ജനിതക ഘടനയില്‍ ഒരു ചലനം
ജീവന്റെ ഏണിപലകയില്‍ ഒരു പാളി മാറിപോയി..!
ലോകം എന്നെ വിളിച്ചു ഭ്രാന്തന്‍ ...!
എന്താണ് ഇവര്‍ക്കെന്നു ഞാന്‍ ചോദിച്ചു.
എന്നെ അവര്‍ കല്ലെറിഞ്ഞു ഓടിച്ചു.
ഭൂമി ഉരുണ്ടതെന്നു ഞാന്‍ പറഞ്ഞപ്പോള്‍,
അവരെന്നെ ചുട്ടെരിച്ചു ജീവനോടെ.
"ശരിയത്തി"നുള്ളിലെക്കൊന്നു നോക്കിയപ്പോള്‍ ,
എന്റെ ശവം പോലും എനിക്ക് കണ്ടെത്താനായില്ല .
തുന്നി കെട്ടിയ കന്യാചര്‍മ്മവുമായി പരിശുദ്ധ -
കാവല്‍ മാലാഖമാര്‍ പുഞ്ചിരിച്ചു നിന്ന് .
അമ്പലങ്ങളില്‍ ആര്‍ ഡി എക്സ് പൊട്ടിച്ചു
കാവികള്‍ പച്ചകളെ കുരുക്കിയിട്ടു
ആളൊഴിഞ്ഞ റയില്‍ ലൈനുകളില്‍
ഞരക്കങ്ങളായി വിഷബീജം തെറിച്ചു വീണു..!
നേരിന് നേരെ വിരല്‍ ചൂണ്ടിയ ഞാന്‍ ,
ഞാന്‍ മാത്രം ഭ്രാന്തനായി .
പങ്കാളിയെ കൊല്ലാന്‍ സഹായിച്ച കാമുകന്
ഫലവര്‍ഗ്ഗങ്ങളും മാംസ പുഷ്പവും സമ്മാനം കിട്ടുമ്പോള്‍,
ക്രൂരതയെ തൊട്ടു കാണിച്ച എനിക്ക് ചമ്മട്ടിയുടെ
പ്രഹരവും കുരിശുമരണവും..!
നിറവയറുകളില്‍ ശൂലത്തിന്‍ മുന തുളയുമ്പോള്‍ ,
ഗോപുരങ്ങളുടെ താഴിക കുടങ്ങള്‍ നിലം പതിക്കുമ്പോള്‍ ,
പിഞ്ചു കുഞ്ഞുങ്ങളുടെ ജനനേന്ദ്രിയങ്ങള്‍ വിണ്ടുകീറുമ്പോള്‍ ,
തലയറ്റ മാഷന്മാര്‍ കുട്ടികളെ ഞെട്ടിയുണര്‍ത്തുമ്പോള്‍ ,
ചരിത്രം എന്നെ ചൂണ്ടി വിളിക്കുന്നു ഭ്രാന്തന്‍...!
ഇവിടെ ആരാണ് ഭ്രാന്തന്‍ ?
ഇവിടെ എന്താണ് ഭ്രാന്ത് ?
കാമത്തിന്റെ പേക്കൂത്താണോ ഭ്രാന്ത് ?
മതത്തിന്റെ അന്ധതയാണോ ഭ്രാന്ത് ?
രാഷ്ട്രീയത്തിന്റെ കൌടില്ല്യശാസ്ട്രമാണോ ഭ്രാന്ത് ?
അതോ , ഇവ തെറ്റെന്നു പറയുന്ന അറിവാണോ ഭ്രാന്ത് ?
----------------------ബി ജി എന്‍ -------------------------------
No comments:
Post a Comment