നിലേക്ക്‌ നോക്കി.
ഇരുളിനെ കീറി മുറിച്ച്കൊണ്ട് ഉയര്‍ന്ന ആ രോദനം ദീനമായ ഒരു നിലവിളി ആയി ഇരുളില്‍ ലയിക്കുന്നത് അവള്‍ അനുഭവിച്ചറിയുകയായിരുന്നു.
ചോരയില്‍ കുളിച്ചു തറയില്‍ കിടന്നു പിടയുകയാണ് അയാള്‍. ഒരു നിമിഷം ആ ശരീരം ഒന്ന് കോച്ചിവലിച്ചു. ഒരു എക്കിള്‍ ശബ്ദം.. പിന്നെ ശാന്തമായ മൂകത മാത്രം.
ആളുകള്‍ ഇരുട്ടിന്റെ തിരമാല കടന്നു വന്നതോ പോലീസെത്തിയതോ ഒന്നും അവള്‍ അറിഞ്ഞതെ ഇല്ല.
ശാന്തമായ ഒരു തണുപ്പ്, വിറങ്ങലിച്ചമൌനം അതിലെവിടെയോ ആത്മാവ് നക്ഷ്ടപെട്ടു അവള്‍ അലയുകയായിരുന്നു.
കാക്കിയിട്ടവരുടെ ആക്രോശങ്ങളോ ചോദ്യ ശരങ്ങളോ അവളെ നോവിച്ചില്ല.
കോടതിയിലെ കറുത്ത കടവാവലുകള്‍ ചോദിച്ചതോനും അവള്‍ അറിഞ്ഞതോ കേട്ടതോ ഇല്ല.
ഒടുവില്‍ സാധാരണ നിലയിലേക്ക് ഓര്‍മ്മ വരുമ്പോള്‍ ഈ മുറിയില്‍ ഈ തണുപ്പില്‍ ഈ തറയില്‍ ചടങ്ജിരിക്കുവായിരുന്നു അവള്‍. കൂട്ടിനു മരണത്തിന്റെ മനം നിറഞ്ഞ തണുപ്പ് മാത്രം.
എത്ര കാലമായി ഇവിടെ ...? ഒന്നും കണക്കു കൂട്ടാന്‍ പോയില്ല. അല്ലെങ്കില്‍ തന്നെ അത് കൊണ്ടെന്തു ഫലം. അറിഞ്ഞിട്ടെന്തു നേടാന്‍. എവിടെ പോവാന്‍. പുറത്തു കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന ചെന്നയ്ക്കല്‍ക്കിരയാകുന്നതിലും നല്ലത് ഇവിടമാണ്. അതിനാല്‍ അതിനെ കുറിച്ചോര്‍ക്കതിരിക്കാന്‍ അവള്‍ എപ്പോളും വാശി പിടിച്ചു സ്വന്തം മനസ്സിനോട്.
ഓര്‍മ്മകളുടെ തേരില്‍ രാത്രി അതിവേഗം കടന്നു പോയി....
*************************************************************************<br>
പ്രഭാതത്തിന്റെ പൊന്‍ വെളിച്ചം തടവറയുടെ കമ്പി അഴികളെ ഉമ്മ വച്ചു കടന്നു വന്നു.
നിശബ്ദമായി ഒന്നും പറയാനാവാതെ രാജമ്മ ചേച്ചിയും സുഹ്രയും അവളുടെ അടുത്തിരുന്നു.
അവര്‍ക്കറിയാം ഇനി സീത അവര്‍ക്കൊപ്പമില്ലന്നു. അടക്കി പിടിച്ച മൌനത്തില്‍ എല്ലാം ഒളിപ്പിച്ചു അവര്‍ മൂവരും മുഖത്തോട് മുഖം നോക്കി ഇരുന്നു.,
മൌനം ഘനീഭവിച്ച അന്തരീക്ഷത്തില്‍ നെടുവീര്‍പ്പുകള്‍ മാത്രം ഉയര്‍ന്നു കേട്ടു.
" നീ ഇനി എങ്ങോട്ട് പോവും പെണ്ണെ...?"
രാജമ്മ ചേച്ചിയുടെ ചോദ്യം ഈയം ഉരുക്കി ഒഴിച്ചത് പോലെ അവളുടെ കാതുകളെ പോ ള്ളിച്ച്. ഒരു നടുക്കം അവളുടെ മുഖത്ത് അവര്‍ കണ്ടു.
" നിന്നെ പോലെ ഒരു പെണ്ണ് ഈ തെരുവിലെക്കിറങ്ങിയാല്‍ കടിച്ചു കീറാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ചെന്നായകള്‍ ...."
സുഹറയുടെ വാക്കുകളില്‍ രോക്ഷമിരംബുന്നുണ്ടായിരുന്നു.
" നാളെ ഒരു വേശ്യ ആയി നീ അധപധിക്കരുത് കേട്ടോ...." രാജമ്മയുടെ വാക്കുകള്‍ താക്കീതിന്റെതായിരുന്നു.
" ഏതെങ്കിലും കരുണാലയത്തിലെക്കോ കന്യ സ്ത്രീ മടത്തിലെക്കോ പോകണം കൊച്ചെ നീ കേട്ടോ. " സുഹറ ഉപദേശിച്ചു. ഉറപ്പില്ലാത്ത ഒരു കാര്യം പറയും പോലെ പക്ഷെ അവളുടെ കണ്ണുകള്‍ നിര്‍ജ്ജീവമായിരുന്നു അത് പറയുമ്പോള്‍. തനിക്കു തന്നെ നിശ്ചയമില്ലാത്ത എന്തോ പറയുമ്പോലെ അവള്‍ മിടയിറക്കി.
ദുരന്തങ്ങള്‍ നിറഞ്ഞ ഭൂത കാലമല്ല മറിച്ചു , വിഷ ജന്തുക്കള്‍ നിറഞ്ഞ വനന്തരങ്ങളിലെക്കുള്ള വര്ത്തമാനകാലമാണ് മുന്നില്‍ .....! ഭാവിയുടെ ഇരുളടഞ്ഞ ഗുഹമുഖങ്ങളില്‍ നിന്നും കുറുക്കന്മാര്‍ ഓരി ഇടുന്ന ശബ്ദം കേട്ടുണര്‍ന്ന എത്രയോ രാവുകള്‍ .... അവയുടെ യാ താര്‍ത്യങ്ങളിലെക്കാന് ഇറങ്ങി ചെല്ലാന്‍ പോകുന്നത്. ആര്‍ക്കും ഒന്നും പറയാനോ നിര്ദ്ധേശിക്കണോ ഇല്ലാതെ സമയം ചിറകടിച്ചു പറന്നുയര്‍ന്നു.
വാര്‍ഡന്‍ വന്നു വിളിക്കുംബോലാണ് അവര്‍ യാതാര്ത്യതില്ലെക്കു കടന്നു വന്നത്.
തോളില്‍ അമര്‍ത്തിയ രാജമ്മ ചേച്ചിയുടെ കയ്കള്‍ വിറ പൂളുന്ന്തവള്‍ അനുഭവിച്ചറിഞ്ഞു. സുഹറയുടെ തണുപ്പാര്‍ന്ന വിരലുകള്‍ അവളുടെ കവിളിലൂടെ ഒട്ടിട പരതി നടന്നു. ചൂടാര്‍ന്ന കണ്ണുനീരിന്റെ സ്പര്‍ശനമാണ്‌ ആ വിരലുകള്‍ മടങ്ങാന്‍ കാരണമായത്‌. ഒന്നും പറയാനില്ലാതെ അവര്‍ മൂകം നിര്‍ന്നിമേഷം നോക്കി നിന്ന്. പിന്നെ സീത പതിയെ വാര്‍ഡന്‍ ഒപ്പം ഇടറുന്ന കാലുകള്‍ വലിച്ചു വച്ച് മുന്നോട്ടു നടന്നു.
പിന്നില്‍ ആരുടെയോ തേങ്ങല്‍ അവള്‍ കേട്ടു. തിരിഞ്ഞു നോക്കിയില്ല നോക്കിയാല്‍ താനും കരഞ്ഞു പോവും. കഴിഞ്ഞ എത്രയോ വര്‍ഷങ്ങള്‍ ഒപ്പമുണ്ടായിരുന്നവര്‍ ആണ്. പരസ്പരം അറിഞ്ഞവര്‍, സ്നേഹിക്കാന്‍ ആരുമില്ലാതിരുന്ന അവര്‍ക്ക് അവര്‍ കൂട്ടായി. ആ സ്നേഹം ആണ് ഇവിടെ പിരിഞ്ഞു പോകുന്നത്.
കാലം അങ്ങനെ ആണല്ലോ. സ്നേഹിക്കുന്നവരെ തമ്മില്‍ പിരിക്കാന്‍ എന്നും അതിനു വലിയ ഉത്സാഹമായിരുന്നു.
വേദനയെ എങ്ങനെ പകുത്തു കൊടുക്കാം എന്നതിനെ കുറിച്ച് സമയത്തിനോട്‌ ചോദിച്ചാല്‍ മതിയാകും.
സൂപ്രണ്ടിന്റെ മുറി വാതില്‍ക്കല്‍ അവള്‍ ഒരു നിമിഷം അറച്ചു നിന്നു .
"അങ്ങിനെ നീ രക്ഷപ്പെട്ടു അല്ലേടി " വായില്‍ വന്ന തെറി അയാള്‍ ചവച്ചിറക്കി.
സൂപ്രണ്ടിന്റെ വാക്കുകളില്‍ ഇചാഭംഗം ഉണ്ടായിരുന്നു. സൂചി മുന പോലെ തന്റെ ശരീരത്തില്‍ തുളച്ചു കയറുന്ന ആ കണ്ണുകള്‍ കണ്ടപ്പോള്‍ അവള്‍ക്കു പിന്നെയും ഒരു തണുത്ത രാവിന്റെ ഓര്‍മ്മ തികട്ടി വന്നു.
മറ്റൊരു രാത്രി.... ഈ തടവറയില്‍ എത്തിയ ശേഷമുള്ള ഏതോ ഒരു രാത്രി. വന്നിട്ട് അധികം നാളുകള്‍ ആയിട്ടില്ല....
വാര്‍ഡന്‍ വിളിക്കുന്നത്‌ കേട്ടാണ് കണ്ണ് തുറന്നത്. രാത്രിയോ പകലോ എന്ന് വേര്‍തിരിച്ചരിയനാകാത്ത പോലെ അവള്‍ കണ്ണ് പൊളിച്ചു നോക്കി.
"നിന്നെ സൂപ്രണ്ട് സാര്‍ വിളിക്കുന്നു എഴുന്നേറ്റു വാ."
ഈ രാത്രിയില്‍ എന്തിനാ എന്നെ വിളിക്കുന്നത്‌. ഒന്നും മനസ്സിലാകാതെ ഞാന്‍ രാജമ്മ ചേച്ചിയെ നോക്കി. കണ്ണ് തുറന്നു കിടക്കുകയായിരുന്ന അവര്‍ എഴുന്നേറ്റു ഇരുന്നു. പതിയെ കാതില്‍ പറഞ്ഞു.
"പെണ്ണെ അയാള്‍ ഒരു കഴുകനാണ്. നിന്നെ കൊത്തി വലിക്കാതെ നോക്കികൊളുക. "
കാതില്‍ അവരുടെ വാക്കുകള്‍ ചീവിടിനെ പോലെ തുളഞ്ഞു കയറി. ഒരു ശവത്തിനെ പോലെ വാര്ടനെ പിന്തുടരുമ്പോള്‍ മനസ്സില്‍ ശൂന്യത ആയിരുന്നു.
ഒരു സ്വപ്നാടകയെ പോലെ സൂപ്രണ്ടിന്റെ മുറിയിലേക്ക് അവള്‍ കയറി ചെന്ന്.
മങ്ങിയ വെളിച്ചം നിറഞ്ഞ മുറിയുടെ നടുക്കായി കസേരയില്‍ അയാള്‍ ഇരുപ്പുണ്ട്‌. കാലുകള്‍ മേശപ്പുറത്തു കയറ്റി വച്ചു താളത്തില്‍ ആട്ടുന്നുണ്ടായിരുന്നു. ഉടുപ്പ് അഴിച്ചു കസേരക്ക് പുറത്തിട്ടിട്ടുണ്ട്‌ . കരടിയെ പോലെ നിറയെ രോമമുള്ള നെഞ്ചി ലായി ഒരു സ്വര്‍ണ്ണ മാല തിളങ്ങുന്നു.
"എന്താടീ നിനക്ക് സുഖം തന്നെയല്ലേ...?"
പരിഹാസം നിറഞ്ഞ ചോദ്യം
" പാതി രാത്രിയില്‍ ഇത് ചോദിക്കാനാണോ വിളിച്ചത് ...?" ഉത്തരം തൊണ്ടയില്‍ കുരുങ്ങി നിന്നു.
ശിരസ്സു കുനിച്ചു മിണ്ടാതെ നില്‍ക്കുമ്പോള്‍ അവള്‍ക്ക് അറിയാമായിരുന്നു കഴുകന്‍ കണ്ണുകള്‍ തന്റെ വസ്ത്രങ്ങള്‍ വരെ കീറി മുറിക്കുകയാവുമെന്നു,.
മുന്നില്‍ ചോദ്യങ്ങള്‍ കേള്‍ക്കാതെ വന്നപ്പോള്‍ മുഖമുയര്‍ത്തി നോക്കി. ഞടുങ്ങി പിറകോട്ടു മാറിപോയി. തന്റെ മുന്നിലായി മേശമേല്‍ ഇരിക്കുകയാണ് അയാള്‍. കീഴ് ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് തന്നെ തന്നെ നോക്കിയിരിക്കുന്ന അയാളെ കണ്ടപ്പോള്‍ അവളുടെ മനസ്സില്‍ മനോജിന്റെ അച്ഛന്റെ കണ്ണുകള്‍ ആണ് ഓര്‍മ്മ വന്നത്. അയാള്‍ക്കും ഇതേ കണ്ണുകള്‍ ആയിരുന്നു. ഇതേ നോട്ടവും.
"നീ ആ മുറിയിലേക്ക് ചെല്ല്. ഇന്ന് അവിടെ കിടക്കാം. എന്തിനാ വെറുതെ ആ തണുത്ത തറയില്‍ കിടക്കുന്നത്."
അകത്തേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു ഒരു പ്രത്യേക ഭാവത്തില്‍.
നടുക്കം മാറി ഒരു തരാം മരവിപ്പ് വന്നു നിറഞ്ഞു തലച്ചോറിലേക്ക്. വീണ്ടും പഴയ രാത്രിയുടെ ഓര്‍മ്മ...! ചോരയുടെ മണം... പിടച്ചില്‍, എക്കി വലിയുന്ന ശബ്ദം, പിന്നെ കൊടിയ നിശബ്ദത.
അവള്‍ ഒരു പിടച്ചിലോടെ മുഖമുയര്‍ത്തി. അയാളുടെ ശ്രിംഗാരം നിറഞ്ഞ കണ്ണുകളിലേക്കു അസ്ത്രം പോലെ അവളുടെ മിഴികള്‍ ചെന്ന് തറച്ചു.
അവളുടെ നോട്ടം താങ്ങാനാവാതെ ഒരു പിടച്ചിലോടെ അയാള്‍ മിഴി താഴ്ത്തി പോയ്‌.
" നീ പേടിക്കണ്ട... ആരും ഒന്നും അറിയാന്‍ പോണില്ല...ചേതമില്ലാത്ത ഒരു ഉപകാരം ആണെന്ന് കരുതിയാല്‍ മതി. നിനക്ക് സുഖമായി ഇവിടെ കഴിയാം കേട്ടോ..."
അവളുടെ ഹൃദയ മിടിപ്പിന്റെ താളം മുറുകി. അവള്‍ക്കു തന്നെ അംജാതമായ ഒരു ശബ്ദത്തില്‍ വാക്കുകള്‍ വെളിയിലേക്ക് ചിതറി വീണു.
ഇതേ കാരണത്താലാണ് ഞാന്‍ ഇവിടെ എത്തിയത്. ഇനി സാറിനും കൂടി ഒരു കയ്യ് നോക്കണമെന്നുണ്ടോ ...?
കല്ല്‌ പോലെ ഉറച്ച ആ ശബ്ദത്തിന് വല്ലാത്ത ഒരു രൌദ്ര ഭാവം ഉണ്ടായിരുന്നു.
ഒരു ഞെട്ടലോടെ അയാള്‍ അവളെ നോക്കി. പിടക്കുന്ന മിഴികളില്‍ നോക്കി പിന്നെ പതിയെ പറഞ്ഞു..." നീ പൊയ്ക്കോ, പക്ഷെ ഞാന്‍ ഇവിടെ തന്നെയുണ്ട്‌ അത് ഓര്‍മ്മയുണ്ടായിരിക്കുന്നത് നല്ലത്.."
അയാള്‍ക്ക്‌ തന്നെ ഉറപ്പില്ലാത്ത ഒരു വാക്കില്‍ രക്ഷപെടാനെന്ന വണ്ണം അയാള്‍ പിന്തിരിഞ്ഞു.
ഇപ്പോളും അതെ മിഴികള്‍ തന്നെ പക്ഷെ ഇച്ചഭംഗം വന്നതാണെന്ന് മാത്രം.<br>
" നീ അങ്ങനെ പുറത്തായി അല്ലെ. ഇനി എങ്ങോട്ടാണ്...?"
പരിഹാസം നിറഞ്ഞ ഒരു ഭാവം ഉണ്ടായിരുന്നു അയാളുടെ വാക്കുകളില്‍.<br>
" ഉടുമുണ്ട് അഴിച്ചു തുടങ്ങുമ്പോ കയ്നീട്ടം എനിക്ക് തരാന്‍ മടിക്കണ്ട കേട്ടോ. രാശി ഉള്ള കയ്യാണ് എന്റേത്. " ഒരു ഫലിതം പറഞ്ഞ പോലെ അയാള്‍ കുലുങ്ങി ചിരിച്ചു.
ഭാവിയുടെ കറുത്ത മുഖം ഓര്‍മിപ്പിച്ചു പിന്നെയും അവളെ ആ വാക്കുകള്‍.
വേദന തിന്നുന്ന മനസ്സോടെ തന്റെതെന്നു പറയാന്‍ മാത്രമുള്ള ഒരു കൊച്ചു സമ്പാദ്യവും ഒരു തുണിക്കെട്ടുമായി അവള്‍ പുറത്തേക്ക്, ഭ്രാന്തന്മാരുടെ ലോകത്തേക്ക് ഇറങ്ങി വന്നു. കൂറ്റന്‍ ഗേറ്റിലെ കിളിവാതിലിലൂടെ പുറത്തെ വെയിലേക്ക് ഇറങ്ങി. പകച്ചു ചുറ്റുപാടും നോക്കി. ആരുമില്ലാത്ത ഞാന്‍ ഇനി എങ്ങോട്ട് പോകാന്‍...?
ചുറ്റും ചിതറി വീഴുന്ന വെയിലിന്റെ ചൂടില്‍ അവള്‍ ആകെ വിയര്‍ത്തു കുളിച്ചു . കുറച്ചകലെ ആയി പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയില്‍ നിന്നും ഒരു പെണ്ണ് പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു.
" സീതെച്ചി "
ഒരു ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി . ഉഷ . ഉഷ അല്ലെ അത്. മനോജേട്ടന്റെ പെങ്ങള്‍...!
"നീ ... നീ എന്താ ഇവിടെ.. ആരെ കാത്തു നില്കുന്നു..?"
തൊണ്ടയില്‍ മുള്ള്കളായി വാക്കുകള്‍ കുരുങ്ങി വന്നു പുറത്തേക്ക്. ജീവിത പെരുവഴിയിലേക്ക്‌ ഇവളെ വലിച്ചെറിഞ്ഞത് ഞാനാണ് എന്ന വേദന അവളെ പൊള്ളിച്ച് .
"എല്ലാം എനിക്കറിയാം ചേച്ചി. വരൂ നമുക്ക് വീട്ടിലേക്കു പോവാം. ചേച്ചിയെ വിളിച്ചുകൊണ്ടു പോവാനാ ഞാന്‍ വന്നത്. എനിക്ക് ആരുമില്ല എന്നറിയാമല്ലോ എനിക്ക് കൂട്ടായി അവിടെ ചേച്ചി ഉണ്ടാകണം.വരൂ.." അവള്‍ പറഞ്ഞു കൊണ്ട് സീതയുടെ കയ്യില്‍ പിടിച്ചു മെല്ലെ വലിച്ചു.
" ഞാനിപ്പോ വീടുകളില്‍ വേലയ്ക്കു പോകുന്നു. എന്റെ ചെലവ് അങ്ങനെ അങ്ങ് പോകുന്നു.." അവള്‍ ചോദിക്കാതെ തന്നെ പറഞ്ഞു കൊണ്ടേയിരുന്നു.അവളുടെ കൂടെ നടക്കുമ്പോള്‍ സീതയുടെ കണ്ണുകള്‍ നിറയുകയായിരുന്നു എന്തിനോ വേണ്ടി.
" ചേച്ചി വാ നമുക്ക് ഈ ലോകത്തെ നേരിടാം. ഞാനുണ്ട് ഇനി എന്നും കൂടെ...."
ആത്മ വിശ്വാസം തുളുമ്പുന്ന അവളുടെ വാക്കുകളുടെ പച്ചപ്പില്‍ മനസ്സിലെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോകുന്നതറിഞ്ഞു.
അന്ന് മനോജേട്ടന്‍ വിളിപോലും ഇതേ ആത്മവിശ്വാസമായിരുന്നു കൂടെ കൂട്ടായിരുന്നത്‌.
പുലര്‍കാല മഞ്ഞിന്റെ നേരിയ തണുപ് മനസ്സിലേക്ക് അരിച്ചിറങ്ങുന്ന പോലെ , ഒരു കിടുവലോടെ അവള്‍ ഉഷയുടെ കയ്യില്‍ മുറുകെ പിടിച്ചു. പിന്നെ ഓട്ടോയുടെ നേരെ തല ഉയര്‍ത്തി ആത്മവിശ്വാസം തുളുമ്പുന്ന മന്ദസ്മിതത്തോടെ പാദ ങ്ങള്‍ പെറുക്കി വച്ചു മുന്നോട്ടു നടന്നു.
ഒരു പുതിയ ആകാശം അവള്‍ക്കു മേലെ നീല വിരിയിട്ടു തെളിഞ്ഞു നിന്നു.....
-ശുഭം.
- -------------------------------------------------------------ബി ജി എന്‍.-------------------------

എന്തിനായ്




എന്തിനോ വേണ്ടി മറയുന്ന സൂര്യനീ -
ചെങ്കിരണമെന്തിനെനിക്കേകി വെറുതെ..?
ശോണിമയാര്‍ന്ന ആര്‍ത്തവ തുണിക-
ളോടാദ്യന്തം മത്സരിക്കാനോ ?

ചങ്കിലെ തീയില്‍ വറുത്തെടുത്തോരീ-
ചന്ദ്രന്റെ കിരണങ്ങള്‍ ആരെനിക്കേകി ?
കണ്ടു മറഞ്ഞ കിനാവിലെ പെണ്ണിന്റെ
കന്യകാത്വത്തെ മുറിപെടുത്തുവാനോ?

ഉജ്ജ്വല കാന്തിയില്‍ മുങ്ങി പിടയുന്ന
നക്ഷത്ര ശോഭ എനിക്കാരിതേകി?
അന്യന്റെ കണ്ണുകള്‍ സജലങ്ങളാക്കിയീ-
വിണ്ണിലെങ്ങും വെന്നികൊടി നാട്ടുവാനോ?
-----------
ബി ജി എന്‍ --------------------------------

ജീവിത നാടകം

പറയാന്‍ കരുതി വച്ച 
വാക്കുകള്‍ ഒക്കെയും
അണയാന്‍ വിതുമ്പുന്ന
വെളിച്ചത്തിനെ പോല്‍  
ഇളം കാറ്റില്‍ ആടിയുലയുന്ന
ഈ വേളയില്‍ 
അരങ്ങു തകര്‍ത്താടുന്ന
ജീവിത നാടകം 
ഒരങ്കം കൂടി കഴിയാറായി
എന്ന മട്ടില്‍ 
വെളിച്ചം മെല്ലെ 
അണഞ്ഞു തുടങ്ങുന്നു.
രംഗപടം ഇരുളിന്റെ  
പാത്തിയിലേക്ക് ഒഴുകി നീങ്ങുന്നു.
ഒരു നെടുവീര്‍പ്പോടെ
ഗ്രീന്‍ റൂം മുഖരിതമാകുന്നു.
കാണികള്‍ അടുത്ത രംഗത്തിനായി
കാതും മനസ്സും കൂര്‍പ്പിച്ചിരിക്കുകയാണ്.
ഇനിയും തിരക്കഥ എഴുതാത്ത
വരും രംഗങ്ങളിലേയ്ക്കായി 
ഏതു മേയ്കപ് അണിയണം
ഏതു കോസ്ടൂം ധരിക്കണം
എന്നറിയാതെ കഥാപാത്രങ്ങള്‍ 
 നഗ്നരായി അലയുന്നു.
---------ബി ജി എന്‍ 

എവിടെ എന്‍ നീതി


സ്വര്‍ഗസ്ഥനായ പിതാവേ
അങ്ങോരിയ്ക്കല്‍ മാത്രമേ കുരിശ്ശേറിയുള്ളുവല്ലോ,,!
മൂന്നാം പക്കം കണ്‍ തുറന്നീ  കപട-
ലോകത്തില്‍ നിന്നും തിരു ഹൃദയത്തിലേക്ക് പോകവേ,
അങ്ങയുടെ മുറിവുകളില്‍ ചോര തന്‍ മണമില്ലായിരുന്നു...!


സ്വര്‍ഗസ്ഥനായ പിതാവേ അങ്ങ് ഭാഗ്യവാന്‍
അങ്ങേയ്ക്കൊരിക്കല്‍ മാത്രമേ തിരുമുറിവുകള്‍ ഏറ്റുള്ളൂ...!
അങ്ങ് സ്വര്‍ഗത്തില്‍ സുരക്ഷിത കരങ്ങളിലമര്‍ന്നു.
അങ്ങയുടെ പാദങ്ങള്‍ പിന്തുടരാന്‍ വിധിക്കപ്പെട്ട
അങ്ങയുടെ മണവാട്ടിമാര്‍ ഞങ്ങള്‍..!

എന്താണ് ഞാന്‍ ചെയ്ത പാപമെന്ന -
വെളിപാട് പോലും തിരിച്ചറിയും മുന്നേ...
എന്നെയവര്‍ ക്രൂശിലേറ്റി , ഒരിക്കലല്ല-
പലവട്ടം പിന്നെയും പിന്നെയും പല നിറക്കാര്‍...!


തൂവെള്ളതന്നിലെ കാര്‍മേഘമാനസര്‍
പലവട്ടമെന്നെ പകുത്തു തിന്നു..!
പിന്നെ നിയമത്തിന്‍ കരാളഹസ്തങ്ങളില്‍
ഞാനൊരു കളിപ്പാട്ടമായ് തട്ടിത്തെറിച്ചു കിടന്നു...!


കോടതികളെന്‍ കന്യകാത്വം വെട്ടിപ്പൊളിച്ചു..!
വൈദ്യ ശാസ്ത്രമെന്‍ മേനിയെ കീറി മുറിച്ചു..
കുഴിമാടം തന്നിലൊരിക്കലും സ്വസ്ഥമായ്
ഒരു വേള പോലും കണ്ണടച്ചില്ല ഞാന്‍..!


അവരെന്റെ കുഴിമാടത്തില്‍ കുപ്പിച്ചില്ല് നിറച്ചു
അവരെന്റെ ശവപ്പെട്ടിയില്‍ കരിന്തേളുകള്‍ നിറച്ചു
അവര്‍ മോന്തിയ വീഞ്ഞിനെന്റെ രക്തത്തിന്‍ നിറമായിരുന്നു
അവര്‍ കഴിച്ചതോ എന്റെ കരള്‍ വാട്ടിയതും...!


നാണയ ത്തുട്ടുകളുടെ കിലുകിലാരവത്തില്‍ അവരെന്‍ -
ജനയിതാക്കളെ ഭ്രാന്തരാക്കി
എന്റെ വേദനയിലൊപ്പം നടന്നോരെന്‍
സഹ യാത്രികര്‍ പോലും കണ്ണടച്ചു..!


ഭയമാര്‍ന്ന പാപത്തിന്‍ കയ്പാര്‍ന്ന ശിരോവസ്ത്രം
തലയിലൊരു ഭാരമായ് ചിലര്‍ക്ക്,
ചിലപ്പോള്‍ ഒരു മറയും..!

മറ്റുചിലപ്പോള്‍ അഭയവുമാകവേ..!


അടങ്ങാത്ത ദാഹത്തെ തിരു വസ്ത്രത്തിലോളിപ്പിച്ചു.
മൃഗതൃക്ഷ്ണകളെ മിഴികളില്‍ നിറച്ചു,
അജപാലകര്‍ വരവായ് പിന്നെയും...!
കാവല്‍ മാടങ്ങളില്‍ നിന്നും പുതിയ മേച്ചില്‍പുറങ്ങളിലേക്ക്.


ഇരുളില്‍ കടന്നുവരും ചെന്നായകള്‍ തന്‍ നാവില്‍
നിന്നിറ്റുവീഴുന്നത് രുധിരമോ വീഞ്ഞോ ?
അറിയില്ലെനിക്കൊന്നും അറിയില്ല എന്നാല്‍
അറിയാം ഞാനൊരു പ്രതീകമാണിന്നു...!


ഭരണ യന്ത്രങ്ങള്‍ക്കു ചുറ്റുവാന്‍ വേണ്ടി,
നിയമ പാലകര്‍ക്ക് പുതിയ ലോകങ്ങള്‍ കാണുവാനായി,
ജനസേവകര്‍ക്ക് രോക്ഷമുതിര്‍ക്കാനായ്,
പൊതു ജനത്തിനധര വ്യായാമത്തിനായ്...!


ഞാനൊരു വിലപേശലാണിന്നു,
മായാത്ത മുറിപ്പാടാണ് ,

ഒരു കറുത്ത,വെളുത്ത അടയാളമാണ് ,
മായാത്ത കാലവും ചിന്തയുമാണ് ഞാന്‍...!
(
സിസ്റ്റര്‍ അഭയയുടെ ഓര്‍മയ്ക്ക് മുന്നില്‍ കുറിച്ചിട്ട വരികള്‍ ആണ്)


----------------------------ബി ജി എന്‍ ------------

ശുദ്ധി കലശം



ആദ്യമതൊരു നോവ്‌ മാത്രമായ്  
പിന്നെ കടയുന്ന നൊമ്പര കടലായി
അടിവയറില്‍ നൂണ്ട് ഇറുക്കും വേദന
പല്ലുകള്‍ കൊരുത്തുവയ്കും മര്‍മ്മരം...!
വാക്കുകള്‍ അവ്യെക്തം....

തുടയിടുക്കിലൂടോഴുകി പരക്കുന്ന ചോര
പടരുന്ന കൊഴുപ്പിന്റെ പശിമ...!
പിന്നെ പ്രളയമായിരുന്നു
എല്ലാം പറിച്ചെരിഞ്ഞൊരു നീരൊഴുക്ക്.

ഇപ്പോള്‍ എല്ലാം ശാന്തമാണ്...
മനസ്സില്‍ കളങ്കം കഴുകി കളഞ്ഞതിന്റെ,
ശരീരത്തില്‍ ഭാരം ഒഴിഞ്ഞു പോയതിന്റെ..
കണ്ണുകളില്‍ കളവു മായ്ച്ചതിന്റെ...!

പറിഞ്ഞുപോയ മാംസപിണ്ടത്തിലെ -
ഇനിയും മരിക്കാത്ത കണ്ണുകള്‍
ദീനമായെന്നോട് ചോദിപ്പൂ..
എന്താണ് ഞാന്‍ ചെയ്ത തെറ്റ് ?

നിന്റെ സുഖം മാസ്മരമായിരുന്നു .
നിന്റെ തീരുമാനം വികാരനിര്ഭരവും 
നിന്റെ നേട്ടമൊരു ജീവിതമാകുമ്പോള്‍
എന്റെ നഷ്ടമോ ......?
------------
ബി ജി എന്‍-----------22.01.2012

വ്യാമോഹങ്ങള്‍



ഇരുള് പാതിയും കൊഴിഞ്ഞുപോയിന്നലെ-
മരണവേദനയാലെന്‍ മനം പിടയുന്നു.
തരിക ഒരു തരി സാന്ത്വനം മാത്രമീ-
പഥികനായ് നീ ഈ വൈകിയ വേളയില്‍..!

 
ഖല്‍ബ് പൊടിയുമീ വേദന ചൂളയില്‍
കതിര് കാണാ കിളിയായ്  പറന്നു ഞാന്‍..!
തരികെനിക്കൊരു ചെറു ചില്ലയെങ്കിലും
ഒരു നിമിഷമീ കിതപ്പോന്നകറ്റുവാന്‍..!

 
വിളനിലങ്ങളില്‍ ചിതറികിടന്നോരാ
മണികള്‍ കൊത്തി കരുതിവച്ചിന്നു ഞാന്‍.
കൂടിന്നുള്ളിലായ് കാത്തിരിക്കുന്നോരാ-
കുടുംബമൊന്നിന്റെ കണ്ണുകള്‍ തിളങ്ങുവാന്‍..!

 
അവര്‍ ചിറകടിച്ചാര്‍ക്കുന്ന കാണവേ
മനവും തനുവും നിറഞ്ഞുപോയെന്നിലെ...!
ഒരു വെളിച്ചത്തിന്‍ തുണ്ടുമായ് ഞാനീ
ഇരുളിന്‍ സാഗരം നീന്തി കയറുന്നു..!

 
ഒരു കൊടുംകാറ്റിന്‍ താണ്ഡവമേളത്തില്‍
അണഞ്ഞു പോയെന്റെ പ്രത്യാശ രേണുവും
വഴി അറിയാതെ പകച്ചു നില്‍ക്കുന്നൊരീ-

നൌകയും അതിന്‍ തുഞ്ചത്ത്‌ ഞാനുമേ..!
 
ഹൃദയ ധമനികള്‍ പ്രകംബനമാക്കിയ-
സ്നേഹ തന്ത്രികള്‍ പൊട്ടി ചിതറവേ
ഒരു ഞരക്കത്തിന്‍ പിന്നാമ്പുറങ്ങളില്‍
ഒരു വെളിച്ചം മിന്നിപൊലിഞ്ഞുവോ..!
----------
ബി ജി എന്‍ -------------------

തിരിച്ചറിവുകള്‍


വേണ്ടെനിക്കിനിയൊരു ജീവിതമിങ്ങനെ
വേദന തിന്നു മരിച്ചിടുവാന്‍ ..!
വേപഥു പൂണ്ടു ഞാന്‍ ചൊല്ലുന്ന വാക്കുകള്‍
വേദനിപ്പിക്കില്ലിനി നിങ്ങളെയാരെയും..!
കണ്ടതില്ല ഞാന്‍ നിങ്ങളിലാരെയും
കള്ള നേത്രങ്ങളാല്‍ അന്നുമിന്നും
കാണുവാനാശിച്ചിരുന്നതൊന്നുമേ
കാമത്തിന്‍ പരാഗരേണുവുമല്ല..!
പിന്‍വിളി കേള്‍ക്കുവാന്‍ കാത്തുനിന്നീടിലാ
പിന്നില്‍നിന്നാരുമേ തേങ്ങുവാനില്ലെന്നാലും..!
പിന്തുടെര്‍ന്നെത്തുമീ കാലടിയോച്ചകള്‍
പില്‍കാലയാത്ര തന്‍ പാഥേയമാകാം 
-------------
ബി ജി എന്‍ ----------------------------