പറയുവാനേറെ ഞാന്‍ ബാക്കി വയ്കുന്നിതാ-
പതിരുകള്‍ കൊത്തി കിളികള്‍ പറക്കവേ,
ഇമയനക്കാതെ എന്നെ നോക്കുന്നോരീ-
നിറനയനങ്ങള്‍ തുളുമ്പാതിരിക്കുവാന്‍....!
തിരയറിയാതെ തീരമറിയാതെ,
നനുനനെ പാദചലനം മുഴക്കാതെ.
ഒരിരുള്‍ വീണ സന്ധ്യതന്‍ വീഥിയില്‍
ഹൃദയഗീതകം പേറി നീ നില്‍ക്കവേ..!
തുഴയുവാനൊരു പങ്കായമില്ലാതെ,
ചെന്നടിയുവാന്‍ തീരവുമില്ലാതെ,
കാറ്റ് നല്‍കുന്ന സഞ്ചാരപാതയില്‍,
കരിയില പോലെ ഒഴുകിനടന്നവള്‍...!
പാരിജാതങ്ങള്‍ പൂത്ത നിശീഥങ്ങള്‍,
കള്ളിമുള്ളുകള്‍ നിറയുന്ന പാതകള്‍,
കൗശലത്തിന്റെ ചെന്നായനാവുകള്‍,
കൗതുകത്തിന്റെ ചെഞ്ചോരകണ്ണുകള്‍....!
ഇവയിലൊക്കെയും മുങ്ങിയും പൊങ്ങിയും,
ഇടയിലെത്തിയോരെന്നില്‍ തടയവേ.
ചുഴികള്‍ മലരികള്‍ നിറഞ്ഞൊരാ കടലിലെ,
ശാന്ത തീരത്ത് നാമൊന്നു ചേരുന്നു...!
കളവുകള്‍ കൊണ്ട് നീ തീര്‍ത്തോരാലയം,
ഒരു ചെറു കാറ്റിലാകെ തകരവേ..!
ഹൃദയമാം നിന്‍ കമലപത്രത്തിലായ്,
ഒരു നുറുങ്ങു സ്നേഹം വെളിച്ചമായ്.
ഒരു ശിലാവിഗ്രഹം പോലെ നീ,
ഉയരുവാനാകാത്ത ഇമകളുമായി -
ഇരുള് ചൂഴുന്ന രാവുകളിലൊന്നില്‍,
ചങ്ക് പൊട്ടിയെന്‍ മുന്നിലായ് വീഴവെ..!
നിന്‍റെ സ്നേഹമെന്‍ മിഴിച്ചാര്‍ത്തിലും,
നിന്‍റെ നന്മകള്‍ മനസ്സിലും നിറക്കവേ.
പിന്നിലെ തിരശ്ശീല മറവിലായി -
ചിതറി വീഴുന്ന ഗദ്ഗദം കേള്‍പ്പൂ ഞാന്‍...!
മലകള്‍ താണ്ടി മണല്കാട് താണ്ടി ഞാന്‍,
ഹൃദയമേ നിന്നരികില്‍ വന്നപ്പോളും...!
നിന്നധര ദലങ്ങളിലൊരു ചെറു നീറ്റലായ്,
എന്‍ സ്നേഹമുദ്രകള്‍ നീ ഏറ്റു വാങ്ങവേ...!
അറിവു ഞാന്‍ നിന്‍ സ്നേഹമെന്‍ ജീവനെ,
അറിവു നിന്നുടെ കണ്ണിലെ നേരും,
അണിവു നീയാ ശിരസ്സിലെന്‍ കുങ്കുമം,
അണിവു നീയാ മാറിലെന്‍ താലിയും....!
പറയുവാനേറെ ഞാന്‍ ബാക്കി വയ്കുന്നിതാ-
പതിരുകള്‍ കൊത്തി കിളികള്‍ പറക്കവേ
ഇമയനക്കാതെ എന്നെ നോക്കുന്നൊരീ-
നിറനയനങ്ങള്‍ തുളുംബാതിരിക്കുവാന്‍....
-----------ബി ജി എന്‍ ----------------------
https://soundcloud.com/bgnath0/fxtuy49sa06r/recommended
https://www.youtube.com/watch?v=5lm6FsjShXM
(കനല്‍ ചിന്തുകള്‍ എന്ന എന്റെ ആദ്യ കവിത സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് )
https://www.youtube.com/watch?v=5lm6FsjShXM
(കനല്‍ ചിന്തുകള്‍ എന്ന എന്റെ ആദ്യ കവിത സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് )
No comments:
Post a Comment